സുഹൃദ് സ്‌മരണ | ബോബി

പൂർണത്രയീശന്റെ നാട്ടിലെ, ഉദയംപേരൂർ സുന്നഹദോസിന്റെ നാട്ടിലെ ... തൃപ്പൂണിത്തുറയുടെ... സ്വന്തം ബോൾഡ് ബോബി നമുക്കെല്ലാം ആയി ഇതാ ...

ഗൂഡോൾ 96 | കൊറോണ വൈബ്‌സ്

ബോൾഡ് ആൻഡ് ബോയ്സ്റ്ററസ് "ബോബി" 

••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

പ്രിയമുള്ളവരേ, 

“പണ്ട്... കേവ്സ് എന്നത് ഇഹലോകത്തുനിന്നും രക്ഷപെടാനുള്ള നമ്മുടെ ഒരു ഗുഹ ആയിരുന്നല്ലോ...” 

“പഞ്ച് ഡയലോഗ്” എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ഇരുപത്തിനാലുവർഷങ്ങൾക്കിപ്പുറം ഞാൻ ആ പഴയ കൊച്ചി അരുണിനെ സ്വന്തം എറണാകുളം സ്ലാങ്ങിൽ ഇങ്ങനെ കേട്ടപ്പോൾ മനസ്സിൽ വന്ന വാചകമാണ് “ഇത് നുമ്മ പൊളിക്കും..” ഇത്രയും വർഷം അരുണിന്റെ മെസ്സേജുകൾ വളരെ അപൂർവമായേ നമ്മൾ കണ്ടിട്ടുള്ളൂ, കേട്ടിട്ടുള്ളൂ. തന്റെ ഹൃദയത്തോട് തൊട്ടു കിടക്കുന്ന ആത്മാർത്ഥ സുഹൃത്തിന്റെ ഓർമകളിലൂടെ ഒന്നൂളിയിട്ടപ്പോൾ അരുണിനും നൂറു നാവ്... 

അധികമാർക്കും മെരുങ്ങാത്ത കോസ്റ്റൽ എഞ്ചിനീയറിംഗ് പരീക്ഷക്ക് എങ്ങനെ എങ്കിലും പാസ്സാവണം എന്ന ദൃഢനിശ്ചയത്തിൽ അർധരാത്രിക്ക് സ്വന്തം പരീക്ഷാ ടേബിൾ സ്വപ്നം കാണുകയും ബോബിയുടെ നേതൃത്വത്തിൽ അതിസാഹസികമായ ഒരു വൻ സന്നാഹത്തോടെ പരീക്ഷാ മാമാങ്കം പടവെട്ടി വിജയിച്ചതും അരുണും ഹരീഷും ഓർത്തെടുത്തു. 

രാത്രിയുടെ കൺകാണായാമങ്ങളിൽ ബോബിയുടെ കേവ്സ് ലോഡ്ജിന്റെ റബ്ബർ തോട്ടത്തിലൂടെയുള്ള നടപ്പും വഴിയിൽ പാമ്പിനെ കണ്ടതും പാമ്പിനെ തേടി നടന്നപ്പോൾ സാഹസികരായ മറ്റൊരു പടയെ കണ്ടതും ഈ കൊച്ചിപ്പടയെ കണ്ട് തിരോന്തരം പട മാറി പോയതും എല്ലാം, സമ്പൂർണ്ണ അതിഭാവുകത്വത്തോടെ അരുൺ പറഞ്ഞു തീർത്തപ്പോൾ ഒരു മഹാമാരി പെയ്തു തോർന്ന ഫീൽ ആയിരുന്നു. 

ഇതാണ് ബോബി... ഇമ്പോസ്സിബ്ൾ എന്നൊരു വാക്ക് ബോബിക്കില്ല... തെങ്ങിൽ കേറാനും, പാമ്പിനെ കൊല്ലാനും, അടിച്ചു പൊളിച്ചു നടക്കാനും, രാഷ്ട്രീയത്തിനും, സാമൂഹ്യ പ്രവർത്തനത്തിനും, സയൻസ് ക്ലബിനും, സിനിമ കാണാനും, അത്യാവശ്യം ശൃംഗരിക്കാനും, സമരത്തിനും, ടീച്ചർമാരോട് സംസാരിക്കാനും, അങ്ങനെ ഒന്നിനും മടിച്ചു നിൽക്കാതെ ഇടിച്ചുകേറി പ്രവർത്തിക്കുന്ന ബോബി. 

ധൈര്യത്തിന്റെയും ക്ഷമയുടെയും ഏതറ്റവും പോവാൻ തയ്യാറുള്ള വ്യക്തിത്വം...പഠിത്തത്തിലും ഈ പ്രായോഗികവും പ്രവർത്തനാല്മകവുമായ സമീപനം തന്നെ സ്വീകരിച്ചത് കൊണ്ട് അവിടെയും ബോബിക്ക് വിജയം തന്നെ ആയിരുന്നു. 

നമ്മുടെ തൊട്ടു സീനിയർ ബാച്ചിലായിരുന്നു ബോബിയും രാജേഷ് ബാബുവും ലാസ്റ്റ് ഇന്റർവ്യൂ കഴിഞ്ഞു 1992 ജനുവരി ആവുമ്പോൾ നമ്മുടെ കോളേജിൽ വരുന്നത്. രണ്ടുമാസത്തെ ജീവിതം കൊണ്ട് അകത്തേത്തറയുടെ നാല് ദിക്കുകളും കാമ്പസിലെ കോണുകളും മാത്രമേ പഠിക്കാൻ പറ്റിയുള്ളൂ എന്ന് ബോബി. 

അങ്ങനെയാണ് നമ്മുടെ സീനിയർ ആയി, എന്നാൽ സീനിയർ അല്ലാതെ, നമ്മുടെ ക്ലാസിൽ ഇവർ വരുന്നത്... ഫസ്റ്റ് ഇയർ "കണ്ടിന്യു" ചെയ്യാൻ...അതുകൊണ്ടു തന്നെ സീനിയേഴ്സ് പലരുമായിട്ടും ബോബിക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു. ഇൻഡിപെൻഡന്റ്സിലെ ഷൈൻ സെബസ്, ജോൺ ഇ സി, അങ്ങനെ പലരും. 

സ്നേഹത്തിന്റെ നിറകുടം, ഏത് സന്നിഗ്ദ്ധഘട്ടത്തിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും ചങ്കൂറ്റവും, ഏതൊരു സംഘത്തിലും നേതൃത്വപാടവം കാണിച്ചു കാര്യങ്ങൾ സാധിപ്പിച്ചെടുക്കാനുള്ള പ്രത്യേക കഴിവ്, പ്രശ്നങ്ങളെ സങ്കീർണ്ണമാക്കാതെ സംയമനത്തോടെ പരിഹരിക്കാനുള്ള അപാര ക്ഷമ, അങ്ങനെ ബോബിയുടെ അനവധി ഗുണങ്ങളെ അരുണും ഹരീഷും ഓർക്കുന്നു. 

“മണീ.. സ്വന്തം കാര്യം എഴുതിയും പറഞ്ഞും ശീലമില്ലാത്തതു കൊണ്ട് പല ഓർമകളും വിട്ടുപോയിരിക്കുന്നു. എന്നാലും എന്റെ ഓർമ്മകളൊന്നു ചിട്ടപ്പെടുത്തി നോക്കട്ടെ...” എന്ന് പറഞ്ഞാണ് ബോബി അവന്റെ ഓർമ്മച്ചെപ്പുകൾ ഒന്നൊന്നായി അടർത്തി എടുത്തത്. 

സത്യം പറഞ്ഞാൽ ബോബിയുടെ ഇരുപതോളം വോയിസ് മെസ്സേജാണ് രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ ഇൻബോക്സിൽ കണ്ടത്. അതെല്ലാം കാറിലെ ബ്ലുടൂത് സറൗണ്ട് സിസ്റ്റത്തിൽ തന്നെ കേൾക്കാം എന്ന് കരുതി മാറ്റിവെച്ചു. എല്ലാം കേട്ടപ്പോൾ യു വി എസും കോളേജിലെ ഇടനാഴികളും ഇടവഴികളും കേവ്സ് എന്ന ബോബി വാണരുളിയ വില്ലയും ലോഡ്ജും അവിടത്തെ റബർ എസ്റ്റേറ്റും തെങ്ങിൻ തോട്ടവും പ്ലാവും മാവും പാമ്പിൻ കൂടും എല്ലാം കണ്മുന്നിൽ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു. 

