സുഹൃദ് സ്മരണ | പട്ടാമ്പിയിൽ നിന്നും ഒരു ചിന്ന ആശ
ഗൂഡോൾ 96 | കൊറോണ വൈബ്‌സ് 17 |
പട്ടാമ്പിയിൽ നിന്നും
ഒരു ചിന്ന ആശ
~~~~~~~~~~~~~~~~~~~~~~~~~
പ്രിയരേ
17 ഏപ്രിൽ അങ്ങനെ വീണ്ടും... ഇന്ന് രാവിലെ തന്നെ ഫേസ്ബുക് എന്ന അഭിനവ കലണ്ടറിൽ ജന്മദിനങ്ങളുടെ വിളംബരം വന്നു കാണും. അതുകൊണ്ടായിരിക്കും കാക്കത്തൊള്ളായിരം വാട്സ്ആപ് ഗ്രൂപ്പിലെ ഏതോ ഒരാൾ രാവിലേ തന്നെചോദ്യവുമായി വന്നു.
“ഈസ് ഇറ്റ് യുവർ ബർത്‌ഡേ?
യെസ് സർ!
ഓ! സൊ യു ആർ ആൾവേസ് ഓൺ സെവന്റീൻ...” !!
ശരിയാണല്ലോ പഹയാ... ഇങ്ങനെ ഒരു ചിന്ത ഇതുവരെ ആരും ട്രോളിയിട്ടില്ല... എന്തായാലും താങ്ക്സ് പറഞ്ഞു പിരിഞ്ഞു. അപ്പോളാണ് ഓർത്തത്, നമ്മളിൽ മിക്കവരും ആദ്യമായി കണ്ടത് നമ്മുടെ പതിനേഴാമത്തെ വയസ്സിലാണെന്ന്. നമ്മളെല്ലാവരും ആശയെ കണ്ടതും പതിനേഴാമത്തെ വയസ്സിൽ തന്നെ. പതിനേഴാമത്തെ അദ്ധ്യായം ഏപ്രിൽ പതിനേഴിന് എന്റെ ജന്മദിവസം തന്നെ വന്നത് വെറും യാദൃശ്ചികം തന്നെ.
പട്ടാമ്പിക്ക് സമീപം പള്ളിപ്പുറം എന്ന ഗ്രാമത്തിലാണ് ആശയുടെ മന. എന്റെ ഗ്രാമമായ വാടാനാംകുറുശ്ശിയിൽനിന്നും പള്ളിപ്പുറം 17 കി മീ അടുത്താണെന്നു ഗൂഗിൾ മാപ് കാണിക്കുന്നു. തിങ്കളാഴ്ചകളിൽ പുലർച്ചെക്കു ആശ മയിൽവാഹനം ബസിൽ പാലക്കാട്ട് പോവുന്നതും കുളപ്പുള്ളി ജങ്ക്ഷനിൽ നിന്നും അംബിക അതേ മയിൽവാഹനത്തിൽ കേറുന്നതും എല്ലാം മുൻപ് നമ്മൾ കണ്ടതാണല്ലോ.
പള്ളിപ്പുറം മറ്റേതൊരു നിളാതീര ഗ്രാമം പോലെ തന്നെ സുന്ദരവും ശാന്തവുമാണ്. കോലാഷിലെ പ്രകൃതിരമണീയമായ ആ സ്ഥലം ആണ് പള്ളിപ്പുറം. അതേ ലാളിത്യവും നന്മയുമായാണ് ആശ എന്ന പട്ടാമ്പിക്കാരി കളമശ്ശേരിയിൽ സെക്കൻഡ് ഇന്റർവ്യൂന് വരുന്നത്.
അവിടെ വെച്ച് തന്നെയാണ് ഞാൻ അവളെ ആദ്യം കാണുന്നതും. എന്നേക്കാൾ അവളുടെ റാങ്ക് മേലെ ആയിരുന്നത് കൊണ്ട് അവൾക്ക് അഡ്മിഷൻ ആയി നേരത്തെ വീട്ടിൽ പോയി. സെക്കൻഡ് ഇന്റർവ്യൂലെ അവസാന ക്യാൻഡിഡേറ്റ് എന്ന നിലക്ക് എനിക്ക് അഡ്മിഷൻ കിട്ടിയപ്പോഴേക്കും സമയം രാത്രി വൈകിയിരുന്നു.
അഡ്മിഷൻ കിട്ടാതെ അർദ്ധരാത്രി തിരിച്ചു പോവേണ്ടി വന്ന പലരും എന്നെ അന്ന് ശപിച്ചു കാണും എന്ന് വിശ്വസിക്കുന്നു. എന്റെ ഒപ്പം എന്റെ ഏറ്റവും അടുത്ത സ്‌കൂൾ സുഹൃത്തായ മോഹൻ കുമാറും വന്നിരുന്നു അന്ന്. അവനു എന്നേക്കാൾ 30~40 റാങ്ക് താഴെ ആയിരുന്നു. അവനും അന്ന് അഡ്മിഷൻ കിട്ടീല്ല്യ. ഒന്നാലോചിച്ചുനോക്കൂ തിരികെ വരുമ്പോഴത്തെ എന്റെ അവസ്ഥ. എനിക്ക് സന്തോഷിക്കണോ വേണ്ടയോ എന്ന സംശയമായിരുന്നു... മോഹനൻ വളരെ ബ്രൈറ്റായ സ്റ്റുഡന്റ് ആയിരുന്നു.
പിന്നീട് തേർഡ് ഇന്റർവ്യൂ സമയത്തു അവനു ചിക്കൻ പോക്സ് വന്നു സീരിയസ് ആയി അങ്ങനെ അതിനും അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ മോഹൻകുമാർ എന്നൊരു വാടാനാംകുറുശ്ശികാരൻ കൂടെ ഉണ്ടാകുമായിരുന്നു നമുക്കിടയിൽ...
മോഹൻ പിന്നീട് എൻ എസ് എസ് ഒറ്റപ്പാലത്തുനിന്നും എം എസ് സി ഫിസിക്സ് നല്ല നിലയിൽ പാസായി ബിഎഡ് എടുത്തു ഇപ്പോൾ വാടാനാംകുറുശ്ശി വി എച് എസ് സി യിൽ പ്ലസ് ടു ടീച്ചർ ആണ്. പാലക്കാട് ജില്ലയിൽ ടീച്ചർ മാരുടെ ഒരു ട്രൈനെർ കൂടിയാണ് മോഹനൻ. എഞ്ചിനീയർ ആവാതെ രക്ഷപ്പെട്ട എന്റെ പ്രിയ സുഹൃത്ത് മോഹനൻ!
ആദ്യം തന്നെ ഞാൻ പറഞ്ഞല്ലോ നീല, മിനി, ആശ എന്നിവരോടേ ഞാൻ നാലു വർഷത്തിൽ മിണ്ടിയിട്ടുള്ളൂ എന്ന്. അതിന്റെ അഹംഭാവം മൂന്നു പേർക്കും ഇല്ല എന്നതും വസ്തുതയാണ്.
അങ്ങനെ നമ്മുടെ സ്വന്തം ചിന്ന ചിന്ന ആശ ക്യാമ്പസ്സിൽ എത്തുന്നു. പതുക്കെ ഒരു ചെറു സംഘം രൂപപ്പെടുന്നു; നീലയുടെ നേതൃത്വത്തിൽ അപർണ, അംബിക എന്നിവരോടൊപ്പം ആശയും. ആദ്യ രണ്ടു വർഷം രതിഭ ആയിരുന്നു റൂം മേറ്റ്.
ആശയുടെ ഓർമകൾ പങ്കുവെച്ച എല്ലാരുടെയും വാക്കുകളിൽ നിറഞ്ഞു നിന്ന ഒരു വാക്കാണ്, “പോസിറ്റീവ്"... ഈകൊറോണ കാലത്തു നെഗറ്റീവ് പോസിറ്റീവ് ആണെങ്കിലും, നമ്മുടെ കൂട്ടായ്മയിൽ അന്നും ഇന്നും ഏറ്റവുംപോസിറ്റീവ്നെസ്സ് കാത്തുസൂക്ഷിക്കുന്നത് ആശയാണെന്നും തിരിച്ചറിയുന്നു.
