കഥ | ഒരുമ്പെട്ടവർ
"അമ്മേ.. അമ്മക്കെന്താ ദിവസോം രാത്രീല് ഇങ്ങനെ എന്റൊപ്പം കെടന്നൊറങ്ങിക്കൂടെ? ഈ നൈറ്റ് ഷിഫ്റ്റ് പണിക്കെന്തിനാ പോണേ? അമ്മേടെ നെഞ്ചിലെ ഈ ചൂടും മണവും എനിക്കെന്തിഷ്ടാന്നറിയോ? എന്തിനാ മാസത്തിലെ മൂന്നൂസം മാത്രം ലീവെടുക്കണേ? ന്റെ കൂട്ടുകാരി ലീനടെ അമ്മയും ജോലിക്ക് പോണുണ്ടല്ലോ... അവര് രാവിലെ പോയാ വൈന്നേരം അഞ്ചുമണിക്ക് വീട്ടിലെത്തൂലോ? അമ്മ മാത്രം ഞാൻ സ്‌കൂള് വിട്ട് വീട്ടിലെത്തുമ്പളക്കും ടൗണീ പോകൂലോ?" മകൾ വിദ്യയുടെ ചോദ്യങ്ങൾ അമ്മ വിലാസിനിയെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി. മകളുടെ ചോദ്യങ്ങളുടെ സ്വഭാവം മാറിവരുന്നു. ശരിയാണ്, വിദ്യ വലുതാവുന്നു, അവൾ വലിയ കുട്ടിയാണിപ്പോൾ.
"ഓ... ഓൾക്ക് ന്റെ കൂടെ കെടക്കാള്ള രസക്കേടാ... നിക്ക് ഇതന്നെ വേണം ല്ല്യേടീ വിദ്യേ..?" അമ്മമ്മ ദാക്ഷായണിയമ്മയുടെ രോദനം.
"ങ് ആ ... അമ്മ ഒറങ്ങീല്ല്യേ? സമയം കൊറേ ആയീലോ? വിദ്യപെണ്ണ് അങ്ങനെ പലതും പറയും. ഓൾക്ക് ന്നെ കാണാൻ കിട്ടാറില്ല്യാല്ലോ.. അതോണ്ടാവും ന്നേ.." വിലാസിനിയുടെ ശബ്ദത്തിൽ പതർച്ചയുണ്ടായിരുന്നോ!
"ഡീ .. വിലാസിന്യേ ..അത് പിന്നേ ക്കറിഞ്ഞൂടെ? ഞാനവളെ ങ്ങനെ ഇടയ്ക്ക് ഞോണ്ടും... അതോൾക്കും അറിയാലോ.." ദാക്ഷായണിയമ്മ ചെറുതായി ചിരിച്ചു. "അവള് ചോയ്‌ച്ചേലും കാര്യല്ല്യേ.. നെനക്ക് ഇത് നിർത്തിക്കൂടെ വിലസിന്യേ.. എത്ര കാലം നീ....?" അവരുടെ ശബ്ദം രാത്രിയുടെ കനത്ത കരിംകമ്പിളിമറക്കുള്ളിൽ ലയിച്ചുപോയപോലെ.
വിലാസിനിയിൽ ഒരു നിശ്വാസമുതിർന്നു. അവർ വിദ്യയുടെ നെറ്റിയിൽ കൈ വെച്ച് മൃദുവായി തഴുകി. അവൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും അമ്മയുടെ സ്നേഹം നിറഞ്ഞ ലാളന മനസ്സിലായപോലെ അവൾ അമ്മയെ ഒന്നുകൂടെ ചേർത്തുപുണർന്നു. വിലാസിനി മകളുടെ ശിരസ്സിൽ ചുംബിച്ചു. ദാക്ഷായണിയമ്മയുടെ കൂർക്കം വലിയും തുടങ്ങി. വിലാസിനിയുടെ മനസ്സിൽ ചിന്തകളുടെ വേലിയേറ്റം ആരംഭിക്കുകയായി.
എപ്പോഴെങ്കിലും വീട്ടിൽ വരുമ്പോൾ രാമൻ ചെക്കൻ കിടപ്പായക്ക് അടിയിൽ വെച്ചുപോവുന്ന നോട്ടുകളും മാസത്തിലെ എല്ലാ പത്താം തീയതിയും നാരായണൻ നായർ അയക്കുന്ന അഞ്ഞൂറ് രൂപയുടെ മണി ഓർഡറും കൊണ്ട് മൂന്നുപേർ അടങ്ങുന്ന ഒരു കുടുംബത്തിന് അതിജീവിക്കാൻ കഴിയുമോ? അമ്മയുടെ മരുന്നുകൾ, വിദ്യയുടെ വിദ്യാഭ്യാസം.. ഇതുരണ്ടും ആണല്ലോ ഇപ്പോൾ തൻ്റെ ജീവിതം! മാറ്റിനിർത്താൻ പറ്റുന്നത് തൻ്റെ ആഗ്രഹങ്ങൾ മാത്രം. തനിക്കാണെങ്കിലോ പ്രത്യേകിച്ച് ആഗ്രഹങ്ങൾ ഒന്നും ഇല്ലാഞ്ഞത് നന്നായി. അല്ലെങ്കിൽ ഈ മൂന്നു ജീവനുകൾ ഇങ്ങനെ ഇവിടെ ഉണ്ടാകുമായിരുന്നോ എന്ന് തന്നെ സംശയമാണ്. അമ്മയുള്ളത് ഒരനുഗ്രഹമാണ്. വിദ്യയുടെ സുരക്ഷയാണ് പ്രധാനം. അത് തന്നേക്കാൾ നന്നായി അമ്മക്ക് നോക്കാനറിയാം. ആ ഒരൊറ്റക്കാരണം കൊണ്ടാണ് താനീ ഞാണിന്മേൽ കളിക്ക് വീണ്ടും പോകുന്നത്. വിദ്യയുടെ പഠിത്തം നല്ലനിലയിൽ തുടരണം.
ഒരു വേശ്യയുടെ മകളെ സർക്കാർ സ്‌കൂളിലെ വാധ്യാന്മാർ തിരസ്കരിച്ചപ്പോൾ, മിഷനറി സിസ്റ്റർമാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. സ്വല്പം ചെലവ് കൂടിയാലും മകളുടെ അറിവുനേടൽ മുറിയാതെ മുന്നേറുന്നു. അതുമാത്രമാണ് തൻ്റെ ഏറ്റവും വലിയ ആശ്വാസം. പതിയെ വിലാസിനിയും നിദ്രയുടെ നിലാക്കയത്തിലേക്ക് നീന്തിനീങ്ങി.
പിറ്റേ ദിവസം രാവിലെ പോസ്റ്റ്മാൻ കബീറിന്റെ സൈക്കിൾ ബെൽ ശബ്ദം കേട്ട് വിലാസിനി വീടിന് പുറത്തു വന്നുനോക്കി. "കബീർക്കാ... ങ്ങക്ക് ആ കടമ്പായ കടന്നു ഇങ്ങട് വന്നൂടെ? ഇനി ഞാൻ അവിടെ വന്നു വാങ്ങണോ? ഞാൻ ഇങ്ങളെ പിടിച്ചു തിന്നില്ല". കബീർ വലിയ സദാചാരവാദിയാണ്. പോസ്റ്റുമാൻ ആയത് കൊണ്ടുമാത്രമാണ് താൻ ഇതുവഴി വരുന്നത് എന്ന് കബീർ കാണുമ്പോഴൊക്കെ വിലാസിനിയോട് പറയാറുണ്ട്.