തലക്കകത്തു ഏതൊക്കെയോ അടഞ്ഞ കോണുകൾ തുറന്നതായും അവിടത്തെ ഓർമകളുടെ പനിനീർതുള്ളികൾ നേർത്തൊരു ചാറ്റൽ മഴയെ പോലെ ദേഹമാസകലം പതിച്ചു തെല്ലൊരു കുളിരു കോരിയിട്ട പോലെ കുറച്ചു നിമിഷങ്ങൾ... ആ മങ്ങിയ വെളിച്ചത്തിൽ അകലെ നിന്നും നിവർത്തിയ കുടയുമായി ബോബി എന്ന ആത്മാർത്ഥ സുഹൃത്ത്... മന്ദം മന്ദം... മരങ്ങൾക്കിടയിലൂടെ...

അവന് അവന്റേതായ താളം ഉണ്ടായിരുന്നു നടക്കുമ്പോൾ... അടുത്ത് വരുന്തോറും കുടയുടെ സ്റ്റീൽ പിടിയും കാലും മാത്രം തെളിഞ്ഞു കാണാം... എന്തോ ബോബിയുടെ ഈയൊരു ഫ്രെയിം എന്റെ ബോധമണ്ഡലത്തിൽ ഒരു കലൈഡോസ്കോപ് എന്ന പോലെ മിന്നിമാറി. 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്ക് സമീപം ഉദയംപേരൂർ ആണ് ബോബിയുടെ സ്ഥലം. രണ്ട് ബ്രദേഴ്‌സ്, രണ്ട് സിസ്റ്റേഴ്സ് ആയ ഒരു വലിയ ഫാമിലി. എല്ലാ സഹോദരങ്ങളും വയസ്സിനു കുറെ മൂത്തതാണ്. അങ്ങനെ വീട്ടിലെ പൊടിമോൻ, അവനു കിട്ടാവുന്ന എല്ലാ ലാളനകളും ഏറ്റുവാങ്ങി വളർന്നു. 

ബെന്യാമിൻ എന്ന എഴുത്തുകാരന്റെ “മഞ്ഞവെയിൽ മരണങ്ങൾ” എന്ന ക്രൈം ത്രില്ലെർ നോവൽ അവൻ സൂചിപ്പിച്ചു. ഡീഗോ ഗാർഷ്യ എന്ന ദ്വീപിൽ ഉദയംപേരൂർ ബന്ധമുള്ള ക്രിസ്റ്റീൻ അന്ത്രപ്പർ എന്നയാളെ ചുറ്റിപ്പറ്റിയാണ് ആ നോവൽ എന്ന് ചുരുങ്ങിയ ഒരു ഗവേഷണത്തിൽ മനസ്സിലായി. “ആടുജീവിതം” എന്ന സൃഷ്ടിയിലൂടെ പ്രശസ്തനായ ബെന്യാമിന്റെ ഈ കൃതിയും മെച്ചമാവാനേ വഴിയുള്ളൂ. സമയം പോലെ വായിക്കണം എന്ന മുടിവെടുത്തു. 

നമ്മൾ പത്താം ക്ലാസ്സിലെ ചരിത്ര പുസ്തകത്തിൽ ഉദയംപേരൂർ സുന്നഹദോസ് എന്നൊരു മതസമ്മേളനത്തെ കുറിച്ച് പഠിച്ചിട്ടുണ്ട്. കേരളത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ പോപ്പിന്റെ സ്വാധീനം അരക്കിട്ടുറപ്പിക്കാനായി കൊണ്ടാടിയ അതിഗംഭീര പ്രവർത്തനമായിരുന്നു സുന്നഹദോസ്. വില്ലാറുവെട്ടം തോമ്മാ എന്ന കേരളത്തിലെ ഒരേയൊരു ക്രിസ്തീയ രാജവംശം അവിടെ ആയിരുന്നു ഉണ്ടായത്. തോമായുടെ മകൾ മറിയത്തെ കേന്ദ്രീകരിച്ചാണ് ബെന്യാമിന്റെ മേലെ പറഞ്ഞ നോവൽ എഴുതപ്പെട്ടത്. 

