ഗുരു സീരീസ് 10 | അദ്ധ്യാത്മരാമായണപാരായണം
തുഞ്ചത്ത് ആചാര്യൻ ശ്രീ രാമാനുജൻ എഴുത്തച്ഛന്റെ കാവ്യഭംഗി
Day (1)
രാമായ രാമഭദ്രായ
രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായാഃ പതയേ നമഃ
• ശ്രീ മഹാദേവൻ ശ്രീ പാർവ്വതിയോട് അരുളിച്ചെയ്യുന്നു:
ധന്യേ! വല്ലഭേ! ഗിരികന്യേ! പാർവ്വതീ! ഭദ്രേ!
നിന്നോളമാർക്കുമില്ല ഭഗവൽഭക്തി നാഥേ!
ശ്രീരാമദേവതത്ത്വം കേൾക്കണമെന്നുമന-
താരിലാകാംക്ഷയുണ്ടായിവന്നത് മഹാഭാഗ്യം!
ബാലകാണ്ഡം
Day (2)
• ബ്രഹ്മാവ് മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിക്കുന്നു:
നിന്തിരുവടി തിരുവുള്ളത്തിലേറാതെ ക-
ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുള്ളതു പൊറ്റീ!
എങ്കിലുമുണർത്തിയ്ക്കാം മൂന്നുലോകത്തിങ്കലും
സങ്കടം മുഴുത്തിരിയ്ക്കുന്നിതിക്കാലം നാഥ!
• ഭഗവാൻ ശ്രീരാമന്റെ ജനനസമയ വിവരങ്ങൾ:
നക്ഷത്രം പുനർവസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി
കർക്കടകത്തിലത്യുച്ചസ്‌ഥിതനായിട്ടല്ലോ
അർക്കനുമത്യുച്ചസ്ഥനുദയം കർക്കടകം
• മഹാവിഷ്ണുവിന്റെ അവതാരമായി ഭഗവാൻ ശ്രീരാമൻ ജന്മമെടുക്കുന്നു:
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-
വിന്ദലോചനൻ മുകുന്ദൻ പരമാനന്ദാത്മാ
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-
വൃന്ദവന്ദിതൻ ഭുവി വന്നവതാരം ചെയ്‍താൻ.
• മഹർഷി വിശ്വാമിത്രൻ ദശരഥ മഹാരാജനെ സമാശ്വസിപ്പിക്കുന്നു:
പുത്രനായ് പിറന്നിതു രാമനെന്നറിഞ്ഞാലും
പ്രിഥ്വീന്ദ്ര! ശേഷൻതന്നെ ലക്ഷ്മണനാകുന്നതും
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാർ
ശങ്ക കൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
• വിശ്വാമിത്ര ലക്ഷ്മണ സമേതം കൊടും വനത്തിലൂടെ സഞ്ചരിക്കുമ്പോൾ:
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകമാറിൽ കൊണ്ടിതു രാമബാണം
പാരതിൽ മല ചിറകറ്റു വീണപോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
• ഗൗതമ മഹർഷി തന്റെ പത്നി അഹല്യയെ പ്രാപിച്ച വേളയിൽ ഇന്ദ്രദേവനോട് ക്രൂദ്ധനായി:
നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാർത്ഥം
വല്ലാതെ മമ രൂപം കൈക്കൊൾവാനെന്തുമൂലം?
നിർല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
Day (3)
• അഹല്യ, ശാപമോക്ഷത്തിനായ് ശ്രീ രാമചന്ദ്രനെ സ്തുതിക്കുന്നു:
യാതൊരു പാദാംബുജമാരായുന്നിതു വേദം,
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും
യാതൊരു നാമം ജപിയ്ക്കുന്നിതു മഹാദേവൻ,
ചേതസാ തൽസ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ.
• അഹല്യാ ദേവിയ്ക്ക് ശാപമോക്ഷം ലഭിക്കുന്നു:
സത്ത്വാദിഗുണത്രയയുക്തനാം ശക്തിയുക്തൻ
സത്ത്വങ്ങളുള്ളിൽ വാഴും ജീവാത്മായ നാഥൻ
ഭക്താനാം മുക്തിപ്രദൻ യുക്താനാം യോഗപ്രദൻ
സക്താനാം ഭുക്തിപ്രദൻ സിദ്ധാനാം സിദ്ധിപ്രദൻ.
• മിഥിലാധിപൻ രാജർഷി ജനകൻ ആദ്യം കണ്ടമാത്രയിൽ മഹർഷി വിശ്വാമിത്രനോട്:
കന്ദർപ്പൻകണ്ടു വന്ദിച്ചീടിന ജഗദേക-
സുന്ദരന്മാരാമിവരാരെന്നു കേൾപ്പിക്കേണം
നരനാരായണന്മാരാകിയ മൂർത്തികളോ
നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോൾ?
• ത്രയംബകം എടുത്തുയർത്താൻ ശ്രീരാമചന്ദ്രൻ അനുവാദം ചോദിക്കുന്നു:
വില്ലെടുക്കാമോ? കുലച്ചീടാമോ? വലിയ്ക്കാമോ?
ചൊല്ലുകെ’ന്നതു കേട്ടു ചൊല്ലിനാൽ വിശ്വാമിത്രൻ:
‘എല്ലാമാ,മാകുന്നത് ചെയ്താലും മടിയ്ക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ’.
• സീതാദേവി വരണമാല്യവുമായി ആദ്യമായ് ശ്രീരാമനുസമീപം:
വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ,
പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ
മാലയും ധരിച്ചു നീലോല്പലകാന്തി തേടും
ബാലകൻ ശ്രീരാമനുമേറ്റവും വിളങ്ങിനാൻ.
• നാല് ദാശരഥന്മാരുടെയും നാല് ജാനകിമാരുടെയും വിവാഹം ഒന്നിച്ചു തന്നെ നടക്കുന്നു:
ഊർമ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും
കാമ്യാംഗിമാരാം ശ്രുതകീർത്തിയും മാണ്ഡവിയും
ഭരതശത്രുഘ്നമാർതമ്മുടെ പത്നിമാരായ്;
പരമാനന്ദം പൂണ്ടു വസിച്ചാരെല്ലാവരും.
• ശ്രീ രാമചന്ദ്രനെ മകളുടെ ഭർത്താവായി ലഭിച്ചതിൽ ജനക മഹാരാജാവിന്റെ അത്യുത്സാഹം:
അത്ഭുതപുരുഷനാമുല്പലനേത്രൻതന്നെ
ത്വൽപ്രസാദത്താലിന്നു സിദ്ധിച്ചേൻ ഭാഗ്യവശാൽ;
ദർപ്പകസമനായ ചില്പുരുഷനെ നോക്കി
പില്പാടു തെളിഞ്ഞുരചെയ്തിതു ജനകനും.
• ശ്രീ ഭാർഗ്ഗവരാമൻ അയോദ്ധ്യാമാർഗ്ഗമദ്ധ്യേ കണ്ടുമുട്ടിയപ്പോൾ:
ക്രൂദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ
ബദ്ധസാദ്ധ്വസം വീണു നമസ്‌കാരവും ചെയ്താൻ
ബുദ്ധിയുംകെട്ടു നിന്നു മറ്റുള്ള ജനങ്ങളും.
• ഭഗവാൻ പരശുരാമന്റെ ആജ്ഞ ശിരസാ വഹിക്കുന്ന ശ്രീ രാമചന്ദ്രൻ:
അന്തകാന്തകൻ പോലും ലംഘിച്ചീടുന്നതല്ല
നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
വില്ലിങ്ങു തന്നാലും ഞാനാകിലോ കുലച്ചീടാ-
മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട.
• രണ്ടു മഹാവിഷ്ണു അവതാരങ്ങളുടെ ഈശ്വരീയമായ യാത്ര പറച്ചിൽ:
എങ്കലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം
നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം
ബ്രഹ്മാദിദേവകളാൽ പ്രാർത്ഥിയ്ക്കപ്പെട്ടുള്ളോരു
കർമ്മങ്ങൾ മായാബലംകൊണ്ടു സാധിപ്പിയ്ക്ക നീ.
അയോദ്ധ്യാകാണ്ഡം
Day (4)
• അയോധ്യാപുരിയിൽ എഴുന്നള്ളിയ ദേവമുനി നാരദ മഹർഷിയോടു ശ്രീരാമചന്ദ്രൻ:
എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളി?
സന്തോഷമുൾക്കൊണ്ടരുൾചെയ്കയും വേണം
മന്ദമെന്നാകിലും കാരുണ്യമുണ്ടെങ്കിൽ
സന്ദേഹമില്ല സാധിപ്പിപ്പമെല്ലാമേ.
• നാരദമുനി ജനാകീരാമന്മാരെ സ്തുതിയ്ക്കുന്നു:
ആദിത്യനല്ലോ ഭവാൻ പ്രഭാ ജാനകി
ശീതകിരണൻ നീ രോഹിണി ജാനകി
ആദിതേയാധിപൻ നീ ശചീ ജാനകി
ജാതവേദസ്സു നീ സ്വാഹാ മഹീസുത.
• ദേവർഷി നാരദമുനി രാമാവതാരത്തെ പ്രകീർത്തിയ്ക്കുന്നു:
ത്വൽക്കഥാനാമ ശ്രവണാദികൊണ്ടുട-
നുൾക്കാമ്പിലുണ്ടായ് വരും ക്രമാൽ ഭക്തിയും
ത്വല്പാദപങ്കജഭക്തി മുഴുക്കുമ്പോൾ
ത്വൽബോധവും മനക്കാമ്പിലുദിച്ചിടും.
• ദേവസന്ദേശം ശ്രവിച്ച വേളയിൽ നാരദമുനിയോട് ശ്രീരാമചന്ദ്രൻ:
ഇത്തരം നാരദൻ ചൊന്നതു കേട്ടതി-
നുത്തരമായരുൾ ചെയ്തിതു രാഘവൻ:
“സത്യത്തെ ലംഘിയ്ക്കയില്ലൊരുനാളും ഞാൻ
ചിത്തേ വിഷാദമുണ്ടാകായ്കതുമൂലം.”
• ദശരഥരാജൻ സുമന്ത്രരോട് ശ്രീരാമപട്ടാഭിഷേകത്തിനായ്:
“എല്ലാം വസിഷ്ഠനരുളിച്ചെയ്യുംവണ്ണം
കല്യാണമുൾക്കൊണ്ടൊരുക്കിക്കൊടുക്ക നീ
നാളെ വേണമഭിഷേകമിളമയായ്
നാളീകനേത്രനാം രാമനു നിർണ്ണയം.”
• പട്ടാഭിഷേകത്തിനു ശ്രീരാമചന്ദ്രനെ തയ്യാറാക്കുന്ന ഗുരുവരൻ മഹർഷി വസിഷ്ഠൻ:
“ത്വൽപാദപങ്കജതീർത്ഥം ധരിക്കയാൽ
ദർപ്പകവൈരിയും ധന്യനായീടിനാൻ
ത്വൽപാദതീർത്ഥവിശുദ്ധനായ് വന്നിതു
മല്പിതാവായ വിരിഞ്ചനും ഭൂപതേ!”
• ദേവന്മാർ സരസ്വതീ ദേവിയെ കണ്ട് അപേക്ഷിക്കുന്നു:
“ചെന്നുടൻ മന്ഥരതന്നുടെ നാവിന്മേൽ
ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു
പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു
തന്നെ പറയിച്ചുകൊണ്ടു മുടക്കണം.”
Day (5)
• ദശരഥന്റെ ദുഃഖഹേതു ശ്രീരാചന്ദ്രനോട് വർണ്ണിക്കുന്ന കൈകേയി:
“സത്യപ്രാശേന സംബദ്ധനാം താതനെ-
സ്സത്വരം രക്ഷിപ്പതിനു യോഗ്യൻ ഭവാൻ
പുന്നാമമാകും നരകത്തിൽനിന്നുടൻ
തന്നുടെ താതനെ ത്രാണനം ചെയ്കയാൽ.”
• അച്ഛന്റെ യഥാർത്ഥ ദുഃഖകാരണം കൈകേയിയോട് ചോദിച്ചറിയുന്ന ശ്രീരാമചന്ദ്രൻ:
“രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ
ത്യാജ്യമെന്നാലെന്നറിക നീ മാതാവേ!
ലക്ഷ്മണൻ തന്നെ ത്യജിക്കെന്നു ചൊൽകിലും
തല്ക്ഷണം ഞാനുപേക്ഷിപ്പനറിക നീ.”
• ദശരഥൻ കൈകേയിക്ക് കൊടുത്ത വരദ്വയങ്ങൾ അറിഞ്ഞ മാത്രയിൽ ശ്രീരാമചന്ദ്രൻ:
രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി
ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേറ്റമെളുതല്ലോ.
• തന്നെ ശിക്ഷിക്കാൻ ശ്രീരാമചന്ദ്രനോട് വിഷാദനായി കേഴുന്ന ദശരഥൻ:
“സ്‌ത്രീജിതനായതികാമുകനായൊരു
രാജാധമനാകുമെന്നെയും വൈകാതെ
പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ
ദോഷം നിനക്കതിനേതുമകപ്പെടാ.”
• കോപാകുലനായ ലക്ഷ്മണൻ പിതാവ് ദശരഥനെ കുറിച്ച്:
“ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠപ്രിയം
ബന്ധിച്ചു താതനേയും പിന്നെ ഞാൻ പരി-
പന്ഥികളായുള്ളവരേയുമൊക്കവേ.”
• ലക്ഷ്മണന് ജീവസാരം ഉപദേശിക്കുന്ന ശ്രീരാമചന്ദ്രൻ:
“ആമകുംഭാംബുസമാനമായുസ്സുടൻ
പോമതേതും ധരിയ്ക്കുന്നതില്ലാരുമേ
രോഗങ്ങളായുള്ള ശത്രുക്കളും വന്നു
ദേഹം നശിപ്പിയ്ക്കുമേവനും നിർണ്ണയം.”
• ലക്ഷ്മണ സാന്ത്വനം സംസാര വിദ്യയിലൂടെ:
“ദേഹമല്ലോർക്കിൽ ഞാനായതാത്മാവെന്നു
മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേൾ:
സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും.”
• രാമായണത്തിലെ ശ്രീമദ് ഭഗവത്ഗീത:
“കർമ്മങ്ങൾ സംഗങ്ങളൊന്നിലും കൂടാതെ
കർമ്മഫലങ്ങളിൽ കാംക്ഷയും കൂടാതെ
കർമ്മങ്ങളെല്ലാം വിധിച്ചവണ്ണം പര-
ബ്രഹ്മണി നിത്യം സമർപ്പിച്ചു ചെയ്യണം.”
• അമ്മ രാജ്ഞി കൗസല്യയെ സമാശ്വസിപ്പിക്കുന്ന ശ്രീരാമചന്ദ്രൻ:
“അച്ഛനങ്ങെന്തുള്ളിലിച്ഛയെന്നാലതി-
ങ്ങിച്ഛയെന്നങ്ങുറച്ചീടേണമമ്മയും
ഭർത്തൃകർമ്മാനുകരണമത്രേ പാതി-
വ്രത്യനിഷ്ഠാ വധൂനാമെന്നു നിർണ്ണയം.”
• വനവാസത്തെ കുറിച്ച് അറിഞ്ഞുടൻ സീതാദേവി:
“മുന്നിൽ നടപ്പൻ വനത്തിനു ഞാൻ, മമ
പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ
എന്നെപ്പിരിഞ്ഞുപോകുന്നതുചിതമ-
ല്ലൊന്നുകൊണ്ടും ഭവാനെന്നു ധരിക്കണം.”
• ശ്രീരാമചന്ദ്രനെ വനവാസത്തിൽ അനുഗമിക്കാനുള്ള കാരണം പറഞ്ഞു സീതാദേവി:
“രാമായണങ്ങൾ പലവും കവിവര-
രാമോദമോടു പറഞ്ഞു കേൾപ്പുണ്ടു ഞാൻ
ജാനകിയോടുകൂടാതെ രഘുവരൻ
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?”
• വനവാസത്തിനു പുറപ്പെട്ട മകൻ ലക്ഷ്മണനോട് അമ്മ രാജ്ഞി സുമിത്ര:
“രാമനേ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെജ്ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ.”
Day (6)
• ശ്രീരാമസീതാതത്ത്വം മനുജർക്കുപദേശിക്കുന്ന വാമദേവൻ പരമശിവൻ:
“രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു
താമരസാക്ഷനാമാദിനാരായണൻ
ലക്ഷ്മണനായതനന്തൻ ജനകജാ
ലക്ഷ്മീഭഗവതീ ലോകമായാ പരാ.”
• ശ്രീരാമസീതാതത്ത്വം:
“ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും
ധാത്രീവരനായ രാഘവനാമിവൻ
ധാത്രിയിലിപ്പോൾ ദശരഥപുത്രനായ്
ധാത്രീസുതാവരനായ് പിറന്നീടിനാൻ.”
• ശ്രീരാമസീതാതത്ത്വം:
“രാവണനിഗ്രഹാർത്ഥം വിപിനത്തിനു
ദേവഹിതാർത്ഥം ഗമിയ്ക്കുന്നിതിന്നതിൻ
കാരണം മന്ഥരയല്ല കൈകേയിയ-
ല്ലാരും ഭ്രമിയ്ക്കായ്ക രാജാവുമല്ലല്ലോ.”
• ദുഃഖാർദ്രനായ് മഹാചാര്യൻ മഹർഷി വസിഷ്ഠൻ രാജ്ഞി കൈകേയിയെ ശകാരിക്കുന്നു:
“ദുഷ്ടേ നിശാചരി! ദുർവൃത്തമാനസേ!
കഷ്ടമോർത്തോളം കഠോശീലേ! ഖലേ!
രാമൻ വനത്തിനു പോകേണമെന്നല്ലോ
താമസശീലേ! വരത്തെ വരിച്ചു നീ?”
• നിഷാദരാജൻ ഗുഹന്റെ ആതിഥ്യം:
തൽക്ഷണം കൊണ്ടുവന്നു വടക്ഷീരവും
ലക്ഷമണനോടും കലർന്നു രഘൂത്തമൻ
ശുദ്ധവടക്ഷീരഭൂതികളെക്കൊണ്ടു
ബദ്ധമായോരു ജടാമകുടത്തൊടും.
• ലക്ഷ്മണഗുഹസംവാദം:
“മിത്രാര്യുദാസീന ബാന്ധവദ്വേഷ-
മദ്ധ്യസ്ഥസുഹൃജ്ജനഭേദബുദ്ധിഭ്രമം
ചിത്രമത്രേ നിരൂപിച്ചാൽ സ്വകർമ്മങ്ങൾ
യത്ര വിഭാവ്യതേ തത്ര യഥാ യഥാ.”
• ഗുഹന്റെ സഹായത്താൽ ഗംഗാനദി തരണം ചെയ്യുമ്പോൾ സീതാദേവി പ്രാർത്ഥിക്കുന്നു:
“ഞങ്ങൾ വനവാസവും കഴിഞ്ഞാദരാ-
ലിങ്ങുവന്നാൽ ബലിപൂജകൾ നൽക്കുവൻ
രക്ഷിച്ചുകൊൾക നീയാപത്തുകൂടാതെ
ദക്ഷാരിവല്ലഭേ ഗംഗേ! നമോസ്തു തേ!”
• നൈഷദാത്മജൻ ഗുഹനെ തിരികെ പറഞ്ഞയച്ചു കഴിഞ്ഞുള്ള വനവാസരംഗം:
വൈദേഹിതന്നോടുകൂടവേ രാഘവൻ
സോദരനോടുമൊരു മൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
പാദപമൂലേ ദലാഢ്യതല്പസ്ഥലേ.
• മഹർഷി ഭരദ്വാജമുനിയുടെ ആതിഥ്യം:
“പാദരാജസാ പവിത്രയാക്കീടു നീ
വേദാത്മക! മമ പർണ്ണശാലാമിമാം
ഇത്ഥ മുക്ത്വോടജമാനീയ സീതയാ
സത്യസ്വരൂപം സഹാനുജം സാദരം.”
• മഹർഷി വാൽമീകിയുടെ പർണ്ണാശ്രമത്തിൽ ശ്രീരാമചന്ദ്രൻ:
“യാതൊരേടത്തു സുഖേന വസിയ്ക്കാവൂ
സീതയോടുംകൂടിയെന്നരുൾചെയ്യണം
ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാൻ
ചിത്തേ പെരികെയുണ്ടാശ മഹാമുനേ!”
Day (7)
• സ്വജീവിതചരിത്രം ശ്രീരാമചന്ദ്രനോട് വിവരിക്കുന്ന വാൽമീകി മുനി:
“നിസ്ത്രപം ചോരന്മാരോടുകൂടെച്ചേർന്നു
നിത്യവും ചോരനായ് വില്ലുമമ്പും ധരി-
ച്ചെത്രജന്തുക്കളെക്കൊന്നേൻ ചതിച്ചു ഞാൻ!
എത്ര വസ്തു പറിച്ചേൻ ദ്വിജന്മാരോടു-
മത്ര മുനീന്ദ്ര വനത്തിൽ നിന്നേകദാ.”
• സപ്തമുനികൾ ചോരനായിരുന്ന വാൽമീകിയെ പരീക്ഷിക്കുന്നു:
“എങ്കിൽ നീ ഞങ്ങൾ ചൊല്ലുന്നതു കേൾക്കണം
നിൻ കുടുംബത്തോടു ചെന്നു ചോദിയ്ക്ക നീ”
‘നിങ്ങളെച്ചൊല്ലി ഞാൻ ചെയ്യുന്ന പാപങ്ങൾ
നിങ്ങൾകൂടെപ്പകുത്തൊട്ടു വാങ്ങീടുമോ?’
• സപ്തമുനികളുടെ ചോദ്യത്തിന് തന്റെ കുടുംബം രത്നാകരനു നൽകിയ മറുപടി:
‘നിത്യവും ചെയ്യുന്ന കർമ്മഗണഫലം
കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ?
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനാനുഭവിച്ചീടുകെന്നേ വരൂ.’
• പരീക്ഷണത്തിൽ സ്വയം തിരിച്ചറിഞ്ഞ രത്നാകരന് രാമനാമജപ ഉപദേശം നൽകുന്ന സപ്തർഷികൾ:
ഇത്ഥമുക്ത്വാ രാമനാമവർണ്ണദ്വയം
വ്യത്യസ്തവർണ്ണരൂപേണ ചൊല്ലിത്തന്നാർ
നിത്യം മരാമരേത്യവ ജപിയ്ക്ക നീ
ചിത്തമേകാഗ്രമാക്കിക്കൊണ്ടനാരതം.
• ശ്രീരാമചന്ദ്രന് വനവാസത്തിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന മഹർഷി വാൽമീകി:
ചിത്രകൂടാചലഗംഗയോരന്തരാ
ചിത്രമായോരുടജം തീർത്തു മാമുനി
തെക്കും വടക്കും കിഴക്കും പടിഞ്ഞാറു-
മക്ഷിവിമോഹനമായ് രണ്ടു ശാലയും
നിർമ്മിച്ചവിടെയിരിക്കെന്നരുൾ ചെയ്തു.
• തനിക്ക് പണ്ട് കിട്ടിയ താപസശാപത്തിന്റെ കഥ രാജ്ഞി കൗസല്യയോട് വിവരിക്കുന്ന ദശരഥ രാജാവ്:
പ്രാണപ്രയാണമടുത്ത, തപോധനൻ
പ്രണവിയോഗേ ശപിച്ചതു കാരണം
കേൾക്ക നീ ശാപവൃത്താന്തം മനോഹരേ!
സാക്ഷാൽ തപസ്വികളീശ്വരന്മാരല്ലോ.
• രാജാവ് ദശരഥന്റെ മരണവാർത്ത അറിഞ്ഞയുടൻ വസിഷ്ഠമുനി മന്ത്രിമാരോട്:
തൽക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രികളോടുമുഴറിസ്സസംഭ്രമ-
മന്തഃപുരമകം പുക്കരുളിച്ചെയ്തു:
“തൈലമയദ്രോണിതന്നിലാക്കൂ ധരാ-
പലകൻതന്നുടൽ കേടുവന്നീടായ്‌വാൻ.”
• പിതാവിന്റെ വേർപാടിൽ വിലപിക്കുന്ന ഭരത രാജകുമാരനെ സമാശ്വസിപ്പിക്കുന്ന വസിഷ്ഠമുനി:
“ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ
പൂർണ്ണശോഭം നവവസ്ത്രങ്ങൾ കൊള്ളുന്നു
ജീർണ്ണദേഹങ്ങളവ്വണ്ണമുപേക്ഷിച്ചു
പൂർണ്ണശോഭം നവദേഹങ്ങൾ കൊള്ളുന്നു.”
• വസിഷ്ഠമുനിയുടെ കാർമ്മികത്വത്തിൽ ദശരഥ മഹാരാജന്റെ പിണ്ഡകർമ്മങ്ങൾ ചെയ്യുന്ന ഭരതശത്രുഘ്നന്മാർ:
അഘ്നിഹോത്രാഘ്നിതന്നാലഘ്നിഹോത്രിയെ
സംസ്കരിക്കുംവണ്ണമാചാര്യസംയുതം
ദത്വാ തിലോദകം ദ്വാദശവാസരേ
ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാൽ.
• ശ്രീരാമചന്ദ്രനെ തിരിച്ചുവിളിക്കാൻ വനത്തിലേക്ക് തിരിക്കാൻ തീരുമാനിച്ച ഭരതൻ വസിഷ്ഠമുനിയോട്:
“നാളെപ്പുലർകാലേ പോകുന്നതുണ്ടു ഞാൻ
നാളീകനേത്രനെക്കൊണ്ടിങ്ങുപോരുവാൻ
ഞാനും ഭവാനുമരുന്ധതീദേവിയും
നാനാപുരവാസികളുമമാത്യരും.”
Day (8)
• നിഷാദരാജൻ ഗുഹൻ ഭരതനോട്:
“ഗംഗാനദികടന്നാലടുത്തെത്രയും
മംഗളമായുള്ള ചിത്രകൂടാചലം
തന്നികടേ വസിയ്ക്കുന്നിതു സീതയാ
തന്നുടെ സോദരനോടും യഥാസുഖം.”
• സംശയാലുവായി കാണപ്പെട്ട ഭരദ്വാജമുനിയോട് ഭരതൻ:
“ഞാനേതുമേയൊന്നുമറിഞ്ഞീല, രാഘവൻ
കാനനത്തിന്നെഴുന്നെള്ളുവാൻ മൂലവും
കേകയപുത്രിയാമമ്മതൻ വാക്കായ
കാകോളവേഗമേ മൂലമതിന്നുള്ളൂ.”
• ഭരതനിൽ സംപ്രീതനായ ഭരദ്വാജമുനി:
“ലക്ഷ്മണനേക്കാൾ നിനക്കെറുമേ ഭക്തി
ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം
ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ
വന്ന പടയൊടുമില്ലൊരു സംശയം.”
• ശ്രീരാമചന്ദ്രന്റെ വാസസ്ഥലം അന്വേഷിക്കുന്ന ഭരതന് താപസശ്രേഷ്ഠന്മാർ മാർഗ്ഗദർശികളാകുന്നു:
‘ഉത്തരതീരേ സുരസരിതഃസ്ഥലേ
ചിത്രകൂടാദ്രിതൻപാർശ്വേ മഹാശ്രമേ
ഉത്തമപുരുഷൻ വാഴുന്നി’തെന്നു കേ-
ട്ടെത്രയും കൗതുകത്തോടെ ഭരതനും
തത്രൈവ ചെന്ന നേരത്തു കാണായ് വന്നി-
തത്യത്ഭുതമായ രാമചന്ദ്രാശ്രമം.
• പാദനമസ്കാരം ചെയ്ത ഭരതശത്രുഘ്നന്മാരെ കണ്ടു ശ്രീരാമചന്ദ്രൻ:
ദീർഘബാഹുക്കളാലാലിംഗനംചെയ്തു
ദീർഘനിശ്വാസവുമന്യോന്യമുൾക്കൊണ്ടു
ദീർഘനേത്രങ്ങളിൽനിന്നു ബാഷ്‌പോദകം
ദീർഘകാലം വാർത്തു സോദരന്മാരെയും…
• പിതാവ് ദശരഥമഹാരാജന്റെ വിയോഗമറിഞ്ഞ ശേഷം രാമസീതാലക്ഷ്മണന്മാർ:
തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ-
രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ
മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ
മന്ദേതരമുദകക്രിയയും ചെയ്താർ.
• പിതാവിന്റെ പ്രവൃത്തിയിൽ രോഷം പൂണ്ട ഭരതനെ ഉപദേശിക്കുന്ന ശ്രീരാമചന്ദ്രൻ:
“ഭൂമിഭർത്താ പിതാ നാരീജിതനല്ല
കാമിയുമല്ല മൂഢാത്മാവുമല്ല കേൾ
താതനസത്യഭയംകൊണ്ടു ചെയ്‌തതി-
നേതുമേ ദോഷം പറയരുതോർക്ക നീ.”
• രാമപാദുകങ്ങളെ പ്രതീകമാക്കി അയോദ്ധ്യ ഭരിക്കാമെന്ന് അവസാനം സമ്മതിച്ച ഭരതൻ:
ഇത്ഥം ഭരതോക്തികേട്ടു രഘൂത്തമൻ
പൊൽത്താരടികളിൽ ചേർത്ത മെതിയടി
ഭക്തിമാനായ ഭരതനു നൽകിനാൻ
നത്വാ പരിഗ്രഹിച്ചീടിനാൻ തമ്പിയും.
• അയോദ്ധ്യാപുരരാജാവായി ഭരതൻ:
താപസവേഷം ധരിച്ചു ഭരതനും
തപേന ശത്രുഘ്നനും വ്രതത്തോടുടൻ
ചെന്നു നന്ദിഗ്രാമമൻപോടു പുക്കിതു
വന്നിതാനന്ദം ജഗദ്‌വാസികൾക്കെല്ലാം.
ആരണ്യകാണ്ഡം
• അത്രിമഹർഷിയുടെ ആശ്രമത്തിലെത്തിയപ്പോൾ മുനിപത്നി അനസൂയ സീതാദേവിയോടൊപ്പം:
വിശ്വകർമ്മാവിനാൽ നിർമ്മിതമായോരു
വിശ്വവിമോഹനമായ ദുകുലവും
കുണ്ഡലവുമംഗരാഗവുമെന്നിവ
മണ്ഡനാർത്ഥമനസൂയ നൽകീടിനാൾ.
• ഘോരവനാന്തരത്തിൽ ശ്രീരാമചന്ദ്രൻ ലക്ഷ്മണനേകുന്ന വേദസാരോപദേശം:
“മുന്നിൽ നീ നടക്കണം വഴിയേ വൈദേഹിയും
പിന്നാലേ ഞാനും നടന്നീടുവൻ ഗതഭയം
ജീവാത്മാപരമാത്മാക്കൾക്കു മധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ.”
• വിരാധരാക്ഷസനുമായുള്ള കണ്ടുമുട്ടൽ:
“നിങ്ങൾക്കു ജീവിയ്ക്കയിലാശയുണ്ടുള്ളിലെങ്കി-
ലംഗനാരത്നത്തെയുമായുധങ്ങളും വെടി-
ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്കിലെനിയ്ക്കിപ്പോൾ
തിങ്ങീടും വിശപ്പടക്കീടുവാൻ ഭവാന്മാരാൽ.”
• വിരാധനെ വധിച്ചതോടെ ശാപമോക്ഷം സിദ്ധിച്ച വിദ്യാധരന്റെ ശ്രീരാമസ്തുതി:
“വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം
പാണികൾകൊണ്ടു ചരണാർച്ചനം ചെയ്യാകേണം
ശ്രോത്രങ്ങൾകൊണ്ടു കഥാശ്രവണം ചെയ്യാകേണം
നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകേണം.”
• ശരഭംഗമുനിയുടെ ആശ്രമത്തിൽ:
“ആർജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
മാർജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം
മർത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ-
നദ്യ ഞാൻ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ.”
• വനാന്തരത്തിൽ രാക്ഷസന്മാരാൽ താപസന്മാർക്കുള്ള ദുരിതം കണ്ടു രോഷം കൊള്ളുന്ന ശ്രീരാമചന്ദ്രൻ:
“നിഷ്ഠുരതരമായ ദുഷ്ടരാക്ഷസകുല-
മൊട്ടൊഴിയാതെ കൊന്നു നഷ്‌ടമാക്കീടുവൻ ഞാൻ
ഇഷ്ടാനുരൂപം തപോനിഷ്ഠയാ വസിയ്ക്ക സ-
ന്തുഷ്ട്യാ താപസകുലമിഷ്‌ടിയും ചെയ്തു നിത്യം.”
Day (9)
• അഗസ്ത്യാശ്രമത്തിലേക്കുള്ള വഴി സുതീക്ഷ്ണമുനിയോട് ചോദിച്ചറിയുന്ന ശ്രീരാമചന്ദ്രൻ:
“ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ
ക്കണ്ടു വന്ദിച്ചുകൊൾവാനെന്തതിനാവതിപ്പോൾ?
തത്രൈവ കിഞ്ചിൽ കാലം വസ്തുമുണ്ടത്യാഗ്രഹ-
മെത്രയുണ്ടടുത്തതുമഗസ്ത്യാശ്രമം മുനേ?”
• ശ്രീരാമചന്ദ്രനെ കണ്ടു സ്തുതിയ്ക്കുന്ന അഗസ്ത്യമുനി:
“മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും
മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും
വിദ്വാൻമാരവിദ്യയെന്നും പറയുന്നുവല്ലോ
ശക്തിയെപ്പല നാമം ചൊല്ലുന്നു പലതരം.”
• അഗസ്ത്യസ്തുതി:
“ലോകസൃഷ്ടിയ്ക്കു രജോഗുണമാശ്രയിച്ചല്ലോ
ലോകേശനായ ധാതാ നാഭിയിൽനിന്നുണ്ടായി
സത്വമാം ഗുണത്തിങ്കൽനിന്നു രക്ഷിപ്പാൻ വിഷ്ണു,
രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.”
• അഗസ്ത്യസ്തുതി:
“നടക്കുമ്പോഴുമിരിയ്ക്കുമ്പോഴുമൊരേടത്തു
കിടക്കുമ്പോഴും ഭുജിയ്ക്കുമ്പോഴുമെന്നുവേണ്ടാ
നാനാകർമ്മങ്ങളനുഷ്ഠിയ്ക്കുമ്പോൾ സദാകാലം
മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!”
• തന്നെ വധിയ്ക്കാൻ തുനിഞ്ഞ രാമലക്ഷ്മണമാരോട് ജടായു:
“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും
നിന്തിരുവടിയ്ക്കും ഞാനിഷ്ടത്തെച്ചെയ്തീടുവൻ;
ഹന്തവ്യനല്ല ഭവദ്ഭക്തനാം ജടായു ഞാൻ.”
