കവിത | അവസ്‌മൃതി







കവിത
  |  അവസ്‌മൃതി

ഭണ്ഡാസുരമിത്രമാണിവൻ 

വിഷംഗനെന്നൊരു നാമധേയവും   

മന്ത്രിണ്യംബയാൽ ചാരമായവൻ  

നേടുന്നുജീവൻ ചിതാഭസ്മത്തിലും 


വിശുക്രാസുരനും മിത്രമായ് 

സുരമനസ്സിൽ ക്ലാവാകുന്നവൻ 

ചിദഗ്നിയെ കെടുത്തുവാനായ്‌  

പന്ഥാവിൻ വിഘ്നമാവുന്നവൻ 


പ്രസാദരിപുവാണിവൻ 

ആത്മാവിനും കാലനായ് 

ഹൃദയതാളം പിളർക്കുന്നവൻ  

കരുണയ്ക്കുമന്തകനായ് 


ഇരകളെ കാർന്നു തിന്നുന്നവൻ 

ചിരികളെ പാടേ മായ്ക്കുന്നവൻ 

വിസ്‌മൃതിയാൽ മനം തളർത്തുവാൻ  

സ്മിതമാർന്ന നേരം ഹരിക്കുന്നവൻ 


മുറിവുകൾ ഒളിക്കുവാൻ  

പീഡകൾ ഗോപ്യമാക്കാൻ   

കണ്ണുനീർ ജീർണ്ണിച്ചിടാൻ  

കരളിനെ വെണ്ണീറാക്കിടും 


നെഞ്ചകം കാഞ്ഞിടും  

ചർമ്മമോ വെന്തിടും  

ചിരി പേറും പാപക്കറയും  

മനമടിമയായ് ദുർഗത്തിലും  


പൊളിഞ്ഞുവീഴും നുണകളും   

കുനിഞ്ഞുപോകും പൊയ്മുഖവും 

വീണുതകരും മാനവും മോഹവും 

തുണതേടിയിര ദീനമായ് കേണിടും 


തുണയായംബ വന്നീടുകിൽ 

ചിദഗ്നികുണ്ഡം ജ്വലിച്ചിടും  

പ്രേമപ്രഭാപൂരം തെളിഞ്ഞിടും 

അതിജീവനസഞ്ജീവനിയായ് 


ചിത്തത്തിലഗ്നി തിരിതെളിഞ്ഞീടുവാൻ  

ഉന്നമനമനനം ഉരുവിടേണമനവരതം  

ബുദ്ധിയിലരുണോദയം ദർശിക്കുകിൽ 

ആദിത്യരശ്മികൾ മറയാതെ കാക്കണം 

Comments

Post a Comment

Popular posts from this blog

Jnana Karma Sannyasa Yogam | Conclusion

കഥ | സമാധാനപാലകന്‍

ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം