നവരാത്രി
सर्व मंगल मांगल्ये शिवे सर्वार्थ साधिके |
शरण्ये त्र्यम्बके गौरी नारायणी नमोस्तुते ||
🕉
സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ |
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണീ നമോസ്തുതേ ||
മംഗളമൂർത്തിയായ ശിവന്റെ പത്നി, സമൃദ്ധിയുടെ ദേവി! അല്ലയോ, ത്രിനേത്രയായ ഗൗരീദേവീ! ശ്വേതാർണ്ണവമാർന്ന പാർവ്വതീ ദേവീ, ശ്രീ നാരായണന്റെ സഹോദരീ! അടിയൻ അവിടുത്തെ പാദങ്ങളിൽ നമസ്‌കരിക്കുന്നു.
🪔🪔🪔🪔🪔🪔🪔🪔🪔
നവരാത്രി ഒരു സുപ്രധാന ഹിന്ദു ഉത്സവമാണ്, ഇത് ഒൻപത് രാത്രികളിലും പത്തു ദിവസങ്ങളിലുമായിട്ട് ദുർഗാ ദേവിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയമാണ് ഉത്സവം പ്രതീകമാക്കുന്നത്.
നവരാത്രി അക്ഷരാർത്ഥത്തിൽ ഉത്സവം ആചരിക്കുന്ന ഒൻപത് രാത്രികളിലേക്ക് വിവർത്തനം ചെയ്യാവുന്നതാണ്. അതിശക്തനായ മഹിഷാസുരനെ യുദ്ധത്തിൽ തോൽപ്പിച്ചതിന് ദുർഗാദേവിയുടെ വിജയത്തിൽ ആഘോഷിക്കുന്നതാണ് നവരാത്രിയുടെ സവിശേഷത.
പത്തു ദിവസം അഥവാ ഒമ്പത് രാവുകൾ നീണ്ടുനിൽക്കുന്ന ഉത്സവമായ നവരാത്രി; ഒരു വർഷത്തിൽ രണ്ടുതവണ ആഘോഷിക്കപ്പെടുന്നു. വർഷത്തെ ആദ്യത്തെ, ചൈത്ര നവരാത്രി ആഘോഷിക്കുന്നത് മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ്. ഉത്തരഭാരതത്തിന്റെ വസന്തകാലത്ത് വരുന്നതിനാൽ വസന്ത് നവരാത്രി എന്നും അറിയപ്പെടുന്നു. ഒക്ടോബർ മാസത്തോടു ബന്ധപ്പെട്ട് ശരത്കാലത്തിൽ ആഘോഷിക്കുന്ന നവരാത്രി ഉത്സവത്തെ ശരദ് നവരാത്രി എന്ന് വിളിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണത്തിലും ഉപവാസത്തിലും ഏർപ്പെടുകയും ദുർഗാദേവി എന്ന ഭാവത്തിൽ പരാശക്തിയെ പരമ്പരാഗത ആചാരങ്ങളാൽ ആരാധിക്കുകയും ചെയ്യുന്ന സമയമാണിത്. ഒരിക്കലായും പകൽസമയം മുഴുവനായും, ഭക്തർ ഉപവാസം അനുഷ്ഠിക്കുന്നതോടൊപ്പം, വിവിധതരം ആചാരങ്ങളിലും പൂജകളിലും ഏർപ്പെടുകയും ദേവിയുമായുള്ള ഭക്ത്യാദരാൽ മദ്യവും മാംസവും ഉപേക്ഷിക്കുകയും ചെയ്യുന്നു. ആരാധകർ ചില ധാന്യങ്ങളും പച്ചക്കറികളും ഉപേക്ഷിക്കുകയും ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേക നിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന ഒൻപത് ദിവസത്തെ ഉപവാസപർവം ഉത്സവത്തിൽ പ്രധാനമാണ്. ദേവിയെ പ്രീതിപ്പെടുത്താനും അമ്മയുടെ അനുഗ്രഹം തേടാനുമാണ് ഇതെല്ലാം ഭക്തർ ഏറ്റെടുക്കുന്നത്.
മഹിഷാസുരൻ എന്ന രാക്ഷസന് ബ്രഹ്മാവ് അമർത്യത നൽകിയത് ഒരു സ്ത്രീക്ക് മാത്രമേ അവനെ തോൽപ്പിക്കാനാകൂ എന്ന നിബന്ധനയോടെയാണെന്നാണ് ഐതിഹ്യം. ഒരു സ്ത്രീക്കും കൊല്ലാൻ കഴിയില്ലെന്ന് കരുതി, മഹിഷാസുരൻ; ഭൂമി, സ്വർഗ്ഗം, നരകം എന്നീ മൂന്ന് ലോകങ്ങളിൽ ഭയം സൃഷ്ടിക്കാൻ തുടങ്ങി. സർവ്വനാശം വരുത്തുന്നതിൽ നിന്ന് അസുരനെ തടയുന്നതിന്, ബ്രഹ്മാവും വിഷ്ണുവും ശിവനും അവരുടെ ത്രിമൂർത്തീശക്തികൾ സംയോജിപ്പിച്ച് ദുർഗാ ദേവിയെ സൃഷ്ടിച്ചു എന്നാണ് ഐതീഹ്യം.
ദുർഗാദേവിയും മഹിഷാസുരനും തമ്മിൽ മൊത്തം പതിനഞ്ച് ദിവസം നീണ്ട യുദ്ധം നടന്നു എന്നാണ് പുരാണങ്ങൾ പറയുന്നത്. ഈ ദിവസങ്ങളിൽ, മഹിഷാസുരൻ ദുർഗാദേവിയെ ആശയക്കുഴപ്പത്തിലാക്കാൻ തന്റെ ആകൃതിയും രൂപവും മാറ്റിക്കൊണ്ടിരുന്നു. അവൻ എരുമയുടെ രൂപം സ്വീകരിച്ചു വന്ന ദിവസം, ദേവി തന്നുടെ ത്രിശൂലം കൊണ്ട് അസുരവധം നിർവ്വഹിച്ചു.
ഈ ഒൻപത് ദിവസങ്ങളിൽ, ദുർഗാ ദേവിയുടെ വ്യത്യസ്ത അവതാരങ്ങൾ ആരാധിക്കപ്പെടുന്നു. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നീ മൂന്ന് പ്രധാന രൂപങ്ങളിൽ ദുർഗാദേവി പ്രത്യക്ഷപ്പെടുന്നുവെന്നാണ് വിശ്വാസം.