എല്ലാവരുടെ ജീവിതത്തിലും പല അളവിൽ ദുഃഖങ്ങളും പ്രതികൂലസാഹചര്യങ്ങളും ചലഞ്ചുകളും വേർപാടുകളും നഷ്ടങ്ങളും കഷ്ടപ്പാടുകളും ഒക്കെ ഉണ്ടായിട്ടുണ്ടാവും. ആശക്കും ഉണ്ടായിട്ടുണ്ട്. അപ്പോളെല്ലാം ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് റീബൗണ്ട് ആയി തിരിച്ചെത്തുക എന്നതാണ് പോസിറ്റീവ് ഔട്ടിലൂക്കിന്റെ ലക്ഷണം.
നമ്മൾ കോളേജിൽ ചേർന്ന അതെ സമയത്താണ് റോജ സിനിമ റിലീസ് ആവുന്നത്. മണിരത്നം എന്ന മാജിക്കൽ ഡയറക്ടർന്റെ സൃഷ്ടി ആണെങ്കിലും എ ആർ റഹ്‌മാൻ എന്ന ലെജൻഡ് ജന്മം കൊണ്ടതാണ് റോജയുടെപ്രത്യേകത. അത് പോലെ തന്നെ അരവിന്ദ് സ്വാമി, മധുബാല എന്നിവരും പ്രശസ്തരായി. ഞാൻ റോജ കണ്ടത് നമ്മുടെ കോളേജ് ലോക്ക് ഡൌൺ സമയത്തു രാജേന്ദ്ര ടാകീസിൽ നിന്നാണ്. യു വി എസ്, മിലി, അർച്ചന നിവാസ് ലോഡ്ജുകളുടെ ഒരു സമൂഹം തന്നെ ടാക്കീസ് നിറച്ചു; അന്ന് രാത്രി സെക്കന്റ്ഷോയ്ക്ക്.
തമിഴിൽ കാവ്യാല്മകമായ പേരുകൾ അനവധി ഉണ്ടല്ലോ, അതിലൊന്നാണ് മണിരത്തിനം. വേറെ ഒരു പേര് ഓർമ വരുന്നത് “മയിൽ വാഹനം" ആണ്. ആശയും അംബികയും തിങ്കളാഴ്ച പോവുന്ന ബസ് മയിൽവാഹനത്തോടൊപ്പം ഇപ്പോൾ ഓർമ വന്നത് ലൂസിഫർ സിനിമയിലെ ഒരു നെഗറ്റീവ് കഥാപാത്രം, പോലീസ് ചീഫ് മയിൽവാഹനം ഐ പി എസ് ആണ്. തമിഴ് നടൻ ജോൺ വിജയ് ശക്തമായ അഭിനയമാണ് കാഴ്ച വെച്ചത്.
റോജ എന്ന സിനിമയിലെ “ചിന്ന ചിന്ന ആശൈ... സിറകടിക്കും ആശൈ...” എന്ന പാട്ട് എത്രയോ തവണ നമ്മൾ കണ്ടു കഴിഞ്ഞു. പലപ്പോഴും നമ്മുടെ ആശയും മനസ്സിലൂടെ ഒന്ന് തെളിഞ്ഞു വരും. അതുപോലെ ഉള്ള വേറൊരു പാട്ടാണ് പഴയ “അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും നമ്മുടെ ആശ തീരും...”. 1979 ലെ ഇതാ ഒരു തീരം എന്ന ജയഭാരതി -സോമൻ സിനിമയിലെ ആണ് ആ പാട്ട്. യൂസഫലി കേച്ചേരി രചനയും കെജെ ജോയി സംഗീതവും നിർവഹിച്ചു. അന്നത്തെ ഹിറ്റ് മേക്കർ ആയിരുന്ന പി ജി വിശ്വംഭരൻ ആണ് സംവിധായകൻ. വേറെ ഒരു പാട്ടാണ് ബാലചന്ദ്രമേനോന്റെ “ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ...” എന്നത്.
