കവിത | 2020 ••• എന്തൊക്കെ ആയിരുന്നു !
2020 ••• എന്തൊക്കെ ആയിരുന്നു!
ഇരുപതിരുപതെന്നൊരാശയത്തെയിന്നലെ
പുനസ്സംപുടീകരിച്ചൊരെൻ മനസ്സിലായ്
പുതുവത്സരക്കമ്പക്കെട്ടിൻ പ്രകമ്പനം
പഞ്ചതന്മാത്രകളും സ്ഫുടീകരിക്കവേ
സാമാന്യഗുണിതമാണതെൻ വത്സാ-
ഇരുപതിരുപതായാലോ നാനൂറായിടും
ഗണിതശാസ്ത്രം ശിരസ്സിലേറ്റിയെൻ മിത്രമോ
നർമ്മജ്ഞമകുടമേന്തിയൊരാഭാവനിലയിൽ
പിഴതിരുത്താധാരം കണക്കേ വന്നുവല്ലോ-
ആത്മീയവാദിമിത്രമോതിയുടൻ തത്വദർശനം
ഇരുപതിരുപതെന്നൊരു വർഷകാലനാമമാത്രം
വർഷവും നടമാടിടും സാർവ്വലൗകീകകാലഗതിയത്രെ!
വെറും ഗുണിതമോ അതോ കാലപ്രവാഹമോ
ചിത്തമെൻ ചിന്തയേ ചീന്തുകളായ് വിതറിയുടൻ
കേവലമൊരു സംഖ്യയോ ഭാവനിലമാറ്റമോ
പൂർവ്വവൃത്താന്തവിശകലനാത്മകമായൊരെൻ ബോധവും
സ്‌ഥിരമായുള്ളോരാശംസാപ്രവാഹം ഒഴുകിയിരുന്നന്നുമിഹ
ജനവരിയും ഫെബ്രുവരിയും കടന്നുപോയിയുടൻതന്നെയും
ഇടയ്ക്കുയർന്നോരോ ചീനവർത്തമാനങ്ങളും
പുത്തൻ മഹാമാരിയുത്ഭവിച്ചൊരു വുഹാൻ നഗരവും
വേനലും വിഷുക്കിളിയും ആഗതമാകുന്നൊരാ വേളയിൽ
ശാസന വന്നുചേർന്നീല്ലയോ വാതിൽ കവാടം ഭദ്രമാക്കീടുവാൻ
വേനലിൻ അത്യുഷ്ണവെയിലിൽ വാടിയെൻ
സാമൂഹ്യചിത്തവും മനുജരാശിയൊന്നാകെയും
അനന്യമായുള്ളോരാ മാർഗ്ഗനിർദ്ദേശങ്ങളും
പൊയ്മുഖങ്ങൾക്കുമേൽ മുഖാവരണങ്ങളും
സഞ്ചാരോദ്യമങ്ങളും ക്ലിപ്‌തമാക്കപ്പെട്ടതും
കൂലി കൊടുക്കലും കിട്ടലും കഠിനതരമാകവേ
മരണസാംഖ്യികം ഊഹവാണിജ്യം കണക്കെയും
അതിജീവനഭീതിയിൽ സമൂഹജീവി സ്തംഭിക്കവേ
വിഷുക്കണിയും വേനൽമഴയുമിടവപ്പാതിയിലും
വിഭിന്നമാമൊരു സാമാന്യതയുത്ഭവിച്ചിതല്ലോ
പ്രത്യുത! സർപ്പദർശവും വൈദ്യുതാഘാതവും
ദുരഭിമാനഹനനവും കടലിലെറിഞ്ഞുതള്ളിയും
ഉത്രയും വിയാനും മുഹമ്മദും മിഥിലാജൂം
ഷമീറും ശാഖയും മഹാമാരിയാലല്ല കൊഴിഞ്ഞുവീണതും
എന്നിരിക്കിലും പ്രത്യാശയുണരുമീയൂഴിപരക്കേ
വിശ്വംബതൻ പഞ്ചതന്മാത്രകളിരിക്കിതല്ലോ
മനുഷ്യഗണത്തെ, അഷ്ടദിക്പാലകർ പോലവേ
ഭൈരവൻ കാക്കുമോ ഇനിയുമീ രാമാനുജരേഖനടുവിൽ
Comments
Post a Comment