കഥ | നേര് ~ 3 > ആ മൂന്നു വാക്കുകൾ


കഥ  |  നേരാവുക, നേരെയാവുക - ഭാഗം 3 

ആ മൂന്നു വാക്കുകൾ 

2016 ജനുവരിയിൽ ഒരു വൈകുന്നേരം ദുബായ് സത്വ റൌണ്ട് അബൗട്ടിൽ യാത്ര പറഞ്ഞു നടന്നു നീങ്ങിയ ജോയി തരകൻ ജുമേയ്‌റ നിരത്തിലെ തിരക്കിലേക്ക് അലിഞ്ഞു ചേരുന്നത് കാണാൻ എനിക്ക് സമയമില്ലായിരുന്നു. മാത്രമല്ല, അങ്ങനെ കാറുമായി ഒരു മിനിറ്റിലധികം നിന്നാൽ പോലീസ് വന്നു മുഖാലിഫ എഴുതി കയ്യിൽ തരും. അവിടെ പിന്നെ നെഗോസിയേഷൻ എന്നൊരു ഏർപ്പാടൊന്നും ഇല്ലല്ലോ! അങ്ങനെ ഞാൻ ജബൽ അലിയിലുള്ള എന്റെ വീട് ലക്ഷ്യമാക്കി വേഗം തന്നെ പോയി. അതിനു ശേഷം ജോയിയും ആ കണ്ടുമുട്ടലും അനിവാര്യമായൊരു വിസ്മൃതിയിൽ ആണ്ടുപോയി എന്ന് തന്നെ പറയണം. അത് ദുബായ് എന്ന മഹാനഗരത്തിൽ അസാധാരണം അല്ല താനും...!   

നാലുവർഷത്തോളം പിന്നെ ജോയിയുടെ ഒരു വിവരവും കേട്ടില്ല. എനിക്ക് അദ്ദേഹത്തെ ഒന്ന് വിളിച്ചു അന്വേഷിക്കാനുള്ള മനസ്സും ഉണ്ടായില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ! ജോയിയുടെ എല്ലാമായിരുന്ന സാറായുടെ ഭർത്താവ് മുംബൈയിലെ സ്വന്തം അപാർട്മെന്റ് ബിൽഡിങ്ങിന്റെ മുകളിൽ നിന്നും വീണു മരിച്ചതും അതിനുശേഷം സാറായും ജോയിയും കണ്ടുവോ എന്നൊന്നും എനിക്കറിയേണ്ട ഒരു കാര്യമായി എനിക്ക് തോന്നിയില്ല എന്നതല്ലേ ശരി! അതോ... പത്തു വർഷങ്ങൾക്കു മുൻപ് എന്നെ ഒരു സന്നിഗ്ധഘട്ടത്തിൽ നിന്നും കരയേറ്റിയതിനു ആറു വർഷങ്ങൾക്കു ശേഷം അബ്രകൾ ഒഴുകി നടക്കുന്ന ദുബായ് ക്രീക്കിന്റെ തീരത്തു വെച്ച് സംസാരിച്ച രണ്ടുമണിക്കൂർ സമയത്തിലൂടെ പ്രത്യുപകാരം ഞാൻ ചെയ്തു എന്നാണോ? മനുജബന്ധങ്ങൾ പലപ്പോഴും സ്വാർത്ഥമാണല്ലോ! ഒരു സഹായത്തിന് ഒരു ഉപകാരം. വീണ്ടുമൊരു താങ്ങിന്, ഒരു പ്രത്യുപകാരം! "ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായീ" എന്നുള്ള ട്രോൾ ഞാൻ ഓർത്തു!

2010 ൽ തേക്കിൻ കാട് മൈതാനത്തിലും വടക്കുന്നാഥന്റെ ഗോപുരനടയിലും വടക്കേ സ്റ്റാൻഡിലും പിന്നെ 2016 ൽ ഡെയറാ-ദുബായിലും സത്വയിലും കണ്ടു സംസാരിച്ച ജോയി തരകൻ പിന്നെ ബന്ധം പുതുക്കുന്നത് 2020 ജൂണിലാണ്. ലോകം മുഴുവനും കോവിഡ് 19 എന്ന വൈറസിനോട് യുദ്ധം ചെയ്ത് ഭീതി പൂണ്ട് കഴിഞ്ഞിരുന്ന കാലം, ഞാൻ ആണെങ്കിൽ ഒമാനിലെ മസ്‌കറ്റിലും. രാജ്യങ്ങൾ അവരുടെ അതിർത്തികൾ അടച്ചിരിക്കുന്നു, ജനങ്ങൾ ഈ രോഗകണങ്ങളുടെ വാഹകരാവരുത് എന്ന ലക്ഷ്യമായിരുന്നു. ലോകം പരക്കെ ആശയവിനിമയത്തിന് പുത്തൻ ആശയങ്ങൾ കൈക്കൊണ്ട നാളുകൾ.

ഫേസ്ബുക്കിലെ പ്രൊഫൈൽ പിക്ച്ചറുകളുടെ ശ്രേണിയിൽ ആണ്... തരകൻ ജോയി എന്നുള്ള പേരിൽ ഞാൻ അദ്ദേഹത്തെ വീണ്ടും കാണുന്നത്. ഹ്യൂമൻ റിഫ്രഷർ, ഓതർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്... എന്നായിരുന്നു പ്രൊഫൈൽ വിവരണം. അതൊരു വ്യത്യസ്ഥമായൊരു ഇൻട്രോ ആണല്ലോ എന്ന് എനിക്കും തോന്നി. ഹ്യൂമൻ റിഫ്രഷർ! റിഫ്രഷ്... രണ്ടു അവസ്ഥയിലാണ് എനിക്ക് ആ വാക്കിനെ പരിചയം. ഒന്ന്, ഏതോ ഒരു ശീതള പാനീയത്തിന്റെ പരസ്യത്തിൽ. രണ്ടാമത്, എന്തിനുമേതിനും കംപ്യൂട്ടറിന്റെ മൗസ് പോയിന്റർ വെച്ച് സ്ക്രീൻ റിഫ്രഷ് ചെയ്യുന്നത്!  

പത്തുവർഷങ്ങൾക്കു മുൻപ് എന്നെയും ഈ ജോയി തരകൻ റിഫ്രഷ് ചെയ്തത് ഞാൻ ചെറുതായൊന്നു ഓർത്തു പോയി. മനോബുദ്ധ്യാഹങ്കാരവും ചിത്തും ചേർന്നൊരു അന്തഃകരണം നമുക്ക് ചുറ്റുമുള്ള ലോകം സാമാന്യേ എങ്ങനെ നോക്കിക്കാണുന്നു എന്നതിൽ നിന്നും വിഭിന്നമായിട്ട് എന്തോ ഒരു വ്യത്യാസമുണ്ടല്ലോ എന്ന തിരിച്ചറിവായിരുന്നു അന്ന് ജോയിയെ കാണാനുള്ള ഹേതു. അന്ന് ജോയി ആ അന്തഃകരണം പോലുമറിയാത്ത രീതിയിൽ അതിന്റെ ഗതിയിൽ ഒരു വെർച്വൽ ചിപ്പ് വെച്ചുതന്നത് ഇന്നുമോർക്കാൻ ഒരു ഹരമാണ്. പക്ഷേ അന്നത്തെ അവസാന സെഷൻ ദിവസമാണ് സാറായുമായുള്ള പ്രശ്നവും ആസന്നമായിനിൽക്കുന്ന ഡൈവോഴ്‌സും ഒക്കെ ജോയി എന്നോട് തുറന്നു പറയുന്നത്. സങ്കടത്തെക്കാൾ ആശ്ചര്യമായിരുന്നു അത് കേട്ടുകഴിഞ്ഞപ്പോൾ. "കുറുന്തോട്ടിക്കും വാതമോ", "കടുവയെ പിടിച്ച കിടുവയോ" എന്നൊക്കെയായിരുന്നു, സ്വല്പം തമാശരൂപത്തിൽ എന്റെ ചീന്തയുടെ ചീന്തുകൾ ഉയർന്നുവന്നത്.  എന്തായാലും പിന്നെ അതൊന്നും എന്റെ അന്തഃകരണത്തെ ബാധിച്ചില്ലല്ലോ! 

പിന്നീട് 2016 ൽ ദുബായ് ക്രീക്കിലെ അബ്രകളുടെയും കടൽക്കാക്കകളുടെയും ശബ്ദമുഖരിതമായ ഒരു സായാഹ്നവേളയിൽ ജോയി എന്ന റിഫ്രഷർ സ്വയം അന്ധകാരത്തിൽ പെട്ടുഴലുന്ന രംഗം എനിക്ക് മറക്കാൻ സാധിക്കുന്നതല്ലല്ലോ! അദ്ദേഹത്തിന്റെ മനസ്സിലുള്ള എല്ലാ ഭാരവും ഇറക്കിവെക്കാൻ തീരുമാനിച്ച ആ സന്നിഗ്ധഘട്ടത്തിൽ ഞാൻ വെറുമൊരു സാക്ഷിയാവുക എന്നതിൽ ഉപരിയായി വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ! 

അന്ന് ആ വൈകിയ സന്ധ്യയുടെ അരുണിമ മങ്ങിയ വേളയിൽ, ജോയി പറഞ്ഞ വാക്കുകളും മറക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. "പക്ഷെ.. കഴുത്തിൽ സ്വയം ആ കുരുക്കിടുമ്പോഴോ, അല്ലെങ്കിൽ ബാല്കണിയിൽനിന്നും സ്വയം താഴേക്കു പതിക്കുന്നതിനു തൊട്ടുമുൻപോ... നമ്മുടെ ജീവിതത്തിൽ__ നിമിഷത്തിന്റെ നൂറിലൊരംശത്തിൽ... ഒരു മിറക്കിൾ സംഭവിക്കും. ആതാരെങ്കിലും നമ്മളെ തിരിച്ചുവിളിക്കുന്നതാവാം... അതൊരു ഉൾവിളിതന്നെയാകാം... ആ ഉൾവിളി ഒരു അലമുറയായി മാറാം... സ്വന്തം അമ്മയുടെ മുഖമായി നെഞ്ചകത്തിൽ വന്നു പുഞ്ചിരിക്കാം..." ജോയി അന്ന് വേഗത്തിൽ നടന്നകന്നത് ഞാൻ ഇപ്പോൾ ഓർത്തെടുത്തു. 

അതിനു ശേഷം ഫേസ്ബുക്കിലെ പ്രൊഫൈൽ ആയിട്ടാണ് കണ്ടുമുട്ടൽ. ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകഴിഞ്ഞു അന്ന് തന്നെ അത് സ്വീകരിക്കപ്പെട്ടു. അങ്ങനെ തരകൻ ജോയി എന്ന എന്റെ സഹപാഠി എന്റെ മൂവായിരത്തിഅറുനൂറ്റിഇരുപത്തെട്ടാമത്തെ വദനസ്കന്ധമിത്രമായി! അതുകഴിഞ്ഞു ഫോണിൽ ഞാനും ജോയിയും സുദീർഘം സംസാരിച്ചു. നാലുവർഷംകൊണ്ട് പുഴകളിലൂടെ ഒഴുകിയ വെള്ളവും, കാറ്റിൽ പാറിപ്പോയ മരുഭൂമിയിലെ മണൽത്തരികളും, കാറ്റിൽ പെട്ട് ഭൂമിയിൽ വീണു മണ്ണായിച്ചേർന്ന ഇലകളും, കാട്ടുതീയിൽ വെന്തുവെണ്ണീറായ പക്ഷിമൃഗാദികളും, ജ്യോതിർഗോളങ്ങൾ അവയുടെ അച്ചുതണ്ടുകളിൽ തുടർന്നുകൊണ്ടിരിക്കുന്ന ഭ്രമണങ്ങളും വിലമതിക്കാനാകുമോ? ജീവിതപ്രയാണത്തിൽ നാല് ഗുണം 365 ദിവസങ്ങൾ കൂടി അന്ത്യത്തോടടുത്തു എന്നത് മാത്രമാണ് സത്യം എന്നാണു അവസാനം രണ്ടുപേരും പറഞ്ഞു നിർത്തിയത്. കൂടാതെ മോട്ടിവേഷണൽ തിങ്കർ അഥവാ സ്‌പീക്കർ എന്നൊരു പട്ടം കൂടി ജോയിക്ക് എല്ലാവരും കൂടി ചാർത്തിക്കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വരുന്ന വീക്കെൻഡിൽ "ഗൈഡ് സൂപ്പർ സോൾസ്" എന്നൊരു വാട്സ്ആപ്പ് കൂട്ടായ്മയിൽ ഗസ്റ്റ് സ്പീക്കർ ആയി ഒരു സ്‌പീച്ച് ഉണ്ടെന്നും അതിൽ തന്റെതന്നെയൊരു വിഷയമാണ് അവതരിപ്പിക്കുക എന്നും ജോയി പറഞ്ഞു. അതിലേക്ക് എന്നെ ക്ഷണിക്കാനും അദ്ദേഹം മറന്നില്ല. തീർച്ചയായും ജോയിൻ ചെയ്യാം എന്ന് ഞാൻ ഉറപ്പുകൊടുത്താണ് അന്ന് ഞങ്ങളുടെ ദീർഘമായ സംസാരം നിന്നത്.

