കവിത | വഴിവിളക്ക്
കവിത |
വഴിവിളക്ക്
സാക്ഷിയോ നീയെൻ പന്ഥാവിനേകും മോക്ഷമോ
പക്ഷിഗണം വൃക്ഷക്കൂടുകൾ തേടുമീയാമത്തിങ്കൽ
സാക്ഷയാലെൻ മനസ്സിതിൻ തുറക്കാ മിഥ്യയോ
പുഷ്യരാഗകാംക്ഷിയാമെൻ മനമേകും ശിക്ഷയോ
അരുണാഭമങ്ങുമീ സായംസന്ധ്യയിൻ സാക്ഷി നീ
ശ്യാമരജനിതൻസാക്ഷിയാം ധ്രുവനുദിച്ചുവല്ലോ
അന്തഃകരണശുദ്ധി തേടിയലഞ്ഞിടുന്നു ഭൂവിതിൽ
ശ്യാമവർണ്ണവിരാട് രൂപനെൻ മനസി വിളങ്ങിടേണം
താരകോടിഗണം ചിതറും ശ്യാമവിശ്വചികുരത്തിൽ
മിന്നാമിനുങ്ങായ് നിൻ പ്രകാശബിന്ദു വിളങ്ങവേ
തായ്തൻ വിശ്വരൂപജഗത്ഭാവമെൻ രക്ഷയായീടുമോ
തത്വമസി വിടരുമോ സഹസ്രദളപത്മബോധമിതിൽ
പ്രത്യാശയാം പുതുനാമ്പു തേടുവർക്കത്താണി നീ
അവരുടെയതിജീവനയുദ്ധത്തിൽ വഴികാട്ടിയായ്
പ്രജ്ഞാനമേകുമൊരുഗുരുവായ് ദർശനമേകിടും
അണയാതെയിരുട്ടിനെയകറ്റിയനുഗ്രഹമായി നീ
മതിമറന്നുപൊങ്ങും സാഗരത്തിരമാല സാക്ഷിയായ്
വിളക്കുമാടം നീ തീരത്തു നിലയുറപ്പിച്ചുനിൽക്കുന്നു
മഹാനൗക നിൻതീരത്തേപ്പുല്കി രക്ഷ തേടുകിൽ
വിരുന്നേകിടും നീ മഹാദീപസ്തംഭമേ കൈതൊഴാം
ഈയാംപാറ്റകളനേകം നിൻസവിധം ശരണം തേടവേ
നിമിഷനേരമൊടുങ്ങുമാത്മാക്കൾതൻ സാക്ഷി നീ
ഇഹലോകതത്വമുയരും നേരവും നീ സാക്ഷിയായ്
നിന്നുടെ മാറാ ഭാവനില ദർശനവും പുണ്യമാം
മാർഗ്ഗദർശിയെന്നുള്ളനിൻ പ്രഥമകർമ്മഭാവവും
അർക്കശോഭയുദിക്കുവോളം ജീവദർശനമേകിടും
മൂവന്തിതുടങ്ങിയരുണോദയം വരെ നീളുന്ന നിൻ
അയനമാം സമയരഥഗതിതൻ തെളിച്ചമേ വന്ദനം
a beautiful tribute to the lord!
ReplyDeleteThanks a lot
Delete