ഭക്തി | മഹാ ഭൈരവൻ

മഹാ കാല ഭൈരവൻ - 

മഹാദേവന്റെ ഇരുണ്ടതും ഭയാനകവുമായ ഭാവം 

ഹിന്ദു ദൈവങ്ങളുടെ ത്രിമൂർത്തീഭാവം, അതായത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിങ്ങനെ യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉന്മൂലനം എന്ന ഭാവത്തിൽ, ശിവന്റെ കടുത്ത ആവിർഭാവസങ്കല്പമാണ് ഭൈരവൻ. പുരാതന ഹിന്ദുമത ഇതിഹാസങ്ങളിൽ നിന്ന് ഉത്ഭവിച്ച ഭൈരവസങ്കല്പത്തെ, ഹിന്ദുക്കളും ജൈനരും ബുദ്ധമതക്കാരും ഒരുപോലെ ബഹുമാനിക്കുന്നു. ഇന്ത്യയിലും നേപ്പാളിലും ഉടനീളം ഭൈരവനെ ആരാധിച്ചുവരുന്നു.

ശിവന്റെ അലഞ്ഞുതിരിയുന്ന രൂപമാണ് ഭൈരവൻ എന്നാണ് വിശ്വാസം. ആകെ 64 ഭൈരവരുണ്ട്. ഈ ഭൈരവന്മാർ എട്ട് വിഭാഗങ്ങളിൽ പെടുന്നു. ഈ വിഭാഗങ്ങളിൽ ഓരോന്നിനും നേതൃത്വം നൽകുന്നത് ആ പ്രത്യേക വിഭാഗത്തിലെ ഒരു പ്രധാന ഭൈരവനാണ്. അങ്ങനെയുള്ള നേതൃ ഭൈരവന്മാരെ അഷ്ടാംഗ ഭൈരവന്മാർ എന്നാണ് വിളിക്കുന്നത്. പ്രപഞ്ചത്തിന്റെ എട്ട് ദിശകളെ കാത്തുസൂക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഈ ഭാവങ്ങൾ ഇപ്രകാരമാണ്:

1 അസിതാംഗ ഭൈരവൻ {സർഗ്ഗശക്തി വർധകനായ  ഭൈരവൻ - ജീവിതത്തിലെ ശാപങ്ങൾ നീക്കം ചെയ്യുകയും സൃഷ്ടിപരമായ കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു}

2 രുരു ഭൈരവൻ {രാജകീയ പ്രീതി ആകർഷിക്കുന്ന ഭൈരവൻ - ശത്രുക്കളെ ജയിക്കാൻ സഹായിക്കുകയും മറ്റുള്ളവരെ ആകർഷിക്കാനും ഭരിക്കാനുമുള്ള ശക്തി നൽകുന്നു}

3 ചണ്ഡ ഭൈരവൻ {ആത്മവിശ്വാസം, വിജയം, ബഹുഗുണ ശക്തികൾ എന്നിവ പ്രദാനം ചെയ്യുന്ന ഭൈരവൻ - ആത്മവിശ്വാസ നില മെച്ചപ്പെടുത്തുകയും മത്സരങ്ങളിൽ വൻ വിജയം നൽകുകയും ചെയ്യുന്നു}

4 ക്രോധ ഭൈരവൻ {സൃഷ്ടിപരമായ ശ്രമങ്ങളിലെ തടസ്സങ്ങൾ നീക്കുന്ന ഭൈരവൻ - ജീവിതത്തിലെ വിഘ്നങ്ങൾ നീക്കം ചെയ്യുന്നു} 

5 ഉൻമത്ത ഭൈരവൻ {സംശയഹാരിയും പുരോഗതി ഏകുന്നതും ആയ ഭൈരവൻ - നിഷേധാത്മകമായ ചിന്തകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും വളർച്ച നൽകുകയും ചെയ്യുന്നു}

6 കപാല ഭൈരവൻ {ഐശ്വര്യവും സമ്പത്തും വർധിപ്പിക്കുന്ന ഭൈരവൻ - ഉൽ‌പാദനക്ഷമതയും, ജോലിയിലും പ്രവർത്തനത്തിലും പുരോഗമിക്കാനുള്ള കഴിവും നൽകുന്നു}