1960~70 കാലഘട്ടത്തിൽ ഹിന്ദി സിനിമാലോകം നിറഞ്ഞു നിന്ന നായികയാണ് ആശാ പരേഖ്. അനവധി ഹിറ്റ്സിനിമകളിൽ ആശാജിയുടെ കൈയൊപ്പ് നമുക്ക് കണ്ടെടുക്കാം. അവർ എന്നും അവിവാഹിതയായി തന്നെജീവിച്ചു. കരാ ഭവൻ എന്ന ഡാൻസ് അക്കാദമി ആണ് ആശാജിയുടെ എല്ലാം. സന്താക്രൂസിലുള്ള ആശാ പരേഖ് ഹോസ്‌പിറ്റൽ അവരുടെ ഹ്യുമാനിറ്റേറിയൻ പ്രവർത്തനങ്ങൾ മുൻനിർത്തി നാമകരണം ചെയ്യപ്പെട്ടതാണ്.
നമ്മുടെ ആശയും നല്ലൊരു നർത്തകി ആണെന്നതിൽ തർക്കമില്ല. കാലിഫോർണിയ കേന്ദ്രീകരിച്ചു അനവധി നൃത്തപരിപാടികളിൽ ആശ പങ്കെടുത്തിട്ടുണ്ട്. അവൾ ചെണ്ടമേളത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. ആശയുടെ മോൾ അനുശ്രീയും വളരെ അനുഗ്രഹീതയായ ഭരതനാട്യം നർത്തകിയാണ്. അനു എഴുത്തിലും കേമിയാണ്. ഒരു ഓൾ റൗണ്ടർ എന്ന നിലക്ക് അനുവിന്റെ കഴിവ് ലോക പ്രശസ്തമായ സ്റ്റാൻഡ്‌ഫോർഡ് സർവകലാശാലയിലും അലയടിക്കും എന്ന് ഉറപ്പാണല്ലോ.
രതിഭ ഓർത്തെടുക്കുന്നത് ഹോസ്റ്റലിൽ എത്തുമ്പോൾ ആദ്യമായി പരിചയപ്പെടുന്ന ആൾ ആശ എന്നാണ്. കൂടെ വന്ന വീട്ടുകാർക്കും ആശയെ കണ്ടു സംസാരിച്ചതോടെ ധൈര്യം ആയി. വീട്ടിൽ നിന്നും വിട്ടു നിൽക്കേണ്ടിവന്നപ്പോളുള്ള ചെറിയ സങ്കടം ആശയോടുള്ള കുറച്ചു നേരത്തെ സംസാരത്തോടെ പെട്ടെന്ന് മാറി എന്ന് രതിഭ. അവർ ആദ്യ രണ്ടു വർഷം റൂം മേറ്റ്സ് ആയിരുന്നു. പിന്നീടും ആ ഊഷ്മളമായ സുഹൃത്ബന്ധം തുടർന്നു.
അപർണയെ പോലെ ആശക്കും രണ്ടു ചേട്ടന്മാരാണ്. അവരാണെങ്കിൽ പെങ്ങളൂട്ടിയ്ക്ക് എല്ലാവിധ സ്വാതന്ത്ര്യവും കൊടുത്തിട്ടുമുണ്ട്. പോരേ ... ഏട്ടന്മാരുടെ വാലായാണോ വാളായാണോ വളർന്നത് എന്ന സംശയം ബാക്കി. അന്ന് നീല പറഞ്ഞ വാക്കുകൾ വെറുതെ പറഞ്ഞതായിരിക്കില്ല അല്ലെ... ആങ്ങളമാരുടെ സ്നേഹഭാജനങ്ങളായ പെങ്ങൾമാരോട് പെരുമാറുമ്പോൾഒന്ന് സൂക്ഷിക്കണം എന്ന്...!
ആശയുടെ അച്ഛന് ഒറ്റപ്പാലത്ത് നമ്പൂതിരിപ്പാട് & കോ. എന്ന പേരിൽ ഒരു ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് ഡീലർ ഷോപ്പ് ഉണ്ടായിരുന്നു (റേഡിയോ, ട്രാൻസിസ്റ്റർ, വാക് മാൻ, അങ്ങനെ പലതും).
ആശയെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് ഓർമ വരുന്ന ഒരു സംഭവം അവളുടെ കല്യാണം തന്നെയാണ്. അതും ഷൊർണൂർ മയിൽവാഹനം ബസ് സർവീസ് സ്റ്റേഷന് സമീപത്തുള്ള വിജയ കല്യാണമണ്ഡപത്തിൽ വെച്ച്.. തലേദിവസം എന്റെ വീട്ടിൽ ഒരു ചെറിയ സംഘം ഒത്തുകൂടി: നാരായണന്റെ നേതൃത്വത്തിൽ ജഗ്ഗു, ബിജു, ജിക്കു മുതലായവർ; ഒരു ജഗപൊഗ ടീം എന്ന് നാരായണന്റെ കാവ്യഭംഗി!! ഒരാൾ കൂടി ഉണ്ടായിരുന്നു എന്ന് തോന്നുന്നു... ശ്രീറാം ആണോ..
ഒരു രസകരമായ സീൻ ഓർമ വരുന്നു. തലേദിവസം തമാശ പറഞ്ഞും ആർത്തട്ടഹസിച്ചും അർമാദിച്ചും ഉറങ്ങാൻ കുറെ വൈകി. ഞങ്ങളെല്ലാവരുംകൂടെ തട്ടിൻപുറത്താണ് കിടന്നത്. രാവിലെ ഉറക്കച്ചടവോടെ എണീറ്റ ഞാൻ കാണുന്നത് ജഗ്ഗു ചുമരിൽ പൊത്തിപ്പിടിച്ചു മോളിലേക്കു കേറുന്നതാണ്. ഞാൻ നാരായണനെ ഈ സീൻകാണിച്ചു. അവൻ എന്റെ തലയിൽ ഒരു കൊട്ട് തന്നിട്ട് പറഞ്ഞു:
“എടോ അത് ജഗ്‌ഗൂന്റെ പാന്റ് ചുമരിലെ ഹുക്കിൽ തൂങ്ങി കിടക്കുന്നതാണ്... പോയി മുഖം കഴുകി വാ...”
ഒരു ബ്രാഹ്മണ വിവാഹം ആയതു കൊണ്ട് തന്നെ ആചാരങ്ങൾ കുറെ കൂടുതൽ ആയിരുന്നു. വിശപ്പിന്റെ വിളി ഉച്ചക്ക് വരുന്ന വരെ എല്ലാം ഭംഗിയായി കണ്ടു. മനോജ് എന്ന ഇന്ത്യൻ ~ അമേരിക്കൻ സോഫ്റ്റ്‌വെയർ പ്രൊഫെഷണൽ അന്നാണ് പരിചയപ്പെട്ടത്.
മനോജ് വളരെ ഡൌൺ ടു ഏർത് ആയ ഒരാളായി മിനിയും ജ്യോതിഷും വിവരിക്കുന്നു. ആശയുടെ "ദി പെർഫെക്റ്റ് പാർട്ണർ". രണ്ടു പേരും മലകയറ്റം, ട്രെക്കിങ്ങ്, സാഹസിക യാത്രകൾ എന്നിവയിൽ രസം കണ്ടെത്തുന്നവർ എന്നാണ് വിവരം കിട്ടിയത്.
ആശയുടെ അനുവും ജ്യോമിനിയുടെ അക്കുവും തുല്യ പ്രായരാണ്. അങ്ങനെ അവർ നല്ല സുഹൃത്തുക്കളാണ്. യൂ എസ് എ യിൽ എത്തിയതിനു ശേഷം നാരായണൻ, ആശ, ജ്യോമിനി എന്നിവരുടെ കുടുംബങ്ങൾ ഇടക്കൊക്കെ കൂടാറുണ്ട്. എല്ലാ ആഴ്ചയും പരസ്പരം വിളിച്ചു സ്നേഹാന്വേഷണങ്ങൾആരായാറുണ്ട്.
മിനിക്ക് ഇടക്ക് തലവേദന വരാറുണ്ടെന്നും ജ്യോ ഇതുവരെ അതിന് ഒരു മരുന്നും വാങ്ങി തന്നിട്ടില്ലെന്നും മിനി പരിഭവം പറയുന്നു. അതിനു പകരം മിനി ആശയെ വിളിച്ചു സംസാരിക്കുകയാണ് പതിവ്. മിനിക്ക് തലവേദനകൊണ്ടാണ് തന്നെ വിളിക്കുന്നത് എന്ന് ആശക്കറിയില്ല കേട്ടോ.
ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ഫോൺ സംഭാഷണം കഴിഞ്ഞാൽ പിന്നെ അടുത്ത രണ്ടോ മൂന്നോ ആഴ്ചത്തേക്ക് മിനിക്ക് തല വേദന വരില്ല. ആനക്ക് അതിന്റെ വലിപ്പം അറിഞ്ഞൂടാ എന്ന് പറയുന്നപോലെ ആശക്കു അവളുടെ പല മേന്മയുടെയും മഹത്വം മനസ്സിലായിട്ടില്ല എന്നാണ് ജ്യോമിനിയുടെ കണ്ടെത്തൽ.
കോളേജിന് ശേഷം മാനസികമായും ശാരീരികമായും ഒട്ടും മാറ്റം വന്നിട്ടിലാത്തത് ആശക്ക് മാത്രമാണെന്ന് മിനി കട്ടായം പറയുന്നു. പള്ളിപ്പുറത്താണെങ്കിൽ തനി നാടൻ ചിന്ന ചിന്ന ആശൈ... കാലിഫോർണിയയിൽ ആമസോൺ, ആപ്പിൾ തുടങ്ങിയ വൻകിട കമ്പനിയിലെ എഞ്ചിനീയർ ... ആശയുടെ റേഞ്ച് അപാരം ആണെന്നാണ് രണ്ടു പേരുടെയും ഒരേ പോലെയുള്ള അഭിപ്രായം. അതേ ക്വാളിറ്റി മോൾ അനുവിലും കാണാൻസാധിക്കും.
കോളേജ് കാലത്തു കലാരംഗത്തും ആശ ആക്റ്റീവ് ആയിരുന്നു. ഒരു നാടകത്തിൽ കന്യാസ്ത്രീ ആയി അഭിനയിച്ചത് ജ്യോതിഷ് ഓർക്കുന്നു. സോണൽ മത്സരങ്ങളിലും ആശ പങ്കെടുത്തിട്ടുണ്ട്. അതിനൊക്കെ വേണ്ടതായ അത്യാവശ്യ തൊലിക്കട്ടി അന്നേ ആശക്ക് ഉണ്ടല്ലോ...
ആശ നാഷണൽ സർവീസ് സ്കീമിന്റെയും സജീവ പ്രവർത്തക ആയിരുന്നു എന്ന് ശ്രീരാമകൃഷ്ണൻ ഓർത്തെടുക്കുന്നു. എസ് 5~6 കാലത്തെ ഡിസംബർ ബ്രെയ്കിൽ പത്ത് ദിവസത്തെ ക്യാമ്പിൽ അവർ രണ്ടുപേരുംപങ്കെടുത്തിട്ടുണ്ട്. അതിൽ ആശ കാണിച്ച നേതൃത്വപാടവം ശ്രീ ഇന്നും ഓർക്കുന്നു.
ആശ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ആ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ ചെണ്ടമേളത്തിനു അവൾ ഉൾപ്പെട്ട സ്‌കൂൾ ടീമിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അതിനു ശേഷം "പള്ളിപ്പുറത്തു ചെണ്ടാശ" എന്നാണു അവൾ അറിയപ്പെട്ടത്.
നാരദന്മാരും ആശയെ വെറുതെ വിട്ടില്ല... പലതരം കഥകളുമായി അവർ പലതും പാടി നടന്നു... അതൊന്നും നമ്മളെ ഏശാനുള്ളതല്ലെന്നു ആശയ്ക്ക് അന്നേ അറിയാം...
2014 ജി ടി യിൽ ആശയും മനോജും മോളും വന്നത് എല്ലാർക്കും ഓർമയുണ്ടല്ലോ. ഇതൊക്കെയാണ് എനിക്ക് ഓർമ്മവരുന്ന പള്ളിപുറത്തെ പെരിയ ആശയുടെ ഓർമകൾ... ഇനിയും പലർക്കും ഓർമകൾ ഉള്ളിൽ ഉണ്ടാകുംഎന്നെനിക്കുറപ്പാണ്, അത് ഷെയർ ചെയ്യുന്നതിലൂടെ നമ്മുടെ സുഹൃദ്ബന്ധങ്ങളുടെ ഊഷ്‌മളത കൂടും എന്നതിൽ സംശയമില്ല.
സസ്നേഹം എം പി
മസ്കറ്റ്
17 ഏപ്രിൽ 2020 : 11:47 pm
Comments
Post a Comment