കവിത | മമദേശാംബവൃത്താന്തം
മമദേശാംബവൃത്താന്തം
കളമെഴുത്തു പാട്ടിലുണരുമെൻ
ദേവിതന്നുടെ ചൈതന്യഭാവമായ്
ഞാറ്റുവേലക്കിളികളുടെ പാട്ടിൻ
ഈണം ഏറ്റുപാടുമെൻ ഭൂസുരരും
കന്നും കൈക്കോട്ടും പാടും വിഷു-
പ്പക്ഷിയിനിയും പാറിവരും രാശിയായ്
തിങ്കളുദിച്ചിടും അർക്കൻ തന്നുടെ
ചക്രവാളം ചെറുകുന്നിൽ രചിക്കവേ
കണ്ടങ്ങൾ നോക്കെത്താദൂരത്തി-
തല്ലോ നീണ്ടുകിടക്കും ഞാറിനായ്
ചുവന്ന പട്ടുടുത്തരുളും ദേവിയുടെ
വരദാനമല്ലോ നെല്കതിരിൻ ഞെറികളും
കള്ളക്കർക്കിടകമാസപ്പഞ്ഞവും
പൊന്നിൻ ചിങ്ങമാസപ്പുലരിയായ്
ബലിമന്നന്റെ മക്കൾ മണ്ണിതിൽ
വിള കൊയ്യുന്നു ഹർഷപ്പൂവിളിയിൽ
കാവും കാവടിയും കമ്പക്കെട്ടും
സമൂഹസംജ്ഞതൻ പ്രകടനമായ്
വാഴും ഗണഗുണങ്ങൾ പോലവേ
ഉച്ചനീചത്തിൻ കൊടി പാറിടുന്നു
കടലമ്മ കനിഞ്ഞ സുദീർഘതീരവും
സഹ്യന്റെയുന്നത മേരുവൻകാടുമായ്
വസന്തകാലമിത് നിത്യം തുടരുവാൻ
പ്രകൃതിതൻ സത്ഗുണം കാത്തിടേണം
ക്രമവിശ്വാസമനവധിയൊരുമയിൽ വാഴും
ഒരുമയിൽ പെരുമയെന്നൊരു പൊരുളുമായ്
ശ്രീ നിന്നുവിളയാടി മാലോകരിൻ രക്ഷയും
അംബയീ ഭൂസ്വർഗ്ഗരാജ്യമാം പാരിതിൽ
Comments
Post a Comment