ഗുരു സീരീസ് - 8 | ദിവ്യ ഗുരുനാഥ
ദിവ്യ ഗുരുനാഥ
{ Sincere gratitude to my dear friend Prajesh for providing this divine opportunity to reflect on his English poem “The Divine Master” }
സമർപ്പണം ::
സദ്ഗുരു മാതാ ശ്രീ അമൃതാനന്ദമയീ ദേവിയ്ക്ക്, അമ്മയുടെ തൃപ്പാദാരവിന്ദങ്ങളിൽ •••
സങ്കല്പം ::
ശ്രീലളിതാസഹസ്രനാമസ്തോത്രത്തിലെ
19-ആം ശ്ലോകം-
|| നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ
പദദ്വയപ്രഭാജാലപരാകൃതസരോരുഹാ ||
~~~~~~~~~~~~~~~~~~~~~
ദിവ്യ വിളംബരം -
ഗുരു കൃപ മാത്രമെൻ അതുല്യ രക്ഷാകവചം
അതെന്നമ്മതൻ പദദ്വയ ദിവ്യാത്മകമലം
ദിവ്യരക്ഷിതാവേ -
തിരുവെഴുത്തുകളിൻ പൊരുളെന്നിൽ മറഞ്ഞുനിൽപ്പൂ
അലയുമിന്ദ്രിയങ്ങളെൻ മനസ്സിനെ തേടിനടപ്പൂ
ദേഹി രോദനം -
ഇന്ദ്രിയാനന്ദഹേതു തേടിയകലും മനസ്സ്
ഭൗതികനിബദ്ധമാം ചുഴി നിറഞ്ഞ നഭസ്സ്
ദൈവകൃപയാൽ -
ശ്രദ്ധഹാനിചെയ്തിടും മോഹാഗ്നിയെ കെടുത്തിടും
ഹൃദ്യമാം നിത്യജപത്തിൻ മാറ്റൊലി കൊണ്ടിടും
ദിവ്യനാമം -
മാർഗ്ഗദർശമാർജ്ജിച്ചൊരെൻ നിർമ്മല ജീവഗതി
അനുഭൂതിവേദ്യമായ് നിൻ അമൃതനാമത്തേൻരുചി
ദിവ്യജ്ഞാനമേ -
മിഥ്യാബോധമാം വന്മല താണ്ടിക്കടക്കുവാൻ
ദാഹിച്ചിടുന്നെൻ ദേഹി നിൻ ഭക്ത്യാമൃതം നുണയുവാൻ
ദിവ്യദീപം -
നേരറിവോരശനിപാതം പോൽ ഹുങ്കാരമായി ധ്വനിയ്ക്കവേ
തർപ്പണം ചെയ്‌വാനെന്നുണ്മയും മുന്നൊരുക്കമാർന്നുടനേ
ദിവ്യവചനം -
മൊഴിയുന്നിതല്ലോ മഹാത്മാക്കൾ സധൈര്യം
ഒരേയൊരർഹതയോ വിശ്വാസമിതു നിർണ്ണയം
ദിവ്യ കരുണ -
കൈവല്യമായ നിൻ കരുണയാൽ പദപ്രാപ്തി നേടിയടിയൻ
ദ്രാഹിയാം മായാപഥം താണ്ടിടാനെൻ നാഥയോട് കേണിടുന്നിവൻ
Comments
Post a Comment