കഥ | ഒടിയൻ ചാത്തൻ

ഒടിയൻ ചാത്തൻ 

വർഷം 1955 

“സാർ... എനിക്കിത്തിരി വെള്ളം കിട്ടുവോ... തൊണ്ട വരളുന്നു... ഞാൻ മരിച്ചുപോകും...” മേശമേൽ കാലുകൾ വെച്ച് ഉച്ചയുറക്കത്തിൽ ഇരുന്നിരുന്ന കോൺസ്റ്റബിളിനോട് ശിവൻ ഞരക്കത്തോടെ അപേക്ഷിച്ചു. ഗാഢമായ ഉറക്കം ആയതിനാൽ കേശവൻ സാർ കേട്ടില്ല. 

“സാർ ഞാൻ മരിച്ചു പോവും... എനിക്കിത്തിരി വെള്ളം താ...” തന്റെ ബാക്കിനിൽക്കുന്ന സർവ്വജീവനും കൂട്ടിച്ചേർത്ത് ശിവൻ വീണ്ടും ശബ്ദമുയർത്തി. 

ഇത്തവണ കേശവൻ സാർ കേട്ടു; ശിവന്റെ കേഴൽ. 

“പ്‌ഫാ... വെള്ളം ചോയ്ക്കുണൂ... ഒരുത്തനെ ചുട്ടുകൊന്നതും പോരാ... ന്ന്ട്ട് കെടന്ന് ചെലക്ക്യേ.. അതും ഒടിയനെ കൊന്നോൻ... നീയാരെടാ പരമശിവനോ ... ! കാമദേവനെ ചുട്ടപോലെ ...” കേശവൻ സാർ പകുതി ഉറക്കത്തിൽ നിന്ന് കത്തിജ്വലിച്ചു. 

“സാർ... ഞാൻ ആരെയും കൊന്നില്ല... ഞാൻ അവിടെ പോയിട്ടില്ലാ... ഞാൻ ആന്ധ്രക്കാരനെ കണ്ടിട്ടില്ല... അയാൾ എവിടെ പോയി എന്നറിയില്ല... എന്നെ വിട്ടയക്കൂ..” ശിവൻ തന്റെ പ്രാണനുവേണ്ടി നിലത്തിഴയുകയാണ്. 

“നീയാര്, വെമ്പട്ടാപ്പു സത്യനാരായണനോ അതോ ആദിഭാട്ല കൈലാസമോ? ആരായാലും നെന്റെ വിപ്ലവമൊന്നും ഇബടെ ചെലവാവില്ല. ആ സാമ്പാറിന്റെ പരിപ്പ് നീ വാങ്ങി വെച്ചോ!” കോൺസ്റ്റബിൾ കേശവൻ ശബ്ദം കനപ്പിച്ചു. “നിനക്ക് എസ് ഐ ജോസഫ് സാറിനെ ശെരിക്ക് അറിയാഞ്ഞിട്ടാ”. 

“അതൊക്കെ ആരാണെന്ന് പോലും എനിക്കറിയില്ല ഏമാനെ. ഞാനെന്തിന് ഒടിയൻ ചാത്തനെ കൊല്ലണം..?” ശിവന്റെ ശബ്ദം നേർത്തുവന്നു. കനത്ത മർദ്ദനം ഏറ്റ് ശരീരം വീർത്തിരുന്നു. നിലത്തു മൺപാകിയ സെല്ലിൽ രണ്ടു ദിവസമായി കിടക്കുകയാണ്. 

••••••

രണ്ടുവർഷം മുൻപാണ് ശിവന്റെ അച്ഛൻ മരിക്കുന്നത്. കളരിക്കൽ ഗോവിന്ദൻ നമ്പ്യാർ എന്ന കർഷകൻ. കണ്ണൂരിൽ നിന്നും പാലക്കാട്ടുവന്ന കർമ്മയോഗി. ആദ്യം കോവിൽക്കര ജന്മി തറവാട്ടിലെ ഗോമതിയെ കല്യാണം കഴിച്ചു കൂടി. അതിൽ ഒരു മകൻ... ഇന്ദ്രജൻ. പിന്നെ പാടത്ത് പണിക്ക് വന്ന കുറുമ്പയുടെ വീട്ടിൽ സംബന്ധം... അതിലെ മകനാണ് ശിവൻ. മരിക്കുന്നതിനു മുൻപ് ഒരു വർഷമായി നമ്പ്യാർ കോവിൽക്കര പോവാറില്ല. അതിൽ ഗോമതിക്കും ആങ്ങളമാർക്കും മകൻ ഇന്ദ്രജനും അമർഷം ഉണ്ടായിരുന്നു. തങ്ങൾക്ക് വരേണ്ട നിലവും വിളവും പണവും ഈഴവയായ കുറുമ്പ തട്ടിയെടുക്കുന്നു എന്നത് അവർക്ക് സഹിക്കാനായില്ല. 

നാട്ടിലെ മാടമ്പികളായ ഗോമതിയുടെ സഹോദരന്മാർ, ഇന്ദ്രജന്റെ അമ്മാവന്മാർ; നമ്പ്യാരെ പലതവണ ഭീഷണിപ്പെടു ത്തിനോക്കി. കടത്തനാടൻ കളരിയിലെ പരിശീലനം സിദ്ധിച്ചിരുന്ന നമ്പ്യാരാകട്ടെ, ഇതൊന്നും ഒട്ടും കൂസലാക്കിയില്ല. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ പാടശേഖരം നമ്പ്യാരുടെ കർമ്മകുശലതയോടെ നെല്ലു വിതച്ചു സ്വർണ്ണം കൊയ്തു. കുറുമ്പയുടെ വീടിന്റെ വിശാലമായ മുറ്റം പോരാഞ്ഞ് വൈക്കോൽ കൂനകൾ തൊടിയിലേക്കും നീങ്ങിത്തുടങ്ങി. തെക്കിനിക്ക് അടുത്തുള്ള വലിയ മൂവാണ്ടൻ മാവൊഴിച്ച് കുറെ മരങ്ങൾ മുറിച്ചു നീക്കി. കറ്റ തല്ലി നെല്ല് മാറ്റിയ വൈക്കോൽ കൂനകൾ കൊണ്ട് തെക്കേ തൊടി നിറഞ്ഞു. 

ഈ കറ്റകളും നെല്ലും വൈക്കോൽ കൂനകളും എല്ലാം കോവിൽക്കര തറവാടിന്റെ വിശാലമായ മുറ്റത്ത് അലങ്കാരമായി വരേണ്ടതായിരുന്നു. കളരിക്കൽ ഗോവിന്ദൻ നമ്പ്യാർ എന്ന ഫ്യൂഡൽ പ്രഭു തന്റെ പേശിബലവും, മനോബലവും, ആൾബലവും, കർമ്മബലവും ആ ദേശത്തെ മുഴുവൻ കാണിക്കുകയായിരുന്നു. 

ഇതിൽ കലിപൂണ്ട കോവിൽക്കര തറവാടിന്റെ തന്റേടിയും താന്തോന്നിയുമായ ഇളമുറക്കാരൻ, നമ്പ്യാരുടെ തന്നെ മൂത്തമകൻ, ഇന്ദ്രജൻ ചില പദ്ധതികൾ ആവിഷ്‌കരിക്കാൻ തീരുമാനിച്ചു. തന്റെ അമ്മാവന്മാർ എല്ലാം കഴിവുകെട്ടവന്മാർ ആയിരുന്നു എന്ന് അയാൾക്ക് മനസ്സിലായിരുന്നു. അല്ലെങ്കിൽ ഇത്രയും വിശാലമായ പാടശേഖരവും രണ്ടും മൂന്നും പന്തിയിലുള്ള വിളവുകളും, ആയിരക്കണക്കിന് പറ നെല്ലും എല്ലാം ഇത്രയും ലളിതമായി തന്റെ അച്ഛൻ ഗോവിന്ദൻ നമ്പ്യാർ തട്ടിയെടുക്കില്ലായിരുന്നല്ലോ? കുറുമ്പയെ സംബന്ധം ചെയ്ത് ആ സമ്പത്തും നിലവുമെല്ലാം സ്വന്തമായി കൈയടക്കി വെച്ചിരിക്കുന്ന നമ്പ്യാരെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ. ഇതെല്ലാം തന്റെ സ്വത്താണ്. എല്ലാം തിരിച്ചുപിടിച്ച് കോവിൽക്കര തറവാടിന്റെ അഭിമാനവും യശസ്സും വീണ്ടെടുക്കണം. അതിന് നമ്പ്യാർ നശിക്കണം. അതിനെന്താണ് മാർഗ്ഗം?

നേരെ ചൊവ്വേ നമ്പ്യാരെ നേരിടാൻ അടുത്ത ദേശത്തുപോലും ആരുമില്ല. നാട്ടിലെ യുവാക്കളെല്ലാം നമ്പ്യാരുടെ പാടത്ത് പണിയുന്നവരാണ്. അവരാരെയും തൊടാൻപോലും കോവിൽക്കര ഇന്ദ്രജന് കഴിവില്ല. പഴയ പ്രതാപം മാത്രമേ പറയാനുള്ളൂ. നമ്പ്യാരെന്ന കർമ്മയോഗി മുടിചൂടാമന്നനായി വിരാജിക്കുകയാണ്. ചതിയിലൂടെയല്ലാതെ നമ്പ്യാരെ വീഴ്ത്താൻ ആവില്ല. തൻ്റെ ഭാര്യ രാധയുടെ അച്ഛനും തൻ്റെ അമ്മയുടെ മൂന്നാമത്തെ ആങ്ങളയും ആയ ദിവാകരൻ ആശാൻ അറിയപ്പെടുന്ന മുറിവൈദ്യൻ എന്ന നിലക്ക് പേരുകേട്ടതാണ്. അടുത്തുള്ള ദേശങ്ങളിൽ നിന്നു പാമ്പുകടി ഏറ്റാൽ പോലും ആൾക്കാർ ആശാനെ കാണാനാണ് വരുന്നത്. അമ്മായിയച്ഛൻ കൂടിയായ ദിവാകരമ്മാന് എന്തെങ്കിലും കുറുക്കുവഴി അറിയുമായിരിക്കും. കൈവിഷമോ, മന്ത്രവാദമോ, ചാത്തൻ സേവയോ, അങ്ങനെ എന്തെങ്കിലും...

"ഗോയ്ന്നനെ തളക്കാനോ? അത്ര എളുപ്പല്ലാന്നറിയ്! അവൻ രാവണനാ... പത്തു തലണ്ടവന്! നമ്മള് വിചാരിക്കണത് അവന് കണ്മുമ്പില് കാണാം. അതോണ്ട്... ചെറ്യേ വിദ്യോന്നും അവനേശില്ല..." ദിവാകരൻ ആശാൻ വ്യക്തമാക്കി. "അത് മാത്രോല്ലാ .. ഗ്രഹനില നോക്ക്യാ.. അവനിപ്പോ ബൃഹസ്പതിടെ സമയാ... പിടിച്ചാ കിട്ടില്ല്യാ..."