സ്പീച്ചിന്റെ ഒരു ദിവസം മുൻപേ വാട്സാപ്പിൽ അതിന്റെ ഒരു ഫ്ലയർ എനിക്ക് കിട്ടി. 

"ഗൈഡ് സൂപ്പർ സോൾസ് അവതരിപ്പിക്കുന്നു... മോട്ടിവേഷണൽ ടോക്ക് സെഷൻ ബൈ ഹ്യൂമൻ റിഫ്രഷർ ഡോ. തരകൻ ജോയി! പ്ലീസ് ജോയിൻ വിത്ത് ദി ഫോളോയിങ് ലിങ്ക്..." 

നിനച്ചിരിക്കാത്ത കാലത്തു നിനക്കുന്നതിലും കനത്തതോതിൽ ഇതുവരെ കാണാത്തമാത്രയിൽ നാശവും മരണവും ദുഃഖവും നിരാശയും നിഷ്ക്രിയത്വവും ഉണ്ടാക്കിയ മഹാമാരിയുടെ കരാളഹസ്തത്തിൽ ഞെരിഞ്ഞടങ്ങാതെ ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശസ്രോതസ്സുണ്ടെന്നും ഈ നിരാശക്കപ്പുറം ഉണ്മയാർന്ന പുതുലോകത്തിൻ പൊൻപുലരിയുണ്ടെന്നും മനസ്സിൽ രൂഢമൂലമായി വിശ്വസിച്ചു മുന്നേറുന്ന ഒരു ചെറു സംഘമാണ് "ഗൈഡ് സൂപ്പർ സോൾസ്" എന്ന് ജോയി പറഞ്ഞു തന്നു. അദ്ദേഹത്തിന്റെ സംസാര വിഷയം "ആ മൂന്ന് വാക്കുകൾ"!

ജോയിയുടെ സെഷൻ ദിവസം വൈകുന്നേരം കൃത്യസമയത്തിനു അഞ്ചു മിനിറ്റ് മുൻപ് തന്നെ സൂം മീറ്റിങ് റൂമിൽ ഞാൻ കയറിപ്പറ്റി. അവിടെ ജീവിതത്തിന്റെ നാനാ രംഗത്തുനിന്നുമുള്ള ആൾക്കാർ ചേർന്നിട്ടുണ്ട്. അവിടെ ജോസഫ്, സുദീപ്, നിധീഷ്, മനു കൃഷ്‌ണൻ, അയ്യപ്പൻ, റിയാസ്, മാഡം പങ്കജം, മിസിസ് ദീപ, കാർത്തിക ടീച്ചർ, സനോജ്, മാധവ് ദാസ്, അങ്ങനെ അനവധി പ്രൊഫഷണൽ ആൾക്കാർ. ജോയിയും ജോയിൻ ചെയ്തു. രണ്ടു മിനിറ്റ് നേരത്തെ ഔപചാരികമായ പരിചയപ്പെടുത്തൽ കഴിഞ്ഞതോടെ വെർച്ച്വൽ വേദി ജോയി ഏറ്റെടുത്തു. 

"ബഹുമാന്യരായ സുഹൃത്തുക്കളേ, ഗുരു ജനങ്ങളേ, നിങ്ങൾക്കു വന്ദനം. ഞാൻ തരകൻ ജോയി. എന്റെ ഇന്നത്തെ സെഷൻ പൂർണമായും മലയാളത്തിൽ തന്നെ ആയിരിക്കും. സിമ്പിൾ ഭാഷയും വാക്കുകളും ആണ് ഞാൻ യൂസ് ചെയ്യുക, അതുകൊണ്ട്, മറ്റുള്ള ഭാഷക്കാർക്കും ഇത് അത്ര വിഷമമാവില്ല എന്നാണ് എന്റെ വിശ്വാസം. അഥവാ ഇനി നേരെ മറിച്ചാണെങ്കിൽ, ചോദിച്ചാൽ ഞാൻ ക്ലാരിഫൈ ചെയ്യാം.  

ഒരു മുഖവുരയൊന്നും വേണ്ടാത്ത വിഷയമാണ് ഇന്നുഞാൻ നിങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നത്. 

|| ആ മൂന്നു വാക്കുകൾ... അധികം താമസിക്കാതെ നിങ്ങളത് പറയണം || 

ഇതാണ് ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നത്. ഏതാണ് ആ മൂന്നു വാക്കുകൾ? അങ്ങനെ പറയുമ്പോൾ അതൊരു വാക്യമാകുമോ? എന്തിനെ കുറിച്ചാണാ മൂന്നു വാക്കുകൾ? ഇംഗ്ലീഷ് ആണോ അതോ വേറെ എന്തെങ്കിലും ഭാഷയാണോ? ഇതൊക്കെയാണല്ലോ നമ്മുടെ മനസ്സിൽ കയറി വരുന്ന സംശയങ്ങൾ. അത് സ്വാഭാവികം തന്നെ! ഒരു ക്ലൂ എന്ന നിലക്ക്, അത് വളരെ പ്രധാനപ്പെട്ട ഒരു ബന്ധത്തെ സംബന്ധിക്കുന്നതാണ് എന്ന് പറയാം. ഇപ്പോൾ നിങ്ങൾ എല്ലാവർക്കും ഏതാണ്ടൊക്കെ പിടി കിട്ടിക്കാണും. എല്ലാവരും ചാറ്റ് ബോക്സിൽ നിങ്ങൾ സങ്കല്പിച്ച ആ മൂന്നു വാക്കുകളുടെ സ്റ്റേറ്റ് മെൻറ്റ് എന്താണ് എന്ന് ടൈപ്പ് ചെയ്യുകയാണെങ്കിൽ സൂപ്പർ ആവും... പ്ളീസ് ഗോ അഹേഡ് ... സൂപ്പർ സോൾസ് !"  