ദുർഗാദേവിയുടെ നവരൂപഭാവങ്ങൾ:
ശൈലപുത്രി പാർവ്വതിയെ പ്രതിനിധീകരിക്കുന്നത് ദേവിയുടെ ബാല്യകാലഘട്ടത്തിലാണ്. ബ്രഹ്മചാരിണി സന്ന്യാസത്തിന്റെ ഘട്ടത്തിൽ പാർവ്വതീദേവിയെ പ്രതിനിധീകരിക്കുന്നു. ചന്ദ്രഘണ്ട, ദേവിയുടെ വൈവാഹിത ഭാവത്തിൽ പ്രതിനിധീകരിക്കുന്നു. ദുർഗാദേവി, മറ്റാരുമല്ല മഹാശക്തിയാണെന്ന് കണ്ടെത്തിയ ഘട്ടത്തിൽ കൂശ്മാണ്ഡദേവി, പാർവതിയെ പ്രതിനിധീകരിക്കുന്നു. സ്കന്ദമാതാദേവി പാർവ്വതിയെ മാതൃത്വത്തിന്റെ ഘട്ടത്തിൽ പ്രതിനിധീകരിക്കുന്നു. കാത്യായനി ദേവി, പാർവതിയെ പ്രതിനിധീകരിക്കുന്നത് ഒരു യോദ്ധാവിന്റെ ഭാവത്തിലാണ്. കാളരാത്രി പാർവ്വതിയെ ദേവിയുടെ സംഹാര ഘട്ടത്തിൽ പ്രതിനിധീകരിക്കുന്നു. വീണ്ടെടുക്കലിന്റെ ഘട്ടത്തിൽ മഹാഗൗരി ദേവിയായി പാർവ്വതിയെ പ്രതിനിധീകരിക്കുന്നു. മഹാശക്തീദേവിയുടെ സമ്പൂർണ്ണ ആവിഷ്കാരമായി സിദ്ധിധാത്രി ഏറ്റവും ഉയർന്നതും പരമോന്നതവുമായ രൂപത്തിൽ എത്തുന്ന ഘട്ടത്തിൽ പാർവതിയെ പ്രതിനിധീകരിക്കുന്നു. സിദ്ധിദാത്രിയ്ക്ക് എല്ലാ അമാനുഷിക ശക്തികളുമുണ്ട്, പരമശിവനുടെ അർദ്ധനാരീശ്വരിയാണ്. ജീവിതത്തിന്റെ ഉറവിടത്തെ പ്രതിനിധാനം ചെയ്യുന്ന സിദ്ധിദാത്രി, കുട്ടികൾക്ക് വിദ്യാഭ്യാസം, അധ്യാപനത്തിനുള്ള സിദ്ധികൾ, അച്ചടക്കം എന്നിവ നൽകുന്ന അവതാരമാണെന്നുള്ളതാണ് സങ്കല്പം.
ഒൻപത് ദിവസങ്ങളുടെ പ്രാധാന്യം:
ദിനം 1 | ശൈലപുത്രി
പർവ്വതരാജൻ ഹിമാലയമാകുന്ന ഭവനത്തിൽ ജനിച്ച ആദി പരാശക്തിയാണ് ശൈലപുത്രി. ശൈലപുത്രി എന്ന പേരിന്റെ അർത്ഥം പർവതത്തിന്റെ (ശൈല) മകൾ (പുത്രി) എന്നാണ്. ഹിമവാന്റെ മകളായ ശൈലപുത്രീ ദേവി; സതി, ഭവാനി, പാർവതി അല്ലെങ്കിൽ ഹേമവതി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ശൈലപുത്രി ദേവിയെ രണ്ട് കൈകളോടെ ചിത്രീകരിച്ചിരിക്കുന്നു, ദേവിയുടെ നെറ്റിയിൽ ചന്ദ്രക്കലയുണ്ട്. ഭഗവതി വലതുകൈയിൽ ത്രിശൂലവും ഇടതുകൈയിൽ താമരപ്പൂവും പിടിച്ചിരിക്കുന്നു. ദേവിയുടെ വാഹനം ഋഷഭമായ നന്ദികേശ്വരനാണ്.
ദക്ഷ പ്രജാപതിയുടെ മകളായി ഭഗവതി തന്റെ മുൻ ജന്മത്തിൽ ഭൂജാതയായി. അപ്പോൾ ദേവിയുടെ പേര് സതി എന്നായിരുന്നു, സതീദേവി പരമശിവനെ വിവാഹം കഴിച്ചു. എന്നാൽ പിതാവ് പ്രജാപതി ദക്ഷൻ സംഘടിപ്പിച്ച ഒരു യാഗ ചടങ്ങിൽ, ദേവിയുടെ ശരീരം യോഗാഗ്നിയിൽ ദഹിപ്പിക്കപ്പെട്ടു, യാഗ ചടങ്ങിൽ തന്റെ പിതാവായ പ്രജാപതി ദക്ഷൻ തന്റെ ഭർത്താവായ പരമശിവനെ അപമാനിക്കുന്നത് സഹിക്കവയ്യാത്തതായിരുന്നു സതീദേവിയുടെ ഈ യോഗസമാധിയുടെ കാരണം.
പർവതരാജാവ്, ഹിമവാന്റെ മകൾ, ശൈലപുത്രി ദേവിയെ ആരാധിച്ചാണ് നവരാത്രി ആരംഭിക്കുന്നത്. ഗിരീശൻ പരമശിവനുടെ സഹധർമ്മിണിയുമാണല്ലോ, ഹൈമവതിയായി ആരാധിക്കപ്പെടുന്ന പാർവതി. 'ശൈല' എന്നതിന്റെ ഉള്ളാർത്ഥം, ഒരാളുടെ പർവതസമാനമായ ഉന്നതങ്ങളിൽ എത്തുന്ന വളർച്ചയെ പ്രതീകമാക്കുന്നു. ഈ രൂപത്തിൽ, ദേവി ഒരു ത്രിശൂലവും താമരയും വഹിയ്ക്കുകയും വാഹനമായി ഒരു കാളയുടെ ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്നു. ശൈലപുത്രി ദേവിയുടെ ആരാധന ഉയർന്ന ബൗദ്ധികാവസ്ഥയിലെത്താൻ ഭക്തരെ പാകപ്പെടുത്തുന്നു.
ഈ ദിവസം, മഞ്ഞ 💛 നിറത്തോടുകൂടി ആഘോഷത്തിനും സന്തോഷത്തിനും ദുഷിച്ച ചിന്തകളിൽ നിന്ന് മുക്തി നേടാനും സങ്കൽപ്പിക്കപ്പെടുന്നു.
ശൈലപുത്രീ മന്ത്രജപശ്ലോകം:
വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാർധാകൃതശേഖരാം |
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം ||
ദിനം 2 | ബ്രഹ്മചാരിണി
രണ്ടാം ദിവസം, ദുർഗ്ഗാദേവിയുടെ രണ്ടാമത്തെ അവതാരമായ ബ്രഹ്മചാരിണിയെ, മോക്ഷം നേടാൻ ഭക്തർ ആരാധിക്കുന്നു. ദേവിയുടെ ഈ ഭാവം, അങ്ങേയറ്റത്തെ തപസ്സിലൂടെ കടന്നുപോയ പാർവതിയുടെ രൂപമാണ്.
ബ്രഹ്മചാരിണി എന്നാൽ, മറ്റ് വിദ്യാർത്ഥികളോടൊപ്പം തന്റെ ഗുരുവിന്റെ ആശ്രമത്തിൽ താമസിക്കുന്ന അർപ്പണബോധമുള്ള "വിദ്യാർത്ഥിനി" എന്നാണ് അർത്ഥമാക്കുന്നത്. ദേവി അറിവിന്റെ ഉറവയാണ്, രുദ്രാക്ഷത്താൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ദേവി ഒരു കൈയിൽ ജലകുംഭവും മറുകയ്യിൽ ഒരു ജപമാലയും പിടിച്ചിരിക്കുന്നു. 'ബ്രഹ്മ' എന്നാൽ ‘ദിവ്യബോധം’ എന്നും, ‘ആചരണം’ എന്നത് ‘പെരുമാറ്റം’ എന്ന ഭാവത്തിലും, ഈ ദിവസം ധ്യാനിക്കാൻ ഗണ്യമായി പവിത്രമായിത്തീരുന്നു.