7 ഭീഷണ ഭൈരവൻ {ഭയമെന്ന ഭാവത്തെ ഹരിക്കുന്ന ഭൈരവൻ - ആന്തരിക നിഷേധാത്മകതകളെ കീഴടക്കാൻ സഹായിക്കുകയും ദുഷിച്ച ദൃഷ്ടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു}

8 സംഹാര ഭൈരവൻ {മോശം കർമ്മങ്ങളെ ശുദ്ധീകരിക്കുന്ന ഭൈരവൻ - പഴയ മോശം പ്രവൃത്തികളുടെ ആഘാതം കുറയ്ക്കുകയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുന്നു}

ഈ ഭൈരവരെയെല്ലാം നിയന്ത്രിക്കുന്നത് മഹാ കാല ഭൈരവനാണ്. ബാക്കി ഭൈരവന്മാരുടെ ഭരണാധികാരിയും പരമോന്നതനായ ദൈവഭാവവുമാണ് കാല ഭൈരവൻ. ദേവീ പാർവതിയുടെ അഥവാ ഭദ്രകാളിയുടെ ഭീകരമായ ഭാവത്തിൽ ഭൈരവിയാണ് കാല ഭൈരവന്റെ ശക്തീഭാവം.

ഭൈരവൻ എന്ന പേരിന്റെ ഉത്ഭവം:

പേര് തന്നെ "ഭയങ്കരം", അഥവാ "ഭീതിജനകം" എന്നിങ്ങനെ വിവർത്തനം ചെയ്യാമെങ്കിലും യഥാർത്ഥ വ്യാഖ്യാനം  വ്യത്യസ്തമാണ്. ഭൈരവൻ തന്റെ ഭക്തരെ ബാഹ്യ ശത്രുക്കളിൽ നിന്നും അവയിലൂടെ ഉണ്ടാകാവുന്ന ഭയത്തിൽ നിന്നും രക്ഷിക്കുന്നു. അതേസമയം ആന്തരിക ശത്രുക്കളായ അത്യാഗ്രഹം, മോഹം, കോപം, മറ്റെല്ലാ നിഷേധാത്മകമായ വികാരങ്ങൾ എന്നിവയിൽ നിന്നും തന്റെ മർത്യരെ കാത്തുസംരക്ഷിക്കുക എന്ന ധർമ്മവുമാണ് മഹേശ്വരന്റെ ഭയാനകഭാവമായ മഹാ ഭൈരവൻ ചെയ്തുപോരുന്നത്. അങ്ങനെ ഭൈരവനെ അഭയദേവൻ എന്ന് പറയുന്നതിലും തെറ്റൊന്നുമില്ല 

"ഭൈരവൻ" എന്ന സങ്കല്പത്തിന് മറ്റൊരു ശക്തമായവ്യാഖ്യാനമുണ്ട്. "ഭ" എന്നത് സൃഷ്ടി എന്ന ഭാവത്തിൽ "ഭരണം" എന്നതിനെ സൂചിപ്പിക്കുന്നു. സംരക്ഷണം അഥവാ സ്ഥിതി എന്ന ഭാവത്തിൽ "രാ" എന്നത് “രമണം” എന്നതിനെ സൂചിപ്പിക്കുന്നു. നാശം അഥവാ സംഹാരം എന്ന ഭാവത്തിൽ "വ" എന്നത് “വമനം” എന്നതിനെ സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിലെ ഈ സൃഷ്ടി-സ്ഥിതി-സംഹാര ശക്തികളെല്ലാം സംയോജിപ്പിച്ച്, മഹാ ഭൈരവൻ ആത്യന്തിക മഹേശ്വരരൂപം ആണെന്ന് വിശ്വസിക്കപ്പെടുന്നു.

ഭൈരവന്റെ ജന്മം:

യഥാർത്ഥ ഭൈരവോൽപ്പത്തിയുടെ പരിഷ്‌ക്കരിച്ച പതിപ്പ് ഇനിപ്പറയുന്ന രീതിയിൽ നിരീക്ഷിക്കാം:

ബ്രഹ്മാവ് ശിവനെ ചെറിയ തോതിൽ അപമാനിച്ച സന്ദർഭത്തിൽ, ദേഷ്യം വന്ന മഹാദേവൻ ഭൈരവന്റെ രൂപം ധരിച്ചു. ശിവന്റെ തൃക്കണ്ണിൽ നിന്ന് ചാടിയ ഭൈരവൻ, ബ്രഹ്മാവിന്റെ അഞ്ചു തലകളിൽ ഒന്ന് ഛേദിച്ചു. അപ്പോൾ ബ്രഹ്മാവിന്റെ തല ഭൈരവന്റെ ഇടതു കൈപ്പത്തിയിൽ കുടുങ്ങി. ഭൈരവനിത് ഏറ്റവും പവിത്രവും ജ്ഞാനമൂർത്തിയുമായ ഒരു ബ്രാഹ്മണന്റെ തല വേർപെടുത്തിയ കുറ്റത്തിനുള്ള ശിക്ഷയായി മാറി. 

Varanasi temple

ബ്രഹ്മഹത്യയുടെ ഏറ്റവും വലിയ പാപത്തിന് പ്രായശ്ചിത്തം ചെയ്യാനായി, ഭൈരവൻ നഗ്നനായ ഒരു ഭിക്ഷക്കാരനായി അലഞ്ഞുനടക്കാൻ പ്രതിജ്ഞയെടുത്തു. തലയോട്ടി തന്റെ ഭിക്ഷാടന പാത്രമാക്കി. വിശുദ്ധ നഗരമായ കാശിയിൽ എത്തുമ്പോൾ ഭൈരവൻ പാപത്തിൽ നിന്ന് മോചിതനാകുന്നു. ഈ നഗരത്തിൽ ഭൈരവന്റെ ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം ഇപ്പോഴും ഉണ്ട്.

പ്രതീകങ്ങൾ:

സാധാരണയായി, എല്ലാ ശിവക്ഷേത്രങ്ങളിലും ഭൈരവ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെടുന്നു. ഈ വിഗ്രഹങ്ങൾ വടക്ക് അഭിമുഖമായും തെക്ക് അഭിമുഖമായും സ്ഥിതിചെയ്യുന്നു. ഭൈരവനെ സാധാരണയായി നാല് കൈകളാൽ നിൽക്കുന്ന പ്രതിഷ്‌ഠ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഉടുക്ക്, ഒരു കുരുക്ക്/ദണ്ഡ്, ത്രിശൂലം, തലയോട്ടി എന്നിവ ഓരോ കയ്യിലായി ഏന്തിയ രൂപത്തിലാണ് ഭൈരവവിഗ്രഹങ്ങൾ കാണപ്പെടുന്നത്. ഭൈരവന്റെ ചില രൂപങ്ങളിൽ നാലിലധികം കൈകളെ ചിത്രീകരിച്ചിരിക്കുന്നതായി കാണാം. ഭൈരവൻ സാധാരണയായി ദിഗംബരരൂപത്തിലാണ് കാണപ്പെടുന്നത്. സർവ്വ ലോകങ്ങളും, ചരാചരങ്ങളും സ്വയം ഉൾക്കൊള്ളുന്നു എന്ന സങ്കല്പത്തിലൂടെയാണ് മഹാ കാല ഭൈരവൻ ദിഗംബരനാവുന്നത്.

ഭൈരവന്റെ വാഹനം ശ്വാനനാണ്. നീണ്ടുനിൽക്കുന്ന പല്ലുകളുമായി ഈ മൃഗം ഭയപ്പെടുത്തുന്ന രൂപത്തിലാണ്. നായ്ക്കളെ പോറ്റുന്നതും പരിപാലിക്കുന്നതും കാല ഭൈരവ പ്രഭുവിനോടുള്ള ഭക്തിയും സമർപ്പണവും കാണിക്കുന്നതിനുള്ള ഉചിതമായ മാർഗമായി കണക്കാക്കപ്പെടുന്നു.

അദ്ദേഹത്തിന്റെ കമ്മലുകൾ, വളകൾ, മാലകൾ, കാൽച്ചിലമ്പുകൾ, കങ്കണങ്ങൾ, പൂണൂൽ എന്നിവയോക്കെ കെട്ടുപിണഞ്ഞ നിരവധി സർപ്പങ്ങളാൽ അലങ്കരിച്ചതായി ചിത്രീകരിക്കപ്പെടുന്നു. ദിഗംബര സങ്കൽപ്പത്തിലാണെങ്കിലും അരയിൽ കടുവത്തോലും മനുഷ്യ അസ്ഥികളാൽ നിർമ്മിച്ച ഒരുതരം ഉപരിവസ്‌ത്രവും ഭൈരവൻ ധരിക്കുന്നതായി കാണുന്നു.