ഞാനും അരുണും കൂടെ ഒരിക്കൽ ബോബിയുടെ തറവാട്ടു വീട്ടിൽ പോയത് ഓർമയുണ്ട്. ഞാൻ ഐ എ എസ് ബേസിക് എക്സാം എഴുതാൻ പോയപ്പോൾ എന്നാണ് തോന്നുന്നത്. അന്ന് അവൻ ആ വീട് പുതുക്കി പണിയുന്നതോ, പുതിയ വീട് പണിയുന്നതോ ഒക്കെ പറഞ്ഞത് ഓർക്കുന്നു. വളരെ സൂക്ഷ്മമായി ഒരു പ്ലാനും എലിവേഷനും അന്ന് തന്നെ അവന്റെ പക്കൽ റെഡി ആയിരുന്നു. ഓരോ ഭാഗവും അതീവ ശ്രദ്ധയോടെ ഒരു പ്രത്യേക സ്റ്റൈലിൽ ആയിരുന്നു ഡിസൈൻ. 

പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം അവൻ അതേ സ്ഥലത്തു പുതിയൊരു വീട് വെച്ചു. ഒരു ഗ്രീൻ ഹൗസ് കൺസെപ്റ്റിൽ ആണ് നിർമ്മാണം. ബോബിയുടെ വീടിന്റെ തൊട്ടാണ് എറണാകുളത്തിനും ആലപ്പുഴക്കും ഇടക്കുള്ള വേമ്പനാട് കായൽ. അടുത്ത തവണ അവന്റെ വീടൊന്നു കണ്ടിട്ട് തന്നെ എന്നും മുടിവെടുത്തു. 

അവന്റെ ജീവിതസഖി ലിസ, എച് ആർ പ്രൊഫെഷണൽ ആണ്, വീട്ടു ഭരണം... മൂത്തമോൻ പ്ലസ് ടു, മോൾ സെവൻത് ഗ്രേയ്‌ഡ്‌ (2020). മോൻ നല്ലൊരു ക്രിക്കറ്റ് പ്ലെയർ ആണ്. 

സ്‌കൂൾ വിദ്യാഭ്യാസം ഉദയംപേരൂർ തന്നെ. പ്രീഡിഗ്രി സെന്റ് ആൽബെർട്സ് കോളേജിൽ. ചെറുപ്പം മുതലേ എൻജിനീയർ ആവണം എന്ന സ്വപ്നത്തിലായിരുന്നത് കൊണ്ട് എൻട്രൻസ് എഴുതി, എൻ എസ് എസിൽ എത്തി. 

ക്‌ളാസിൽ കയറുക എന്നത് ഒരു നിർബന്ധം ആയിട്ട് ഒരിക്കലും തോന്നിയില്ല. "ബിജു" ചാപ്ടറിൽ പറഞ്ഞ പോലെ സേഷണൽ മാർക്ക് എല്ലാം ബിജുന്റെ എഴുത്തിനെ ആശ്രയിച്ചിരിക്കും. അസ്സൈന്മെന്റ് ബിജു എഴുതിക്കഴിഞ്ഞു നേരെ ബോബിക്കാണ് വരുന്നത്. ബോബി വഴി അത് മറ്റു പലരിലും എത്തി തിരിച്ചു ബിജുവിൽ എത്തുമ്പോഴേക്കും അതൊന്നു കൂടെ എഴുതാനുള്ള പരുവം ആയിട്ടുണ്ടാവും. 

ബോബിയുടെ ഏറ്റവും ഡിസ്റ്റിംക്റ്റ് ആയിട്ടുള്ള കൈയക്ഷരശൈലിയാണ് ജ്യോതിഷ് ഓർത്തെടുത്ത്. വലിയ അക്ഷരങ്ങൾ തെങ്ങുകളെ പോലെ എല്ലാം ഇടത്തു വശത്തേക്ക് ചാഞ്ഞു നിൽക്കും, രാഷ്ട്രീയമായി അവൻ വലതുവശം പിടിച്ചെങ്കിലും... അതുപോലെ അവന്റെ സംസാരശൈലി പലർക്കും ഒന്നും പിടി കിട്ടാത്തത്ര വേഗത്തിൽ ആണ്. ആ സ്പീഡിനിടയിൽ പല വാക്കുകളും ആവിയായി പോവും. 

