> ആദിശങ്കരാചാര്യ ഭഗവദ്പാദരാൽ സംസ്കൃത ഭാഷയിൽ വിരചിക്കപ്പെട്ട ദേവീ സ്തോത്രകൃതിയാണ് സൗന്ദര്യ ലഹരി. നാമം അരുളിചെയ്യുന്ന പോലെ, പരാശക്തീ ഭംഗിയുടെ അലകളാണ് ഈ സ്തോത്രമാലയിൽ ഉടനീളം പരമാചാര്യൻ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
> മഹർഷി ഗൗഡപാദരുടെയും ഗോവിന്ദഭഗവദ്‌പാദരുടെയും ഗുരുപരമ്പരയിലൂടെ ശങ്കരാചാര്യസ്വാമികൾക്ക് അന്തിമാഖ്യാനം നിർവഹിക്കാനുള്ള പരമകർമ്മം കൈവന്നു എന്നാണ് എന്റെ പരിമിതമായ അറിവിൽ വെളിവാകുന്നത്.
> ഈ ബ്ലോഗിലൂടെ ഈ പാവനസ്തോത്രത്തിലെ ഓരോ ശ്ലോകത്തിന്റെയും സാമാന്യമായ അർത്ഥം ഞാൻ എങ്ങനെ ഗ്രഹിച്ചുവോ അങ്ങനെ മലയാളത്തിൽ എഴുതുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നത്.
> തെറ്റുകളും തിരുത്തലുകളും വായനക്കാർ അറിയിക്കണം എന്ന് ആഗ്രഹിക്കുന്നു.
|| ഓം ദേവ്യൈ നമഃ ||
••••••••••••••••••••••
നന്ദി ::
• ശ്രീ ശ്രീ മാതാ അമൃതാനന്ദമയീ ദേവി
• ആചാര്യൻ പൂജനീയ സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി
• ബ്രഹ്മശ്രീ കാലടി മാധവൻ നമ്പൂതിരി
• സൗന്ദര്യലഹരീഉപാസനാമണ്ഡലി
• ഡോ. കെ ഉണ്ണികൃഷ്ണൻ
• ശ്രീ ഹരികൃഷ്ണൻ ജി
• ശ്രീ അനീഷ് പൊറ്റമ്മൽ
• ശ്രീമതി ഗീത മഠത്തിൽ
••••••••••••••••••••••
ശ്ലോകം /1/
🕉️🕉️🕉️
ശിവശ്ശക്ത്യാ യുക്തോ,
യദി ഭവതി ശക്തഃ പ്രഭവിതും,
ന ചേദേവം ദേവോ,
ന ഖലു കുശലഃ സ്പന്ദിതു-മപി ।
അത-സ്ത്വാ-മാരാധ്യാം,
ഹരിഹര-വിരിഞ്ചാദിഭി-രപി,
പ്രണന്തും സ്തോതും വാ,
കഥ-മകൃതപുണ്യഃ പ്രഭവതി ॥ 1॥
🪔🪔🪔🪔🪔
ശക്തിയുക്തരഹിതം മംഗളദേവനശക്തം
ഇഹലോകത്തിങ്കൽ സൃഷ്ട്യാദികർമ്മത്തിൽ
പ്രഭവമശേഷമില്ലാതീശ്വരൻ ശിവൻ
സ്‌പന്ദനമൊട്ടുമില്ലാതചലമായ്ത്തീരുന്നു! |
അകൃതപുണ്യനാമടിയൻ, അംബികാസ്തുതി
ചൊല്ലാതെയെപ്രകാരമാണവിടുത്തെ വന്ദിച്ചു
ആരാധനാക്രമം ചെയ്യും, തവ പാദാരവിന്ദം
സദാ ത്രിമൂർത്തിപൂജിതമല്ലോ, പ്രഭവതീ ! ||
••••••••••••••••••••••
ശ്ലോകം /2/
🕉🕉🕉
തനീയാംസം പാംസും,
തവ ചരണപങ്കേരുഹ-ഭവം
വിരിഞ്ചി-സ്സഞ്ചിന്വൻ,
വിരചയതി ലോകാനവികലം ।
വഹത്യേനം ശൗരിഃ,
കഥമപി സഹസ്രേണ ശിരസാം,
ഹര-സ്സംക്ഷുഭ്യൈനം,
ഭജതി ഭസിതോദ്ധൂളനവിധിം ॥ 2॥
🪔🪔🪔🪔🪔
തന്മാത്രസൂക്ഷ്‌മം തവ പാദാബ്ജ-
ധൂളികളെയൊന്നൊന്നായെടുത്തു
വിരിഞ്ചവിരചിതമിദം പ്രപഞ്ചം
പാവനമാം തവ പാദമൂലസംഭവം |
വൈഷ്ണവമാദിശേഷൻ തന്നുടെ സഹസ്ര-
ശൃംഗങ്ങളാലൊരുവിധം താങ്ങിനിർത്തുന്നതിഹ
രുദ്രനാധൂളികൾ ഭസ്മീകരിച്ചീഹയോടെ
വിഭൂതിയായലങ്കരിച്ചു ഭജിച്ചീടുന്നു ദേവീ! ||
••••••••••••••••••••••
ശ്ലോകം /3/
🕉🕉🕉
അവിദ്യാനാമന്ത-സ്തിമിര-
മിഹിര-ദ്വീപനഗരീ,
ജഡാനാം ചൈതന്യ-സ്തബക-
മകരന്ദ-സ്രുതിഝരീ ।
ദരിദ്രാണാം ചിന്താമണിഗുണനികാ
ജന്മജലധൗ,
നിമഗ്നാനാം ദംഷ്ട്രാ,
മുരരിപു-വരാഹസ്യ ഭവതി ॥
🪔🪔🪔🪔🪔
അജ്ഞാനികൾതന്നിരുളാർന്നാക്ഷി തെളിക്കും
ഉദയസൂര്യചക്രവാളം തവ പാദാബ്ജധൂളി
ചേതനയറ്റവർക്കമ്മ, ഉന്മേഷപ്പൂങ്കുലതൻ
നവമകരന്ദനിർഝരിയുമല്ലയോ ദേവീ! |
നിസ്വന്മാർക്കു തവ ചരണസരോജചൂർണം
ചിന്താമണികളാൽ കോർത്ത ഹാരമായിടവേ,
വൈഷ്ണവവരാഹമൂർത്തിതൻ ദംഷ്ട്രം പോലവേ
ജന്മസാഗരഹാനിയിലുദ്ഗതിയുമായിടുന്നമ്മേ! ||
••••••••••••••••••••••
ശ്ലോകം /4/
🕉🕉🕉
ത്വദന്യഃ പാണിഭ്യാം,
അഭയവരദോ ദൈവതഗണഃ,
ത്വമേകാ നൈവാസി,
പ്രകടിത-വരാഭീത്യഭിനയാ ।
ഭയാത്-ത്രാതും ദാതും,
ഫലമപി ച വാഞ്ഛാ-സമധികം,
ശരണ്യേ ലോകാനാം,
തവ ഹി ചരണാവേവ നിപുണൗ॥
🪔🪔🪔🪔🪔
തായല്ലാതുള്ള ദേവതകളെല്ലാരും ധരിക്കും
തൻകരങ്ങളിൽ കേവലമഭയവരദമുദ്രകൾ
എന്നാലമ്മ മാത്രമാണീലോകത്തിങ്കലുള്ളൂ
തന്നഭയവരദങ്ങളഭിനയമല്ലാതിരിപ്പൂ |
ഭയാദികളുന്മൂലനം ചെയ്‍വാനും മക്കൾ-
തന്വാഞ്ഛകളത്യധികം സാധ്യമാക്കാനും
ഈരേഴുലോകത്തിനും തവപാദപത്മങ്ങൾ
ശരണാഗതിയേകുവാൻ നിപുണമംബേ! ||
••••••••••••••••••••••
ശ്ലോകം /5/
🕉🕉🕉
ഹരിസ്ത്വാമാരാധ്യ,
പ്രണത-ജന-സൗഭാഗ്യ-ജനനീം,
പുരാ നാരീ ഭൂത്വാ,
പുരരിപുമപി ക്ഷോഭമനയത് ।
സ്മരോഽപി ത്വാം നത്വാ,
രതിനയന-ലേഹ്യേന വപുഷാ,
മുനീനാമപ്യന്തഃ,
പ്രഭവതി ഹി മോഹായ മഹതാം ॥
🪔🪔🪔🪔🪔
ഹരിയും സദാ വണങ്ങുന്ന ജനനീ തവ
തിരുവടി വന്ദിക്കുന്നോർ സൗഭാഗ്യമുള്ളോർ
മോഹിനീരൂപം പൂണ്ടിഹ പണ്ടു കാമാരിതൻ
ഹൃദയസരോരുഹം പരവശമാക്കിയല്ലോ! |
രതിദേവീനേത്രദ്വയം കാണും കായരൂപമാം
മന്മഥൻ തൊഴുന്നതും തവ പാദകമലം
മഹാമുനിമാരുടെ മനസ്സിലുമനംഗൻ
മോഹാലസപ്രഭാവമുണർത്തിടുന്നു, ദേവീ! ||
••••••••••••••••••••••
ശ്ലോകം /6/
🕉🕉🕉
ധനുഃ പൗഷ്പം മൗർവീ,
മധുകരമയീ പഞ്ച വിശിഖാഃ,
വസന്ത-സ്സാമന്തോ,
മലയമരുദാ-യോധനരഥഃ ।
തഥാപ്യേകഃ സർവം,
ഹിമഗിരിസുതേ കാമപി കൃപാം,
അപാംഗാത്തേ ലബ്ധ്വാ,
ജഗദിദ-മനംഗോ വിജയതേ॥
🪔🪔🪔🪔🪔
ധനുഃസായകങ്ങളശോകാദിമലരുകൾ
മധുകരപംക്തിയാൽ ലോലരചിതം ഞാണും
സചിവൻ ചൈത്രവിശാഖയോജിതം വസന്തം
രണരഥം സുരഭിലമലയമാരുതൻ |
എന്നാലുമേകൻ ജഗദ്‌വിജയി കാമൻ
നേത്രസുഭഗാനംഗധന്യസ്വരൂപം ധരിച്ചു
കേവലം തവ തൃക്കൺകൃപാകടാക്ഷത്താൽ
മന്മഥനു നിജഭക്തി സുലഭം, ഹൈമവതീ! ||
••••••••••••••••••••••
ശോകം /7/
🕉🕉🕉
ക്വണത്കാഞ്ചീദാമാ,
കരികളഭ-കുംഭസ്തനനതാ,
പരിക്ഷീണാ മധ്യേ,
പരിണത-ശരച്ചന്ദ്രവദനാ ।
ധനുർബാണാൻ പാശം,
സൃണിമപി ദധാനാ കരതലൈഃ,
പുരസ്താദാസ്താം നഃ,
പുരമഥിതു-രാഹോപുരുഷികാ ॥
🪔🪔🪔🪔🪔
കിങ്കിണിനാദം പൊഴിക്കും മണിമേഖല ചുറ്റി
കളഭമസ്തകസമം സ്തനാലല്പം കുനിഞ്ഞും
കൃശം ചാരുതനുമധ്യം, സമ്പൂർണ്ണമണ്ഡലം
തവ ശരത്കാലശീതകിരണവദനം |
കോദണ്ഡപഞ്ചബാണാങ്കുശപാശാദി വഹിക്കും
തവ ചതുർബ്ബാഹുസമന്വിതം സനാതനം
ത്രിപുരാന്തകൻ തന്റെയഭിമാനഭാജനം
അടിയങ്ങളുടെ മുമ്പാകെ തെളിയൂ, ഭവാനീ! ||
••••••••••••••••••••••
ശ്ലോകം /8/
🕉🕉🕉
സുധാസിന്ധോർമധ്യേ,
സുരവിടപിവാടീ-പരിവൃതേ,
മണിദ്വീപേ നീപോപവനവതി
ചിന്താമണിഗൃഹേ ।
ശിവാകാരേ മഞ്ചേ,
പരമശിവ-പര്യങ്കനിലയാം,
ഭജന്തി ത്വാം ധന്യാഃ,
കതിചന ചിദാനന്ദലഹരീം ॥
🪔🪔🪔🪔🪔
സാന്ദ്രസുധാമയമാഴിമധ്യേ വിളങ്ങുമംബ
അതിനിബിഡകല്പകവൃക്ഷാടവീ സംവൃതം
രത്നദ്വീപാന്തരേ കദംബോപവനവസിതം
തിളങ്ങും ചിന്താമണിഗൃഹാന്തരേ വിലസിതം |
തിരോധാനാദി പഞ്ചകർതൃപീഠേ വിശ്രമം
മംഗളമൂർത്തി പരമശിവാംഗേ സുനിലയം
പരിമിതശുദ്ധധന്യാത്മാക്കളാൽ ഭജിതം
ചിദാനന്ദസാഗരലഹരി, ഭുവനേശ്വരീ! ||
••••••••••••••••••••••
ശ്ലോകം /9/
🕉🕉🕉
മഹീം മൂലാധാരേ,
കമപി മണിപൂരേ ഹുതവഹം,
സ്ഥിതം സ്വാധിഷ്ഠാനേ,
ഹൃദി മരുതമാകാശമുപരി ।
മനോഽപി ഭ്രൂമധ്യേ,
സകലമപി ഭിത്വാ കുലപഥം,
സഹസ്രാരേ പദ്മേ,
സഹ രഹസി പത്യാ വിഹരസേ ॥
🪔🪔🪔🪔🪔
മൂലാധാരത്തിങ്കൽ ഭൂകുണ്ഡല ശക്തിയും
മണിപൂരകത്തിങ്കൽ ജലമയ ശക്തിയും
സ്വാധിഷ്ഠാനത്തിങ്കൽ തീക്ഷ്ണമയ ശക്തിയും
അനാഹതത്തിങ്കൽ ഹൃണ്മയ വായു ശക്തിയും |
വിശുദ്ധിയിതിങ്കൽ സൂക്ഷ്മാകാശ ശക്തിയും
ആജ്ഞയിതിങ്കലോ ചിന്താമയ മനഃശക്തിയും
ഭേദിച്ചോരോ ഗതിചക്രവും താണ്ടി ഗൂഢം തവ
പതിയൊത്തു രമിച്ചിടും സഹസ്രാരത്തിലമ്മേ! ||
••••••••••••••••••••••
ശ്ലോകം /10/
🕉🕉🕉
സുധാ-ധാരാ-സാരൈഃ,
ചരണ-യുഗളാന്തർ-വിഗളിതൈഃ,
പ്രപഞ്ചം സിഞ്ചന്തീ,
പുനരപി രസാമ്നായ-മഹസഃ ।
അവാപ്യ സ്വാം ഭൂമിം,
ഭുജഗനിഭ-മധ്യുഷ്ട-വലയം,
സ്വമാത്മാനം കൃത്വാ,
സ്വപിഷി കുലകുണ്ഡേ കുഹരിണി ॥
🪔🪔🪔🪔🪔
സുധാവൃഷ്ടിപ്രവാഹം പരമശിവയുക്തം
തവപാദദ്വയപ്രഭാവം അമൃതപ്രവാഹം
പ്രപഞ്ചമാമോജസ്സിനാൽ കുതിർന്നിടുന്നു
ചന്ദ്രാമൃതരശ്മികളുതിർക്കും തേജസ്സുപോൽ |
സ്വവസതി ധരിനിയെ പ്രാപിച്ചു ശേഷം തവ
തനു മൂന്നരച്ചുറ്റു സർപ്പവളയമായ്
തന്മയാനന്ദഭാവമതുൾക്കൊണ്ടുറങ്ങുന്നു
നടുവിലൊരു സുഷിരമായ് മൂലാധാരനിലയേ! ||
••••••••••••••••••••••
ശ്ലോകം /11/
🕉🕉🕉
ചതുർഭിഃ ശ്രീകണ്ഠൈഃ,
ശിവയുവതിഭിഃ പഞ്ചഭിരപി,
പ്രഭിന്നാഭിഃ ശംഭോഃ,
നവഭിരപി മൂലപ്രകൃതിഭിഃ ।
ചതു-ശ്ചത്വാരിംശത്,
വസുദള-കലാശ്ര-ത്രിവലയ-
ത്രിരേഖാഭിഃ സാർധം,
തവ ശരണകോണാഃ പരിണതാഃ ॥
🪔🪔🪔🪔🪔
ചതുർത്രികോണുകൾ ശ്രീകണ്ഠാത്മകമൂർദ്ധ്വം
പഞ്ചത്രികോണുകൾ ശാക്തേയമായ് തിരിഞ്ഞും
ശംഭുഃശക്തി വിഭിന്നമവസ്ഥാന്തരമിദം പുണ്യം
പ്രപഞ്ചമൂലകാരണം നവധാതുതത്ത്വാത്മകം |
മൊത്തം മൂന്നധികം നാല്പതും ബിന്ദുമണ്ഡലവും
അഷ്ടദളങ്ങളുമധികം പതിനാറു പിന്നെയും
ത്രിരേഖകളും സമ്മേളിതം പരിണതമിദം
തവ തൃഭുവനം ശരണം, ത്രിപുരസുന്ദരീ! ||
••••••••••••••••••••••
ശ്ലോകം /12/
🕉🕉🕉
ത്വദീയം സൗന്ദര്യം,
തുഹിന-ഗിരികന്യേ തുലയിതും,
കവീന്ദ്രാഃ കൽപന്തേ,
കഥമപി വിരിഞ്ചി-പ്രഭൃതയഃ ।
യദാ-ലോകൗത്സുക്യാത്,
അമരലലനാ യാന്തി മനസാ,
തപോഭിർ-ദുഷ്പ്രാപാം,
അപി ഗിരിശ-സായുജ്യ-പദവീം ॥
🪔🪔🪔🪔🪔
തരുണം തവ വശ്യസൗന്ദര്യത്തെയാർക്കും
വിസ്തരിയ്ക്കാനുമതുപമിയ്ക്കാനുമിഹ
നിപുണരാകാ ക്ലേശപ്പെടുന്നിതല്ലോ വിശ്രുത-
ബ്രഹ്മാദി ത്രിലോക കവീന്ദ്രവൃന്ദം പോലുമത്രേ!
ദിവ്യമാമഴകിനെയൊരുന്മേഷമെങ്കിലും
കാണ്മാനപ്സരകന്യമാർ മനസി തവപതി-
പരമേശ്വരനെ തപിച്ചഥ തീക്ഷ്ണമായിവ്വണ്ണം ശിവാത്മകസായുജ്യത്തിനായിതു ഹൈമവതീ!
••••••••••••••••••••••
ശ്ലോകം /13/
🕉🕉🕉
നരം വർഷീയാംസം,
നയനവിരസം നർമസു ജഡം,
തവാപാംഗാ-ലോകേ,
പതിതമനു-ധാവന്തി ശതശഃ ।
ഗളദ്-വേണീബന്ധാഃ,
കുചകലശ-വിസ്രസ്ത-സിചയാഃ,
ഹഠാത്-ത്രുട്യത്കാഞ്ച്യോ,
വിഗളിതദുകൂലാ യുവതയഃ ॥
🪔🪔🪔🪔🪔
നരാജരം വൃദ്ധനരൻമാരെന്നിരുന്നാലും
കണ്ണുപിടിയ്ക്കാതവർക്കു നർമ്മവുമപഥ്യം
തവകടക്കണ്ണേറിലവരുടെ ജഡത്തിങ്കൽ
ശതമംഗനമാരുടെയനുഗമനം വിചിത്രം |
കേശഭാരമുലഞ്ഞു നീലനീർപ്പാച്ചിലായും
കഞ്ചുളിക്കൊളുത്തറിയാതെയഴിഞ്ഞുമഥ
ധൃത്യേനയരഞ്ഞാണപ്പൂട്ടു തുറന്നുമിവരുടെ
പട്ടാംബരമടർന്നു വീണിതു മഹീതലേ! ||
••••••••••••••••••••••
ശ്ലോകം /14/
🕉🕉🕉
ക്ഷിതൗ ഷട്പഞ്ചാശത്,
ദ്വിസമധികപഞ്ചാശദുദകേ,
ഹുതാശേ ദ്വാഷഷ്ടിഃ,
ചതുരധിക-പഞ്ചാശദനിലേ ।
ദിവി ദ്വിഃഷട്ത്രിംശത്,
മനസി ച ചതുഃഷഷ്ടി-രിതി യേ,
മയൂഖാ-സ്തേഷാ-മപ്യുപരി,
തവ പാദാംബുജ-യുഗം ॥
🪔🪔🪔🪔🪔
ക്ഷിതിസാരാംശരശ്മികളമ്പത്തിയാറും
അപ്പിൻതത്ത്വകിരണങ്ങളമ്പത്തിരണ്ടും
തീയിൻസത്തതന്നാംശുക്കളറുപത്തിരണ്ടും
അനിലമൂലവികിരണങ്ങളമ്പത്തിനാലും |
ഗഗനസാരാംശരശ്മികളെഴുപത്തിരണ്ടും
മനോജ്ഞകിരണങ്ങളറുപത്തിനാലുമഥ
യോഗമയൂഖവൃന്ദത്തിനുമുപരിയല്ലോ
യുഗളം തവ പാദാംബുജലസിതമമ്മേ! ||
••••••••••••••••••••••
ശ്ലോകം /15/
🕉🕉🕉
ശരജ്ജ്യോത്സ്നാ-ശുദ്ധാം,
ശശിയുത-ജടാജൂട-മകുടാം,
വരത്രാസ-ത്രാണ-സ്ഫടിക-
ഘടികാ-പുസ്തക-കരാം।
സകൃന്ന ത്വാ നത്വാ,
കഥമിവ സതാം സന്നിദധതേ,
മധുക്ഷീര-ദ്രാക്ഷാ-മധുരിമ-
ധുരീണാഃ ഫണിതയഃ ॥
🪔🪔🪔🪔🪔
ശരത്കാലനിലാവുസമം ശ്വേതനിർമ്മലം
തവശിഖരമിന്ദുകേശമകുടസംയുക്തം
ഹസ്തേ വരദമഭയദമാനന്ദപ്രവാഹം
സ്ഫടികാക്ഷമാലാമഹത്പുസ്തകസഹിതം |
ധ്യേയഭാവമാവിധമൊരുവേള നമിക്കവേ
സജ്ജനങ്ങൾക്കിങ്ങു സിദ്ധിയ്ക്കും ദിവ്യസമക്ഷം
രുചികര വചനങ്ങളനവരതം നവ-
ക്ഷീരമധുദ്രാക്ഷരസാവഹം, ശാരദാംബേ! ||
••••••••••••••••••••••
ശ്ലോകം /16/
🕉🕉🕉
കവീന്ദ്രാണാം ചേതഃ-
കമലവന-ബാലാതപ-രുചിം,
ഭജന്തേ യേ സന്തഃ,
കതിചിദരുണാമേവ ഭവതീം ।
വിരിഞ്ചിപ്രേയസ്യാഃ,
തരുണതരശൃംഗാരലഹരീ-
ഗഭീരാഭിർ-വാഗ്ഭിഃ,
വിദധതി സതാം രഞ്ജനമമീ ॥
🪔🪔🪔🪔🪔
കുലീനകമലാരണ്യകം കവിവൃന്ദചിത്തം
ഉഷസ്സൂര്യസമം തവ കിരണാഭസരണം
സജ്ജനഭജിതം ഭവതി സദ്‌ഗുണപ്രദം
ദിവ്യാരുണവർണാഭാപൂരിതമംബരാന്തം |
നാന്മുഖനുടെയോമനദേവിതൻ മിനുക്കം
തരുണതരംഗിതശൃംഗാരരസമയുക്തം
ആർദ്രാനുരാഗഗംഭീരവചനങ്ങളത്യാ-
നന്ദപ്രദായകം സജ്ജനചരിതം, രഞ്ജനീ! ||
••••••••••••••••••••••
ശ്ലോകം /17/
🕉🕉🕉
സവിത്രീഭിർവാചാം,
ശശിമണി-ശിലാഭംഗ-രുചിഭിഃ,
വശിന്യാദ്യാ-ഭിസ്ത്വാം,
സഹ ജനനി സഞ്ചിന്തയതി യഃ ।
സ കർതാ കാവ്യാനാം,
ഭവതി മഹതാം ഭംഗിരുചിഭിഃ,
വചോഭിർ-വാഗ്ദേവീ-
വദനകമലാ-മോദ-മധുരൈഃ ॥
🪔🪔🪔🪔🪔
സതതമാരാധനാകൃതനാരായിരിയ്ക്കിലും
സമുത്ഭവം വചസ്സുകളുമാലോകജ്ഞാനവും
ഹിമാംശുശിലതുല്യം വെണ്മയകാന്തിസഹിതം
വശിന്യാദിദേവകൾ സദൃശം ധ്യാനയുക്തം |
പ്രണേതാവായ് വാഴുമിഹ, വിപുലമിതിഹാസം
രചിച്ചൊളിവിതറും മഹാകാവ്യഗുണസമം,
വചനം തവമുഖപത്മരൂപകം, സുഗന്ധ-
പൂരിതമധുരമാമോദകം, വാഗ്‌ദേവതേ! ||
••••••••••••••••••••••
ശ്ലോകം /18/
🕉🕉🕉
തനുച്ഛായാഭിസ്തേ,
തരുണ-തരണിശ്രീ-സരണിഭിഃ,
ദിവം സർവാ-മുർവീം,
അരുണിമനി മഗ്നാം സ്മരതി യഃ ।
ഭവന്ത്യസ്യ ത്രസ്യദ്-
വനഹരിണ-ശാലീന-നയനാഃ,
സഹോർവശ്യാ വശ്യാഃ,
കതി കതി ന ഗീർവാണ-ഗണികാഃ ॥
🪔🪔🪔🪔🪔
തിളങ്ങും തവ തിരുമേനിയുതിർക്കും
ഉദയസൂര്യാരുണവികിരണസ്രവണം
മന്നും മാനവും നിമഗ്നമായിതാകമാനം
അരുണാമയമനനമനുഷ്ഠിയ്ക്കുന്നതാരോ; |
ആവിധമൊരു സാധകനു പ്രാപ്യമാകുന്നതോ;
വനമാനുകളുടെ നയനദ്വയം നാണിയ്ക്കും
ഉർവ്വശീയാദി വിണ്ണിന്നപ്സരസ്സുകളുടെ
വശ്യശാലീനചഞ്ചലകടാക്ഷങ്ങളംബികേ! ||
••••••••••••••••••••••
ശ്ലോകം /19/
🕉🕉🕉
മുഖം ബിന്ദും കൃത്വാ,
കുചയുഗ-മധസ്തസ്യ തദധോ,
ഹരാർധം ധ്യായേദ്യോ,
ഹരമഹിഷി തേ മന്മഥകലാം ।
സ സദ്യഃ സംക്ഷോഭം,
നയതി വനിതാ ഇത്യതിലഘു,
ത്രിലോകീമപ്യാശു,
ഭ്രമയതി രവീന്ദു-സ്തനയുഗാം ॥
🪔🪔🪔🪔🪔
മുഖം ദിവ്യബിന്ദുമണ്ഡലം, അതിനടിയിൽ
ചാരുകുചകുംഭദ്വയം, അതിനുമധോഭാഗേ
ത്രികോണമായുള്ളോരുത്ഭവസ്ഥാനവുമീവണ്ണം
മഹേശമഹിഷിതന്നിൽ ധ്യാനിയ്ക്കുന്നതാരോ; |
ഉപാസകനുടൻ സ്തോഭമുളവാകുന്നതും,
അവ്വണ്ണമാശിച്ചോരംഗനയെ മയക്കുന്നതും,
സൂര്യസോമസമം കുചദ്വയവഹം ത്രിലോകി-
യുമിഹ വശമാകുന്നതും, ലളിതമീശ്വരീ! ||
••••••••••••••••••••••
ശ്ലോകം /20/
🕉🕉🕉
കിരന്തീ-മംഗേഭ്യഃ,
കിരണ-നികുരുംബാമൃതരസം,
ഹൃദി ത്വാ-മാധത്തേ,
ഹിമകര- ശിലാമൂർതി-മിവ യഃ ।
സ സർപാണാം ദർപം,
ശമയതി ശകുന്താധിപ ഇവ,
ജ്വരപ്ലുഷ്ടാൻ-ദൃഷ്ട്യാ,
സുഖയതി സുധാധാരസിരയാ ॥
🪔🪔🪔🪔🪔
കോരിച്ചൊരിയുന്നിതു തവാംഗങ്ങളാസകലം
കിരണവൃന്ദധാരപോൽ ദിവ്യരസാമൃതം;
അകക്കാമ്പിലുപാസകൻ ധ്യാനിയ്ക്കുമെന്നാൽ
തവ ചന്ദ്രകാന്തക്കൽപ്രതിമ ഭക്ത്യാദരം: |
വീര്യമാർന്നൊരു നാഗമദം പോലുമുടൻ
ഗരുഡസമാനമറുതിവരുത്തീടുമഥ,
സുധാരസധാരാസിരയുക്തം വീക്ഷണത്താൽ
തീവ്രജ്വരസമാശ്വാസവർഷാത്മകം, ദുർഗേ! ||
••••••••••••••••••••••
ശ്ലോകം /21/
🕉🕉🕉
തടില്ലേഖാതന്വീം,
തപന-ശശി-വൈശ്വാനര-മയീം,
നിഷണ്ണാം ഷണ്ണാമപ്യുപരി
കമലാനാം തവ കലാം ।
മഹാപദ്മാടവ്യാം,
മൃദിതമലമായേന മനസാ,
മഹാന്തഃ പശ്യന്തോ,
ദധതി പരമാഹ്ലാദലഹരീം ॥
🪔🪔🪔🪔🪔
തന്തുസമകൃശകം തവ വിദ്യുൽസ്വരൂപം
തപനശീതകിരണപവനശക്തിയുക്തം
ഷഡാധാരസരോരുഹങ്ങൾക്കു മുകളിൽ
തവ ബിന്ദുമണ്ഡലകലയിതു ലസിച്ചിടും |
സഹസ്രദളപത്മാരണ്യത്തിലുപാസിക്കവേ
മാലകറ്റിയുമഹന്തനീക്കിയും നിജ ഹൃദ്യേ
മഹാത്മാക്കളിവർ ധ്യാനിയ്ക്കുകിലവർക്കേ-
കുന്നിഹ പരമാനന്ദലഹരി, മഹേശ്വരീ! ||
••••••••••••••••••••••
ശ്ലോകം /22/
🕉🕉🕉
ഭവാനി ത്വം ദാസേ,
മയി വിതര ദൃഷ്ടിം സകരുണാം,
ഇതി സ്തോതും വാഞ്ഛൻ,
കഥയതി ഭവാനി ത്വമിതി യഃ ।
തദൈവ ത്വം തസ്മൈ,
ദിശസി നിജസായുജ്യപദവീം,
മുകുന്ദ-ബ്രഹ്മേന്ദ്ര-
സ്ഫുട-മകുട-നീരാജിതപദാം ॥
🪔🪔🪔🪔🪔
‘ഭവാനീ തവ ദാസനാമെന്നുടെ നേർക്കൊരു
കരുണാമയകടാക്ഷമെറിയണമേ’യെന്നാ
സങ്കല്പമാരാനുമുന്നയിച്ചീടുകിലുടൻ
‘ഭവാനീ തവ'യെന്നുച്ചരിയ്ക്കും മുൻപിലായ് |
തൽക്ഷണേ തവ ദിവ്യാനുഗ്രഹമവനിൽ
ചൊരിയും നിജസായുജ്യപദവിയിതു പുണ്യം
ഹരിബ്രഹ്മേന്ദ്രസഹിതകാംക്ഷിതം തവപാദേ
സ്ഫുടമകുടനീരാജിതപൂജിതം, ഭവാനീ! ||
••••••••••••••••••••••
ശ്ലോകം /23/
🕉🕉🕉
ത്വയാ ഹൃത്വാ വാമം,
വപുരപരിതൃപ്തേന മനസാ,
ശരീരാർധം ശംഭോഃ,
അപരമപി ശങ്കേ ഹൃതമഭൂത് ।
യദേതത്ത്വദ്രൂപം,
സകലമരുണാഭം ത്രിനയനം,
കുചാഭ്യാമാ-നമ്രം,
കുടിലശശി-ചൂഡാല-മകുടം ॥
🪔🪔🪔🪔🪔
തനുവിൻ വാമവശം വശത്താക്കിയതുമതി-
യാകാ തവ മനസ്സിലെന്താണിനി ദേവീ,
ശങ്കരാർദ്ധശരീരത്തിന്നപരപാർശ്വം
കൂടി വശത്താക്കിയെന്നടിയൻ ശങ്കിക്കവേ |
തവതിരുരൂപമെൻ ഹൃത്തിൽ വിളങ്ങിടും
ശോണവർണാത്മകമിദം തൃണയനയുക്‌തം
കുചദ്വയഘനത്താലമ്മയല്പമാനമ്രവും,
ശിരസി ചന്ദ്രക്കലയേന്തും കോടീരവുമംബേ! ||
••••••••••••••••••••••
ശ്ലോകം /24/
🕉🕉🕉
ജഗത്സൂതേ ധാതാ,
ഹരിരവതി രുദ്രഃ ക്ഷപയതേ,
തിരസ്കുർവന്നേതത്,
സ്വമപി വപുരീശസ്തിരയതി ।
സദാപൂർവഃ സർവം,
തദിദമനു-ഗൃഹ്ണാതി ച ശിവഃ,
തവാജ്ഞാ-മാലംബ്യ,
ക്ഷണചലിതയോർ-ഭ്രൂലതികയോഃ ॥
🪔🪔🪔🪔🪔
ജഗൽജനകനായിടുന്നൊരു വിരിഞ്ചനും
വിശ്വസമഗ്രം വഹിയ്ക്കുന്നൊരു മഹാവിഷ്ണുവും
സംസാരമിഹ സംഹരിച്ചീടുന്നൊരു രുദ്രനും
അവനവനും പിന്നെ മൂവരും ചേർന്നീശ്വരൻ |
തിരോധാനപാലനം ചെയ്തു, സദാശിവന്നഥ
സർവ്വാനുഗ്രഹനിർവ്വഹണകൃതം തവ
ക്ഷണഭംഗുരചില്ലികചലനാനുസരണം
നിജകല്പനയനുഗമിച്ചു കേവലം, ശിവേ! ||
••••••••••••••••••••••
ശ്ലോകം /25/
🕉🕉🕉
ത്രയാണാം ദേവാനാം,
ത്രിഗുണജനിതാനാം തവ ശിവേ,
ഭവേത്-പൂജാ പൂജാ,
തവ ചരണയോർ -യാ വിരചിതാ।
തഥാ ഹി ത്വത്പാദോദ്വഹന-
മണിപീഠസ്യ നികടേ,
സ്ഥിതാ ഹ്യേതേ ശശ്വത്,
മുകുളിത-കരോത്തംസ-മകുടാഃ ॥
🪔🪔🪔🪔🪔
തൃപ്പാദപങ്കജം തവ ഭക്ത്യാദരം നമിയ്ക്കും
സദാശിവേ! ത്രിമൂർത്തിഭജിതാത്മകം സദാ
നിജത്രിഗുണാജനിതരൂപകം ത്രിത്വഭാവം
വിരിഞ്ചവിഷ്ണുരുദ്രാത്മകമിതു മഹാപുണ്യം |
തവപാദകമലമേറ്റിതുമണിപീഠസ-
മീപസ്ഥിതം സത്വരജസ്തമോഗുണമൂർത്തി-
ത്രയം തവ പാദാംബുജപൂജിതയുക്തം സദാ
ശിരോമകുടപ്രേരിതാഞ്ജലീകൃതമീശ്വരീ! ||
••••••••••••••••••••••
ശ്ലോകം || 26
🕉🕉🕉
വിരിഞ്ചിഃ പഞ്ചത്വം,
വ്രജതി ഹരിരാപ്നോതി വിരതിം,
വിനാശം കീനാശോ,
ഭജതി ധനദോ യാതി നിധനം ।
വിതന്ദ്രീ മാഹേന്ദ്രീ,
വിതതിരപി സമ്മീലിതദൃശാ,
മഹാസംഹാരേഽസ്മിൻ,
വിഹരതി സതി ത്വത്പതിരസൗ ॥
🪔🪔🪔🪔🪔
വിരിഞ്ചനുടെ പഞ്ചത്വനിലയാഗമിയ്ക്കയും
നാരായണൻ തന്നുടെ പ്രയാണം നിലയ്ക്കയും
ഭജിയ്ക്കും യമദേവൻ നിര്യാണം വരിയ്ക്കയും
കുബേരനും കാലഹരണമാകും മഹാലയേ |
ഇന്ദ്രദേവവൃന്ദം ഇമകളോരോന്നായടച്ചും
സർവ്വമുണരാത്തൊരു നിദ്രയാർജ്ജിക്കവേ
തവ വിഹാരമവിരാമം മഹേശസഹിതം
സതീസമം ചാരിത്ര്യമൂലഭവം, സദാശിവേ! ||
••••••••••••••••••••••
ശ്ലോകം /27/
🕉🕉🕉
ജപോ ജൽപഃ ശിൽപം,
സകലമപി മുദ്രാവിരചനാ,
ഗതിഃ പ്രാദക്ഷിണ്യ-ക്രമണ-
മശനാദ്യാ-ഹുതി-വിധിഃ ।
പ്രണാമഃ സംവേശഃ,
സുഖമഖില-മാത്മാർപണ-ദൃശാ,
സപര്യാ-പര്യായഃ,
തവ ഭവതു യന്മേ വിലസിതം ॥
🪔🪔🪔🪔🪔
ജല്പനമെന്നുടെ മന്ത്രോപാസനയായിടട്ടേ
കരചലനങ്ങളെൻ മുദ്രകളായിടട്ടേ
പ്രയാണം തവ പ്രദക്ഷിണക്രമമായിടട്ടേ
ആഹാരം തവ ഹോമപൂജാദികളായിടട്ടേ |
നിദ്രയെൻ സർവ്വാംഗപ്രണാമമായിടട്ടേ
അവ്വണ്ണമെൻ സർവ്വകർമ്മഫലക്ഷേമം
പൂർണ്ണപരിത്യാഗാത്മകമിദം മമ ജീവിതം
തവാരാധനാപര്യായമായ് തീരണേ, ദേവീ! ||
••••••••••••••••••••••
ശ്ലോകം /28/
🕉🕉🕉
സുധാമപ്യാസ്വാദ്യ,
പ്രതിഭയ-ജരാമൃത്യു-ഹരിണീം,
വിപദ്യന്തേ വിശ്വേ,
വിധിശതമഖാദ്യാ ദിവിഷദഃ ।
കരാളം യത് ക്ഷ്വേളം,
കബളിതവതഃ കാലകലനാ,
ന ശംഭോസ്തന്മൂലം,
തവ ജനനി താടങ്കമഹിമാ ॥
🪔🪔🪔🪔🪔
സർവ്വലോകഭയഹേതു ജരാമൃത്യു ഹരം,
പീയൂഷരസപാനമാവോളമാസ്വദിയ്ക്കിലും
ബ്രഹ്മേന്ദ്രാദി ദേവഭുവനനിവാസികളിഹ-
ലോകവാസം വെടിയും പ്രളയത്തിങ്കലെന്നാൽ; |
തവ നാഥൻ മഹാദേവനേകനായിതല്ലോ,
രൂക്ഷകാളകൂടവിഷപാനം ചെയ്കിലുമിഹ
കാലയവനികയ്ക്കതീതനായുള്ള മൂർത്തി
തവ കുലീനതാടങ്കയുഗവരദമംബേ! ||
••••••••••••••••••••••
ശ്ലോകം /29/
🕉🕉🕉
കിരീടം വൈരിഞ്ചം,
പരിഹര പുരഃ കൈടഭഭിദഃ,
കഠോരേ കോടീരേ,
സ്ഖലസി ജഹി ജംഭാരി-മകുടം ।
പ്രണമ്രേഷ്വേ-തേഷു,
പ്രസഭ-മുപയാതസ്യ ഭവനം,
ഭവസ്യാ-ഭ്യുത്ഥാനേ,
തവ പരിജനോക്തിർ-വിജയതേ ॥
🪔🪔🪔🪔🪔
‘കമലാസനനുടെ മകുടമിതു കണ്ടാലും!
കഠിനതരരത്നഘടിതകിരീടമിതു
കൈടഭാരിതൻ തലതട്ടിയിടറരുതേ!
ജാഗരമാകണം ജംഭാരിമണിശിഖരവും!’ |
വിജയിയ്ക്ക! തവ ഭക്തഭൃത്യോക്തികളിവ്വിധം
ദേവവൃന്ദം തവ പാദാരവിന്ദം നമിയ്ക്കവേ!
ദ്രുതമായെഴുന്നേറ്റാദരിപ്പാനൊരുങ്ങുമിഹ
പതിഭവാനെക്കണ്ടു ഭവനത്തിങ്കലംബികേ! ||
••••••••••••••••••••••
ശ്ലോകം /30/
🕉🕉🕉
സ്വദേഹോദ്-ഭൂതാഭിഃ,
ഘൃണിഭി-രണിമാദ്യാ-ഭിരഭിതോ,
നിഷേവ്യേ നിത്യേ ത്വാം,
അഹമിതി സദാ ഭാവയതി യഃ।
കിമാശ്ചര്യം തസ്യ,
ത്രിനയനസമൃദ്ധിം തൃണയതോ
മഹാസംവർതാഗ്നിഃ,
വിരചയതി നിരാജനവിധിം ॥
🪔🪔🪔🪔🪔
സംഭൂതം നിന്തിരുവടിയുടെ ദേഹമാവൃതം
അണുകരമാദ്യാഷ്ടസിദ്ധ്യാംശുക്കളാൽ
നിത്യാദേവീ! തവ നിത്യോപാസകസേവകൻ
താൻതന്നെയാണമ്മയെന്നരുളിച്ചെയ്കിലിഹ |
അതിലാശ്ചര്യമെന്തുണ്ടിതുപാസകനുടൻ
ശ്രീകണ്‌ഠലബ്ധി പോലും കേവലം പുല്ലായിമാറും,
മഹാപ്രളയകാലാഗ്നിതാണ്ഡവം മാത്രമൊരു
നീരാജനവിധിയുമായി തോന്നിടുന്നു, നിത്യേ! ||
••••••••••••••••••••••
ശോകം /31/
🕉🕉🕉
ചതുഃഷഷ്ട്യാ തന്ത്രൈഃ,
സകലമഭിസന്ധായ ഭുവനം,
സ്ഥിതസ്തത്തത്-സിദ്ധി-പ്രസവ-
പരതന്ത്രൈഃ പശുപതിഃ ।
പുനസ്ത്വ-ന്നിർബന്ധാത്,
അഖില-പുരുഷാർഥൈക-ഘടനാ-
സ്വതന്ത്രം തേ തന്ത്രം,
ക്ഷിതിതല-മവാതീതരദിദം ॥
🪔🪔🪔🪔🪔
ചമച്ചിതറുപത്തിനാലു തന്ത്രങ്ങളുമിഹ
സ്വസ്ഥമായുലാത്തും വിശ്വപശുപതിതന്നുടെ
പ്രതിതന്ത്രമോരോസിദ്ധിയ്ക്കു മാത്രമുതകും
സർവ്വജീവഗണവിനിയോഗം പരിമിതം |
എങ്കിലും തവ വിവേകമയപ്രേരണയാൽ
നിജസ്വതന്ത്രമുടനവതരിയ്ക്കപ്പെട്ടിതോ-
രോജീവനുമെല്ലാസിദ്ധിയുമേകാനുതകു-
മഖിലപുരുഷാർത്ഥപ്രദം, ഭുവനേശ്വരീ! ||
••••••••••••••••••••••
ശ്ലോകം /32/
🕉🕉🕉
ശിവഃ ശക്തിഃ കാമഃ,
ക്ഷിതിരഥ രവിഃ ശീതകിരണഃ,
സ്മരോ ഹംസഃ ശക്രഃ,
തദനു ച പരാമാരഹരയഃ ।
അമീ ഹൃല്ലേഖാഭിഃ
തിസൃഭി-രവസാനേഷു ഘടിതാ,
ഭജന്തേ വർണാസ്തേ,
തവ ജനനി നാമാവയവതാം ॥
🪔🪔🪔🪔🪔
ശിവശ്ശക്തിയും മന്മഥനും പൃഥ്വിയുമഥ
ദിവാകരനുമമൃതകരനുമനംഗനു-
മരയന്നവുമമരേശസഹിതമനന്തരം
പരാസ്മരാനീശനുമടങ്ങും ത്രികൂടങ്ങൾ |
പുനഃകൂടമോരോന്നിനോടുമവസാനത്തിങ്ക-
ലംഗമാകിലിതുബീജാക്ഷരം ഹ്രീമെന്നതും
സംയോജിതാത്മകവർണ്ണേന ഭജിതം തവ
നാമരൂപാംഗങ്ങളിദം സർവ്വം, ഭുവനേശ്വരീ! ||
••••••••••••••••••••••
ശ്ലോകം /33/
🕉🕉🕉
സ്മരം യോനിം ലക്ഷ്മീം,
ത്രിതയ-മിദമാദൗ തവ മനോഃ,
നിധായൈകേ നിത്യേ,
നിരവധി-മഹാഭോഗ-രസികാഃ ।
ഭജന്തി ത്വാം ചിന്താമണി-ഗുണ-
നിബദ്ധാ-ക്ഷവലയാഃ,
ശിവാഗ്നൗ ജുഹ്വന്തഃ,
സുരഭി-ഘൃതധാരാ-ഹുതിശതൈഃ ॥
🪔🪔🪔🪔🪔
സ്മരഭുവനേശ്വരീലക്ഷ്മീബീജാക്ഷരങ്ങൾ
സന്ധ്യാനന്തരത്രിതയവർണ്ണങ്ങൾ തവ
മന്ത്രത്തോടുചേർത്തുഭജിയ്ക്കുന്നിതു ചില-
രനന്തമാനന്ദാനുഭവവേദികൾ, നിത്യേ! |
ചിന്താമണിഗണം കണ്ണി ചേർത്തൊരു
ഗുണനികസഹിതമുപാസിയ്ക്കുമാഗണം
ഗണനാഥാംബാത്മകത്രികോണരൂപകുണ്ഡത്തി-
ലർപ്പിയ്ക്കും കാമധേനുനെയ്ധാരയാലംബേ! ||
••••••••••••••••••••••
ശ്ലോകം /34/
🕉🕉🕉
ശരീരം ത്വം ശംഭോഃ,
ശശിമിഹിര-വക്ഷോരുഹയുഗം,
തവാത്മാനം മന്യേ,
ഭഗവതി നവാത്മാനമനഘം ।
അതഃ ശേഷഃ ശേഷീത്യയ-
മുഭയ-സാധാരണതയാ,
സ്ഥിതഃ സംബന്ധോ വാം,
സമരസപരാനന്ദപരയോഃ ॥
🪔🪔🪔🪔🪔
ശിവൻ സ്വയം തവ ദേഹമായ് തിളങ്ങവേ
വക്ഷോജയുഗളമമൃതകരനുമാദിത്യനും
പരമശിവമയം നവവ്യൂഹമാത്മാവുയോഗം
തവാത്മാവുമെന്നനുമാനിയ്ക്കുന്നിതടിയൻ |
അപ്രകാരമപ്രധാനപ്രധാനഭാവങ്ങളി-
രുവർക്കുമേറ്റക്കുറച്ചിലില്ലാതെ ബാധകം,
അവ്വിധമായുള്ളോരുഭയബന്ധമിഹ
സമരസപരമാനന്ദപരം, ഭഗവതീ! ||
••••••••••••••••••••••
ശ്ലോകം /35/
🕉🕉🕉
മനസ്ത്വം വ്യോമ ത്വം,
മരുദസി മരുത്സാരഥിരസി,
ത്വമാപസ്ത്വം ഭൂമിഃ,
ത്വയി പരിണതായാം ന ഹി പരം ।
ത്വമേവ സ്വാത്മാനം,
പരിണമയിതും വിശ്വവപുഷാ,
ചിദാനന്ദാകാരം,
ശിവയുവതി ഭാവേന ബിഭൃഷേ ॥
🪔🪔🪔🪔🪔
മനഃതത്വവുമാകാശതത്വവും പുനഃമരുത-
തത്വവുമഗ്നിതത്വംകടന്നു ജലതത്വവും
പൃത്ഥ്വീതത്വവും തവ ഭാവങ്ങളായാവിർ-
ഭവിച്ചിതു വിശ്വസകലമനന്യമവ്യയം |
സ്വാത്മാനഭാവമിതു വിശ്വമാസകലമാവിർ-
ഭവിയ്ക്കാനുതകുന്നതും നിജാത്മകരൂപമ-
തിനായിട്ടവതരിച്ചിഹ തവ ശിവപത്നിഭാവം
ചിദാനന്ദാകാരമിദം സുധരം, തത്ത്വമയീ! ||
••••••••••••••••••••••
ശ്ലോകം /36/
🕉🕉🕉
തവാജ്ഞാ-ചക്രസ്ഥം,
തപനശശി-കോടി-ദ്യുതിധരം,
പരം ശംഭും വന്ദേ,
പരിമിളിത-പാർശ്വം പരചിതാ ।
യമാരാധ്യൻ ഭക്ത്യാ,
രവിശശി-ശുചീ-നാമവിഷയേ,
നിരാലോകേഽലോകേ,
നിവസതി ഹി ഭാലോകഭുവനേ ॥
🪔🪔🪔🪔🪔
തത്വം തവ മനസ്സായുള്ളാജ്ഞാചക്രത്തിങ്കൽ
വസിയ്ക്കും കോടിതപനഹിമാംശുസമപ്രഭം
പരമചിത്തം തവ ദക്ഷിണപാർശ്വയുക്തം
പരാശംഭുനാഥനെ വണങ്ങുന്നിതടിയൻ |
