കവിത | പവിഴമല്ലിപ്പൂക്കൾ

പവിഴമല്ലിപ്പൂക്കൾ


  



ശ്യാമാംബരം മേൽക്കൂര കെട്ടിയെൻ 

വിശാലമാനസ വീഥിയിലെപ്പഴും  

വിടർന്നു ചിരിക്കും പവിഴമല്ലിപ്പൂക്കളിൻ   

സുഗന്ധപൂരിതമാകണമന്തരംഗം

 

ആയിരം പൊൻതാരകങ്ങൾ 

തെളിയുമാ ശ്യാമരാജിയിൽ 

പ്രതീക്ഷതൻ പൊൻവെട്ടമായ് 

തെളിയും മിന്നാമിനുങ്ങുകൾ 


കൈതക്കാടും തെങ്ങിൻ തലപ്പും 

മൂവാണ്ടനും കാഞ്ഞിരമരവും 

തെന്നലേറ്റുറങ്ങുന്നൊരു പൂമരവും 

യാമം നിശ്ചലമാണെന്നോതിടുന്നു 


ശിശിരം വന്ന് വിളിച്ചോതും പരക്കെ 

തുഷാരബിന്ദുവിൻ കണങ്ങളെങ്ങും 

പവിഴമല്ലിപ്പൂവിൻ കവിളിലും തെളിയുമാ  

കുളിരാർന്നോരുണർവ്വിൻ രാത്രിശോഭ 


 

തുഷാരരേണുവിൻ ഘനം പേറും പൂവിതൾ 

 ജീവചൈതന്യധർമ്മത്തിൻ മൂലമായ്‌ 

 ഭാനുവിൻ അരുണരശ്മിപ്രവാഹം കാക്കവേ 

 പവിഴമല്ലിപ്പൂക്കളും ക്ഷണം കൊഴിഞ്ഞിടും 


 പൂവിനെ മോഹിച്ച മിന്നാമിനുങ്ങുകൾ 

 വശ്യസുഗന്ധമാവോളം നുകരുകിൽ  

 അഗ്നിപ്പൊട്ടുകൾ മറയ്ക്കുമാ താളുകൾ 

 മണ്ണിൻ പ്രഭാതാരങ്ങളെ ഗോപ്യമാക്കുന്നുവോ

 

അടയിരിക്കുന്നൊരാ അമ്മക്കുരുവിയും 

പവിഴമല്ലിമേൽ കുഞ്ഞുകൂടിന്നുള്ളിലായ് 

പുറന്തോടു പൊട്ടും ക്ഷണികനിമിഷത്തിങ്കൽ 

ചിറകടിച്ചുയരും സ്വധർമ്മം പാലിച്ചിടാൻ  


ഉദയഭാനുതൻ അരുണരശ്മികൾ 

അംബരാന്തം പിന്നണിയേകവേ 

മുല്ലയും ചെത്തിയും ജമന്തിയുമുണരവേ 

പാരിജാതം ധരണിമേൽ ശമിച്ചിടും 


ജാഗരിണിയാം വിശ്വരൂപഭാവവും

ജഗത്തെന്ന സ്ഥൂലരൂപഭാവവും 

പുത്തനാം പൂക്കളാൽ അർച്ചിതരാവുകിൽ 

പ്രജ്ഞാനതത്വമേകും പാരിജാതപ്പൂക്കളും


സർവ്വലോകം കൺ‌തുറന്നു പായുകിൽ 

നിത്യകർമ്മമോ തുരീയഭാവത്തിൽ 

പാരിജാതച്ചെറുമുല്ലമൊട്ടുകൾ 

സായന്തനപ്രഭാപൂരം കാത്തിരിപ്പൂ 




Comments

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