ഗുരു സീരീസ് 7 | തത്ത്വമസി ~ Tattvamasi
തത്ത്വമസി
സാംഖ്യ സിദ്ധാന്ത തത്ത്വങ്ങൾ
അവതാരിക
അതെന്നൊരർത്ഥമൊന്നിനെ
ആദ്യകാരണസിദ്ധാന്തമാക്കിടാം
ഉണ്മതേടും മാനവികഭാവമിത്
നേരറിയാനുള്ള പന്ഥാവുമത്രെ ! (1)
ഇഹലോകത്തിൻ തത്വമറിവാനായ്
വേദപാഠങ്ങളാവിർഭാവിച്ചതുമഥ
സാംഖ്യയോഗന്യായവൈശേഷിക-
പൂർവ്വോത്തരമീമാംസകളായ് (2)
ഉള്ളിലുള്ള പരമഗുണത്തിനു
സത്വരജസ്തമോഭാവങ്ങളായ്
പ്രകൃതിയും പുരുഷനുമെന്ന
ദ്വന്ദ്വഭാവമേകി കപിലമുനിയും (3)
ഇരുപത്തഞ്ചു തത്വങ്ങൾ
ഋഷീവൃന്ദം തേടിയാസംഖ്യം
മോക്ഷമാർഗ്ഗങ്ങളിൽ നിരൂപിച്ചിടും
പ്രപഞ്ചാത്മാവായിതു പുരുഷനുടെ
സത്തുമഭേദ്യമാമന്തഃസാരവും (4)
എന്തിനുമേതിനുമാദ്യമായൊരു
പ്രമേയവസ്തുവാം പ്രകൃതിയുടെ
പരയുമപരയുമെന്ന ദ്വന്ദ്വഗുണവും
ശക്തിസഹജമാം തത്വമായിടുന്നു (5)
ഓജസ്സുണർത്തി ചേതനയേകിടും
ബോധത്തിൻ സത്തയായുടൻ
വിവേകബുദ്ധിയാം തത്വമിത്
സംയമനഭാവമുൾക്കൊണ്ടിടുന്നു (6)
അംബരമെന്നപോൽ പരന്നിടും
അഹംകാരമെന്നൊരു തത്വമിത്
അഷ്ടരാഗപ്രേരിതമാകുകിൽ
ത്രിഗുണസ്വഭാവമായി വന്നിടും (7)
അച്യുതമായുള്ളോരാത്മാവിൻ
ഇന്ദ്രിയസംയമനകർമ്മമിതുപേറി
മനസ്‌തത്വചിത്തയോഗാനന്തരം
അന്തഃകരണഭാവമാവിർഭവിച്ചിടും (8)
പഞ്ചജ്ഞാനേന്ദ്രിയങ്ങൾ
കണ്ണ്മൂക്ക്ചെവിനാക്ക്ത്വക്കെന്ന
ജ്ഞാനേന്ദ്രിയങ്ങളാമഞ്ചെണ്ണവും
വിശ്വഗ്രഹണകർമ്മങ്ങളായിവ
മനഃസാരഥിയുടെ ഹയമായിടുന്നു (9)
ഖമണിരശ്മീപരാവർത്തനം
ചക്ഷുതത്വമിതനാവരണം
നിറരൂപാനുഭവം മിഴികളാൽ
വിശ്വരൂപദർശനവരദാനവും (10)
ഗോചരമായൊരു നാദബ്രഹ്മം
ശ്രോത്രതത്വത്തിന്മൂലമാകവേ
ആദിനാദമോംകാരസരണിയിൽ
ശ്രവണകാരണകർണ്ണമിതത്ഭുതം (11)
ഘ്രാണതത്വമിതു സൂചനയായ്
കെട്ടതിനും കേടുവരാത്തതിനും
വായുശുദ്ധിഗ്രഹണമൂലമായ്
നാസികയേകും സ്‌മൃതിപുഷ്‌ടിയും (12)
ചുവയെന്നുള്ള ജ്ഞാനമൊന്നിനെ
ഗ്രാഹ്യമാക്കി സംവേദിക്കുവാൻ
രസനാതത്വമിതനന്യമായിടും
മധുരാമ്ലതിക്തലവണരസങ്ങളും (13)
