കവിത | ആത്മാവിലെ മഞ്ഞുമഴ
ചാരുചിത്രവിധാനം പോൽ
ഹൃത്തിൽ ഹേമന്തം വിരിഞ്ഞുനിൽപ്പൂ
നിറം നിറയ്ക്കും മന്ദോഷ്ണമെന്നിൽ
ചൈതന്യതുഷാരം തെളിഞ്ഞുനിൽപ്പൂ — (1)
മുന്നിൽ മിന്നും പ്രസന്നഹിമദീപ്തിയാൽ
ശരത്കാലസന്ധ്യാശോകം മറഞ്ഞുനിൽപ്പൂ
മുൾപ്പടർപ്പിൽ മരവിച്ചൊരു മന്ദാരപ്പൂപോൽ
അനിർവ്വചനീയാനുഭൂതിയകന്നുനിൽപ്പൂ — (2)
മതിമറക്കും ഹിമപാതമെൻ മനസ്സിൽ-
പരശ്ശതം പാളികളിൽ തിങ്ങിക്കിടപ്പൂ
ചുറ്റും ശൈത്യം ഘനീഭവിക്കുമെന്നാലും
ഹിമകാമമെൻ നെഞ്ചകം നിറഞ്ഞുനിൽപ്പൂ — (3)
ആഴമാർന്നൊരാഴിയിൽ പ്രവാളമണിയെന്നപോൽ
ഹിമകണശോഭയെന്നിൽ വിളങ്ങിനിൽപ്പൂ
വിണ്ണിൽ പാറിവിളങ്ങും തുഷാരരേണുവെന്നപോൽ
പ്രേമപ്രഭാണ്ഡലം പ്രൗഢമയമായിടട്ടെ — (4)
കെട്ടീല്ലയോ, മനസ്സിൻ പ്രണയമർമ്മരത്തെ...
ആശങ്കയകറ്റിയവിഘ്നം മുന്നേറുവാൻ
അനവരതം മാറുമെൻ ഭാവനില മാറ്റി
ഉയിരാം യുദ്ധഭൂമിയെ സ്നേഹമയമാക്കാം — (5)
പ്രപഞ്ചഹൃദയം നിറകവിഞ്ഞൊഴുകുകിൽ
ധരണിയിൽ ശാന്തിമഴ പെയ്തിടട്ടെ
അകക്കാമ്പിൽ വാഴും ഹിമകണകനവുകൾ
ക്ലാന്തമായെന്നാത്മാവിനെ പിരിയും വരേയ്ക്കും — (6)
~~~~~~~~ ~~~~~~~~ ~~~~~~~~
നന്ദി | എന്റെ സ്ക്കൂൾ സഹപാഠി അഡ്വക്കേറ്റ് ശ്രീ സതീഷ് സാരഥിയ്ക്ക്
കവിതാരചന എന്ന ശ്രമം ആദ്യമായിട്ടാണ്. ഇതിൽ പ്രചോദനം ആയത് സതീഷ് എഴുതിയ ഒരു ഇംഗ്ലീഷ് കവിതയാണ്. അതിനെ ഒന്ന് മലയാളത്തിൽ ആക്കുക എന്നേ ഞാൻ വിചാരിച്ചുള്ളൂ, പക്ഷെ അവസാനം അതൊരു വ്യാഖ്യാനം ആയോ എന്നൊരു സംശയം.
വായിക്കുന്ന എല്ലാവരുടെയും വിമർശനവും ഉപദേശവും പ്രതീക്ഷിക്കുന്നു.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു ||
സതീഷും ഞാനും |
Comments
Post a Comment