കഥ | സമാധാനപാലകന്‍

പ്രീഫെക്ട് ഓഫ് ദി സെയ്ൻ
ഒമാനിലെ മസ്കറ്റ്-മത്രാ കോർണീഷ് ഫ്രാൻസിലെ പാരീസ്-ആർക് ഡി ട്രയംഫ് ആയിട്ട് എങ്ങനെയാണ് ബന്ധപ്പെടുത്തുക എന്നത് തികച്ചും അസാധ്യം തന്നെ ആണെന്ന് പറയേണ്ടി വരും. എന്നാൽ ചിന്തകളുടെ ചീന്തുകളിൽ അതും സാധ്യമാവുന്നു.
നഗരങ്ങളും രാജ്യങ്ങളും സാമ്രാജ്യങ്ങളും ഹൃദയങ്ങളും ഇങ്ങനെ പരസ്പരപൂരിതം ആണെങ്കിൽ, അതിനേക്കാൾ നല്ലൊരു വിഷു 🕉 ഉണ്ടോ, ഈസ്റ്റർ ✝️ ഉണ്ടോ, റമദാൻ ☪️ ഉണ്ടോ...!!!
🌸🌸🌼🌼🌼🌸🌸
കഥ > സമാധാനപാലകന്‍
ഈ ഫോട്ടോ കോലാഷിൽ രണ്ടു ചിത്രങ്ങളാണ് ഉള്ളത്; ഒന്ന്_ പാരീസ് നഗരത്തിലെ പ്രസിദ്ധമായ ആർക്ക് ഡെ ട്രയംഫ് ഗോപുരം മധ്യത്തിലും ചുറ്റും വിശാലമായി കിടക്കുന്ന പാരീസ് നഗരവും. രണ്ട്_ അനവധി വിള്ളലുകൾ ഉള്ള ഒരു ഉണങ്ങിയ മരത്തിന്റെ കാതൽ…
ആദ്യം രണ്ടാമത്തെ ചിത്രം എന്താണെന്ന് പറയാം. കൊറോണാകാലത്തെ ലോക്ക്ഡൗണിനു മുൻപ് വീക്കെൻഡ് ദിവസങ്ങളിൽ രാവിലത്തെ നടത്തം ഒഴിവാക്കാറില്ല. എന്റെ എന്നത്തേയും ഏറ്റവും പ്രിയങ്കരമായ മസ്‌കറ്റിലെ “മത്രാ” കടലോരം തന്നെയാണ് മിക്കവാറും ഞാൻ തെരഞ്ഞെടുക്കുക. റിയാം പാർക്കിന്റെ ഓരത്തു കൂടെ ഒരു ചെറിയ മല കയറി ഇറങ്ങി പഴയ നഗരത്തിലെ മസ്കറ്റ് ഗേറ്റ് വഴി വീണ്ടും ഹാർബർ ലക്ഷ്യമാക്കി തിരിച്ചു നടക്കും.

ആകെക്കൂടെ അഞ്ചോ ആറോ കിലോമീറ്റർ ചുറ്റളവുള്ള ഒരു സർക്കിൾ. വഴിയരികിൽ നീളെ എന്റെ മൊബൈൽഫോണിൽ നിരവധി ചിത്രങ്ങളും പകർത്തും. ചിത്രങ്ങൾ എന്ന് വെച്ചാൽ എന്തും... ഈന്തപ്പനകൾ, മലയിടുക്കിലെ കുഞ്ഞു ചെടികൾ, പൂക്കൾ, പാറക്കഷ്ണങ്ങൾ, മസ്കറ്റ് ഗെയ്റ്റ്, പുരാതന മസ്കറ്റിന്റെ ലാൻഡ്സ്കേപ്പ്, കൽബൂ പാർക്ക്… കണ്ണിൽ പെടുന്ന എന്തും.
അങ്ങനെ കണ്ടും നോക്കിയും നടന്നു കൊണ്ടിരിക്കുമ്പോളാണ്, ഞാൻ നടക്കുന്ന വശത്തെ റോഡിന്റെ നടപ്പാതക്ക് വീതി കുറഞ്ഞു വന്നത്. ഒരു സ്ഥലത്തു എത്തിയപ്പോൾ എതിരെ വരുന്ന വാഹനങ്ങൾ കടന്ന് പോയാലേ എനിക്ക് മുന്നിലേക്ക് നടക്കാൻ പറ്റൂ എന്നെനിക്ക് തോന്നി. റോഡ് ഡിസൈൻ ചെയ്തവർ തന്നെ ഇത് മുൻകൂട്ടി കണ്ടു അവിടെ ഒരു സൈഡ് ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ട്.
വാഹനങ്ങൾ കടന്നു പോയതോടെ ഞാൻ മുന്നിലേക്ക് നടന്നു. ഡിവൈഡർ താണ്ടി വീണ്ടും മുന്നിലേക്ക്. അപ്പോളാണ് ഷൂ ലെയ്സ് ലൂസായി വന്നത്. അത് ടൈറ്റ് ആക്കാതെ നടക്കുന്നത് സുരക്ഷിതമല്ലല്ലോ. ഞാൻ ഡിവൈഡറിനടുത്തേക്ക് തിരിച്ചു നടന്നു. കാൽ അതിന്മേൽ വെച്ച് ഷൂ ലെയ്സ് ടൈറ്റ് ആക്കി: ഇപ്പോൾ സമാധാനമായി!
അപ്പോളാണ് കാൽ വെച്ച സ്ഥലത്തെ, മരത്തിന്റെ കാതൽ (“വുഡൻ ലോഗ്” എന്നും പറയാം അല്ലെ?) കണ്ണിൽ പെട്ടത്. ആദ്യം വിശേഷമായി ഒന്നും തോന്നിയില്ലെങ്കിലും അതിനെ വീണ്ടും സൂക്ഷിച്ചു നോക്കി. ഞാൻ എന്റെ മൊബൈൽ കാമറ ഓണാക്കി കാതലിനടുത്തേക്ക് കുറച്ചു കൂടെ സൂം ചെയ്ത് ക്ലിക്ക് ചെയ്തു.
സൈഡ് ഡിവൈഡറിലെ ആ മരക്കഷ്‌ണം ഒരു “ഷോക്ക് അബ്സോർബർ” ആണ്. വണ്ടികൾ നിയന്ത്രണം വിട്ടു ഡിവൈഡറിൽ വന്നിടിക്കുകയാണെങ്കിൽ ഒരു ബഫർ പോലെ ഇമ്പാക്റ്റ് കുറക്കാൻ അതിനുകഴിയും എന്നെന്റെ ചെറിയ എഞ്ചിനീയറിംഗ് ചിന്ത പറഞ്ഞു. ഞാൻ വീണ്ടും ഹാർബർ ലക്ഷ്യമാക്കി നടത്തം തുടർന്നു.
വീട്ടിലെത്തി അന്നെടുത്ത ചിത്രങ്ങളെ എല്ലാം ഒന്ന് ക്രോഡീകരിച്ചു വേണ്ടാത്തതെല്ലാം ഡിലീറ്റ് ചെയ്തു വെക്കും. അപ്പോളാണ് ഈ കാതലിന്റെ ചിത്രം വീണ്ടും ശ്രദ്ധയിൽ പെടുന്നത്. ബോധമണ്ഡലത്തിൽ ആദ്യം വന്നത് എഞ്ചിനീയറിംഗ് പഠന കാലത്തു ആർക്കിടെക്ചർ ക്‌ളാസിൽ നമ്പ്യാർ സാർ പറഞ്ഞ “റേഡിയൽ റോഡ് നെറ്റ്‌വർക്ക്” ആയിരുന്നു. അതിന് സാർ പറഞ്ഞു തന്ന ഉദാഹരണം പാരിസ് മഹാനഗരം ആയിരുന്നു.
2010 ലാണ് എനിക്ക് ആദ്യമായി പാരിസിൽ പോവാനുള്ള സാഹചര്യം വന്നത്. പാരീസ് നഗരവും ലിമൗസ് പട്ടണവും സന്ദർശിച്ചു. നമ്പ്യാർ സാർ പറഞ്ഞു തന്ന റേഡിയൽ റോഡ് നെറ്റ്‌വർക്ക് ശരിക്കും നടന്നു കണ്ടു. ഞാനും എന്റെ മധുരക്കാരൻ സുഹൃത്തും സിംഗപ്പൂരിൽ നിന്നും ഇറാനിൽ നിന്നും വന്ന രണ്ടു പേരും ഡേ നൈറ്റ് നടത്തത്തിലൂടെ പാരീസ് നഗരത്തെ വലം വെച്ചു.
ജീവിതത്തിലെ ഒരിക്കലും മറക്കാൻ സാധിക്കാത്ത നിമിഷങ്ങൾ... ഫ്രഞ്ച് വിപ്ലവത്തിന്റെ അടയാളങ്ങളും സെയ്ൻ നദിയും തീരങ്ങളിലെ പുരാതന ഫ്രാൻസിന്റെ ശേഷിപ്പുകളും ലോകാദ്‌ഭുതമായ ഈഫൽ ടവറും കഴിഞ്ഞ വർഷം കത്തിയമർന്ന നോത്രഡാം കത്തീഡ്രലും മൗലിൻ റൂഷും എല്ലാം ഒരു സ്വപ്നത്തിലെന്ന പോലെ കണ്മുന്നിൽ വന്നുനീങ്ങി.

നെപ്പോളിയൻ മൂന്നാമനും ജോർജ് യുജീൻ ഹോസ്സ്മാൻ എന്ന ഫ്രഞ്ച് സെനറ്റ് മെമ്പറും കൂടിയാണ് ആധുനിക പാരീസ് നഗരത്തെ പഴയ നിലയിൽ നിന്നും പുതുക്കി പണിയാൻ തുടങ്ങിയത്, 1849-ൽ. അന്ന് ബാരൻ ഹോസ്സ്മാൻ എന്ന് പ്രശസ്തനായ ആദ്ദേഹം “പ്രീഫെക്ട് ഓഫ് സെയ്ൻ” എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു.
വീണ്ടും നമ്മുടെ മരക്കാതലിലേക്ക് വന്നാൽ… എനിക്കാ ചിത്രം പാരീസ് നഗരത്തിന്റെ ഒരു വേറിട്ട പ്രതിബിംബമായി തോന്നി. ഞാൻ എന്റെ ഓഫിസിലെ സുഹൃത്തിനോട് ആ ചിത്രത്തിന്റെ സൂം ചെയ്ത ഭാഗം കാണിച്ചു ചോദിച്ചു...
“ഇതെന്താണെന്ന് പറയാമോ?”... അദ്ദേഹം കുറച്ചു നേരം ആലോചിച്ചു...
“ഏതെങ്കിലും സിറ്റിയുടെ സ്കൈ വ്യൂ ആണോ"... എന്റെ ആ ദിവസം സഫലമായി എന്ന് പറഞ്ഞാൽ മതിയല്ലോ...
ഇന്ന് കോവിഡ് വൈറസിന്റെ വ്യാപനത്തിൽ പാരീസും കഷ്ടപ്പെടുകയാണ്. മറ്റു രാജ്യങ്ങളെ പോലെ ഫ്രാൻസും മഹാമാരിയെ എതിർത്തു തോൽപ്പിക്കാനുള്ള ബഫറുകൾ തേടുകയാണ്. അതിനേക്കാൾ ചിന്താജനകമാണ് ഇനിയുള്ള അതിജീവനത്തിന്റെ നാളുകൾ.
മനുഷ്യരാശി കുറെ കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യാൻ പ്രകൃതിക്ക് കഴിയും എന്ന ബോധം അവനിൽ ഉണർന്നേ പറ്റൂ. മനുഷ്യന്റെ പ്രവേഗം കുറക്കേണ്ടിയിരിക്കുന്നു. ലോകത്തിനും പ്രകൃതിക്കും അതിന്റേതായ വേഗതയുണ്ട്. ആ വേഗങ്ങളിലേക്കു അവന്റെ സൂചിയും താഴേണ്ടിയിരിക്കുന്നു. മനുഷ്യനേക്കാൾ മറ്റെല്ലാ ജീവജാലങ്ങൾക്കും പ്രകൃതി അധിക പ്രാധാന്യം കൊടുക്കുന്നു എന്ന് നമുക്ക് നിസ്സംശയം വായിച്ചെടുക്കാം.
|| ലോകാഃ സമസ്താഃ സുഖിനോ ഭവന്തു ||
സസ്നേഹം
മനു
2020 April 14: Tuesday
Nice write up and very valid comment that at some point in time nature will put us in our place. Covid is just one example about how powerless we are contrary to what we think.
ReplyDeleteDear Sreeram_Thanks a lot for your comment. Yes, there is nothing more powerful than the nature and the universe...
Delete