ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഓം 
ശാന്തിഃ, ശാന്തിഃ, ശാന്തിഃ 

|| ഓം ശ്രീ ഗുരുഭ്യോ നമഃ || 

സമാധാനത്തിനുള്ള പ്രാർത്ഥനകളാണ് ശാന്തി മന്ത്രങ്ങൾ. ഹിന്ദുമതത്തിലെ മതപരമായ ചടങ്ങുകളുടെയോ ആചാരങ്ങളുടെയോ തുടക്കത്തിലും അവസാനത്തിലും അവ പലപ്പോഴും പാരായണം ചെയ്യപ്പെടുന്നു. ശാന്തിമന്ത്രങ്ങൾ ഉപനിഷത്തുക്കളിൽ അടങ്ങിയവയാണ്.   

ശാന്തി മന്ത്രങ്ങൾ ശരിയായ വിധത്തിൽ ചൊല്ലുമ്പോൾ അവിടെ പാരായണം ചെയ്യുന്നയാളുടെ മനസ്സിനെയും ചുറ്റുമുള്ള പരിസ്ഥിതിയെയും അവയിൽ നിന്നുയരുന്ന അനുരണനങ്ങൾ ശാന്തമാക്കും. “ശാന്തി” എന്ന വാക്ക് മൂന്നു പ്രാവശ്യം ചൊല്ലുന്നതിലൂടെയാണ് അവ അവസാനിക്കുന്നത്. 

തടസ്സങ്ങൾ പ്രതീകാത്മകമായി നീക്കുന്നതിനും മൂന്ന് യാഥാർത്ഥ്യങ്ങളെ ശാന്തമാക്കുന്നതിനും ശാന്തി എന്ന പദം മൂന്ന് തവണ പാരായണം ചെയ്യുന്നു:

1) ഭൗതിക ശാന്തി 

2) ദിവ്യ ശാന്തി അഥവാ ദൈവിക ശാന്തി 

3) ആന്തരിക ശാന്തി 

“സമാധാനം” എന്നർത്ഥമുള്ള ശാന്തി എന്ന സംസ്കൃത പദവും; “പ്രാർത്ഥന” അല്ലെങ്കിൽ “സ്തുതിഗീതം” എന്നർത്ഥം വരുന്ന മന്ത്രവും ചേർന്നാണ് ശാന്തി മന്ത്രം ഉണ്ടായത്. 

യോഗയിൽ, ഒരു ലളിതമായ “ഓം ശാന്തി” അല്ലെങ്കിൽ “ഓം ശാന്തി, ശാന്തി, ശാന്തി” ഒരു അഭിവാദ്യം അല്ലെങ്കിൽ ശുഭാശംസയായി പാരായണം ചെയ്യാം. ഒപ്പം ശ്രദ്ധ കേന്ദ്രീകരിച്ചു മനസ്സിനെ വ്യതിചലനങ്ങളിൽ നിന്നും രക്ഷിക്കാനും ശാന്തിമന്ത്രങ്ങൾ സഹായിക്കും. 

ഹിന്ദുമതത്തിലെ പൗരാണികമായ വേദോപനിഷത്തിൽ പത്തോളം ശാന്തി മന്ത്രങ്ങൾ പ്രചുരപ്രചാരത്തിലുണ്ട്. ഓരോ മന്ത്രത്തിനും അതിന്റേതായ മഹത് വചനങ്ങളും അർത്ഥസമ്പൂർണ്ണമായ സന്ദേശങ്ങളും അനവധി പണ്ഡിതർ ആഖ്യാനങ്ങളാക്കിയിട്ടുണ്ട് . 

തുടക്കത്തിൽ സൂചിപ്പിച്ചപോലെ, മൂന്ന് തവണ ശാന്തി മന്ത്രം ഉച്ചരിക്കാനുള്ള കാരണം; മൂന്ന് മേഖലകളിലെ തടസ്സങ്ങൾ ശമിപ്പിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക എന്നതാണ്:

ഭൗതികം അഥവാ ശാരീരികം: വന്യമൃഗങ്ങൾ, ദുഷ്ടജനങ്ങൾ, പ്രകൃതിദുരന്തങ്ങൾ മുതലായവയിൽ നിന്ന് അഥവാ ബാഹ്യ ലോകത്ത് നിന്ന് വരുന്ന തടസ്സങ്ങളുടെ ഉറവിടമാണ് ശാരീരിക അഥവാ ആദി-ഭൗതിക മണ്ഡലം.

ശാന്തി ലഭിക്കാത്ത ആത്മാക്കളുടെയും പ്രേതങ്ങളുടെയും ദുഷ്ടദേവതകളുടെയും സംവേദനാത്മക ലോകത്തിൽ നിന്ന് വരുന്ന തടസ്സങ്ങളുടെ ഉറവിടമാകാം ദിവ്യ അല്ലെങ്കിൽ ആദി-ദൈവിക മണ്ഡലം.

സ്വന്തം ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഉണ്ടാകുന്ന തടസ്സങ്ങൾ; വേദന, രോഗങ്ങൾ, അലസത, അശ്രദ്ധ, വിഷാദം, എന്നിവ പോലുള്ളവ ആന്തരിക അല്ലെങ്കിൽ ആധ്യാത്മിക മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ്. 

ഇവയെ "താപ-ത്രയം" അഥവാ മൂന്ന് തരം തടസ്സങ്ങൾ എന്ന് വിളിക്കുന്നു. ശാന്തി മന്ത്രങ്ങൾ ചൊല്ലുമ്പോൾ, ഈ മണ്ഡലങ്ങളിൽ നിന്നുള്ള തടസ്സങ്ങൾ ശമിക്കപ്പെടും എന്ന് വിശ്വസിക്കപ്പെടുന്നു.

ഇവിടെ, എല്ലാ ശാന്തി മന്ത്രങ്ങളെയും പ്രതിപാദിക്കുന്നില്ല. സത്‌സംഗങ്ങളിലും സൈദ്ധാന്തിക പ്രഭാഷണങ്ങളിലും പൊതുവെയും പരക്കേയും പാരായണം ചെയ്യപ്പെടുന്ന രണ്ടു മന്ത്രങ്ങൾ സ്വല്പമൊന്നു സൂക്ഷ്മമായി ദർശിക്കാം. 



1 / ഓം സഹ നാവവതു— 

എന്ന് തുടങ്ങുന്ന ശാന്തി മന്ത്രം 

ഈ ശാന്തി മന്ത്രം കൃഷ്ണ യജുർവേദ തൈത്തിരിയ ഉപനിഷത്തിൽ നിന്ന് (2.2.2) എടുത്തതാണ്. വിദ്യാലയങ്ങളിൽ പഠനം ആരംഭിക്കുന്നതിന് മുമ്പ് ഇത് സാധാരണ പ്രാർത്ഥനയായി ചൊല്ലാറുണ്ട്‌. 


सह नाववतु ।
सह नौ भुनक्तु । सह वीर्यं करवावहै ।
तेजस्वि नावधीतमस्तु मा विद्विषावहै ।
ॐ शान्तिः शान्तिः शान्तिः ॥

ഓം 

സഹ നാവവതു |

സഹ നൗ ഭുനക്തു | സഹ വീര്യം കരവാവഹൈ |

തേജസ്വി നാവധീതമസ്തു മാ വിദ്വിഷാവഹൈ |

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||


മലയാളത്തിലുള്ള അർത്ഥം

{ അത്, (ഓം എന്ന ബ്രഹ്മം) നമ്മെ രണ്ടു പേരെയും, (ഗുരുവും ശിഷ്യനും) സംരക്ഷിക്കട്ടെ!

നാം രണ്ടുപേരും അറിവ് ആസ്വദിക്കട്ടെ! നമുക്ക് ഒരുമിച്ച് പഠിക്കാം!

നമ്മുടെ പഠനം മികച്ചതായിരിക്കട്ടെ! നമുക്കിടയിൽ  ഒരിക്കലും വഴക്കുണ്ടാകരുത്! }

തൈതിരിയ ഉപനിഷത്തിന്റെ രണ്ടാം അധ്യായം, ആനന്ദവല്ലി, അഥവാ ബ്രഹ്മാനന്ദവല്ലി എന്നു വിളിക്കപ്പെടുന്നു. മറ്റ് പുരാതന ഉപനിഷത്തുകളെപ്പോലെ ആനന്ദവല്ലിയും “ആത്മ” (പ്രമേയം, ആത്മാവ്) എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. "ആത്മാവ് നിലവിലുണ്ട്", അത് ബ്രഹ്മമാണ്, അത് ഏറ്റവും ഉയർന്നതും ശാക്തീകരിക്കുന്നതും വിജ്ഞാനത്തെ സ്വതന്ത്രമാക്കുന്നതും ആണെന്ന് അതിൽ  ഉറപ്പിച്ചുപറയപ്പെടുന്നു. 