• ലക്ഷ്മണനോട് പഞ്ചവടിയിൽ വെച്ച് മുക്തിമാർഗ്ഗം ഉപദേശിക്കുന്ന ശ്രീരാമചന്ദ്രൻ:
“ആത്മാവല്ലാതെയുള്ള ദേഹാദിവസ്തുക്കളി-
ലാത്മാവെന്നുള്ള ബോധം യാതൊന്നു ജഗത്ത്രയേ,
മായയാകുന്നതു നിർണയമതിനാലേ
കായസംബന്ധമാകും സംസാരം ഭവിയ്ക്കുന്നു.”
• ലക്ഷ്മണോപദേശം:
“ഭക്തനു നന്നായ് പ്രകാശിയ്ക്കുമാത്മാവു നൂനം
ഭക്തിയ്ക്കുകാരണവുമെന്തെന്നുകേട്ടാലും നീ
മത്ഭക്തന്മാരോടുള്ള നിത്യസംഗമമതും
മത്ഭക്തന്മാരെക്കനിവോടു സേവിയ്ക്കുന്നതും.”
• ലക്ഷ്മണനാൽ അംഗവിച്ഛേദനം ചെയ്യപ്പെട്ട ശൂർപ്പണഖ:
നീലപർവ്വതത്തിന്റെ മുകളിൽനിന്നു ചാടി
നാലഞ്ചുവഴിവരുമരുവിയാറുപോലെ
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയാം നിശാചരി വേഗത്തിൽ നടകൊണ്ടാൾ.
Day (10)
• കൂട്ടാളിരാക്ഷസന്മാർ രാമനാൽ നിഗ്രഹിയ്ക്കപ്പെട്ട ശേഷം ഖരശൂർപ്പണഖാ സംവാദം:
‘എങ്ങു പൊയ്ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽ വരും ചൊൽ, നീ.’
‘അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾ കൊ-
ണ്ടിങ്ങിനി വരാതവണ്ണം പോയാർ തെക്കോട്ടവർ.’
• ഘോരമായ യുദ്ധത്തിൽ രാമനാൽ നിഗ്രഹിയ്ക്കപ്പെടുന്ന രാക്ഷസരാവണനുടെ ആങ്ങള ഖരൻ:
ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ-
ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ
വീണിതു ലങ്കാനഗരോത്തരദ്വാരേ തല
തൂണിപൂക്കിതു വന്നു ബാണവുമതുനേരം.
• രാവണനോട് സീതയെക്കുറിച്ചു വർണ്ണിയ്ക്കുന്ന ശൂർപ്പണഖ:
“തല്പതിയാകും പുരുഷൻ ജഗല്പതിയെന്നു
കല്പിയ്ക്കാം വികല്പമില്ലല്പവുമിതിനിപ്പോൾ
ത്വല്പത്നിയാക്കീടുവാൻ തക്കവളവിളെന്നു
കല്പിച്ചുകൊണ്ടിങ്ങുപോന്നീടുവാനൊരുമ്പെട്ടേൻ.”
• ശ്രീരാമനെക്കുറിച്ചറിഞ്ഞ രാവണന്റെ ആദ്യമനോഗതം:
‘ധാതാവു മുന്നം പ്രാർത്ഥിച്ചോരു കാരണമിന്നു
ഭൂതലേ രഘുകുലേ മർത്ത്യനായ്പ്പിറന്നിപ്പോൾ
എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
ചെന്നു വൈകുണ്ഠരാജ്യം പരിപാലിയ്ക്കാമല്ലോ.’
• സീതാപഹരണം മാരീചനുമായി പദ്ധതിയിടുന്ന രാവണൻ:
“ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം
ചെന്നു മൈഥിലിതന്നെ കൊണ്ടുപോരികവേണം
ഉത്തിഷ്ഠ മഹാഭാഗ! പൊന്മാനായ്ച്ചമഞ്ഞു ചെ-
ന്നെത്രയുമകറ്റുക രാമലക്ഷ്മണന്മാരെ.”
• സീതാപഹരണത്തിനു തൊട്ടുമുൻപ് സീതയോടുപദേശിക്കുന്ന ശ്രീരാമചന്ദ്രൻ:
“നീയൊരു കാര്യം വേണമതിനു മടിയാതെ
മായാസീതയെപ്പർണ്ണശാലയിൽ നിർത്തീടണം
വഹ്നിമണ്ഡലത്തിങ്കൽ മറഞ്ഞുവസിയ്ക്ക നീ
ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം.”
• മാരീചവിലാപം കേട്ടു രാമനെയന്വേഷിക്കാൻ പരുഷമായുപദേശിച്ച സീതയോട് ലക്ഷ്മണൻ:
“നിനക്കു നാശമടുത്തിരിയ്ക്കുന്നിതു പാര-
മെനിയ്ക്കു നിരൂപിച്ചാൽ തടുത്തുകൂടാതാനും
ഇത്തരം ചൊല്ലീടുവാൻ തോന്നിയതെന്തേ ചണ്ഡീ!
ധിഗ്ധിഗത്യന്തം ക്രൂരചിത്തം നാരികൾക്കെല്ലാം.”
• രാവണനാൽ ആക്രമിക്കപ്പെട്ട പക്ഷിശ്രേഷ്ഠൻ ജടായുവിനോട് സീതാദേവി:
‘ഭർത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്കെ’ന്നു
പൃഥ്വീപുത്രിയും വരം പത്രിരാജനു നൽകി
പൃഥ്വീമണ്ഡലമകന്നാശു മേല്പോട്ടു പോയാൾ.
• സീതയുടെ ശകാരം കേട്ടു തന്നെയന്വേഷിച്ചു വന്നതിനെ കുറിച്ചു ലക്ഷ്മണനോട് ചൊല്ലുന്ന ശ്രീരാമചന്ദ്രൻ:
“എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ നീ
ശങ്കയുണ്ടായീടാമോ ദുർവചനങ്ങൾ കേട്ടാൽ?
യോഷമാരുടെ വാക്കു സത്യമെന്നോർക്കുന്നവൻ
ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ?”
Day (11)
• ഭീകരമായ കബന്ധരൂപം കണ്ടു ലക്ഷ്മണനോട് ശ്രീരാമചന്ദ്രൻ:
“വക്ഷസി വദനവും യോജനബാഹുക്കളും
ചക്ഷുരാദികളുമില്ലെന്തൊരു സത്വമിദം?
ലക്ഷ്മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം
ഭക്ഷിയ്ക്കുമിപ്പോളിവൻ നമ്മെയെന്നറിഞ്ഞാലും.”
• ഗന്ധർവ്വൻ കബന്ധനായ കഥ:
“സുന്ദരനായൊരു ഞാൻ ക്രീഡിച്ചു നടക്കുമ്പോൾ
അഷ്ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
രുഷ്ടനായ് മഹാമുനി ശാപവും നൽകീടിനാൻ
ദുഷ്ടനായുള്ളൊരു നീ രാക്ഷസനായ് പോകെന്നു…”
• കബന്ധസ്തുതി:
“കോപകാരണമഹങ്കാരമായതു രുദ്രൻ
വാക്കെല്ലാം ഛന്ദസ്സുകൾ ദംഷ്ട്രങ്ങൾ യമനല്ലോ
നക്ഷത്രപംക്തിയെല്ലാം ദ്വിജപംക്തികളല്ലോ
ഹാസമായതു മോഹകാരിണി മഹാമായ.”
• കബന്ധത്തിൽ നിന്നും മോക്ഷം ലഭിച്ച ഗന്ധർവ്വൻ, തപസ്വിനി ശബരിയുടെ ആശ്രമത്തിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നു:
“മുമ്പിലാമ്മാറുകാണാം മതംഗാശ്രമം തത്ര
സംപ്രതി വസിയ്ക്കുന്നു ശബരീ തപസ്വിനി
ത്വല്പാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
യെപ്പോഴും ഭവാനെയും ധ്യാനിച്ചു വിമുക്തയായ്.”
• കിഷ്കിന്ധയിലേക്കുള്ള മാർഗ്ഗം പറയുന്ന തപസ്വിനി ശബരി:
“മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാൽ
പമ്പയാം സരസ്സിനെക്കാണാം, തല്പുരോഭാഗേ
പശ്യ പർവ്വതവരമൃഷ്യമൂകാഖ്യം, തത്ര
വിശ്വസിച്ചിരിയ്ക്കുന്നു സുഗ്രീവൻ കപിശ്രേഷ്ഠൻ.”
കിഷ്കിന്ധാകാണ്ഡം
Day (12)
• ശ്രീരാമചന്ദ്ര ഹനുമത്സംഗത്തിൽ സുഗ്രീവനെ പരിചയപ്പെടുത്തുന്ന ഹനുമാൻ:
“അഗ്രജാനകിയ ബാലി കപീശ്വര-
നുഗ്രനാട്ടിക്കളഞ്ഞീടിനാൻ തമ്പിയെ
സുഗ്രീവനുള്ള പരിഗ്രഹം തന്നെയു-
മഗ്രജൻ തന്നെ പരിഗ്രഹിച്ചീടിനാൻ.”
• ഹനുമാന്റെ മധ്യസ്ഥതയിൽ ഋഷ്യമൂകാചലത്തിൽ സഖ്യം ചെയ്യുന്ന സുഗ്രീവനും ശ്രീരാമചന്ദ്രനും:
മർക്കടശ്രേഷ്ഠനാം മാരുതിയന്നേരം
അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ
ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും
സുഗ്രീവരാഘവന്മാരാഗ്നിസാക്ഷിയായ്.
• ബാലിസുഗ്രീവകലഹകഥ:
“മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ-
നൂഢരാഗം മമ വല്ലഭ തന്നെയും
നാടും നഗരവും പത്നിയുമെന്നുടെ
വീടും പിരിഞ്ഞു ദുഃഖിച്ചിരിക്കുന്നു ഞാൻ.”
• യുദ്ധം ചെയ്യാൻ തിരിച്ചുവന്ന സുഗ്രീവനെ കണ്ട് ബാലിയോട് പത്നി താര:
“വിഗ്രഹത്തിങ്കൽ പരാജിതനായ് പോയ
സുഗ്രീവനാശു വന്നീടുവാൻ കാരണം
എത്രയും പാരം പരാക്രമമുള്ളൊരു
മിത്രമവനുണ്ടു പിന്തുണ നിർണ്ണയം.”
• ശ്രീരാമചന്ദ്രന്റെ ഒളിയമ്പേറ്റു വീണ ബാലി:
“വാനരത്തെച്ചതിച്ചെയ്തുകൊന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ
വാനരമാംസഭക്ഷ്യമത്രേ ബത!
മാനസേ തോന്നിയതെന്തിതു ഭൂപതേ!”
• ഒളിയമ്പേറ്റു വീണു, തന്നെ നിശിതമായി വിമർശിച്ച ബാലിയോട്, ശ്രീരാമചന്ദ്രൻ:
“പുത്രീ ഭഗിനീ സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യമതു
ചേതസി മോഹാൽ പരിഗ്രഹിയ്ക്കുന്നവൻ
പാപികളിൽവച്ചുമേറ്റം മഹാപാപി
താപമവർക്കതിനാലെ വരുമല്ലോ!”
• ഭർതൃമൃത്യുവിൽ വിലപിച്ച ബാലിപത്നി താരയോട് ശ്രീരാമചന്ദ്രൻ:
“മദ്രൂപമീദൃശം ധ്യാനിച്ചുകൊൾകയും
മദ്വചനത്തെ വിചാരിച്ചുകൊൾകയും
ചെയ്താൽ നിനക്കു മോക്ഷം വരും നിർണ്ണയം
കൈതവമല്ല പറഞ്ഞതു കേവലം.”
സുന്ദരകാണ്ഡം
Day (13)
• സുഗ്രീവൻ തന്നുടെ കർത്തവ്യത്തെ ഓർമ്മപ്പെടുത്തുന്ന ഹനുമാൻ:
“പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലും
പർവ്വതാഗ്രേ നിജ സോദരൻതന്നോടു
മുർവ്വീശ്വരൻ പരിതാപേന വാഴുന്നു.”