ഛവിയാം മൃദുപടലത്തിലൂടെ
ത്വൿതത്വജ്ഞാനമാർജ്ജിക്കവേ
വിശ്വസമ്പർക്കഭാവമിതിലൂടെ
തൊട്ടറിയും നോവുമുത്തേജനവും (14)
പഞ്ചകർമ്മേന്ദ്രിയങ്ങൾ
ജനനചരണവചനഹസ്ത-
വിസർജ്ജന കർമ്മേന്ദ്രിയ
തത്വങ്ങളിവ പഞ്ചഭൂതത്തിന്
ഗോചരപാത്രങ്ങളായിടുന്നു (15)
ഝടിതി ഗ്രാഹ്യകർമ്മത്തിനായ്
പാണിതത്വമിത് ഗ്രഹിക്കുകിൽ
കരവും കർമ്മവും ധർമ്മവും
മനോഗതിതൻ ബോധദർപ്പണം (16)
ഞെകിഴിസ്വരം ചലനകൃതം
പാദതത്വത്തിൻ കർമ്മഫലം
വിശ്വസഹിതം ജീവിതഗമനം
സമയബന്ധിതമാം തത്വഫലം (17)
ഡമരുനാഥൻ തൻ ഭാവമാം
ഭൈരവന്റെ വമനകർമ്മവും
പായുതത്വം പരമഗൗരവതരം
സൃഷ്ടിസ്ഥിതിസമമായ ഭാവമാം (18)
താരതമ്യത്തിൽ ഭിന്നനിർണ്ണയം
മനുജദ്വന്ദ്വകർമ്മത്തിലാകവേ
ഉപസ്ഥതത്വം പ്രജനനാർത്ഥം
ശിവശ്ശക്തീയുക്തപരിപൂരകം (19)
പഞ്ചതന്മാത്രകൾ
ദർശനങ്ങളിൽ അനുഭൂതി
പഞ്ചമൂലപ്രമാണങ്ങളായ്
നാദസ്പർശരൂപരസഗന്ധ
ഭാവങ്ങളാം പഞ്ചതന്മാത്രകൾ (20)
ധ്വനീരൂപം പരയായ് പശ്യന്തീ-
മദ്ധ്യമാവൈഖരീഭാവങ്ങളിൽ
ശബ്ദതത്വം വ്യക്തമാകുകിൽ
മന്ത്രസ്പന്ദനം തന്നെ ബ്രഹ്മവും (21)
നിജമായുള്ള പരബ്രഹ്മജ്ഞാനം
സ്പർശതത്വം തൊട്ടറിയുകിൽ
വസ്തുവും അതിൻ ധാരണയും
ബോധമായ് ചിത്രവിതാനമായിടും (22)
പ്രകാശവർണ്ണപൂരിതം ഭൗതിക-
രൂപതത്വം സുസ്പഷ്ടതയേകവേ
അന്തർലീനമാം സഹജഗുണം
ദ്രവ്യോൾക്കാമ്പറിയിച്ചിടുന്നു (23)
ഫേനത്തിന്നനുരൂപമായ് ജല-
ഭാവതന്മാത്രകൾ രസതത്വ-
വീചിയിൽ ദ്രവ്യരുചിയും മനോ-
വികാരതരംഗഹേതുവുമായിടും (24)
ബദരിയ്ക്കു ഭേഷജമന്ത്രംപോൽ
ദ്രവ്യസത്തയ്ക്കു ഗന്ധതത്വവും
ഊഴിയും വായുവും യോഗമായിടും
പദാർത്ഥഗ്രാഹ്യവുമിതുതകുന്നു (25)
പഞ്ചമഹാഭൂതങ്ങൾ
ഭൂതങ്ങൾ പഞ്ചമഹാധാതുവാം
സർവ്വമനുഭൂതമാമംശങ്ങളായ്
പൃഥ്യ്പ്തേജോവായുരാകാശമാം
വിശ്വത്തിനുമാധാരഭൂതങ്ങൾ (26)
മനുജന്നുഗോചരമാം വായുവും
ശബ്ദഭാവവുമുൾക്കൊണ്ടിടും
ആകാശതത്വമീ പ്രപഞ്ചസർവ്വം
വ്യാപ്തമാമനന്തമീമഹാഭൂതം (27)
യാമലം പ്രാണനുമപാനനനും
പ്രത്യക്ഷജീവഹേതുഭൂതമായ്
വായുതത്വം ചലനാത്മഭാവമായ്
വന്നുപോകും ശ്വാസനിശ്വാസങ്ങളും (28)
രവിയായാകാശവും ദ്യുതിയായ്
അന്തരീക്ഷവും തീയായൂഴിയിലും
അഗ്നിതത്വഭാവമീ തേജസ്സാർന്ന
ദ്രവ്യരൂപവുമാകൃതിയുമേകുന്നു (29)
ലായകമഹാഭൂതമായ് ജലം
ദ്രാവകമഹാഭാവമാം പുണ്യാഹം
ആപസ്‌തത്വം തേജസ്സുമോജസ്സും
ആദിദ്രവ്യവുമാം കാരണജലം (30)
വരദയായ് ജീവലോകത്തിൻ
വസതിയായ് പൃഥ്‌വിതത്വമാം
ദ്രവ്യഘനഭാവമായ് ധരണി
സൃഷ്ടിസ്ഥിതിസംഹാരഭൂമിയായ് (31)
സമർപ്പണം
ശതപംക്തികൾ ഗ്രാഹ്യമാക്കുമോ
പഞ്ചവിംശതിഃ തത്വങ്ങളാകുന്ന
പ്രാപഞ്ചികരഹസ്യസത്യങ്ങൾ
സാന്ദ്രമാക്കും പ്രജ്ഞാനസരോവരം (32)
ഷഡാധാരങ്ങള്, ഇച്ഛാജ്ഞാന-
ക്രിയാശക്തിയോഗേ തത്വമസീ-
ഭാവത്തിലാകുവാൻ മനസ്സിൻ
ചക്രഗതി സുഷുമ്‌നാഗ്രമെത്തണം (33)
സാംഖ്യശാസ്ത്രം പ്രതിപാദിച്ചതത്വം
പ്രകൃതിയും പുരുഷനും അന്തർ-
ബാഹ്യകരണങ്ങളുമിന്ദ്രിയഭൂത-
മൂലകങ്ങളുമവയുടെ ബന്ധവും (34)
ഹരനും ഹരിയും അഹവുമൊന്നാ-
മെന്നുള്ള തത്ത്വമസീജ്ഞാനം വര-
മായ് ഗുരൂപദേശാമൃതമുര-
ചെയ്‍വാനുള്ള ഭാഗ്യമിതനുഗ്രഹം (35)
പദാവലി:
1. ഖമണി = സൂര്യൻ
2. ഘ്രാണം = മണം
3. ഛവി = ചർമ്മം
4. ഝടിതി = വേഗം
5. ഞെകിഴി = നൂപുരം
6. പായു = വിസർജ്ജ്യഗതി
7. ഉപസ്ഥം = ഗുഹ്യം
8. ഫേനം = ഉമിനീർ
9. ബദരി = ബ്രഹ്മി
10. ഭേഷജം = ഔഷധമന്ത്രം
11. യാമലം = ജോഡി
Pancha aksharangalil thudangi athu indhriyangalilekkum ,karmendhriyangalilude thanmathra koode manassilakkanum athinte pradhanyam manassilakki tharuvanum sahayicha manuvinu orupad adamsakalum prarthanayum thudarnnum ithram arivukalkkayi kathirikkunnu
ReplyDeleteNama Shivaya!
DeleteSamghya sasthra thathwam valet nannayi vivarichittund.congrats for itharam reserchinu
ReplyDeleteThanks a lot!
Delete