ഭക്തി | ഗുരുവായൂർ ഏകാദശി ~ ഗീതാ ജയന്തി
ഗുരുവായൂർ ഏകാദശി ~ സങ്കല്പം, വിശ്വാസം, ആചാരം
ഹിന്ദുമത വിശ്വാസപ്രകാരം ഏകാദശിയെ വളരെ ശുഭദിനമായി കണക്കാക്കപ്പെടുന്നു. ഒരു വർഷത്തിലെ 24 ഏകാദശികളിൽ, മലയാള മാസമായ വൃശ്ചികത്തിൽ (നവംബർ / ഡിസംബർ) വരുന്ന ശുക്ല പക്ഷ ഏകാദശിയെ, ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നു.
ഈ ദിവസത്തെ, ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം ആയും ആചരിക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്രം എന്നാണ് ഈ ധന്യസ്ഥലം അറിയപ്പെടുന്നതെങ്കിലും, ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്ന പാതാള അഞ്ജനം ശിലയിൽ നിർമ്മിച്ച വിഗ്രഹം മഹാവിഷ്ണുവിന്റേതാണ്.
ഗുരുവായൂരിലെ പ്രഭു എന്നർത്ഥം വരുന്ന ഗുരുവായുരപ്പൻ എന്ന വാക്ക്; ദേവന്മാരുടെ ഗുരു ആയ ബൃഹസ്പതിയുടെയും, കാറ്റിന്റെ ദൈവം ആയ വായു ഭഗവാന്റെയും, 'അച്ഛൻ' അല്ലെങ്കിൽ 'കർത്താവ്' എന്ന് മലയാളത്തിൽ അർത്ഥം വരുന്ന അപ്പൻ എന്ന വാക്കിന്റെയും കൂടിച്ചേരലിൽ ഉണ്ടായതാണ്. ഗുരുവും വായുവും ചേർന്ന് ശ്രീകൃഷ്ണന്റെ ദേവതയെ പ്രതിഷ്ഠിച്ചതിനാൽ ഗുരുവായൂരപ്പൻ എന്ന പേര് ഇവിടത്തെ ദേവന് നൽകപ്പെട്ടു.
ഗുരുവായുരപ്പന്റെ വിഗ്രഹം ശ്രീകൃഷ്ണന്റെ മാതാപിതാക്കളായ ശ്രീ വസുദേവരും മാതാ ദേവകിയും ആരാധിക്കുകയും വിഷ്ണുവിന്റെ പൂർണ്ണരൂപത്തെ പ്രതിനിധീകരിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ ഇതേ വിഗ്രഹത്തെ ആരാധിച്ചിരുന്നു എന്നും സങ്കല്പമുണ്ട്. ദൈവീകമായ ശംഖ് പാഞ്ചജന്യം, ആയുധമായ മഹാ സുദർശന ചക്രം, കൗമോദകി എന്ന് പേരായ ഗദ, പുഷ്പങ്ങളിൽ അതീവശ്രേഷ്ഠമായ പത്മം എന്നിവ ഓരോ കൈയിലായി ഏന്തി നിൽക്കുന്ന ചതുർബാഹു രൂപത്തിലാണ് ഈ വിഗ്രഹം.
പഠനം നിർവ്വഹിച്ചു മടങ്ങിയെത്തിയ ശ്രീകൃഷ്ണൻ, ഭഗവാന്റെ മാതാപിതാക്കൾ ആരാധിച്ചിരുന്ന ആ മഹാവിഷ്ണു വിഗ്രഹത്തെ, അദ്ദേഹത്തിന്റെ പുതിയ വാസസ്ഥലമായ ദ്വാരകയിലേക്ക് കൊണ്ടുപോയി. വിഷ്ണുവിന്റെ അവതാരമായിരുന്നിട്ടും അദ്ദേഹം അവിടെ വിഗ്രഹത്തിനായി ഒരു ക്ഷേത്രം പണിതു.
ഒടുവിൽ, ദ്വാപരയുഗം അവസാനിക്കാറായപ്പോൾ ഭഗവാന് അദ്ദേഹത്തിന്റെ യഥാർത്ഥ വാസസ്ഥലമായ വൈകുണ്ഠത്തിലേക്ക് മടങ്ങേണ്ട സമയമായി. ദ്വാരകയെ ഒന്നാകെ പ്രളയം വിഴുങ്ങി. അവിടെനിന്നും പ്രകൃത്യാ രക്ഷപ്പെടുന്ന ഒരേയൊരു വസ്തു ഭഗവാന്റെ മാതാപിതാക്കൾ തങ്ങളുടെ മൂന്ന് ജന്മങ്ങളിൽ ആരാധിച്ചിരുന്ന മഹാവിഷ്ണുവിന്റെ ആ ദിവ്യ വിഗ്രഹമായിരിക്കും എന്ന് അദ്ദേഹം അരുളിച്ചെയ്കയുണ്ടായി.
