ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം
സ്വാമി ചിന്മയാനന്ദജിയുടെ ഉപദേശങ്ങളിൽ നിന്നുള്ള ഭാഗം
ആത്മീയ പാതയിൽ
എങ്ങനെ വേഗത്തിൽ മുന്നേറാം
നമ്മൾ എത്രമാത്രം വായിക്കുന്നു എന്നല്ല, മറിച്ച് നമ്മുടെ “കർമ്മവും ധർമ്മവും” നാം സ്വയം എത്രമാത്രം മനസ്സിലാക്കുന്നു, അതിനെ എത്രകണ്ട് പ്രതിഫലിപ്പിക്കുന്നു അഥവാ ധ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ വിജയം ഉറപ്പാകുന്നത്. ഒരു വിദ്യാർത്ഥി തന്റെ ഹൃദയം കൊണ്ട് ചെയ്യുന്ന സാധനയുടെ ഗുണനിലവാരം, തീവ്രത, ആത്മാർത്ഥത, ഭക്തി, ധാരണ, ഉത്സാഹം എന്നിവയാണ്, ആ വിദ്യാർത്ഥിയുടെ സ്വയം നേടിയെടുക്കുന്ന പ്രാവീണ്യത്തിന്റെ യഥാർത്ഥ ഉയരങ്ങൾ നിർണ്ണയിക്കുക.
നമ്മുടെ ഹൃദയത്തിൽ തനതായ അടിസ്ഥാന പ്രേരണകൾ, ഉദ്ദേശ്യങ്ങൾ, പദ്ധതികൾ, ക്രമങ്ങൾ എന്നിവ നിറഞ്ഞിരിക്കുന്നിടത്തോളം കാലം, അങ്ങനെ സ്വയം തളയ്ക്കപ്പെട്ട ഹൃദയത്തിന് അതിന്റെ സങ്കടങ്ങളുടെയും അസ്വസ്ഥതയുടെയും മേഖലകളിൽ നിന്ന് അകന്ന്, ആത്മീയ സ്വാതന്ത്ര്യത്തിന്റെയും ലാളിത്യമാർന്ന പ്രബുദ്ധതയുടെയും തിളക്കമുള്ളതും മേഘാവൃതമല്ലാത്തതും ആയ ആകാശത്തേക്ക് കുതിച്ചു പൊങ്ങുവാൻ സാധ്യമല്ല.
വിലങ്ങുകൾ തകർക്കുക: ഹൃദയം അഥവാ ചിന്താധാരയായ വിമാനത്തിന്റെ ഭാരം കുറക്കുക. “കീർത്തനം” (ഭക്തിഗാനസുധ), “ജപം” എന്നിവയിലൂടെ ധ്യാനമാകുന്ന യന്ത്രങ്ങൾ ഊഷ്മളമാക്കുക. വേദപഠനത്തിലൂടെ ആദ്ധ്യാത്മിക പന്ഥാവ് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ പിന്നെ പ്രവേഗം വർദ്ധിപ്പിക്കാവുന്നതാണ്. ധ്യാനത്തിലെ ആദ്യകാല തടസ്സങ്ങൾ ഒഴിവാക്കാനാവുന്നതല്ല എന്നും നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്.വിമാനത്തിന്റെ വേഗത വർദ്ധിക്കുമ്പോൾ, ചക്രങ്ങളും പ്രതലവും തമ്മിലുള്ള ഘർഷണം കുറയുകയും തെന്നിമാറുകയും ചെയ്യുന്നു. ഒപ്പം നമ്മുടെ ശരീര സങ്കൽപ്പത്തിൽ നിന്ന് ഉദാത്തമായ അനുഭവതലത്തിലേക്ക് ഉയർത്തപ്പെടുന്നു. ആദ്യം ഈ അനുഭവജ്ഞാനം ‘വികാരങ്ങളുടെ’ താഴ്ന്ന ഉയരങ്ങളിൽ ചിറകടിച്ചു പറക്കേണ്ടിവരും. അതിനുശഷം ധ്യാനസ്ഥൻ മേഘാവൃതമായ ഉയരങ്ങളിൽ ബുദ്ധിപരമായ ആശയങ്ങളിലേക്ക് പറന്നുകയറുന്നു. അധികം വൈകാതെ മേഘങ്ങളില്ലാത്ത തുലനതയുടെ ഔന്നത്യത്തിലേക്ക് കുതിച്ചുയരുന്ന നമ്മൾ, ആത്മീയതയുടെ ശ്രേഷ്ഠമായ സൗന്ദര്യവും, അത്യുജ്ജ്വലമായ നൈപുണ്യവും അനുഭവിക്കാൻ തുടങ്ങുന്നു.
ധാർമ്മികവും ആത്മീയവുമായ സന്തോഷങ്ങളും സാധാരണ ജീവിതത്തിലെ സന്തുലിതാവസ്ഥയും ലഭിക്കുവാൻ, മേല്പറഞ്ഞ നവചൈതന്യമാർന്ന രഹസ്യ മേഖലകളിൽ പര്യവേക്ഷണം ചെയ്തതിനുശേഷം അവിടെ നിന്ന് സഫലമായി മടങ്ങിയവർക്ക് മാത്രമേ സാധിക്കൂ.
ജീവിതനിലവാരത്തിന്റെ നന്മയിലാവട്ടെ നമ്മുടെ ശ്രദ്ധ! ലോകവുമായുള്ള എല്ലാ സമ്പർക്കങ്ങളിലും, എല്ലാ ആന്തരിക വികാരങ്ങളിലും ചിന്തകളിലും, നിരന്തരമായ സൗന്ദര്യവും സമാധാനവും, സ്വച്ഛതയും ശാന്തതയും, സ്നേഹവും ക്ഷമയും ഉണ്ടാകട്ടെ. അഭിനിവേശവും മോഹവും ഉണ്ടാകുമ്പോൾ വകതിരിവും നിസ്സംഗത്വവും ഉപയോഗിച്ച് അവയെ മഥിക്കുക. ആത്മാർത്ഥതയുള്ളവർക്ക് വിജയം സുനിശ്ചിതമാണ്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഒരു കവചം ധരിച്ച് നിങ്ങൾക്ക് ആശ്ലേഷിക്കാൻ ആവില്ല. നമ്മുടെ വ്യക്തിത്വം പലപ്പോഴും അഹംഭാവത്തിന്റെയും സ്വാർത്ഥമായ താല്പര്യങ്ങളുടെയും വിട്ടുകൊടുക്കാത്ത കവചത്തിനുള്ളിലാണ്. സാധാരണ വസ്ത്രം ധരിച്ച് ആലിംഗനം ചെയ്യുക, ആദ്ധ്യാത്മികഭാവത്തെ സ്വീകരിക്കുക.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
നന്ദി : എന്റെ സുഹൃത്ത് ശ്രീരാമകൃഷ്ണന്
Comments
Post a Comment