ഇത്രയും പറഞ്ഞപ്പോഴേക്കും സെഷനിൽ ചേരാൻ വന്നവരൊക്കെ സന്നിഹിതരായിരുന്നു. ഏതാണ് നൂറോളം പേർ. പലരും തങ്ങളുടെ വീഡിയോ മോഡ് ഓഫ് ചെയ്ത് മാറിനിന്നു ആട്ടം കാണുകയാണ്. മറ്റുചിലർ എന്താണ് ഈ ഹ്യൂമൻ റിഫ്രഷർ പറയാൻ ഉദ്ദേശിക്കുന്നത് എന്ന ആകാംക്ഷയിൽ ശ്രദ്ധാപൂർവ്വം ചെവിയോർക്കുകയാണ്. ജോയിയുടെ സാധാരണ തോതിലുള്ള അവതരണവും മറ്റു ഉപായങ്ങളും എനിക്ക് പരിചയമായതിനാൽ തുടക്കത്തിലെ ഈ ഇൻട്രോ എന്നെ അത്ഭുതപ്പെടുത്തിയില്ല. ജോയി എപ്പോഴും ബന്ധങ്ങളുടെ കാവൽക്കാരനും കൂട്ടുകാരനും രക്ഷിതാവും ആരാധകനും ഒക്കെ ആണെന്ന് എനിക്കറിയാം. ബന്ധങ്ങളിലെ നൂലാമാലകളും അവിസ്മരണീയ മുഹൂർത്തങ്ങളും സങ്കീർണ്ണമായ പെരുമാറ്റങ്ങളും പൊട്ടിത്തെറികളും ആശ്വാസപ്രകടനങ്ങളും ചതി, വഞ്ചന, ഇത്യാദികളും എല്ലാം ജോയിക്ക് മണിക്കൂറുകളോളം സംസാരിക്കാനുള്ള വിഷയങ്ങളാണ്. പല സന്ദർഭങ്ങളിലും ഇത്തരം ചില സാഹചര്യങ്ങൾ ജോയിക്കും ഉണ്ടായിട്ടുണ്ടല്ലോ! മോട്ടിവേഷണൽ സ്‌പീക്കർക്കും ഡിമോട്ടിവേഷൻ ഉണ്ടായിട്ടുണ്ട് എന്നുസാരം. 

സെഷൻ സീരിയസ് ആയി എടുക്കുന്ന എല്ലാവരും ജോയിയുടെ ഇന്ററാക്റ്റീവ് റിക്വസ്റ്റ് നോട് നല്ലരീതിയിൽ പ്രതികരിച്ചു. പന്ത്രണ്ടു പേർ ചാറ്റ് ബോക്സിൽ ആൻസ്വർ ടൈപ്പ് ചെയ്തു. ഐ ലവ് യൂ, ഐ ലൈക് യൂ, മിസ്സിംഗ് യൂ ബാഡ്‌ലി... അങ്ങനെ പലതും. ഞാനും എന്റെ ചോയ്സ് ടൈപ്പ് ചെയ്തു. 

രണ്ടു മിനിറ്റിലെ ഈ ആക്ടിവിറ്റിക്ക് ശേഷം ജോയിയുടെ ശബ്ദം വീണ്ടും ഉയർന്നു.

"അപ്പ്രീഷിയേറ്റ് എവെരി വൺ! ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഇന്ററാക്റ്റീവ് ആണല്ലോ എല്ലാരും. എഴുപത് ശതമാനം പേരും ഒരേ അൻസ്വർ ആണ് തന്നിരിക്കുന്നത്. എന്റെ ദോസ്ത് മനു മസ്‌കറ്റ് ഒരു വ്യത്യസ്‌ത ഉത്തരം തന്നിട്ടുണ്ട്, ഐ താങ്ക് യൂ...അതിലേക്ക് നമുക്ക് പിന്നീട് വരാം. എന്നാലും ഭൂരിപക്ഷവും ഐ ലവ് യൂ എന്ന് തന്നെയാണ് എഴുതിയിട്ടുള്ളത്. ഈ വിശ്വത്തിൽ മൂന്നു വാക്കുള്ള വേറെ ഏത് സ്റ്റേറ്റ് മെൻറ്റ് ആണ് ഇതിനേക്കാൾ കൂടുതൽ ഉപയോഗിക്കുക? സത്യത്തിൽ ഇത് യൂണിവേഴ്സൽ ലവ് എന്നതിന്റെ ആപ്തവാക്യം എന്നൊക്കെ പറഞ്ഞൂടെ? 

ഐ ലവ് യൂ എന്നതിന്റെ റീച്ച് വളരെ വലുതാണ്. ഇംഗ്ലീഷ് പോപ്പുലർ അല്ലാത്ത സ്ഥലത്തുപോലും വളരെ സാധാരണമായി യൂസ് ചെയ്യുന്നത്. 

കാലവർണ്ണമതജാതിവിശ്വാസസങ്കൽപ്പവ്യത്യാസമില്ലാതെ ആരും എടുത്തു പ്രയോഗിക്കുന്ന ഒന്നാണല്ലോ അത്. ഏതു ബന്ധങ്ങളിലും സാധാരണയായി പോലും നമുക്കതിനെ യൂസ് ചെയ്യാം. കമിതാക്കളും വിവാഹിതരും കൂട്ടുകാരും ഒരു സംഘത്തിലുള്ളവരും അധ്യാപകനും ശിഷ്യനും മാതാപിതാക്കളും സഹോദരങ്ങളും നാട്ടുകാരും അങ്ങനെ ഇന്നത് എന്നൊന്നുവേണ്ട... എല്ലാ ബന്ധങ്ങളിലും ഊഷ്മളത വരുത്താൻ ഐ ലവ് യൂ എന്ന സ്റ്റേറ്റ് മെൻറ്റ് സഹായിക്കുന്നുണ്ട്. 

മേലെ പറഞ്ഞ ബന്ധങ്ങളിൽ ഞാൻ പറയാതെ ഇന്റെൻഷനൽ ആയിട്ട് വിട്ടുപോയൊരു ബന്ധം ഉണ്ട്. ആർക്കെങ്കിലും ഒന്ന് ഊഹിച്ചു പറയാമോ? എഗെയ്ൻ ഒന്ന് ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്യൂ...പ്ലീസ്!"  

ഇത്തവണ, റെസ്പോൺസ് കുറവായിരുന്നു. പലർക്കും ഏതാണാ ബന്ധം എന്ന് പെട്ടെന്നു മനസ്സിലായില്ലായിരിക്കാം. അല്ലെങ്കിൽ ഇന്ററാക്റ്റീവ് മൂഡ് കുറഞ്ഞു പോയതാവാം. അല്ലെങ്കിൽ അത് അവതാരകൻ തന്നെ പറയട്ടെ എന്ന് കാണികൾ പ്രതീക്ഷിക്കുന്നതാവാം. ഒരാളെഴുതി, ഈശ്വരനും ഭക്തനും എന്ന്. മറ്റൊരാൾ നേതാവും വോട്ടറും എന്നും. 

"ഇന്ററസ്റ്റിംഗ്... രണ്ടും ശരിയുമാണ്.. എന്നാൽ ഞാൻ പറയാൻ ഉദ്ദേശിച്ചത് നമുക്കൊക്കെ സുപരിചിതവും എന്നാൽ നമ്മൾ പലപ്പോഴും പറയാതെ പറഞ്ഞു പോകുന്നതും ആയ ഒരു ലളിതമായ എന്നാൽ ഒട്ടൊക്കെ സങ്കീർണ്ണമായ ഒരു ബന്ധത്തെ കുറിച്ചാണ്... ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ച്!

പലർക്കും സംശയം തോന്നിയേക്കാം എന്താണിപ്പോൾ ഇതിലിത്ര പുതുമ എന്നത്. ശരിയാണ് അത്രക്കു വലിയ പുതുമയൊന്നും ഇല്ലായിരിക്കാം. എന്നാൽ ആ പുതുമ എന്നുള്ള വാക്കുതന്നെയാണ് എനിക്ക് ആദ്യം പറയാനുള്ളത്. ഏതൊരു ബന്ധത്തിലും ഊഷ്മളതയും തന്മയത്വവും തുടർന്നുപോവാൻ നമ്മളെല്ലാം തന്നെ പുതുമകൾ പരീക്ഷിക്കാറുണ്ട്. അതിന്റെ ഉദാഹരണങ്ങളിലേക്കൊന്നും ഞാൻ പോവുന്നില്ല. എന്നാലും പെരുമാറ്റം, പുതിയ വിഷയങ്ങൾ, സമ്മാനങ്ങൾ, യാത്രകൾ അങ്ങനെ പല വിധത്തിലുള്ള പുതുമകളിലൂടെ ആണ് നമ്മൾ ആ ഇഷ്യൂ തരണം ചെയ്യുന്നത്. എന്നാൽ എത്ര അച്ഛനും മകനും ഇത് പരീക്ഷിക്കാറുണ്ട്? പലർക്കും നെറ്റി ചുളിയുന്നുണ്ടാവാം! എന്നാൽ എന്റെ തന്നെ ജീവിതത്തിൽനിന്നുമാണ് ഞാനിത് പറയുന്നത്. 

ഒന്നോ രണ്ടോ ഡെക്കെയ്ഡ്സ് കംപൈർ ചെയ്യുമ്പോൾ നമ്മുടെ ഈ മോഡേൺ സമയത്തു ഈ ബന്ധം തുലോം പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇവർക്കിടയിൽ അകലം നമുക്ക് കാണാം. ഏതാണ്ട് അറുപതു ശതമാനം ബന്ധങ്ങളിലും. എന്താണിതിങ്ങനെ എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?"

പെട്ടെന്ന് സൂം സെഷനിൽ പങ്കെടുക്കുന്നവർ എല്ലാം തന്നെ സ്വല്പം ആകാംക്ഷാഭരിതരായി. ഒരു പക്ഷെ അവരിൽ എല്ലാവരും ഇത്തരം ഒരു സിനാറിയോ പരിചയം ഉള്ളതുകൊണ്ടാവാം. അല്ലെങ്കിൽ അവരുടെ മനസ്സിൽ ഇപ്പറഞ്ഞ ബന്ധത്തിന്റെ ഏതെങ്കിലും ഒരു ഇമേജ് ഉണ്ടായിരിക്കാം. ജോയിയും കാണികളിൽ ഉണ്ടായ ഈ മാറ്റം ശ്രദ്ധിച്ചു എന്ന് തോന്നുന്നു. 

"സുഹൃത്തുക്കളെ... എന്തുകൊണ്ടായിരിക്കാം ഈയൊരു ബന്ധത്തിൽ പലപ്പോഴും വരുന്ന താളപ്പിഴകൾ? പൊതുവായി ഇതിനു ആറ് കാരണങ്ങൾ ആവാം:

1). അച്ഛനും മകനും തമ്മിലുള്ള യഥാർത്ഥ വൈകാരിക ബന്ധത്തിന്റെ അഥവാ അതിന്റെ ഊഷ്മളതയുടെ അഭാവം; എന്നാൽ സ്വന്തം മകളോട് ഈ കാര്യത്തിൽ മെച്ചപ്പെട്ടൊരു പ്രകടനം അച്ഛന് കാണിക്കാൻ കഴിയാറുണ്ട്. അപ്പോൾ ഇതൊരു ജൻഡർ ഇംബാലൻസ് ആയിട്ട് കരുതാം എന്ന് തോന്നുന്നു.

2). ശരിയായ ആശയവിനിമയത്തിന്റെ അഭാവം. പലപ്പോഴും പ്രായാധിക്യം, ജനറേഷൻ ഗ്യാപ് എന്നുള്ളതൊക്കെ ഇതിനു കാരണമാകുന്നു

3). ശാരീരികമോ മാനസികമോ ആയ ബാലപീഡനം, അതുമൂലം അച്ഛന്റെ വ്യക്തിത്വത്തിന്മേൽ മകനുള്ള അവജ്ഞ

4). പിതാവിൽ രക്ഷാകർതൃ സമർത്ഥതയുടെ കുറവ്. പേരെന്റിങ് എന്നത് ഒരു കലയാണല്ലോ. പലപ്പോഴും ഒരച്ഛൻ മകന്റെ കാര്യത്തിൽ തോറ്റുപോകുന്നു. ഈഗോ എന്നൊരു കാര്യവും ഇതിൽ ചിലപ്പോൾ ഘടകമാവാറുണ്ട്.

5). സ്വന്തം മകനെ വൈകാരികമായും ബുദ്ധിപരമായും സ്നേഹത്തിലൂടെ പരിപാലിക്കാനുള്ള വഴികൾ അറിയാതിരിക്കുന്ന അവസ്ഥ.

6). ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ കുറവും കൂടുതലും ബന്ധത്തിൽ അകലം വരുത്താൻ കാരണമാകാം. കൗമാരക്കാരായ ആൺകുട്ടികളിൽ ഇത് വളരെ പ്രധാനമാണ്. മകനിൽ നിന്ന് ഉത്ഭവിക്കുന്ന മിക്ക വഴക്കുകളും സ്വയം ഒരു മുതിർന്ന മനുഷ്യനാകാനുള്ള ത്വരയും സ്വാതന്ത്ര്യം സ്ഥാപിക്കാനുള്ള ചേഷ്ടകളും മകനിൽ വരുത്തുകയും അത് അച്ഛന് അരോചകമാവുകയും ചെയ്യുന്നു.

ഇങ്ങനെ നോക്കിക്കഴിഞ്ഞാൽ സാമൂഹികമായും മനഃശാസ്ത്രപരമായും സാമ്പത്തികമായും കുടുംബപരമായും അനവധി കാരണങ്ങൾ ഇനിയും നമുക്ക് കണ്ടെത്താനാകും. ഇവിടെ സമയ പരിമിതിയും ഒരു സ്പീച്ച്‌ എന്ന നിലക്കും നമുക്ക് ഇത്രയും ചർച്ച ചെയ്‌താൽ മതിയാകും. കുറച്ചു കൂടി ഇന്റെറെസ്റ്റിങ് ആവാൻ നമുക്ക് രണ്ടു ചെറിയ ഫിലിം വീഡിയോസ് യൂട്യൂബിൽ കാണാം. യുവാവും ശ്രദ്ധേയനും ആയ ശ്രീ ഫർഹാൻ അഖ്തറിന്റെ ആണ് രണ്ടും എന്നതും ഒരു പ്രത്യേകതയാണ്. ഒന്നാമത്തേത്, അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ദിൽ ചാഹ്താ ഹേ എന്നതിലേതാണ്. നമുക്ക് അതൊന്നു കണ്ടു നോക്കാം എന്നിട്ട് തിരിച്ചു വരാം." 

"ആമിർ ഖാൻ എന്ന അതുല്യ നടന്റെ വളരെ ഹൃദയസ്പർശിയായ ഒരു സീൻ ആണ് ഇതെന്നതിൽ യാതൊരു തർക്കവുമില്ലല്ലോ. ഇവിടെ ഒരു പ്രണയനൈരാശ്യത്തിലും ആത്മാർത്ഥ സുഹൃത്തുക്കളുടെ അകൽച്ചയിലും പിടയുന്ന മനസ്സുമായി വീട്ടുകാരിൽ നിന്നും നാട്ടിൽ നിന്നും അകന്നു ദൂരെ ജോലിയെടുത്തു തന്റെ സങ്കടം തീർക്കാൻ ശ്രമിക്കുന്ന ഒരു യുവാവിനെയാണ് നാം കാണുന്നത്. ഡിപ്രെഷന്റെ പാരമ്യത്തിൽ അവൻ സ്വയം മറന്നു കരഞ്ഞു പോകുന്നു. യാദൃശ്ചികമായി അവന്റെ അച്ഛന്റെ ഫോൺ വരുമ്പോൾ സ്വന്തം മനസ്സിന്റെ നീറ്റൽ അവൻ മറയ്ക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അച്ഛൻ അത് ഒരു നിമിഷം കൊണ്ട് മനസ്സിലാക്കുന്നു. മാത്രവുമല്ല, ആ നിമിഷം തന്നെ മകനോട് തിരികെ തന്റെ അടുത്തു വരാനും നിർദേശിക്കുന്നു. അഹമ്മദ് ഖാൻ എന്ന നടൻ ചെയ്ത അച്ഛന്റെ റോളും വളരെ നന്നായിട്ടുണ്ട് എന്നതിലും തർക്കമില്ല. ഇവിടെ ഒരു മകനെ സ്വന്തം കാലിൽ നില്ക്കാൻ സ്വാതന്ത്ര്യം കല്പിക്കുന്നതും അങ്ങനെ ഇരിക്കുമ്പോൾ മകന് ഉണ്ടാകുന്ന മാനസികസംഘർഷം വേണ്ടസമയത്തുതന്നെ വേണ്ടവിധം മനസ്സിലാക്കി അവനെ സപ്പോർട്ട് ചെയ്യുന്നതും ആയ കഴിവുറ്റ ഒരച്ഛനെയാണ് നാം കാണുന്നത്. അവർ തമ്മിലുള്ള ആശയവിനിമയവും ക്ലാരിറ്റി ഉള്ളതാണ്. മകൻ അച്ഛന്റെ ഉപദേശത്തെ ശിരസാ വഹിക്കുകയും ചെയ്യുന്നു, അതൊരു കോൺഫിഡൻസ് ആണ്. 

ഇനി നമുക്ക് ഫർഹാൻ അഖ്തറിന്റെ തന്നെ രണ്ടാമത്തെ ഫിലിമിലെ ഒരു ഹ്രസ്വമായ രംഗം വീക്ഷിക്കാം. അതും ഒരച്ഛനും മകനും തമ്മിൽ തന്നെയുള്ള സംഭാഷണമാണ്."


അതുല്യ നടന്മാരായ ബൊമൻ ഇറാനിയും ഹൃതിക് റോഷനും മറന്നഭിനയിച്ച ഒരു രംഗമാണിത്. ഭാരതത്തിന്റെ കാർഗിൽ യുദ്ധവിജയം അധികരിച്ചു 2004 ൽ റിലീസ് ആയ ഹിന്ദി ഫിലിം ആണ്, ലക്ഷ്യ. കരൺ എന്ന ബാലൻ ഒരു എയിം ലെസ്സ് കുട്ടി ആയിരുന്നു, ശുദ്ധ മടിയൻ. അച്ഛനാണെങ്കിലോ ജീവിതവിജയത്തിനുവേണ്ടി സ്വപ്നത്തിൽപോലും ഓരോ നിമിഷവും ജീവിക്കുന്ന മനുഷ്യൻ. സ്വാഭാവികമായും ഇവർ രണ്ടുപേരും ചേർന്നു പോയില്ല. പോരാത്തതിന് അമിത വാത്സല്യമേകുന്ന അമ്മയും. പയ്യൻ എപ്പോൾ വഷളായി എന്ന് മാത്രം ചോദിച്ചാൽ മതിയല്ലോ! എന്നാൽ ഇതിനു മുൻപത്തെ വീഡിയോ പോലെത്തന്നെ, യുവാവാകുന്ന കരണിന് ഒരു പെൺകുട്ടിയുടെ ഈഗോ യ്ക്ക് മുന്നിൽ തന്റെ വ്യക്തിത്വത്തിനുമേൽ വലിയൊരു പ്രഹരം ഏൽക്കുന്നു. അതിന്റെ ഫലമായി അവൻ ആർമിയിൽ ചേരുന്നു, അവിടത്തെ സാഹചര്യങ്ങളിലൂടെ ആ യുവാവിൽ അനിർവചനീയമായ സത്യത്തിന്റെ പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുന്നു. അതികഠിനമായ, തിരിച്ചുവരും എന്ന് യാതൊരു പ്രതീക്ഷയും ഇല്ലാത്ത അവസാന അറ്റാക്കിനു മുൻപുള്ള രാത്രിയിൽ കരൺ എന്ന യുവാവിന് വിളിച്ചു സംസാരിക്കാൻ വേറെയാരും ഉണ്ടായിരുന്നില്ല, അവൻ അവന്റെ അച്ഛനെയാണ് ഓർത്തത്. അവന്റെ തികച്ചും ബാലിശമായ പെരുമാറ്റങ്ങളിലെ തെറ്റുകൾ തിരിച്ചറിഞ്ഞ കരൺ അച്ഛനോട് സോറി പറഞ്ഞു, തന്റെ ഹൃദയത്തിലുള്ള ഐ ലവ് യൂ എന്ന ആ മൂന്നു വാക്കുകൾ അവൻ നിലക്കാത്ത ചുടുകണ്ണീരോടെ പറഞ്ഞൊപ്പിക്കുകയാണ്. തന്റെയും തെറ്റുകൾ മനസ്സിലാക്കി സ്വന്തം വേർതിരിവ് അറിഞ്ഞ മകന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കയും എന്നാൽ അതിനേക്കാൾ ഉപരിയായി അഭിമാനവും പേറുന്ന അച്ഛന്റെ രംഗം ബൊമൻ ഇറാനി എന്ന അതുല്യ നടൻ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഐ യാം പ്രൗഡ് ഓഫ് യൂ എന്ന് അദ്ദേഹം പറയുമ്പോൾ കരൺ പറയുന്ന ആ മൂന്നു വാക്കുകൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കും! 