ഭക്ത്യാലപ്രകാരമൊരുവനാരാധിയ്ക്കുകിൽ
നിവസിതം സോമരസമയലോകഭവനം
അതീതമാദിത്യനുമമൃതകരനുമഗ്നിദേവനും
വിജനമഗോചരമിദം ഭുവനം, ത്രിണയനേ! ||
••••••••••••••••••••••
ശ്ലോകം /37/
🕉🕉🕉
വിശുദ്ധൗ തേ ശുദ്ധസ്ഫടിക-
വിശദം വ്യോമജനകം,
ശിവം സേവേ ദേവീം,
അപി ശിവസമാന-വ്യവസിതാം ।
യയോഃ കാന്ത്യാ യാന്ത്യാഃ,
ശശികിരണ-സാരൂപ്യ-സരണേഃ,
വിധൂതാന്തർ-ധ്വാന്താ,
വിലസതി ചകോരീവ ജഗതീ ॥
🪔🪔🪔🪔🪔
വണങ്ങുന്നിതടിയൻ ഗഗനജനകപാദം
നിർമ്മലശിവൻ തവ വിശുദ്ധ്യാധാരസ്ഥിതം
ശുദ്ധസ്ഫടികസങ്കാശം തവ പാർശ്വയുക്തം
സദാപൂജിതപുണ്യമിദം ശിവശക്തിഭാവം |
പ്രസരിതമിവ്വണ്ണം തവ യുഗ്മഭാവഭൂതം
പൂർണ്ണാമൃതകരനുടെ കിരണസരണം ലോകമനസിയജ്ഞാനാന്ധകാരമകലും
വെണ്ണിലാവിൽവിലസും ചകോരാത്മകം, ദേവീ! ||
••••••••••••••••••••••
ശ്ലോകം /38/
🕉🕉🕉
സമുന്മീലത്-സംവിത്-
കമല-മകരന്ദൈക-രസികം,
ഭജേ ഹംസദ്വന്ദ്വം,
കിമപി മഹതാം മാനസചരം ।
യദാലാപാദ-ഷ്ടാദശ-
ഗുണിത-വിദ്യാ-പരിണതിഃ,
യദാദത്തേ ദോഷാത്,
ഗുണമഖിലമദ്ഭ്യഃ പയ ഇവ ॥
🪔🪔🪔🪔🪔
സമൃദ്ധം ജ്ഞാനമയമകരന്ദസാന്ദ്രരസമാ-
സ്വദിച്ചിഹ സരോരുഹസമീപം രസിച്ചിടും
മഹാഹംസമിഥുനം മന്ദം നീന്തിനീങ്ങും മഹാ-
ധ്യാത്രാനാഹതാധാരമാനസസരസ്സിതിൽ |
അവ്വണ്ണയുഗ്മം സദാ വണങ്ങുന്നിതടിയൻ
നിജസല്ലാപമഷ്ടാദശവിദ്യാത്മകമിദം
നീരകറ്റി നറുക്ഷീരം വരിച്ചീടുന്നപോൽ
ഗുണദോഷഭേദമറിവു പകരും, ഹംസിനീ! ||
••••••••••••••••••••••
ശ്ലോകം /39/
🕉🕉🕉
തവ സ്വാധിഷ്ഠാനേ,
ഹുതവഹ-മധിഷ്ഠായ നിരതം,
തമീഡേ സംവർതം,
ജനനി മഹതീം താം ച സമയാം ।
യദാലോകേ ലോകാൻ,
ദഹതി മഹതി ക്രോധകലിതേ,
ദയാർദ്രാ യാ ദൃഷ്ടിഃ,
ശിശിരമുപചാരം രചയതി ॥
🪔🪔🪔🪔🪔
തത്വമഗ്നിയായിതുവസിക്കുമനവരതം
തവതിരുസ്വാധിഷ്ഠാനാധാരത്തിലധിഷ്ഠിതം
പ്രളയകാലാഗ്നിരുദ്രം മമ വന്ദനം സദാ
സമയരൂപത്തിലമരും തവ ശക്തിയുക്തം |
രുദ്രനവ്വണ്ണം ലോകമാലോകമനുഷ്ഠിക്കവേ
രോഷമേറും തേജസ്സിലഖിലലോകമെരിയും
തവ കരുണാർദ്രപൂർണ്ണവീക്ഷണമുടൻ
ശിശിരമുപചാരം രചിയ്ക്കും, ജഗജ്ജനനീ! ||
••••••••••••••••••••••
ശ്ലോകം /40/
🕉🕉🕉
തടിത്ത്വന്തം ശക്ത്യാ,
തിമിര-പരിപന്ഥി-സ്ഫുരണയാ,
സ്ഫുരന്നാനാ-രത്നാഭരണ-
പരിണദ്ധേന്ദ്ര-ധനുഷം ।
തവ ശ്യാമം മേഘം,
കമപി മണിപൂരൈകശരണം,
നിഷേവേ വർഷന്തം,
ഹരമിഹിര-തപ്തം ത്രിഭുവനം ॥
🪔🪔🪔🪔🪔
തണ്ണീർതത്വം മണിപൂരാധാരനിവസിതം
ശ്രീകണ്ഠാത്മകശ്യാമമേഘമഭംഗഭജിതം
ശക്തിയുക്തമാം തവ വിദ്യുത്കാന്തിയുടൻ
പൂർണ്ണമായകറ്റിടുമന്ധകാരമംബികേ!
വർണ്ണാഭം നാനാരത്നഘടിതസുശോഭിതം
തവ ദിവ്യാഭരണഗണമിന്ദ്രധനുസ്സമം
ത്രിഭുവനതാപം പ്രളയസൂര്യപ്രഹരമിഹ
രുദ്രമയമേഘവർഷശമിതം, ഭവാനീ!
••••••••••••••••••••••
ശ്ലോകം /41/
🕉🕉🕉
തവാധാരേ മൂലേ,
സഹ-സമയയാ ലാസ്യപരയാ,
നവാത്മാനം മന്യേ,
നവരസമഹാതാണ്ഡവനടം ।
ഉഭാഭ്യാമേതാഭ്യാം,
ഉദയവിധിമുദ്ദിശ്യ ദയയാ,
സനാഥാഭ്യാം ജജ്ഞേ,
ജനകജനനീമജ്ജഗദിദം ॥
🪔🪔🪔🪔🪔
തത്വമൂഴിയായ് തവ മൂലാധാരനിലയം
ലാസ്യനൃത്തമാടുന്ന സമയാദേവിസഹിതം
നവാത്മകനാനന്ദഭൈരവം മമ വന്ദനം
നവരസമയമിദം മഹാതാണ്ഡവശിവം |
വിശ്വത്തിലിത്ഥം ജനകജനനീഭാവാത്മകം
തവപരിണയം ഭുവനപുനർജ്ജന്യകം
പ്രളയമൂലപ്രപഞ്ചനാശാനന്തരമിഹ
ദയാമയമാനന്ദനടനകൃതം, ഭൈരവീ! ||
••••••••••••••••••••••
ശ്ലോകം /42/
🕉🕉🕉
ഗതൈർമാണിക്യത്വം,
ഗഗനമണിഭിഃ സാന്ദ്രഘടിതം,
കിരീടം തേ ഹൈമം,
ഹിമഗിരിസുതേ കീർതയതി യഃ ।
സ നീഡേയച്ഛായാ-ച്ഛുരണശബലം
ചന്ദ്രശകലം,
ധനുഃ ശൗനാസീരം,
കിമിതി ന നിബധ്നാതി ധിഷണാം ॥
🪔🪔🪔🪔🪔
ഗഗനമണികൾ സൂര്യാദിതാരങ്ങളിട-
തിങ്ങിയമരും തവ കനകമയകോടീരം
പത്മരാഗപ്രഭാമയപൂർണ്ണം വിളങ്ങിടു-
മെന്നത്രേ കവി വർണ്ണിതമിദം, ഹൈമവതീ!
ആവിധമിന്ദുകലതിളങ്ങും തവ ശിഖരേ
മാണിക്യവർണ്ണശബളകാന്തിമൂലമിഹ
വജ്രപാണിതന്നുടെ ധനുസ്സുസമം ധിഷണം
കാവ്യാലോകമിദം സുപ്രവചിതം, പാർവ്വതീ!
••••••••••••••••••••••
ശ്ലോകം /43/
🕉🕉🕉
ധുനോതു ധ്വാന്തം നഃ,
തുലിതദലിതേന്ദീവരവനം,
ഘനസ്നിഗ്ധശ്ലക്ഷ്ണം,
ചികുരനികുരുംബം തവ ശിവേ, ।
യദീയം സൗരഭ്യം,
സഹജമുപലബ്ധും സുമനസോ,
വസന്ത്യസ്മിൻ മന്യേ,
വലമഥനവാടീവിടപിനാം ॥
🪔🪔🪔🪔🪔
ധ്വംസിയ്ക്കയടിയന്റെയിരുളാർന്നൊരജ്ഞാനം
തവ കാർകൂന്തൽ നിർഝരിയാലംബികേ!
പരിവികസിത കുവലയാരണ്യസദൃശം
സാന്ദ്രലോലമവ്യയസുന്ദരം നീലചികുരം |
ചിന്തനം മമ പരമഭട്ടാരികയാമമ്മേ,
അമരേശാരാമദ്രുമകുസുമങ്ങൾ തവ
വേണീഭാരേ സദാ വസിച്ചുവിലസിയ്ക്കയാവാം
നിജസഹജസൗരഭ്യലഭ്യാർത്ഥകം, ശിവേ! ||
••••••••••••••••••••••
ശ്ലോകം /44/
🕉🕉🕉
തനോതു ക്ഷേമം നഃ,
തവ വദനസൗന്ദര്യലഹരീ-
പരീവാഹസ്രോതഃസരണിരിവ
സീമന്തസരണിഃ ।
വഹന്തീ സിന്ദൂരം,
പ്രബലകബരീഭാരതിമിര-
ദ്വിഷാം ബൃന്ദൈർബന്ദീകൃതമിവ
നവീനാർകകിരണം ॥
🪔🪔🪔🪔🪔
തന്നാലുമടിയങ്ങൾക്കു നിശ്ശങ്കശരണം
തവ സീമന്തസിന്ദൂരസരണിയാലംബികേ!
വദനസൗന്ദര്യസാഗരതിരമാലകൾ
കവിഞ്ഞൊഴുകുന്ന നിർഝരീസരണിസമം |
തുല്യം രണ്ടായ് പകുത്തതിശക്തകേശഭാരം
വിരോധിവൃന്ദം രണ്ടായ്പിരിഞ്ഞു, ബന്ധനസ്ഥ-
നുദയഭാനുകിരണസമം, തവ സീമന്ത-
സിന്ദൂരമരുണസരണമിദം പുണ്യമംബേ! ||
••••••••••••••••••••••
ശ്ലോകം /45/
🕉🕉🕉
അരാലൈഃ സ്വാഭാവ്യാത്,
അലികലഭസശ്രീഭിരലകൈഃ,
പരീതം തേ വക്ത്രം,
പരിഹസതി പങ്കേരുഹരുചിം ।
ദരസ്മേരേ യസ്മിൻ,
ദശനരുചികിഞ്ജൽകരുചിരേ,
സുഗന്ധൗ മാദ്യന്തി,
സ്മരദഹനചക്ഷുർമധുലിഹഃ ॥
🪔🪔🪔🪔🪔
അളിയിളയവർസദൃശം തിങ്ങിവിളങ്ങും
സഹജമൂലം ചുരുളാർന്നിതളകങ്ങൾ
പൂർണ്ണാവരണകൃതം തവ ചാരുവദനം
പങ്കേരുഹസഹജഭാവം സുപരിഹസിതം |
മന്ദഹാസമൂലം വികസിതം തവ വദനം
ദന്തപല്ലവകാന്തിദർശനം മനോഹരം
സുരഭിലം, കാമദേവദഹനത്രിണയനം
ഭ്രമരസദൃശം സുരമിതമിദം, രമണീ! ||
••••••••••••••••••••••
ശ്ലോകം /46/
🕉🕉🕉
ലലാടം ലാവണ്യദ്യുതി-
വിമലമാഭാതി തവ യത്,
ദ്വിതീയം തന്മന്യേ,
മകുടഘടിതം ചന്ദ്രശകലം ।
വിപര്യാസന്യാസാത്,
ഉഭയമപി സംഭൂയ ച മിഥഃ,
സുധാലേപസ്യൂതിഃ,
പരിണമതി രാകാഹിമകരഃ ॥
🪔🪔🪔🪔🪔
ലാവണ്യകാന്തിയാൽ തിളങ്ങുമളികസ്ഥലം
നിർമ്മലസുശോഭിതം ശീതകിരണസമം
മമ വന്ദനം തവ ദ്വിതീയേന്ദുകലാരൂപം
മണിഗണമയകോടീരോപരി പ്രതിഷ്ഠിതം |
ഇപ്രകാരമന്യഥാ സ്ഥിതയുഗളാർദ്ധേന്ദു-
കലകളൊന്നിച്ചുചേരവേ തവ കൃപയാൽ
പൂർണ്ണാമൃതകരനായ് പരിണമിച്ചിഹ
അമൃതനിർഝരി പൊഴിയ്ക്കും, പരമേശ്വരീ ||
••••••••••••••••••••••
ശ്ലോകം /47/
🕉🕉🕉
ഭ്രുവൗ ഭുഗ്നേ കിഞ്ചിത്,
ഭുവനഭയഭംഗവ്യസനിനി,
ത്വദീയേ നേത്രാഭ്യാം,
മധുകരരുചിഭ്യാം ധൃതഗുണം ।
ധനുർമന്യേ സവ്യേതരകര-
ഗൃഹീതം രതിപതേഃ,
പ്രകോഷ്ഠേ മുഷ്ടൗ ച,
സ്ഥഗയതി നിഗൂഢാന്തരമുമേ ॥
🪔🪔🪔🪔🪔
ഭുവനഭീതിഭഞ്ജനമതിതത്പരം
ഭവാനീ, തവ ചില്ലികാദ്വയമീഷൽ നതം
ഭജിതം യുഗളഭ്രൂഃമദനധനുസ്സദൃശം
ഭ്രമരസമനേത്രയുഗളപാശബന്ധിതം |
കാമവാമകഹസ്തമവലംബം ചാപമധ്യേ
സ്മരൻ തന്മുഷ്ടിയും പുനഃകണങ്കൈയ്യുമിഹ
ധനുർമധ്യമതിഗോപ്യം മമ വിചിന്തനം
നിഗൂഢാന്തരസ്ഥിതമിദം, ഉമാമഹേശ്വരീ ||
••••••••••••••••••••••
ശ്ലോകം /48/
🕉🕉🕉
അഹഃ സൂതേ സവ്യം,
തവ നയനമർകാത്മകതയാ,
ത്രിയാമാം വാമം തേ,
സൃജതി രജനീനായകതയാ ।
തൃതീയാ തേ ദൃഷ്ടിഃ,
ദരദലിതഹേമാംബുജരുചിഃ,
സമാധത്തേ സന്ധ്യാം,
ദിവസനിശയോരന്തരചരീം ॥
🪔🪔🪔🪔🪔
ആദിത്യാത്മകമായ് ജ്വലിക്കുന്നിതമ്മയുടെ
വലതുകണ്ണാൽ പകലിനെ സംജാതമാക്കി,
അമ്മയുടെയിടതു കണ്ണായ് വിളങ്ങുമിഹ
ശീതകിരണാത്മകം രജനിയെ ജനിപ്പിച്ചും; |
വഹ്‌ന്യാത്മകമായുള്ള ഭ്രൂമധ്യതിരുനയനം
മുകുളിതഹേമാംബുജകാന്തിയാൽ വിളങ്ങും
ലഘുരൂപാകാരമാർന്നൊരു കുസുമസമം
ഉഷഃസായംസന്ധ്യവിരചിക്കുന്നു, ത്രിണയനേ! ||
••••••••••••••••••••••
ശ്ലോകം /49/
🕉🕉🕉
വിശാലാ കല്യാണീ,
സ്ഫുടരുചിരയോധ്യാ കുവലയൈഃ,
കൃപാധാരാധാരാ,
കിമപി മധുരാഭോഗവതികാ ।
അവന്തീ ദൃഷ്ടിസ്തേ,
ബഹുനഗരവിസ്താരവിജയാ,
ധ്രുവം തത്തന്നാമവ്യവഹരണ-
യോഗ്യാ വിജയതേ ॥
🪔🪔🪔🪔🪔
വീക്ഷണമതിവിശാലം മമ ജനനീ തവ
നയനയുഗളം കല്യാണീസ്ഫടികശോഭനം
കുവലയകുസുമമയോധ്യാസ്ഥിതം സുന്ദരം
കൃപാമധുരധാരാത്മകം ഭോഗവതിരൂപം |
മക്കളിൻ രക്ഷചെയ്യുന്നിതവാന്തികം തവ
വിജയപ്രതീകം ബഹുവിധനഗരങ്ങൾ
നിജനാമധേയങ്ങളാധാരമായ് ജയിക്കട്ടെ;
മനോഭാവാത്മകദർശനപുണ്യമംബേ! ||
••••••••••••••••••••••
ശ്ലോകം /50/
🕉🕉🕉
കവീനാം സന്ദർഭസ്തബക-
മകരന്ദൈകരസികം,
കടാക്ഷവ്യാക്ഷേപ-
ഭ്രമരകലഭൗ കർണയുഗലം ।
അമുഞ്ചന്തൗ ദൃഷ്ട്വാ,
തവ നവരസാസ്വാദതരലൗ,
അസൂയാസംസർഗാത്,
അലികനയനം കിഞ്ചിദരുണം ॥
🪔🪔🪔🪔🪔
കടാക്ഷമെന്ന വ്യാജേന ചരിക്കും കണ്ണുകൾ
കുഞ്ഞുഭ്രമരങ്ങളായ് തോന്നുമതിദീർഘം
കാവ്യരചനകളുടെ പൂങ്കുലയിലൂറിടും
തേനാസ്വദിച്ചിടുന്നു തവ കർണ്ണയുഗളം |
മധുരമാസ്വദിക്കും ചെവികൾ തൊട്ടുരുമ്മി
തവ നവരസം രുചിക്കുന്ന നയനദ്വയം
കണ്ടസൂയയാലല്പമരുണനിറമാർന്നു
തവ തിരുഭ്രൂമധ്യമിദം നയനം, ത്ര്യംബകേ! ||
••••••••••••••••••••••
ശ്ലോകം /51/
🕉🕉🕉
ശിവേ ശൃംഗാരാർദ്രാ,
തദിതരജനേ കുത്സനപരാ,
സരോഷാ ഗംഗായാം,
ഗിരിശചരിതേ വിസ്മയവതീ ।
ഹരാഹിഭ്യോ ഭീതാ,
സരസിരുഹസൗഭാഗ്യജയിനീ,
സഖീഷു സ്മേരാ തേ,
മയി ജനനി ദൃഷ്ടിഃ സകരുണാ ॥
🪔🪔🪔🪔🪔
ശിവനിൽ തവ ദൃഷ്ടി പതിയവേ ശൃംഗാരം
അന്യജനമാകുമ്പോളത് ഭീഭത്സരസവും
ഗംഗയ്ക്കുമേൽ സപത്നിയായ് രുദ്രസ്വഭാവം
ശിവകഥ ശ്രവിയ്ക്കവേ തവ രസം വിസ്മയം |
ഹരാഭരണസർപ്പദർശനം ഭീതിദം
അംബുജാരുണവീര്യരസമയം ദൃഷ്ടിദ്വയം
സഖികൾക്കുനേരെ ഹാസ്യരസം പൊഴിക്കവേ
തവ കരുണാരസമിതടിയനും, ജനനീ ||
••••••••••••••••••••••
ശ്ലോകം /52/
🕉🕉🕉
ഗതേ കർണാഭ്യർണം,
ഗരുത ഇവ പക്ഷ്മാണി ദധതീ,
പുരാം ഭേത്തുശ്ചിത്ത-
പ്രശമരസവിദ്രാവണഫലേ ।
ഇമേ നേത്രേ ഗോത്രാധരപതി-
കുലോത്തംസകലികേ,
തവാകർണാകൃഷ്ട-
സ്മരശരവിലാസം കലയതഃ ॥
🪔🪔🪔🪔🪔
ഗരുഡപക്ഷത്തൂവലോടൊക്കും പീലിസഹിതം
തവ കർണ്ണങ്ങളെത്തൊടും ദീർഘമായതും
ത്രിപുരാന്തകനുടെ ശാന്തരസഭാവം ദ്രവിയ്ക്കും
തവ കടാക്ഷഫലത്താൽ നിശ്ചയം, ദേവീ! |
കുസുമമുകുളസമം തവ നേത്രയുഗളം
ഹിമഗിരിരാജൻ തന്നുടെ ശിഖരരൂപം
ഇരുപക്ഷവും കാതിലേക്ക് വലിച്ചുകെട്ടിയ
മന്മഥബാണങ്ങളെന്നു തോന്നും, കാമദായിനീ! ||
••••••••••••••••••••••
ശ്ലോകം /53/
🕉🕉🕉
വിഭക്തത്രൈവർണ്യം,
വ്യതികരിതലീലാഞ്ജനതയാ,
വിഭാതി ത്വന്നേത്രത്രിതയമിദ-
മീശാനദയിതേ ।
പുനഃ സ്രഷ്ടും ദേവാൻ,
ദ്രുഹിണഹരിരുദ്രാനുപരതാൻ,
രജഃ സത്ത്വം ബിഭ്രത്,
തമ ഇതി ഗുണാനാം ത്രയമിവ ॥
🪔🪔🪔🪔🪔
വേർതിരിഞ്ഞമരും വ്യക്തമായ് ത്രൈഗുണ്യ-
ഭാവങ്ങൾ തവ ത്രിണയനത്തിലംബികേ,
ത്രിവർണാഞ്ജനശിലാലേപനാൽ വിളങ്ങും
പ്രപഞ്ചത്തിൽ ത്രിധർമ്മങ്ങൾ പ്രകടിതം |
സത്വരജസ്തമോഗുണഭാവങ്ങളായ് മൂന്നും
വിഷ്ണുവിരിഞ്ചവാമദേവന്മാരുടെ പുനരാ-
വിഷ്കരണം നടക്കും തവ കടാക്ഷത്താലിദം
പ്രളയാനന്തരം, ഈശാനനുടെ പ്രിയതമേ! ||
••••••••••••••••••••••
ശ്ലോകം /54/
🕉🕉🕉
പവിത്രീകർതും നഃ,
പശുപതിപരാധീനഹൃദയേ,
ദയാമിത്രൈർനേത്രൈഃ,
അരുണധവലശ്യാമരുചിഭിഃ ।
നദഃ ശോണോ ഗംഗാ,
തപനതനയേതി ധ്രുവമമും,
ത്രയാണാം തീർഥാനാം,
ഉപനയസി സംഭേദമനഘം ॥
🪔🪔🪔🪔🪔
പശുപതിചിത്തം പരാധീനമാക്കിയ ദേവീ,
നിജ നേത്രങ്ങളനവരതം കരുണാർദ്രം
അരുണധവളശ്യാമവർണസുശോഭിതം
ശോണഗംഗസൂര്യപുത്രിനദികൾ സദൃശം |
ത്രിപ്രവാഹസമ്മേളനം പുണ്യമിദം നിശ്ചയം
അരുണശോണവും ശ്വേതഗംഗയും കാളിന്ദിയും
ഭുവനത്തിങ്കലുള്ള പാപങ്ങളെ നീക്കി തീർത്ഥ-
സംഗമം തീർക്കുന്ന ധ്യാനമൂർത്തേ, അനഘേ ||
••••••••••••••••••••••
ശ്ലോകം /55/
🕉🕉🕉
നിമേഷോന്മേഷാഭ്യാം,
പ്രലയമുദയം യാതി ജഗതീ,
തവേത്യാഹുഃ സന്തോ,
ധരണിധരരാജന്യതനയേ ।
ത്വദുന്മേഷാജ്ജാതം,
ജഗദിദമശേഷം പ്രലയതഃ,
പരിത്രാതും ശങ്കേ,
പരിഹൃതനിമേഷാസ്തവ ദൃശഃ ॥
🪔🪔🪔🪔🪔
നിപുണരാം സജ്ജനങ്ങൾ ചൊല്ലിടുന്നിതമ്മേ,
തവോന്മേഷമിദം സുകൃതസൃഷ്ടിജാലോദയം
നിമേഷമെങ്കിലോ ഭുവനാന്തമഹാപ്രളയം
നിജനിമിയനക്കം സംസാരസൃഷ്ടിസംഹാരം |
അവ്വണ്ണമുൻമേഷത്തിന്നുല്പന്നമാകുന്നിഹ
ജഗദ്രക്ഷാർത്ഥമിദം തവയിമയുഗളം
പ്രളയമാകുന്നൊരന്ത്യകാലമകറ്റിടാൻ
സദാ വിടർന്നിരിക്കുന്നതാവാം, ഹൈമവതീ ||
••••••••••••••••••••••
ശ്ലോകം /56/
🕉🕉🕉
തവാപർണേ കർണേ-
ജപനയനപൈശുന്യചകിതാ,
നിലീയന്തേ തോയേ,
നിയതമനിമേഷാഃ ശഫരികാഃ ।
ഇയം ച ശ്രീർബദ്ധച്ഛദ-
പുടകവാടം കുവലയം,
ജഹാതി പ്രത്യൂഷേ,
നിശി ച വിഘടയ്യ പ്രവിശതി ॥
🪔🪔🪔🪔🪔
തിളങ്ങും സ്വരൂപമാർന്ന പെൺമീനുകൾ
സലിലനിമഗ്നരായൊളിക്കുമിതു വിചിത്രം
നിർന്നിമേഷിതബദ്ധശ്രദ്ധരായ് നിയതം
ചകിതരാകുന്നിഹ കർണദൂഷണത്തിൽ |
ശ്രീലക്ഷ്മി ചേരും കുവലയഭുവനത്തിങ്കൽ,
കേവലമിരവിൽ, വിടരുമിതളുകൾ
പകലന്തിയോളമടച്ചിട്ട കവാടങ്ങൾ
ഉഷസ്സിലുപേക്ഷിച്ചിടുന്നല്ലോ, അപർണേ ||
••••••••••••••••••••••
ശ്ലോകം /57/
🕉🕉🕉
ദൃശാ ദ്രാഘീയസ്യാ,
ദരദലിതനീലോത്പലരുചാ,
ദവീയാംസം ദീനം,
സ്നപയ കൃപയാ മാമപി ശിവേ ।
അനേനായം ധന്യോ,
ഭവതി ന ച തേ ഹാനിരിയതാ,
വനേ വാ ഹർമ്യേ വാ,
സമകരനിപാതോ ഹിമകരഃ ॥
🪔🪔🪔🪔🪔
ദയാർദ്രദൃശ്യവർഷത്താലമ്മേ! എന്നുടെ
കരുണാമൃതവിശുദ്ധസ്നാനം നടത്തിയാലും
ദീനനും ദൂരസ്ഥനുമാമെന്നിൽ തൂകീടുമോ
തവ ദീർഘതരനീലോല്പലനേത്രശോഭ? |
മമ ദൈന്യത മാറ്റി ധന്യത വരുത്തുകിൽ
നിന്തിരുവടിക്കൊരു കേടുമുണ്ടായ്കയില്ലല്ലോ!
അമൃതകരൻ തന്നുടെയനുഗ്രഹധാര
ആരണ്യഹർമ്യസമം ചെയ്തിടുന്നല്ലോ, ശിവേ! ||
••••••••••••••••••••••
ശ്ലോകം /58/
🕉🕉🕉
അരാലം തേ പാലീയുഗല-
മഗരാജന്യതനയേ,
ന കേഷാമാധത്തേ,
കുസുമശരകോദണ്ഡകുതുകം ।
തിരശ്ചീനോ യത്ര,
ശ്രവണപഥമുല്ലംഘ്യ വിലസന്‍,
അപാംഗവ്യാസംഗോ,
ദിശതി ശരസന്ധാനധിഷണാം ॥
🪔🪔🪔🪔🪔
അമ്മേ! തവ പാളീയുഗളം കമാനരൂപകം
അതനുതൻ ധനുതുല്യം നയനസുഭഗം
അശേഷമാർക്കുമുണ്ടാവതില്ലൊരു വികല്പം,
കർണ്ണഭേദിതം തവ സവിസ്തരവീക്ഷണം |
അവ്വണ്ണമതിദീർഘനേത്രദ്വയം, മദന-
ശരസമം തവ കർണയുഗളം തുളയ്ക്കും
ശ്രവണപഥം കടന്നു വിലസിക്കുന്നിതല്ലോ,
പാളിയ്ക്കു തിരശ്ചീനമായിട്ടിഹ, ഗിരികന്യേ! ||
••••••••••••••••••••••
ശ്ലോകം /59/
🕉🕉🕉
സ്ഫുരദ്ഗണ്ഡാഭോഗ-
പ്രതിഫലിതതാടങ്കയുഗലം,
ചതുശ്ചക്രം മന്യേ,
തവ മുഖമിദം മന്മഥരഥം ।
യമാരുഹ്യ ദ്രുഹ്യത്യവനി-
രഥമർകേന്ദുചരണം,
മഹാവീരോ മാരഃ,
പ്രമഥപതയേ സജ്ജിതവതേ ॥
🪔🪔🪔🪔🪔
സ്ഫുടസുന്ദരം തവ മുഖകാന്തി, അടിയൻ
ധ്യാനിച്ചിടുമ്പോളങ്ങയുടെ താടങ്കയുഗളം
കപോലദർപ്പണത്തിങ്കൽ പ്രതിഫലിച്ചു
സ്മരത്തേരുസദൃശം തിളങ്ങുന്നു തവാനനം |
മഹാവീരസ്മരനുടൻ സ്മരിച്ചിടുന്നല്ലോ,
അർക്കേന്ദുമണ്ഡലദ്വയഘടിതം പൃഥ്വീരഥം
തെളിച്ചിടുന്നിതു പ്രഥമഗണനാഥനൊട്
രണസജ്ജീകരണകൃതാർത്ഥമിദം, ദേവീ! ||
••••••••••••••••••••••
ശ്ലോകം /60/
🕉🕉🕉
സരസ്വത്യാഃ സൂക്തീഃ,
അമൃതലഹരീകൗശലഹരീഃ
പിബന്ത്യാഃ ശർവാണി,
ശ്രവണചുലുകാഭ്യാമവിരലം ।
ചമത്കാരശ്ലാഘാചലിത-
ശിരസഃ കുണ്ഡലഗണോ,
ഝണത്കാരൈസ്താരൈഃ,
പ്രതിവചനമാചഷ്ട ഇവ തേ ॥
🪔🪔🪔🪔🪔
സുധാനിർഝരിയേകുന്ന മാധുര്യം കവിയും
സാരസ്വതമംഗളസൂക്തങ്ങളാസ്വദിച്ചിടും
തവ കർണയുഗളം പാനപാത്രസദൃശം
അവിരളം ശ്രവിക്കുന്നിതു പുണ്യസ്‌തുതികൾ|
ആവിധമാഹ്ലാദിച്ചങ്ങയുടെ തലയാടുന്ന-
തോടൊപ്പമിളകും കുണ്ഡലദ്വയം മുഴക്കും
ഝണത്കാരനിനദമതിമധുരതരം
സ്തുത്യർഹപ്രതിവചനമിദം, ശർവാണീ! ||
••••••••••••••••••••••
ശ്ലോകം /61/
🕉🕉🕉
അസൗ നാസാവംശഃ,
തുഹിനഗിരിവംശധ്വജപടി,
ത്വദീയോ നേദീയഃ,
ഫലതു ഫലമസ്മാകമുചിതം ।
വഹത്യന്തർമുക്താഃ,
ശിശിരകരനിശ്വാസഗലിതം,
സമൃദ്ധ്യാ യത്താസാം,
ബഹിരപി ച മുക്താമണിധരഃ ॥
🪔🪔🪔🪔🪔
അചലം ഹിമവൽവംശധ്വജമായമരും
തവ, നാസാദണ്ഡം മുളന്തണ്ടുസമം കൃശകം
അടിയങ്ങൾക്കേകുകില്ലേ! ദിവ്യവരദാനം
തവ സാമീപ്യാനുഗ്രഹവർഷം സമുചിതം |
തവ മണിമുത്തുനാസാഭരണം ധ്യാനിക്കവേ
ശിശിരകരനിശ്വാസസംഭവം വംശാന്തരം
വാമവശനാസാരന്ധ്രത്തിലാവിർഭവിച്ചിഹ
മൗക്തികസമൃദ്ധമിദം തവ ഘ്രാണം, വരദേ! ||
••••••••••••••••••••••
ശ്ലോകം /62/
🕉🕉🕉
പ്രകൃത്യാ രക്തായാഃ,
തവ സുദതി ദന്തച്ഛദരുചേഃ,
പ്രവക്ഷ്യേ സാദൃശ്യം,
ജനയതു ഫലം വിദ്രുമലതാ ।
ന ബിംബം തദ്ബിംബ-
പ്രതിഫലനരാഗാദരുണിതം,
തുലാമധ്യാരോഢും,
കഥമിവ വിലജ്ജേത കലയാ ॥
🪔🪔🪔🪔🪔
പ്രഭയേകും തവ ദന്തപംക്തിദ്വയം, വശ്യം
ഗുപ്തമിതാരക്തവർണ്ണാധരോഷ്ഠത്താലിഹ,
അടിയനൊരു സാദൃശ്യത്തിനായ് ധ്യാനിക്കവേ
“പവിഴവള്ളി പൂത്തുഫലിച്ചീടുകിൽ സാധ്യം” |
നിജാരുണതരാധരോഷ്ഠമൊത്തുനോക്കുകിൽ
ശോണിതബിംബഫലങ്ങൾ തലതാഴ്ത്തിടുന്നു
ലജ്ജയാലവ, തവാരുണാഭാപ്രതിഫലനം
ലഭിയ്ക്കായെന്നറിഞ്ഞിട്ടാകാം, ത്രിപുരസുന്ദരീ! ||
••••••••••••••••••••••
ശ്ലോകം /63/
🕉🕉🕉
സ്മിതജ്യോത്സ്നാജാലം,
തവ വദനചന്ദ്രസ്യ പിബതാം,
ചകോരാണാമാസീത്,
അതിരസതയാ ചഞ്ചുജഡിമാ ।
അതസ്തേ ശീതാംശോഃ,
അമൃതലഹരീമാമ്ലരുചയഃ,
പിബന്തി സ്വച്ഛന്ദം,
നിശി നിശി ഭൃശം കാഞ്ജികധിയാ ॥
🪔🪔🪔🪔🪔
സോമസമം തവ വദനത്തിലുദയം ചെയ്യും
സുസ്മിതത്താൽ പരക്കും കൗമുദീധാരയിൽ
ചകോരങ്ങളതിമധുരരസപാനത്താൽ
അവയുടെ ചുണ്ടുകളചേതനമായിടുന്നു |
ആവിധം മന്ദമായിതു ചകോരങ്ങളുടൻ
രുചിക്കുന്നിതമ്ലരസമാർന്ന കാഞ്ജിഭോജ്യം
സ്വച്ഛന്ദമായ് നുകർന്നിടുന്നിതനവരതം
പൂർണ്ണാമൃതകരനുടെ രസത്തെ, ചന്ദ്രവിദ്യേ! ||
••••••••••••••••••••••
ശ്ലോകം /64/
🕉🕉🕉
അവിശ്രാന്തം പത്യുഃ,
ഗുണഗണകഥാമ്രേഡനജപാ,
ജപാപുഷ്പച്ഛായാ,
തവ ജനനി ജിഹ്വാ ജയതി സാ ।
യദഗ്രാസീനായാഃ,
സ്ഫടികദൃഷദച്ഛച്ഛവിമയീ,
സരസ്വത്യാ മൂർതിഃ,
പരിണമതി മാണിക്യവപുഷാ ॥
🪔🪔🪔🪔🪔
അവിരാമമാവർത്തിച്ചിടുന്ന ജപങ്ങൾ
തവ പതി ശംഭുതൻ ഗുണഗണകഥനം
വർണ്ണിക്കും തവ ജിഹ്വ ജയിക്കുമാറാകട്ടെ
ജപാകുസുമസമമരുണതരം, ജനനീ |
അവ്വണ്ണം തവ നാവിൻതുമ്പത്തിരുന്നരുളി
വിലസീടുന്നിതൊരു ജ്ഞാനപത്മാസനാദേവി
സ്ഫടികാത്മകധവളശോഭാമയരൂപകം
പത്മരാഗത്തിന്നരുണാഭ നേടുന്നു, ശോഭനേ! ||
••••••••••••••••••••••
ശ്ലോകം /65/
🕉🕉🕉
രണേ ജിത്വാ ദൈത്യാന്‍,
അപഹൃതശിരസ്ത്രൈഃ കവചിഭിഃ,
നിവൃത്തൈശ്ചണ്ഡാംശ-
ത്രിപുരഹരനിർമാല്യവിമുഖൈഃ ।
വിശാഖേന്ദ്രോപേന്ദ്രൈഃ,
ശശിവിശദകർപൂരശകലാ,
വിലീയന്തേ മാതഃ,
തവ വദനതാംബൂലകവലാഃ ॥
🪔🪔🪔🪔🪔
രണദേവന്മാർ വിശാഖവിഷ്ണുജിഷ്ണുത്രയം
താരകാദിദൈത്യരെ വിജയിച്ചു മടങ്ങവേ
രണകോടീരമഴിച്ചും പടച്ചട്ടയണിഞ്ഞും
രുദ്രനിർമാല്യംശം കഴിപ്പാൻ വിമുഖർ |
ചണ്ഡികേശ്വരനുടെയംശാഹാരമുപേക്ഷിച്ചു
മൂവർ തവ വദനതാംബൂലകളബങ്ങ-
ളതീവതാൽപര്യപൂർവം ഭുജിച്ചിടുന്നു,
സോമകിരണകർപൂരാത്മകമിദം, മാതേ! ||
••••••••••••••••••••••
ശ്ലോകം /66/
🕉🕉🕉
വിപഞ്ച്യാ ഗായന്തീ,
വിവിധമപദാനം പശുപതേഃ,
ത്വയാരബ്ധേ വക്തും,
ചലിതശിരസാ സാധുവചനേ ।
തദീയൈർമാധുര്യൈഃ,
അപലപിതതന്ത്രീകലരവാം,
നിജാം വീണാം വാണീ,
നിചുലയതി ചോലേന നിഭൃതം ॥
🪔🪔🪔🪔🪔
വാണീദേവിയാലപിയ്ക്കുന്നിതനവധി ഗീത-
ങ്ങളതിമധുരമായ് നിജ വിപഞ്ചിയാൽ,
പശുപതിസ്തുതി തലയാട്ടിക്കേൾക്കുകിൽ
തവ മധുരനാദം ശ്രവിക്കാമിഹ, “ഭേഷ്, ഭേഷ്”! |
അപ്രകാരം മധുരസാധുവചനം ശ്രവിച്ച
ശാരദാദേവി തന്നുടെ കച്ഛപീതന്ത്രിസ്വരം
ത്വരിതവിരാമം ചെയ്തു പുടവയാൽ മൂടി-
യതിനു നിജ സല്ലാപഹേതു, വാഗധീശ്വരീ! ||
••••••••••••••••••••••
ശ്ലോകം /67/
🕉🕉🕉
കരാഗ്രേണ സ്പൃഷ്ടം,
തുഹിനഗിരിണാ വത്സലതയാ,
ഗിരീശേനോദസ്തം,
മുഹുരധരപാനാകുലതയാ ।
കരഗ്രാഹ്യം ശംഭോഃ,
മുഖമുകുരവൃന്തം ഗിരിസുതേ,
കഥങ്കാരം ബ്രൂമഃ,
തവ ചുബുകമൗപമ്യരഹിതം ॥
🪔🪔🪔🪔🪔
കരാംഗുലീയാഗ്രത്താൽ തവ താതൻ ഗിരി-
രാജൻ വാത്സല്യാതിരേകത്താൽ തടവിയും,
കൈലാസനാഥൻ വ്യഗ്രത പൂണ്ടു പുനഃ പുനഃ
അധരപാനത്തിനായ് പിടിച്ചുയർത്തിയും |
പതിപരമേശ്വരനിപ്രകാരമതിലോലം
തവ ചിബുകം ദർപ്പണത്തണ്ടുസമം ഗ്രഹി-
ക്കുകിലതിൻ സൗന്ദര്യമെപ്രകാരമവത-
രിപ്പിച്ചിടും ഉപമാഽഭാവമിദം, പാർവ്വതീ! ||
••••••••••••••••••••••
ശ്ലോകം /68/
🕉🕉🕉
ഭുജാശ്ലേഷാൻ നിത്യം,
പുരദമയിതുഃ കണ്ടകവതീ,
തവ ഗ്രീവാ ധത്തേ,
മുഖകമലനാലശ്രിയമിയം ।
സ്വതഃ ശ്വേതാ കാലാഗരു-
ബഹുലജംബാലമലിനാ,
മൃണാലീലാലിത്യം,
വഹതി യദധോ ഹാരലതികാ ॥
🪔🪔🪔🪔🪔
ഭഗവാൻ ശംഭുവിൻ നിത്യാശ്ലേഷങ്ങളാൽ
തവ കണ്ഠം കണ്ടകധരം പുളകിതമയം
താമരനാളിതൻ കാന്തിപേറുന്നിതു ഗളം
തവ വദനകമലം വഹിയ്ക്കുമിദം പുണ്യം |
നൈസർഗ്ഗികം ശുദ്ധശ്വേതാർണവശോഭിതം
കാരകിൽ ലേപനാംശത്താൽ മലിനമയ-
മായെങ്കിലും തവ ഗളം മൃണാളലളിതം
മുത്തുമാലയണിഞ്ഞു വിളങ്ങും, നളിനീ! ||
••••••••••••••••••••••
ശ്ലോകം /69/
🕉🕉🕉
ഗലേ രേഖാസ്തിസ്രോ,
ഗതിഗമകഗീതൈകനിപുണേ,
വിവാഹവ്യാനദ്ധപ്രഗുണ-
ഗുണസംഖ്യാപ്രതിഭുവഃ ।
വിരാജന്തേ നാനാവിധ-
മധുരരാഗാകരഭുവാം,
ത്രയാണാം ഗ്രാമാണാം,
സ്ഥിതിനിയമസീമാന ഇവ തേ ॥
🪔🪔🪔🪔🪔
ഗതിഗമകഗീതൈകനിപുണയാമംബികേ,
തവ ഗളത്തിൻ വലിത്രയമിദം സുകൃതം
കാമേശ്വരൻ ബന്ധിച്ച മാംഗല്യസൂത്രത്തിൻ
ത്രിസരങ്ങൾ സദൃശം എണ്ണമൊക്കുന്നിതല്ലോ! |
അനേകമിമ്പമാർന്ന രാഗസ്രോതസ്സായിഹ
വിരാജിക്കും തവ സംഗീതധാരയതിധന്യം
മദ്ധ്യമാദി ഗീതകത്രിഗ്രാമസ്വരങ്ങളുടെ
സ്വഭാവസീമാരേഖ വിരചിക്കും, സുമംഗലീ! ||
••••••••••••••••••••••
ശ്ലോകം /70/
🕉🕉🕉
മൃണാലീമൃദ്വീനാം,
തവ ഭുജലതാനാം ചതസൃണാം,
ചതുർഭിഃ സൗന്ദര്യം,
സരസിജഭവഃ സ്തൗതി വദനൈഃ ।
നഖേഭ്യഃ സന്ത്രസ്യൻ,
പ്രഥമമഥനാദന്ധകരിപോഃ,
ചതുർണാം ശീർഷാണാം,
സമമഭയഹസ്താർപണധിയാ ॥
🪔🪔🪔🪔🪔
മൃദുലമനോഹാരിതം തവ ചതുർഭുജം
മൃണാളസദൃശമതിലോലലതികപോൽ
സ്തുതിച്ചീടുന്നിഹ ചതുർബ്ബാഹുക്കളെ നിത്യം
പത്മാസനൻ നിജ ചതുരാനനങ്ങളാൽ |
ശേഖരനുടെ നഖം ഭയന്നിടും നാന്മുഖൻ
തന്മുഖം പണ്ടു നുള്ളിയെടുത്തതോർക്കുകിൽ
ധ്യാനിച്ചിടുന്നു തവ ചതുർഭുജത്തിങ്കൽ
രക്ഷിപ്പാനിതുനാലുവദനം നിത്യം, ഭൈരവീ! ||
••••••••••••••••••••••
ശ്ലോകം /71/
🕉🕉🕉
നഖാനാമുദ്യോതൈഃ,
നവനളിനരാഗം വിഹസതാം,
കരാണാം തേ കാന്തിം,
കഥയ കഥയാമഃ കഥമുമേ ।
കയാചിദ്വാ സാമ്യം,
ഭജതു കലയാ ഹന്തകമലം,
യദി ക്രീഡല്ലക്ഷ്മീ-
ചരണതലലാക്ഷാരസചണം ॥
🪔🪔🪔🪔🪔
നവനളിനദീപ്തിയുമപഹാസിതമാകും
തവനഖത്തിന്നുദയകിരണകാന്തിയാൽ
നിന്തിരുവടി തന്നെയുണർത്തിക്കണമടി-
യനെങ്ങനെയങ്ങയുടെ കരം വർണ്ണിക്കണം? |
ലഘുസാമ്യമൊരുവേള ദർശിതമായിടാം,
ലക്ഷ്മീദേവി തന്നുടെ കമലഭവനം പൂകി
ക്രീഡിച്ചിടും വേളയിലാദിവ്യപാദങ്ങളിലെ
കോലരക്കിൻ രസം കൂടിക്കലരികിലുമേ! ||
••••••••••••••••••••••
ശ്ലോകം /72/
🕉🕉🕉
സമം ദേവി സ്‌കന്ദദ്വിപവദന-
പീതം സ്തനയുഗം,
തവേദം നഃ ഖേദം,
ഹരതു സതതം പ്രസ്‌നുതമുഖം ।
യദാലോക്യാശങ്കാകുലിത-
ഹൃദയോ ഹാസജനകഃ,
സ്വകുംഭൗ ഹേരംബഃ,
പരിമൃശതി ഹസ്‌തേന ഝടിതി ॥
🪔🪔🪔🪔🪔
സ്കന്ദനും ഗജവദനനും പാനം ചെയ്തിട്ടിഹ
തവ കുചദ്വയമതീവധന്യം മഹാദേവീ,
സതതസ്രവണവദനമിദം കുംഭയുഗം
മാലോകരുടെ ദുഃഖഹാരിയായ് ഭവിക്കട്ടെ! |
ദർശിതമിദമാകുലഹൃദയപൂർവ്വം
ഹേരംബനുടൻ നിജ കളഭകുംഭദ്വയം
സ്പർശിച്ചുറപ്പിച്ചതു ദർശിച്ചവരിൽ
സാകൂതമിദം ഹാസജനിതം, സ്കന്ദജനനീ! ||
••••••••••••••••••••••
ശ്ലോകം /73/
🕉🕉🕉
അമൂ തേ വക്ഷോജൗ,
അമൃതരസമാണിക്യകുതുപൗ,
ന സന്ദേഹസ്പന്ദോ,
നഗപതിപതാകേ മനസി നഃ ।
പിബന്തൗ തൗ യസ്മാത്,
അവിദിതവധൂസംഗരസികൗ,
കുമാരാവദ്യാപി,
ദ്വിരദവദനക്രൗഞ്ചദലനൗ ॥
🪔🪔🪔🪔🪔
അമൃതരസം വഹിക്കുമിദമരുണരത്ന-
ത്തോൽക്കുടങ്ങൾ തോൽക്കും തവ കുചയുഗം.
ഹിമവൽവിജയക്കൊടിയാണമ്മയെന്നുള്ള-
തിലടിയങ്ങൾക്കില്ലൊരണുവിട വികല്പം |
ഷണ്മുഖനും ഗജമുഖനും തവ സ്‌തന്യാമൃതം
പാനം ചെയ്യുമിപ്പോഴുമിഹ തുടരുന്നിതല്ലോ
വധൂസംഗരസം ഗ്രഹിക്കാ കുമാരന്മാരായ്
നിന്തിരുവടി തേടും കുമാരഗണനാഥാംബേ! ||
••••••••••••••••••••••
ശ്ലോകം /74/
🕉🕉🕉
വഹത്യംബ സ്തംബേരമ-
ദനുജകുംഭപ്രകൃതിഭിഃ,
സമാരബ്ധാം മുക്താമണി-
ഭിരമലാം ഹാരലതികാം ।
കുചാഭോഗോ ബിംബാധര-
രുചിഭിരന്തഃ ശബളിതാം,
പ്രതാപവ്യാമിശ്രാം,
പുരദമയിതുഃ കീര്‍തിമിവ തേ ॥
🪔🪔🪔🪔🪔
വിശുദ്ധം തവ കുചദ്വയമധ്യസ്ഥലത്തിങ്കൽ
ഗജാസുരനുടെ മസ്തകം പിളർന്നെടുത്ത
മുത്തുമണികളാലാലംകൃതമായൊരു ഹാരം
സ്ഫുരിച്ചീടുന്നിതവ്യയമരുണാഭപൂരിതം |
മുത്തുകൾക്കരുണവർണം പുരണ്ടത് തവാ-
ധരങ്ങളുടെ ബിംബഫലശോണിമയാലാവാം
ലതാത്മകഗുണനികയിതു പേറും പ്രതാപം
ശംഭുതൻ വീര്യപ്രതിബിംബമിദമംബികേ! ||
••••••••••••••••••••••
ശ്ലോകം /75/
🕉🕉🕉
തവ സ്തന്യം മന്യേ,
ധരണിധരകന്യേ ഹൃദയതഃ,
പയഃ പാരാവാരഃ,
പരിവഹതി സാരസ്വതമിവ ।
ദയാവത്യാ ദത്തം,
ദ്രവിഡശിശുരാസ്വാദ്യ തവ യത്,
കവീനാം പ്രൗഢാനാം,
അജനി കമനീയഃ കവയിതാ ॥
🪔🪔🪔🪔🪔
തരംഗിതമാർന്നൊരു പാലാഴിപ്രവാഹം പോൽ
സുധാസ്രോതസ്സായിടും തവ പയോധരദ്വയം
ഹിമശൈലതനയേ! മമ മനനത്തിങ്കൽ
സാരസ്വതജ്ഞാനപ്രവാഹമായിടുന്നിതല്ലോ |
പണ്ടുനാളിലൊരു ദ്രാവിഡശിശുബാലകൻ
തവ ദയാപൂരിതമാർന്ന പാൽ കുടിച്ചു
കമനീയകാവ്യങ്ങൾ വിരചിച്ചൊരു പ്രൗഢ-
കവിയായിട്ടിഹ പണ്ഡിതസദസ്സിലംബികേ! ||
••••••••••••••••••••••
ശ്ലോകം /76/
🕉🕉🕉
ഹരക്രോധജ്വാലാ-
വലിഭിരവലീഢേന വപുഷാ,
ഗഭീരേ തേ നാഭീസരസി-
കൃതസംഗോ മനസിജഃ ।
സമുത്തസ്ഥൗ തസ്മാത്,
അചലതനയേ ധൂമലതികാ,
ജനസ്താം ജാനീതേ,
തവ ജനനി രോമാവലിരിതി ॥
🪔🪔🪔🪔🪔
ഹരനുടെ കോപാഗ്നിനാളങ്ങൾ, സ്മരനുടെ
ദേഹമാകവേ വിഴുങ്ങിയ സമയത്തിങ്കൽ
പ്രാണരക്ഷാർത്ഥം ചാടി, തവ നാഭിയ്ക്കുള്ളിൽ
അനംഗനഭയമായഗാധസരസ്സിതിൽ |
കാമദേവദേഹമാവിധം സലിലസ്പർശ-
മേൽക്കുകിലങ്ങൊരു നേർത്ത ധൂമപടലം
പൊങ്ങിയതു, ജനം കരുതുന്നതു തവ നനുത്ത
രോമരാജിലതികയിതവ്യക്തം, ഗിരികന്യേ! ||
••••••••••••••••••••••
ശ്ലോകം /77/
🕉🕉🕉
യദേതത് കാളിന്ദീതനു-
തരതരംഗാകൃതി ശിവേ,
കൃശേ മധ്യേ കിഞ്ചിത്,
ജനനി തവ യദ്ഭാതി സുധിയാം ।
വിമര്‍ദാദന്യോന്യം,
കുചകലശയോരന്തരഗതം
തനൂഭൂതം വ്യോമ,
പ്രവിശദിവ നാഭിം കുഹരിണീം ॥
🪔🪔🪔🪔🪔
യമുനാനദിയിലുളവാകുമൊരോളം പോൽ
തവ കൃശഗാത്രമധ്യദേശത്തമരുന്നിഹ
സജ്ജനദർശിതമവരുടെ ധ്യാനത്തിൽ
ശ്യാമനീലരേഖയായ് ദിവ്യരോമലതിക |
ശോഭായമയമൊരാകാശക്കീറുപോൽ കൃശം
തവ കുചകുംഭദ്വയമധ്യത്തിലമർന്നു
നേർത്തൊരരുവിയായുടനൊഴുകിയെത്തിടും
തവ ഗഹ്വരസമാനനാഭിയിങ്കൽ, ശിവേ! ||
••••••••••••••••••••••
ശ്ലോകം /78/
🕉🕉🕉
സ്ഥിരോ ഗംഗാവര്‍തഃ,
സ്തനമുകുളരോമാവലിലതാ
കലാവാലം കുണ്ഡം,
കുസുമശരതേജോഹുതഭുജഃ ।
രതേര്‍ലീലാഗാരം,
കിമപി തവ നാഭിര്‍ഗിരിസുതേ,
ബിലദ്വാരം സിദ്ധേഃ,
ഗിരിശനയനാനാം വിജയതേ ॥
🪔🪔🪔🪔🪔
സർവ്വഥാ ഗംഗയിലുള്ള ജലാവർത്തമോ,
വക്ഷോജമുകുളദ്വയമലങ്കരിക്കുമിഹ
രോമരാജിലതികയുത്ഭവിക്കും തടാകമോ,
സ്മരതേജസ്സായിട്ടമരും ഹോമാഗ്നികുണ്ഡമോ |
മന്മഥപ്രിയതമതൻ കേളീസദനമോ,
ശംഭുമിഴികൾ താപസാനന്തരം രമിക്കും
ഗഹ്വരവദനമിതനുപമസുശോഭിതം,
തവ നാഭീദേശമിദം, ഗിരിരാജതനയേ! ||
••••••••••••••••••••••
ശ്ലോകം /79/
🕉🕉🕉
നിസര്‍ഗക്ഷീണസ്യ,
സ്തനതടഭരേണ ക്ലമജുഷോ,
നമന്മൂര്‍തേര്‍നാരീതിലക
ശനകൈസ്ത്രുട്യത ഇവ ।
ചിരം തേ മധ്യസ്യ,
ത്രുടിതതടിനീതീരതരുണാ,
സമാവസ്ഥാസ്ഥേമ്‌നോ,
ഭവതു കുശലം ശൈലതനയേ ॥
🪔🪔🪔🪔🪔
നൈസർഗികമായിതതീവകൃശരൂപകം
പയോധരഭാരത്താലിത്തിരി മുന്നോട്ടാഞ്ഞതും
തവ മധ്യദേശമിതതീവക്ഷീണിതമിഹ
ഒടിഞ്ഞീടുമിതെന്നൊരാശങ്ക ജനിപ്പതമ്മേ |
തവ മധ്യകം മമ ധ്യാനരൂപകമാകവേ
കുത്തിയൊഴുകുന്നൊരു രൗദ്രനദിയിൻ തീരം
പുൽകിനിൽക്കുമൊരു ദ്രുമം പോൽ വാണിഹ
ചിരമൈശ്വര്യമായിടട്ടേ, ഹിമശൈലജാതേ! ||
••••••••••••••••••••••
ശ്ലോകം /80/
🕉🕉🕉
കുചൗ സദ്യഃ സ്വിദ്യത്തട-
ഘടിതകൂര്‍പാസഭിദുരൗ,
കഷന്തൗ ദോര്‍മൂലേ,
കനകകലശാഭൗ കലയതാ ।
തവ ത്രാതും ഭംഗാത്,
അലമിതി വലഗ്നം തനുഭുവാ,
ത്രിധാ നദ്ധം ദേവി,
ത്രിവലിലവലീവല്ലിഭിരിവ ॥
🪔🪔🪔🪔🪔
കഞ്ചുളി ഭേദിച്ചിഹ സദാ വിപുലമായിടും
സ്വേദകണങ്ങളാലനവരതം കുതിർന്നും
ചുല്ലകയുഗങ്ങളിൽ നിന്നുമുത്ഭവിച്ചിടും
ഹേമകലശസമാനം തവ കുചയുഗളം |
ഭാരികമിദം മധ്യം ഭംഗമാകാതിരിപ്പാനും
യഥാകാലമപ്രദേശം ത്രാണിപ്പാനുമുടൻ
അനംഗനമ്മതന്നരക്കെട്ടിൽ കെട്ടിയ ലവലീ-
വല്ലി ത്രിവലിദർശനഭാഗ്യമിദം, ദേവീ! ||
••••••••••••••••••••••
ശ്ലോകം /81/
🕉🕉🕉
ഗുരുത്വം വിസ്താരം,
ക്ഷിതിധരപതിഃ പാര്‍വതി നിജാത്,
നിതംബാദാച്ഛിദ്യ,
ത്വയി ഹരണരൂപേണ നിദധേ ।
അതസ്‌തേ വിസ്തീര്‍ണോ,
ഗുരുരയമശേഷാം വസുമതീം,
നിതംബപ്രാഗ്ഭാരഃ,
സ്ഥഗയതി ലഘുത്വം നയതി ച ॥
🪔🪔🪔🪔🪔
ഗിരിരാജൻ, സർവപർവതനാഥൻ
അതിഗുരുത്വാത്മകമതിവിപുലാകാരകം
നിജ നിതംബദേശം പരിഛേദനം ചെയ്തിഹ
തവ മംഗല്യഹരണം പരിപാലിച്ചിതത്രെ! |
ആവിധമംബതൻ ദിവ്യജഘനവുമതി-
വിസ്തൃതവുമതീവസാന്ദ്രഭാരകവുമഥ
വസുധയാസകലം പ്രഛാദനം ചെയ്തിട്ടിഹ
ഭൂതലഭാരമതീവലാഘവം, ഹൈമവതീ! ||
ശ്ലോകം /82/
🕉🕉🕉
കരീന്ദ്രാണാം ശുണ്ഡാന്‍,
കനകകദളീകാണ്ഡപടലീം,
ഉഭാഭ്യാമൂരുഭ്യാം,
ഉഭയമപി നിര്‍ജിത്യ ഭവതി ।
സുവൃത്താഭ്യാം പത്യുഃ,
പ്രണതികഠിനാഭ്യാം ഗിരിസുതേ,
വിധിജ്ഞേ ജാനുഭ്യാം,
വിബുധകരികുംഭദ്വയമസി ॥
🪔🪔🪔🪔🪔
കനകകദളീകാണ്ഡസദൃശം തവ ഭവ്യ-
തയാർന്നോരുദ്വയമതിലോലമിദം പുണ്യം
ഗജേന്ദ്രവക്രതുണ്ഡമനുരൂപകം സുഭഗം
നിന്തിരുവടിയിതുരണ്ടും വെല്ലിടുന്നിതല്ലോ! |
സുവൃത്താകാരമാർന്നതും നിജ മഹാപതി-
പരമേശ്വരനെ നിത്യം പ്രണമിച്ചാർജ്ജിച്ച
കഠിനതയുള്ളതുമായ തവ ജാനുദ്വയം
ദേവഗജമസ്തകസദൃശമിദം, വിധിജ്ഞേ! ||
••••••••••••••••••••••
ശ്ലോകം /83/
🕉🕉🕉
പരാജേതും രുദ്രം,
ദ്വിഗുണശരഗര്‍ഭൗ ഗിരിസുതേ,
നിഷംഗൗ ജംഘേ തേ,
വിഷമവിശിഖോ ബാഢമകൃത ।
യദഗ്രേ ദൃശ്യന്തേ,
ദശശരഫലാഃ പാദയുഗളീ-
നഖാഗ്രച്ഛദ്മാനഃ,
സുര-മകുട-ശാണൈകനിശിതാഃ ॥
🪔🪔🪔🪔🪔
പരമേശ്വരൻ പരാജിതനാകുവാനായ്
പഞ്ചബാണൻ തന്നുടെയഞ്ചുശരങ്ങളെയി-
രട്ടിയാക്കി തവ തൂണീരസമജംഘയുഗം
നിറച്ചുബന്ധിച്ചിതു ദശാസ്ത്രങ്ങളും നിശ്ചയം |
ആവിധമാവനാഴിസമം വിളങ്ങും കണങ്കാ-
ലുകളിനറ്റത്തായുള്ള പാദാഗ്രനഖങ്ങൾ
തവ പാദം നമിക്കും ദേവകോടീരങ്ങൾ
കൊണ്ടുനിശിതമായിതസ്ത്രമുനപോലംബികേ ||
••••••••••••••••••••••
ശ്ലോകം /84/
🕉🕉🕉
ശ്രുതീനാം മൂര്‍ധാനോ,
ദധതി തവ യൗ ശേഖരതയാ,
മമാപ്യേതൗ മാതഃ,
ശിരസി ദയയാ ധേഹി ചരണൗ ।
യയോഃ പാദ്യം പാഥഃ,
പശുപതിജടാജൂടതടിനീ,
യയോര്‍ലാക്ഷാലക്ഷ്മീഃ,
അരുണഹരിചൂഡാമണിരുചിഃ ॥
🪔🪔🪔🪔🪔
ശ്രുതികളിൻ ശിരസ്സുകളായിഹ വിളങ്ങും
വേദാന്തഗണം തവ ചരണയുഗളമതി-
ഭക്തിസാന്ദ്രമണിയും ശിരോഭൂഷണമായഥ,
ചരണങ്ങളടിയനുമേകണം ദയാവരം |
പന്നഗഭൂഷണജടാജൂടപുണ്യസ്രവണം
തവ പാദപൂജാർത്ഥം പനിനീരായിടവേ,
മഹാവിഷ്ണുവിന്നരുണചൂഡാമണിശോഭനം
കോലരക്കിൻ ലേപനകാന്തിസമം, ശ്രീമാതേ! ||
••••••••••••••••••••••
ശ്ലോകം /85/
🕉🕉🕉
നമോവാകം ബ്രൂമോ,
നയനരമണീയായ പദയോഃ,
തവാസ്‌മൈ ദ്വന്ദ്വായ,
സ്ഫുടരുചിരസാലക്തകവതേ ।
അസൂയത്യത്യന്തം,
യദഭിഹനനായ സ്പൃഹയതേ,
പശൂനാമീശാനഃ,
പ്രമദവനകങ്കേളിതരവേ ॥
🪔🪔🪔🪔🪔
നയനരമണീയം തവ ചരണയുഗളം
വീണുവണങ്ങീടുന്നിഹ സർവ്വജനാവലി
ചെമ്പഞ്ഞിച്ചാറണിഞ്ഞമരും പാദപത്മദ്വയം
സ്ഫടികസങ്കാശമിദം പുണ്യം പരമശിവേ |
തവ ദിവ്യപാദാംബുജസ്പർശം കൊതിച്ചിടും
പശുപതി പരമേശ്വരനസൂയവന്നിഹ
പ്രമദവനമലങ്കരിക്കും കങ്കേളിതരു
തവ പാദഹനനമിച്ഛിച്ചീടുകിലംബികേ! ||
••••••••••••••••••••••
ശ്ലോകം /86/
🕉🕉🕉
മൃഷാ കൃത്വാ ഗോത്രസ്ഖലനമഥ
വൈലക്ഷ്യനമിതം,
ലലാടേ ഭര്‍താരം,
ചരണ കമലേ താഡയതി തേ ।
ചിരാദന്തശ്ശല്യം,
ദഹനകൃത-മുന്മൂലിതവതാ,
തുലാകോടിക്വാണൈഃ,
കിലികിലിതമീശാനരിപുണാ ॥
🪔🪔🪔🪔🪔
മഹാദേവൻ തവ വ്യാജനാമം വിളിക്കവേ
സപത്നീ പേരുപയോഗിച്ചിതു ലജ്ജകൊണ്ടഥ
നമ്രമായൊരു കാന്തനിൻ നെറ്റിമേലുടൻ
തവ പാദകമലപ്രഹരണമിതു പുണ്യം |
കാമദേവനിതു കണ്ടു തന്നുടെയുള്ളിലാളും
നിജദേഹദഹനചരിതമായുണ്ടായൊരു
ചിരകാലവൈരമറുതിയായ്, തവ കാൽ-
ചിലമ്പിൻ കിലുകിലാരവം ശ്രവിക്കിലമ്മേ! ||
••••••••••••••••••••••
ശ്ലോകം /87/
🕉🕉🕉
ഹിമാനീഹന്തവ്യം,
ഹിമഗിരിനിവാസൈകചതുരൗ,
നിശായാം നിദ്രാണം,
നിശി ചരമഭാഗേ ച വിശദൗ ।
വരം ലക്ഷ്മീപാത്രം,
ശ്രിയമതിസൃജന്തൗ സമയിനാം,
സരോജം ത്വത്പാദൗ,
ജനനി ജയതശ്ചിത്രമിഹ കിം ॥
🪔🪔🪔🪔🪔
ഹിമപാതഹാനി വന്നീടുമിഹ സരോരുഹം
ഹിമവാനിലമരും നിത്യം തവ പാദപത്മം
നിശായാമങ്ങളിലമർന്നുറങ്ങുമംബുജം
രാത്രിയ്ക്കുമന്തിയ്ക്കും വാടാ തവ പാദകമലം |
ശ്രീദേവി തന്നുടെ നിവാസമിതംബുജാന്തരം
ഉപാസകർക്കതീവൈശ്വര്യദായകമിദം
തവ പാദപത്മമവിരാമം ജയിയ്ക്കുമെന്ന-തിലടിയനില്ലൊരാശ്ചര്യം, നാരീതിലകമേ! ||
••••••••••••••••••••••
ശ്ലോകം /88/
🕉🕉🕉
പദം തേ കീര്‍തീനാം,
പ്രപദമപദം ദേവി വിപദാം,
കഥം നീതം സദ്ഭിഃ,
കഠിനകമഠീ കര്‍പരതുലാം ।
കഥം വാ ബാഹുഭ്യാം,
ഉപയമനകാലേ പുരഭിദാ,
യദാദായ ന്യസ്തം,
ദൃഷദി ദയമാനേന മനസാ ॥
🪔🪔🪔🪔🪔
പ്രസിദ്ധിക്കാസ്ഥാനമാകും തവ ദിവ്യപ്രപദം
ആപത്തുകൾക്കസ്ഥാനമാകുമിതു നിശ്ചയം
വാഗ്‌ദേവകൾ തവ പുറമടിയെന്തിനു
കൂർമ്മപൃഷ്ഠത്തോടുപമിച്ചിടുന്നിഹ, ദേവീ? |
പാണിഗ്രഹണനേരത്തിങ്കൽ തവ വരൻ
ത്രിപുരാന്തകനെങ്ങനെയങ്ങയുടെ തൃപ്പാദം
അശ്മന്നാരോഹണാചരണവിധിയനുഷ്ഠിച്ചു
കരുണമാനസം കഠിനമാക്കി, ജഗന്മാതേ! ||
••••••••••••••••••••••
ശ്ലോകം /89/
🕉🕉🕉
നഖൈര്‍നാകസ്ത്രീണാം,
കരകമലസങ്കോചശശിഭിഃ,
തരൂണാം ദിവ്യാനാം,
ഹസത ഇവ തേ ചണ്ഡി ചരണൗ ।
ഫലാനി സ്വസ്ഥേഭ്യഃ,
കിസലയകരാഗ്രേണ ദദതാം,
ദരിദ്രേഭ്യോ ഭദ്രാം,
ശ്രിയമനിശമഹ്നായ ദദതൗ ॥
🪔🪔🪔🪔🪔
നാകനാരീഗണം തവ നഖകാന്തി ചന്ദ്രിക
കാൺകിൽ നിജ കരാഞ്ജലി നേർന്നിടുന്നു
ദേവീ, തവ ചരണാംബുജയുഗളം മുമ്പാകെ
ദേവലോകശാഖിഗണം സദാ നമിതസ്ഥിതം |
കല്പവൃക്ഷത്തളിരിലകൾ ചൊരിഞ്ഞിടുന്നു
മാത്രം സ്വർഗ്ഗസ്ഥർക്കനുഗ്രഹഫലങ്ങൾ
തവ ചരണദ്വയം ദരിദ്രർക്കുമേകിടുന്നു
നിഷ്കർഷമനിശമൈശ്വര്യമിഹ, ചണ്ഡികേ! ||
••••••••••••••••••••••
ശ്ലോകം /90/
🕉🕉🕉
ദദാനേ ദീനേഭ്യഃ,
ശ്രിയമനിശമാശാനുസദൃശീം,
അമന്ദം സൗന്ദര്യ-
പ്രകരമകരന്ദം വികിരതി ।
തവാസ്മിന്‍-മന്ദാര-
സ്തബകസുഭഗേ യാതു ചരണേ,
നിമജ്ജന്മജ്ജീവഃ,
കരണചരണഃ ഷട്ചരണതാം ॥
🪔🪔🪔🪔🪔
ദീനന്മാർക്കായവരുടെയാശാനുസരണം
ശ്രീത്വം പകരുന്നിതു ദേവിതൻ പദദ്വയം
സൗന്ദര്യസാന്ദ്രമിദം മകരന്ദമവിരാമം
സ്രവിച്ചീടുന്നിഹ തവാനുഗ്രഹധാരയാൽ |
ദേവമന്ദാരദ്രുമമഞ്ജരിസമം സുന്ദരം
തവ പാദാരവിന്ദസവിധത്തിങ്കൽ മുദാ
മമ ജീവനഞ്ചേന്ദ്രിയങ്ങളും മനവുമായി
ഷഡ്പദമായവിരാമം രമിയ്ക്കണം, രമേ! ||
••••••••••••••••••••••
ശ്ലോകം /91/
🕉🕉🕉
പദന്യാസക്രീഡാ-
പരിചയമിവാരബ്ധുമനസഃ,
സ്ഖലന്തസ്‌തേ ഖേലം,
ഭവനകളഹംസാ ന ജഹതി ।
അതസ്‌തേഷാം ശിക്ഷാം,
സുഭഗമണിമഞ്ജീരരണിത-
ച്ഛലാദാചക്ഷാണം,
ചരണകമലം ചാരുചരിതേ ॥
🪔🪔🪔🪔🪔
പദസഞ്ചാരലീലാഭ്യാസത്തിനായ് സാകൂതം
ഭുവനാങ്കണത്തിലമരും കളഹംസഗണം
നടവഴക്കത്തിനിടയിലിടറിയെന്നാലും
നിന്തിരുവടിയനുഗമിക്കുന്നിതവിരാമം |
ഹംസികാവൃന്ദമാവിധമനുധാവനം ചെയ്തു
തവ രത്നാങ്കിതമഞ്ജീരശിഞ്ജാനം ശ്രവിച്ചു
ചലനശിക്ഷണനിർദ്ദേശമായ് ഗ്രഹിച്ചു,
തവ ചരണകമലം ജയിക്ക! സുശോഭനേ ||
••••••••••••••••••••••
ശ്ലോകം /92/
🕉🕉🕉
ഗതാസ്‌തേ മഞ്ചത്വം,
ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ,
ശിവഃ സ്വച്ഛച്ഛായാ-
ഘടിതകപടപ്രച്ഛദപടഃ ।
ത്വദീയാനാം ഭാസാം,
പ്രതിഫലനരാഗാരുണതയാ,
ശരീരീ ശൃംഗാരോ,
രസ ഇവ ദൃശാം ദോഗ്ധി കുതുകം ॥
🪔🪔🪔🪔🪔
ഗതിയരുളും തവ മഞ്ചമായിഹ ഭൃത്യർ
ബ്രഹ്മവിഷ്ണുരുദ്രേശ്വന്മാരാം മൂർത്തികൾ
സദാശിവൻ നിജ ശുഭ്രനിർമ്മലകാന്തി
പൊഴിക്കുമൊരു മൂടുപടമേന്തി ശയിക്കവേ |
അംബേ, തവ ദിവ്യാഭയാർന്നൊരു ദേഹത്തിൻ
അരുണാർണവശോഭയേറ്റു പ്രതിഫലിക്കും
ശിവാത്മകശരീരം ശൃംഗാരമൂർത്തിയായ്
കാണുന്നവർക്കിതു കുതുകം, സർവ്വാരുണേ! ||
••••••••••••••••••••••
ശ്ലോകം /93/
🕉🕉🕉
അരാളാ കേശേഷു,
പ്രകൃതിസരളാ മന്ദഹസിതേ,
ശിരീഷാഭാ ചിത്തേ,
ദൃഷദുപലശോഭാ കുചതടേ ।
ഭൃശം തന്വീ മധ്യേ,
പൃഥുരുരസിജാരോഹവിഷയേ,
ജഗത്ത്രാതും ശംഭോഃ,
ജയതി കരുണാ കാചിദരുണാ ॥
🪔🪔🪔🪔🪔
അംബേ! തവ ചുരുളാർന്ന കേശനികുഞ്ജവും
നൈസർഗികലളിതം തവ മന്ദഹാസവും
നെന്മേനിവാകകുസുമാത്മകാർദ്രചിത്തവും
അരകല്ലിന്നുറപ്പാർന്ന തവ മാറിടവും |
അത്യന്തം കൃശതയാർന്നൊരു മധ്യദേശവും
ബൃഹദ്കുചഭാരവും ജഘനവുമരുണാ-
ർണവ കരുണാകരമൂർത്തി ശംഭുതൻ
വിജയവിഗ്രഹമായ് വിളങ്ങീടുക, മാതേ! ||
••••••••••••••••••••••
ശ്ലോകം /94/
🕉🕉🕉
കളങ്കഃ കസ്തൂരീ,
രജനികരബിംബം ജലമയം,
കലാഭിഃ കര്‍പൂരൈഃ,
മരകതകരണ്ഡം നിബിഡിതം ।
അതസ്ത്വദ്‌ഭോഗേന,
പ്രതിദിനമിദം രിക്തകുഹരം,
വിധിര്‍ഭൂയോ ഭൂയോ,
നിബിഡയതി നൂനം തവ കൃതേ ॥
🪔🪔🪔🪔🪔
കർപൂരാത്മകമിദമിന്ദുലേഖകളാൽ
നിബിഡമായൊരു ബിംബമിഹ ശശാങ്കൻ
മരതകഭാജനം സദാ ദ്രവ്യസംപൂരിതം
കളങ്കിതം തവാളികകലകസ്തൂരീകൃതം |
ആവിധം തവ ദൈനംദിനോപഭോഗത്താലിഹ
ചന്ദ്രബിംബച്ചെപ്പിന്നാന്തരം ശൂന്യമാകുന്നേരം
പ്രജാപതി പുനഃ പുനഃ പൂരിപ്പിച്ചീടിന്നിതു
നിർണയം തവേച്ഛപ്രകാരമിദം, ബ്രഹ്മാനന്ദേ! ||
••••••••••••••••••••••
ശ്ലോകം /95/
🕉🕉🕉
പുരാരാതേരന്തഃപുരമസി
തതസ്ത്വച്ചരണയോഃ,
സപര്യാമര്യാദാ,
തരളകരണാനാമസുലഭാ ।
തഥാ ഹ്യേതേ നീതാഃ,
ശതമഖമുഖാസ്സിദ്ധിമതുലാം,
തവ ദ്വാരോപാന്തസ്ഥിതി-
ഭിരണിമാദ്യാഭിരമരാഃ ॥
🪔🪔🪔🪔🪔
പുരാന്തകനുടെയന്തഃപുരമായരുളിടും
തവ ചരണാരവിന്ദം സദാ പൂകാനായിഹ
പൂജോപചാരങ്ങളനുഷ്ഠിക്കുവാനശക്തർ
തരളേന്ദ്രിയലോലുപഗണമിദമീശ്വരീ |
അപ്രകാരം തവ ഗോപുരദ്വാരപാലകർ
അണിമാദിസിദ്ധികളുടെയധ്യയനം നേടി
ശതക്രത്വാദിവിഷയരമന്മാരഥ വൃഥാ
സിദ്ധിസമ്പത്തിൽ രമിച്ചിടുന്നു, സിദ്ധമാതേ! ||
••••••••••••••••••••••
ശ്ലോകം /96/
🕉🕉🕉
കളത്രം വൈധാത്രം,
കതി കതി ഭജന്തേ ന കവയഃ,
ശ്രിയോ ദേവ്യാഃ കോ വാ,
ന ഭവതി പതിഃ കൈരപി ധനൈഃ ।
മഹാദേവം ഹിത്വാ,
തവ സതി സതീനാമചരമേ,
കുചാഭ്യാമാസംഗഃ,
കുരവകതരോരപ്യസുലഭഃ ॥
🪔🪔🪔🪔🪔
കവികളെത്രയെത്രയിഹ ഭജിക്കുന്നില്ലയോ,
സരസ്വതീവല്ലഭന്മാരായി വിലസിടുന്നു!
മുതലല്പം കൈവന്നാലോരോരുത്തനും നൂനം
ലക്ഷ്മീപതികളായി വിളങ്ങിടുന്നിതാശ്ചര്യം |
സതീരത്നഗണത്തിൽ പ്രഥമഗണനീയം
ദേവിതൻ മാറോടണഞ്ഞിടുമിതു കേവലം
തവ പതി പരമേശ്വരനു സിദ്ധം നിശ്ചയം
ചെങ്കുറുഞ്ഞിയ്ക്കുപോലുമസുലഭമിദം, സാധ്വീ! ||
••••••••••••••••••••••
ശ്ലോകം /97/
🕉🕉🕉
ഗിരാമാഹുര്‍ദേവീം,
ദ്രുഹിണഗൃഹിണീമാഗമവിദോ,
ഹരേഃ പത്‌നീം പദ്മാം,
ഹരസഹചരീമദ്രിതനയാം ।
തുരീയാ കാപി ത്വം,
ദുരധിഗമനിസ്സീമമഹിമാ,
മഹാമായാ വിശ്വം,
ഭ്രമയസി പരബ്രഹ്മമഹിഷി ॥
🪔🪔🪔🪔🪔
ഗമ കൂടാതാഗമനിപുണരരുളുന്നിഹ,
ബ്രഹ്മാണിയാം വാണി, തവ ശക്തിതന്നെയാണഥ,
ശ്രീയരുളിടും ഹരിപത്നി പദ്മയും തവാംശം,
രുദ്രമഹിഷിയാം ഗിരികന്യയും തവ ഭാവം |
സർവോപരി തുരീയമവ്യക്തം നിജ ഭാവം
ദേവീ, തവ മഹാമായാസത്വമപ്രാപ്യമിദം
പ്രപഞ്ചമാസകലം നിഃസീമമഹിമാത്മകം
വിശ്വഭ്രമണകൃതം, പഞ്ചബ്രഹ്മസ്വരൂപിണീ! ||
••••••••••••••••••••••
ശ്ലോകം /98/
🕉🕉🕉
കദാ കാലേ മാതഃ,
കഥയ കലിതാലക്തകരസം,
പിബേയം വിദ്യാര്‍ഥീ,
തവ ചരണനിര്‍ണേജനജലം ।
പ്രകൃത്യാ മൂകാനാം,
അപി ച കവിതാകാരണതയാ,
കദാ ധത്തേ വാണീ-
മുഖകമലതാംബൂലരസതാം ॥
🪔🪔🪔🪔🪔
കാലമെത്രയിനിയുമാകുമെന്നരുളിയാലും
മാതേ! കോലരക്കിൻ ശോണലേപനകലിതം
നിന്തിരുവടിയിലഭിഷേകം ചെയ്ത തീർത്ഥം
അടിയനു ദാനം ചെയ്‌വാനിതെന്തമാന്തമമ്മേ |
ആവിധം തവ ചരണപൂജാജലസമാനം
മേധാഽനനാംബുജതാംബൂലചർവിതരസം
പാനം ചെയ്തൊരുപാസകനിതിഹാസം രചിക്കും,
ജന്മനാലിഹ മൂകനെന്നാകിലും, മൂകാംബികേ! ||
••••••••••••••••••••••
ശ്ലോകം /99/
🕉🕉🕉
സരസ്വത്യാ ലക്ഷ്മ്യാ,
വിധിഹരിസപത്‌നോ വിഹരതേ,
രതേഃ പാതിവ്രത്യം,
ശിഥിലയതി രമ്യേണ വപുഷാ ।
ചിരം ജീവന്നേവ,
ക്ഷപിതപശുപാശവ്യതികരഃ,
പരാനന്ദാഭിഖ്യം,
രസയതി രസം ത്വദ്ഭജനവാന്‍ ॥
🪔🪔🪔🪔🪔
സപര്യയനുഷ്ഠിച്ചിടും ദേവ്യോപാസകനിഹ
ലക്ഷ്മീപതിയായും സരസ്വതീവല്ലഭനായും
വിരിഞ്ചവിഷ്ണുഃസപത്നനായഥ വിളങ്ങവേ,
രമ്യഗാത്രയുക്തം രതീകാന്തനുമായിടുന്നു |
ആവിധം തവാരാധകൻ ചിരഞ്ജീവിയായ്
ക്ഷിപ്തജീവനബന്ധനഭേദനം ചെയ്തിട്ടിഹ
പരമാനന്ദസിദ്ധനെന്നൊരുനാമവും നേടി
മോക്ഷസുധാരസമിദം രുചിക്കും, ഗുഹമാതേ! ||
••••••••••••••••••••••
ശ്ലോകം /100/
🕉🕉🕉
പ്രദീപജ്വാലാഭിഃ,
ദിവസകരനീരാജനവിധിഃ,
സുധാസൂതേശ്ചന്ദ്രോപല-
ജലലവൈരര്‍ഘ്യരചനാ ।
സ്വകീയൈരംഭോഭിഃ,
സലിലനിധിസൗഹിത്യകരണം,
ത്വദീയാഭിര്‍വാഗ്ഭിഃ,
തവ ജനനി വാചാം സ്തുതിരിയം ॥
🪔🪔🪔🪔🪔
പ്രഭാകരനുള്ളൊരു നീരാജനവിധിയിഹ
കൈവിളക്കാൽ ദീപാരാധനയുഴിയും വിധം
അമൃതകരനുള്ളൊരു പാദ്യപൂജയ്‌ക്കായിഹ
ചന്ദ്രകാന്തക്കല്ലിലൂറും ജലാംശബിന്ദുസമം |
ജലനിധിക്കായുള്ളൊരു തർപണമായിഹ
നിജ ജലമൊഴുക്കിവിധിക്കും പുണ്യാഹതുല്യം
ദേവീ! തവ വാണീമണിഗണശ്രേണിയാലിഹ
നിജ സ്തോത്രമാലയിതു ചാർത്തിടാം, ജനനീ! ||
|| ഇതി ശ്രീ ശങ്കരാചാര്യവിരചിതാ
സൗന്ദര്യലഹരീ സമാപ്താ ||
|| ഇതോടെ ശ്രീ ശങ്കരാചാര്യ വിരചിതമായ
സൗന്ദര്യലഹരി സമാപിച്ചു ||
••••••••••••••••••••••
ചിത്രങ്ങൾ പ്രതീകാത്മകം മാത്രം
Comments
Post a Comment