കവിത | മുത്തുച്ചിപ്പി
മുത്തുച്ചിപ്പി
ശ്യാമഗഗനവിതാനമായ് താരങ്ങളും
വസന്തഭൂവാലങ്കാരമായ് പൂക്കളും
അഗാധമായൊരാഴിതൻ നിഗൂഢഭാവമായ്
പരമതത്വം പേറും ശുക്തിഗണങ്ങളും
സ്വർഗ്ഗവീഥിയിൽ ദീപാലങ്കാരവും
ഭൂവിണ്ണിൽ മേഘരാജിയും പോലവേ
ലവണജലമഹാതടാകം തന്നാഴങ്ങളിൽ
കൂട്ടമായ് രമിച്ചീടുമീച്ചെറുജലജീവനങ്ങൾ
നവജാതശിശുവിൻ കരച്ചിൽ കേൾക്കവേ
കുളിരുകോരുന്നൊരാ മാതൃവാത്സല്ല്യഭാവവും
വിടരുമാമാനന്ദവും ഹർഷാതിരേകവും
നവമാസച്ചിപ്പിയിൻ പാടനീക്കി വന്നിടും
അമലാമൂല്യഘനമേഘത്തുള്ളിയെ
ആത്മസ്വാംശീകരിക്കും ശുക്തിസന്ദോഹവും
ജീവധർമ്മം പകർന്നപോൽ വൃഷ്ടിമേഘങ്ങളും
പാറിപ്പറന്നുപോം ചക്രവാതത്തള്ളലിൽ
ആത്മരക്ഷാസ്രവം പാളികളാകുകിൽ
നിർമ്മലമൗക്തികമാവിർഭവിച്ചിടുന്നു
നിഗമാഗമസമൂഹം ഭാവനിറവിൽ
ജ്ഞാനധർമ്മം നിറവേറ്റിടുമ്പോൾ
പുണ്യമാം ഒറ്റമഴത്തുള്ളിയിൻ
മുത്തായവതരിക്കും സരസ്വതീദേവിയും
ശ്രുതികൾ സീമന്തസിന്ദൂരം ചാർത്തിടും
പ്രപഞ്ചാംബശക്തിയിൻ പാദാബ്ജധൂളിയിൽ
മായാസൃഷ്ടിയാം പളുങ്കുമണിമുത്തെങ്കിലോ
ജ്ഞാനാംബതന്നുടെ മൂക്കുത്തിമാത്രമാം
നന്നായി
ReplyDeleteനന്ദി, പ്രസാദ് ♥️
Deleteമനോഹരം
ReplyDeleteനന്ദി, രഞ്ജിനീ ❣
Delete