"അപ്പോ... ഒരു മാർഗ്ഗോല്ല്യേ ദിവാകരമാമേ... ഇങ്ങനെ പോയാ... മ്മള് ചോറുണ്ണാതെ മരിക്ക്യേള്ളൂ...കാര്യം ന്റെ അച്ഛനോക്കെന്നേ... ന്നാലും ന്നേം ന്റെ അമ്മേനേം വിട്ട് ആ ഈഴവത്തിടെ കൂട്ടിലല്ലേ പൊറുതി? നശിക്കണം അങ്ങോര് ... ഞാൻ നശിപ്പിക്കും..." ഇന്ദ്രജൻ കലി തുള്ളി.    

തന്റെ മകൾ രാധയുടെ ഭർത്താവാണ് വീരവാദവും പോർവിളിയും മുഴക്കുന്നത് എന്ന് കണ്ട ദിവാകരൻ ആശാൻ ഉള്ളിൽ സന്തോഷിച്ചു. മറ്റുള്ള അമ്മാവന്മാരും അവരുടെ മക്കളും വാഴപ്പിണ്ടികൾ പോലെ നിൽക്കുമ്പോൾ തറവാട്ടിലെ ശൂരത്വവും ധൈര്യവും അഭിമാനവും നെഞ്ചിലേറ്റാൻ തന്റെ മരുമകൻ ഒരുമ്പെട്ടതിൽ ആശാന് തൃപ്തിയായി. കൂടാതെ മകൾ രാധ മൂന്നുമാസം ഗർഭിണിയുമാണ്. ഇപ്പോൾ ഇന്ദ്രജൻ തറവാടിന്റെ നേതൃത്വം ഏറ്റെടുത്താൽ അത് തനിക്കും തനറെ മകൾക്കും തന്നെയാണ് നേട്ടം എന്നും ആശാൻ മനസ്സിലാക്കി.

"ഒരു വഴീണ്ട് ... പക്ഷെ ഇത്തിരി അപകടാ... സൂക്ഷിച്ചു ചെയ്തില്യങ്കില് പെഴക്കും. നീയും ന്റെ മോളും ഞാനും തറവാടും മുടിയും. ന്നാലോ അതല്ലാതെ ന്റെ ബുദ്ധീല് വേറൊന്നും വരുണൂല്ല്യാ.." ആശാൻ ആഴമേറിയ എന്തോ ചിന്തിച്ചു മൊഴിഞ്ഞു. 

"എന്താ അമ്മാമേ ആ മാർഗ്ഗം? മ്മക്ക് സൂക്ഷ്മായിട്ട് ചെയ്യാം. നമ്പ്യാരെ ല്ല്യാണ്ടാക്കണം അത്രേന്നെ!" ഇന്ദ്രജന്റെ പക കാറ്റിലെ തീപ്പന്തം പോലെ ആളി.

"ഇന്ദ്രാ... തൻ്റെ ആവേശോക്കെ കൊള്ളാം... പക്ഷെ ന്റെ മകളെ കാക്കണം. നിലവിട്ടുള്ള കള്യാവരുത്..." ആശാന്റെ ശബ്ദത്തിൽ ചെറിയൊരു ഭീതി.

"അമ്മാമേ... നമ്പ്യാരടെ ഈഴവ പുത്രൻ ശിവൻ അവളെ പ്രേമിച്ചേർന്നല്ലൊ... അങ്ങനെയൊരു മഹാപാതകത്തീന്നു ഞാനവളെ രക്ഷിച്ചില്ല്യേ? ന്നെ അങ്ങട് വിശ്വസിക്ക്യാ.." ഇന്ദ്രജൻ എന്ത് പരീക്ഷണത്തിനും തയ്യാറായി.

"ഓനെ ഒടിക്കണം... ഒടിവിദ്യ മാത്രേ നമ്പ്യാർക്ക് ഒക്കൂ... ഭൈരവൻ ചാത്തനെ നീ കാണണം.. കാളിക്കുന്നത്തക്ക് ഞാനും വരാം. അവര് പകൽ കുന്നെറങ്ങില്ല്യാ.. മ്മക്ക് നാളെ അതിരാവിലെ അങ്ങട് പൂവാം. വരണ അമാവാസിക്ക് ഗോയ്ന്നനെ ഒടിക്കണം.." ആശാന്റെ മുഖം ചുവന്നു തുടുത്തു. പൈശാചികമായ സ്ഫുലിംഗം അയാളുടെ കണ്ണുകളിൽ മായാതെ കുറേനേരം നിന്നുവിളങ്ങി. 

പിറ്റേദിവസം, അതിരാവിലെ കാളിക്കുന്നത്തു വെച്ച് ഒടിയൻ ചാത്തനെ ഇന്ദ്രജനും ദിവാകരൻ ആശാനും കൂടി കണ്ടുമുട്ടി. ചാത്തന്മാരുടെ പ്രതിഷ്ഠകൾ നിരത്തിവെച്ചിരുന്ന അരയാലിൻ ചുവട്ടിലാണ് സംഭാഷണം നടന്നത്. ആശാൻ ഇല്ലായിരുന്നെങ്കിൽ കാളിക്കുന്നത്ത് വന്നു ഭൈരവൻ ചാത്തനെ കണ്ട് ഒടിവിദ്യ പദ്ധതിയിടാനുള്ള ധൈര്യം തനിക്ക് ഉണ്ടാകുമായിരുന്നില്ല എന്ന പരിപൂർണ്ണ ബോധ്യം ഇന്ദ്രജന് കൈവന്നു.

“തമ്പ്രാക്കന്മാരെ... കാര്യൊക്കെ ശര്യന്നെ ... നമ്പ്യാരെ അടുത്ത അമാവാസിക്ക് ഒടിക്കാം.  ന്നാൽ ഒടിച്ചപോലെ ഓനെ കെടത്തൂല്യ! ഓനെ മ്മക്ക് തൂക്കാം, അപ്പോ പോലീസ് ഏമാന്മാർക്ക് ഏനക്കേടാവില്ല. പക്ഷേങ്കില് ഒരു കൊഴപ്പണ്ട്... നമ്പ്യാര് ചാവണേന്റെ മുൻപേ ഒരു ദുർമ്മരണം കൂടെ ണ്ടാവും. അത് നിർബന്ധന്ന് വെച്ചോ.” ചാത്തന്റെ കനപ്പിച്ച ശബ്ദം. 

“അയ്യോ, ചാത്താ അത് വേണോ? അണക്കത് ഒഴിവാക്കിക്കൂടെ?” ആശാന്റെ വിറയാർന്ന ശബ്ദം. 

“തമ്പ്രാ... ന്തെങ്കിലും പോവാതെ എന്തെങ്കിലും വരോ? എന്തായാലും ഇങ്ങള് രണ്ടാളും അല്ല. അത്ര പോരെ”? ചാത്തന്റെ സ്വരം താണു. 

ആശാനും ഇന്ദ്രജനും ചാത്തന്റെ ആ പദ്ധതി അംഗീകരിച്ചു. “തമ്പ്രാനെ... ഇനി ന്റെ കൂലി... വേറൊന്നും വേണ്ട. ആയിരം പറ നെല്ലിന് അമ്പത് പറ ചാത്തന്. അല്ലെങ്കി അത്രയും നെലം... തയ്യാറാണോ?”

“ശരി... സമ്മതം. ന്നാൽ പോലീസെങ്ങാനും ഞങ്ങളെ പിടിച്ചാ, അങ്ങനെ ഒരു സംശയം വന്നാ, നെന്റെ പേര് ഞങ്ങള് പറയും”. ഇന്ദ്രജന്റെ ബുദ്ധിയിൽ പിറന്ന പുതിയ തന്ത്രം. ആശാനും അതിൽ മതിപ്പ് തോന്നി. ചാത്തൻ അതിന് മറുപടിയായി ഒരു പരിഹാസച്ചിരി തിരിച്ചുനൽകി. വരുന്ന അമാവാസിക്ക് നമ്പ്യാരുടെ ഒടിഞ്ഞ ദേഹം കണികാണണം എന്ന ആജ്ഞയോടെ തമ്പ്രാക്കൾ കാളിക്കുന്നിറങ്ങി. 

അന്ന് കൃഷ്ണപക്ഷത്തെ അഷ്ടമി ആയിരുന്നു.. അർധരാത്രി മരുമകനും മകളും കിടന്നിരുന്ന തെക്കിനിയുടെ ഭാഗത്തുനിന്നും എന്തോ ഞരങ്ങുന്ന ശബ്ദം ആശാൻ കേട്ടെങ്കിലും ഭാര്യ എണീക്കാൻ സമ്മതിച്ചില്ല. “ഒട്യേന്മാര് എറങ്ങീട്ട്ണ്ട് ന്നല്ലേ കേക്കണത്? ഇങ്ങളിപ്പോ അങ്ങട് പോണ്ടാ..” 

അതിരാവിലെ ഭാര്യയുടെ അലമുറ കേട്ടാണ് ദിവാകരൻ ആശാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. തെക്കിനിയിൽ മകൾ രക്തം വാർന്ന് മരിച്ചുകിടക്കുന്നു. അപ്പുറത്ത് ഇന്ദ്രജൻ തലയിൽ കയ്യും വെച്ച് കരയുന്നു. മകൾ രാധ കിടന്നിരുന്ന പുൽപ്പായ മുഴുവൻ രക്തം തളം കെട്ടി നിന്നിരുന്നു. ഈ രംഗം കണ്ട ആശാൻ അവിടെ തളർന്നു വീണു. ജീവച്ഛവമായി അയാൾ ഇന്നും കോവിൽക്കര തറവാടിന്റെ വടക്കിനിയിൽ മരണം കാത്തു കിടക്കുന്നു. 

•••••••••

എസ് ഐ ജോസഫിന്റെ വാഹനത്തിന്റെ ശബ്ദം കേട്ട് ഹെഡ് കേശവൻ നായർ യൂണിഫോം ശരിയാക്കി. തൊപ്പി നേരെ വച്ചു. സല്യൂട്ട് ചെയ്യാൻ പാകത്തിൽ നിന്നു. 

“നായരേ... ഈ ചെക്കൻ ഇനീം എണീറ്റില്ല? ചത്തില്ലല്ലോ ല്ലേ... ഇനി അതിന്റെ പിന്നില് തൂങ്ങാൻ വയ്യ. ന്നാലും ഒടിയനെ ഒടിക്കാൻ ആർക്കാ സാധിക്ക്യ? അതും ഒടിയൻ ആവണ്ടേ? ശിവൻ കൊല്ലാൻ വഴിയില്ല. അപ്പോൾ നമ്മൾ ആലോചിച്ച പോലെ തന്നെ ആവും. അവന് വെള്ളം കൊടുക്ക്. ഉപ്പുമാവും. എനിക്ക് ചിലത് ചോദിക്കാൻ ണ്ട്.” എസ്  ഐ കാര്യം വ്യക്തമാക്കി. 

എസ് ഐ അല്പസമയത്തിനു ശേഷം സെല്ലിൽ കയറി ശിവനെ തട്ടിയുണർത്തി. “ഡാ ശിവാ ... എണീക്ക്. ഇനി തല്ലില്ല... കഴിഞ്ഞു... നെനക്ക് വീട്ടില് പൂവാം. പക്ഷെ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം. സത്യം പറഞ്ഞുകൊള്ളണം. അല്ലെങ്കിൽ നിന്റെ നട്ടെല്ല് ഞാൻ ഒടിക്കും.” 

വെള്ളവും ഉപ്പുമാവും കഴിച്ച ശിവൻ അത്യാവശ്യം ഊർജ്ജം നേടിയിരുന്നു. അവൻ നിലത്തുനിന്നും എണീറ്റ് ചുമരിൽ ചാരിയിരുന്നു. “ചോദിക്കൂ സാർ... ഞാൻ ഇതുവരെയും സത്യം മാത്രേ പറഞ്ഞിട്ടുള്ളു. ഇനിയും അങ്ങനെ തന്നെ. ഇനി കൊലയാളി എന്റെ അമ്മയാണെങ്കിലും എനിക്ക് അറിയുമെങ്കിൽ ഞാൻ സത്യമേ പറയൂ.” 

“ഡാ ശിവാ... നെനക്ക് രാധയെ ഇഷ്ടായിരുന്നോ? അവളെയല്ലേ ഇന്ദ്രജൻ വിവാഹം ചെയ്തത്? അതിൽ നെനക്ക് അയാളോട് ശത്രുതയില്ലേ? അതോണ്ടല്ലേ, അയാളുടെ പടനേതാവ്  ഒടിയൻ ചാത്തനെ നീ കൊന്നത്”? എസ് ഐ ശബ്ദം കനപ്പിച്ചു. 

“ഏമാനെ... രാധയെ എനിക്ക് ജീവനാർന്നു, അവൾക്കെന്നെയും... രാധേടെ അച്ഛൻ ദിവാകരൻ ആശാനാണ് ബലമായി അവളെ ഇന്ദ്രജന് കല്ല്യാണം കഴിപ്പിച്ചേ”.. ശിവന്റെ ദയനീയസ്വരം. 

“അവൾടെ മരണത്തില് നെനക്ക് സംശയം ണ്ടാർന്നോ? ഒരു കൊലപാതകം ആണോന്നോ മറ്റോ?” എസ് ഐ യുടെ തീക്ഷ്ണനോട്ടം ശിവനിൽ.. 

“ഇല്ല ഏമാനെ ... അവൾ മൂന്നു മാസം ഗർഭിണി ആയിരുന്നു. രാത്രി എന്തോ കണ്ട് പേടിച്ച് അലസിയതാ ... ചോരവാർന്ന് മരിച്ചതാ” ദുഃഖത്താൽ ശിവന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി. 

“ഇനി നെന്റെ അച്ഛൻ ഗോവിന്ദൻ നമ്പ്യാരുടെ മരണം എങ്ങനാർന്നു? നെനക്ക് അറിയുന്നത് മുഴോൻ പറയ്” എസ് ഐ ഒരു ബീഡിക്ക് തീ കൊളുത്തി. 

“ഏമാനെ, അച്ഛൻ തൂങ്ങി മരിച്ചതാ. രണ്ടു വർഷം മുൻപ്, ഒരമാവാസിക്ക്. അതിന് മുൻപ് രണ്ടൂസം അച്ഛൻ ആരോടും മിണ്ടാതായി. പാടം മുഴുവൻ തൊഴിലാളികൾക്ക് കൊടുക്കേണ്ടി വരും എന്നൊരു ചിന്ത അച്ഛനെ അലട്ടിയിരുന്നു. ഞാനാണ് അച്ഛനെ തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന്റെ കൊമ്പില് തൂങ്ങിനിക്കണ ആദ്യം കണ്ടത്. കഴുത്ത് ഒടിഞ്ഞു തൂങ്യെർന്നു. രണ്ടു തൊടേലും മാന്ത്യേ പാടുണ്ടാർന്നു”.. ശിവൻ കിതച്ചു. 

"ഡാ ശിവാ.. അനക്ക് ആന്ധ്രാ തീസിസ് എന്താന്നറിയോ...ശ്രീകാകുലം എന്ന് കേട്ടിട്ടുണ്ടോ"? എസ് ഐ ജോസഫ് ശബ്ദം താഴ്ത്തി ചോദിച്ചു. "നീ പത്രം വായിക്കാറുണ്ടോ?"

"ഏമാനെ.. ഞാൻ വെളക്കത്ര നായരുടെ ചായപ്പീടിയേൽ പോയാലേ പത്രം തന്നെ കാണൂ... വിരളായിട്ടേ വായിച്ചിട്ടുള്ളൂ. ഇതെനിക്കറീല്ല്യ സത്യം.." ശിവൻ നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു. 

"ശരി.. നെനക്ക് രഘൂനെ ഓർമ്മയില്ലേ? മിനിഞ്ഞാന്ന് കോവിൽക്കര തറവാട്ടുമുറ്റത്ത് വൈക്കോൽകൂനകൾക്കിടയിൽ ഞെരുങ്ങി വെന്തു ചത്ത ഒടിയൻ ചാത്തന്റെ മകൻ... ഭൈരവൻ രഘു...? അവനെവിടെ എന്നറിയാമോ?" എസ് ഐ ജോസഫിന്റെ ചോദ്യം പെട്ടെന്നായിരുന്നു.

"അയ്യോ ഏമാനെ... അവനെ ഞാൻ അച്ഛന്റെ ഒപ്പം പാടത്ത് കണ്ടിട്ടുണ്ട്. പക്ഷേങ്കില് അവൻ രാത്ര്യേ വരൂ... കാളിക്കുന്നിലെ ആൾക്കാര് പകല് കുന്നെറങ്ങില്ല്യാ.. എറങ്ങാൻ പാടില്ല്യ ന്നാണ് കല്പന. അവന് അച്ഛൻ നമ്പ്യാരായിട്ട് നല്ല ബന്ധാർന്നു. അച്ഛൻ മരിച്ചെന്റെ ശേഷം അവനെ പാടത്ത് കണ്ടിട്ടില്ല്യാ. അല്ല.. പിന്നെ പാടൊക്കെ ഇന്ദ്രജൻ കയ്യടക്കീലോ..." ശിവൻ തൻ്റെ ഓർമ്മകൾ ചികഞ്ഞെടുത്തു. 

എസ് ഐ ജോസഫ് ഒരു ബീഡി കൂടി കത്തിച്ചു വലിച്ചു. ഗാഢമായ ചിന്തയിൽ കുറച്ചു നിമിഷങ്ങൾ കണ്ണടച്ച് നിന്നു. "കേശവൻ നായരെ..ഇവനെ അവൻ്റെ വീട്ടില് കോണ്ടാക്ക്. ഡാ.. ശിവാ... രഘു എങ്ങാനും നിന്നെ കാണാൻ വന്നാൽ ഞങ്ങളെ അറീക്കണം."

അന്ന് രാത്രി ശിവൻ അമ്മ കുറുമ്പയുടെ ചോറും മത്തിപ്പുളിയും ചേർത്ത് വയറു നിറയെ ഭക്ഷിച്ചു. സ്വൽപ്പം ദേഹവേദന ഉണ്ടായിരുന്നെങ്കിലും അവന് സമാധാനത്തോടെ കോലായിൽ കിടന്നുറങ്ങാൻ സാധിച്ചു. അർധരാത്രി ആയതോടെ എന്തോ ശബ്ദം കേട്ട് ശിവൻ ഉണർന്നു. തിണ്ണയിൽ ചാരി തൊടിയിലേക്ക് നോക്കി. അർധചന്ദ്രന്റെ വെളിച്ചത്തിൽ അവൻ ഒരാൾ അവിടെ നിൽക്കുന്നത് കൃത്യമായി കണ്ടു. കയ്യിൽ ഒരു ചൂട്ടുമുണ്ട്. "ആരാത്?" ശിവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

കറുത്ത വസ്ത്രത്തിലുള്ള ആ രൂപം തിണ്ണക്ക് സമീപം വന്നു. കയ്യിലുള്ള ചൂട്ടിനെ ഒന്ന് വീശി. തീനാളം തെളിഞ്ഞു: “നേനു ചെപ്പടി നീകു അർദ്ധം ആവുടുണ്ടാ?" ആ കറുത്ത രൂപം എന്തോ പറഞ്ഞു.

"എന്താ? നിങ്ങളാരാന്നു പറ.. ഈ അസമയത്ത് എന്തിനു വന്നു?" ശിവന് അക്ഷമയായി.

"ശിവാ... നമ്മൾ കണ്ടിട്ട് രണ്ടു വർഷായി. നിന്റെ അച്ഛൻ തൂങ്ങി ചത്തിട്ട് രണ്ടു വർഷായി." ആ രൂപം ചൂട്ടിനെ മുഖത്തിനോടടുപ്പിച്ചു. "ഞാൻ രഘു, ഭൈരവൻ രഘു.. ഒടിയൻ ചാത്തൻ്റേ മകൻ."

"ഹാവൂ... ഞാൻ ഇത്തിരി പേടിച്ചുട്ടോ... കള്ളന്മാരൊന്നും ഇബടെ വരാൻ വഴീല്ല്യാ.. നെല്ലുപോയിട്ട് പതിര് പോലും ഇല്ല്യാലോ .. പിന്നെ ആരാണാവോ ന്നായിരുന്നു സംശയം.. ആട്ടെ... നീയെവിടാർന്നു? എന്തിനാ നാട് വിട്ടേ? ഇവിടത്തെ പുകിലൊക്കെ അറിയാല്ലോ? അച്ഛൻ പോയേപ്പിന്നെ എല്ലാം ഇന്ദ്രജൻ കൈക്കലാക്കി. രാധയും മരിച്ചുപോയി. എനിക്കും അമ്മയ്ക്കും ആരും ഇല്ല്യാണ്ടായി." ശിവന്റെ ശബ്ദത്തിൽ തേങ്ങൽ. 

"ശിവാ.. നിനക്കറിയോ ...നെന്റെ അച്ഛനെ അവര് കൊന്നതാണെന്ന്? ഒടിച്ച് കൊന്നതാ..." രഘുവിന്റെ ചൂട്ടിലെ അവസാന ഓലയും കത്തിക്കഴിഞ്ഞു. നേർത്തപാടപോലെ നിലാവ് ഭൂമിയെ വലയം ചെയ്തിരുന്നു. ശിവൻ രഘുവിന്റെ സംസാരം കേട്ടിരുന്നു. കർണ്ണപുടം പൊട്ടുമാറ് ആ ശബ്ദം നിലാവത്ത് അലയടിച്ചുകൊണ്ടിരുന്നു.

"എൻ്റെ അച്ഛൻ ഭൈരവൻ ചാത്തന്റെ ഒപ്പം രണ്ടുവർഷം മുൻപ് പദ്ധതിയിട്ടത്, ഇപ്പോൾ കോവിൽക്കര തറവാട്ടിൽ പുഴുത്തരിച്ചു കിടക്കണ ദിവാകരൻ ആശാനും ഇപ്പഴത്തെ ഫ്യൂഡൽ പ്രഭു ഇന്ദ്രജനും കൂടെയാണ്. അന്ന് അച്ഛൻ പറഞ്ഞിരുന്നു, നമ്പ്യാര് ഒടി കൊണ്ട് മരിക്കണെന്റെ മുൻപേ അവരുടെ കുടുംബത്തില് ഒരാളും കൂടെ ചാവുമെന്ന്. കാരണം, ഒടി നടത്താൻ ഭൈരവന് ഒടി നെയ്യ് വേണം. അതിന് ഏതെങ്കിലും ഗർഭിണിയെ കൊന്ന് അതിന്റെ പിണ്ഡം എടുക്കണം. രാധക്ക് മൂന്നുമാസം വയറ്റിലാണെന്ന് ഇന്ദ്രജൻ തന്നെയാണ് ഭൈരവനോട് പറഞ്ഞത്. അന്ന് രാത്രി രാധയെ ഒടിയന്മാർ മുറ്റത്തേക്ക് ഇറക്കി അവളുടെ ഗർഭപാത്രത്തിൽ നിന്നും കയ്യോടെത്തന്നെ പിണ്ഡത്തെ മാന്തിയെടുത്തു. 

രക്തത്തിൽ കുളിച്ച രാധയെ ഇന്ദ്രജൻ തന്നെയാണ് പുല്പായയിൽ കിടത്തിയത്. ചോരവാർന്ന് അനങ്ങാൻ കഴിയാതെ കിടന്ന രാധയുടെ വായിൽ വൈക്കോൽ തിരുകിക്കേറ്റി. പാവം അത് ചത്തു....." രഘുവിന്റെ ശ്വാസം ദ്രുതഗതിയിലായി. ശിവൻ തലചുറ്റി വീഴാതിരിക്കാൻ തിണ്ണയിൽ ചാരിനിന്നു. 

"അങ്ങനെ പിണ്ഡം കൊണ്ടുവന്ന്, ആലയിലെ തീകുണ്ഡത്തിന് മുകളിൽ അതിനെ കെട്ടിത്തൂക്കി. മാംസമായി മാറുന്ന കോശങ്ങളും മഷിത്തണ്ടുപോലുള്ള എല്ലിന്റെ സ്രവങ്ങളും ചേർന്ന നെയ്യ് ഊറിവന്ന് നിലത്തു വെച്ച ഉരുളിയിൽ ധാരയായി വന്നുവീണു. അങ്ങനെയാണ് അവർ ഒടി വിദ്യക്ക് തയ്യാറായത്. ഇത് ഞാൻ നിന്റെ അച്ഛൻ നമ്പ്യാരോട് പറഞ്ഞിരുന്നു. അദ്ദേഹം അതിനെ കാര്യമായി എടുത്തില്ലെങ്കിലും എന്തോ മനസ്സിൽ കത്തിപ്പുകയുന്നു എന്നും എനിക്ക് മനസ്സിലായി. അതെന്താണ് എന്ന് മനസ്സിലാവുന്നതിനു മുൻപ് തന്നെ ഭൈരവൻ ചാത്തൻ എന്ന എൻ്റെ അച്ഛൻ സാക്ഷാൽ ഒടിയൻ, നമ്പ്യാരെ ഒടിച്ചു. ആ അമാവാസിദിവസം രാത്രി പാടത്തെ വരമ്പ് വെച്ച്, വീട്ടിലേക്ക് വരുമ്പോളാണ് ഇടവഴിയിൽ വെച്ച് അവരത് ചെയ്‌തത്‌." രഘുവിന്റെ സംസാരം കിതപ്പിനാൽ നിന്നുപോയി.

"മൂരിയുടെ രൂപത്തിൽ വന്ന ഭൈരവൻ ആദ്യം നമ്പ്യാരെ ഇടിച്ചു വീഴ്ത്തി. പിന്നെ ഒടികോല് കൊണ്ട് കഴുത്തിൽ കുരുക്കിട്ട്  ഒരു തിരിക്കല്. നമ്പ്യാരുടെ രണ്ടു ധമനികളും ഒടിഞ്ഞു കഴുത്തു തൂങ്ങി വഴിയിൽ വീണു. പിന്നെ ഭൈരവനും കൂട്ടാളികളും കൂടി കഴുത്തില് കയറിട്ട് നിങ്ങടെ വീടിൻ്റെ തെക്കേ തൊടീല് മൂവാണ്ടൻ മാവിന്റെ കൊമ്പില് കേറ്റി തൂക്കി. ആത്മഹത്യയാണെന്ന് കാണിക്കാൻ തൊടേല് നഖം കൊണ്ട് കോറി." രഘു ഒരു നിശ്വാസമുതിർത്തു.

"നമ്പ്യാരുടെ മരണം എനിക്കൊരു ആഘാതമായിരുന്നു. ഒരാഴ്ചയിൽ ഞാൻ നാടുവിട്ടു. എൻ്റെ അച്ഛൻ ഭൈരവനോടുള്ള ഒടുങ്ങാത്ത പകയുമായി. എന്നെങ്കിലും തിരിച്ചുവരണമെന്നും ഈ രണ്ട്‌ അരുംകൊലക്കും പകരം ചോദിക്കണം എന്നും മനസ്സിൽ നീറിക്കൊണ്ടിരുന്നു. സഞ്ചാരത്തിനൊടുവിൽ ചെന്നുപെട്ടത് ശ്രീകാകുലം എന്ന സ്ഥലത്ത്. ആന്ധ്രനാടിന്റെയും തെലുങ്കാനയുടെയും വിമോചനസമരം നടക്കുന്ന ഇടം. നമ്മുടെ നാട്ടിൽ ഇപ്പോഴും ഈ അടിമത്തം തുടരുന്നെങ്കിൽ, അവിടെ കൃഷിക്കാർക്ക് അവരുടെ ഭൂമി സ്വന്തമാണ്. ഫ്യൂഡൽ പ്രഭുക്കൾ ഒന്നാകെ തലയില്ലാത്ത കബന്ധങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ആന്ധ്രാ തീസിസ് അതാണ്." രഘുവിലെ വിപ്ലവരക്തം തിളക്കാൻ തുടങ്ങിയിരുന്നു. 

"ഒടിയന്റെ അവസാന പ്രയോഗമാണ് അഗ്നിവിദ്യ. ഭൈരവനെ ഞങ്ങൾ നാല് വൈക്കോൽ കുണ്ടകൊണ്ട് ജീവനോടെ വേവിച്ചു. പൊലീസിന് എന്തൊക്കെയോ സംശയമുണ്ട്. ശിവനോട് എന്തെങ്കിലും എസ് ഐ പറഞ്ഞിരുന്നോ?" രഘു ധൃതി കൂട്ടി. 

"എസ് ഐ ജോസഫ് ഇതൊക്കെ പറഞ്ഞിരുന്നു.. ആന്ധ്രാ തീസിസ്, ശ്രീകാകുലം, ആദിനാരായണൻ, കൈലാസം എന്നൊക്കെ പറഞ്ഞിരുന്നു. രഘു എന്നെ കാണാൻ വന്നാൽ അവരെ അറിയിക്കണം എന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്ക് ഇപ്പോൾ അല്പം പേടിയുണ്ട്." ശിവന്റെ ശബ്ദത്തിൽ വിറയൽ. 

"ശിവാ.. അവരെന്റെ പിന്നാലെ ഉണ്ടെന്നെനിക്കറിയാം. എന്നാലും ഈ സത്യങ്ങളൊക്കെ നിന്നോട് പറയണം എന്നേ എനിക്കുണ്ടായിരുന്നുള്ളൂ. നാളെ നേരം പുലരുമ്പോൾ കഴുത്തൊടിഞ്ഞു തൂങ്ങിയ ഇന്ദ്രജന്റെ കബന്ധം ആയിരിക്കും കോവിൽക്കര തറവാടിന്റെ പുളിമരത്തിൽ കാണുക..." രഘുവിന്റെ ശബ്‌ദം മേഘഗർജ്ജനം പോലെ ശിവന് തോന്നി.

"നിന്നെ പോലീസ് ഇനിയും പിടിച്ചാൽ നീയെന്നെ കണ്ടൂന്ന് പറയോ?" ആ ചോദ്യം കേട്ട ശിവൻ, സൂക്ഷിച്ചു നോക്കിയപ്പോൾ, രക്തം തളം കെട്ടിയ രഘുവിന്റെ കണ്ണുകൾ ആ നിലാവത്ത് തെളിഞ്ഞു കണ്ടു. 

ക്ഷണികവേളയിൽ രഘു അപ്രത്യക്ഷനായി! ചുറ്റും നോക്കിയ ശിവൻ തൻ്റെ മുന്നിൽ അസാമാന്യ വലിപ്പമുള്ള കറുത്ത ഒരു പൂച്ചയെ കണ്ടു. അതിന്റെയും കണ്ണുകൾ ചുവന്നുതുടുത്തിരുന്നു. ഒരു നിമിഷം കൊണ്ട് ആ പൂച്ചയും അവിടെനിന്ന് അപ്രത്യക്ഷമായി. അപ്പോഴത്തെ ആഘാതത്തിൽ ശിവന്റെ കൈ തട്ടി തിണ്ണമേലുള്ള കിണ്ടി മുറ്റത്തു വീണു. ആ ശബ്ദം കേട്ട കുറുമ്പ അകത്തുനിന്നും വിളിച്ചു പറഞ്ഞു: "ശിവാ... നീ കോലായീല് കെടക്കണ്ടാ..ആകെത്തേക്ക് വാ.. മൂപ്പരെ എന്തായാലും  ഒടിയൻമാര് കൊണ്ടോയി.. ഇനി നീയേള്ളൂ ഇക്ക്..."

ശിവൻ തൻ്റെ പുൽപ്പായ തെക്കിനിയുടെ നിലത്ത് വിരിച്ച് ഉറങ്ങാൻ കിടന്നു. രഘുവുമായുണ്ടായ കണ്ടുമുട്ടലിന്റെ കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ ശിവൻ വീണ്ടും ഓർത്തെടുത്തു. 

അവന് ഒന്നു മാത്രം മനസ്സിലായില്ല... ആന്ധ്രാ തീസിസ്... 

••••••••••••




Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