കഥ | ഗ്യുലാഗ്
ഗ്യുലാഗ്
സ്ഥലം : വള്ളുവനാട്ടിലെ ഒരു ഉൾഗ്രാമം
കാലം : എൺപതുകളുടെ മദ്ധ്യം
മോഹനൻ നായർ പേരുകേട്ടൊരു കർഷകശ്രീയാണ്. പണ്ടുമുതൽക്കേ നിലവും വിളവും സമ്പത്തും കൈമുതലായുള്ള പൂവമ്പലം തറവാട്ടിലെ ഇപ്പോഴത്തെ കുടുംബസ്ഥൻ ആണ് മോഹനൻ നായർ. പണ്ട് ഇരുപത്ഏക്കറോളം നെൽപ്പാടം സ്വന്തമായുണ്ടായിരുന്ന പൂവമ്പലം തറവാട്ടിലെ കൂട്ടുകുടുംബം, ച്ഛിന്നഭിന്നമായിപോയപ്പോൾ നിലവും വീതിക്കപ്പെട്ടു. ഭൂപരിഷ്കരണനിയമം മുന്നിൽ കണ്ടുകൊണ്ട് അന്നത്തെ കാരണവന്മാർ സാമാന്യബുദ്ധി ഉപയോഗപ്പെടുത്തി എന്ന് മോഹനൻ നായർ ചിലപ്പോഴൊക്കെ പറയാറുണ്ട്. അൻപതുകളുടെ ആവസാനത്തോടെ തറവാടും അതോട് ബന്ധമുള്ള എല്ലാ സ്വത്തുക്കളും ഭാഗം വെച്ചപ്പോൾ തറവാട് ഭവനം മോഹനൻ നായരുടെ അമ്മക്ക് സ്വന്തമായി. അങ്ങനെ മരുമക്കത്തായത്തിൽ ഇരുപതിലധികം ആൾക്കാർ ഒന്നിച്ചു താമസിച്ചിരുന്ന ആ വലിയ തറവാട്ടുവീട്ടിൽ അച്ഛനും അമ്മയും മോഹനൻ നായരും അനിയത്തിയും മാത്രമായി.
മോഹനൻ നായരുടെ അച്ഛൻ പാരമ്പര്യമായി കർഷകൻ തന്നെ ആയിരുന്നു. പൂവമ്പലം തറവാടുമായി വിവാഹബന്ധത്തിനു ശേഷം സ്വന്തം തട്ടകമായ തലപ്പിള്ളി താലൂക്കിൽ നിന്നും അദ്ദേഹം വള്ളുവനാട്ടെത്തി, കൃഷിയിൽ തന്റെ മികവ് തുടർന്നു. കൂട്ടുകുടുംബവ്യവസ്ഥയിൽ നല്ലൊരു കാര്യസ്ഥഭാവം പുലർത്തിയതിനാൽ തറവാട്ടിൽ അദ്ദേഹത്തിന് അനിഷേധ്യമായൊരു നായകസ്ഥാനം കൈവന്നു. വർഷത്തിലൊരിക്കൽ പെനാങ്ങിൽ നിന്നും അവധിക്കു വരുന്ന വല്ല്യമ്മാനും ബർമ്മേന്ന് വരുന്ന ചെറിയമ്മാനും അദ്ദേഹത്തിൽ പൂർണ്ണതൃപ്തരായിരുന്നു. അതും പോരാഞ്ഞു, സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആവേശം ഉൾക്കൊണ്ട് കേരളത്തിൽ പ്രത്യേകിച്ച് വള്ളുവനാട്ടിൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പ്രേരകശക്തിയായി വർത്തിക്കാനും മോഹനൻ നായരുടെ അച്ഛൻ സമയവും സന്ദർഭങ്ങളും കണ്ടെത്തി.
കൂടാതെ, മകൻ മോഹനൻ നായർക്കും മകൾ നിർമ്മലക്കും വിദ്യാഭ്യാസം മുടങ്ങരുത് എന്ന നിർബന്ധം അച്ഛനുണ്ടായിരുന്നു. മോഹനൻ നായർ കുഞ്ഞുനാൾ മുതൽക്കേ അച്ഛന്റെ ചേഷ്ടകൾ അനുകരിക്കാൻ തുടങ്ങിയിരുന്നു. അച്ഛൻ കന്നുപൂട്ടുമ്പോൾ തലയിൽ വയ്ക്കുന്ന പട്ടക്കുടത്തൊപ്പി, സൊസൈറ്റീൽ പോകുമ്പോൾ അണിയുന്ന പെനാങ്ങിലെ റിസ്റ്റ് വാച്ച്, നെല്ല് പറകൊണ്ട് അളന്ന് തിട്ടപ്പെടുത്തുമ്പോൾ കണക്കെഴുതി ചെവിയുടെ മുകളിൽ പിന്നിലെ മുടിയിലേക്ക് നീക്കിവെക്കുന്ന പെൻസിൽ... അങ്ങനെ പല കാര്യങ്ങളും അച്ഛനെ നോക്കിയാണ് മോഹനൻ നായർ പഠിച്ചത്. സ്‌കൂളിലെ പഠനത്തോടൊപ്പം അച്ഛനെ അവധി ദിവസങ്ങളിൽ ആവും വിധം സഹായിക്കാൻ കുമാരനായ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ മോഹനൻ നായർ ഒരു മുഴുവൻ സമയ കർഷകൻ ആയിത്തീർന്നു.
അങ്ങനെ എല്ലാ വിധത്തിലും അച്ഛന്റെ മകൻ എന്ന് പലരും പറഞ്ഞു തുടങ്ങി. അച്ഛന്റെ സോഷ്യലിസ്റ്റ് ആശയങ്ങളും മോഹനൻ നായരിൽ ഗാഢമായ സ്വാധീനം ചെലുത്തിയിരുന്നു. ബി എ ഇക്കണോമിക്സ് നല്ല നിലയിൽ തന്നെ അദ്ദേഹം പാസ്സായി. കോളേജിലെ ലൈബ്രറിയുടെയും ഗ്രാമീണ ഗ്രന്ഥശാലയുടെയും സ്ഥിരം ബുക്കെടുത്തു വായിക്കുന്നവരിൽ കേമനായിരുന്നു അദ്ദേഹം. കൂടാതെ അച്ഛനിൽ നിന്നും കേട്ടറിഞ്ഞ വിപ്ലവ കഥകളും സാംസ്കാരിക നവോത്ഥാന മുന്നേറ്റചരിത്രവും അദ്ദേഹത്തിൽ അനവധി അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. കാറൽ മാർക്സ് എന്ന ജർമ്മൻ തത്വചിന്തകനും വ്ലാദിമിർ ലെനിൻ എന്ന വിപ്ലവ നേതാവും അദ്ദേഹത്തിൽ എന്തെന്നില്ലാത്ത ആദരവും ആരാധനയും വളർത്തി. പിന്നീട് ജോസഫ് സ്റ്റാലിൻ എന്ന സ്വേച്ഛാധിപതിയും സോവിയറ്റ് യൂണിയൻ എന്ന സങ്കൽപ്പവും യൂറോപ്പ്, ചൈന, ഇന്ത്യ, ക്യൂബ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പടർന്നു പന്തലിച്ച സോഷ്യലിസ്റ്റ് ഭരണകൂടങ്ങളും മോഹനൻ നായരെ ഒരു ആധുനിക മനുഷ്യൻ എന്ന ചിന്താഗതിയിലേക്ക് നയിച്ചു.
