കഥ | ഗ്യുലാഗ്
ഗ്യുലാഗ് സ്ഥലം : വള്ളുവനാട്ടിലെ ഒരു ഉൾഗ്രാമം കാലം : എൺപതുകളുടെ മദ്ധ്യം മോഹനൻ നായർ പേരുകേട്ടൊരു കർഷകശ്രീയാണ്. പണ്ടുമുതൽക്കേ നിലവും വിളവും സമ്പത്തും കൈമുതലായുള്ള പൂവമ്പലം തറവാട്ടിലെ ഇപ്പോഴത്തെ കുടുംബസ്ഥൻ ആണ് മോഹനൻ നായർ. പണ്ട് ഇരുപത്ഏക്കറോളം നെൽപ്പാടം സ്വന്തമായുണ്ടായിരുന്ന പൂവമ്പലം തറവാട്ടിലെ കൂട്ടുകുടുംബം, ച്ഛിന്നഭിന്നമായിപോയപ്പോൾ നിലവും വീതിക്കപ്പെട്ടു. ഭൂപരിഷ്കരണനിയമം മുന്നിൽ കണ്ടുകൊണ്ട് അന്നത്തെ കാരണവന്മാർ സാമാന്യബുദ്ധി ഉപയോഗപ്പെടുത്തി എന്ന് മോഹനൻ നായർ ചിലപ്പോഴൊക്കെ പറയാറുണ്ട്. അൻപതുകളുടെ ആവസാനത്തോടെ തറവാടും അതോട് ബന്ധമുള്ള എല്ലാ സ്വത്തുക്കളും ഭാഗം വെച്ചപ്പോൾ തറവാട് ഭവനം മോഹനൻ നായരുടെ അമ്മക്ക് സ്വന്തമായി. അങ്ങനെ മരുമക്കത്തായത്തിൽ ഇരുപതിലധികം ആൾക്കാർ ഒന്നിച്ചു താമസിച്ചിരുന്ന ആ വലിയ തറവാട്ടുവീട്ടിൽ അച്ഛനും അമ്മയും മോഹനൻ നായരും അനിയത്തിയും മാത്രമായി. മോഹനൻ നായരുടെ അച്ഛൻ പാരമ്പര്യമായി കർഷകൻ തന്നെ ആയിരുന്നു. പൂവമ്പലം തറവാടുമായി വിവാഹബന്ധത്തിനു ശേഷം സ്വന്തം തട്ടകമായ തലപ്പിള്ളി താലൂക്കിൽ നിന്നും അദ്ദേഹം വള്ളുവനാട്ടെത്തി, കൃഷിയിൽ തന്റെ മികവ് തുടർന്നു. ക...