ഭക്തി | ജ്ഞാനേശ്വരി
അമ്മേ ഭുവനേശ്വരീ എൻ ജീവനിൽ
കാരുണ്യ കാരണീ കൈ തൊഴുന്നേൻ
ആലംബമറ്റവർക്കത്താണിയായെൻ
ചിത്തത്തിലഗ്നിയണയാതെ കാക്കേണമേ
ഇഹലോകവാസികൾക്കമ്മയായ് നിത്യം
തമസ്സകറ്റി നറുവെളിച്ചം പകർന്നിടും
ഈ ലോകവും മറുലോകവും പടച്ചതിൻ
പരലോകരൂപവും കൈ കൂപ്പി തൊഴുന്നേൻ
ഉമയായ് ലക്ഷ്മിയായ് വാഗ്‌ദേവിയായ്
ഖട്വാങ്ഗധാരിയായ് കാമേശമഹിഷിയായ്
ഊഴിയിൻ രക്ഷയായ് ശ്രീകരി ഭൈരവിയായ്
ഛന്ദസ്സിൻ സാരമായ് വിളങ്ങുമെന്നമ്മയായ്
ഋഷിഗണങ്ങളും ഇന്ദ്രാദിദേവരും വണങ്ങും
ഫാലസ്‌ഥയായ് ഹ്രീംകാരിയായ് വിളങ്ങും
എൻ അംബ വിശ്വമാകെയും സാന്ദ്രമായ്
ഗിരിജയാം ഗൗരീ രക്ഷിക്ക പാവമീ മക്കളെ
ഏകാകിനീ ഭാവം നിറയുമെൻ അമ്മതൻ
ജഗന്മാതരൂപദർശനം കിട്ടുകിൽ പുണ്യമാം
ഐക്യരൂപം കാമേശസഹിതം അരുളുകിൽ
ഡമരുനാദരൂപിണിയായ് മനസി വാഴണം
ഒന്നായ സത്യം പലവിധമുണ്ടെന്നബോധമിത്
ദയാകാംക്ഷികളാം ജനങ്ങളുടെയറിവിലായ്
ഓംകാരമെന്നൊരാദിനാദരൂപിണിയമ്മ
ബിന്ദുമണ്ഡലവാസിനിയായ് രമിച്ചിടേണം
ഔന്നത്യഭാവത്തിൽ ശ്രീവിദ്യയരുളിടാൻ
ഘനരൂപിണിയായ് പ്രജ്ഞാനഭാവമുടൻ
അംബികയായ് ഇച്ഛാജ്ഞാനക്രിയാശക്തികൾ
ധ്യാനധ്യാതൃധ്യേയരൂപയായ് പകർന്നിടേണം
ഹൃദ്യം
ReplyDeleteനന്ദി
DeleteBeyond imagination. Keep writing.
ReplyDeleteThanks a lot 🌹
Delete