പരീക്ഷാഹാളിലേക്കു  വരുന്ന ബോബി ഉടനെ തന്നെ പലരോടും എവിടെയും കാണാത്ത ചില വിഷയങ്ങളെ പറ്റി ചോദ്യം ഉന്നയിക്കുന്നത് ഒരു പതിവായിരുന്നു. എല്ലാരേയും ഒന്ന് പേടിപ്പിക്കുക എന്ന കുസൃതി ആണ് ഉദ്ദേശം. ചിലർ അവന്റെ കളിയിൽ ശരിക്കും പെട്ടുപോയി വിയർത്തു നിൽക്കാറുണ്ട്. 

സ്‌ട്രക്‌ചറൽ അനാലിസിസ് എന്ന ക്ലാസ്സിൽ ഒരിക്കലും കയറിയില്ല എന്നാണ് ബോബിയുടെ ഓർമ. പ്രിൻസിയുടെ ദയയിൽ പലപ്പോഴും റിസൾട്ട് വിത്ത്ഹെൽഡ് ആവാതെ പുറത്തു വന്നിട്ടുണ്ട്. അവസാന വർഷം അതിനു യൂണിവേഴ്സിറ്റി വരെ പോയതും അന്ന് എ ടി പി യുടെ വീട്ടിൽ നിന്നതും അന്നത്തെ പല മറക്കാനാവാത്ത അനുഭവങ്ങളും ബോബിക്കിപ്പോൾ ഓർമ വരുന്നുണ്ട്.  

ബോബിക്ക് ശ്രീ മഹാദേവൻപിള്ള സാറുമായി നല്ലൊരു ആത്മാർത്ഥ കണക്ഷൻ ഉണ്ടായിട്ടുണ്ട്. സ്വതവേ അവനു എല്ലാ ടീച്ചർമാരുമായും ആദ്യം പറഞ്ഞ പോലെ ധൈര്യപൂർവ്വമായ പെരുമാറ്റമാണുണ്ടായിരുന്നത്. 

എസ് 6 ബ്രിഡ്ജ് ഡിസൈൻ ടെസ്റ്റിന് എല്ലാവരും ഒരേ ചോദ്യത്തിന് ആൻസർ എഴുതി കൊടുക്കാം എന്ന പ്ലാനിൽ ബോബിയുടെ നേതൃത്വത്തിൽ ആൻസർ ഷീറ്റ് പ്രിന്റ് ചെയ്തു വിതരണം ചെയ്തു. പിന്നീട് നമ്മുടെ പൊന്മാൻ സാർ ക്ലാസ്സിലേക്ക് വന്നു ക്രൂദ്ധനായി അലറി; “നിങ്ങളെല്ലാം ഇതിന് അനുഭവിക്കും... നിങ്ങൾക്കിത് തിരിച്ചു കിട്ടും ഓർത്തോ..” ജ്യോതിഷ് ഓർക്കുന്നു !

ക്‌ളാസ്സിനേക്കാൾ ബോബിയെ ആകർഷിച്ചത് മറ്റു പല കാര്യങ്ങളായിരുന്നു... ഫോട്ടോഗ്രഫിക് ക്ലബ്, ഹാം റേഡിയോ, ഐക്കഫ് എന്നിങ്ങനെ.. ക്രിക്കറ്റ്, ബോൾബാഡ്മിന്റൺ എന്നീ  സ്പോർട്സിലും ബോബി മാറ്റ് തെളിയിച്ചു കോളേജ് ടീമിലെല്ലാം പങ്കെടുത്തു. 

തോമസിന് ബോബിയുമായി മറക്കാനാവാത്ത  സൗഹൃദമാണുള്ളത്. അച്ചായന്മാർ എന്നതിലുപരി ഐക്കഫ് എന്ന സംഘടനയിലെ പ്രവർത്തനമാണ് അവരെ കൂടുതൽ അടുപ്പിച്ചത്. തുടക്കത്തിൽ തോമസിന് സ്വല്പം കളറുകൾ കാണുക എന്ന ലക്ഷ്യം ആണ് ഉണ്ടായിരുന്നത്. പക്ഷെ കുറെ സമയം കഴിഞ്ഞപ്പോളാണ് സംഘടനയുടെ യഥാർത്ഥ ലക്ഷ്യത്തിന്റെ നന്മ തോമസിന് വെളിവായത്. 

ബോബിയുടെ നിസ്വാർത്ഥവും അക്ഷീണവുമായ പ്രവർത്തനങ്ങൾ തോമസിന്റെ കണ്ണ് തുറപ്പിച്ചു എന്ന് പറയാം. അവന്റെ സ്റ്റേജ് ഫിയർ ബോബി മൂലമാണ് തീർത്തും മാറിയത് എന്ന് തോമസ് ഓർക്കുന്നു. ബോബിയുടെ കഠിനപ്രയത്നം മൂലം സംഘടനയുടെ അഖിലേന്ത്യാ തലത്തിലേക്ക് അവനെ കൊണ്ടെത്തിച്ചു. 

ഐക്കഫ്, കേവ്സ്... ഇത് രണ്ടുമാണ് ബോബിയുടെ ബി ടെക് നാല് നാലര വർഷത്തെ ജീവിതത്തിനെ വർണാഭമാക്കിയത്. കേവ്സ് ലെ അന്തേവാസി ഐ സി യിലെ വിൻസെന്റ് ആയിരുന്നു കൂട്ട്, കൂടാതെ രാരിച്ചൻ, നവനീത്, മജ്‌റൂഹ്, പോൾ, പ്രസാദ്, ജോബി... കേവ്സ് എന്ന “സ്‌പെഷൽ അഡ്ഡ” ബോബിയുടെ വ്യക്തിപ്രഭാവത്തിൽ ഒരുപാട് സ്വാധീനം ചെലുത്തി. 

ഐക്കഫ് മുഖേന ഇന്ത്യയുടെ പല സ്ഥലങ്ങളിലും ക്യാംപുകളിൽ പങ്കെടുത്തു.. കൽക്കട്ട, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ സ്വന്തം വീട്ടിൽ അറിയാതെ പോയി. എവിടെയോ വെച്ച് മലേറിയ പിടിച്ചു, എസ് 6-ൽ ആറു സപ്പ്ളി അടിക്കേണ്ടി വന്നു. അതും എസ് 7 പരീക്ഷകളും കൂടി അവസാന വർഷം ഒരു പരീക്ഷണ കാലം ആയിരുന്നു. ആ സമയത്തു ഏറ്റവും സഹായമായി വന്നത് ബിജു ആയിരുന്നു എന്ന് കൃതജ്ഞതാപൂർവം ബോബി എന്നും ഓർക്കുന്നു. സേഷണൽ എല്ലാം ജൂനിയേർസ് എഴുതി സഹായിച്ചു. 

ബോബി കോഴ്സിന് ശേഷം ഇന്ത്യ സീമെൻറ്സിൽ ജോലിക്ക് ചേർന്നു. കഴിഞ്ഞ 23 വർഷം അവിടെ തന്നെ പല പോസ്റ്റുകളിൽ. ഇപ്പോൾ സെയിൽസ് & മാർകെറ്റിങ്ന്റെ കേരള ഹെഡ് ആണ്. അവൻ ഇപ്പോളും പഠിച്ചു കൊണ്ടിരിക്കുന്നു, ഐ ഐ എം കാലിക്കറ്റ് ന്റെ എം ബി എ. 

ഇന്ത്യ സിമെന്റ്സിന്റെ സീനിയർ മാനേജ്മെന്റിൽ ആയതുകൊണ്ട് തന്നെ ചെന്നൈ സൂപ്പർ കിങ്‌സ് അവന്റെ ജീവിതത്തിന്റെ ഭാഗമാണ്. ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുമായും ഇടപഴകാൻ അവസരം കിട്ടിയിട്ടുണ്ട്. 

ഹരീഷിനും ബോബിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ബോബിയുടെ ചില സവിശേഷതകൾ ഹരീഷ് ഓർക്കുന്നു.. “ഫ്ലാമ്പോയന്റ്, സ്റ്റൈലിഷ്, എനെർജെറ്റിക്, ആൾവേസ് പോസിറ്റീവ് & സ്മൈലിങ്, അത്‌ലറ്റിക്, പന്ക്ച്വൽ...” എസ് 3 ടൂറിനിടയിൽ ഏറ്റവും അപ്ഡേറ്റഡ് സ്റ്റൈലിൽ ഡ്രസ്സിങ്  ചെയ്ത ആൾ ബോബി ആയിരുന്നു. ടൂറിലെ ഒരു “ലൈവ് വയർ” ബോബി തന്നെ ആയിരുന്നു. ഊട്ടിയിൽ വെച്ച് ചില നാട്ടുകാരുമായി അടിയുടെ വക്കിൽ എത്തിയ സംഭവം നാരായണൻ ഓർക്കുന്നു. 

സ്ഥിരമായി ക്‌ളാസ്സിലേക്കു ഷൂ ഇട്ടു വന്ന ചുരുക്കം ചിലരിൽ ഒരാൾ... ക്യാമ്പസ് കുമാരൻ എന്ന് ആരെയെങ്കിലും നമ്മുടെ ഇടയിൽ നിന്നും പറയാമെങ്കിലും അത് ബോബിയാണ്. ഒരു റോൾ മോഡൽ, തനി എറണാകുളം കാരൻ! ക്ലാസ്സിലെ എല്ലാവരുമായി സംസാരിച്ചിട്ടുള്ള ഒരാൾ ഒരു പക്ഷെ ബോബി മാത്രം ആയിരിക്കും. 

ഒരിക്കൽ ഹരീഷ് കേവിലേക്കു നടന്നു പോവുമ്പോൾ എവിടെ നിന്നോ ബോബിയുടെ വിളി കേട്ടു ... ചുറ്റും എല്ലായിടവും പരാതിയിട്ടും അവനെ കാണുന്നില്ല... പിന്നീടാണ് തെങ്ങിന്റെ മണ്ടക്കുനിന്നും തേങ്ങാ വീണത് കണ്ടപ്പോൾ മേലേക്ക് നോക്കിയത്... അവിടെ ഇരിപ്പാണ് ബോബി. ഒരിക്കൽ റൂമിൽ ഉറങ്ങുന്നതിനിടക്ക് തലയിൽ പാമ്പ് വീണ കഥയും ഉണ്ട്. 

സർവ്വേ ലാബിന്റെ ഗ്രൗണ്ടിലായിരുന്നു യു വി എസ്, അർച്ചന നിവാസ്, കേവ്സ്, ഗോകുലം ലോഡ്ജുകളിലേ അന്തേവാസികളുടെ ക്രിക്കറ്റ്, ഫുട്ബോൾ കളികൾ... വെയിലത്താണെങ്കിലും മഴയിലാണെങ്കിലും... ബോബിയുടെ സജീവ പങ്കാളിത്തം അവിടെ എപ്പോഴും ഉണ്ടായിരുന്നു. 

ഹരീഷിനും ഫാമിലിക്കും ബോബിയുമായും ഫാമിലിയുമായും നല്ല ബന്ധം ഉണ്ട്. വീടിന്റെ വളപ്പിൽ തന്നെ ഫാർമിംഗ് അവൻ ചെയ്യുന്നുണ്ട്. തൃപ്പൂണിത്തുറയിലെ അമേദ നാഗ ക്ഷേത്രം ബോബിയുടെ വീടിനടുത്താണ്.

തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രം പ്രസിദ്ധമാണല്ലോ. അവിടത്തെ ഉത്സവങ്ങൾക്ക് പെരുവനം കുട്ടൻ മാരാരുടെ ചെണ്ടമേളം അനേകായിരം താളമേളപ്രേമികളെ ആനന്ദവർഷത്തിൽ ആറാടിക്കുന്നു.

തൃപ്പുണിത്തുറ എന്ന് പറയുമ്പോൾ ഓർക്കാതെ പോവാൻ പറ്റാത്ത പേരാണ് യശഃശരീരനായ എം എസ് തൃപ്പൂണിത്തുറ. സുവിശേഷ നമ്പൂതിരി ആക്സന്റിൽ അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസ് ഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം ഏറ്റവും നന്നായി അനുകരിക്കുന്ന കോട്ടയം നസീറിനെയും ഇത്തരുണത്തിൽ ഓർക്കുന്നു. 

ബോബിയുടെ ഫാമിലിക്ക് ഇലെക്ട്രിക്കൽ സംബന്ധമായ എന്തോ ബിസിനസ് കൊച്ചിയിൽ ഉള്ളത് അരുൺജി ഓർക്കുന്നു. പ്രൊജക്റ്റ് ടീം അംഗം എന്ന നിലക്ക് വളരെ ആക്റ്റീവ് ആയിരുന്നു ബോബി. 

ബോബിയുടെ കഥപറയുന്ന സ്റ്റൈൽ അതിവിശേഷമാണെന്ന് ബിജു ഓർക്കുന്നു. എത്ര വലിയ “തള്ളൽ” ആണെങ്കിലും കേൾക്കുന്ന ആളെ വിശ്വസിപ്പിക്കാനുള്ള അസാമാന്യ കഴിവ് അവനുണ്ടായിരുന്നു. 

അതേസമയം ബോബിയുടെ വലിയൊരു മേന്മ അവന്റെ കൃത്യസമയത്ത് ആക്ഷൻ ചെയ്യാൻ തയ്യാറെടുക്കുന്ന ചടുലതയാണ്. ഒരിക്കൽ പ്രൊജക്റ്റ് സംബന്ധമായ ചില റിസൾട്ടുകളെ പറ്റി പ്രൊഫ. മുരാരി സംശയം പ്രകടിപ്പിച്ചു. വലിയൊരു ഹൈവേ ഡിസൈനിലേക്കുള്ള ഇൻപുട് ആയിരുന്നു അവ. അപകടം മണത്ത ബോബി, അരുണിനെയും കൂട്ടി ബിജുവിന്റെ വീട്ടിൽ വന്ന് അവനെയും കൂട്ടി തിരിച്ചു മുരാരി സാറെ കണ്ടു പ്രശ്നം പരിഹരിച്ചു. 

കൊളാഷിൽ കാണുന്ന പോലെ വിവേക് ഒബ്രോയിയുടെ ലുസിഫെറിലെ ബോബി ബിമൽ നായർ എന്ന വില്ലൻ കഥാപാത്രം 2019 ൽ അനവധി വേദികളിൽ പുരസ്കരിക്കപ്പെട്ടു. ഫുൾ കലിപ്പിൽ നിറഞ്ഞാടുന്ന സ്റ്റീഫൻ എന്ന ലാൽ കഥാപാത്രത്തെ നേരിടാൻ ആ സുന്ദരവില്ലനു ഒരു വിധം സാധിച്ചു. 

1973 ൽ റിലീസ് ആയ രാജ് കപൂർ മൂവീ ബോബി, ബോളിവുഡ് ബോക്സ് ഓഫിസിനെ കീഴ്മേൽ മറിച്ചു. ഋഷികപൂർ, ഡിംപിൾ കപാഡിയ എന്ന ഡേബ്യു ഹീറോ-ഹിറോയ്‌ൻ യുവമനസ്സുകളിൽ ഒരു വിപ്ലവം തന്നെ രചിച്ചു. നമ്മുടെ ബോബിയുടെ പേരിനും ബോബി സിനിമയിൽ നിന്നും ഉൾകൊണ്ട ഒരു ഇൻസ്പിറേഷൻ ഉണ്ടത്രെ!

ഞാൻ ഓർത്തതെല്ലാം പലരുടെയും ഓർമകളിൽ ചേർന്നുപോയി. അവസാനമായി എന്റെ ഒരു ചെറിയ വിചാരം എഴുതാം.. ടൈറ്റിൽ.. ബോബി എന്ന പേരിനു പ്രാസം ഒപ്പിക്കാൻ ബോൾഡ് എന്ന് ഉറപ്പിച്ചു... ഇനി അടുത്ത വാക്ക്? ബ്യൂട്ടിഫുൾ പോരാ... പിന്നെ കുറെ വാക്കുകൾ വന്നു... ബോയിലിംഗ്, ബ്രേവ്, ബ്രില്യന്റ്, എല്ലാം അവനെ സംബന്ധിച്ചു ശരിയുമാണ്. അപ്പോഴാണ് ബിജുവിന്റെ സ്മരണകളിൽ ജ്യോതിഷ് “ബോയ്‌സ്റ്ററസ് സ്‌മൈൽ” എന്ന് എഴുതിയപ്പോൾ പകുതി തമാശക്ക് ഞാൻ തരൂർ ഇംഗ്ലീഷ് എന്ന് പറഞ്ഞത് ഓർമ വന്നത്; “ഉത്സാഹമുള്ള”... എന്തൊരു കാര്യത്തിലും ഉത്സാഹത്തോടെ ഇടപെടുന്ന ആളാണ് ബോബി; സൗഹൃദങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. അവന്റെ ജീവിതവിജയങ്ങൾ ഇനിയും ഒരു തുടർക്കഥയായി സംഭവിച്ചുകൊണ്ടേ ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്... 

സസ്നേഹം 

മനു എം പി 

മസ്കറ്റ് 

22 ഏപ്രിൽ 2020 : 05:24 pm

Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം