കവീശ്വരീയം | രമേശൻ നായർ

കവീശ്വരീയം - രമേശൻ നായർ 




തൻജന്മനാളികേരം വിഘ്നേശ്വരപാദാരവിന്ദങ്ങളിൽ 

വിഘ്‌നമൊഴിഞ്ഞുടയ്ക്കാൻ കാത്തൊരീശ്വരീയ മഹാകവേ!

അങ്ങയുടെ നാവിന്തുമ്പിൽ ജനിച്ച പുണ്യാക്ഷരങ്ങൾ 

ഇരുളിലലയും ഭക്തലക്ഷങ്ങളുടെ അജ്ഞാനതിമിരമകറ്റിയില്ലേ!


രാധതൻ ഗോവിന്ദാത്മജപ്രേമത്തെ താൻ പാടും ഗീതവുമായി 

തുലനം ചെയ്‍വാൻ പുണ്യമനുഷ്ഠിച്ച ഭക്തിസാന്ദ്രമഹാകവേ

ഭഗവാൻ മാറിലണിഞ്ഞ സുഗന്ധപൂരിത ചന്ദനലേപനമോ

തമ്പുരാനേകിയ ഗാഢാലിംഗനമോ അങ്ങേക്കു പ്രിയതരം?  


നെയ്യിലൊളിക്കും വടക്കുന്നാഥനാം ശ്രീകണ്ഠമൂർത്തിതൻ 

സുപ്രഭാതം പാടാനുണരുന്ന വണ്ണാത്തിക്കിളികൾക്ക് 

അഗ്നിതാണ്ഡവദർശനവും തൃണയനവരദാനവും 

നീലകണ്ഠനുടെ ശിവരാത്രിക്കൽക്കണ്ടമാക്കിയ മഹാകവേ!


ശബരിമലക്കിളികളായി വനഭൂവിൽ അയ്യപ്പദർശനവും 

ജന്മദുരിതങ്ങളകറ്റിടും കരുണാരസപുണ്യപമ്പാസ്നാനവും 

മഹാകവേഅങ്ങയുടെ പരമമായ തത്വമസീ ദർശനവും 

തുയിലുണർന്ന കലിയുഗവരദനെ പ്രത്യക്ഷീകരിച്ചല്ലോ!


ജ്ഞാനാംബികയെ തൻ ജിഹ്വയിലേക്കാവാഹിച്ച 

പ്രണവാമൃതം ഹൃദയാഞ്ജലിയായി പൊഴിച്ച മഹാകവേ !

പ്രപഞ്ചംബതൻ നഖകലയോടുപമിച്ച ചന്ദ്രക്കലയും 

മുഖകലയെ സൂര്യകലയുമാക്കിയ ദിവ്യതേജസ്സേ വന്ദനം


മോക്ഷമേകും മഹാപഴനിമലയിലെ ഗുരുനാഥൻ തിരു-

വേലെടുത്ത മുരുകനുടെ കേളിയാട്ടവും വേദക്കണ്ണും 

മയിൽവാഹനനുടെ വരദഭസ്മഗന്ധമേകിയ മഹാകവേ!

അങ്ങയുടെ വരികൾ  ഭക്തഹൃദയങ്ങളിൽ പീലിക്കാവടിയാടുന്നു. 


കൂടൽമാണിക്യസ്വാമിയ്ക്ക് മാലകെട്ടാൻ മഹാകവേ!

അങ്ങയുടെ വാക്കുകൾ കമലപുഷ്പങ്ങളായി മാറിയില്ലേ

ഭരതസ്വാമിതൻ ഔഷധവീര്യവും കലാക്ഷേത്രവും ചേർന്നപ്പോൾ 

പുണ്ണ്യാക്ഷരങ്ങൾ സംഗമേശ്വരസന്നിധിയിൽ പൂജാപുഷ്പങ്ങളായി.


ഗുരുപവനേശ്വരൻ നാരായണമൂർത്തിതൻ തിരു-

കളഭച്ചാർത്തിനെ ഉദയാസ്തമനകളാക്കിയ മഹാകവേ

സംഗീതസാമ്രാട്ടിനും മറ്റായിരം ഗണകണ്ഠങ്ങൾക്കും 

ആദിമദ്ധ്യാന്തസംഗീതദർശനമേകി ഭാവനാതിരേകം.


പാറമേക്കാവിൻ ഗോപുരത്തിരുനടയിങ്കൽ 

കൈകൂപ്പി വണങ്ങിയോരെൻ മഹാകവേ!

അങ്ങയുടെ ജന്മമാമൊരോലക്കുടയ്ക്കായി നിത്യം 

ജാഗരിണിയാമംബ വരദയായി അമരപദമേകിയല്ലോ


നാരായണീയം സാന്ദ്രമായൊഴുകിടും യമുനയാണെങ്കിൽ 

മഹാകവേഅങ്ങയുടെ ഗീതാമൃതങ്ങൾ കാളിന്ദിതന്നെയല്ലോ.

കവിമനസ്സാം കായാമ്പൂവിൽ കതിർമഴ പെയ്യിക്കും മേഘം തേടി 

അങ്ങയുടെ ദേഹിയിഹ കൗസ്തുഭത്തിങ്കൽ ചെന്നുചേർന്നീല്ലയോ

Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