സ്വന്തം സത്തയെ അറിയുന്നത് എല്ലാ ആശങ്കകളിൽ നിന്നും ഭയങ്ങളിൽ നിന്നും വിട്ട് ആനന്ദകരമായ ജീവിതത്തിന്റെ ഒരു നല്ല അവസ്ഥയിലേക്കുള്ള പാതയാണെന്ന് ആനന്ദവല്ലിയിൽ വാദിക്കപ്പെടുന്നു.

സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്‌:

ഓരോ ആത്മാവിലും ദൈവം അന്തർലീനമായിട്ടുണ്ട്. ബാഹ്യവും ആന്തരികവും ആയിട്ടുള്ള ശീലങ്ങളെയും സ്വഭാവങ്ങളെയും നിയന്ത്രിച്ചുകൊണ്ട് ഈ ദിവ്യത്വം ഉള്ളിൽ പ്രകടമാക്കുകയാണ് ജീവിതത്തിന്റെ ലക്ഷ്യം ആകേണ്ടത്. സ്വകർമ്മം, ആരാധന, ഉപാസന, മാനസിക നിയന്ത്രണം അല്ലെങ്കിൽ തത്ത്വചിന്ത എന്നിവയിൽ ഒന്നോ അതിലധികമോ അല്ലെങ്കിൽ എല്ലാം തന്നെയോ ഉപയോഗിച്ച് ജീവിതലക്ഷ്യം കൈവരുത്തുക. 

നമ്മുടെ വാത്സല്യനിധിയായ ഗുരുവല്ലാതെ ഈ ലക്ഷ്യപ്രാപ്തിക്ക് നമ്മെ സഹായിക്കാൻ വേറെ ആരുണ്ട്! 

2 / ഓം പൂർണമദ:—

എന്നുതുടങ്ങുന്ന ശാന്തി മന്ത്രം. 

ഈ ശാന്തി മന്ത്രം ശുക്ല യജുർവേദത്തിലെ  ഈശാവാസ്യ ഉപനിഷത്തിൽ ഉൾക്കൊള്ളുന്നതാണ്. സത്‌സംഗങ്ങളുടെയും മറ്റു ആത്മീയപ്രഭാഷണങ്ങളുടെയും ഭക്തിഗാനസുധയുടെയും ഉപസംഹാരവേളകളിൽ ആണ് ഈ മന്ത്രം പൊതുവെയും പരക്കേയും പാരായണം  ചെയ്തുകണ്ടിരിക്കുന്നത്‌. 

 पूर्णमदः पूर्णमिदं पूर्णात्पूर्णमुदच्यते ।
पूर्णस्य पूर्णमादाय पूर्णमेवावशिष्यते ॥
 शान्तिः शान्तिः शान्तिः ॥

ഓം 

പൂർണമദ: പൂർണമിദം പൂർണാത് പൂർണമുദച്യതേ |

പൂർണസ്യ പൂർണമാദായ പൂർണമേവാവശിഷ്യതേ ||

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||



മലയാളത്തിലുള്ള അർത്ഥം

{ "അത് (ബ്രഹ്മം) അനന്തമാണ്, ഇത് (പ്രപഞ്ചം) അനന്തമാണ്. അനന്തമായത് അനന്തത്തിൽ നിന്നാണ്.
(പിന്നെ) അനന്തമായ (പ്രപഞ്ചത്തിന്റെ) അനന്തത കണക്കിലെടുക്കുമ്പോൾ അത് അനന്തമായി തന്നെ (ബ്രഹ്മം) നിലനിൽക്കുന്നു.” }

“അനന്തതയിൽ നിന്നും അഥവാ പൂർണ്ണതയിൽ നിന്നും നമുക്ക് പൂർണ്ണതയോ അനന്തതയോ മാത്രമേ ലഭിക്കൂ”. മുകളിലുള്ള വാക്യം അനന്തമോ പൂർണ്ണമോ ആയ സമ്പൂർണ്ണതയുടെ അഥവാ ബ്രഹ്മത്തിന്റെ സ്വഭാവത്തെ വിവരിക്കുന്നു, അതായത്, അതിൽ എല്ലാം അടങ്ങിയിരിക്കുന്നു; അതിൽ അടങ്ങാത്തത് ഒന്നുമില്ല. 

ഈ മന്ത്രം എല്ലാ വസ്തുക്കളുടെയും സത്ത മറ്റെല്ലാ വസ്തുക്കളുടെയും സത്തയ്ക്ക് തുല്യമാണെന്ന് വിവരിക്കുന്നു. പ്രപഞ്ചയാഥാർത്ഥ്യം വിവരണാതീതവും അതിന്റെ സ്വഭാവം അനന്തവും സമ്പൂർണ്ണാനന്ദവുമാണ്. 

പ്രാപഞ്ചികമായ ഊർജ്ജം സൂക്ഷ്മജഗത്തിൽ  സമന്വയിക്കുന്നു എന്നും വിശ്വാത്മകപുരുഷൻ പ്രപഞ്ചസത്ത തന്നെയെന്നും ഉദ്‌ഘോഷിക്കപ്പെടുന്നു. 

നാമെല്ലാവരും ശാശ്വതമായ മാനുഷികബോധമണ്‌ഡലത്തിന്നപ്പുറത്തുള്ള ഉണ്മയാണ്. നാം ദിവ്യത്വത്തിന്റെ ശാശ്വതവും അനന്തവുമായ ദിവ്യ സമുദ്രത്തിൽ നിന്നുള്ള തുള്ളികളായതുകൊണ്ട് നമുക്ക് ജനനമോ മരണമോ സംഭവിക്കുന്നില്ല. പ്രകടമായ ഈ പ്രപഞ്ചം ഈ രൂപരഹിതത്തിൽ നിന്ന് പ്രത്യക്ഷപ്പെടുകയും ആ അനന്തതയിലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു.

അനന്തനിരീക്ഷകൻ ആയ സ്രഷ്ടാവിന്റെ അനന്തമായ സ്വപ്നങ്ങളിലൊന്നിനെ നിരീക്ഷിക്കാൻ തിരഞ്ഞെടുത്തതാണ് സൃഷ്ടി അഥവാ പ്രപഞ്ചം.

ആത്മീയത എല്ലായ്‌പ്പോഴും സ്വയം കണ്ടെത്തലിന്റെ പാതയാണ്‌, അതിനാലാണ് ഇത് ആത്മനിഷ്ഠമായി കണക്കാക്കുകയും ശാസ്ത്രീയ ചിന്താഗതിക്കാരായ ആത്മീയമല്ലാത്ത ആളുകൾ അവഗണിക്കുകയും ചെയ്തത്. ഇന്ന് ശാസ്ത്രം ആത്മബോധമുള്ള നിരീക്ഷണത്തെ സമവാക്യത്തിൽ ഉൾപ്പെടുത്തണം എന്ന ആശയം തുറന്നിരിക്കുന്നു. യഥാർത്ഥ അറിവ് നേടാനുള്ള പരിശ്രമത്തിൽ മനുഷ്യരാശിയുടെ വലിയ വിജയത്തിനായി ശാസ്ത്രത്തെയും ആത്മീയതയെയും സമന്വയിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്വാമി വിവേകാനന്ദന്റെ ചോദ്യം എന്നും പ്രസക്തമാണ്: 

നിങ്ങളിലും നിങ്ങളിലൂടെയും പ്രവർത്തിക്കുന്ന അനന്തമായ ഈശ്വരേച്ഛയിൽ അഥവാ ദൈവകടാക്ഷത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? 

ഓരോ അണുവിലും ഈ സർവ്വവ്യാപി നിലകൊള്ളുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങളുടെ ശരീരത്തിലും മനസ്സിലും ആത്മാവിലും അതേ ചേതന കളിയാടുന്നു. അങ്ങനെയെങ്കിൽ നിങ്ങൾക്ക് എങ്ങനെ നിരുത്സാഹതയുണ്ടാവുന്നു?

അജ്ഞാനിയും മായാബദ്ധനുമായ ശിഷ്യന്റെ ബുദ്ധിചേതനയുണർത്താൻ പ്രജ്ഞാനിയും മായാതീതനുമായ ഗുരുവിനല്ലാതെ ആർക്കു കഴിയും?

ഓം ശാന്തിഃശാന്തിഃ, ശാന്തിഃ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
References-
  1. templepurohit.com
  2. yogapedia.com
  3. wikipedia.com
  4. greenmesg.com
  5. youtube.com/bhajans mantras
  6. youtube.com/adiyogam 
  7. nirankari.org


Comments

  1. I was wondering searching for these clarity in one place .Over time we have heard we also know in bits and pieces but vaguely...Manu has brought all those important valuable pebbles of wisdom and shared it here for all of us to taste understand digest and also to use it .
    Awesomeness overflowing happiness multiplying congratulations flowing
    thank you
    somajee ✅🥀🌺

    ReplyDelete
    Replies
    1. Dear Somajee,
      Many thanks to your kind and motivational words; it means a lot.
      Loving regards
      Manu

      Delete

Post a Comment

Popular posts from this blog

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം