കവിത | ഭൂമിയോടുള്ള പ്രണയഗീതം

ഭൂമിയോടുള്ള പ്രണയഗീതം   

സാഗരമന്ദമാരുതമന്ദഹാസവീചിതൻ

പ്രണയസ്പർശമേറ്റനിന്നളകങ്ങളിലൂടെ      

വിറയാർന്നവിരലുകളാലെൻസ്പർശമോടെ

അനുഭൂതിനിറവിൻ നിശ്വാസമേകി  


മലനിരകൾതൻ നിമ്നോന്നതങ്ങളിൽ 

മാരുതശക്തിയലയടിച്ചുയരവേ 

മേഘപാളികകളിൽ ഘനീഭവിക്കുമാ 

ജീവജലകണങ്ങളെ മാരിയായ് വർഷിപ്പാൻ 



മർത്യകൃതഞാറ്റുവേലപ്പേമാരിയായ് മാറവേ      

പ്രളയകൃതദുരിതപർവ്വപ്പാതാളച്ചുഴികളിൽ   

ജീവഗണാസ്തിത്വഭാവം ധർമ്മച്യുതിയിലാഴവേ 

ജനനമരണചക്രങ്ങളും പൊടുന്നനെ നിന്നിടാം 


കള്ളവും ചതിയുമില്ലെന്നൊരാവാചികയോതും 

ഓണപുഷ്‌പാലംകൃതമാതേരുകൾ വിളങ്ങും 

മമധരണിമാതാവിൻ വസന്തകാലപ്പെരുമകൾ 

എത്രകാലമിനിയും നാവോറുപാടാനുണ്ടാവുമാവോ !



മാനം നിറയെ ക്ഷണദ്യുത്യാലംകൃതമാകവേ 

ശ്യാമവർണ്ണമേഘവനം തുലാവർഷം പൊഴിക്കുകിൽ 

ശിശിരകാലതുഷാരകണങ്ങൾ പുൽക്കൊടിത്തുമ്പിലായ്   

അയുധം വൈഡൂര്യപ്രഭാപൂരം തീർത്തിടുമംബയപ്പോൾ 


ശൈത്യകാലഹിമരേണുധൂമികാലയങ്ങൾ  

ഹിമവല്‍ ജീവജലസ്രോതസ്സുകൾ മെനയവേ 

ദ്വന്ദ്വഭാവപ്രകൃതിതൻ ഘോരഭാവഋതുഭേദങ്ങളിൽ   

മമജനനിതൻ തന്മയീഭാവമാർന്നിടുന്നു 


മണ്ണിലെയസംഖ്യമാം താരപുഷ്പസാഗരം  

ചരാചരങ്ങളിലടങ്ങുമാം ബ്രഹ്മവും തത്വവും 

പ്രപഞ്ചമാം ഗൂഢാർത്ഥകഥയിലേയനുഗ്രഹം  

ഈശ്വരീസദാശിവതത്ത്വമുരുവിടുന്നു 


ഭാനുരശ്മിരാജികൾ തീക്ഷ്ണമായ് പെയ്യവേ 

ജീവജലബാഷ്‌പവും അവാസ്തവികമാകവേ 

പുറന്തോടുപൊട്ടി, അംബാംബരം കീറവേ 

ആത്മരോദനമുയർന്നീടും  മക്കളാം നമുക്കും 


അമ്മയുടെ സമ്പത്ത് കവർന്നീടുമെങ്കിലോ 

ഭൂവിഭവഖനികൾ മുച്ചൂടും മുടിക്കിലോ 

ഭണ്ഡാസുരവധപ്രകാരം അംബികാംബ പിന്നെയും 

ചക്രായുധാരൂഢയായ്‌ അവതരിക്കുമെന്നോർക്ക നാം 


വിത്തും കൈക്കോട്ടും പാടിവരും പക്ഷി നീ 

ശാന്തിമന്ത്രവും തത്വമസിയും കിളിപ്പാട്ടാക്കീടുക    

അധർമ്മം തലപൊക്കുമീ സംസാരസാഗരം 

പാറിപ്പാറിനടന്നു നീ ശാന്തിദൂതുപോവുക 



ഞാറ്റുവേലയും കടൽവായുവും യോഗമായ് വരികയാല്‍ 

വീണ്ടുമൊരു വിരിപ്പും മുണ്ടകനും കൊയ്യുവാൻ 

ധരണിതൻ ദേശാടനം ധാരയായ് തുടരവേ 

പ്രണയാനുഭൂതി മക്കളിൽ അമ്മയ്ക്കായ് നിറയണം 

Comments

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം