സുഹൃദ് സ്മരണ | അൽത്താഫ് അൻവർ
കൊറോണാ വൈബ്‌സ് ~ അൽത്താഫ് അൻവർ
ഒലവക്കോടിനെ ഓമനിച്ച കൊച്ചിക്കാരൻ
രണ്ടു ചിരിക്കുടുക്കകൾക്കിടയിൽ കുടുങ്ങിപ്പോയ പാവം മുനിയാണ്ടി മാപ്ല ചെക്കൻ... അൽതാഫ് എന്നും ഒരു മിസ്റ്റീരിയസ് കാരക്റ്റർ ആയിരുന്നു. അവനിപ്പോൾ എവിടെയുണ്ടെങ്കിലും സുഖമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ “അൽതാഫ്… ഒലവക്കോടിനെ ഓമനിച്ച കൊച്ചിക്കാരൻ”
അൽതാഫിന്റെ ഓർമ്മകൾ പലർക്കും, പറഞ്ഞറിയിക്കാനാകാത്ത ലെവലിൽ നൊസ്റ്റാൾജിയ പകർന്നു തന്നു എന്ന് പറയുകയുണ്ടായി. ഞാൻ എഴുതി തുടങ്ങിയപ്പോൾ രണ്ടോ മൂന്നോ പാരഗ്രാഫ് മാത്രമേ എഴുതാൻ ആദ്യം പറ്റിയുള്ളൂ. അപ്പോളാണ് ഞാൻ എല്ലാവരോടും അവരവരുടെ ഓർമ്മകൾ ഷെയർ ചെയ്യാൻ അപേക്ഷിച്ചത്. പ്രതീക്ഷിച്ചപോലെ തന്നെ കുറെ സുഹൃത്തുക്കളുടെ മനസ്സുകളിൽ ഓളം തല്ലി വന്ന ഓർമയുടെ തിരകൾ തീരത്തോട് കിന്നാരം പറഞ്ഞു. ആ കിന്നാരങ്ങൾ രാത്രിയിലെ മിന്നാമിനുങ്ങുകളെ പോലെ രൂപം പേറി എൻ്റെ ഉൾമനസ്സിലേക്കു പാഞ്ഞുകയറി അവിടെയാകെ തീ കൊളുത്തി. പിന്നീടൊരു ആളിക്കത്തലായിരുന്നു, പടുതിരി പോലെ. അൽത്താഫിനെ കുറിച്ച് എഴുതിയ അവസാനത്തെ രണ്ടു പാരഗ്രാഫുകൾ നനഞ്ഞ കണ്ണുകളുമായി, കാഴ്ച മങ്ങിയാണ് ഞാൻ എഴുതി തീർത്തത്. അതിശയോക്തിയല്ല.. അതിന്റെ ആവശ്യവുമില്ലല്ലോ.
എന്തുകൊണ്ട് ഒലവക്കോട്...? എനിക്കിന്നും അൽത്താഫ് എന്ന പേരുച്ചരിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അവനേറ്റവും ഇഷ്ടമുള്ള ആ സ്ഥലം തന്നെ… എൻ്റെ ഊഹം ശരിയാണെങ്കിൽ കോഴ്സിന്റെ നാലുവർഷവും അൽത്താഫ് ഒലവക്കോട്ടുള്ള ഏതോ ലോഡ്ജ് മുറിയിൽ തനിച്ചായിരുന്നു താമസം. പലപ്പോഴും ആ മുറി എവിടെയാണെന്ന് അന്വേഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു എങ്കിലും നടന്നില്ല. അപ്പോഴൊക്കെ എന്റെ മനസ്സിലേക്ക് വന്ന ഒരു വിചാരമുണ്ട്… അവൻ ഒരു പക്ഷേ, പഴയ ബാൾകീസ് ടാക്കീസിന്റെ സമീപം എവിടെയെങ്കിലും ആകാമെന്ന്! എന്തോ കാരണത്താൽ അങ്ങനെ വിചാരിക്കാനാണ് എൻ്റെ മനസ്സിന് തോന്നുക എന്നല്ലേ പറയേണ്ടൂ… ഒലവക്കോട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പുതിയപാലം വഴി പോകുമ്പോൾ എന്നും ഞാൻ ഡ്രൈവറുടെ സൈഡിൽ ഇരിക്കാൻ ശ്രമിക്കാറുണ്ട്… കാരണം, അവിടെ ഇരുന്നാൽ ബാൾകീസ് ടാകീസ് കാണാല്ലോ! ഇന്നലെ ആ സ്ഥലം വെറുതെ ഗൂഗിൾ ചെയ്തപ്പോൾ, "സ്ഥലം വില്പനക്ക്" എന്ന പരസ്യമാണ് കണ്ടത്…
വീണ്ടും ബാൾകീസിനെ കുറിച്ച് കൂടുതൽ അറിയണം എന്ന ആഗ്രഹത്തിൽ പിന്നെയും ഗൂഗിൾ പരതി… "ബൾഖീസ്" എന്നത് "ദി ക്വീൻ ഓഫ് ഷേബാ" എന്നാണ് വികിപീഡിയ പറയുന്നത്. പുരാതന അറേബ്യൻ ചരിത്ര താളുകളിലെ വളരെ ശക്തമായ ഒരേടുതന്നെയാണ് ഷേബായിലെ രാജ്ഞിക്ക് വേണ്ടി കാലം കാത്തുവെച്ചത്.
ആത്മീയമായ അറേബ്യൻ തിരുവെഴുത്തുകളിൽ പോലും അടങ്ങിയ പേരാണ് ഷേബാ എന്നത് എനിക്ക് സ്വല്പം കൗതുകം ഉളവാക്കി എന്നത് സത്യമാണ്. അതും പോരാതെ, ഹീബ്രൂ ബൈബിളിലും കാണപ്പെടുന്ന ഒരു പേരാണ് ഇതെന്ന് കൂടുതൽ കൗതുകത്തിന് കാരണമായി. ഷേബാ എന്ന പുരാതന രാജ്യം ഇപ്പോഴത്തെ യമൻ രാജ്യത്തിൻറെ ഏതോ ഭാഗമായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സോളമൻ രാജാവിന്റെ കാലഘട്ടത്തിൽ എത്യോപ്യയുമായി ചില ബന്ധങ്ങൾ ഷേബാ രാജ്ഞിക്കുള്ളതായും വായിച്ചെടുക്കാം. ഷേബായിലെ രാജ്ഞി ആയിരുന്ന ബൾഖീസ്, ശക്തമൊയൊരു കഥാപാത്രമായി ചരിത്രത്തിന്റെ താളുകളിൽ വായിക്കാൻ കഴിഞ്ഞത് എനിക്ക് വളരെയധികം സന്തോഷം പ്രദാനം ചെയ്തു.
കൊളാഷിലെ "ക്വീൻ ഓഫ് ഷേബാ" ചിത്രത്തിലെ പോലെ തീക്ഷ്ണമായ ദൃഷ്ടി ഉണ്ടായിരുന്നു അൽത്താഫിനും. അവന്റെ മുഖം മനസ്സിൽ ഫോക്കസ് ചെയ്യുന്തോറും ആ തീക്ഷ്ണത ഏറിയേറിവന്നു. അതിലൊരു നിഗൂഢത എന്നും ഒളിച്ചിരിക്കാറുണ്ടായിരുന്നു. ആ തീക്ഷ്ണതക്കു പുറകിൽ ചില ഗദ്ഗദങ്ങളും നിശ്വാസങ്ങളും ഉണ്ടായിരുന്നില്ലേ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇത്രയും പറഞ്ഞത് അൽത്താഫിന്റെ കഥയിൽ നിന്നും വ്യതിചലിക്കാനല്ല എന്നത് സത്യം. ബിജു പറഞ്ഞ പോലെ, അൽത്താഫിൽ ഒരു "സോഫിസ്റ്റിക്കേറ്റഡ് കൊച്ചിക്കാരൻ" എന്ന നിലക്കുള്ള ഒരു ലക്ഷണവും കണ്ടെടുക്കാൻ ആയില്ല എന്നതാണ് സത്യം. അതും പോരാതെ, അവൻ ഒരു പക്കാ ഒലവക്കോട്ടുകാരൻ ആയി മാറുന്നത് ഫീലും ചെയ്തിരുന്നു. അത്രകണ്ട് അവൻ പാലക്കാടിനെയും ഒലവക്കോടിനേയും ഇഷ്ടപ്പെട്ടിരുന്നു. "മണീ'സ് കഫേ" യിലെ പൊറോട്ടയും ബീഫും ആയിരുന്നു അവൻ്റെ ഇഷ്ട ഭക്ഷണം. പ്രാതലും അത്താഴവും എന്നും അവിടെ നിന്നായിരുന്നു.
മറ്റു പലരുടെയും പോലെ, എനിക്കും അൽത്താഫുമായി ഒന്ന് മിണ്ടിവരാൻ തന്നെ എസ്-4 ആയി എന്നാണ് ഓർമ്മ. അവനെ അങ്ങോട്ട് പോയി മിണ്ടിക്കുകയല്ലാതെ അൽത്താഫ് ഇങ്ങോട്ട് വന്നു സംസാരിക്കുക എന്നത് തീർത്തും അസാധ്യമായിരുന്നു. അഥവാ അങ്ങനെ വല്ല അദ്‌ഭുതവും സംഭവിച്ചാൽ തന്നെ, അതൊരു ചെറു പുഞ്ചിരിയോടെ ആയിരിക്കും എന്നതും ഓർമയുണ്ട്. അവൻ ശബ്ദം അധികം ഉയർത്താതെ സംസാരിക്കുന്നത് കൊണ്ട്, അടുത്തുവന്നേ എന്തെങ്കിലും പറയാൻ തുടങ്ങൂ. എന്നാലേ അവൻ പറയുന്നത് അടുത്താൾക്ക് കേൾക്കാൻ പറ്റൂ എന്നതുതന്നെയാണ് കാരണം. അവൻ്റെ ആ നാല് വർഷങ്ങളിൽ ആരോടെങ്കിലും കയർത്തു സംസാരിക്കുന്നതോ തട്ടിക്കയറുന്നതോ ഞാൻ കണ്ടിട്ടില്ല. മണിയുടെ വാക്കുകൾ കടമെടുത്താൽ: "എടാ, അൽത്താഫ് ഒരു പഞ്ചപാവാർന്നു!"
അൽത്താഫ് ഒന്നും ഓപൺ ആയിട്ട് പറഞ്ഞിരുന്നില്ല. എന്തും അവൻ മനസ്സിൽ ലേശമെങ്കിലും പിടിച്ചു വെക്കുമായിരുന്നു. അല്ലെങ്കിൽ ഹൃദയത്തിൽ എന്തൊക്കെയോ അമർത്തി വെക്കുന്നപോലെ. വീണ്ടും മണി പറയുന്നപോലെ, "അവൻ എല്ലാരോടും ഒരു ഗ്യാപ്പിട്ടേ സംസാരിക്കൂ. ആർക്കും അവന്റെ മനസ്സിലേക്ക് ആക്സസ് കിട്ടുമായിരുന്നില്ല." ഇത് പറയുമ്പോൾ മണിക്ക് ആരുടെയൊക്കെ മനസ്സിലേക്ക് ആക്സസ് കിട്ടിയിരിക്കാം എന്നായിരുന്നു എന്റെ ചിന്ത… എന്താല്ലേ…!
ഗഫൂർ പറഞ്ഞപോലെ, "അൽത്താഫ് എന്നും ഉള്ളിലേക്ക് ഒതുങ്ങികൂടിയാണ് ജീവിച്ചത്. ഒരു ബേസിക് ഇന്ട്രോവേർട്ട്…!" ഗഫൂർ ആണ് "ബ്രീസ് ലോഡ്‌ജ്" എന്ന പേര് ബ്രേക്ക് ചെയ്തത്. പ്രോജക്ട്, ലാബ് മേറ്റുകൾ ഒക്കെ ആയിരുന്നെങ്കിലും ഗഫൂറിനോടോ ബിഷറിനോടോ പോലും അവന്റെ സ്വന്തം പ്രശ്നങ്ങൾ സംസാരിക്കാൻ അൽത്താഫ് കൂട്ടാക്കിയില്ല. അതൊരു ഒതുങ്ങിക്കൂടൽ തന്നെ ആയിരുന്നു. ബ്രീസ് ലോഡ്‌ജിലെ ആ ചെറിയ മുറിയിൽ, ഒറ്റക്ക്! തീവണ്ടികളുടെ നിലക്കാത്ത ചൂളം വിളികളും കിതപ്പും എല്ലാം അവൻ്റെ ചിത്തത്തിൽ സമാന്തരങ്ങൾ സൃഷ്ടിച്ചിരിക്കാം. ബ്രീസ് ലോഡ്‌ജ് ഒലവക്കോട് റെയിൽവേ സ്റ്റേഷന് തൊട്ടായിരുന്നു എന്നോർമ്മ വരുന്നു. ഗഫൂറിന് നന്ദി.
പഠിത്തവിഷയത്തിൽ അൽത്താഫ് എന്നും കഠിനാധ്വാനം ചെയ്യുമായിരുന്നു. ഒരു പക്ഷെ ഒറ്റയ്ക്ക് താമസിക്കാനുള്ള അവന്റെ തീരുമാനം ആരുടേയും ശല്യം വേണ്ടല്ലോ എന്നത് കൊണ്ടായിരിക്കാം. എന്നാൽ അവന് ധാരാളം ബാക്ക് പേപ്പേഴ്സ് ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. എത്രയൊക്കെ അവൻ ചിരിച്ചു കാണിച്ചാലും അതിന്റെയൊക്കെ സങ്കടങ്ങൾ അവനിനുള്ളിൽ നീറുണ്ടായിരിക്കാം. അങ്ങനെയൊക്കെ ആണെങ്കിലും അൽത്താഫ് എന്നും ആരെയും സഹായിക്കാൻ റെഡി ആയിരുന്നു, വിശേഷിച്ചും പഠിത്തവിഷയത്തിൽ.
ബിജുവിന് ഓർമവന്നത് അൽത്താഫിന്റെ സെമിനാർ രംഗം ആണ്. സെമിനാർ തുടങ്ങുന്നതിനു മുൻപേ അവൻ കുറെ ചിറ്റ് ഉണ്ടാക്കി അതിൽ ഓരോന്നിലും അവന് ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ മാത്രം എഴുതിയുണ്ടാക്കി. അവയോരോന്നായി ഓരോ സഹപാഠിക്കും കൊടുത്തു. ഇത്രക്കും പ്രീപറേഷൻ ചെയ്യാൻ ആ ക്ലാസ്സിൽ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നത് സംശയമാണ്. ആ ചീട്ടുകളിൽ ഓരോന്നിലും അവൻ ആ ചോദ്യത്തിനുള്ള ഉത്തരവും എഴുതിയിരുന്നു എന്നതാണ് ഏറ്റവും രസകരം. ഒരു പക്ഷെ അവന്റെ ഇൻട്രോവേർട്ട് എന്ന ഒരു സ്വഭാവം ഇത്രയും രൂക്ഷമല്ലായിരുന്നെങ്കിൽ ഒരു ടോപ് സ്റ്റുഡന്റ് ആയി തന്നെ അൽത്താഫ് കോഴ്സ് തീർക്കുമായിരുന്നു എന്നെനിക്ക് തോന്നുന്നു.
ഇമോഷണൽ രംഗങ്ങൾക്കിടക്ക് ചില രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ്, അവന്റെ "പേറ്റൻഡഡ് ഞോണ്ടി വിളിക്കൽ"...! അവനോട് അടുത്ത് പെരുമാറിയ ചില കൂട്ടുകാരിൽ ഒരാളായ ജിക്കു പറയുന്ന പോലെ, അൽത്താഫിന്റെ ഞോണ്ടി വിളിക്ക് ഏറ്റവും അധികം പാത്രമായത് മണി ആവാനേ തരമുള്ളൂ! ക്ലാസ്സിൽ വളരെ സീരിയസ് ആയിട്ട് ഇരിക്കുന്ന എല്ലാവരും നിശബ്ദമായ സമയത്ത്, പെട്ടെന്നായിരിക്കും മണി ഇരുന്നയിരുപ്പിൽ ഞെട്ടുന്നത് കാണാം… അൽത്താഫിന്റെ ഞോണ്ടൽ നടന്നതാണ്! പലപ്പോഴും ഇത്തരം നാടകം മണിയുടെ പ്രശസ്തമായ ജയസൂര്യാ ചിരിയിൽ മുങ്ങിപോവാറാണ് പതിവ്. ചില ഘട്ടങ്ങളിൽ മണിയുടെ ജയസൂര്യ, ഭീമൻ രഘു ആയി പരിണമിക്കും. അപ്പോൾ അൽത്താഫിന് തിരിച്ചും ഞോണ്ടലും കിഴുക്കും എല്ലാം സുലഭമാവും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ!
ഇനിയുമുണ്ട് അൽത്താഫ് ഞോണ്ടൽ തമാശകൾ! ചിലപ്പോൾ അവന്റെ ഞോണ്ടൽ മണി, എൽ പി സ്‌കൂളിലെ കുട്ടികളെ പോലെ, നേരെ നിഖിലിന് കൈമാറും. സാധാരണ നിലക്ക് സമാധാന പ്രിയനായ നിഖിൽ ആ നിമിഷം ഒരു സ്ലോ മോഷനിൽ അവന്റെ കഴുത്തു തിരിക്കും, ലൂസിഫറിൽ മോഹൻലാൽ ഒരു സ്റ്റണ്ട് സീനിൽ ചെയ്തപോലെ. മണിക്കാണെങ്കിൽ ജയസൂര്യ ചിരി മാറി ജനാർദനൻ ചിരി ആയിട്ടുണ്ടാവും. ആ ചിരി പതുക്കെ പിന്നിലെ ബെഞ്ചിലെ ജിക്കു, ബിജു, നാണു വഴി, എനിക്കും ജ്യോതിഷിനും വന്നു ചേരും. അരുണിന് ഇതെല്ലാം വെറും നേരമ്പോക്കാണല്ലൊ! അതുകൊണ്ട്, അവന്റെ മുഖം എപ്പോഴും ലൂസിഫറിലെ പൃഥ്വിരാജ് ആണ്!
അൽത്താഫിന്റെ വേറെ ഒരു വിശേഷത, അവന്റെ ഡ്രസിങ് സെൻസ് ആണ്. ബിഷറിനെ പോലെ നന്നായി ഷർട്ട് ടക്ക് ചെയ്താണ് അൽത്താഫും ക്ലാസ്സിൽ വരിക. ഒറ്റ ചുളിവുപോലും ഇല്ലാതെ നീറ്റ് ആയി അയേൺ ചെയ്തു വടിപോലെ ആക്കിയ ലൈറ്റ് കളർ ഷർട്ടും, പാന്റും ഇന്നും നല്ല ഓർമയിലുണ്ട്. അവന്റെ സിഗ്നേച്ചർ കോമ്പിനേഷൻ ലൈറ്റ് പിങ്ക് ഷർട്ടും മീഡിയം ഗ്രെ പാന്റ്സുമാണ്. അതുപോലെ എപ്പോഴും താടി നന്നായി ഷേവ് ചെയ്ത് ഫ്രഷ് ആയ മുഖവും നന്നായി ചീകി ഒതുക്കിയ തലമുടിയും. ഇത്രയും പറയുമ്പോൾ അൽത്താഫിന്റെ ഹൃദയം തുറന്നുള്ള ചിരിക്കുന്ന മുഖം നമ്മുടെ മനസ്സിൽ മറ നീക്കി പുറത്തു വരും… നിനച്ചിരിക്കാതെയെൻ നയനങ്ങൾ നനഞ്ഞോയെന്നൊരു നിനവ്…
കൊച്ചി-5 ലെ കൊച്ചങ്ങാടിയിൽ 13/597 വീട്ടിലെ അൽത്താഫ് അൻവർ... നീയെവിടെയാണ്? എവിടെയാണെങ്കിലും നീ ഞങ്ങളെ ഓർക്കുന്നുണ്ടാകുമല്ലോ? ഞങ്ങളും നിന്നെ ഒരിക്കലും മറന്നിട്ടില്ലാ! എന്നെങ്കിലും നിന്നെ കണ്ട് നിന്റെ എല്ലാ വർത്തമാനങ്ങളും അറിയാൻ കൊതിക്കുന്ന ഒരു സംഘം കൂട്ടുകാർ ഇത് വായിക്കുന്നുണ്ട് എന്ന് മാത്രമേ ഇത് ഉപസംഹരിക്കുമ്പോൾ എനിക്കെഴുതാൻ ആകുന്നുള്ളൂ. അള്ളാഹ് മാലിക്.
അൽത്താഫിന്റെ സ്മരണകൾ പങ്കുവെച്ച എല്ലാർക്കും പ്രത്യേക സ്നേഹം അറിയിക്കുകയാണ്; അനിൽ ജിക്കു, ബിജു ചേട്ടൻ, മണി ജയസൂര്യാ, ഗഫൂർ കാ ദോസ്ത്, കുട്ടൻ മനോജ്… നിങ്ങളുടെ ഓരോ വാക്കും പുതുമാരി തൻ തെളിനീർ തുള്ളികൾ പോലെ അനുഭവപ്പെട്ടു. ഏവർക്കും നല്ലൊരു ദിനം നേർന്നുകൊണ്ട്,
സസ്നേഹം
മനു എം പി
31 മാർച്ച് 2020
Comments
Post a Comment