മഹാനായ ഉദ്ധവൻ, മഹാ ഗുരു ബൃഹസ്പതി, വായുഭഗവാൻ, ഭാർഗ്ഗവരാമൻ, മഹർഷി നാരദൻ, വിശ്വകർമ്മാവ്, ദേവേന്ദ്രൻ എന്നിവരൊക്കെ ശ്രീ ഗുരുവായൂരപ്പൻ പ്രതിഷ്ഠാകർമ്മത്തിന്റെ കഥകളിലും വിശ്വാസങ്ങളിലും സാക്ഷീഭാവങ്ങളിൽ വിലസുന്നുണ്ട്. അങ്ങനെയുള്ള സങ്കല്പങ്ങളിൽ മമ്മിയൂർ ക്ഷേത്രത്തെയും പ്രതിപാദിക്കാതെ ഗുരുവായൂർ മാഹാത്മ്യം പൂർത്തിയാവുന്നില്ല.
മഹാവിഷ്ണുവിന്റെ പരിപാവനമായ ആ വിഗ്രഹം ഗുരുവായൂരിൽ പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ അവിടെ നിത്യസാക്ഷിയായി വാഴാൻ സാക്ഷാൽ മഹാദേവനും പരമേശ്വരി പാർവ്വതിയും ആഗ്രഹിച്ചു. അതിന്റെ ഫലമായാണ് ലോകാത്മകമായ മാതാപിതാക്കൾ, മഹാദേവനും പർവ്വതിദേവിയും സ്വയംഭൂ ലിംഗത്തിന്റെ സങ്കൽപ്പത്തിൽ മക്കളായ കാർത്തികേയൻ, ഗണേശൻ, ശാസ്താവ് എന്നിവരോടൊപ്പം മമ്മിയൂർ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്. മമ്മിയൂർ ദർശനം കൂടാതെ ഗുരുവായൂർ ദർശനം പൂർത്തിയാകുന്നുമില്ല എന്നാണ് വിശ്വാസം.
മഹാവിഷ്ണുവിന്റെ ലൗകിക വാസസ്ഥലമായ ഭൂലോക വൈകുണ്ഠം എന്നും ഗുരുവായുർ പരിഗണിക്കപ്പെടുന്നു. ഗുരുവായൂർ ഏകാദശിയെ, ഭൂലോക വൈകുണ്ഠ ഏകാദശി എന്നും ആചരിക്കുന്നുണ്ട്. ഏകാദശി ദിനത്തിൽ ഭക്തിയും സമർപ്പണവും തികഞ്ഞ വ്രതം (നോമ്പ്) ആചരിക്കുന്ന വിശ്വാസികൾ, മോക്ഷം നേടുകയും മഹാവിഷ്ണുവിൽ ലയിച്ചുചേരുകയും ചെയ്യുന്നു എന്നാണ് സങ്കല്പം.
ഈ ദിവസം ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവാന്റെ വിശ്വരൂപം വെളിപ്പെടുത്തുകയും ഭഗവത്ഗീത പകർന്നുനൽകുകയും ചെയ്തു എന്നും വിശ്വസിക്കപ്പെടുന്നു. അതിനാൽ ഗുരുവായൂർ ഏകാദശി, ഗീതാ ദിനം എന്ന നിലയ്ക്കും ആഘോഷിക്കപ്പെടുന്നു.
ഈ ദിവസമാണ് ശ്രീകൃഷ്ണൻ ഗോവർദ്ധന യജ്ഞം നടത്തുകയും ഗോകുലം നിവാസികളെ ഇന്ദ്രന്റെ കോപത്തിൽ നിന്ന് രക്ഷപ്പെടുത്താനായി ഗോവർദ്ധന പർവ്വതം ഉയർത്തുകയും ചെയ്തത്. ഏകാദശി ദിനത്തിൽ, ഇന്ദ്രൻ കാമധേനുവിനൊപ്പം വന്ന് തന്റെ സമ്പത്ത് ഭഗവാന് സമർപ്പിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
ആദി ശങ്കരാചാര്യർ അദ്ദേഹത്തിന്റെ മഹായാത്രയ്ക്കിടെ ഏകാദശി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വന്ന് ക്ഷേത്രത്തിന്റെ വിശാലമായ പൂജകൾ ക്രോഡീകരിക്കുകയും അവിടമാകെ അതിദൈവീകമായ അനുഷ്ഠാന കർമ്മങ്ങളിലൂടെ ഒരു പുതുചൈതന്യം സൃഷ്ടിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.
31 ഏകാദശി വിളക്കോടെയാണ് ഏകാദശി ആചാരാഘോഷങ്ങൾ ആരംഭിക്കുന്നത്. രാത്രിയിൽ പഞ്ചവാദ്യം, മേളം, നാഗസ്വരം, എന്നീ വാദ്യഘോഷങ്ങളോടൊപ്പം നെറ്റിപ്പട്ടവും മറ്റു ചമയങ്ങളും അണിഞ്ഞ ആനകളുമായി കാഴ്ച ശീവേലി നടക്കും. വിളക്ക് പ്രദക്ഷിണ സമയത്ത്, ദേവന്റെ തിടമ്പ്, അലങ്കരിച്ച ആനയുടെ മുകളിൽ ഇടക്കയുടെ നാദലയത്തിൽ ഘോഷയാത്രയായി അമ്പലം ചുറ്റുന്നു.
അസംഖ്യം ഭക്തജനങ്ങൾ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ ദേവന് പതിനായിരങ്ങളുടെ ദീപാലങ്കാരം ഒരുക്കുന്നു. 31 വിളക്കുകളിൽ അഷ്ടമി, നവമി, ദശമി, ഏകാദശി വിളക്കുകൾക്കാണ് കൂടുതൽ ശ്രേഷ്ഠത കൽപ്പിക്കുന്നത്. ഏകാദശി വിളക്കും അന്നത്തെ ഉദായാസ്തമനപൂജയും വളരേ പ്രാധാന്യത്തോടെ ആചരിക്കപ്പെടുന്നു.
ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഏകാദശീവ്രതം ആചരിക്കുകയും തുളസീതീർത്ഥം പാനം ചെയ്ത് നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുന്നു. ദ്വാദശി ദിനത്തിലെ ദ്വാദശി പണം സമർപ്പണത്തോടെ വ്രതം സമാപിക്കുന്നു.
ആയിരക്കണക്കിന് സംഗീതജ്ഞർ പങ്കെടുക്കുന്ന ഗുരുവായൂർ ഏകാദശമിയുമായി ബന്ധപ്പെട്ട് മഹാ സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ചെമ്പൈ സംഗീതോൽസവം നടത്തപ്പെടുന്നു. ഭാരതമഹാരാജ്യത്തെ ഏറ്റവും വലിയ സംഗീതജ്ഞരുടെ സഭയാണ് ഈ സംഗീതോത്സവം. ദശമി ദിനത്തിലാണ് അതിവിശിഷ്ടമായ പഞ്ചരത്ന കീർത്തനാലാപനം നടക്കുന്നത്.
ഏകാദശി ദിനത്തിൽ തന്നെ ഭഗവാനിൽ വിലയം പ്രാപിച്ച ഗജരാജൻ കേശവനെയും ഏകാദശി ഉത്സവ വേളയിൽ അനുസ്മരിക്കുന്നു. ദശമി ദിനത്തിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ആനകൾ വളരെ അനുസരണയുള്ള ഭീമൻ ആനയായ ഗുരുവായൂർ കേശവന്റെ പ്രതിമയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. ഇതോടെ ഒരു വർഷത്തെ ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾ അവസാനിക്കുന്നു.
ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ അച്യുതാഷ്ടകം ഈ പരിപാവനമായ ഏകാദശീദിനത്തിൽ ആലപിക്കുന്നത് അതിവിശിഷ്ടമാണ് എന്നും കരുതുന്നവരുണ്ട്: അതിപ്രകാരമാണ് -
അച്യുതാഷ്ടകം ~~
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ ... /1/
അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീനന്ദനം നന്ദനം സന്ദധേ ... /2/
വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുക്മിണീരാഗിണേ ജാനകീജാനയേ
വല്ലവീവല്ലഭായാർച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ ... /3/
കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ!
ശ്രീപതേ വാസുദേവാജിത ശ്രീനിധേ!
അച്യുതാനന്ദ ഹേ മാധവാധോക്ഷജ!
ദ്വാരകാനായക ദ്രൗപദീരക്ഷക! ... /4/
രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ/
-ഗസ്ത്യസംപൂജിതോ രാഘവഃ പാതു മാം ... /5/
ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സർവദാ ... /6/
വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ ... /7/
കുഞ്ചിതൈഃ കുന്തളൈർഭ്രാജമാനാനനം
രത്നമൗലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്യാമളം തം ഭജേ ... /8/
Wonderful manu thanks for the information you shared
ReplyDeleteThanks a lot !
Delete