ബ്രഹ്മചാരിണി എന്ന ഭാവം ബ്രഹ്മചാരിത്വത്തെയും ഈ ഭാവത്തെ പ്രതിനിധാനം ചെയ്യുന്ന തൂവെള്ള നിറം വിശുദ്ധിയെയും സൂചിപ്പിക്കുന്നു. ദേവീ ദുർഗ്ഗയുടെ ബ്രഹ്‌മചാരിണി രൂപം, പരമശിവനെ തന്റെ ജീവിതേശ്വരനായി മാറ്റാൻ കുഞ്ഞുനാൾ മുതൽ കഠിന തപസ്സു ചെയ്ത പാർവതി ദേവിയുടെ ദിവ്യമായ യാഗാഗ്നിയെ അനശ്വരമാക്കുന്നു. ദേവിയുടെ അതികഠിനമായ താപാഗ്നിയിൽ ഏതൊരു വിഘ്നവും ലളിതമാകും എന്നതിന്റെ ഉത്തമോദാഹരണമാണ് അർദ്ധനാരീശ്വര സങ്കൽപം.
ഈ ദിവസത്തെ നിറം, പ്രകൃതിയുടെയും സമൃദ്ധിയുടെയും നിറമായ പച്ച 💚 കൊണ്ട് പ്രതീകമാക്കുന്നു. ദേവിയുടെ ബ്രഹ്മചാരിണീ ഭാവത്തിൽ ധ്യാനിക്കുകിൽ ഒരാൾക്ക് ആത്മീയ അറിവിനും വളർച്ചയ്ക്കും സമാധാനത്തിനും അനുഗ്രഹങ്ങൾ ഉണർത്താൻ കഴിയുമെന്നാണ് സങ്കല്പം.
ബ്രഹ്മചാരിണീ ജപശ്ലോകം:
दधाना करपद्माभ्यामक्षमालाकमण्डलू।
देवी प्रसीदतु मयि ब्रह्मचारिण्यनुत्तमा॥
या देवी सर्वभूतेषु माँ ब्रह्मचारिणी रूपेण संस्थिता।
नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥
ദധാനാ കരപദ്മാഭ്യാം അക്ഷമാലാകമണ്ഡലു |
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ||
യാ ദേവീ സർവഭൂതേഷു മാ ബ്രഹ്മചാരിണീ രൂപേണ സംസ്ഥിതാ |
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ ||
ദിനം 3 | ചന്ദ്രഘണ്ടാ
മൂന്നാം ദിവസം ജീവിതത്തിൽ സമാധാനത്തിനും ശാന്തിക്കും സമൃദ്ധിക്കും വേണ്ടി ചന്ദ്രഘണ്ടാ ദേവിയെ ആരാധിക്കുന്നു. ഹിമപ്പുലിയുടെ പുറത്ത് ദുർഗാ ദേവിയുടെ രൂപമായ ഈ ഭാവം, 'ശക്തി' യെ പ്രതീകപ്പെടുത്തുന്നു. ദേവിയുടെ കൈകൾ അഭയവരദമുദ്രകളാൽ - ഒന്ന് സർവ്വ അനുഗ്രഹങ്ങളും ചൊരിയുമ്പോൾ അടുത്തത് ദുഷ്പ്രവൃത്തികളും ഉപദ്രവങ്ങളും തടഞ്ഞു ഭയം നീക്കുന്നു. 'ചന്ദ്ര' എന്നത് മനസ്സിനെ പ്രതിനിധാനം ചെയ്യുന്ന ചന്ദ്രനെ സൂചിപ്പിക്കുന്നു. നെറ്റിയിൽ അർദ്ധചന്ദ്രനെ ധരിക്കുന്ന ദേവി, അറിവിലൂടെയും വൈകാരിക സന്തുലിതാവസ്ഥയിലൂടെയും പരമമായ ആനന്ദം ചൊരിയുന്നു.
ദേവിക്ക് ചണ്ഡികാ എന്നും രണചണ്ഡീ എന്നും നാമങ്ങളുണ്ട്. ദേവിയുടെ കൃപയും ധൈര്യവും ശൗര്യവും കൊണ്ട് സാധകർക്ക് അനുഗ്രഹവും അഭയവും ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ദേവിയുടെ കൃപയാൽ, ഭക്തരുടെ എല്ലാ പാപങ്ങളും, ശാരീരിക പീഡകളും, മാനസിക ക്ലേശങ്ങളും, പ്രേതബാധകളും ഇല്ലാതാകുന്നു. ചന്ദ്രഘണ്ടാ സങ്കല്പം, ദേവിയുടെ വിവാഹാനന്തരഭാവത്തെ പ്രതിനിധീകരിക്കുന്നു.
ചന്ദ്രഘണ്ടാ ദേവി, ദുഷ്ടന്മാരെ നശിപ്പിക്കുന്നതോടൊപ്പം, തന്റെ ഭക്തർക്ക് സമാധാനവും സമൃദ്ധിയും വർഷിക്കുന്ന ദയയും അനുകമ്പയും ഉള്ള അമ്മയാണ്. ദേവിയും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിൽ, ദേവിയുടെ ജപമണി പുറപ്പെടുവിച്ച ഇടിമുഴക്കം പോലുള്ള സ്വരം, ഭൂതങ്ങളെ തളർത്തുകയും സ്തംഭിപ്പിക്കുകയും ചെയ്തതായി ഐതിഹ്യമുണ്ട്.
ഈ ദിവസം ചാരനിറം ☑️ ധരിക്കുന്നത് ആരാധകരെ ഭക്തിയുടെയും വിശ്വാസത്തിന്റെയും സർവ്വോപരി കാരുണ്യം, മാനുഷികത തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളുടേയും ഫലപൂയിഷ്ടമായ ഭൂമിയിൽ വേരൂന്നാൻ സഹായിക്കും.
മന്ത്രം :
ॐ देवी चंद्रघण्टायै नम: ||
ഓം ദേവീ ചന്ദ്രഘണ്ടായൈ നമഃ ||
ധ്യാനം :
पिण्डज प्रवरारूढ़ा चण्डकोपास्त्रकैर्युता |
प्रसीदम् तनुते महयं चन्द्रघण्टेति विश्रुता ||
പിണ്ഡജ പ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈർയുതാ |
പ്രസീദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ ||
സ്തുതി :
या देवी सर्वभूतेषु माँ चन्द्रघण्टा रूपेण संस्थिता।
नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥
യാ ദേവീ സർവ്വഭൂതേഷു മാ ചന്ദ്രഘണ്ടാ രൂപേണ സംസ്ഥിതാ |
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ ||
ദിനം 4 | കൂശ്മാണ്ഡ ദേവി
നാലാം ദിവസം, പ്രപഞ്ചത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്ന കൂശ്മാണ്ഡ ദേവിയുടെ ഭാവമാണ് ദുർഗാദേവിക്കുള്ളത്. ഭഗവതിയുടെ ഈ നാമം ഒരു ദിവ്യാണ്ഡം എന്ന ഭാവത്തിൽ പ്രപഞ്ചത്തിന്റെ സൃഷ്ടിയെ സൂചിപ്പിക്കുന്നു. ഈ രൂപത്തിൽ ദേവിക്ക് എട്ട് കൈകളുണ്ട്, ഒരു കയ്യിൽ ജപമാലയും മറ്റുള്ളവയിൽ നാനാവിധം ആയുധങ്ങളും പേറുന്ന രൂപത്തിലാണ് ദേവിയെ കാണാൻ സാധിക്കുന്നത്; സിംഹമാണ് ദേവിയുടെ വാഹനം. ദേവി ഭക്തർക്ക് വളരാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നു.