"ഇതിപ്പോ എല്ലാ മാസോം പത്താം തീയതി ഇങ്ങള് ഇന്നോട് പറയാറുണ്ടല്ലോ? എൻ്റെ നാരായണൻ നായര് ഈ മണി ഓർഡർ അയക്കണ വരെ ഇങ്ങക്ക് ഇബടെ വന്നേ പറ്റൂ.." പണം ഒപ്പിട്ടു വാങ്ങുമ്പോൾ വിലാസിനി കബീറിനോട് കണ്ണിറുക്കി പറഞ്ഞു. അവരുടെ കൈവിരലുകളിൽ സ്പർശിക്കാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണ് കബീർ പണം കൈമാറിയത്. അയാളുടെ ആ വെപ്രാളം കണ്ട് വിലാസിനി എല്ലാ തവണയും പൊട്ടിച്ചിരിക്കാറുണ്ട്.
വിലാസിനിയുടെ കല്യാണം കഴിച്ച ഭർത്താവാണ് നാരായണൻ നായർ. പതിനഞ്ചു വർഷം മുൻപാണ് അത് നടന്നത്. റെയിൽവേ സ്റ്റേഷനിലെ താൽക്കാലിക ഉദ്യോഗസ്ഥനായിരുന്നു അയാൾ. നാല് പാസ്സഞ്ചർ തീവണ്ടികളാണ് രാമൻതോട് സ്റ്റേഷനിൽ നിർത്തുക. അവിടത്തെ "ഓൾ-ഇൻ-ഓൾ" ആയിരുന്നു നായർ. താത്കാലിക നിയമനം ആയിരുന്നതിനാൽ ക്വാർട്ടേഴ്‌സ് കിട്ടിയില്ല. അങ്ങനെയാണ് അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന ദാക്ഷായണിയമ്മയുടെ ഭർത്താവ് വേലായുധൻ നായരുടെ വീട്ടിലെ കളപ്പുരയിൽ നാരായണൻ നായർ താമസം തുടങ്ങിയത്. യൗവനം മൊട്ടിട്ട വിലാസിനിയുടെയും എന്നും ഗൃഹാതുരതയുടെ കൈപ്പിടിയിൽ കഴിഞ്ഞിരുന്ന ചങ്ങനാശ്ശേരിക്കാരൻ നാരായണൻ നായരുടെയും മോഹവല്ലികൾ എപ്പോഴോ കെട്ടുപിണഞ്ഞു. തന്നെ നായർക്ക് കെട്ടിച്ചു കൊടുത്തില്ലെങ്കിൽ അമ്പലക്കുളത്തിൽ ശവം പൊങ്ങും എന്ന് പറഞ്ഞു അലറിക്കരഞ്ഞ വിലാസിനിയുടെ ശാഠ്യത്തിനു മുന്നിൽ ദാക്ഷായണി അമ്മയ്ക്കും വേലായുധൻ നായർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ചങ്ങനാശ്ശേരി നാട്ടിലെ വീട്ടുകാരെ ഒന്നും അറിയിക്കണ്ടേ എന്ന ചോദ്യത്തിന് "ഞാൻ നാട്ടിൽ പോകുമ്പോൾ വിലാസിനിയെ കൂട്ടി പോവാം" എന്നാണ് നായർ മറുപടി പറഞ്ഞത്. അങ്ങനെ നാട്ടുകാരും നാദസ്വരവും ഒന്നും ഇല്ലാതെ നാരായണൻ നായർ കളപ്പുരയിൽ നിന്നും വിലാസിനിയുടെ കിടപ്പിറയിൽ എത്തി.
ആദ്യകാലമൊക്കെ നല്ലനിലയിൽ പോയ ആ ബന്ധം പിന്നീട് വിച്ഛേദിക്കപ്പെട്ടു. ഒരുദിവസം നായരുടെ അച്ഛന് ക്ഷയരോഗം കലശലാണ് എന്ന് പറഞ്ഞു കബീർ പോസ്റ്റ്മാൻ ഒരു ടെലിഗ്രാം കൊണ്ടുവന്നു. നായർക്ക് ആധിയായി. വിലാസിനിയും ഒപ്പം വരാം എന്ന് പറഞ്ഞെങ്കിലും ആധിപൂണ്ട നായർ അത് നിഷേധിച്ചു. അധികം വൈകാതെ തന്നെ താൻ തിരിച്ചുവരാം എന്നും അതോടെ രണ്ടുപേർക്കും ചങ്ങനാശ്ശേരിക്ക് ഒന്നിച്ചു പോവാം എന്നും പറഞ്ഞു നായർ അന്നത്തെ വൈന്നേരത്തെ പാസ്സഞ്ചറിൽ യാത്രയായി. അതിനുശേഷം നാരായണൻ നായർ രാമൻതോടിൽ വന്നില്ല.
രണ്ടു മാസങ്ങൾക്ക് ശേഷം നായരുടെ ഒരു കത്തും അതോടൊപ്പം ഒരു മണി ഓർഡറും ആണ് വിലാസിനിക്ക് കിട്ടുന്നത്. താൻ നാട്ടിൽ എത്തുന്നതിനു മുൻപേ അച്ഛൻ മരിച്ചുപോയെന്നും വിവാഹം കഴിഞ്ഞു എന്ന കാര്യം പറഞ്ഞപ്പോൾ അമ്മാവന്മാർ എല്ലാരും ചേർന്ന് മർദിച്ചു അവശനാക്കിയെന്നും കത്തിൽ എഴുതിയിരുന്നു. പിന്നീടെല്ലാം അമ്മാവന്മാരുടെ നിയന്ത്രണത്തിൽ ആയെന്നും അതിൽ ഒരാൾ തന്നെ ബലമായി അയാളുടെ ഒപ്പം കൊണ്ടുപോയി എന്നും താനിപ്പോൾ ബിലാസ്‌പൂർ എന്ന സ്ഥലത്താണെന്നുമായിരുന്നു കത്തിലെ മറ്റു വിശേഷങ്ങൾ. അവസാനം എഴുതിയ വാചകങ്ങൾ ആണ് വിലാസിനിയെ മോഹാലസ്യപ്പെടുത്തിയത്: "എന്നെ ബലമായി അമ്മാവന്മാർ കല്യാണം കഴിപ്പിച്ചു, ബിലാസ്‌പൂർ അമ്മാവന്റെ മകളെ കൊണ്ട്. ഇപ്പോൾ എനിക്ക് ബിലാസ്‌പൂർ സ്റ്റേഷനിൽ സ്ഥിരമായി ജോലി ആയിട്ടുണ്ട്. ഞാൻ എല്ലാ മാസവും പത്താം തീയതി നിനക്ക് കയ്യിൽ കിട്ടുന്നകണക്ക് അഞ്ഞൂറ് രൂപ മണി ഓർഡർ അയക്കാം. ഇനി എന്നെ രാമൻതോടിൽ പ്രതീക്ഷിക്കേണ്ട. എന്നെ ദയവുചെയ്ത് വെറുക്കരുത്."

ആ ഒരു ദിവസം മുഴുവൻ വിലാസിനി സ്വബോധമില്ലാതെ പിച്ചും പേയും പറഞ്ഞു കിടന്നു. വേലായുധൻ നായരും ദാക്ഷായണിയമ്മയും തങ്ങളുടെ ഒറ്റ മകളുടെ ദുർവിധിയിൽ മനം നൊന്ത് വെന്തു വെണ്ണീറായി. ഹൃദയരോഗിയായിരുന്ന വേലായുധൻ നായർ പലപ്പോഴും നെഞ്ചു തടവുന്നത് ദാക്ഷായണി അമ്മ ശ്രദ്ധിച്ചു. അവർ ഇതെല്ലാം ശ്രദ്ധിച്ച് മനഃശക്തി ആർജ്ജിക്കാനുള്ള ശ്രമത്തിലായിരുന്നു. തൻ്റെ സ്വന്തമായ രണ്ടു മനുഷ്യജീവനുകൾ ഇനി തൻ്റെ മനസ്സിന്റെ ഊർജ്ജത്തിലാണ് ജീവനത്തിനും മരണത്തിനുമിടക്ക് കഴിയേണ്ടത്. അടുത്ത ഒരാഴ്ചയോളം അതിപ്രധാനമാണ്. അവിടെ താൻ തളർന്നുകൂടാ.ഒരാഴ്ചയോളം ഒരു മരണവീടുപോലെ തോന്നിച്ച വീടിനെ വീണ്ടും സാധാരണ തോതിലേക്ക് മാറ്റാൻ ദാക്ഷായണി അമ്മ ശ്രമിച്ചുകൊണ്ടേയിരുന്നു. സ്വബോധം തിരിച്ചുകിട്ടിയപോലെ വിലാസിനിയും പെരുമാറിത്തുടങ്ങിയപ്പോളാണ് അവർക്ക് ശ്വാസം നേരെ വീണത്. പക്ഷെ എട്ടാം ദിവസം വിലാസിനി അമ്പലക്കുളത്തിൽ ചാടി... മരിക്കാൻ തന്നെ!
ആ സമയത്താണ് രാമൻ ചെക്കൻ കുളത്തിന് സമീപത്തുള്ള പാടത്തു വരമ്പ് വെച്ചുകൊണ്ടിരുന്നത്. വിലാസിനിയുടെ പരവേശത്തിലുള്ള നിലവിളി കേട്ട രാമൻ ചെക്കൻ കുളത്തിലേക്ക് എടുത്തു ചാടി അവളെ രക്ഷിച്ചു. തോളിൽ കിടത്തി വിലാസിനിയെ അയാൾ വീട്ടിലെത്തിച്ചു. ദാക്ഷായണി അമ്മ വിങ്ങി കരഞ്ഞു. അയൽക്കാർ എല്ലാരും ഓടിക്കൂടി. അമ്പലക്കര വീട്ടിൽ പൂരത്തിന്റെ ജനം. വിലാസിനിക്ക് ബോധം വന്നു. തന്നെ രക്ഷിച്ച രാമൻ ചെക്കനെ അവൾ കണ്ടു. മരണം മുന്നിൽകണ്ട ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ അലമുറയാണ് പിന്നീട് അവളിൽ നിന്നും ഉയർന്നത്. എന്നാൽ വേറൊരു ജീവൻ തൊട്ടടുത്ത മുറിയിൽ അവസാന പ്രാണൻ എടുത്തു കഴിഞ്ഞിരുന്നു... വേലായുധൻ നായർ അന്ത്യശ്വാസം വലിച്ചു. ദാക്ഷായണിയമ്മക്ക് ദുഃഖം ഇനിയും കടിച്ചമർത്താനുള്ള ശേഷിയില്ലായിരുന്നു. സ്ഥലകാലബോധമില്ലാതെ അവരും അലമുറയിട്ടു, മണിക്കൂറുകളോളം. ദുഃഖം എന്ന മാനസികാവസ്ഥയുടെ പാരമ്യമായിരുന്നു അന്ന് രാമൻ തോട് ഗ്രാമത്തിലെ അമ്പലക്കര വീട്ടിൽ..
വിലാസിനിയുടെ ജീവൻ രക്ഷിച്ചു കൊണ്ടുവന്ന രാമൻ ചെക്കൻ തന്നെ, വേലായുധൻ നായരുടെ സമാധിക്കുഴിയും ഉണ്ടാക്കി. തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന്റെ അരികെ നായരുടെ അന്ത്യവിശ്രമവും ഒരുക്കിയാണ് അന്ന് രാമൻ ചെക്കൻ അമ്പലക്കര വീട്ടിൽ നിന്ന് പോയത്.
അന്ന് പോയ രാമൻ ചെക്കനെ പിന്നെ ദാക്ഷായണി അമ്മ പലപ്പോഴായി തൊടിപ്പണിക്ക് വിളിച്ചു. അയാൾ തെങ്ങിൻചോട് നന്നാക്കുമ്പോൾ, തൻ്റെ ജീവൻ രക്ഷിച്ച ആളെ കൂരിരുട്ടുള്ള മച്ചിനകത്തെ ജാലകത്തിലൂടെ വിലാസിനി നോക്കി നിൽക്കുമായിരുന്നു. ഏതോ ഒരു നിമിഷം അവരുടെ മിഴികൾ കൂട്ടിമുട്ടി. ഒരുമാസത്തോളം നീണ്ട നിശബ്ദപ്രേമത്തിനൊടുവിൽ രാമൻചെക്കൻ വിലാസിനിയെ പ്രാപിച്ചു. ദാക്ഷായണിയമ്മക്കും അതിൽ എതിർപ്പുണ്ടായില്ല. നാട്ടിലും പാട്ടായി, രാമൻചെക്കന്റെ പൊറുതി ഇപ്പോൾ അമ്പലക്കര വീട്ടിൽ ആണെന്ന്. "ഒറ്റാംതടിയായ രാമനെന്താ... അവനു വിലാസിനി അല്ലെങ്കി വേറെ ആട്ടക്കാരികൾ ഉണ്ടല്ലോ..." അങ്ങനെ പല സംഭാഷണങ്ങളും രാമൻതോടിൽ ഉണ്ടായി. പലരും ദാക്ഷായണി അമ്മയെയും വിലാസിനിയെയും അകറ്റിനിർത്താൻ തുടങ്ങി. ഇത് വീണ്ടുമൊരു അതിജീവനകാലം ആണെന്ന് ദാക്ഷായണി അമ്മക്ക് നന്നായി അറിയാമായിരുന്നു. അവർ ആരെയും കൂസാതെ സാധാരണ ജീവിതം തുടർന്നു.

അതിനിടക്ക് വിലാസിനി ഗർഭിണിയുമായി. അതോടെ രാമൻ ചെക്കനും പലപ്പോഴും വരാതെയായി. നാരായണൻ നായരുടെ അഞ്ഞൂറ് രൂപയും രാമൻ ചെക്കൻ എപ്പോഴെങ്കിലും വരുമ്പോൾ കൊടുക്കുന്ന നോട്ടുകളും മാത്രമായി അവരുടെ അതിജീവനത്തിനുള്ള വരുമാനം. വിലാസിനിയുടെ പ്രസവവും കുട്ടിയുടെ ശുശ്രൂഷ ചെലവും എല്ലാം കൂടെ ദാക്ഷായണിയമ്മയുടെ ജീവിതം ദുരിതപൂർണ്ണമായി. എന്നാലും അവരുടെ മനഃശക്തി സുദൃഢമായിരുന്നു. വിദ്യ എന്ന തങ്ങളുടെ തലമുറയിലെ പുതുജീവനെ അവർ പൊന്നുപോലെ വളർത്തി. രാമൻ ചെക്കനാണ് വിലാസിനിയെ ഒരിക്കൽ ടൗണിലേക്ക് കൊണ്ടുപോയത്. സിനിമാ ഹീറോയെ കാണിക്കാം എന്നായിരുന്നു വാഗ്‌ദാനം. ഗസ്റ്റ് ഹൗസിലെ ഓറഞ്ചു ജൂസിലെ മരുന്നിന്റെ വീര്യം തീരുന്നതിനു മുൻപ് രണ്ടു നായകന്മാർ വിലാസിനിയെ പിച്ചിച്ചീന്തി. ബോധം തിരിച്ചെത്തി ഉണർന്നപ്പോൾ മുന്നിൽ രാമൻ ചെക്കനും ആയിരം രൂപയും. രാമൻതോട് വിലാസിനി എന്ന അഭിസാരിക അവിടെ ജന്മമെടുത്തു.
സ്‌കൂളിൽ ചേർക്കുമ്പോൾ വിദ്യാവിലാസിനിയുടെ അച്ഛന്റെ പേര് എന്തെഴുതണം എന്ന സംശയം വിലാസിനിയെ തെല്ലൊന്ന് തളർത്തി, അവസാനം അവൾ എഴുതി... നാരായണൻ നായർ. രാമൻ ചെക്കൻ ഒന്നും ചോദിച്ചതുമില്ല.