അച്ഛൻ കർമ്മരംഗമായ കൃഷി വിട്ട് വേറൊരു ചിന്തക്കും തയ്യാറാവാഞ്ഞതുപോലെതന്നെ, മോഹനൻ നായരും തന്റെ പ്രവർത്തനരംഗം മാറ്റിയില്ല. അറുപതുകളുടെ ആരംഭത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് നല്ലനിലയിലുള്ള തുടർപഠനമോ സർക്കാരിൽ മികച്ച ഉദ്യോഗമോ അമ്മാവന്മാരെപോലെ പെനാങ്ങിലോ, ബർമ്മയിലോ, ലണ്ടനിലോ ഉള്ള ജീവിതമോ ഒക്കെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ, വടക്ക് അങ്ങാടിപ്പുറവും, തെക്ക് ദേശമംഗലവും, കിഴക്ക് കിള്ളിക്കുറുശ്ശിമംഗലവും, പടിഞ്ഞാറ് പട്ടാമ്പിയും ആയിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരത്തിന്റെ അതിരുകൾ. ഒന്നും ആരും തീരുമാനിച്ചതല്ല, അങ്ങനെ വന്നു ഭവിച്ചതാണ്.
തന്റെ അവസാനപ്രാണൻ എടുക്കുന്നതിനു മുൻപേ രണ്ടു മക്കളുടെയും വിവാഹം നടത്തണം എന്നുള്ളത് അച്ഛന്റെ ഒരാഗ്രഹം ആയിരുന്നു. 1965 ൽ ആദ്യം അനിയത്തി നിർമ്മലയുടെ വിവാഹം കെങ്കേമമായി നടന്നു. അമ്മയുടെ അമ്മാവന്റെ മകനായിരുന്നു വരൻ, പി ഡബ്ല്യൂ ഡി എഞ്ചിനീയർ വിനോദൻ. അതേ വർഷം മോഹനൻ നായരുടെയും വിവാഹവും നടന്നു, അച്ഛന്റെ അകന്ന ഒരു ബന്ധത്തിലെ ഭവാനി. നിർമ്മല കല്യാണശേഷം ഭർത്താവിനോടൊപ്പം കൊച്ചിയിൽ താമസം തുടങ്ങി. അങ്ങനെ പൂവമ്പലം തറവാട്ടിൽ തലപ്പിള്ളി താലൂക്കിൽ നിന്നും ഒരാൾകൂടി ചേർന്നു, ഭവാനിയമ്മ: മോഹനൻ നായരുടെ സഹധർമ്മിണി.
പുതിയ വീടും വീട്ടുകാരും പുതുജീവിതവും എല്ലാം നോക്കിയും കണ്ടും അനുഭവിച്ചും ഉൾക്കൊണ്ടിരുന്ന ഭവാനിയമ്മയോട് മോഹനൻ നായരുടെ അമ്മക്ക് പ്രത്യേക ഇഷ്ടം വളർന്നുവന്നിരുന്നു. അതുമനസ്സിലാക്കിയ അവർ അമ്മയെ അത്യാദരപൂർവ്വം പരിചരിച്ചു. ഒരു കൈ സഹായി എന്ന നിലക്ക് നിൽക്കാനാണ് ഭവാനിയമ്മ ഇഷ്ടപ്പെട്ടത്. ഒരു ദിവസം ഭർത്താവും മകനും പാടത്തു പോയ സമയം അമ്മ മരുമകളോട് സ്വല്പം തുറന്നു സംസാരിക്കാം എന്ന് തീരുമാനിച്ചു:
“ഭവാന്യേ... ന്റെ മകനായോണ്ട് പറയാന്നു നിരീക്കണ്ടാട്ടോ... അവനാളൊരു ശുദ്ധനാ... എന്തുവെച്ചാലും ഒന്നും മിണ്ടാണ്ടെ മോന്തിപ്പൊക്കോളും... വിശേഷായിട്ട് ഒരു നിർബന്ധോല്ല്യാ”...
“ന്നാലും അമ്മേ... എന്തെങ്കിലും ഇഷ്ടം ണ്ടാവൂലോ? ന്നോടും അങ്ങനെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല്യാ...”
“അവൻ അവന്റെ അച്ഛന്റെ അതേ സ്വരൂപാ... ച്ചിരി സോഷ്യലിസം മനസ്സിലിണ്ട്... ന്നാലോ രാഷ്ട്രീയം ഇഷ്ടല്ല. അതോണ്ടെന്താ... നേരത്തിനും കാലത്തിനും രണ്ടാളും കുടുംബത്തിണ്ടാവും. ക്കിത്തിരി ഭക്തി ഒക്കെ ണ്ടെങ്കിലും അവര് രണ്ടാളും അമ്പലത്തിലും കൂടെ പൂവില്ല്യാ! ന്നാലോ ന്നെ ഒന്നിനും തടയൂല്ല്യാ...” ഭവാനിയമ്മ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു.
“വായനേന്നുള്ള പ്രാന്താണ് ന്ന് തോന്നുണൂ... റഷ്യ ന്ന് കേട്ടാ കുട്ടി അങ്ങട് ഇളകും. പിന്നെ ബോൾഷെവിക്ക്, ഏന്ഗൽസ്, മാർക്‌സ്, സ്റ്റാലിൻ, എ കെ ജീ, ഇ എം എസ്... ഒക്കെ വരും. അടുത്ത കാലത്ത് പുതിയോര് പേരുംകൂടെ കേക്കാറുണ്ട്... ന്താ... ക്രൂശാച്ചനോ... അങ്ങനെന്തോ...!” അമ്മയുടെ സംസാരം കേട്ട് ഭവാനിയമ്മക്ക് ഉള്ളിൽ ചിരി പൊട്ടി.
“അമ്മേ... നികിറ്റാ ക്രൂഷ്ചേവ് ആവും..” മരുമകളുടെ വിജ്ഞാനബോധം അമ്മക്ക് ആശ്വാസം നൽകി. അന്ന് രാത്രി മോഹനൻ നായരോട് സോഷ്യലിസം സംസാരിക്കാം എന്ന് ഭവാനിയമ്മ പദ്ധതിയിട്ടു.
“സോഷ്യലിസത്തെ പറ്റി എന്താണ് അഭിപ്രായം? റഷ്യൻ വിപ്ലവം എത്രകാലം വിജയിക്കും?” എല്ലാ ധൈര്യവും സംഭരിച്ച് ഭവാനിയമ്മ മോഹനൻ നായരോട് ഒന്നാംനിലയിലെ കിടപ്പുമുറിയിലെ കൂരാകൂരിരുട്ടിൽ ചോദിച്ചു. അങ്ങനെയൊരു സംശയം അദ്ദേഹം പ്രതീക്ഷിച്ചില്ലെങ്കിലും ഭാര്യയുടെ ചിന്താധാരയെ പ്രകീർത്തിച്ചു. സോഷ്യലിസം ലോകം മറന്നാലും, റഷ്യൻ വിപ്ലവം അതിജീവിച്ചില്ലെങ്കിലും തങ്ങൾക്ക് മൂന്നു മക്കൾ വേണമെന്നും, അവർക്കൊക്കെ റഷ്യൻ പേരുകൾ ഇടണമെന്നും മോഹനൻ നായർ മോഹിച്ചു.
അടുത്ത വർഷം അവർക്ക് ഇരട്ട കുട്ടികൾ പിറന്നു, ആൺമക്കൾ: അവർക്ക് പേരിട്ടത് മോഹനൻ നായരുടെ നിർബന്ധത്തിൽ ആണ്; ലെനിൻ മോഹൻ, സ്റ്റാലിൻ മോഹൻ. രണ്ടു വർഷം കഴിഞ്ഞു അവർക്കൊരു മകളും പിറന്നു, അവൾക്കും മോഹനൻ നായർ പേരിട്ടു... നികിത മോഹൻ.
നിർമ്മലക്കും വിനോദനും മൂന്നു വർഷം കാത്തിരുന്നാണ് മകൾ ജനിച്ചത്, നികിതക്ക് പ്രാസം ഒപ്പിച്ച് കുട്ടിക്ക് വിനീത എന്ന് പേരിട്ടു. നികിതയും വിനീതയും തമ്മിൽ രണ്ടുമാസത്തെ വ്യത്യാസമേ ഉള്ളൂ. ലെനിനും, സ്റ്റാലിനും ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ പഠിച്ചപ്പോൾ, നികിതയെ ടൗണിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർത്തു. വിനീതയെ കൊച്ചിയിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചേർത്തു. അതിനിടക്ക് മോഹനൻ നായരുടെ മാതാപിതാക്കൾ അന്തരിച്ചു.
ഭവാനിയമ്മ ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കിനടത്തുന്നതിൽ വ്യാപൃതയായി. എന്തു തിരക്കുണ്ടായാലും രാവിലെയുള്ള ലളിതാസഹസ്രനാമസ്തോത്ര പാരായണവും വൈന്നേരമുള്ള യോഗയും ധ്യാനവും മുടക്കിയില്ല.
മോഹനൻ നായർ തന്റെ കർമ്മമണ്ഡലം കൂടുതൽ ഊർജ്ജസ്വലമാക്കി. പെനാങ്ങിലെ വല്ല്യേ അമ്മാവന്റെ മക്കളുടെയും ബർമ്മയിലെ ചെറ്യേ അമ്മാവന്റെ മക്കളുടെയും നിലത്തുകൂടെ അദ്ദേഹം വിത്തിറക്കി വിളകൊയ്തു. മൂന്നുമക്കളുടെ വിദ്യാഭ്യാസവും മകളുടെ വിവാഹവും ഭാരിച്ച ചെലവുള്ളതാണ് എന്നദ്ദേഹം ആരംഭം മുതലേ ഗണിച്ചുവച്ചിട്ടുണ്ട്.
ലെനിനും സ്റ്റാലിനും ടൗണിലെ കോളേജിൽ ഡിഗ്രീക്ക് ചേർന്നു. നികിത പത്താം ക്‌ളാസ്സ് നല്ല മാർക്കോടെ പാസ്സായി. അവളെ പ്രീ ഡിഗ്രീക്ക് കൊച്ചിയിൽ അയക്കാൻ നിർമ്മല ഏട്ടനോട് ആവശ്യപ്പെട്ടു. വിനോദൻ സർക്കാരിൽ നിന്നും ലീവെടുത്തു ഗൾഫിൽ പോകാനുള്ള പദ്ധതിയിൽ ആണ്.
“ഏട്ടാ... ഇനിയൊന്നും കാശില്ല്യാണ്ടെ ജീവിക്കാൻ പറ്റില്യാ... അതോണ്ട് വിനോദേട്ടൻ അഞ്ചോ പത്തോ വർഷം ഗൾഫില് പൂവാം ന്ന് തീരുമാനിച്ചു. നികിത ഇവടെ ഇണ്ടങ്കില് ഞങ്ങക്കും ഒരാളായീലോ... പിന്നെ കൊച്ചീലെ കോളേജിന്റെ സ്റ്റാൻഡേർഡ് അവടെ കിട്ടുവോ?” നിർമ്മലയുടെ അളന്നുമുറിച്ച വാക്കുകൾ.
അനിയത്തി പറയുന്നതിലും കാര്യം ഉണ്ട് എന്ന് മോഹനൻ നായർക്ക് മനസ്സിലായി. ഭവാനിയമ്മയും മനസ്സില്ലാമനസ്സോടെ അത് അംഗീകരിച്ചു. പതിനഞ്ചു വർഷമായി കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുന്ന മകൾ, വീട് വിട്ടുപോവുകയാണ് എന്ന ചിന്ത രണ്ടുപേരെയും അലട്ടി. നിർമ്മലയുടെ വീട്ടിലാണ് പോകുന്നത് എന്നതും വിനീതയുടെ സാമീപ്യം എപ്പോഴും ഉണ്ടാകും എന്നതും രണ്ടാൾക്കും ആശ്വാസവും ആയി.
പ്രീ ഡിഗ്രീ രണ്ടാം വർഷമാണ്; ഇനിയെന്ത് എന്ന സംശയം നിർമ്മല എടുത്തിടുന്നത്. ആ കാലത്താണ് എഞ്ചിനീറിംഗിനും മെഡിസിനും എൻട്രൻസ് എക്സാം തുടങ്ങിയത്. അബുദാബിയിൽ നിന്നും അളിയൻ വിനോദൻ ഒരു നിർദ്ദേശം വച്ചു.
“മോഹനാ... ഇപ്പോൾ കുറെ ആൾക്കാർ കുട്ടികളെ മെഡിസിന് റഷ്യയിൽ മോസ്കോവിലേക്ക് വിടുന്നുണ്ട്. എണ്ണകമ്പനിയിലുള്ള എന്റെ ഒരു സുഹൃത്തിന്റെ മകൻ ഇപ്പോൾ മോസ്‌കോ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി യിൽ ആണ്. അയാൾ മൂന്നു മാസം കൂടുമ്പോൾ അവിടെ പോവും. പേടിക്കാൻ ഒന്നുമില്ല എന്നാണ് അയാൾ പറഞ്ഞത്.”
മോഹനൻ നായർക്ക് അന്ന് രാത്രി ഉറക്കം വന്നില്ല. രണ്ടു കാരണങ്ങൾ ആയിരുന്നു: ഒരു വിദേശരാജ്യത്ത് മകളെ അയച്ചു പഠിപ്പിക്കാനുള്ള സാമ്പത്തികസ്ഥിതി തനിക്കുണ്ടോ എന്ന് അദ്ദേഹത്തിന് സംശയമുണ്ട്. പിന്നെ തന്റെ പൊതുവായ ഒരു കാഴ്ചപ്പാടിൽ, റഷ്യ എന്നും ഒരു പ്രശ്‌നബാധിത പ്രദേശമാണ്. വിപ്ലവം, സോഷ്യലിസം ഒക്കെ ശരി തന്നെ... കേരളത്തേക്കാൾ സുഖപ്രദമായ വേറെ ഏത് സ്ഥലമുണ്ട്... അതും വള്ളുവനാടല്ലാതെ?
“എന്താ... ഇത്ര ആലോചന”? ഭവാനിയമ്മ തെക്കിനിയിലെ പൂജാ മുറിയിൽ നിന്നും വരുന്ന കെടാനാളത്തിന്റെ അരണ്ട വെളിച്ചത്തിൽ മോഹനൻ നായരുടെ മുഖം നോക്കി കിടക്കുകയായിരുന്നു. “മോളെ അയക്കാനാണോ ഇത്ര സംശയം? പണം വേണങ്കി, ന്റെ പണ്ടം പണയം വെച്ചോളൂ... പിന്നെ വേണങ്കി, ന്റെ ആ പറമ്പ് വിക്കാലോ? നിങ്ങടെ സ്വപ്‌നസ്ഥലല്ലേ... റഷ്യാ... അവടേന്നേ അവള് പഠിക്കട്ടെ... അതും ഒരു നിമിത്താവും!” ഭാര്യയുടെ സാമാന്യബുദ്ധിയിലുള്ള അതിവേഗചിന്താധാര മോഹനൻ നായരെ അത്ഭുതപ്പെടുത്തി.
അങ്ങനെ എല്ലാ ഔപചാരികതകളും തീർന്ന് 1985 മാർച്ചിൽ നികിതയും വിനീതയും മോസ്കോവിലേക്ക് പറന്നു. പോകുന്നതിനു മുൻപ് മോഹനൻ നായർ നികിതയെ കൂട്ടി പുഞ്ചപ്പാടത്തേക്ക് നടന്നു. ഒരു പക്ഷെ ജീവിതത്തിൽ ഇനിയൊരിക്കലും ഇങ്ങനെയൊരു സന്ദർഭത്തിൽ, ഇത്തരമൊരു ഭാവനിലയിൽ മകളോട് സംസാരിക്കാൻ പറ്റുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്തയുടെ ചീന്തുകൾ. സഹായി രാമൻ, തോട്ടിലെ വെള്ളം തേകി വരമ്പിലുണ്ടാക്കിയ ചാലിലൂടെ പുഞ്ചപ്പാടം നനക്കുന്നുണ്ടായിരുന്നു. “കുട്ടി റഷ്യേ പൂവ്വാ? രാമനെക്കെ മറക്കും...! ഇനി കാണുആവോ?”
രാമനെ നോക്കി ഒന്ന് ചിരിച്ച് നികിത അച്ഛന്റെ കൈവിരൽ പിടിച്ചു വരമ്പത്തെ വെള്ളച്ചാലിലൂടെ നടന്നു. അനിർവചനീയമായ ഒരു സുഖം അവൾ ഓരോ അടി വെക്കുമ്പോഴും അനുഭവിക്കുകയായിരുന്നു. ശ്രീ കുറുമ്പ കാവിലെ കാളവേലക്ക് ദേശക്കാള കെട്ടുന്ന ആലിൻചോട്ടിലെ വിശ്രമശിലയിൽ അവർ ഇരുന്നു. കടുത്ത വേനൽ വരുന്നതിന്റെ സൂചനയായി അടിക്കുന്ന വരണ്ട കാറ്റ് ആലിന്റെ പതിനായിരക്കണക്കിന് വരുന്ന ഇലകളെ തഴുകി പോകുന്നുണ്ടായിരുന്നു. അസ്തമനസൂര്യന്റെ രശ്മികൾ ആ അരയാലിലകളിൽ അസംഖ്യം പത്മരാഗങ്ങൾ പതിപ്പിച്ചു.
ഒരു മണിക്കൂറോളം മോഹനൻ നായർ നികിതയോട് സംസാരിച്ചു. മോസ്കോവിൽ ഇപ്പോൾ പൂജ്യം ഡിഗ്രി ആയിരിക്കുമെന്നും, ഇപ്പോൾ വസന്തം തുടങ്ങും എന്നൊക്കെ അവളെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചു. തന്റെ മനസ്സിലുള്ള റഷ്യയും വിപ്ലവവും സോഷ്യലിസവും സോവിയറ്റ് യൂണിയനും നികിത ക്രൂഷ്‌ചേവും അഫ്ഗാനിസ്ഥാൻ പരാജയവും എല്ലാം അദ്ദേഹം അവളോട് പറഞ്ഞു. നികിതക്ക് തീർത്തും അതിശയമാണ് തോന്നിയത്. വെറുമൊരു കർഷകൻ എന്ന നിലക്കാണ് ആ കുട്ടി അദ്ദേഹത്തെ ഇതുവരെ കണ്ടുകൊണ്ടിരുന്നത്. ഒപ്പം പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഗ്ലാമർ സാഹചര്യം കണ്ടുവളർന്ന നികിതക്ക് എവിടെയോ ഒരു നഷ്ടബോധം ആ കുഞ്ഞു മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ആ ഒരൊറ്റ മണിക്കൂർ നേരത്തെ സംസാരം കേട്ട് തന്റെ അച്ഛനോട്, മുൻപ് തോന്നിയ ആ പ്രതിഷേധാത്മക ഭാവത്തിൽ ദുഃഖം തോന്നി.
“മോളെ... അച്ഛന് റഷ്യ എന്നും ഒരു ഭ്രാന്തായിരുന്നു. അവിടെ നീ ചെന്നെത്തും എന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. നീയൊരു കാര്യം ചെയ്യണം... അവിടത്തെ വിശേഷങ്ങൾ നീയെനിക്ക് കത്തെഴുതി അറിയിക്കണം... ഞാനും നിനക്കെഴുതാം... ഇവിടുത്തെ കാര്യങ്ങൾ വെച്ച്! പഠിത്തം കഴിഞ്ഞിട്ടുള്ള സമയം കഴിഞ്ഞു മതി. സോഷ്യലിസവും റഷ്യൻ വിപ്ലവവും തലയിൽ ഓളം വെട്ടുമ്പോളും എന്റെ ഹൃദയത്തിൽ കനലായി കിടക്കുന്ന ഒരു കാര്യമുണ്ട്... ഗുലാഗ്... അതിനെപ്പറ്റി നീയൊന്നു പഠിക്ക്... അവിടെ നിനക്ക് ഇനി ആറു വർഷംണ്ട്...
മ്മക്ക് പൂവാം... ഇനി വൈക്യാ അമ്മ ചീത്ത പറേം!”
അച്ഛൻ പറഞ്ഞ ആ വാക്ക് മറന്നുപോകുമോ എന്ന് കരുതി അവൾ അത് തന്റെ ഡയറിയിൽ കുറിച്ചു:
3/3/1985-
“അച്ഛൻ പഠിക്കാൻ പറഞ്ഞ വാക്ക്... ഗുലാഗ്...”
••••••••••
1/5/1985
പ്രിയപ്പെട്ട നികിതക്ക്,
നീയും വിനീതയും അവിടെ സുഖമായി എത്തി എന്നും അവിടത്തെ താമസവും ഭക്ഷണവും ഒക്കെ നല്ലതാണെന്നും വിനോദമാമ വിളിച്ചപ്പോൾ പറഞ്ഞിരുന്നു; എന്ന് നിർമ്മല ചെറ്യേമ്മ വിളിച്ചപ്പോ പറഞ്ഞു. ഇവിടത്തെ ഫോണ് ഐ എസ് ഡി ആക്കാൻ സ്റ്റാലിൻ അപേക്ഷാഫോറം കൊടുത്തിട്ടുണ്ട്. അടുത്തവർഷം കിട്ടുംന്നാണ് പറേണേ... സർക്കാരല്ലേ, എല്ലാം മുറപോലെ.
അവിടെ ഇപ്പോൾ വസന്തം തുടങ്ങിക്കാണുമല്ലോ? താപനില ഇപ്പോഴും 15 ൽ കൂടാൻ വഴിയില്ല. കോട്ട് എപ്പോഴും കയ്യിൽ കരുതണം.
ഇവിടെ ഞങ്ങൾ എല്ലാരും സുഖമായിരിക്കുന്നു. ലെനിനും സ്റ്റാലിനും രണ്ടാം വർഷ പരീക്ഷ കഴിഞ്ഞു. എളുപ്പം ആയിരുന്നു എന്ന് പറഞ്ഞു. എല്ലാരും അവരെ എന്തേ എഞ്ചിനീയറിംഗ് നു വിട്ടില്ല എന്നാണ് ചോദിക്കുന്നത്. അവർക്കും ചെലപ്പോ അങ്ങനെ തോന്നുന്നുണ്ടാകുമോ? എന്തായാലും ഇനീപ്പോ അത് ചിന്തിക്കേണ്ടല്ലോ!
ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷവും പഞ്ചാബിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ബബ്ബർ ഖൽസ എന്നൊക്കെ പറഞ്ഞു ഭീകരത വളരുകയാണ്. പത്രം വായിക്കുന്നത് തന്നെ സങ്കടമുള്ള കാര്യം ആയിരിക്കുന്നു. നിങ്ങൾ അവിടെ സൂക്ഷിച്ച് പെരുമാറണം. ഭീഷണികൾ വിദേശരാജ്യങ്ങളിലും ഉണ്ടെന്നാണ് കേൾവി.
കേരളത്തിലാണെങ്കിൽ കരുണാകരൻ മന്ത്രിസഭ മുന്നോട്ട് പോകുമ്പോഴും പല തരത്തിലുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. സ്വകാര്യമേഖലയിൽ പോളിടെക്നിക് തുറക്കാനുള്ള വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബിന്റെ പദ്ധതി വളരെ വലിയൊരു പ്രക്ഷോഭത്തിന് വഴി തെളിയുന്നുണ്ട്.
ഇന്ന് മെയ് ദിനമാണല്ലോ. ലോകതൊഴിലാളി ദിനം! അമേരിക്കയിൽ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി തൊഴിലാളികൾക്ക് നേരിട്ട ദുരിതങ്ങളും ജീവഹാനിയും അതിഭീമമായിരുന്നു. 1886 മെയ് ഒന്നിന് ചിക്കാഗോയിലാണ് എട്ട് മണിക്കൂർ ജോലി എന്ന പ്രഖ്യാപനം വരുന്നത്. ഒരു നൂറ്റാണ്ടാവുന്നു അല്ലേ!
അവിടെയാണ് ഞാൻ പറഞ്ഞ ഗുലാഗ് എന്ന വാക്കിന്റെ പ്രാധാന്യം. 1930 മുതൽ 55 വരെ സോവിയറ്റ് യൂണിയനിൽ നിലനിന്നുവന്ന ജയിൽ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട തൊഴിലാളി വ്യവസ്ഥയാണ് ഗുലാഗ്. കുറച്ചൊക്കെ വായിച്ചിട്ടുണ്ടെങ്കിലും, അതിന്റെ യഥാർത്ഥ ഭീകരത ഒരു പക്ഷെ അവിടത്തെ ആളുകൾക്ക് അറിയുമായിരിക്കും. സഹപാഠികളോട് ചോദിച്ച് മറുപടിയിൽ എഴുതൂ.
കത്ത് ചുരുക്കുന്നു. സൂക്ഷിച്ചിരിക്കൂ.
എന്ന് സസ്നേഹം
അച്ഛൻ
•••••••••
15/ജൂലൈ/1985
മോസ്കോ
പ്രിയപ്പെട്ട അച്ഛന്,
അച്ഛന്റെ കത്തുകിട്ടിയിരുന്നു. എനിക്കും വിനീതക്കും സുഖം തന്നെ. ക്ലാസുകൾ നന്നായി പോകുന്നു. അഞ്ചു മലയാളികൾ ക്ലാസ്സിലുണ്ട്. ബാക്കിയെല്ലാം പല നാട്ടുകാരും ഭാഷക്കാരുമാണ്.
അച്ഛൻ കത്തിൽ എഴുതിയത് എത്ര സത്യമായിവന്നു! ജൂൺ 23 ന് എയർ ഇന്ത്യ വിമാനം-182 ബോംബ് വെച്ച് തകർത്തല്ലോ സിഖ് ഭീകരർ! മോൺട്രിയോളിൽ നിന്നും ലണ്ടനിലേക്ക് വരുന്നവർ ആയിരുന്നു മിക്കവരും. 329 പേരാണല്ലോ കൊല്ലപ്പെട്ടത്. കുറച്ചു ദിവസം ഇവിടത്തെ സിഖ് കുട്ടികളെ എല്ലാവരും മാറ്റിനിർത്തുമായിരുന്നു. എന്നാൽ അവരൊന്നും ഈ വിഘടനവാദത്തിനെ പിന്തുണക്കുന്നില്ല. മറ്റുശക്തികളുടെ സാമ്പത്തികസഹായം ഈ ഭീകരവാദത്തിന് ബലമേകുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും പഞ്ചാബിലെ സ്ഥിതി വളരെ ദയനീയം തന്നെ!
ഗുലാഗിനെ കുറിച്ച് ഞാൻ എന്റെ ക്‌ളാസ്സിലെ റഷ്യൻ കുട്ടികളോട് ചോദിച്ചു. എന്നാൽ അവർക്ക് അധികം അറിവില്ല. അവരുടെ പേരന്റ്സിനോട് ചോദിച്ചപ്പോൾ കുറച്ചൊക്കെ അവർക്ക് അറിയാൻ കഴിഞ്ഞു. ഇവിടത്തെ ലൈബ്രറിയിലും ഞാൻ നോക്കുന്നുണ്ട്. അടുത്ത കത്തിൽ വിശദമായി എഴുതാം.
ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്ത്, മിഖായേൽ ഗോർബച്ചേവ് എന്നൊരാളാണ് വന്നിട്ടുള്ളത്. അദ്ദേഹം കുറെ മാറ്റങ്ങൾ പരീക്ഷിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പെർസ്‌ട്രോയ്‌ക അഥവാ പുനഃസംഘടന, ഗ്ലാസ്സ്‌നസ്ത്ത് അഥവാ സുതാര്യത എന്നൊക്കെ ഇവിടെ പലരും പറയുന്നു. കാത്തിരുന്നു കാണാം.
അമ്മയോടും ഏട്ടന്മാരോടും സ്നേഹാന്വേഷണങ്ങൾ അറിയിക്കൂ...
എന്ന് സ്വന്തം നികിത
••••••
1/മെയ്/1986
മോസ്കോ
പ്രിയപ്പെട്ട അച്ഛന്,
കഴിഞ്ഞ രണ്ടു കത്തുകളിൽ ഗ്യുലാഗിനെ പറ്റി എഴുതിയില്ല. നാല് ദിവസം മുൻപ് യുക്രൈയിൻലെ ചെർണോബിൽ എന്ന സ്ഥലത്തു ന്യൂക്ലീയർ റിയാക്ടർ അപകടം അറിഞ്ഞുകാണുമല്ലോ? നൂറിൽ താഴെയാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും, ആണവ വികിരണം കാരണം പതിനായിരക്കണക്കിന് ആൾക്കാർ മരിക്കാം എന്നാണ് പൊതുവെ പറയുന്നത്. സോവിയറ്റ് സോഷ്യലിസ്റ്റ് എന്ന സിദ്ധാന്തം പോലും മാറാൻ ഈയൊരു അപകടം വഴിവരുത്താം എന്നൊക്കെയാണ് ഇവിടത്തെ ചിന്തകർ പറയുന്നത്.
ഗ്യുലാഗ് എന്നത് തടങ്കൽ തൊഴിലാളികളെ വെച്ച് വ്യാവസായിക വിപ്ലവം കൊണ്ടുവരാൻ ജോസഫ് സ്റ്റാലിൻ സ്ഥാപിച്ച ലേബർ ക്യാമ്പുകൾ ആണെന്ന് അച്ഛന് അറിയാമല്ലോ? സോവിയറ്റ് ആശയങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചു എന്ന് തെറ്റായിപോലും കുറ്റം ചാർത്തി ജനങ്ങളെ തടവിൽ ആക്കുന്ന നീചമായൊരു പദ്ധതി തന്നെ ആയിരുന്നു ഗ്യുലാഗ്. രണ്ടു കോടിയോളം സോവിയറ്റ് ജനങ്ങളെയാണ് ഇത്തരം വൃത്തിഹീനമായ ജയിലറകളിൽ നിറച്ചത്. ഇതിൽ നാൽപ്പത് ശതമാനത്തോളം ആൾക്കാരെ കൊന്നുതള്ളിയിട്ടുണ്ടാകും എന്നാണു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്.
സ്റ്റാലിന്റെ മരണശേഷം അധികാരത്തിൽ ഏറിയ നികിറ്റ ക്രൂഷ്ചേവ് ആണ്: ഡി-സ്റ്റാലിനൈസേഷൻ എന്ന വിളിപ്പേരിൽ വിശദമായ പരിഷ്‌കാരങ്ങൾ പാർട്ടിയിലും സോവിയറ്റ് യൂണിയനിലും കൊണ്ടുവന്നത്. ആ ഒരു കാര്യം നോക്കുമ്പോൾ എന്റെ പേരിനോട് എനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നു. ലോക തൊഴിലാളി ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് ദേശത്തുതന്നെ നടന്ന അതിക്രൂരമായ മാനുഷികധ്വംസനം ഒരു പ്രേതം പോലെ ഇവിടത്തെ ജനങ്ങളെ പിന്തുടരുന്നുണ്ടോ എന്നെനിക്ക് സംശയം തോന്നുന്നു.
ഞാൻ ഈ വർഷം ക്രിസ്മസിന് നാട്ടിൽ വരുമ്പോൾ അച്ഛന് വായിക്കാൻ കുറേ പുസ്തകങ്ങൾ കൊണ്ടുവരാം.
ഇപ്പോൾ ഇത്രമാത്രം.
സസ്നേഹം നികിത
•••••••••
1/5/1987
പ്രിയപ്പെട്ട നികിതക്ക്,
നീ തിരിച്ചുപോയതിനു ശേഷം പിന്നെ കത്തൊന്നും കണ്ടില്ല. സുഖമാണെന്ന് വിശ്വസിക്കുന്നു. വിനീതക്കും സുഖമാണല്ലോ.
ഇവിടെ ലെനിൻ ബി എഡിനു ചേർന്നു. സർക്കാർ സ്‌കൂളിൽ ജോലി കിട്ടിയാൽ നന്നായിരുന്നു. സ്റ്റാലിൻ എം എ സൈക്കോളജി ആണ് എടുക്കുന്നത്. അവൻ പതുക്കെ ദേശീയവാദികളോടൊപ്പം ചേരും എന്നാണ് അറിയുന്നത്. അവർ ഗുജറാത്ത് ഭരണം അടുത്തവർഷം പിടിച്ചെടുക്കും എന്നാണ് വാർത്ത. ആർക്കറിയാം ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു പക്ഷെ ഈ ദേശീയവാദികൾ സോഷ്യലിസ്റ്റുകളായി വന്നാലോ?
കേരളത്തിൽ കഴിഞ്ഞ മാസം ഇ കെ നായനാരുടെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നു. ഗൗരിയമ്മ ചീഫ് മിനിസ്റ്റർ ആവും എന്നായിരുന്നു പ്രതീക്ഷ! കെ കരുണാകരന്റെ തന്ത്രങ്ങളിൽ ഉണ്ടായ വീഴ്ചകൾ ആണ് വലതുമുന്നണിയെ വെട്ടിയത് എന്ന് പറയുന്നു.
അരുണാചൽ പ്രദേശിൽ ചൈന ആക്രമണം ശക്തമാക്കുന്നുണ്ടെങ്കിലും രാജീവ് ഗാന്ധി സർക്കാരിന് അത്യാവശ്യം നയതന്ത്രം അറിയാം എന്ന് തോന്നുന്നു. ശ്രീലങ്കയിലേക്കും ശാന്തിസേനയെ അയയ്ക്കും എന്നാണ് വാർത്ത. അതിന്റെ ഭാവി എന്താകുമോ ആവോ?
നിനക്കും വിനീതക്കും സുഖമായിരിക്കട്ടെ.
എന്ന് സ്വന്തം അച്ഛൻ
••••••••••
1/മെയ്/1989
മോസ്കോ
പ്രിയപ്പെട്ട അച്ഛന്,
കഴിഞ്ഞ മാർച്ചിൽ ഇവിടെ ആദ്യമായി ജനാധിപത്യ രീതിയിൽ സോവിയറ്റ് കോൺഗ്രസിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ജനങ്ങൾ വോട്ട് ചെയ്യാൻ നല്ലവണ്ണം ഉത്സുകരായിരുന്നു. കുറെ കമ്മ്യൂണിസ്റ്റ് നേതാക്കൾ തോറ്റത് പോളിറ്റ്ബ്യുറോവിനെ ചൊടിപ്പിച്ചിട്ടുണ്ട്. പക്ഷെ അവരാരും ജനപ്രിയരല്ല എന്നതാണ് വാസ്തവം.
ഗോർബച്ചേവ് ഇപ്പോഴും പെരിസ്‌ട്രോയ്‌ക എന്ന സിദ്ധാന്തത്തെ പുകഴ്ത്തി നടക്കുന്നുണ്ട്. 1987 ൽ ജർമ്മൻ മതിൽ വീഴ്ത്തിയ റൊണാൾഡ് റീഗന്റെ ഭരണം ഈ വർഷം തീരുകയാണ്. ശീതയുദ്ധം എന്നൊരു ആശയം തന്നെ അമേരിക്കക്ക് യാതൊരു ക്ഷീണവും കൂടാതെ ഇല്ലാതാക്കാൻ കഴിഞ്ഞു എന്നതാണ് റീഗന്റെ മിടുക്കായി റഷ്യക്കാർ വിശ്വസിക്കുന്നത്. അതിൽ പലർക്കും അമർഷം ഉണ്ടുതാനും.
അടുത്ത വർഷം ഈ സമയത്തു എന്റെ ഹൌസ് സെർജെൻസി തുടങ്ങും. വിനീതക്കും സുഖം തന്നെ. ഞാൻ അടുത്ത ഞായറാഴ്ച ഫോൺ ചെയ്യാം.
സ്വന്തം നികിത
••••••••
1/മെയ്/1990
മോസ്കോ
പ്രിയപ്പെട്ട അച്ഛന്,
ക്രിസ്മസ് കഴിഞ്ഞു ഇവിടെ തിരിച്ചെത്തിയപ്പോൾ രാഷ്ട്രീയമായി കുറേ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. സോവിയറ്റ് ഫെഡറേഷനിൽ നിന്നും ഏഴ് ദേശങ്ങൾ പുറത്തുപോയിരിക്കുന്നു.
കഴിഞ്ഞ ജനുവരി 31 ന് ഇവിടെ ആദ്യത്തെ മക്‌ഡൊണാൾഡ്‌സ് തുറന്നു. ലക്ഷക്കണക്കിന് ആൾക്കാരാണ് ക്യു നിന്നത്... ആ തണുപ്പിലും. അച്ഛൻ പറയുന്നതുപോലെ സാമ്രാജ്യത്വം പിടിമുറുക്കുന്നു എന്നൊക്കെ ഇവിടത്തെ പഴയ ആൾക്കാർ പറയുന്നുണ്ട്.
ഗോർബച്ചേവിന് പാർട്ടിയിലും യൂണിയനിലും ഉള്ള പിടിത്തം അയഞ്ഞിരിക്കുന്നു. ബോറിസ് യെൽട്സിനെ പോലെയുള്ള നേതാക്കൾ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രസംഗിക്കുന്നുണ്ട്.
