കവിത | തപനായണം
തപനായണം
അർക്കനസ്തമിക്കുന്നരുണാഭ കാണുവാൻ
ഉൾക്കടലിൻതീരത്തുഞാൻ ഉലാത്തവേ
ആത്മാവിൻസ്വാതന്ത്ര്യത്തേടലോ അതോ
ഊഴിയിൻപാതിഭാഗം തേടും സൂര്യപ്രയാണമോ
സ്നേഹസമത്വഭാവമുൾക്കൊള്ളുമാദിത്യൻ
കിഴക്കുദിക്കുമോരരുണോദയനിമിഷംമുതൽ
സ്നിഗ്ദ്ധമാംവിരുന്നുസൽക്കാരവേളപോൽ
കാലത്തിനതീതമാംഭാഷ സംവേദിക്കുമീഭൂമിയും
ചെന്താമരവിടർന്നപോലുള്ളുദയഭാനു ശോഭയും
ശക്തിശാശ്വതത്വം വിളിച്ചോതും ഉച്ചവെയിൽവീര്യവും
ചാരുചൈതന്യപ്രഭവിതറും പത്മരാഗസന്ധ്യാഭയും
ശാന്തിസ്വർഗ്ഗംഗാപ്രവാഹം ഈ ലോകാനുസരതത്വവും
തപനസഞ്ചാരം തുടരുന്നൊരാവേളയിൽസകലം
വെയിലും മഴയും മഞ്ഞും കാറ്റും മറ്റുഭൂതാദികളും
തപസ്യയെന്നപോൽ ഭൂവിതിൻ രക്ഷകനായിവാഴുന്നതാം
വിഘ്‌നമില്ലാതൊരിടവേളയുമില്ലാതെയും ദിവാകരൻ
ശ്യാമയാമരാജനുദിക്കുന്നതും സൂര്യാനുഗ്രഹമിഹ
ചന്ദ്രികയെന്നൊരാപ്രകാശപൂരവും മറ്റൊന്നല്ലെന്നതാം
ശൈത്യവും ശിശിരവും വസന്തവും വേനലും കാല-
ചക്രത്തിന്നാരക്കല്ലുകളാണെന്നറിയുക നാമെല്ലാവരും
സുരാസുരലോകത്തിൻ നേരും നെറികേടുമെല്ലാം
ഒരു സാക്ഷിയായെന്നും കാണാനും കേൾക്കുവാനും
സന്താപനാശകനായറിവേകും സംസാരഗുരുമനുതാതൻ
ഓംകാരമെന്നൊരു ബ്രഹ്മപദമുറവിടമായ് വിളങ്ങിടുന്നു
ഊഴിയിൽ ജീവനും പഞ്ചതന്മാത്രയും കാലഭേദങ്ങളും
അനാദി രചിക്കലും പരിപാലിക്കലും ഹരിക്കലും
ഊർജ്ജദാതാവാദിത്യദേവനുടെ കർമ്മമെന്നറിയുകിൽ
ആദിത്യഹൃദയമന്ത്രമുരുവിടുക നിത്യമുദയത്തിങ്കൽ
Comments
Post a Comment