കുശ്മാണ്ഡ ദേവത, നിജദിവ്യമായ പുഞ്ചിരിയാൽ ഈ ലോകത്തെ സൃഷ്ടിച്ചതിന്റെ ബഹുമതി കയ്യാളുന്നു. ഈ വിശ്വനിർമ്മിതിയിൽ ദേവിക്കുള്ള പ്രധാനപ്പെട്ട ഭൂമിക ഈ ഭാവത്തിനാണ് കല്പിച്ചിരിക്കുന്നത്: കു എന്നാൽ "അല്പം", ഉഷ്മ എന്നാൽ "ഊഷ്മളത" അല്ലെങ്കിൽ "ഊർജ്ജം", അണ്ഡ എന്നാൽ "പ്രപഞ്ചകോശം" എന്നീ നിലക്കാണ് കുശ്മാണ്ഡ എന്ന ഭാവം വിശദീകരിക്കപ്പെട്ടിരിക്കുന്നത്.
ഈ പ്രപഞ്ചമാകുന്ന ബ്രഹ്മാണ്ഡത്തെ ദേവിയുടെ ഒരു ചെറുപുഞ്ചിരിയിലൂടെ സൃഷ്ടിച്ചതിനാലും കുശ്മാണ്ഡം എന്നറിയപ്പെടുന്ന വെളുത്ത മത്തങ്ങയുടെ ബലി ദേവിക്ക് പ്രിയങ്കരമായതിനാലും ഈ ഭാവത്തെ കുശ്മാണ്ഡ ദേവി എന്ന് വിളിക്കുന്നു. പ്രതീകാത്മകമായി തിളങ്ങുന്ന ഓറഞ്ചു നിറം 🧡 ഊഷ്മളതയും ആഹ്ളാദവും ഉണ്ടാക്കുന്നു എന്നാണ് സങ്കല്പം.
മൂലമന്ത്രം :
ॐ देवी कूष्माण्डायै नमः॥
ഓം ദേവീ കൂശ്മാണ്ഡായൈ നമഃ ||
പ്രാർത്ഥന :
सुरासम्पूर्ण कलशं रुधिराप्लुतमेव च।
दधाना हस्तपद्माभ्यां कूष्माण्डा शुभदास्तु मे॥
സുരാസമ്പൂർണകലശം രുധിരാപ്ലുതമേവ ച |
ദധാനാ ഹസ്തപദ്മാഭ്യാം കൂശ്മാണ്ഡാ ശുഭദാസ്തു മേ ||
സ്തുതി :
या देवी सर्वभूतेषु माँ कूष्माण्डा रूपेण संस्थिता।
नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥
യാ ദേവീ സർവ്വഭൂതേഷു മാ കൂശ്മാണ്ഡാരൂപേണ സംസ്ഥിതാ |
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ ||
ദിനം പഞ്ചമം | സ്കന്ദമാതാ
അഞ്ചാം ദിവസം സ്കന്ദമാതാ ദേവിക്കായി സമർപ്പിക്കുന്നു. ആവശ്യം വരുമ്പോൾ എന്തിനേയും ആരെയും ഏതു സാഹചര്യത്തേയും ചെറുത്തുനിൽക്കാൻ കഴിയുന്ന ഒരു അമ്മയുടെ നിശ്ചയദാർഢ്യത്തെ ദേവി പ്രതിനിധാനം ചെയ്യുന്നു. 'സ്കന്ദന്റെ അമ്മ' എന്ന് അറിയപ്പെടുന്ന ഭാവത്തിൽ, കുമരൻ അഥവാ സുബ്രഹ്മണ്യൻ മാതാവിന്റെ മടിയിൽ ഇരിക്കുന്നതായാണ് സങ്കല്പം; ദേവിയുടെ വാഹനം സിംഹമാണ്.
ദേവി അടിസ്ഥാനപരമായി മാതൃസ്നേഹത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ രൂപത്തിൽ ദേവിയെ ആരാധിക്കുന്നത് ജ്ഞാനവും സമ്പത്തും ശക്തിയും സമൃദ്ധിയും കൈവരുത്തുമെന്ന് പറയപ്പെടുന്നു. ത്രിനയനയും ചതുർഭുജയുമായ ദേവി, രണ്ട് താമരകൾ വഹിക്കുന്നതോടൊപ്പം, അഭയ വരദ മുദ്രകളാൽ അനുഗ്രഹദയുമാണ്.
സ്കന്ദമാതാ ദേവി ഭക്തർക്ക് രക്ഷ, ശക്തി, സമൃദ്ധി, ജീവസമ്പത്ത് എന്നിവ പ്രദാനം ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഭക്തൻ ദേവിയെ ആരാധിക്കാൻ ഇടയായാൽ, നിരക്ഷരനാണെങ്കിൽ പോലും ജ്ഞാനസാഗരം അനുഭവിക്കാൻ കഴിയും. സൂര്യ തേജസ്സുള്ള സ്കന്ദമാതാവ് ഭക്തരുടെ എല്ലാ സാത്വിക ആഗ്രഹങ്ങളും നിറവേറ്റുന്നു. നിസ്വാർത്ഥമായി മാതാവിനോട് സ്വയം സർവ്വം അർപ്പിക്കുന്നവൻ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും സിദ്ധികളും നേടുന്നു. സ്കന്ദമാതാവിനെ ആരാധിക്കുന്നത് ഒരു ഭക്തന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നു. ദേവിയെ ആരാധിക്കുമ്പോൾ, ഭക്തന് തന്റെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും മേൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കണം. ഏകാഗ്രമായ ഭക്തിയോടെ ദേവിയെ ആരാധിക്കുകയും വേണം എന്നുള്ളത് നിർബന്ധമാണ്.
സ്കന്ദമാതാവിനോട് ബന്ധപ്പെടുത്തിയുള്ള ഗ്രഹം ബുധനാണ്. സ്കന്ദമാതാ ദേവി ഉഗ്രമായ ഒരു സിംഹത്തിന്മേൽ ആരൂഢയായാണ് ചിത്രീകരണം. ദേവി തന്റെ സ്വന്തം കുഞ്ഞുമുരുകനെ അതിയായ വാത്സല്യത്തോടെ മടിയിൽ വഹിക്കുന്നു. മുരുകൻ, കാർത്തികേയൻ എന്ന നാമത്താലും ശ്രീ ഗണപതിയുടെ സഹോദരൻ എന്ന ഭാവത്തിലും ആരാധിക്കപ്പെടുന്നു. സ്കന്ദമാതാ ദേവിയെ നാല് കൈകളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മുകളിലെ രണ്ട് കൈകളിൽ ദേവി താമരപ്പൂക്കളാണ് വഹിക്കുന്നത്. ഒരു കൈ കൊണ്ട് കുഞ്ഞുമുരുകനെ തന്നോട് ചേർത്തുപിടിക്കുകയും മറ്റേ കൈ അഭയ മുദ്രയിൽ സാധകർക്ക് അനുഗ്രഹവും പ്രദാനം ചെയ്യുന്നു.
സ്കന്ദമാതാവിന്റെ ആരാധന സാധകർക്ക് ഇരട്ട അനുഗ്രഹമാണ് പ്രദാനം ചെയ്യുന്നത്, എന്തുകൊണ്ടെന്നാൽ ഒരു ഭക്തൻ ദേവിയെ ആരാധിക്കുമ്പോൾ, മാതാവിന്റെ മടിയിലിരിക്കുന്ന പുത്രനായ സ്കന്ദ ഭഗവാൻ ഒന്നിച്ചുതന്നെ പൂജിക്കപ്പെടുകയാണ്.
ഈ ദിവസം ശാന്തതയുടെയും സമാധാനത്തിന്റെയും നിറമായ വെളുപ്പ് 🤍 ധരിക്കുന്നത് ദേവിയെ ആരാധിക്കാനും ആന്തരിക ശാന്തിയും സമാധാനവും കൈവരിക്കാനുമാണ് എന്നൊരു വിശ്വാസമുണ്ട്.
മന്ത്രം :
ॐ देवी स्कन्दमातायै नमः॥
ഓം ദേവീ സ്കന്ദമാതായൈ നമഃ ||
പ്രാർത്ഥന :
सिंहासनगता नित्यं पद्माञ्चित करद्वया।
शुभदास्तु सदा देवी स्कन्दमाता यशस्विनी॥
സിംഹാസനഗതാനിത്യം പദ്മാഞ്ചിതകരദ്വയാ |
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ ||
സ്തുതി :
या देवी सर्वभूतेषु माँ स्कन्दमाता रूपेण संस्थिता।
नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥
യാ ദേവീ സർവ്വഭൂതേഷു മാ സ്കന്ദമാതാരൂപേണ സംസ്ഥിതാ |
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ ||
ദിനം ഷഷ്ഠം | കാത്യായനി
ആറാം ദിവസം, കാത്യയനി ദേവിയെ ആരാധിക്കുന്നു. ദേവി, മഹാമുനി കാത്യായന് ജനിച്ചതുകാരണം, ധൈര്യത്തെ പ്രതീകപ്പെടുത്തുന്നു. കാത്യായനി ദേവിയെന്ന നിലയിൽ, പ്രപഞ്ചത്തിലെ എല്ലാ ദുഷ്ടശക്തികളെയും നശിപ്പിക്കാൻ ദേവി ഒരു ദിവ്യ രൂപം സ്വീകരിക്കുന്നു. ഈ രൂപത്തിലാണ് ദുർഗാദേവി മഹിഷാസുരനെ വധിക്കുന്നത്. ഭക്തരുടെ എല്ലാ ആന്തരിക പ്രക്ഷുബ്ധതകൾക്കും അറുതി വരുത്താൻ ദേവിയെ പ്രാർത്ഥനകളാൽ പ്രസാദിപ്പിക്കുന്നു. ദേവിയുടെ വാഹനം സിംഹമാണ്, ത്രിനയനയും ചതുർബ്ബാഹുവുമാണ്. അതീവ ധൈര്യത്തെയും തീവ്രമായ നിശ്ചയദാര്‍ഢ്യത്തെയും സ്നേഹത്തെയും പ്രതീകപ്പെടുത്തുന്ന ചടുലതയാർന്ന ചുവപ്പ് ❤️ ഈ ദിവസത്തിന്റെ നിറമായി സങ്കൽപ്പിക്കുന്നു.
വാമനപുരാണമനുസരിച്ച്, മഹിഷാസുരനോടുള്ള ദേവന്മാരുടെ കോപം ഊർജ്ജകിരണങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ത്രിമൂർത്തികളുടെ സംയോജിതമായ ശ്രമത്താലാണ് കാത്യായനീ ദേവി സൃഷ്ടിക്കപ്പെട്ടത്. ഋഷി കാത്യായനുടെ ആശ്രമത്തിൽ ആ ശക്തിയേറിയ കിരണങ്ങൾ സാന്ദ്രീകരിക്കപ്പെട്ടു, അദ്ദേഹം ആ ശക്തിക്ക് തനതായ രൂപം നൽകി, അതിനാൽ ദേവിയ്ക്ക് "കാത്യായനുടെ മകൾ" എന്ന ഭാവത്തിൽ കാത്യായനി എന്നു പേരുവന്നു. കാളികപുരാണം പോലുള്ള ഗ്രന്ഥങ്ങളിൽ, ഈ ഭാവത്തിലുള്ള ദേവിയെ ആദ്യം ആരാധിച്ചത് ഋഷി കാത്യായനായിരുന്നുവെന്ന് പരാമർശിക്കപ്പെടുന്നു. അങ്ങനെയും കാത്യായനി എന്ന പേര് അന്വർത്ഥമാവുന്നു.
ഭാഗവതപുരാണത്തിൽ, ബ്രജ് ദേശത്തെ ഗോകുലം എന്ന ഗ്രാമത്തിലെ ഗോപാലന്മാരുടെ അവിവാഹിതരായ യുവപുത്രിമാർ (ഗോപികമാർ) കാത്യായനി ദേവിയെ ആരാധിക്കുകയും വ്രതം നോൽക്കുകയും ചെയ്ത കാത്യായനീവ്രതത്തിന്റെ ഐതീഹ്യം വിവരിക്കുന്നുണ്ട്. ശൈത്യകാലത്തിന്റെ ആദ്യ മാസം, ഭഗവാൻ ശ്രീകൃഷ്ണനെ അവരുടെ പ്രിയതമനായി ലഭിക്കാൻ, ദിനംപ്രതി, അധികം കൂട്ടുകൾ ചേർക്കാത്ത ഖിച്ടി മാത്രം ഭക്ഷിക്കുന്നു. സൂര്യോദയ സമയത്ത് യമുനയിൽ കുളിച്ച ശേഷം നദീതീരത്ത് ദേവിയുടെ ഒരു മൺരൂപം ഉണ്ടാക്കി, ചന്ദനം, ദീപം, ഫലം, വെറ്റില, പുതുതായി വളർന്ന സവിശേഷ ഇലകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ ഉപയോഗിച്ച് ദേവിയെ ആരാധിച്ചിടുന്നു. ദേവിക്ക് പുത്തൻ മാലകളും സുഗന്ധധൂപങ്ങളും അർപ്പിക്കുന്നു.
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കൗമാരകന്യകയായ ദേവി കന്യാകുമാരി, ദേവി കാത്യായനി അഥവാ ദേവി പാർവതിയുടെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്നു. കന്യാകുമാരി തപസ്സിന്റെയും സന്യാസത്തിന്റെയും ദേവതയാണ്. മകര സംക്രാന്തിയോടനുബന്ധിച്ച് തമിഴ്നാട്ടിൽ ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമായ പൊങ്കൽ (തായ് പൊങ്കൽ) സമയത്ത്, പെൺകുട്ടികൾ മഴയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുകയും മാംസാഹാരവും പാലും പാൽ ഉൽപന്നങ്ങളും ഒഴിവാക്കുകയും ചെയ്തുവരുന്നു. സ്ത്രീകൾ അതിരാവിലെ കുളിക്കുകയും നനഞ്ഞ മണലിൽ ഉണ്ടാക്കിയെടുക്കുന്ന കാത്യായനി ദേവിയുടെ വിഗ്രഹത്തെ ആരാധിക്കുകയും ചെയ്തുവരുന്നു. കാത്യായനീ ദേവിയോട് ബന്ധപ്പെടുത്തിയുള്ള ഗ്രഹം ബൃഹസ്പതിയാണ്.
മന്ത്രം :
ॐ देवी कात्यायन्यै नमः॥
ഓം ദേവീ കാത്യായിന്യയ് നമഃ
പ്രാർത്ഥന :
चन्द्रहासोज्ज्वलकरा शार्दूलवरवाहना।
कात्यायनी शुभं दद्याद् देवी दानवघातिनी॥
ചന്ദ്രഹാസോജ്ജ്വലകരാ ശാർദൂലവരവാഹനാ |
കാത്യായനീ ശുഭം ദധ്യാത് ദേവീ ദാനവഘാതിനീ ||
സ്തുതി :
या देवी सर्वभूतेषु माँ कात्यायनी रूपेण संस्थिता।
नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥
യാ ദേവീ സർവ്വഭൂതേഷു മാ കാത്യായനീരൂപേണ സംസ്ഥിതാ |
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ ||
ദിനം സപ്തമം | കാളരാത്രി
ഏഴാം ദിവസം ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെയാണ് ഉപാസിക്കുന്നത്. ഈ ദിവസം ദേവിയുടെ ബീഭത്സഭാവത്തെ ആരാധിക്കുന്നതിനാണ്, ഇരുണ്ട രാത്രിയായി പ്രതിനിധീകരിക്കുന്നത്. ഭക്തർക്ക് ആശ്വാസം ലഭിക്കുന്നതിനു കാരണം, ദേവി ഇരുട്ടിനോടുള്ള ഭയം നശിപ്പിക്കുന്നു എന്നുള്ളതുകൊണ്ടാണ്. ഇരുണ്ട നിറമുള്ള ദേവിക്ക് ഈ രൂപത്തിൽ നാല് കൈകളും സമൃദ്ധമായ മുടിയുമുണ്ട്. കഴുതയാണ് ദേവിയുടെ വാഹനം. നാലു കൈകളിൽ, രണ്ടെണ്ണം അഭയവരദമുദ്രകളും ഒന്നിൽ വജ്രായുധവും മറ്റേതിൽ വാളും ഏന്തിയിട്ടുണ്ട്. ചാരുതയെ സൂചിപ്പിക്കുന്ന ഇന്ദ്രനീലമാണ് 💙 ഈ ദിവസത്തെ പ്രതീകാത്മക വർണ്ണം.
കാളി, മഹാകാളി, ഭദ്രകാളി, ഭൈരവി, മൃത്യുദേവി, രുദ്രാണി, ചാമുണ്ഡി, ചണ്ഡികാ, ദുർഗ എന്നിങ്ങനെ മാതാ ദേവിയുടെ വിനാശകരമായ രൂപഭാവങ്ങളിലൊന്നാണ് കാളരാത്രി. ശുംഭൻ, നിശുംഭൻ എന്നീ അസുരന്മാരെ നിഗ്രഹിക്കുന്നതിനായിട്ട് പാർവതി ദേവി തന്റെ മഹാഗൗരീ ഭാവത്തിന്റെ സ്വർണ്ണാഭമായ ചർമ്മം നീക്കം ചെയ്ത് കാളരാത്രി ദേവി എന്ന രൂപത്തിൽ അവതരിച്ചു. ദുർഗാ ദേവിയുടെ ഏറ്റവും ഉഗ്രവും ബീഭത്സവുമായ രൂപമാണ് കാളരാത്രി.
ദേവിയുടെ കാളരാത്രി രൂപം എല്ലാ ആസുരശക്തിളെയും പ്രേതപിശാചുക്കളെയും ദുരാത്മാക്കളെയും വൈരുദ്ധ്യത നിറഞ്ഞ ഊർജ്ജത്തെയും നിഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, ദേവിയുടെ വരവ് അറിയുന്നതിലൂടെ തന്നെ ഇത്തരം ദുഷ്ടതകൾ തനിയേ ഒഴിഞ്ഞുമാറിപ്പോകുന്നു എന്നാണ് സങ്കല്പം.
കാളരാത്രീ ദേവിയോട് ബന്ധപ്പെടുത്തിയുള്ള ഗ്രഹം ശനിയാണ്. കാളരാത്രി, ശുഭങ്കരി (शुभंकरी) എന്നും അറിയപ്പെടുന്നു - അർത്ഥം; ശുഭം എന്നത് സംസ്കൃതത്തിൽ “നല്ലത്” എന്നും കരീ എന്നത് “ചെയ്യുന്നവൾ” എന്നും ആണല്ലോ! ദേവി എപ്പോഴും ഭക്തർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്നു എന്ന വിശ്വാസത്തിനു ഇതാണ് കാരണം. അങ്ങനെ, ദേവി തന്റെ ഭക്തരെ നിർഭയരാക്കുന്നു.
കാളരാത്രീ ദേവിയെ ധ്യാനിക്കുന്നതിലൂടെ ഭക്തന് കാലത്തിന്റെ (അഥവാ സമയം) സമ്പൂർണ്ണ നിയന്ത്രണഗുണവും രാത്രിയുടെ (ഇരുട്ട് അഥവാ തമസ്) എല്ലാ ഉപഭോഗ സ്വഭാവവും ശക്തിപ്പെടുത്തുന്നു - എല്ലാ തടസ്സങ്ങളും മറികടന്ന് എല്ലാ പ്രവർത്തനങ്ങളിലും വിജയം ഉറപ്പുനൽകുന്നു. ചുരുക്കത്തിൽ, എല്ലാം നശിപ്പിക്കുന്ന അഥവാ നിഗ്രഹിക്കുന്ന സമയത്തിന്റെ രാത്രിയുടെ തന്മയീരൂപമാണ് കാളരാത്രി.
ഈ ഭാവം പ്രാഥമികമായി കാണിച്ചുതരുന്നത്, ജീവിതത്തിനും ഒരു ഇരുണ്ട വശം ഉണ്ടെന്നാണ് - മരണവും നാശവും ഉൾക്കൊള്ളുന്ന പ്രകൃതി തന്നെയാണ് ഈ ജീവിതം എന്ന അമ്മയുടെ വളരെ സ്പഷ്ടമായ ഒരു അവലോകനം തന്നെയാണ് സ്വരൂപത്തിലൂടെ കാളരാത്രീ ദേവി പ്രകടിപ്പിക്കുന്നത്.
മന്ത്രം :
ॐ देवी कालरात्र्यै नमः॥
ഓം ദേവീ കാളരാത്ര്യയ് നമഃ ||
പ്രാർത്ഥന :
एकवेणी जपाकर्णपूरा नग्ना खरास्थिता।
लम्बोष्ठी कर्णिकाकर्णी तैलाभ्यक्त शरीरिणी॥
वामपादोल्लसल्लोह लताकण्टकभूषणा।
वर्धन मूर्धध्वजा कृष्णा कालरात्रिर्भयङ्करी॥
ഏകവേണീ ജപാകർണപൂരാ നഗ്നാ ഖരാസ്ഥിതാ |
ലംബോഷ്ഠീ കാർണികാകർണീ തൈലാഭ്യക്ത ശരീരിണീ ||
വാമപാദോല്ലസല്ലോഹ ലതാകണ്ടകഭൂഷണാ |
വർധനമൂർദ്ധധ്വജാ കൃഷ്ണാ കാളരാത്രിർഭയങ്കരീ ||
സ്തുതി :
या देवी सर्वभूतेषु माँ कालरात्रि रूपेण संस्थिता।
नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥
യാ ദേവീ സർവ്വഭൂതേഷു മാ കാളരാത്രീരൂപേണ സംസ്ഥിതാ |
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ ||
ദിനം അഷ്ടമം | മഹാഗൗരീ
ബുദ്ധി, സമാധാനം, സമൃദ്ധി, ശാന്തത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന എട്ടാം ദിവസം, മഹാഗൗരീദേവിക്കായി സമർപ്പിക്കുന്നു. മഹാഗൗരി ആന്തരിക സൗന്ദര്യത്തെയും സ്വാതന്ത്ര്യത്തെയും സൂചിപ്പിക്കുന്നു. ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഊർജ്ജം പ്രദാനം ചെയ്യുന്ന ദേവി, പ്രകൃതിയെ പ്രതിനിധാനം ചെയ്യുന്നു. ജീവിതത്തിൽ ഭക്തരെ മുന്നോട്ട് നയിക്കാനും സംസാര സാഗരത്തിൽ നിന്നും മോചിപ്പിക്കാനും അവരിലെ ആന്തരികോർജ്ജത്തെ ഉണർത്തുക എന്നതാണ് ഗൗരീദേവിയുടെ ഉപാസനയിലൂടെ ലക്ഷ്യമാക്കുന്നത്. ദേവിയുടെ വദനം സമാധാനവും അനുകമ്പയും പ്രസരിപ്പിക്കുന്നു, ദേവിയുടെ കരങ്ങളിൽ ഡമരുവും ത്രിശൂലവും കാണാം. കാളയാണ് വാഹനം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഉദാത്തമായ പിങ്ക് അഥവാ ശ്വേതരക്ത വർണ്ണം (ആരക്തവർണ്ണാ… എന്ന് ലളിതാസഹസ്രനാമം 💖) ഈ ദിവസം യോജിപ്പിനും ദയയ്ക്കും വേണ്ടി ഭക്തർ ധരിക്കുന്നു.
മഹാഗൗരി എന്ന പേരിന്റെ അർത്ഥം “അങ്ങേയറ്റം ശോഭയുള്ളതും ശുദ്ധമായ നിറമുള്ളതും ചന്ദ്രനെപ്പോലെ തിളങ്ങുന്നതുമാണ്”. (മഹാ, महा = മഹത്തായ; ഗൗരി, गौरी = ശോഭയുള്ള, ശുദ്ധമായ, ശ്വേതനിറമാർന്ന, വെണ്മയുറ്റ) എന്നൊക്കെ നമുക്ക് ദേവിയുടെ നാമം വ്യാഖ്യാനിക്കാം. ശുഭ്രവസ്ത്രധാരണത്തിലൂടെ ദേവിക്ക് ശ്വേതാംബര എന്നും പേരുണ്ട്.
മഹാഗൗരിയെ കുറിച്ചുള്ള അനേകം കഥകളിൽ ഒന്ന് ഇപ്രകാരമാണ്: പരമശിവനെ പ്രിയതമനായി ലഭിക്കാൻ പാർവ്വതി ദേവി കഠിനമായ തപസ്സ് ചെയ്തു. ഈ അതിദീർഘമായ കാലയളവിൽ ദേവിയുടെ ശരീരം മണ്ണിനാൽ മൂടപ്പെടുകയും ഇരുണ്ട നിറമായി മാറുകയും ചെയ്തു. ദേവിയുടെ തപസ്സിൽ അതീവ സന്തുഷ്ടനായ പരമശിവൻ പാർവ്വതി ദേവിയെ പ്രിയതമയായി സ്വീകരിച്ചു. ഉടൻതന്നെ, ഭഗവാൻ ഗംഗാജലം കൊണ്ട് പാർവതി ദേവിയെ സ്നാനം ചെയ്യിച്ചു, അതോടുകൂടി ദേവിയുടെ ചർമ്മം അതീവ ശോഭയോടെ സ്വർണ്ണം പോലെ തിളങ്ങാൻ തുടങ്ങി. അങ്ങനെ പരമശിവൻ ദേവിയെ മഹാഗൗരി എന്ന് വിളിക്കാൻ തുടങ്ങി. ഹേമം അഥവാ സ്വർണ്ണ നിറം ഉള്ളതുകൊണ്ട് ദേവിക്ക് ഹൈമവതി എന്നും പേരുണ്ട്.
അഷ്ടമി ദിനത്തിൽ മാതാ മഹാഗൗരിയെ ആരാധിക്കുന്നതിനായി, വെളുത്ത പൂക്കൾ (ദേവിക്ക് മുല്ലപ്പൂ ആണ് കൂടുതൽ പ്രിയം) വഴിപാടായി സമർപ്പിക്കുകയും ധ്യാനിക്കുകയും ചെയ്യുക.
മഹാഗൗരീ ദേവി ദുഷ്ട ഗ്രഹമായ രാഹുവിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നു എന്നൊരു സങ്കല്പമുണ്ട്. അതിനാൽ ദേവിയോട് ഹൃദ്യമായി പ്രാർത്ഥിക്കുന്നതിലൂടെ ഗ്രഹ സംബന്ധമായ വൈകല്യങ്ങൾ നീക്കംചെയ്യാനും ഭക്തർക്ക് ജീവിതത്തിൽ വിഘ്നങ്ങളൊഴിഞ്ഞു വളർച്ചയും സന്തോഷവും ദേവി പ്രദാനം ചെയ്യുന്നു എന്നതാണ് വിശ്വാസം.
മന്ത്രം :
ॐ देवी महागौर्यै नमः॥
ഓം ദേവീ മഹാഗൗര്യയ് നമഃ ||
പ്രാർത്ഥന :
श्वेते वृषेसमारूढा श्वेताम्बरधरा शुचिः।
महागौरी शुभं दद्यान्महादेव प्रमोददा॥
ശ്വേതേ വൃഷേസമാരൂഢാ ശ്വേതാംബരധരാ ശുചിഃ |
മഹാഗൗരീ ശുഭം ദധ്യാന്മഹാദേവ പ്രമോദദാ ||
സ്തുതി :
या देवी सर्वभूतेषु माँ महागौरी रूपेण संस्थिता।
नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥
യാ ദേവീ സർവ്വഭൂതേഷു മാ മഹാഗൗരീരൂപേണ സംസ്ഥിതാ |
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ ||
ദിനം നവമം | സിദ്ധിദാത്രീ
ഒൻപതാമത്തെയും അവസാനത്തെയും ദിവസത്തിൽ, അമാനുഷികമായ രോഗശാന്തി ശക്തിയുള്ളതായി അറിയപ്പെടുന്ന സിദ്ധിദാത്രീ ദേവിയെ ആരാധിക്കുന്നു. ഒരു താമരയിൽ ഇരിക്കുന്ന ദേവിക്ക് തന്റെ ഭക്തർക്ക് 26 വ്യത്യസ്ത സിദ്ധികൾ നൽകാനുള്ള കഴിവുണ്ട് എന്നാണ് സങ്കല്പം. കൂടുതൽ പര്യവേക്ഷണം ചെയ്യാനായിക്കൊണ്ട് യുക്തിപരമായ മനസ്സിന് അപ്പുറത്തേക്ക് സഞ്ചരിക്കാൻ ദേവിയെ ആശ്രയിക്കാം. ദേവി അസാധ്യമായത് സാധ്യവുമാക്കുന്നുവെന്നതാണ് സവിശേഷത. ഊർജ്ജസ്വലത പകരുന്ന പർപ്പിൾ അഥവാ നീലലോഹിതം 💜, സ്ഥിരതയ്ക്കും സമ്പന്നതയ്ക്കും പ്രതീകമായികൊണ്ട്, ഈ ദിവസത്തിന്റെ നിറമാണ്.
പരമശിവന്റെ ശരീരത്തിന്റെ ഒരു വശം സിദ്ധിദാത്രിയുടേതാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാൽ, ദേവി അർദ്ധനാരീശ്വരി എന്ന പേരിലും അറിയപ്പെടുന്നു. വേദഗ്രന്ഥങ്ങൾ അനുസരിച്ച്, സിദ്ധിദാത്രി ദേവിയെ ആരാധിച്ചുകൊണ്ടാണ് പരമശിവൻ പോലും എല്ലാ സിദ്ധികളും നേടിയത്.
അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകമ്യ, ഈശിത്വം, വശിത്വം എന്നീ എട്ട് അമാനുഷിക ശക്തികൾ അഥവാ സിദ്ധികൾ പ്രദാനം ചെയ്യാൻ ദേവിക്കാകും എന്നാണ് സങ്കല്പം. അണിമ എന്നാൽ ഒരാളുടെ ശരീരത്തെ ഒരു അണുവിന്റെ സൂക്ഷ്മരൂപത്തിലേക്ക് കുറയ്ക്കുക എന്നാണ് അർത്ഥമാക്കുന്നത്; മഹിമ എന്നാൽ സ്വന്തം ശരീരം അനന്തമായ വലുപ്പത്തിലേക്ക് വികസിപ്പിക്കുക എന്നാണ്; ഗരിമ എന്നാൽ അനന്തമായ ഭാരം ആർജ്ജിക്കുക എന്നാണ്; ലഘിമ എന്നാൽ ഭാരമില്ലാത്തവനാകുക എന്നാണ്; പ്രാപ്തി എന്നാൽ സർവ്വവ്യാപിത്വം എന്നാണ്; ഒരാൾ ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കുന്നതാണ് പ്രാകമ്യ; ഈശിത്വം എന്നാൽ കേവലമായ കർത്തൃത്വം ഉള്ളവൻ എന്നാണ്; കൂടാതെ വശിത്വം എന്നാൽ എല്ലാവരെയും കീഴ്പ്പെടുത്താനുള്ള അഥവാ വശീകരിക്കുന്നതിനുള്ള ശക്തി ഉണ്ടായിരിക്കുക എന്നാണ്. എട്ട് ശക്തികളും നൽകി ശിവനെ സിദ്ധിദാത്രി അനുഗ്രഹിച്ചു.
ലളിതാസഹസ്രനാമസ്തോത്രത്തിൽ, സിദ്ധേശ്വരീ, സിദ്ധവിദ്യാ, സിദ്ധമാതാ എന്നിങ്ങനെ മൂന്നുനാമങ്ങൾ പ്രത്യക്ഷമായിത്തന്നെ ദേവിക്കുണ്ട്. സിദ്ധരായുള്ളവർക്കെല്ലാം ഈശ്വരിയും വിദ്യാസ്വരൂപിണിയും മാതാവും ദേവിയാണെന്ന് സങ്കല്പം. അതുപോലെ, ഉപാസകർക്കെല്ലാം തങ്ങളുടെ സ്വഭാവവും ധ്യാനതലവും അനുസരിച്ചുകൊണ്ട് സിദ്ധികൾ അനുഗ്രഹിച്ചു പകരുന്നതും സിദ്ധികൾ വിദ്യയായി പഠിപ്പിച്ചു കൊടുക്കുന്നതും അങ്ങനെ ഉപാസകരുടെ ഹൃദയത്തിൽ പകർന്ന സിദ്ധികളുടെ സ്വച്ഛമായ സ്ഥിതിയുടെ സംരക്ഷയേകലും ദേവിതന്നെ എന്നതാണ് യാഥാർഥ്യം. സിദ്ധിദാത്രീ ദേവിയോട് ബന്ധപ്പെടുത്തിയുള്ള ഗ്രഹം കേതുവാണ്.
മന്ത്രം :
ॐ देवी सिद्धिदात्र्यै नमः॥
ഓം ദേവീ സിദ്ധിദാത്രൈൄ നമഃ ||
പ്രാർത്ഥന :
सिद्ध गन्धर्व यक्षाद्यैरसुरैरमरैरपि।
सेव्यमाना सदा भूयात् सिद्धिदा सिद्धिदायिनी॥
സിദ്ധഗന്ധർവ്വയക്ഷാദ്ധ്യയ്ഃ സുരൈഃ അമരൈഃ അപി |
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ ||
സ്തുതി :
या देवी सर्वभूतेषु माँ सिद्धिदात्री रूपेण संस्थिता।
नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥
യാ ദേവീ സർവ്വഭൂതേഷു മാ സിദ്ധിദാത്രീരൂപേണ സംസ്ഥിതാ |
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ ||
👆ഈ ബ്ലോഗിൽ തന്നെയുള്ള; കവിത | അഷ്‌ടൈശ്വര്യസിദ്ധിപ്രദാ പരമേശ്വരീ എന്ന കൃതിയുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.
വിജയദശമി
നവരാത്രിയുടെ ഒൻപത് ദിനങ്ങൾ കഴിഞ്ഞു വിജയദശമി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ സങ്കല്പങ്ങളോടെ ആഘോഷിക്കപ്പെടുന്നു. തെക്ക്, കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, ദുർഗാ പൂജയുടെ അവസാനമായി വിജയദശമി, മഹിഷാസുരനുമേൽ ദുർഗാദേവി വിജയിച്ചതിന്റെ ഓർമ്മയിൽ കൊണ്ടാടുന്നു. ചില വടക്കൻ, മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഈ ദിവസം ദസറ എന്ന് അറിയപ്പെടുന്നു. ഈ പ്രദേശങ്ങളിൽ, ഇത് ആ വർഷത്തെ രാമലീലാഘോഷങ്ങളുടെ അവസാനത്തെയാണ് പ്രതീകമാക്കുന്നത്; അതായത് രാവണനെതിരെ ശ്രീരാമചന്ദ്രന്റെ വിജയം ആഘോഷിക്കപ്പെടുന്നു. ദസ്സറ എന്ന പദം രണ്ട് സംസ്‌കൃത പദങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത് - 'ദശ' അതായത് പത്ത് (രാവണനെ പ്രതിനിധീകരിക്കുന്നു), 'ഹര' എന്നാൽ തോൽപ്പിക്കുക അഥവാ നിഗ്രഹിക്കുക.
രാമായണത്തിന്റെ നാടകാവതരണമായ രാമലീല സംഘടിപ്പിച്ചാണ് ഉത്തരേന്ത്യയിലെ ഭക്‌തർ ദസറ ഉത്സവം ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമഭക്തർ രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ കൂറ്റൻ പ്രതിമകൾ അഗ്നിക്കിരയാക്കുന്നു. ദസറ കഴിഞ്ഞ് ഏകദേശം ഇരുപത് ദിവസങ്ങൾക്ക് ശേഷം, രാവണനെ പരാജയപ്പെടുത്തി ശ്രീരാമചന്ദ്രൻ അയോധ്യയിലേക്കുള്ള മടങ്ങിവരവിനെ സൂചിപ്പിക്കുന്ന ദീപാവലി ഉത്സവം ആഘോഷിക്കപ്പെടുന്നു.
മഹാഭാരത യുദ്ധത്തിൽ അർജ്ജുനൻ അനവധി സൈനികരെ സംഹരിച്ചു; ഭീഷ്മർ, ദ്രോണൻ, അശ്വത്ഥാമാവ്, കർണ്ണൻ, കൃപർ എന്നിവരുൾപ്പെടെയുള്ള എല്ലാ കുരു യോദ്ധാക്കളെയും പരാജയപ്പെടുത്തുകയും ചെയ്തു, തിന്മയ്‌ക്കെതിരായ ധർമ്മവിജയത്തിന്റെ സുപ്രധാനദിവസമായി ഇത് കണക്കാക്കുന്നു.
വിദ്യാരംഭം, സരസ്വതീപൂജ, ലക്ഷ്മീപൂജ, ആയുധപൂജ, തുടങ്ങിയ ഭാവങ്ങളിലും വിജയദശമി കൊണ്ടാടപ്പെടുന്നു.
വിജയദശമിയുടെ ഈ പ്രത്യേക ദിനത്തിൽ, ദേവീ ഭക്തർ തങ്ങളുടെ ശൗര്യവും ധൈര്യവും ആഘോഷിക്കുമ്പോൾ, തിന്മയുടെ മേൽ നന്മയുടെ വിജയം അനുഭവിക്കുമ്പോൾ, ചെയ്യുന്ന എല്ലാ കർമ്മങ്ങളിലും സർവ്വർക്കും കാര്യസിദ്ധിയും സന്തോഷവും നേരുന്നു.
🪔🪔🪔🪔🪔🪔🪔🪔🪔🪔
All images are used for indicative purpose only
വളരെ വിശദമായ വിവരണം. നന്നായിട്ടുണ്ട്.
ReplyDeleteThanks 🙏
Delete