ഇന്ത്യയിൽ മണ്ഡൽ കമ്മീഷൻ കത്തിയാളുകയാണല്ലോ? വി പി സിംഗ് എത്രകാലം പിടിച്ചു നിൽക്കും? ലാൽ കൃഷ്ണ അദ്വാനിയുടെ രഥയാത്ര സെപ്റ്റംബറിൽ തുടങ്ങും എന്നൊക്ക കേൾക്കുന്നു! ഇന്ത്യയും മാറുകയാണോ? ലോകം മുഴുവൻ മാറ്റങ്ങളുടെ കാറ്റടിക്കുന്നുണ്ട്.
ഹൌസ് സെർജെൻസി തുടങ്ങി. എന്റെയൊപ്പം ഒരു പഞ്ചാബിയാണ് കോഴ്സ് മേറ്റ് ആയിട്ടുള്ളത്. ലുധിയാനക്കാരൻ രഘുവീർ സിംഗ്. നല്ലയാളാണ്. അയാൾക്ക് ക്യാനഡ പോയി സെറ്റിൽ ആവണം എന്നൊക്കെയാണ് ആഗ്രഹം.
വിനോദമാമക്ക് പ്രഷറും ഷുഗറും കൂടുതൽ ആണ് എന്ന് വിനീത പറഞ്ഞിരുന്നു. അവൾ അപ്സെറ്റ് ആണ് മാമനെ ഓർത്ത്... ഗൾഫിൽ നിന്നും തിരിച്ചു വരികയാണ് എന്നൊക്കെ പറയുന്നുണ്ടത്രേ!
അച്ഛനും അമ്മയും സുഖമായിരിക്കൂ...
സ്വന്തം നികിത
•••••••••
1/മെയ്/1991
ലെനിൻഗ്രാഡ്
പ്രിയപ്പെട്ട അച്ഛന്,
ഇത് ഒരു പക്ഷെ റഷ്യയിൽ നിന്നും അയക്കുന്ന അവസാന കത്തായിരിക്കും. കോഴ്സ് കഴിഞ്ഞു. ഞാനും രഘുവീറും വിനീതയും അവളുടെ സുഹൃത്ത് ആന്റണിയും കൂടി ലെനിൻഗ്രാഡ് കാണാൻ വന്നതാണ്. വളരെ നല്ല സ്ഥലം. ഇതിന്റെ പേര് വീണ്ടും സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നാക്കും എന്ന് കേൾക്കുന്നു. റഷ്യൻ സാമ്രാജ്യത്തിന്റെ കാലത്ത് രണ്ട് നൂറ്റാണ്ടുകളോളം തലസ്ഥാനം ആയിരുന്നു. യൂറോപ്പിലേക്കുള്ള വാതിൽ എന്നാണത്രേ ഈ സ്ഥലത്തെ വിളിക്കുക!
ഈ മാസം അവസാനം നാട്ടിൽ തിരിച്ചു വരണം എന്നായിരുന്നു പ്ലാൻ. എന്നാൽ ഞങ്ങൾ അടുത്താഴ്‌ച്ച ടൊറന്റോയിൽ പോകാൻ തീരുമാനിച്ചു. അവിടെ നല്ലൊരു ജോലി സാധ്യത തെളിഞ്ഞു വന്നിട്ടുണ്ട്. രഘുവീർ ആണ് ഇതെല്ലാം അറേഞ്ച് ചെയ്യുന്നത്. അവിടത്തെ കാര്യങ്ങൾ കഴിഞ്ഞു മോൺട്രിയോൾ കൂടി സന്ദർശിച്ച് ഇന്ത്യയിലേക്ക് വരാം.
എല്ലാർക്കും സുഖമെന്ന് വിചാരിക്കുന്നു. അമ്മയോട് പ്രത്യേകം അന്വേഷിച്ചതായി പറയൂ: ഞാൻ ഫോൺ ചെയ്യാം.
സ്വന്തം നികിത
••••••••••
കത്ത് വായിച്ചു കഴിഞ്ഞു മോഹനൻ നായർ പൂമുഖത്തെ തിണ്ണയിൽ ചാരിയിരുന്ന് അകലെയുള്ള പുഞ്ചപ്പാടത്ത് ദൃഷ്ടികൾ പായിച്ചു. ഭവാനിയമ്മ തേങ്ങുന്നുണ്ടായിരുന്നു. തെക്കിനിയിലെ ടെലിവിഷനിൽ നിന്നും ക്രിക്കറ്റ് കമെന്റ്രി കേൾക്കുന്നുണ്ട്. സച്ചിൻ ഫോറടിക്കുന്ന മാത്രയിൽ ലെനിനും സ്റ്റാലിനും കസേരയിൽ നിന്നും ചാടി കുതിച്ചു അട്ടഹസിക്കുന്നുമുണ്ട്.
“അച്ഛന് തൃപ്തി ആയില്ല്യേ... എന്തായിരുന്നു ഒരു റഷ്യൻ ഭ്രമം... ഇപ്പൊ എന്തായി? ഇനി അവളെ വല്ല പഞ്ചാബിലോ കാനഡയിലോ പോയി കാണേണ്ടി വരും. ചെക്കന്മാർക്ക് ഊണ് വെക്കട്ടെ...” എന്നും പറഞ്ഞു ഭവാനിയമ്മ വീടിനുള്ളിലേക്ക് നടന്നു.
തൊടിയിൽ തെങ്ങിൻ ചുവട് നന്നാക്കിക്കൊണ്ടിരുന്ന രാമനെ മോഹനൻ നായർ കൂവി വിളിച്ചു. “രാമാ... മ്മക്ക് പാടത്തു പോയി, ഞാറ് എന്തായി ന്ന് നോക്കി വരാം ന്താ? ഇപ്രാവശ്യം ഇടവപ്പാതി നേരത്തെ എത്തുംന്നു പ്രവചനം ണ്ട്. നീ ഇഡ്‌ലി കഴിച്ചില്ല്യേ... ന്നാ പൂവ്വാ...”
മോഹനൻ നായർ കയ്യിൽ കൈക്കോട്ടും അരിവാളും മനസ്സിൽ നിശ്ചയദാർഢ്യവുമായി രാമനോടൊപ്പം പുഞ്ചപ്പാടം ലക്ഷ്യമാക്കി നടന്നുനീങ്ങി...
മുന്നിൽ കലപ്പ തോളിലേന്തി നടക്കുന്ന രാമനോട് മോഹനൻ നായർ ചോദിച്ചു: “രാമാ... നെനക്ക് ഗുലാഗ് എന്താണെന്നറിയോ?”
“ഇല്ല സഖാവേ..” രാമന്റെ മറുപടി!
“ന്നാ കേട്ടോ...!”
Comments
Post a Comment