ഭൈരവൻ ഒരു രക്ഷാധികാരി:

എട്ട് ദിശകളെ കാത്തുസൂക്ഷിക്കുന്നതിനാൽ ഭൈരവനെ മഹാ പരിപാലകനായി ഭക്തർ കരുതുന്നു. പ്രത്യേകിച്ച് ധൈര്യക്കുറവുള്ള സ്ത്രീകളുടെ സംരക്ഷകനായും ഭൈരവൻ കണക്കാക്കപ്പെടുന്നു. എല്ലാ ശിവക്ഷേത്രങ്ങളിലും ഭൈരവ വിഗ്രഹമുണ്ട്. ക്ഷേത്രത്തിന്റെ താക്കോൽ ഈ ദേവന്റെ മുൻപിൽ വയ്ക്കുന്നു, കാരണം ക്ഷേത്രം ഒരു ദിവസം അടച്ചിടുമ്പോഴും അദ്ദേഹം ആ പരിസരത്തെ മുഴുവൻ സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു - അതിനാലാണ് അദ്ദേഹത്തെ ക്ഷേത്രപാലകൻ അല്ലെങ്കിൽ ക്ഷേത്രത്തിന്റെ രക്ഷാധികാരി എന്നും വിളിക്കുന്നത്.

സാക്ഷാൽ മഹേശ്വരന്റെ ഈ അവതാരം യാത്രക്കാരുടെ രക്ഷാധികാരി എന്ന നിലയിലും ആരാധിക്കപ്പെടുന്നു. ദീർഘദൂര യാത്രയ്ക്കിടെ തന്റെ പേര് ഉപാസിക്കുന്ന എല്ലാവരെയും അദ്ദേഹം കാത്തുസൂക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു - രാത്രി യാത്ര ചെയ്യുന്നവരെ അദ്ദേഹം പ്രത്യേകിച്ച് സംരക്ഷിക്കുന്നു. ഭൈരവകൃപ ലഭിക്കുവാൻ, കശുവണ്ടിയുടെ മാല കോർത്ത് വിഗ്രഹത്തിന് സമർപ്പിക്കണമെന്ന് സങ്കൽപ്പുണ്ട്. ദീപം തെളിയിക്കുകയും യാത്രയ്ക്കിടെ സംരക്ഷണത്തിനായി ആത്മാർത്ഥമായി ഭൈരവമൂർത്തിയോട് പ്രാർത്ഥിക്കുകയും വേണം.

ഭൈരവാരാധന: 

മിക്ക ജ്യോതിർലിംഗ ക്ഷേത്രങ്ങൾക്കും സമീപം ഭൈരവമൂർത്തിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളോ ആരാധനാലയങ്ങളോ കാണാം. ഉജ്ജൈനിലെ കാല ഭൈരവ്ക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, ഉജ്ജൈനിലെ പാതാൾ ഭൈരവ്, വിക്രാന്ത് ഭൈരവ് ആരാധനാലയങ്ങൾ എന്നിവ ഉൾപ്പെടെ ഇന്ത്യയിലുടനീളം ഈ ശൈവ ക്ഷേത്രങ്ങൾ ചിതറിക്കിടക്കുന്നു.

എല്ലാ ശിവക്ഷേത്രങ്ങളിലും സൂര്യനോ സൂര്യദേവനോ ഉളള ആരാധനയോടെ ദിവസേന പൂജാ ചടങ്ങുകൾ ആരംഭിക്കുന്നു. ഭൈരവനെ ആരാധിക്കുന്നതിലൂടെ നിത്യ പൂജകൾ അവസാനിക്കുന്നു. നെയ്യഭിഷേകം, നെയ്‌വിളക്ക്, ചുവന്ന പൂക്കൾ, മുഴുത്തേങ്ങ, തേൻ, വേവിച്ച ഭക്ഷണം, പഴങ്ങൾ, എട്ട് തരം പൂക്കളും ഇലകളും മുതലായവ ഭൈരവന് വിശേഷാൽ അർച്ചന ചെയ്യുന്നു.

പടിഞ്ഞാറ് അഭിമുഖമായിരിക്കുന്ന ഭൈരവ വിഗ്രഹം ഒരു നല്ല അടയാളമാണ്. അത് തെക്ക് അഭിമുഖമാണെങ്കിൽ, മിതമാണ്. കിഴക്ക് അഭിമുഖമായുള്ള ഭൈരവ പ്രതിഷ്ഠ ഉചിതമല്ല. കൂടാതെ, മഹാ ഭൈരവനെ പ്രാർത്ഥിക്കാനുള്ള ഏറ്റവും നല്ല സമയം അർദ്ധരാത്രിയാണ്; പ്രത്യേകിച്ച് വെള്ളിയാഴ്ച രാത്രി. ഈ സമയത്ത്, ഭൈരവനും ശക്തിസ്വരൂപിണിയായ ഭൈരവിയും അവരുടെ ഭക്തർക്ക് കൃപ പകരുകയും അവരുടെ ദർശനം നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

എട്ട് ഭൈരവരിൽ അഞ്ചെണ്ണം വായു, അഗ്നി, ജലം, ഭൂമി, ആകാശം എന്നീ അഞ്ച് ഘടകങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യൻ, ചന്ദ്രൻ, ആത്മാവ് അഥവാ ബോധം എന്നിവയാണ് മറ്റ് മൂന്ന് ഭാവങ്ങൾ. 

വിമോചനം അഥവാ സ്വാതന്ത്ര്യം നേടുന്നതിനുള്ള ആത്യന്തിക രൂപമായി ഭൈരവനെ കണക്കാക്കപ്പെടുന്നു. ശുദ്ധമായ ബോധത്തെക്കുറിച്ചുള്ള അവബോധം നൽകുന്നത് ഭൈരവമൂർത്തി ആണെന്നാണ് സങ്കല്പം. അങ്ങനെ അന്തഃകരണത്തിലുള്ള ഭയങ്ങൾ അകന്ന് വിശ്വാസികൾ അഭയഭാവത്തിലേക്ക് പ്രവേശിക്കുന്നു. 

ഭൈരവ അഷ്ടമി:

ഭൈരവ അഷ്ടമി, കാലാഷ്ടമി, കാല ഭൈരവ അഷ്ടമി, കാല ഭൈരവ ജയന്തി, ഭൈരവ ജയന്തി എന്നെല്ലാം അറിയപ്പെടുന്ന വിശുദ്ധ ദിനം, ഭൈരവന്റെ ജനന ദിവസമാണ്. കാർത്തികമാസം (നവംബർ-ഡിസംബർ) കൃഷ്ണപക്ഷത്തിലെ എട്ടാം ചാന്ദ്ര ദിനത്തിലാണ് ഭൈരവാഷ്ടമി ആചരിക്കപ്പെടുന്നത്. 

ഈ കാലയളവിൽ, മഹാ ഭൈരവൻ തന്റെ ശ്വാനനോടൊപ്പം സവാരി ചെയ്യുന്നു. പാപികളെ ശിക്ഷിക്കുന്നതിനായി ഒരു ദണ്ഡ് അഥവാ വടി പ്രയോഗിക്കുന്നതിനാൽ ഭൈരവൻ ദണ്ഡപാണി എന്നും ആരാധിക്കപ്പെടുന്നു. 

കശ്മീരിലെ അതിപ്രശസ്തമായ വൈഷ്ണോ ദേവി മലകളിലെ ഭൈരോം ബാബാ ക്ഷേത്രത്തിൽ ഈ ദിനം അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.

ഭൈരവ ഭാവം, ശ്രീ ലളിതാസഹസ്രനാമസ്തോത്രത്തിൽ:

1) മഹാഭൈരവപൂജിതാ ~ 

ഭരണ, രമണ, വമന പ്രക്രിയയ്ക്ക് മുഴുവൻ ഹേതുഭൂതനായ ദേവൻ ഭൈരവൻ; ആ മഹാഭൈരവനാൽ ആരാധിക്കപ്പെടുന്നവളത്രെ, ശ്രീ ലളിതാംബികാദേവി! 

പദ്മപുരാണത്തിൽ പറയുന്നു:

ശംഭുഃ പൂജയതേ ദേവീം മന്ത്രശക്തിമയീം ശുഭാം 

അക്ഷമാലാം കരേധൃത്വാ ന്യസേനൈവ ഭവോദ്ഭവഃ ||

കൈയിൽ ജപമാലയുമേന്തി വിധിപ്രകാരം ന്യാസാദികളെ ചെയ്ത്, പ്രപഞ്ചത്തിന്റെയും പ്രഭവസ്ഥാനമായ ശിവൻ, മന്ത്രശക്തിസ്വരൂപിണിയായ ദേവിയെ പൂജിക്കുന്നു; എന്നർത്ഥം. 

2) ഭൈരവീ ~ 

ഭൈരവനായ ശിവന്റെ പത്നി എന്ന് സാരം. 

ധൗമ്യമാർഗ്ഗപ്രകാരം പന്ത്രണ്ട് വയസ്സായ കന്യകയ്ക്ക് ഭീരു എന്ന് സംജ്ഞ. ആ കന്യകാരൂപത്തിലുള്ള ദേവിക്ക് ഭൈരവി എന്ന് പേര്. 

ആന്ദഭൈരവൻ: 

ശ്മശാനഭൂവിൽ ആനന്ദനടനം ചെയ്യുന്ന മഹേശ്വരനാണ് ഭൈരവൻ എന്ന് എന്റെ ഗുരുമുഖത്തുനിന്ന് കേട്ടപ്പോൾ ഉള്ളിലുണ്ടായൊരു വിശേഷപ്പെട്ട കൗതുകമാണ് ഈ ഭക്തിലേഖനം ഇങ്ങനെ എഴുതാൻ എന്നെ പ്രചോദിപ്പിച്ച ഘടകം. ശ്‌മശാനം സ്വതവേ ശോകമൂകമായിരിക്കും. എന്നാൽ അവിടെ ആനന്ദനടനം ആടുന്ന മഹാ ഭൈരവന്റെ അത്യുന്നത സങ്കൽപ്പം, സ്വല്പം ഉയർന്ന ചിന്തക്ക് വഴിവിളക്കേകി. 

സൃഷ്‌ടിയും സ്ഥിതിയും കഴിഞ്ഞു സംഹാരവും കടന്ന് ആത്മാവ് അടുത്ത ജന്മത്തിലേക്ക് പ്രവേശിക്കുവാൻ തയ്യാറെടുക്കുന്ന തലത്തിൽ അതിയായ സന്തോഷമല്ലാതെ എന്താണ് ഉണ്ടാവുക എന്ന് എന്റെ ഗുരു ചോദിക്കുന്നു. നമ്മുടെ ഓരോ ജീവനിലും ഉണ്ടാവുന്ന അനേക ലക്ഷം പ്രക്രിയകളിൽ ഒന്നുപോലെയാണ് ആത്മാവിന് ഒരു ജന്മത്തിൽ നിന്നും മറ്റൊരു ജന്മത്തിലേക്കുള്ള യാത്ര. 

നമുക്കെല്ലാം ഓരോ കർമ്മം പൂർത്തിയാക്കി അടുത്ത കർമ്മത്തിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാവുന്ന അത്യധികമായ കൗതുകമോ ആനന്ദമോ ആഹ്ലാദമോ തന്നെയാണ് പുനർജന്മത്തിലേക്ക് പ്രവേശിക്കുന്ന ആത്മാവിനും അഥവാ തിരോധാനത്തിലേക്ക്  ഈശ്വരനാൽ ക്ഷണിക്കപ്പെട്ട ആത്മാവിന് സദാശിവ അനുഗ്രഹം കാത്തിരിക്കുമ്പോൾ ഉണ്ടാവുന്നത്. 

അങ്ങനെ “ഭ”, “ര”, “വ” സങ്കല്പത്തിൽ ആനന്ദനൃത്തം ആടി, ഭയാപഹനായിട്ട് ഭക്തഹൃദയങ്ങളിൽ കുടികൊള്ളുന്ന മഹാഭൈരവൻ എന്ന സാക്ഷാൽ മഹേശ്വരമഹാകല്പമഹാതാണ്ഡവമൂർത്തി സർവ്വചരാചരങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

~~~~~~~~~~~~~~~~~~~~~~~~~~~

റെഫെറൻസുകൾ :

1) ശ്രീമതി പ്രിയ വിശ്വനാഥൻ, ഡോൾഇന്ത്യ

2) ശ്രീ തിരുവള്ളിക്കാട്ട് നാരായണമേനോൻ


Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