താങ്ക് യൂ ഡാഡ് എന്നാണ് ആ മൂന്നു വാക്കുകൾ! നമ്മുടെ സെഷന്റെ തുടക്കത്തിൽ ആ മൂന്നു വാക്കുകൾ ഏതാണ് എന്നതിന് പലരും ഉത്തരം തന്നതിൽ, മനു മസ്‌കറ്റ് എഴുതിയ ഒന്ന് ഞാൻ മെൻഷൻ ചെയ്തിരുന്നു. അദ്ദേഹം എഴുതിയത്, ഐ താങ്ക് യൂ എന്നായിരുന്നു. അതെ! സുഹൃത്തുക്കളെ, നമ്മളിനുള്ളിലെ നന്മയും ഉണ്മയുമാണ് നന്ദിയായി പുറത്തുവരുന്നത്. നിങ്ങൾക്ക് പലപ്പോഴും അത്ഭുതം തോന്നിയേക്കാം. നന്ദി പറയാൻ പെടാപ്പാടുപെടുന്ന ആൾക്കാരെ കണ്ടിട്ട്! ഇതാണ് ഞാൻ പറയാൻ ഉദ്ദേശിച്ച ആ മൂന്നു വാക്കുകൾ: താങ്ക് യൂ ഡാഡ്! 

ആമിർ ഖാന്റെ വിഡിയോവിലും അദ്ദേഹം പറയാതെ പറയുന്ന സ്റ്റേറ്റ്മെന്റാണ് ഇത്. സ്വന്തം മനസ്സിന്റെ സംഘർഷം മനസ്സിലാക്കി തന്റെ അച്ഛൻ അടുത്തേക്ക് വിളിക്കുമ്പോൾ ആ മഹത്തായ സ്നേഹത്തിനു മുന്നിൽ തീർത്തും നിശബ്ദനായി പോകുന്ന ഒരു മകൻ അവന്റെ ആ വരണ്ട ഹൃദയത്തിൽ നന്ദിയല്ലാതെ വേറെയെന്താണ് നിറയ്ക്കുക? അഹംഭാവവും മുൻകോപം, മദ്യാസക്തി തുടങ്ങിയ സ്വഭാവങ്ങളും എല്ലാം മാറ്റിവെച്ചു നിർമ്മലവും സുതാര്യവുമായ സംഭാഷണത്തിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും മാത്രം കരുപ്പിടിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന ഒരു ബന്ധമാണ് അച്ഛനും മകനുമുള്ളത്.  

ഉപസംഹരിക്കുന്നതിനു മുൻപ് എന്റെ ജീവിതത്തിലെ ചെറുതും എന്നാൽ വളരെ പ്രധാനവും ആയ മൂന്നു സന്ദർഭങ്ങൾ ഞാൻ പറയാം. 2016 ജനുവരിയിൽ ഒരു വൈകുന്നേരം എന്റെ സുഹൃത്തും സഹപാഠിയും ആയ മനുവുമായി സംസാരിച്ചു പിരിഞ്ഞു ഞാൻ എന്റെ അപ്പാർട്മെന്റിൽ എത്തിയപ്പോൾ തികച്ചും ശൂന്യമായിരുന്നു എന്റെ മനസ്സും ബോധവും. എല്ലാമായിരുന്ന മമ്മിയുടെ വേർപാടും അതോടൊപ്പം ഡിവോഴ്‌സായ സാറായുടെ ഓർമ്മകളും സാറായുടെ ജീവിതത്തിലുണ്ടാകുന്ന ദുരിതങ്ങളും എല്ലാം എന്റെ സ്വബോധത്തെ തീർത്തും ബാലൻസ് തെറ്റിച്ചിരുന്നു. -- പക്ഷെ.. കഴുത്തിൽ സ്വയം ആ കുരുക്കിടുമ്പോഴോ, അല്ലെങ്കിൽ ബാല്കണിയിൽനിന്നും സ്വയം താഴേക്കു പതിക്കുന്നതിനു തൊട്ടുമുൻപോ... നമ്മുടെ ജീവിതത്തിൽ__ നിമിഷത്തിന്റെ നൂറിലൊരംശത്തിൽ... ഒരു മിറക്ക്ൾ  സംഭവിക്കും-- ഇതായിരുന്നു ഞാൻ അവസാനമായി മനുവിനോട് പറഞ്ഞത്. അന്ന് വീട്ടിലെത്തിയതും ബാൽക്കണിയിൽ പോയി താഴേക്ക് നോക്കുമ്പോൾ ആ പതിനാലു നിലയുടെ ഏതാണ്ട് 60 മീറ്റർ ദൂരമല്ലായിരുന്നു എന്റെ മനസ്സിൽ. എന്റെ കാലുകളും ബാൽക്കണിയുടെ അറ്റവും തമ്മിലുള്ള രണ്ടിഞ്ചുമാത്രം. എല്ലാം ഏതോ ഒരു ശക്തിയുടെ അഥവാ ശക്തിയില്ലായ്മയുടെ പ്രവണതയിൽ നടക്കുന്ന കാര്യങ്ങൾ. പെട്ടെന്നാണ് എന്റെ ലാൻഡ് ഫോണിന്റെ റിങ്ങ് ഞാൻ കേൾക്കുന്നത്. ശ്രദ്ധിച്ചില്ല. കുറെ അടിച്ചതിനു ശേഷം അത് നിന്നു. എന്റെ കാലും ബാൽക്കണിയുടെ അറ്റവും ഇപ്പോൾ ഒരിഞ്ച് അകലമേയുള്ളൂ. വീണ്ടും റിങ്ങ് ശബ്ദം. ഇപ്രാവശ്യം അകത്തേക്ക് പോയി ഞാൻ അറ്റൻഡ് ചെയ്തു.

സാറായാണ്, അങ്ങേയറ്റത്ത്. അവൾ നിലവിളിച്ചു കൊണ്ട് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അടുത്തുതന്നെ അവളുടെ പപ്പയും ഉണ്ടായിരുന്നു എന്നെനിക്ക് മനസ്സിലായി. അദ്ദേഹം അവളെ എന്തൊക്കെയോ പറഞ്ഞു സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 

അവരുടെ രണ്ടുപേരുടെയും മുറിഞ്ഞുപോകുന്ന വാക്കുകളെ ഞാനൊന്നു കൂട്ടിവെക്കാൻ ശ്രമിച്ചു. ഹസ്ബന്റിന്റെ ദാരുണ മരണത്തിനു ശേഷം തീർത്തും അവസ്മൃതിയിൽ ആണ്ടുപോയ സാറയ്ക്ക് പപ്പയുടെ സാമീപ്യം മാത്രമായിരുന്നു ഒരു പിടിവള്ളി. പപ്പാ ബ്രെഡ് വാങ്ങാനായി പുറത്തുപോയ തക്കത്തിൽ സാറാ അവളുടെ കഴുത്തിൽ കുരുക്കിടാൻ ശ്രമിക്കുകയായിരുന്നു. മൊബൈൽ ഫോൺ മറന്നു വെച്ചത് എടുക്കാനായി പപ്പാ വേഗം തിരിച്ചുവന്നതുകൊണ്ടുമാത്രം സാറാ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആ നിമിഷത്തിൽ ആണ് അവൾ എന്നെ വിളിച്ചിരിക്കുന്നത്. ജോയീ... പ്ലീസ് എന്നെ നീ നിന്റെയടുത്തേക്ക് കൊണ്ടുപോ... എനിക്കു നിന്റെ കാൽക്കൽ വീണു ക്ഷമ ചോദിക്കണം എന്നൊക്കെയാണ് സാറാ പുലമ്പുന്നത്. ഞാനും അതേ സമയത്തുതന്നെ ജീവിതത്തിലേക്കു മടങ്ങിവന്നതാണ് എന്ന് പറയാൻ ഞാൻ വീണ്ടും രണ്ടു മാസമെടുത്തു, ഞങ്ങൾ വീണ്ടും ജീവിതം പങ്കിടാൻ തുടങ്ങിയപ്പോൾ മാത്രം. ഇപ്പോൾ ഞങ്ങൾക്ക് മൂന്നുവയസ്സുള്ള ഒരു മോനുണ്ട്.. അച്ഛനും മകനും തമ്മിലുള്ള ഒരു നല്ല ബന്ധം ഞാനും സ്വപ്നം കാണാറുണ്ട്. സത്യത്തിൽ ഞങ്ങൾ രണ്ടുപേരും നന്ദി പറയേണ്ടത് സാറായുടെ പപ്പയോടല്ലേ! ഏതാണ്ട് ഒരേ സമയത്ത് തീരാൻ പോകുന്ന രണ്ടു ജീവനുകളെ വീണ്ടും ജീവിതത്തിൽ ഒന്നിക്കാൻ കാരണമായി വർത്തിച്ച പപ്പാ!

ജീവിതത്തിന്റെ തിരിച്ചറിവുകൾ അനുഭവിക്കാൻ ആരംഭിച്ച ഞാനും സാറായും പലപ്പോഴും ചില റീവൈൻഡിങ് നടത്താറുണ്ട്. സാറാ ഒരിക്കൽ ചോദിച്ചു, എന്താണ് ജോയിയുടെ പപ്പായെ കുറിച്ച് ഒന്നും പറയാത്തത്? അപ്പോൾ ഞാൻ പറഞ്ഞു: പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ. പതിനാലാമത്തെ വയസ്സിൽ എന്നെയും മമ്മിയെയും തനിച്ചാക്കി ഈ ലോകം വിട്ടുപോയ പപ്പാ. 

പുകവലിയെന്ന ദുഃശീലത്തിൽ നിന്നും മോചിതനാകാതെ പപ്പാ അവസാനം അർബുദം കാർന്നു തീർന്ന ശ്വാസകോശങ്ങളുമായി മൾട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയുടെ ഐ സി യൂ വിൽ എത്തി. അന്നൊരു ദിവസം മമ്മി എന്നോട് ഡോക്ടറുടെ ഒപ്പം ഐ സി യൂ വിലേക്കയച്ചു. ഞാനും പപ്പായും പരസ്പരം കുറെ നേരം നോക്കിനിന്നു. കുറേ നാളിനു ശേഷം കാണുമ്പോൾ ഓടി വന്നു കവിളിൽ ഒരുമ്മ തരുന്നതാണ്. ഇപ്പോൾ ജീവൻ രക്ഷാ ഉപകരണങ്ങളും അതിന്റെ വയറുകളും ഒക്കെകൂടി പപ്പായ്ക്ക് ഒന്നനങ്ങാൻ പോലും ആവുന്നില്ല. ക്ലിനിക്കൽ റെസ്ട്രിക്ഷൻ കാരണം എനിക്കും ഒന്നും മിണ്ടാനാവുന്നില്ല. നിശ്ശബ്ദത സാന്ദ്രീകരിച്ച ആ നിമിഷങ്ങളിൽ എന്റെ മനസ്സ് മന്ത്രിച്ചതെന്താവാം? ഓർമ്മയില്ല! മമ്മി പറഞ്ഞപോലെ പപ്പായുടെ കൈത്തലത്തിൽ ഒരു മുത്തം കൊടുത്തു, ഡോക്ടറുടെ കൈ പിടിച്ചു പുറത്തേക്ക് പോന്നു. വാതിൽക്കൽ നിന്ന് പപ്പായെ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ മുത്തം കൊടുത്ത കൈത്തലം ഉയർത്തി പപ്പാ യാത്ര പറയുന്നപോലെ പതിയെ വീശുന്നു. 

ഞാനും സാറായും ഒരു കാര്യം മനസ്സിലാക്കി. പപ്പായുടെ അസാന്നിധ്യം എന്റെ ജീവിതത്തെ പലതോതിലും സ്വാധീനിച്ചിട്ടുണ്ട്. മമ്മി എല്ലാറ്റിനും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു എങ്കിലും; വിരളമെങ്കിലും ചിലപ്പോളൊക്കെ കവിളിൽ തരുന്ന ഉമ്മയും തോളത്തു തട്ടലും തലയിൽ കൊട്ടുന്നതും എല്ലാം ഞാൻ മിസ് ചെയ്തിരുന്നു... ചെയ്യുന്നുണ്ട്! 

ഈ മൂന്ന് വാക്കുകളും കൊണ്ട് ഞാൻ ഉപസംഹരിക്കട്ടെ... എല്ലാവർക്കും നന്ദി!

മിസ് യൂ പപ്പാ !



Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