വിദ്യ എല്ലാ ഗ്രേഡിലും ക്ലാസ്സ് ഫസ്റ്റ് ആയിരുന്നു. ചരിത്രത്തിലും ഇംഗ്ലീഷിലും അതീവ ശ്രദ്ധ അവൾ പുലർത്തിയിരുന്നു. തൻ്റെ ജീവിതത്തിലെ സങ്കീർണ്ണതകൾ അവൾ അറിയരുതേ എന്ന പ്രാർത്ഥനയാണ് വിലാസിനിക്ക് എന്നുമുണ്ടായിരുന്നത്. എന്നെങ്കിലും അവൾ എതിരായി പറയുന്ന ദിവസം വരും എന്ന നീറൽ അവരെ പലപ്പോഴും മാനസികമായി തളർത്തി.
വിദ്യയുടെ പത്താം തരം കഴിഞ്ഞു നിൽക്കുന്ന ഒരു ദിവസം വൈകുന്നേരം വിലാസിനി ഒരുങ്ങി പുറത്തിറങ്ങിയപ്പോളാണ് വിദ്യ പിന്നിൽ നിന്നും വിളിച്ചത്. "അമ്മേ... ഇനി അമ്മ പോണ്ടാ.. എന്നെ ഇനിയും കളിപ്പിക്കേണ്ടാ എല്ലാരും കൂടെ." വിലാസിനിയുടെ കണ്ണുകളിലെ ഭീതിയേക്കാൾ ദാക്ഷായണിയമ്മയുടെ ഹൃദയത്തിലെ സ്പന്ദനമാണ് കലുഷിതമായത്. ഒന്നും പറയാനില്ലാതെ അവർ ഉമ്മറത്തെ തിണ്ണയിൽ മുഖം താഴ്ത്തി ഇരുന്നു.

"മെറ്റൽ ഇന്ഡസ്ട്രീസിൽ നൈറ്റ് ഷിഫ്റ്റ്...എത്ര കാലം നിങ്ങൾ ഇതൊക്കെ ഒളിച്ചു വെക്കും? ഞാൻ ഒരു കുട്ടിയല്ല ഇപ്പോൾ. എൻ്റെ കൂട്ടുകാരികൾ എന്തൊക്കെയാണ് എന്നെ കളിയാക്കുന്നത് എന്നറിയാമോ നിങ്ങൾക്ക്? ഞാൻ രാമൻചെക്കന്റെ മകളാണോ? പിന്നെയീ നാരായണൻ നായര് ആരാ?... അമ്മ ഇന്നിനി പോയാൽ പിന്നെ തിരിച്ചു വരേണ്ടാ... ഞാൻ മഠത്തിൽ ചേർന്നോളാം... അവരെന്നെ പൊന്നുപോലെ നോക്കും.." വിലാസിനിക്ക് തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ല. സ്വന്തം മകളുടെ സ്വരത്തിലുള്ള സദാചാരഭാവം അവരുടെ കർണപുടങ്ങളിൽ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു. തിരിഞ്ഞു നോക്കാതെ അവർ കടമ്പായ കടന്ന് ബസ് സ്റ്റോപ്പിലേക്ക് നടന്നു. ടൗണിലേക്കുള്ള ദിവസേനയുള്ള യാത്രയാണ്... പക്ഷെ എന്തോ ഒന്ന് നടക്കാൻ പാടില്ലാത്തത് നടന്നിരിക്കുന്നു. അതിന്റെ അതികഠിനമായ വേദനയിൽ ഹൃദയവും മനസ്സും മരവിച്ചിരിക്കുന്നു. അഭിസാരികയുടെ അഭിമാനത്തെ സ്വന്തം ചോര തന്നെ ചോദ്യം ചെയ്ത ദിവസം. അവസാനം അത് സംഭവിച്ചിരിക്കുന്നു.
ടൗണിലേക്കുള്ള അന്നത്തെ ബസ് യാത്ര കുറേ അധികനേരം എടുത്തപോലെ തോന്നി വിലാസിനിക്ക്. ജനങ്ങൾ തന്നെ തുറിച്ചുനോക്കുന്നുണ്ടോ? ആരെങ്കിലും കല്ലെറിയാൻ തുനിയുന്നുണ്ടോ? ബസ്സിനുള്ളിൽ ഉള്ളവരെല്ലാം തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ടോ? തന്നെ പാപി എന്ന് മുദ്ര കുത്തുന്നുണ്ടോ? തൻ്റെ ഒപ്പം സീറ്റിലിരിക്കാൻ ആൾക്കാർ മടിക്കുന്നുണ്ടോ? താൻ ഒരു നികൃഷ്ട ജീവിയെ പോലെയാണോ? ഈ ലോകത്തു താനൊരു കീടം മാത്രമാണോ? തനിക്കിനി ഒരു ജീവിതമുണ്ടോ? ഇതുവരെയുള്ള അതിജീവനങ്ങളിൽ തന്നെ സഹായിച്ചവർ ഇപ്പോൾ എവിടെയാണ്? താൻ ഒറ്റക്കായില്ലേ? ഇതുവരെ സ്വന്തം ചോരയിൽ പിറന്ന മകൾ ഇങ്ങനെ, തന്നെ വെറുത്തിരുന്നു എന്നറിയാൻ താൻ എന്തേ മെനക്കെട്ടില്ല? അഥവാ അങ്ങനെ എന്നെങ്കിലും ഉണ്ടാകും എന്നറിഞ്ഞിട്ടും അതിന് എന്തുകൊണ്ട് തയ്യാറായില്ല? വിലാസിനിയുടെ ഹൃദയത്തിൽ ഒരായിരം തീപ്പന്തങ്ങൾ നിറഞ്ഞു കത്തി!
"ഓ.. ഇങ്ങള് വന്നോ? അതേയ്.. ഞാൻ പറഞ്ഞിട്ട് പോയാ മതീ അകത്ത്ക്ക്.. ആള് ഇബടെ പുത്യേതാ... യുവ കവ്യാണ് ത്രേ.. വികാരജീവി ആയിരിക്കാം.. ഞാൻ ചോയ്ച് വരാം." മാനേജർ ഉസ്മാൻ ഒന്ന് പരുങ്ങി. ഒന്നാം നിലയിലെ പതിനെട്ടാം നമ്പർ മുറിയിൽ പോയി അയാൾ പെട്ടെന്ന് തന്നെ തിരിച്ചു വന്നു. "പോയ്കോളീ... അയാക്ക് അർധരാത്രീല് ട്രെയിൻ ഇള്ളതാത്രേ... വടക്കോട്ട് പോവാനാ..."
വിലാസിനി പതിനെട്ടാം റൂമിൽ കയറി. കലുഷിതമായ മനസ്സ് അപ്പോഴും സ്വന്തം ചോരയുടെ മണം തേടിക്കൊണ്ടിരുന്നു. അവർ ഒന്നും മിണ്ടിയില്ല. പിന്നിൽ വാതിലിന്റെ ബോൾട്ട് ഇടുന്നതും മുന്നിൽ ഗ്ലാസിൽ ഐസ് ഇടുന്നതും മേലെ ഫാൻ കറങ്ങുന്നതും എല്ലാം അവയുടെ ധർമ്മം അനുസരിച്ചുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നു. താനും എന്തോ ധർമ്മം അനുഷ്ഠിക്കാൻ തന്നെ വന്നതല്ലേ എന്ന ഭാവത്തിൽ അവർ യുവകവിയുടെ മുന്നിൽ നിന്നു കുറേ നേരം, ഒന്നും മിണ്ടാതെ, ഒട്ടും ചലിക്കാതെ.
"എന്നെ അറിയാമോ... ഞാൻ രഘു കീഴില്ലം... ഒരു സഞ്ചാര കവിയാണ്.. ഞാൻ പലരെയും പരിചയപ്പെടുന്നു.. അവരുടെ കഥ മനസ്സിലാക്കുന്നു... കവിതകളുടെ വരികൾ എൻ്റെ ബുദ്ധിയിൽ ഉദിക്കുന്നു... അതെല്ലാം എഴുതിവെക്കുന്നു. ഒന്നുരണ്ടാഴ്ചകൊണ്ട് ഒരു മുഴുവൻ കവിത പിറക്കുന്നു. എൻ്റെ മകളായി..." യുവകവിയുടെ സ്വയം പരിചയപ്പെടുത്തൽ.
"ഇതുവരെ എത്ര കവിതകൾ എഴുതി? എത്ര മക്കളുണ്ട്?" അങ്ങനെ തിരിച്ചു ചോദിക്കാനാണ് അപ്പോൾ വിലാസിനിക്ക് കഴിഞ്ഞത്. സ്വയം മനസ്സിന്റെ അടിത്തട്ടിൽ നിന്നും പെട്ടെന്ന് വന്ന വാക്കുകൾ ആയതുകൊണ്ടാവാം കലുഷിതമായിരുന്ന ചിന്തകൾക്ക് ഒരന്ത്യം വന്നപോലെ തോന്നി അവർക്ക്. രഘു പൊട്ടിച്ചിരിച്ചു.
"കൊള്ളാം... ആരും ഇതുവരെ എന്നോട് ചോദിക്കാത്ത ചോദ്യം! ഞാൻ തന്നെ ഇതുവരെ കണക്കെടുക്കാൻ മെനക്കെട്ടിട്ടില്ല. ഒരു പത്തുമുപ്പതിന്റെ അടുത്തായിക്കാണും. പത്തെണ്ണം ഒരു സമാഹാരമായി പ്രസിദ്ധീകരിച്ചു. പിന്നെ ഒരു ക്രമമായി ഒന്നും എഴുതിയില്ല. എല്ലാം കലർന്നുപോയി. ഇനിയൊന്ന് ഇരിക്കണം, നെല്ലും പതിരും വേർതിരിക്കണം, കവിതയല്ലേ... പതിരിനും ആളുണ്ടാവും!" രഘുവിലെ കവി ഉണർന്നു.
"അതായിക്കോട്ടെ... ഇപ്പൊ നമ്മൾക്കെന്തു ചെയ്യണം.. കവിതയെഴുതാനാണോ പ്ലാൻ? എന്താണ് എൻ്റെ റോൾ?" വിലാസിനി കസേരയിൽ ഇരുന്നു.
"ഞാൻ പറഞ്ഞില്ലേ.. ഞാൻ ആളുകളെ കാണും, സംസാരിയ്ക്കും .. കഥകൾ കവിതകളുടെ വരികളായി ജനിക്കും. പറഞ്ഞോളൂ... ഞാൻ കേൾക്കാം" രഘു ഗ്ലാസിലെ മദ്യം ഒരു കവിൾ അകത്താക്കി.
"ഒരു ഒരുമ്പെട്ടവളുടെ കവിതക്ക്, വായിക്കാൻ ആളുണ്ടാവുമോ? അതൊക്കെ കവികൾ പാടിപ്പാടി ആൾക്കാരുടെ ചെവിയടച്ചില്ലേ?" വിലാസിനിയുടെ ആറ്റിക്കുറുക്കിയ ചോദ്യം.
"ഓഹ്.. പ്രതീക്ഷ തെറ്റിയില്ല. ഇയാളുടെ കവിത നന്നാവും.. തുടങ്ങുന്നതിനു മുൻപേ പേരിട്ടു... മായ!" രഘുവിന് ഉന്മേഷം കൂടി.
"ഒരുപാട് അതിജീവനങ്ങളിലൂടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മായ തന്നെയാണ് ഞാൻ... വിലാസിനി. അമ്പലക്കര വീട്, രാമൻതോട് ഗ്രാമം. വിലാസം കറക്റ്റ് ആണുട്ടോ... എല്ലാമാസവും പത്താം തീയ്യതി എന്നുണ്ടെങ്കിൽ അഞ്ഞൂറുരൂപയുടെ മണി ഓർഡർ കബീർ പോസ്റ്റ്മാൻ കൊണ്ടുവരുന്നുണ്ട്. പണ്ടെപ്പോഴോ ടെലഗ്രാമും വന്നിട്ടുണ്ട്. അത് പോരെ?" വിലാസിനിയുടെ നാടകീയമായ പരിചയപ്പെടുത്തൽ.
നാരായണൻ നായരും കളപ്പുരയും റെയിൽവേ സ്റ്റേഷനും അമ്പലക്കുളവും കിടപ്പറയും ടെലഗ്രാമും ചങ്ങനാശ്ശേരിയും വേലായുധൻ നായരും ദാക്ഷായണിയമ്മയും രാമൻ ചെക്കനും വിദ്യയും കബീറും രാമൻ തോടും സിനിമാ നായകന്മാരും ഓറഞ്ചു ജ്യൂസും ആയിരം രൂപയും മെറ്റൽ ഇൻഡസ്ട്രീസും പിന്നെ അവസാനം പതിനാറു വയസ്സായ സ്വന്തം മകളുടെ ആജ്ഞയും അവജ്‌ഞയും വിലാസിനി രഘുവിന് മുന്നിൽ വിളമ്പി. "കവേ.. താങ്കളുടെ അടുത്ത മകൾ ജനിക്കാറായോ?" മന്ദഹാസത്തോടെ വിലാസിനി രഘുവിനോട് ചോദിച്ചു.
"ഇല്ല മായേ... ഇത് ഇനിയും തുടരാനുണ്ട്.. അത്ര പെട്ടെന്നൊന്നും തീർക്കാനാവില്ല. തിരിച്ച് അമ്പലക്കരക്ക് പോകുന്നില്ല എന്ന തീരുമാനം എടുത്തു എന്നാണല്ലോ പറഞ്ഞത്? അപ്പോൾ ഒന്നിച്ച് നമുക്കൊരു യാത്ര പോയാലോ?" രഘുവിന്റെ ചോദ്യം പെട്ടെന്നായിരുന്നു.
"എങ്ങിനെ ഞാൻ താങ്കളെ വിശ്വസിക്കും? രാമൻ ചെക്കൻ പറ്റിച്ചപോലെ എന്നെ വീണ്ടും നിങ്ങൾ വേറെ പ്രശ്നങ്ങളിൽ കൊണ്ടിട്ടാലോ?" പകുതി തമാശയായി വിലാസിനി മൊഴിഞ്ഞു.
"ഈ രണ്ടു മണിക്കൂറിൽ, ഈ അടഞ്ഞ റൂമിനകത്ത്, ഞാനും മായയും ഓരോ കസേരയിൽ ഇരുന്നുകൊണ്ട് ഇപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നു എന്നതിനേക്കാൾ എന്ത് വിശ്വാസമാണ് നിങ്ങൾ എന്നിൽ കൽപ്പിക്കാൻ പോകുന്നത്?" കവിയുടെ ഹൃദയത്തിലെ ഒപ്പുമായി രഘുവിന്റെ ചോദ്യം.
വിലാസിനിക്ക് പെട്ടെന്ന് ഒരു മറുപടി കൊടുക്കാൻ സാധിച്ചില്ല. അവർ സ്വല്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു. "രഘുജി ഒരു ബ്രാഹ്മണനല്ലേ... ഞാനൊരു അധികപ്പറ്റാവില്ലേ കുറെ കഴിഞ്ഞാൽ? നെഞ്ചിൽ പൂണൂൽ ഞാൻ കാണുന്നു."
"ഉപനയനം കഴിപ്പിച്ചത് പിതാവ് കീഴില്ലത്തെ സോമശേഖരൻ നമ്പൂതിരിപ്പാട്. അകത്തേക്കുള്ള കണ്ണ് ആണ് ഈ ഉപനയനം എന്ന് മനസ്സിലാക്കിയതും അദ്ദേഹത്തിൽ നിന്ന് തന്നെ. ആ കണ്ണിലൂടെ അകത്തേക്ക് നോക്കിയിട്ടും ഒന്നും കാണാതായപ്പോൾ മൂന്നുകണ്ണും പുറത്തേക്കായി. തൃക്കണ്ണിലൂടെ വിപ്ലവം തലയിൽ കേറി. അദ്ധ്വാനിക്കുന്ന ജനവിഭാഗം എന്നതിനേക്കാൾ ദുരിതമനുഭവിക്കുന്ന അടിയാളർ എന്ന വിഭാഗത്തെയാണ് എൻ്റെ കണ്ണുകൾ പരതിയത്. നവലോകസിദ്ധാന്തങ്ങൾ വിപ്ലവപ്രസ്ഥാനങ്ങളിലും അടിവേരുറപ്പിച്ചു എന്ന ബോധം വന്നത് വളരെ വൈകിയാണ്. എന്തെങ്കിലും ചെയ്യണമല്ലോ എന്ന് ചിന്തിച്ചു വിഷാദിച്ചപ്പോൾ ആ അച്ഛൻ തന്നെ പറഞ്ഞു... നിന്റെ ധർമ്മം നീ തിരിച്ചറിയണം. എന്നിട്ട് ആ ധർമ്മത്തെ നീ കർമ്മത്തിലൂടെ മാനവികതയുടെ നന്മക്കായി വിനിയോഗിക്കണം. അന്ന് നാലുവരി കുറിച്ചിട്ടു:
അടിയാളരുടെ ആത്മരോദനം കേൾക്കൂ നീ മർത്യാ ..
അടിവേരുകൾ അടർന്നുപോയാ അതിജീവനകഥയിൽ
അടിക്കുറിപ്പുകൾ അവശേഷിപ്പിച്ചു മറയുന്ന മർത്യരെ
അടിയൊഴുക്കുകളിൽ നിന്നും കരകയറ്റുക നാം കൂട്ടരേ ..
രഘു കീഴില്ലം എന്ന യുവകവിയുടെ ജന്മം ആയിരുന്നു അത് എന്ന് പറയാം. എന്നാലും വീണ്ടും വർഷങ്ങൾ എടുത്തു... സ്വധർമ്മം എന്താണ് എന്ന് തീരുമാനിക്കാൻ. അങ്ങനെ ഞാൻ വണ്ടികയറി. ലക്‌ഷ്യം ഹിമാലയം ആയിരുന്നെങ്കിലും ബീഹാർ വരെയേ എത്തിയുള്ളൂ. ബുദ്ധന്റെ നാട്ടിൽ നിന്നുതന്നെ സ്വധർമ്മം കണ്ടെടുത്തു. എനിക്കൊരു എൻ ജി ഓ ഉണ്ട്, ഛത്തീസ്‌ഗഡിലെയും ബീഹാറിലെയും അനാഥരായ കുട്ടികളെ വളർത്തുന്ന വിദ്യാബിലാസ്. തുടങ്ങുമ്പോൾ അഞ്ചു കുട്ടികൾ ആയിരുന്നെങ്കിലും ഇപ്പോൾ ആ നമ്പർ നൂറ്റിമുപ്പത്തിയേഴാണ്. സംഖ്യ കൂടുന്തോറും സമൂഹത്തിന്റെ മൂല്യച്യുതിയുടെ സാക്ഷിയാണ് ഞാൻ. രെജിസ്റ്റെർഡ് എൻ ജി ഓ ആയത് കൊണ്ട് ഫണ്ടിനൊന്നും പഞ്ഞമില്ല. കൂടാതെ സർക്കാരിന്റെ ഗ്രാൻഡും കിട്ടുന്നുണ്ട്. ശാരീരികമായി ചൂഷണം ചെയ്യപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളാണ് എൻ്റെ മക്കളിൽ മിക്കവരും. ഓരോ മകളും മകനും ഓരോ ദുഃഖകവിതയാണെന്നു എനിക്ക് തോന്നാറുണ്ട്. കഴിഞ്ഞ മാസം ഏഴു പെൺമക്കളുടെ വിവാഹം ഞങ്ങൾ നടത്തി. സമൂഹത്തിൽ പല നല്ലതും നടക്കുന്നുണ്ട് മായാജീ.." രഘു പറഞ്ഞു നിർത്തി.
"ഞാൻ വരാം.. ഇവിടത്തെ പണികഴിഞ്ഞു നിങ്ങൾതരുന്ന പണം മാനേജർ ഉസ്മാനെ ഏൽപ്പിച്ച് അർധരാത്രിക്കുള്ള ബിലാസ്‌പൂർ വണ്ടിക്ക് തലവെക്കണം എന്നായിരുന്നു എൻ്റെ പ്ലാൻ. എന്തായാലും അതിനേക്കാൾ നല്ലതാണല്ലോ നിങ്ങളുടെ ഒപ്പം വരിക എന്നത്. ആത്മഹത്യക്ക് തീരുമാനിച്ച എനിക്ക് നിങ്ങളെ എന്തിനു പേടിക്കണം?" വിലാസിനിയുടെ ശക്തമായ ശബ്ദം.
"അതെന്തായാലും നന്നായി. പക്ഷെ ഒരു സംശയം ... ബിലാസ്‌പൂർ ട്രെയിൻ തന്നെ വേണം എന്ന് നിർബന്ധം ഉണ്ടോ?" പൊട്ടിചിരിച്ചുകൊണ്ട് രഘു..
"എന്നെ ഈ വിധമാക്കിയ നാരായണൻനായരുടെ തലക്കിരിക്കട്ടെ ആ ശാപം. അങ്ങോര് കഴിഞ്ഞ പതിനഞ്ച് വർഷായിട്ട് അവിടന്നാണ് അഞ്ഞൂറ് ഉറുപ്യ എല്ലാ മാസോം മണി ഓർഡർ വിടുന്നത്!" അവരുടെ ശ്വാസത്തിൽ കിതപ്പേറി.
"എന്തായാലും തന്നെ ഇബടെ വെച്ച് കണ്ടത് നന്നായി. എനിക്കേ അതേ വണ്ടീലാ പോണ്ടത്! ഇനി പാളത്തില് തല വെക്കണ്ടാ.. തേർഡ് ക്ലാസ്സ് ബെർത്തിൽ ഞാനൊരു സീറ്റ് ഒപ്പിക്കാം. നമുക്ക് ബിലാസ്പൂരിൽ പോയിട്ട് നാരായണൻ നായരെയും കാണാം നേരിട്ട്.. ആ മീറ്റിങ്ങ് നരകത്തിലേക്ക് മാറ്റിവെക്കേണ്ട. എന്തേ...?" രഘു ഒരു ചെറുപുഞ്ചിരിയോടെയാണ് ഇത്രയും പറഞ്ഞത്.
അർധരാത്രിക്ക് ബിലാസ്‌പൂർ വണ്ടിയിൽ കയറിയ വിലാസിനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ടി ടി ആർ ബെർത്ത് ഒപ്പിച്ചു തന്നെങ്കിലും ദാക്ഷായണിയമ്മയുടെയും വിദ്യാവിലാസിനിയുടെയും പ്രതീക്ഷകൾ കളിയാടുന്ന മുഖങ്ങൾ ആയിരുന്നു അവരുടെ മനസ്സ് നിറയെ. അടുത്ത അതിജീവനത്തിൻ്റെ യാത്രയിൽ തനിക്ക് കരച്ചിൽ വന്നില്ലല്ലോ എന്നായിരുന്നു സ്വയം അത്ഭുതം തോന്നിച്ചത്. മൂന്നാമത്തെ ദിവസം രഘുവും വിലാസിനിയും ബിലാസ്പൂരെത്തി. വിദ്യാബിലാസിലേക്ക് പോകുന്നതിനു മുൻപ് തന്നെ നാരായണൻ നായരെ കാണാം എന്ന് പറഞ്ഞു സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലേക്ക് രഘു കൊണ്ടുപോയി. വിലാസിനിക്ക് ബോർഡിൽ കൃത്യമായി വായിക്കാൻ കഴിഞ്ഞു.. സ്റ്റേഷൻ മാസ്റ്റർ, നാരായണൻ നായർ!
"നായർ സാർ.. ഞാൻ രഘു കീഴില്ലം, വിദ്യാബിലാസിന്റെ ഡയറക്റ്റർ ആണ്. ഇത് മായ, എൻ്റെ പ്രിയതമ." രഘുവിന്റെ പരിചയപ്പെടുത്തൽ ഇവിടെയും പെട്ടെന്നായിരുന്നു, സംശയത്തിനിട വരുത്താതെ. വിലാസിനിയുടെ ദേഹം വിറച്ചിരുന്നു. മിഴിയുയർത്തി നോക്കാൻ അവർ മടിച്ചു. നായരും അവിശ്വസനീയഭാവത്തിൽ എണീറ്റു നിന്നു. എന്ത് മറുപടി പറയണം എന്നുപോലും അയാൾക്ക് അറിയില്ലായിരുന്നു.
"ഇനി മുതൽ നിങ്ങളുടെ അഞ്ഞൂറ് ഉറുപ്യയും ചേർത്ത് ഞാൻ അയ്യായിരം രൂപ മണി ഓർഡർ അയച്ചോളാം വിദ്യയ്ക്ക്. കാരണം അവളിപ്പോൾ സ്‌കൂൾ കഴിഞ്ഞു കോളേജിൽ പോകാറായി. ഒപ്പം അമ്മമ്മ മാത്രേ ഉള്ളൂ. ഇവളും ഇപ്പോ എൻ്റെ കൂടെയാണ്. നല്ല ചെലവ് ഉണ്ടാവൂലോ സാറേ..അത്ര നിർബന്ധമാണെങ്കിൽ വിദ്യാബിലാസിലേക്ക് സംഭാവന തന്നോളൂ. രശീതി തരാം. ശരി സാർ, പിന്നെ വരാം.. വരൂ മായേ.." രഘുവും വിലാസിനിയും പ്ലാറ്റ് ഫോമിലെ ആൾക്കൂട്ടത്തിനിടയിൽ അലിഞ്ഞില്ലാതാവുന്നത് നാരായണൻ നായർ നോക്കി നിന്നു.
അന്നുമുതൽ വിദ്യാബിലാസിലെ അമ്മയായി വിലാസിനി മാറി, രഘുവിന്റെ മായയായും. നാരായണൻ നായർ അഞ്ഞൂറ് രൂപ മണി ഓർഡർ അയക്കുന്നത് നിർത്തി പകരം, ആയിരം രൂപ വിദ്യാബിലാസിൽ നിക്ഷേപിച്ചുതുടങ്ങി. അതും ചേർത്തു ആറായിരം രൂപ രഘു എല്ലാമാസവും നാരായണൻ നായരുടെ പേരിൽ തന്നെ വിദ്യക്ക് അയച്ചുതുടങ്ങി. വിലാസിനി നാടുവിട്ടതറിഞ്ഞ രാമൻചെക്കൻ അന്നുമുതൽ ദാക്ഷായണിയമ്മക്കും വിദ്യക്കും തുണയായി അമ്പലക്കരയിൽ താമസം തുടങ്ങി. എന്നത്തേയും കൂലി മുഴുവനും വൈകുന്നേരം വിദ്യയുടെ കയ്യിൽ കൊടുക്കാൻ തുടങ്ങി.
വർഷങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.. ഞാറ്റുവേലകൾ മാറിമറഞ്ഞു. വിദ്യാബിലാസിൽ നൂറ്റിമുപ്പത്തിയേഴിൽ നിന്നും മുന്നൂറ്റിനാല്പത്തിയെട്ട് അന്തേവാസികളായി. സമൂഹത്തിന്റെ മൂല്യച്യുതി തുടർന്നുകൊണ്ടേയിരുന്നു.
------ 8 വർഷങ്ങൾക്ക് ശേഷം
അന്ന് രാമൻതോട് ഗ്രാമം ഉൾപ്പെടുന്ന മുനിസിപ്പാലിറ്റി ടൗണിലെ മിഷനറി സഭയുടെ ഗേൾസ് ഹൈസ്‌കൂളിൽ ഒരു അനുമോദനസമാഗമം നടക്കുകയാണ്. ആ ജില്ലയിലെ പുതുതായി ചാർജെടുത്ത സബ് കലക്ടർക്കുള്ള സ്വീകരണച്ചടങ്ങാണ് നടക്കാൻ പോകുന്നത്. ആ സ്‌കൂളിൽ എട്ട് വർഷം മുൻപ് പഠിച്ചിരുന്ന വിദ്യാർത്ഥിനി വിദ്യാവിലാസിനി ഐ എ എസ് ആണ് മുഖ്യാതിഥിയായി അനുമോദിക്കപ്പെടുന്നത്.
ആ ചടങ്ങിലേക്ക് വിദ്യ മൂന്നുപേരെ ക്ഷണിച്ചിരുന്നു. ദാക്ഷായണിയമ്മ, രാമൻ ചെക്കൻ പിന്നെ നാരായണൻ നായർ. ബിലാസ്പൂരിൽ നിന്നും ആ ക്ഷണം സ്വീകരിച്ച് നായർ നേരത്തെ തന്നെ ചടങ്ങിന് എത്തിയിരുന്നു. ഇതുവരെ മണിഓർഡറിലെ പേരിൽ മാത്രം മനസ്സിൽ ഉണ്ടാക്കിയ രൂപം നേരിട്ട് കണ്ട വിദ്യ.. അല്പം തേങ്ങിപ്പോയി. സാമ്പത്തികമായി എപ്പോഴൊക്കെ വിഷമമുണ്ടായാലും നാരായണൻ നായരുടെ പേരിൽ മണിയോർഡർ വരുമായിരുന്നു. എൺപത് വയസ്സ് പിന്നിട്ടെങ്കിലും ദാക്ഷായണിയമ്മയും ചടങ്ങിന് മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിച്ചു. അവരെ കൈപിടിച്ച് നടത്താൻ രാമൻചെക്കനും ഒപ്പം വന്നിരുന്നു.
ചടങ്ങ് തുടങ്ങുന്നതിന് കുറച്ചു മുൻപായി, നായർ വിദ്യയെ ഹാളിന്റെ ഉള്ളിൽ തന്നെ ഏറ്റവും പിൻവശത്തേക്ക് വിളിച്ചു. അവിടെ രണ്ടുപേർ ഇരിക്കുന്നുണ്ടായിരുന്നു. വിലാസിനിയും രഘു കീഴില്ലവും. വിലാസിനി രാമൻതോടിനെ ഉപേക്ഷിച്ച് ബിലാസ്പൂരിലേക്ക് പോയ കഴിഞ്ഞ എട്ടു വർഷക്കാലം; അഞ്ചാറു വാചകങ്ങളിൽ നായർ പറഞ്ഞൊപ്പിച്ചു. വിദ്യയുടെ കണ്ണുകളിൽ ഇരുട്ടുകയറുന്നപോലെ അനുഭവപ്പെട്ടു. എന്നാലും സംയമനം പാലിക്കാൻ വിദ്യക്ക് സാധിച്ചു. അവൾ മൂന്നുപേരുടെയും കാൽക്കൽ വന്ദിച്ചു, അനുഗ്രഹം തേടി. പിന്നീട് ദാക്ഷായണിയമ്മയെയും രാമൻചെക്കനേയും ആലിംഗനം ചെയ്ത് അവൾ വേദിയിലേക്ക് കയറി.
സമൂഹത്തിലെ ഉയർന്ന ശ്രേണിയിൽപെട്ട നിരവധി ആൾക്കാർ തിങ്ങിനിറഞ്ഞ സദസ്സിൽ ഓരോ അനുമോദനവാചകങ്ങൾ തീരുമ്പോഴും കരഘോഷങ്ങൾ ഉയർന്നു. അവസാനം നന്ദിപ്രസംഗത്തിന് വിദ്യ മൈക്കിന് മുന്നിൽ നിന്നു. ഗുരുപ്രാർത്ഥനക്ക് ശേഷം അവൾ സംസാരിച്ചു തുടങ്ങി:
സഹൃദയരെ.. എൻ്റെ പ്രിയപ്പെട്ട കുട്ടികളെ,
എൻ്റെ ഈ എളിയ നേട്ടത്തിൽ എനിക്ക് ആശംസകളും അനുമോദനങ്ങളും പകർന്നുതന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിച്ചുകൊള്ളുന്നു. വേദിയിൽ നിന്നുകൊണ്ട് ഞാൻ എന്ത് പറയണം, എന്നൊക്കെ അത്യാവശ്യം ആലോചിച്ചു വന്ന ഞാനിപ്പോൾ ജീവിതം അല്ലെങ്കിൽ അതിജീവനം എന്ന ഒരു അത്ഭുതത്തിന്റെ ഭാവനിലയിലാണ്. എൻ്റെ ജീവിതത്തെ നേരിട്ട് സ്വാധീനിച്ച എൻ്റെ സ്വന്തം എന്ന് പറയാവുന്ന അഞ്ചുപേരെ കുറിച്ച് എനിക്ക് ഇവിടെ പറയാതിരിക്കാൻ ആവുന്നില്ല. അവരുടെ ഓരോരുത്തരുടെയും സ്വധർമ്മത്തെ കുറിച്ച് ഞാൻ ചിന്തിച്ചു. അപ്പോൾ ശ്രീ ലളിതാസഹസ്രനാമത്തിൽ ഉള്ള ഒരു മന്ത്രം ഓർമ്മ വന്നു:
ധർമ്മാധർമ്മവിവർജ്ജിതാ |
നമ്മൾ ഓരോരുത്തരുടെയും ജീവിതം ധർമ്മവും അധർമ്മവും അടങ്ങിയതാണല്ലോ. എന്താണ് ധർമ്മം, എന്താണ് അധർമ്മം? ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങൾക്കും ഓരോ നിമിഷവും ഓരോ ധർമ്മമുണ്ട്. ആ ധർമ്മത്തെ കർമ്മത്തിലൂടെ മറ്റൊന്നിനും ഗ്ളാനി വരുത്താതെ ചെയ്തു തീർക്കലാണ് സ്വധർമ്മം. മറ്റെന്തിനെങ്കിലും ദോഷമോ, ച്യുതിയോ വരുത്തിയാൽ അത് അധർമ്മമാകുന്നു. സർവ്വം നിറഞ്ഞു നിൽക്കുന്ന ലളിതാംബികക്ക് ധർമ്മവും അധർമ്മവും വിശേഷേണ വർജ്ജിക്കപ്പെട്ടതാണ് എന്ന് മന്ത്രം പറയുന്നു.
ഒന്ന് എൻ്റെ അമ്മമ്മയാണ്, എൺപത് വയസ്സായി എന്നാലും എനിക്ക് ഓർമ്മവെച്ച നാൾ മുതൽ എൻ്റെ കൂടെ മാത്രം ജീവിച്ച വ്യക്തി. വിദ്യാവിലാസിനി ഐ എ എസ് എന്ന വ്യക്തി ഇവിടെ നിങ്ങളോട് സംസാരിക്കുന്നത് ഒരു പക്ഷെ ആ ദിവ്യ തേജസ്സിന്റെ ധർമ്മമാകാം.
രണ്ടാമത് എൻ്റെ വളർത്തച്ഛൻ രാമൻചെക്കൻ ആണ്. എൻ്റെ ഏറ്റവും നേർമ്മയായ ജീവിതസമയത്ത് എനിക്കും അമ്മമ്മക്കും സമ്പൂർണ്ണ സുരക്ഷിതത്വം പ്രദാനം ചെയ്ത ആൾ. അദ്ദേഹത്തിന് അത് ചെയ്യേണ്ടി വന്നത്, അദ്ദേഹത്തിന്റെ ധർമ്മമാണോ, അറിയില്ല.
മൂന്നാമത്, എന്റെ അച്ഛൻ നാരായണൻ നായർ. ഞാൻ ഇന്നാണ് ആദ്യമായി അച്ഛനെ നേരിട്ട് കാണുന്നത്. ഞാൻ ജനിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന് നാടുവിടേണ്ട സാഹചര്യം ഉണ്ടായി. എങ്കിലും എൻ്റെ തുടർന്നുള്ള ജീവിതത്തിനും പഠനത്തിനും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. അദ്ദേഹവും ധർമ്മം അനുഷ്ഠിച്ചു എന്ന് തന്നെ പറയണമല്ലോ!
നാലാമത്, എനിക്കും വളരെ ഇഷ്ടമുള്ള മലയാളത്തിന്റെ യുവകവി, രഘു കീഴില്ലം. അതിജീവനത്തിൽ എൻ്റെ അമ്മയെ സ്നേഹവും തണലും കൊടുത്ത് കാത്തുസൂക്ഷിച്ച ദിവ്യാത്മാവ്. അദ്ദേഹവും ധർമ്മം തന്നെയല്ലേ ചെയ്തത്?
അവസാനം, എൻ്റെ അമ്മ. ഈ അഞ്ചു പേരിൽ മറ്റൊരാൾ പറയാതെ തന്നെ എനിക്ക് പ്രകൃത്യാ എൻ്റെ സ്വന്തം എന്ന് പറയാവുന്ന ഒരേയൊരു ബന്ധം എൻ്റെ അമ്മയാണല്ലോ? കാരണം, അമ്മ എന്ന ഭാവത്തിന്റെ ധർമ്മം, അത് വിശദീകരിക്കേണ്ട ഒന്നല്ല. അത് സംഭവിക്കേണ്ട ഒന്നാണ്. അവരും അവരുടെ ധർമ്മം ചെയ്തിരിക്കുന്നു. ഒരു സമയത്ത്.. നിങ്ങൾ ഇവിടെ തിരിച്ചു വരരുത് എന്ന് പറഞ്ഞ ഞാൻ, അധർമ്മം ചെയ്തില്ലേ? അതേസമയം അവർക്ക് അഭിമാനത്തോടെ തിരിച്ചുവരാൻ, വിദ്യാസമ്പാദനത്തിലൂടെ ഞാനും എൻ്റെ ധർമ്മം ചെയ്തില്ലേ?
ബാക്കി ഞാൻ എല്ലാരുടെയും ചിന്തകൾക്കായി വിട്ടുതരുന്നു. എല്ലാർക്കും മംഗളം നേരുന്നു."
വീണ്ടും കരഘോഷങ്ങൾ ഉയർന്നു.
-------------------------------------------------------------------------------------------
ഒരു നോവിന്റെ സ്പന്ദനം ഹൃദ്യമായി അവതരിപ്പിച്ചു.
ReplyDeleteവളരെ നന്ദിയുണ്ട് ഗിരിജൻ സാർ
Deleteഅതിജീവനം എന്ന അത്ഭുതം മുഴുനീളെ കാണാം ❣️