• സീതാവിരഹത്തിൽ മനംനൊന്ത് വിലപിക്കുന്ന ശ്രീരാമചന്ദ്രൻ:
“ജനകീദേവിയെക്കട്ട കള്ളൻതന്നെ
മാനസകോപേന നഷ്ടമാക്കീടുവൻ
വംശവും കൂടെയൊടുക്കുന്നതുണ്ടൊരു
സംശയമേതുമിതിനില്ല നിർണ്ണയം.”
• സുഗ്രീവനെ കണ്ടു തന്റെ കർത്തവ്യത്തെ ഓർമ്മപ്പെടുത്താൻ ലക്ഷ്മണനെ അയക്കുന്ന ശ്രീരാമചന്ദ്രൻ:
“ഹന്തവ്യനല്ല സുഗ്രീവൻ മമ സഖി
കിന്തു ഭയപ്പെടുത്തീടുകെന്നേ വരൂ.”
‘ബാലിയെപ്പോലെ നിനക്കും വിരവോടു
കാലപുരത്തിനു പോകാമറിക നീ.’
• ശ്രീരാമചന്ദ്രന്റെ സന്ദേശം സുഗ്രീവനെ നേരിട്ടറിയിക്കുന്ന ലക്ഷ്മണൻ:
“ഉഗ്രനാമഗ്രജനെന്നോടരുൾ ചെയ്തു
നിഗ്രഹിച്ചീടുവൻ സുഗ്രീവനെ ക്ഷണാൽ
അഗ്രജമാർഗ്ഗം ഗമിയ്ക്കണമെന്നുണ്ടു
സുഗ്രീവനുൾക്കാമ്പിലെങ്കിലതേ വരൂ.”
• തന്റെ വാനരസേനയുടെ ശക്തി വർണ്ണിക്കുന്ന സുഗ്രീവൻ:
“കേചിൽ ഗജബലന്മാരിതിലുണ്ടു താൻ
കേചിൽ ദശഗജശക്തിയുള്ളോരുണ്ടു
കേചിതമിദപരാക്രമമുള്ളവർ
കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും.”
• സീതാന്വേഷണത്തിനായ് കപിവൃന്ദങ്ങളെ നാനാ ദിക്കിലേക്കും പറഞ്ഞയക്കുന്ന സുഗ്രീവൻ:
“ഉല്പലപത്രാക്ഷിതന്നെയും കാണാതെ
മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ
പ്രാണാന്തികം ദണ്ഡമാശു ഭുജിയ്ക്കണ-
മേണാങ്കശേഖരൻ തന്നാണെ നിർണ്ണയം.”
• സീതാന്വേഷണത്തിനിടയ്ക്ക്, ഗന്ധർവ്വപുത്രി തപസ്വിനി സ്വയംപ്രഭയെ കാണുന്ന കപിവൃന്ദം:
മനസമോഹനമായ ദിവ്യസ്ഥലം
മാനുഷവർജ്ജിതം ദേവഗേഹോപമം
തത്ര ഗേഹേ മണികാഞ്ചനവിഷ്ടരേ
ചിത്രാകൃതിപൂണ്ടു കണ്ടാരൊരുത്തിയെ.
Day (14)
• ശ്രീരാമചന്ദ്രന്റെ അനുഗ്രഹം തേടുന്ന യോഗിനി സ്വയംപ്രഭ:
“ത്വന്മഹാമായാഗുണബദ്ധയാകയാൽ
ചിന്മയമായ ഭവത്സ്വരൂപത്തെ ഞാൻ
എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന-
തെങ്ങനെ ചൊല്ലിസ്തുതിയ്ക്കുന്നതുമഹം!”
• സ്വയംപ്രഭാസ്‌തുതി:
“ചാരുമകുടകടകകടിസൂത്ര-
ഹാരമകരമണിമയകുണ്ഡല-
നൂപുരഹേമാംഗദാദി വിഭൂഷണ-
ശോഭിതരൂപം വസിയ്ക്ക മേ മാനസേ.”
• സീതാദേവിയെ അന്വേഷിച്ചു കണ്ടെത്താനാകാതെ വിഷമിയ്ക്കുന്ന അംഗദനോട് ഹനുമാൻ:
“സൗമിത്രിയെക്കാളതിപ്രിയൻ നീ തവ
സാമർത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ!
പ്രേമത്തിനേതുമിളക്കമുണ്ടായ് വരാ
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?”
• പ്രിയ സഹോദരൻ ജടായുവിന്റെ നാമം കേട്ട മാത്രയിൽ അക്കഥ പറയാൻ അപേക്ഷിച്ച സമ്പാതിയുടെ അടുക്കൽ താരാതനയൻ അംഗദൻ:
ഉമ്പർകോൻ പൗത്രനുമമ്പോടതു കേട്ടു
സമ്പാതിതന്നുടെ മുമ്പിലാമ്മാറുചെ-
ന്നംഭോജലോചനൻ തൻ പാദപങ്കജം
സംഭാവ്യസമ്മോദമുൾക്കൊണ്ടു ചൊല്ലിനാൻ:
• സീതാന്വേഷകരായ കപിവൃന്ദത്തോട് സമ്പാതി:
“തത്ര മഹാശോകകാനനേ ജാനകി
നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു
ദൂരമൊരുനൂറു യോജനയുണ്ടതു
നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാൽ.”
• പണ്ട് ജടായുവിനെ രക്ഷിയ്ക്കാനായ് സൂര്യതാപമേറ്റു വീണ സമ്പാതിയോട് ചന്ദ്രമ മുനിയുടെ ജീവോപദേശം:
“ദേഹോഹമെന്നുള്ള ഭാവനയാ മഹാ-
മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു
ഗർഭവാസാദി ദുഃഖങ്ങളും ജന്തുവ-
ർഗ്ഗോത്ഭവനാശവും ദേഹമൂലം സഖേ!”
• സമുദ്ര ലംഘനത്തിനായ് ഹനുമാനോട് തൻശക്തിയെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന ജാംബവാൻ:
“ആമ്നായസാരാർത്ഥമൂർത്തികൾ ചൊല്ലിനാർ
നാമ്നാ ഹനൂമാനിവനെന്നു സാദരം
വജ്രം ഹനുവിങ്കലേറ്റു മുറികയാ-
ലച്ചരിത്രങ്ങൾ മറന്നിതോ മാനസേ?”
Day (15)
• ഹനുമാന്റെ ബുദ്ധിയും ബലവും കണ്ട് സംപ്രീതയായ നാഗമാതാവ് സുരസ:
“വരിക തവ ജയമതിസുഖേന പോയ് ചെന്നു നീ
വല്ലഭാവൃത്താന്തമുള്ളവണ്ണം മുദാ
രഘുപതിയൊടഖിലമറിയിയ്ക്ക തൽ കോപേന
രക്ഷോഗണത്തെയുമൊക്കെയടക്കണം.”
• സിംഹികാവധം നടത്തി ലങ്കയിലേക്ക് എത്തുന്ന ഹനുമാൻ:
നിഴലതു പിടിച്ചുനിർത്തിക്കൊന്നു തിന്നുന്ന
നീചയാം സിംഹികയെക്കൊന്നനന്തരം
ദശവദനപുരിയിൽ വിരവോടു പോയീടുവാൻ
ദക്ഷിണദിക്കു നോക്കിക്കുതിച്ചീടിനാൻ.
• ലങ്കാപുരകവാടത്തിൽ ഹനുമാനെ തടയുന്ന ലങ്കാലക്ഷ്മി:
“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-
നേകനായ് ചോരനോ ചൊല്ലു നിൻ വാഞ്ഛിതം?
അസുരസുരനരപശുമൃഗാദി ജന്തുക്കൾ മ-
റ്റാർക്കുമേ വന്നുകൂടാ ഞാനറിയാതെ.”
• വളരെ നേരം അന്വേഷിച്ചു, അശോകവനത്തിൽ ശിംശിപാവൃക്ഷത്തിനരികെ സീതാദേവിയെ ദർശിച്ച മാത്രയിൽ മാരുതി:
നയനജലമനവരതമൊഴുകിയൊഴുകിപ്പതി-
നാമത്തെ രാമരാമേതി ജപിയ്ക്കയും
നിശിചരികൾ നടുവിലഴലൊടു മരുവുമീശ്വരി
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി.
• സീതാദേവിയോട് ശൃംഗരിയ്ക്കുന്ന രാവണൻ:
“കളയരുതു സമയമിഹ ചെറുതു വെറുതേ മമ
കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം
കളമൊഴികൾ പലരുമിഹ വിടുപണികൾ ചെയ്യുമ-
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!”
• സീതാദേവിയോട് നിർല്ലജ്ജം ശൃംഗരിച്ച രാവണന് ഇച്ഛാഭംഗം വരുത്തുന്ന പത്നി മണ്ഡോദരി:
“ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ-
നൊല്ലാത കാര്യമോരായ്ക മൂഢപ്രഭോ!
ത്യജ മനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്.”
• സീതാദേവിയെ കണ്ടു മന്ദമന്ദം കഥ പറയാൻ തുടങ്ങുന്ന മാരുതി:
‘തരുനികരവരമരിയ ശിംശപാവൃക്ഷവും
തന്മൂലദേശേ ഭവതിയേയും മുദാ
കനിവിനൊടു കണ്ടു കൃതാർത്ഥനായേനഹം
കാമലാഭാൽ കൃതകൃത്യനായീടിനേൻ.’
• ശ്രീരാമചന്ദ്രനുള്ള സന്ദേശവും അടയാളവും ഏൽപ്പിച്ചു മാരുതിയോട് യാത്രചൊല്ലുന്ന സീതാദേവി:
“ജലനിധിയുമതിചപലമിന്നേ കടന്നങ്ങു
ചെന്നു രഘുവരനെക്കാൺക നന്ദന!
മമ ചരിതമഖിലമറിയിച്ചു ചൂഡാരത്‌ന-
മാശു തൃക്കയ്യിൽ കൊടുക്ക വിരയെ നീ.”
Day (16)
• പുത്രൻ അക്ഷകുമാരൻ ഹനുമാനാൽ കൊല്ലപ്പെട്ടതു കണ്ടു ഇന്ദ്രജിത്തിനോട് കൽപ്പിക്കുന്ന രാവണൻ:
“പ്രിയതനയ! ശൃണു വചനമിഹ തവ സഹോദരൻ
പ്രേതാധിപാലയം പുക്കതു കേട്ടീലേ?
മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ
മാർത്താണ്ഡജാലയത്തിന്നയച്ചീടുവാൻ…”
• പരാക്രമിയായ മാരുതിയെ ഒരുവിധത്തിലും ബന്ദിയാക്കാൻ കഴിയാതെ ബ്രഹ്മാസ്ത്രം പ്രയോഗിയ്ക്കുന്ന ഇന്ദ്രജിത്ത്:
അതിനുമൊരുകെടുതിയവനില്ലെന്നു കാൺകയാ-
ലംഭോജസംഭവബാണമെയ്തീടിനാൻ
അനിലജനുമതിനെ ബഹുമതിയൊടുടനാദരി-
ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ.
• ആഗമനോദ്ദേശ്യം വെളിപ്പെടുത്താൻ മാരുതിയെ നിർബന്ധിപ്പിയ്ക്കുന്ന രാക്ഷസ സൈന്യാധിപൻ പ്രഹസ്തൻ:
“നൃപസദസി കഥയ മമ സത്യം മഹാമതേ!
നിന്നെയയച്ചുവിടുന്നുണ്ടു നിർണ്ണയം
ഭയമഖിലമകതളിരിൽനിന്നു കളഞ്ഞാലും
ബ്രഹ്മസഭയ്ക്കൊക്കുമിസ്സഭ പാർക്ക നീ.”
• ലങ്കാപുരിയിൽ വന്നതിനു ശേഷം താൻ ചെയ്ത പരാക്രമങ്ങളെ രാവണനോട് ന്യായീകരിയ്ക്കുന്ന മാരുതി:
“മരണഭയമകതളിരിലില്ലയാതേ ഭുവി
മറ്റൊരു ജന്തുക്കളില്ലെന്നു നിർണ്ണയം
ദശവദന! സമരഭുവി ദേഹരക്ഷാർത്ഥമായ്
ത്വൽഭൃത്യവർഗ്ഗത്തെ നിഗ്രഹിച്ചേനഹം.”
• ഹനുമാന്റെ ഹിതോപദേശം കേട്ട് കോപിച്ചലറുന്ന രാവണൻ:
“തിലസദൃശമവനെയിനി വെട്ടി നുറുക്കുവിൻ
ധിക്കാരമിത്ര കണ്ടീല മറ്റാർക്കുമേ
മമ നികടഭുവി വടിവൊടൊപ്പമിരുന്നു മാം
മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?”
• തന്നെ നിഗ്രഹിയ്ക്കാൻ രാക്ഷസന്മാരോട് ആഹ്വാനം ചെയ്ത രാവണനോട് മാരുതി:
“രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്മാരൊരുമിച്ചെതിർത്തീടിലും
നിയതുമിതു മമ ചെറുവിരൽക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നതെന്നോടു കശ്‌മല!”
• ലങ്കാദഹനത്തിന്റെ തീക്ഷ്ണത:
രഘുകുലവരേഷ്ടദൂതൻ ത്രിയാമാചര-
രാജ്യമെഴുന്നൂറുയോജനയും ക്ഷണാൽ
സരസബഹുവിഭവയുതഭോജനം നൽകിനാൻ
സന്തുഷ്ടനായിതു പാവകദേവനും.
Day (17)
• ലങ്കാദഹനകഥ കേട്ടു മാരുതിയെ അനുമോദിച്ച ശ്രീരാമചന്ദ്രനോട് വാനരസൈന്യത്തിന്റെ മഹത്വം വിവരിയ്ക്കുന്ന സുഗ്രീവൻ:
“ആരാലുമോർത്താൽ ജയിച്ചുകൂടാതൊരു
ശൂരരിക്കാണായ വാനരസഞ്ചയം
വഹ്നിയിൽ ചാടേണമെന്നു ചൊല്ലീടിലും
പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവർ.”
• ലങ്കാപുരിയിലെ കാഴ്ചകൾ വിസ്തരിയ്ക്കുന്ന ഹനുമാൻ:
“ഹാടകനിർമ്മിതഭോജനശാലയും
നാടകശാല നടപ്പന്തൽ പിന്നെയും
മജ്ജനശാലയും മദ്യപാനത്തിനു
നിർജ്ജനമായുള്ള നിർമ്മലശാലയും.”
• ലങ്കാദഹന വിവരണത്തിനൊടുവിൽ ശീഘ്രം യുദ്ധം തുടങ്ങാൻ ശ്രീരാമചന്ദ്രനോട് അപേക്ഷിയ്ക്കുന്ന ഹനുമാൻ:
“കിങ്കരന്മാരെ ക്ഷണേന പിതൃപതി-
കിങ്കരന്മാർക്കു കൊടുത്തു, ദശാനന-
ഹുങ്കൃതിയും തീർത്തു സംഗരാന്തേ ബലാൽ
പങ്കജ നേത്രയെ ക്കൊണ്ടു പോരാം വിഭോ!”
• ആസന്നമായ യുദ്ധത്തിൽ അല്പം ഭീതിപൂണ്ടു കാണപ്പെട്ട രാവണനു ധൈര്യം പകരുന്ന മറ്റു രാക്ഷസർ:
“കൈലാസശൈലമിളക്കിയെടുത്തുട-
നാലോലമമ്മാനമാടിയകാരണം
കാലാരി ചന്ദ്രഹാസത്തെ നൽകീലയോ
മൂലമുണ്ടോ വിഷാദിപ്പാൻ മനസി തേ?”
• നിദ്ര വിട്ടുണർന്ന സഹോദരൻ കുംഭകർണ്ണൻ രാവണനെ ഉപദേശിയ്ക്കുന്നു:
“ഇന്ദ്രിയങ്ങൾക്കു വശനാം പുരുഷനു
വന്നീടുമാപത്തു നിർണ്ണയമോർത്തു കാൺ
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജസൗഖ്യങ്ങളൊക്കവേ.”
• യുദ്ധം ഒഴിവാക്കാൻ ഉപദേശിക്കുന്ന വിഭീഷണൻ ശ്രീരാമചന്ദ്രന്റെ മഹത്വം വിവരിക്കുന്നു:
“കൊന്നാനിരുപത്തൊരു തുട രാമനായ്
മന്നവന്മാരെ, യസുരാംശമാകയാൽ
അന്നന്നസുരരെയൊക്കെയൊടുക്കുവാൻ
മന്നിലവതരിച്ചീടും ജഗന്മയൻ.”
യുദ്ധകാണ്ഡം
Day (18)
• ശത്രുപക്ഷത്തുനിന്നും വന്ന വിഭീഷണന്റെ വാക്കുകൾ വിശ്വസിക്കാതെ സുഗ്രീവൻ:
“ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ
മിത്രമെന്നോർത്തുടൻ വിശ്വസിയ്ക്കുന്നതിൽ
ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന-
തുത്തമമാകുന്നതെന്നതോർക്കേണമേ.”
• വിഭീഷണനെ വിശ്വസിക്കാം എന്ന് തീർത്തുപറയുന്ന ഹനുമാൻ:
“ജാതിനാമാദികൾക്കല്ല ഗുണഗണ-
ഭേദമെന്നത്രേ ബുധന്മാരുടെ മതം
ശാശ്വതമായുള്ള ധർമ്മം നൃപതികൾ-
ക്കാശ്രിതരക്ഷണമെന്നു ശാസ്ത്രോക്തിയും.”
• രാവണദൂതൻ ശുകനോട് സുഗ്രീവൻ:
ചൊല്ലീടുകെ’ന്നതു കേട്ടു സുഗ്രീവനും
ചൊല്ലിനാനാശു ശുകനോടു സത്വരം:
‘ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും
കൊല്ലണമാശു സപുത്രബലാന്വിതം.’
• കോപിഷ്ഠനായ ശ്രീരാമചന്ദ്രൻ തന്നെ ബാണമയച്ചു ശപിക്കുമെന്ന അവസ്ഥയിൽ വരുണദേവൻ:
“താമസോൽഭൂതങ്ങളായുള്ള ഭൂതങ്ങൾ
താമസ ശീലമായ്ത്തന്നേ വരൂ വിഭോ!
താമസമല്ലോ ജഡത്വമാകുന്നതും
കാമലോഭാദികളും താമസഗുണം.”
• സേതുബന്ധന പുരോഗതി:
നാലാം ദിനമിരുപത്തിരണ്ടായതു
പോലെയിരുപത്തിമൂന്നുമഞ്ചാംദിനം
അഞ്ചുനാൾ കൊണ്ടു ശതയോജനായതം
ചഞ്ചലമെന്നിയേ തീർന്നോരനന്തരം.
Day (19)
• ശ്രീരാമചന്ദ്രന്റെ സന്ദേശം രാവണനെ കേൾപ്പിയ്ക്കുന്ന രാക്ഷസദൂതൻ ശുകൻ:
‘ചെന്നു നീ രാവണൻതന്നോടു ചൊല്ലുക
സീതയെ നൽകീടുകൊന്നുകിലില്ലായ്കി-
ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക
രണ്ടിലുമൊന്നുഴറിച്ചെയ്തുകൊള്ളണം.’
• ശ്രീരാമചന്ദ്രനോട് സന്ധി ചെയ്യുന്നതാണ് ശ്രേഷ്ഠം എന്ന് രാവണനെ പറഞ്ഞു ധരിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്ന ശുകൻ:
“ത്വങ്‌മാംസമേദാസ്ഥിമൂത്രമലങ്ങളാൽ
സമ്മേളിതമതിദുർഗന്ധമെത്രയും,
ഞാനെന്നഭാവമതിങ്കലുണ്ടായ് വരും
ജ്ഞാനമില്ലാത്ത ജനങ്ങൾക്കതോർക്ക നീ.”
• രാവണനെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ശ്രമിക്കുന്ന മാതാമഹൻ മാല്യവാൻ:
“ചൊല്ലുവൻ ഞാൻ തവ നല്ലതു പിന്നെ നീ-
യെല്ലാം നിനക്കൊത്തവണ്ണമനുഷ്ഠിയ്ക്ക!
ദുർനിമിത്തങ്ങളീ ജാനകി ലങ്കയിൽ
വന്നതില്പിന്നെ പലതുണ്ടു കാണുന്നു.”
• വാനരസൈന്യവും രാക്ഷസസൈന്യവും തമ്മിലുള്ള ഘോരമായ യുദ്ധം:
പൊട്ടിച്ചടർത്ത പാഷാണങ്ങളെക്കൊണ്ടും
മുഷ്ടികൾ കൊണ്ടും മുസലങ്ങളെ കൊണ്ടും
ഉർവ്വീരുഹം കൊണ്ടുമുർവ്വീധരം കൊണ്ടും
സർവ്വതോ ലങ്കാപുരം തകർത്തീടിനാർ.
• യുദ്ധത്തിന്റെ രൂക്ഷത:
രാക്ഷസരാർക്കയും സിംഹനാദങ്ങളും
രൂക്ഷതയേറും കപികൾ നിനാദവും
തിങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു-
മെങ്ങുമിടതൂർന്നു മാറ്റൊലിക്കൊണ്ടുതേ.
• രൂക്ഷമായ ദ്വന്ദ്വയുദ്ധത്തിൽ ഒരു മലതന്നെയിളക്കി എറിഞ്ഞു രാക്ഷസ സേനാപതി ധൂമ്രാക്ഷനെ കാലപുരിക്കയയ്ക്കുന്ന ഹനുമാൻ:
പാരം വളർന്നൊരു കോപവിവിശനായ്
മാരുതി രണ്ടാമതൊന്നെറിഞ്ഞീടിനാൻ
ധൂമ്രാക്ഷനേറുകൊണ്ടുമ്പർപുരത്തിങ്ക-
ലാമ്മാറുചെന്നു സുഖിച്ചു വാണീടിനാൻ!
• യുദ്ധത്തിനു വന്ന രാവണനെ സ്വയം നേരിടാൻ തയ്യാറെടുക്കുന്ന ലക്ഷ്മണന് ഉപദേശം നൽകുന്ന ശ്രീരാമചന്ദ്രൻ:
“മായയുമുണ്ടു നിശാചരർക്കേറ്റവും
ന്യായവുമില്ലവർക്കാർക്കുമൊരിയ്ക്കലും
ചന്ദ്രചൂഡപ്രിയനാകയുമുണ്ടവൻ
ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം.”
Day (20)
• തന്റെ ദീർഘനിഗ്രയെ ഭേദിച്ചു യുദ്ധം ചെയ്യാൻ അയക്കുന്ന രാവണനോട് കുംഭകർണ്ണന്റെ അവസാന ഉപദേശം:
“നല്ലതും തീയതും താനറിയാതവൻ
നല്ലതറിഞ്ഞു ചൊല്ലുന്നവർ ചൊല്ലുകൾ
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന-
തല്ലാതവർക്കുണ്ടോ നല്ലതുണ്ടാകുന്നു?”
• രാവണനോട് കുംഭകർണ്ണന്റെ നീതിവാക്യം:
“മൂഢരാം മന്ത്രികൾ ചൊല്ലുകേട്ടീടുകിൽ
നാടുമായുസ്സും കുലവും നശിച്ചു പോം
നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേർ-
ന്നാധിമുഴുത്തു മരിയ്ക്കും മൃഗകുലം.”
• പണ്ട് നാരദോപദേശം ശ്രവിച്ച കഥ രാവണനു വിവരിച്ചശേഷം യുദ്ധത്തിനായി പുറപ്പെടുന്ന കുംഭകർണ്ണൻ:
“ഭക്തികണ്ടാൽ പ്രസാദിയ്ക്കും രഘൂത്തമൻ
ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ!
ഭക്തിയല്ലോ സതാം മോക്ഷപ്രദായിനി
ഭക്തിഹീനൻമാർക്കു കർമ്മവും നിഷ്ഫലം.”
• തന്റെ പ്രിയങ്കരൻ കുംഭകർണ്ണന്റെ മരണത്തോടെ ശ്രീരാമചന്ദ്രനെ സ്‌തുതിച്ചു രംഗം വിടുന്ന നാരദമുനി:
“ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും
ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും
രക്ഷയും നാനാവിധാവതാരങ്ങളാൽ
ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു.”
• രാക്ഷസവീരൻ അതികായനെ ഹനുമാന്റെ ഉപദേശപ്രകാരം ബ്രഹ്മാസ്ത്രം കൊണ്ട് വധിയ്ക്കുന്ന ലക്ഷ്മണൻ:
ലക്ഷ്മണനും നിജപൂർവ്വജൻ തൻപദ-
മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു
പുഷ്കരസംഭവബാണം പ്രയോഗിച്ചു
തൽക്ഷണേ കണ്ഠം മുറിച്ചാനതുനേരം.
• യുവരാജൻ ഇന്ദ്രജിത്തിന്റെ ആക്രമണത്തിൽ അമ്പേ തകർന്നടിഞ്ഞ വാനരസേനയും രാമലക്ഷ്മണന്മാരും:
ദേവദേവന്മാരുമാന്യോന്യമന്നേരം
വ്യാകുലംപൂണ്ടു പറഞ്ഞുനിൽക്കേ,രുഷാ
രാഘവൻമാരേയുമെയ്തു വീഴ്ത്തീടിനാൻ
മേഘനാദൻ മഹാവീര്യവ്രതധരൻ.
• ഇന്ദ്രജിത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റും ബോധമറ്റും വീണ വാനരസേനയെ പരിശോധിക്കുന്ന വേളയിൽ വിഭീഷണനോട് ജാംബവാൻ:
“എങ്കിലോ കേൾക്ക നീ; മാരുതിയുണ്ടെങ്കിൽ
സങ്കടമില്ല മറ്റാർക്കുമറിഞ്ഞാലും
മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ-
റ്റാരുമില്ലൊക്കെ മരിച്ചതിന്നൊക്കുമേ.”
• വാനരസേനയെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ദിവ്യൌഷധങ്ങൾ കൈലാസത്തിൽ നിന്നും കൊണ്ടുവരാൻ ഹനുമാനോട് കല്പിക്കുന്ന ജാംബവാൻ:
“മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ,
പിൻപു സന്ധാനകരണി, മൂന്നാമതും
നല്ല സുവർണ്ണകരണി, നാലാമതും
ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ!”
Day (21)
• ഹനുമാന്റെ ഔഷധാഹരണം മുടക്കുവാൻ ആജ്ഞാപിച്ച രാവണനോട് മാരീചപുത്രൻ കാലനേമി:
“നിന്നെക്കുറിച്ചു മരിപ്പതിനിക്കാല-
മെന്നുള്ളിലേതും മടിയില്ല നിശ്ചയം
മാരീചനെക്കണക്കേ മരിപ്പാൻ മന-
താരിലെനിയ്ക്കേതുമില്ല ചഞ്ചലം.”
• ക്ഷീരാർണ്ണവം, ദ്രോണാചാലം, ഋഷഭാദ്രി എന്നിവിടങ്ങളിലെല്ലാം ഔഷധം തിരഞ്ഞു സന്ദേഹിച്ച മാരുതി:
കാണാഞ്ഞു കോപിച്ചു പർവ്വതത്തെപ്പറി-
ച്ചേണാങ്കബിംബംക്കണക്കെപ്പിടിച്ചവൻ
കൊണ്ടുവന്നൻപോടു രാഘവൻ മുമ്പിൽ വ-
ച്ചിണ്ടൽ തീർത്തീടിനാൻ വൻപടയ്ക്കന്നേരം.
• ഘോരമായ ദ്വന്ദ്വ യുദ്ധത്തിനൊടുവിൽ കുംഭകർണ്ണപുത്രനായ കുംഭനെ വധിയ്ക്കുന്ന സുഗ്രീവൻ:
വാരാന്നിധിയും കലക്കിമറിച്ചതി-
ഘോരനാം കുംഭൻ കരേറി വന്നീടിനാൻ
സൂര്യാത്മജനുമതു കണ്ടു കോപിച്ചു
സൂര്യാത്മജാലയത്തിന്നയച്ചീടിനാൻ.
• ഒളിയുദ്ധത്തിലൂടെ വാനരസൈന്യത്തെയൊടുക്കുന്ന ഇന്ദ്രജിത്തിനെ ബ്രഹ്‌മാസ്‌ത്രമെയ്തു വധിക്കാമെന്നുപറഞ്ഞ ലക്ഷ്മണനോട് ശ്രീരാമചന്ദ്രൻ:
‘ആയോധനത്തിങ്കലോടുന്നവരോടു-
മായുധം പോയവരോടും, വിശേഷിച്ചു
നേരേ വരാതവരോടും, ഭയം പൂണ്ടു
പാദാന്തികേ വന്നു വീഴുന്നവരോടും
പൈതാമഹാസ്‌ത്രം പ്രയോഗിയ്ക്കരുതെടോ!’
• ദീർഘമായ യുദ്ധത്തിൽ അഞ്ജലികാസ്ത്രമെയ്തു ഇന്ദ്രജിത്തിനെ വധിയ്ക്കുന്ന ലക്ഷ്മണൻ:
രാഘവൻ തൻ പദാംഭോരുഹം മാനസേ
ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു
പംക്തികണ്ഠാത്മജൻ കണ്ഠവും ഛേദിച്ചു
സിന്ധുജലത്തിൽ മുഴുകി വിശുദ്ധമാ-
യന്തരാ തൂണിയിൽ വന്നു പുക്കു ശരം.
• പുത്രൻ ഇന്ദ്രജിത്തിന്റെ വധത്തിൽ കലിപൂണ്ട രാവണൻ സീതാദേവിയെ നിഗ്രഹിയ്ക്കാൻ ഒരുങ്ങുമ്പോൾ തടയുന്ന അസുരമന്ത്രി സുപാർശ്വൻ:
“മാനവന്മാരേയും വാനരന്മാരെയും
മാനേന പോർചെയ്തു കൊന്നുകളഞ്ഞു നീ
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മാനസതാപവും ദൂരെ നീക്കീടുക.”
Day (22)
• രാവണന്റെ അജയ്യഹോമം മുടക്കുന്നതിനിടയ്ക്ക് വാനരന്മാർ ഉപദ്രവം ചെയ്തപ്പോൾ അതു തടുക്കാത്തതിൽ രോഷം പൂണ്ട മണ്ഡോദരി:
‘അർദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി;
ശത്രുക്കൾ വന്നവളെപ്പിടിച്ചെത്രയും
ബദ്ധപ്പെടുത്തുന്നതും കണ്ടിരിയ്ക്കയിൽ
മൃത്യുഭവിയ്ക്കുന്നതുത്തമമേവനും!’
• സ്വയം ചെയ്യുന്ന തെറ്റുകൾ ഒരിക്കലും സ്വീകരിയ്ക്കാൻ കൂട്ടാക്കാത്ത രാവണനോട് പത്നി മണ്ഡോദരി:
‘പുത്രവിനാശം വരുത്തുവാനും തവ
മൃത്യു ഭവിപ്പാനുമായ് നീയവനുടെ
വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ
നിർല്ലജ്ജനാകയാൽ മൂഢ! ജളപ്രഭോ!’
• രാവണൻ യുദ്ധഭൂമിയിൽ നേരിട്ടെതിരിടാൻ വരുന്നതു കണ്ടു വർദ്ധിത വീര്യത്തോടെ, ശ്രീരാമചന്ദ്രൻ:
എത്ര നിശാചരരുണ്ടു വന്നേറ്റതി-
ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ
രാമമയമായ് ചമഞ്ഞിതു സംഗ്രാമ-
ഭൂമിയുമെന്തൊരു വൈഭവമന്നേരം.
• രാവണനെറിഞ്ഞ ശൂലം തറച്ചു പരിക്കേറ്റ ലക്ഷ്മണൻ അപകടനില തരണം ചെയ്തതറിഞ്ഞു വീണ്ടും രാവണനെ എതിരിടുന്ന ശ്രീരാമചന്ദ്രൻ:
തേരുമൊരുമിച്ചുവന്നു ദശാസ്യനും
പോരിനു രാഘവനോടെതിർത്തീടിനാൻ
പാരിൽനിന്നിക്‌ഷ്വാകുവംശതിലകനും
തേരിൽനിന്നാശരവംശതിലകനും.
Day (23)
• അതിഘോരമായ രാമരാവണയുദ്ധം വിവരിച്ചു മതിയാകാതെ തുഞ്ചത്തെഴുത്തച്ഛൻ:
‘അംബുധിയംബുധിയോടൊന്നെതിർക്കിലു-
മംബരമംബരത്തോടെതീർത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം
രാഘവരാവണയുദ്ധമൊഴിഞ്ഞില്ല.’
• ദേവേന്ദ്രന്റെ തേരാളി മാതലി, അഗസ്ത്യമുനിയുടെ ഉപദേശപ്രകാരം രാവണനെ വധിയ്ക്കാൻ ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാമല്ലോ എന്ന് ശ്രീരാമചന്ദ്രനോട് സൂചിപ്പിച്ചപ്പോൾ:
രാവണൻ തന്റെ ഹൃദയം പിളർന്നു ഭൂ-
ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു
ചോര കഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവൻതന്നുടെ
തൂണിയിൽ വന്നിങ്ങു വീണു തെളിവോടു
ബാണവുമെന്തൊരു വിസ്‌മയ,മന്നേരം!
• അഗ്നിശുദ്ധിയ്ക്ക് തയ്യാറെടുക്കുന്ന സീതാദേവി:
‘വിശ്വാസമാശു മദ്ഭർത്താവിനും മറ്റു
വിശ്വത്തിൽ വാഴുന്നവർക്കും വരുത്തുവാൻ
കുണ്ഡത്തിലഗ്നിയെ നന്നായ് ജ്വലിപ്പിയ്ക്ക
ദണ്ഡമില്ലേതുമെനിയ്ക്കതിൽ ചാടുവാൻ.’
• സീതാദേവിയുടെ അഗ്നിശുദ്ധിയ്ക്കു ശേഷം സംപ്രീതരായ ജനങ്ങൾ:
‘ലങ്കേശനിഗ്രഹാർത്ഥം വിപിനത്തിൽനി-
ന്നെങ്കലാരോപിതയാകിയ ദേവിയെ
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക
സങ്കടം തീർന്നു ജഗത്ത്രയത്തിങ്കലും.’
• പട്ടാഭിഷേകത്തിനു വേണ്ടി ലങ്കയിൽ തങ്ങാൻ അപേക്ഷിയ്ക്കുന്ന വിഭീഷണനോടു, തന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിയ്ക്കുന്ന ഭാരതനെക്കുറിച്ചു വാചാലനാകുന്ന ശ്രീരാമചന്ദ്രൻ:
“എന്നു പതിന്നാലു സംവത്സരം തിക-
യുന്നതെന്നുള്ളതും പാർത്തവൻ വാഴുന്നു
ചെന്നീല ഞാനന്നുതന്നെയെന്നാലവൻ
വഹ്നിയിൽ ചാടി മരിയ്ക്കുമേ പിറ്റന്നാൾ.”
• രാവണവധവും വിഭീഷണ പട്ടാഭിഷേകവും അഗ്നിപരീക്ഷയും കഴിഞ്ഞു പുഷ്പക വിമാനത്തിൽ അയോധ്യയ്ക്ക് ഗമിക്കുന്ന വേളയിൽ സീതാദേവി:
“വാനരവീരരുമൊട്ടുനാളുണ്ടല്ലോ
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു!
ഭർതൃവിയോഗജദുഃഖമിന്നെന്നോള-
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളു?”
Day (24)
• ശ്രീരാമൻചന്ദ്ര-സീതാ-സൗമിത്രിമാർ വനവാസവും രാവണവധവും കഴിഞ്ഞു അയോധ്യയിൽ തിരിച്ചെത്തിയ ആഹ്ലാദത്തിൽ സുഗ്രീവനെ വിശേഷിച്ചു പ്രശംസിയ്ക്കുന്ന ഭരതൻ:
“നാലു സുതന്മാർ ദശരഥഭൂപനി-
ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാൻ
പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങൾക്കു
കിഞ്ചന സംശയമില്ലെന്നറികേടോ!”
• ഭക്തഹനുമാന് ആശീർവാദം നൽകി യാത്രയാക്കുന്ന ശ്രീരാമചന്ദ്രൻ;
പുണ്ഡരീകാക്ഷനനുഗ്രഹം നൽകിനാൻ:
“മൽക്കഥയുള്ള നാൾ മുക്തനായ് വാഴ്ക നീ
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!”
ഉത്തരരാമായണം
Day (25)
• അഗസ്ത്യാദി മാമുനിമാരോടൊന്നിച്ചു യക്ഷരാക്ഷസോൽപ്പത്തിയുടെ കഥ ശ്രവിയ്ക്കുന്ന ശ്രീരാമചന്ദ്രൻ, പണ്ടു രാവണാദികൾ ബ്രഹ്മതപസ്സ് ചെയ്ത വൃത്താന്തം ശ്രദ്ധിയ്ക്കുന്നു:
ആയിരത്താണ്ടു പാർത്തീടിനാനിങ്ങനെ
നായകനായ ധാതാവിനെക്കാണാഞ്ഞു
വഹ്നിയിലാഹുതി ചെയ്താനൊരു തല
പിന്നെയുമായിരത്താണ്ടു പാർത്തീടിനാൻ
ഒമ്പതിനായിരത്താണ്ടിനകം തല-
യൊമ്പതും ഹോമിച്ചു പാർത്താൻ ദശാസനൻ.
Day (26)
• കൈലാസ പർവ്വതസമീപേ നന്ദികേശ്വരനെ രാവണൻ പരിഹസിച്ചപ്പോൾ:
‘ഇപ്പോൾ വധിയ്ക്കുന്നതില്ല ഞാനെന്നുമേ
പത്മോത്ഭവൻ തവ തന്ന വരത്തിനാൻ!
വാനരനെന്നു നീ നിന്ദിച്ച കാരണം
വാനരന്മാരാൽ വരും കുലനാശവും.’
Day (27)
• ബ്രഹ്മശങ്കരവരങ്ങൾ നേടി, സുരലോകം ജയിയ്ക്കാൻ പുറപ്പെട്ട രാവണൻ യമലോകേ നരകത്തിലെ രംഗങ്ങൾ വീക്ഷിയ്ക്കുന്നു:
എയ്യുന്നതാരെന്നതേതുമറിയാതെ
മെയ്യിൽ വന്നമ്പുകൾ കൊണ്ടുകൊണ്ടും ബലാൽ
ഈയവും നന്നായുരുക്കിച്ചിലരുടെ
വായിൽപ്പകർന്നു കുടിപ്പിയ്ക്കയും ചിലർ.
• ഇന്ദ്രനെ ജയിയ്ക്കാൻ വന്ന രാവണൻ, അപ്സരസ്സ് രംഭയെ കണ്ടപ്പോൾ:
‘നിന്നുടെ പൂർവജനായ ധനേശ്വരൻ
തന്നുടെ പുത്രൻ നളകൂബരനവൻ
തന്നുടെ വല്ലഭയാകിയ രംഭ ഞാൻ
നിന്നുടെ പുത്രിയായ് വന്നീടുമോർക്ക നീ.’
• ഇന്ദ്രബന്ധനം ചെയ്ത മേഘനാഥനെ പ്രശംസിയ്ക്കുന്ന ബ്രഹ്മാവ്:
“കല്യനാം നിന്നുടെ പുത്രനു തുല്യനാ-
യില്ല ജഗത്ത്രയത്തിലിങ്കലിന്നാരുമേ
ഇന്ദ്രനെ യുദ്ധേ ജയിച്ചതു കാരണ-
മിന്ദ്രജിത്തെന്നു നാമം കൊടുത്തേനഹം.”
• ഉത്തരരാമായണത്തിൽ രാവണരാക്ഷസചരിത്രം വിവരിച്ചു കഴിഞ്ഞപ്പോൾ അഗസ്ത്യമുനി:
‘രാവണനേക്കാൾ പരാക്രമിയായതു
രാവണിയെന്നു ഞാൻ ചൊന്നതിൻ കാരണ-
മിങ്ങനെയാകയാലെ’ന്നരുൾ ചെയ്തിതു
മംഗളാത്മാവാമഗസ്ത്യമുനീന്ദ്രനും.
Day (28)
• മനസ്സില്ലാമനസ്സോടെ കിഷ്കിന്ധയിലേയ്ക്ക് മടങ്ങുന്ന മാരുതിയെ അനുഗ്രഹിച്ചു യാത്രയാക്കുന്ന ശ്രീരാമചന്ദ്രൻ:
‘ലോകങ്ങളുള്ളനാളോളമെൻ കീർത്തിയും
പോകയില്ലത്രനാളും വാഴ്ക നീയെടോ!
ജന്മമരണദുഃഖാപഹം നിർമ്മലം
ബ്രഹ്മപദം മമ തന്നേൻ നിനക്കു ഞാൻ.’
• സീതാപരിത്യാഗം നടത്തി അയോധ്യയിലേയ്ക്ക് തിരിച്ചുവരുമ്പോൾ സുമന്ത്രരോട് സന്താപത്തോടെ സൗമിത്രി:
“നന്നുനന്നിവയോർത്താലെത്രയും ചിത്രം! ചിത്രം!
മാനവശ്രേഷ്ഠനായ രാമചന്ദ്രനും തഥാ
ജനകീദേവിയ്ക്കുമോരോനാളായുണ്ടായ് വന്ന
ദുഃഖങ്ങൾ നിരൂപിച്ചാലെത്രയും കഷ്ടം! കഷ്ടം!”
• സീതാപരിത്യാഗം നടത്തി അയോധ്യാപുരിയിൽ എത്തിയ ലക്ഷ്മണൻ, ദുഃഖാർത്തനായ ശ്രീരാമചന്ദ്രനോട്:
“ജ്ഞാനമില്ലാതെ മൂഢജനത്തെപ്പോലെ ഭവാൻ
മാനസേ ഖേദിപ്പതിനെന്തു കാരണം നാഥ?
ദേഹഗേഹാർത്ഥപുത്രകളത്രാദികളോടും
ദേഹികളുണ്ടോ പിരിയാതെ ഭൂമിയിലാരും?”
Day (29)
• ലവണാസുരയുദ്ധത്തിനായി വനത്തിലെത്തിയ ശത്രുഘ്നൻ, വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിശ്രമിയ്ക്കുമ്പോൾ;
‘മൈഥിലി പെറ്റാളിപ്പോളെത്രയും തേജസ്സോടും
പൈതങ്ങളിരുപേരുണ്ടറിക തപോനിധേ!”
ശത്രുഘ്‌നനതുകേട്ടു സന്തോഷം പൂണ്ടാനേറ്റ,
മുത്ഥായ വാല്മീകിതാൻ ജാതകർമ്മവും ചെയ്താൻ.
• ലവണാസുരവധത്തിനു ശേഷം മഥുരാപുരിയിലെ രാജാവായി ശത്രുഘ്നൻ:
കോട്ടയും ഗോപുരങ്ങൾ മതിലും കിടങ്ങുകൾ
ഗോഷ്ഠങ്ങൾ ദേവാലയം ചാതുർ വർണ്ണ്യ ആലയങ്ങൾ.
യമുനാതീരസ്ഥലേ മഥുരാപുരി നൂന-
മമരാപുരിയിലുമേറ്റമായ് ശോഭിയ്ക്കുന്നു.
• ഏറ്റവും ശ്രേഷ്ഠമായ അശ്വമേധയാഗം നടത്തുവാനുള്ള ആഗ്രഹം തന്റെ ഭ്രാതാക്കളോട് അഭിപ്രായമാരായുന്ന ശ്രീരാമചന്ദ്രൻ:
“നിങ്ങളെന്നാത്മാവായതില്ല സംശയമേതും
നിങ്ങൾക്കുവേണ്ടിത്തന്നെ രാജ്യവും പാലിയ്ക്കുന്നേൻ
ഉണ്ടൊരു യാഗം ചെയ്‌വാനാഗ്രഹമതു നിങ്ങൾ
ഖണ്ഡിച്ചു ചൊല്ലീടുവിൻ സാധ്യാസാധ്യവുമെല്ലാം.”
Day (30)
• മഹർഷി വാൽമീകിയുടെ ആശ്രമത്തിൽ നിന്നും പ്രതിജ്ഞയ്ക്കു ശേഷം പുനഃപരിഗ്രഹണം ചെയ്യാൻ ശ്രീരാമചന്ദ്രൻ തയ്യാറായെങ്കിലും, സീതാദേവി തിരോധാനം ചെയ്യുന്നു:
‘സത്യമിതെങ്കിൽ മമ നൽകീടൊരനുഗ്രഹം
സത്യമാതാവേ! സകലാധാരഭൂതേ! നാഥേ!’
തൽക്ഷണേ സിംഹാസനഗതയായ് ഭൂമി പിളർ-
ന്നക്ഷീണാദരം സീതതന്നെയുമെടുത്തുടൻ
• ബ്രഹ്മാവിന്റെ ഉപദേശത്തിൽ മുനിവേഷത്തിൽ ശ്രീരാമചന്ദ്രനെ അയോധ്യയിൽ വന്നു കാണുന്ന യമദേവൻ:
“ഓരോരോതരമാവതാരം ചെയ്തിന്ദ്രാദികൾ-
ക്കോരോരോതരമുണ്ടാമാപത്തു തീർത്തുകൊണ്ടു,
ധർമ്മത്തെ സ്ഥാപിച്ചധർമ്മങ്ങളെ ക്ഷയിപ്പിച്ചു
കർമ്മങ്ങൾ ചെയ്യിപ്പിച്ചു രക്ഷിയ്ക്കുന്നതും ഭവാൻ.”
• ലക്ഷ്മണനെ വധിയ്ക്കാതെ പരിത്യജിയ്ക്കുന്ന ശ്രീരാമചന്ദ്രൻ:
“പോക സൗമിത്രേ! ഭവാൻ നിന്നെ ഞാനുപേക്ഷിച്ചേൻ
ത്യാഗവും വധവുമൊക്കും നിരൂപിച്ചു കണ്ടാൽ
ജീവനമായ നിന്നെയിന്നുപേക്ഷിച്ചു ഞാനും
ജീവിച്ചുവാണീടുമോ ഭൂമിയിലെത്ര കഷ്ടം!”
• വലിയൊരു ജനക്കൂട്ടത്തോടൊപ്പം സരയൂ നദിയിൽ സമാധിയായി മഹാപ്രസ്ഥാനം അനുഷ്ഠിക്കുന്ന ശ്രീരാമചന്ദ്രൻ:
‘സോദരാമാത്യനിശാചരവാനരരോടും
സാദരമയോദ്ധ്യാവാസികളാമവരോടും
വന്നിഹസരയൂതീരത്തിങ്കലിതുകാലം
നിന്നരുളുന്ന രാമ! രാഘവ! ജയ ജയ.’
🕉🕉🕉🕉🕉
എഴുത്തച്ഛന്റെ കാവ്യഭംഗിയിൽ വാചാലനാകുന്ന സ്വാമിജി നിർമ്മലാനന്ദഗിരി മഹാരാജ് >
Comments
Post a Comment