സുഹൃദ് സ്മരണ | ബിജു എം ~ മുണ്ടൂർ റ്റു മദ്രാസ്
ഗൂഡോൾ 96 | കൊറോണ വൈബ്‌സ് 19 |
ബിജു എം.. മുണ്ടൂർ റ്റു മദ്രാസ്
~~~~~~~~~~~~~~~~~~~~~
പ്രിയരേ
“മുണ്ടൂർ റ്റു മദ്രാസ്” എന്ന ടൈറ്റിൽ വെറുമൊരു പ്രാസം നോക്കി ഇട്ടതാണെങ്കിലും, എൻ്റെ പ്രിയ സുഹൃത്ത് ബിജുവിന്റെ തന്നെ സ്വന്തം ഓർമക്കുറിപ്പുകൾ, അതിലും ഒരു യാഥാർഥ്യം ഉണ്ടെന്ന് വിളിച്ചോതി. തനി കോങ്ങാടൻ നാടായ എഴക്കാടും മദിരാശി എന്ന മദ്രാസ് പട്ടണവും പിന്നെ ലോകത്തിന്റെ നിരവധി നഗരങ്ങളും... ബിജു എന്ന, ഇൻട്രോവേർട്ട് എന്ന് സ്വയം കരുതുന്ന, വേറിട്ട വ്യക്തിത്വം... ബിജു മാങ്ങാട്ട് എന്ന പ്രിയ സുഹൃത്തിന്റെ ജീവിതവീഥിയിലൂടെ ഒന്ന് കണ്ണോടിക്കാൻ കിട്ടിയ അവസരം ഞാനൊരു ഭാഗ്യമായി കരുതുന്നു.
ജ്യോതിഷ് ചോദിച്ചതിൽ കാര്യമുണ്ട്... ബിജു മുണ്ടൂരല്ലല്ലോ... കോങ്ങാടല്ലേ... എഴക്കാട് വില്ലേജിന്റെ ഔദ്യോഗിക നാമം മുണ്ടൂർ-2 ആണ്. അപ്പോൾ മുണ്ടൂർ ശെരിയായി. പിന്നെ മദ്രാസ്... ബിജു പറഞ്ഞ പോലെ “ചെന്നൈ ഹാവ് ഗോട്ട് ആൻ ഇറ്റേണൽ കണക്ഷൻ വിത്ത് മീ”. ബിജൂന്റെ ജീവിതത്തിലെ ഇത് വരെ നടന്നിട്ടുള്ള മിക്കവാറും എല്ലാ പ്രധാന കാര്യങ്ങളും ചെന്നൈ ബന്ധപ്പെട്ടാണ് എന്നതും കൗതുകമാണ്.
ബിജു ജനിച്ചത് പാലക്കാട് കോങ്ങാടിനടുത്തുള്ള എഴക്കാട് ഗ്രാമത്തിൽ. അച്ഛൻ ചെന്നൈയിൽ "ബാറ്റിൽ ടാങ്ക്സ്" ഉണ്ടാക്കുന്ന ആർമി പ്ലാന്റിൽ സൂപ്പർവൈസർ ആയിരുന്നു. അങ്ങനെ പത്താം ക്‌ളാസ് വരെ പഠിച്ചത് ചെന്നൈയിൽ സി ബി എസ് ഇ സിലബസിൽ.
അവർ താമസിച്ചിരുന്നത് ആവഡി എന്ന സ്ഥലത്തായിരുന്നു, ചെന്നൈ സെൻട്രലിൽ നിന്നും 35 കി മി അകലെ. താമസം ഒരു "സെൽഫ് കണ്ടൈൻറ്റ് ടൗൺഷിപ്പിൽ" ആയിരുന്നു. കോഴ്സ് കഴിഞ്ഞതിനു ശേഷം ഇന്ത്യൻ റയിൽവേയുടെ ജെ ഇ ടെസ്റ്റിന് മദ്രാസിൽ പോയപ്പോൾ ഞാൻ ബിജൂന്റെ ആവഡിയിലുള്ള വീട്ടിൽ പോയിട്ടുണ്ട്.
ആ ടൗൺഷിപ്പിൽ ഒട്ടനവധി വേപ്പ് മരങ്ങൾ ഉള്ളതായി ഞാൻ ഓർത്തെടുക്കുന്നു. മദ്രാസിന്റെ ചുട്ടുപൊള്ളുന്ന ഉച്ചനേരത്തുപോലും അവിടെ ശീതളമായ കാറ്റോടുകൂടിയ തണലായിരുന്നു എന്നെനിക്ക് നല്ല ഓർമയുണ്ട്.
ബിജൂന്റെ അച്ഛനും അമ്മയും ജനിച്ചു വളർന്നത് കോങ്ങാട് ദേശത്തുതന്നെ. ഔദ്യോഗിക ജീവിതത്തിലെ ആദ്യ നാളുകളിൽ തന്നെ അച്ഛൻ എഴക്കാട്ട് ഒരു വീട് വെച്ചു, സ്വന്തം സഹോദരിയുടെ അടുത്ത്. ചെന്നൈയിൽ ആണെങ്കിലും ബിജൂന്റെ മാതാപിതാക്കൾ എന്നും പാലക്കാടിനെ ഹൃദയത്തിൽ വെച്ച് നടന്നവർ ആണെന്ന് വായിച്ചെടുക്കാം.
അച്ഛൻ 1960-കളിൽ ചെന്നൈയിൽ ജീവിതം കരുപ്പിടിപ്പിച്ചതാണ്. കൂടാതെ ആർമി മേജർമാരുടെ ട്രെയിനിങ് അച്ഛന് കിട്ടിയിട്ടുണ്ട്. അച്ഛന്റെ ആ അച്ചടക്കവും മിഡിൽ ക്‌ളാസ് ചിന്താഗതിയും ബിജൂനും സ്വാഭാവികമായും ലഭിച്ചു.
അതുകൊണ്ടാവാം പ്രീഡിഗ്രിക്ക് ബിജൂനെ അവർ പാലക്കാട്ടേക്ക് വണ്ടി കയറ്റിയത്. ജീവിതവീഥിയിലെ ആദ്യത്തെ നാഴികക്കല്ല്. ഫസ്റ്റ് ഗ്രൂപ്പിൽ വിക്ടോറിയ കോളേജ്. ചെന്നൈയുടെ ജീവിതശൈലിയിൽ നിന്നും പാലക്കാട്ടേക്കുള്ള കൂടുമാറ്റം ഒരു "കൾച്ചറൽ ഷോക്ക്" ആയിരുന്നു.
പാലക്കാടിന്റെ നാടൻ ശൈലിയിലേക്ക് ഇഴുകിച്ചേരാൻ ബിജൂന് അധികസമയം വേണ്ടിവന്നില്ല. എല്ലാ കസിനുകളും സ്വല്പം മുതിർന്നവർ ആയതിനാൽ അവരുടെ സ്നേഹോഷ്മളതയും മുതൽക്കൂട്ടായി. സമരം, സിനിമ, തുടങ്ങിയ സ്ഥിരം പാലക്കാടൻ കലാപരിപാടികൾക്കിടയിൽ ട്യൂഷനും ഉണ്ടായിരുന്നത് പലപ്പോഴും അനുഗ്രഹമായി. വിക്ടോറിയയിൽ ഇലെക്ട്രിക്കലിലെ സജീവ്, വിശ്വൻ, മെക്കിലെ അരുൺ, പ്രസീദ് എന്നിവരുമായി നല്ല ചങ്ങാത്തം തുടങ്ങിയിരുന്നു.
പി ഡി സി യുടെ അന്ത്യ നാളുകളിൽ എല്ലാവരും "എൻട്രൻസ് പനിയിൽ" കുരുങ്ങിയപ്പോളാണ് ഇനിയെന്ത് എന്ന ചിന്ത ബിജൂനെ അലട്ടിയത്. വിക്ടോറിയയിലെ മാത്‍സ് പ്രൊഫസർ ജോജി സാറാണ് എഞ്ചിനീയറിംഗ് എൻട്രൻസ് എഴുതാൻ അവനെ ഉപദേശിച്ചത്. രണ്ടുമാസത്തെ "സെൽഫ് ക്രാഷ് സ്റ്റഡി" ചെയ്തു എൻട്രൻസിൽ 2021 റാങ്ക് നേടി.
ആർ ഇ സി യിലും അപ്ലിക്കേഷൻ കൊടുത്തിരുന്നത് കൊണ്ട് അവിടെയും ഇന്റർവ്യൂന് പോയി... സീറ്റ് കിട്ടിയില്ലെങ്കിലും ജീവിതത്തിലേക്ക് പിന്നീട് കാത്തുവെച്ച ഒരു സൗഹൃദം അവിടെ നിന്നും ആരംഭിച്ചു... ആർ ഇ സി യിൽ നിന്നും മടങ്ങുമ്പോൾ കുന്നമംഗലത്തുനിന്നും ചാത്തമംഗലത്തേക്കു ബിജുവും നാരായണനും ഒരേ ഓട്ടോയിൽ യാത്ര ചെയ്തു.. കൂടെ നാരായണന്റെ അച്ഛനും ബിജൂന്റെ വല്യച്ഛനും.
ലോകപ്രശസ്തമായ കളമശ്ശേരി ഇന്റർവ്യൂന് ശേഷം ബിജുവും നാരായണനും ഒരേ ക്‌ളാസിൽ ഒരേ ബെഞ്ചിലേക്കും പിന്നെ നാല് വർഷം ബി ടെക് യാത്ര അതിനു ശേഷം ഇതുവരെയുള്ളതും ആയ യാത്ര അവിടെവെച്ചു തുടങ്ങിയതാണ്.
ചെറിയ ചില കണ്ടുമുട്ടലുകൾ പോലും ചിലപ്പോൾ ജീവിതത്തെ ആകമാനം സ്വാധീനിക്കാറുണ്ടല്ലോ. നമുക്കെല്ലാം അവർ ബിജുവും നാരായണനും അല്ല... ബിജു-നാരായണൻ ആണല്ലോ!
കൊള്ലാഷിൽ കാണുന്ന ബിജു നാരായണൻ എന്ന അനുഗ്രഹീത ഗായകനെ എല്ലാർക്കും അറിയാം എന്ന് വിചാരിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജിലാണ് പാട്ടുകാരൻ ബിജു പഠിച്ചത്. സഹപാഠിയായിരുന്ന ശ്രീലതയെ പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ 1998ൽ വിവാഹം കഴിച്ചു. കാൻസർ ബാധിച്ചു ശ്രീലത കഴിഞ്ഞ വർഷം ആഗസ്റ്റിൽ മരിച്ചു.
വടക്കുംനാഥൻ എന്ന ലാൽ ഫിലിമിൽ “കളഭം തരാം ... ഭഗവാനെൻ മനസ്സും തരാം..” എന്ന ട്രാക്ക് ബിജു നാരായണൻ പാടിയത് അനശ്വരമാണ്.
"ഡേ സ്കോളർ" ആയതുകൊണ്ട് ബസിലെ ഫ്രണ്ട്സ് അനവധി... നാരായണൻ, ശ്രീറാം, സജീവ്, വിശ്വൻ അങ്ങനെ സ്‌പെഷൽ കുറച്ചാളുകൾ. വീണ്ടും അവൻ “സ്വയം ഇന്ട്രോവേർട്ട്” എന്ന് പറഞ്ഞത് അതിന്റെ തലതൊട്ടപ്പനായ എനിക്ക് ദഹിക്കാൻ ഇത്തിരി പാടായിരുന്നു. പിന്നെ, കഥ മുന്നോട്ടു പോകണമല്ലോ... ഞാൻ സഹിച്ചു!
അവന്റെ "ഫ്രണ്ട്സ് സർക്കിൾ" വ്യാപിക്കാൻ കുറെ സമയം എടുത്തു എന്നാണ് അവൻ പറയാൻ ഉദ്ദേശിച്ച കാര്യം എന്ന് പിന്നീടെനിക്ക് ബോധ്യമായി. അവന്റെ ലാബ്, പ്രൊജക്റ്റ് ഗ്രൂപ് മെമ്പേഴ്‌സ്, അടുത്തിരുന്ന ജിക്കു, പിന്നിലിരുന്ന ജ്യോതിഷ്, ഞാൻ, മുന്നിലിരുന്ന നിഖിൽ, മണി, അൽത്താഫ്, ജഗ്ഗു, ഹരീഷ് ... അങ്ങനെ എല്ലാവരുമായും ഊഷ്മളമായ സൗഹൃദം എന്നും ബിജൂന് ഉണ്ടായിയുന്നു.
നല്ല ടോപ് സ്‌കോറോടുകൂടി തന്നെ ബിജു എഞ്ചിനീയറിംഗ് പാസ്സായി. അവസാന സെമസ്റ്റർ ആയപ്പോളാണ് പി ജി ചെയ്യാനുള്ള "ഫാൻസി ഐഡിയ" വന്നു തുടങ്ങിയത്. അങ്ങനെ ഗേറ്റ് എഴുതി... കിട്ടി. പല ഇന്റർവ്യൂകൾക്കു ശേഷം അവസാനം അവന്റെ ശിങ്കാര ചെന്നൈയിൽ തന്നെ വന്നു നിന്നു. ഐ ഐ ടി മദ്രാസിൽ “എം എസ് ഇൻ ഓഷ്യൻ എഞ്ചിനീയറിംഗ്”. ബിജു കാവേരി ഹോസ്റ്റലിൽ... തപ്തി ഹോസ്റ്റലിൽ ആത്മാർത്ഥ സുഹൃത്ത് നാരായണനും.
ഐ ഐ ടി ജീവിതം എന്തായാലും, ഏതു നിലക്ക് നോക്കിയാലും വിലയേറിയ അനുഭവങ്ങൾ നിറഞ്ഞതായിരിക്കണമല്ലോ. അങ്ങനെ രണ്ടു വർഷം പി ജി പഠനത്തിനിടക്ക് അനവധി സുഹൃദ് ബന്ധങ്ങൾ ഉണ്ടായി.
അവിടെ വെച്ചാണ് ടി സി എസ് ക്യാമ്പസ് ഇന്റർവ്യൂ ഉണ്ടായത്... ഐ ടി എഞ്ചിനീയർ ആയിട്ട്, സെലെക്ഷൻ ആയി. തന്റെ ഗൈഡും ഉപദേശിച്ചത് കൊണ്ട്, ബി ഐ എസിൽ റിസേർച് എന്ന സ്വപ്നം ബാക്കി വെച്ച് നേരെ അന്ന് “ചൂടായി കൊണ്ടിരുന്ന” ഐ ടി യുഗത്തിലേക്ക് ബിജുവും.
ടി സി എസിലും അനവധി സുഹൃദ് ബന്ധങ്ങൾ ഉണ്ടായി... അതിലൊന്ന് ഇത്തിരി കൂടുതൽ സ്‌പെഷൽ ആയിപ്പോയി എന്ന് ബിജു... തന്റെ ജീവിതസഖി ശരണ്യ. ഇപ്പോൾ ശരണ്യയും ബിജുവും രണ്ടു ആൺമക്കളും (പ്രണവും അഭിനവും) ചെന്നൈയിലെ അടയാർ സ്ഥലത്ത് താമസം. അങ്ങനെ മുണ്ടൂർ റ്റു മദ്രാസ് അന്വർത്ഥമായി ... തലക്കെട്ടുണ്ടാക്കിയ കഥാകൃത്തും ഹാപ്പി!
ടി സി എസ് ജോലി സംബന്ധമായി കുറെ സ്ഥലങ്ങളിൽ ബിജു സഞ്ചരിച്ചു... ഇന്ത്യയിലും അല്ലാതെയും. ലണ്ടനിൽ കുറച്ചധികം സമയം ഉണ്ടായിരുന്നു എന്നോർമ്മയുണ്ട്. അതെ സമയത്തു ടോണിയും അവിടെ ഉണ്ടായിരുന്നല്ലോ. ജോർജ് ജിനു ജോസഫും ലണ്ടനിൽ 2000 മുതൽക്കുണ്ട് എന്ന് എത്ര പേർക്കറിയാം?
"നോട്ടി ഫോർട്ടി" ആയപ്പോളാണ് ബിജു ലോങ്ങ് ഡിസ്റ്റൻസ് റണ്ണിങ് എന്ന ഹോബ്ബിയിലേക്ക് ആകർഷിതനാവുന്നത്. പല നഗരങ്ങൾ, ഹിൽ സ്റ്റേഷൻസ്, ബീച്ചുകൾ അങ്ങനെ ഒരു പാട് സ്ഥലങ്ങളിൽ മാരത്തൺ മുഖേന സന്ദർശിട്ടുണ്ട്.
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനെ ഒരു വിധം കോമ്പൻസേറ്റ് ചെയ്യാൻ റണ്ണിങ് ഗ്രൂപ് സഹായിക്കുന്നുണ്ട്. കൂടാതെ മക്കളോടൊപ്പം വീട്ടിൽ പാചകവും രസകരമായ ഒരു ഹോബി ആണ്. ഇടക്ക് കുടുംബത്തോടൊന്നിച്ചുള്ള യാത്രകൾ റൂടീൻ ജീവിതത്തെ ആഘോഷകരമാക്കുന്നു.
മനോജ് വളരെ സിമ്പിൾ ആയി ഒരൊറ്റ വാചകത്തിൽ ഒതുക്കി... “നമ്മുടെ ഇടയിൽ നല്ല സ്വഭാവം ഉണ്ടായിരുന്നവരിൽ ഏറ്റവും ഡീസന്റ് പയ്യൻ...”
ബിജൂന്റെ പ്രൊജക്റ്റ് ഗ്രൂപ് ഫോട്ടോ ആരുടെ അദ്ധ്യായത്തിൽ ഇടണം എന്ന സംശയത്തിൽ ഇരിക്കുകയായിരുന്നു ഞാൻ. ബിജൂന്റെ തന്നെ കൊള്ലാഷിലാണ് അത് ശെരിക്കും ഫിറ്റ് ആയത്.
ആശ പറയുന്നത്, അവൻ ഈ ഗ്രൂപ്പിൽ വന്നതിനു ഒരു പാട് ദുഃഖിച്ചിട്ടുണ്ടാവും എന്നാണ്. കാരണം ആ ഫോട്ടോ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും... ബിജുവും മുരാരി സാറും ഒഴികെ ബാക്കി എല്ലാരും ചിരി അമർത്തി നിൽക്കുകയാണ്. ഫ്ലാഷ് അടിച്ചതും എല്ലാംകൂടെ അട്ടഹസിക്കാൻ നിൽക്കുകയാണ്. ഗ്രൂപ്പിൽ ഒരാളേ എന്തെങ്കിലും ചെയ്യൂ... അത് ബിജു മാത്രം.
എല്ലാരുടെയും റെക്കോർഡും അസൈൻമെന്റും എല്ലാം ഒരേ ഭാഷ, വർണം, കോഡ്, വർഗം... ഇനി എന്തൊക്കെ... ബിജി... ഇടക്കൊക്കെ ചൂടായിരുന്നു എന്ന് ആശ ... എന്തിനായിരുന്നു എന്നോർമ്മയില്ല പോലും !
എപ്പോഴും ഒരു പുഞ്ചിരിയുമായി നിൽക്കുന്ന ബിജു എന്ന സർവം സഹായി ആയ സുഹൃത്തിനെ മറവികൾക്കിടയിലും മറക്കാതെ ബിജി.
ബോബിയുടെ സേഷണൽ മാർക്കിന്റെ പകുതിയും ബിജുവിന്റെ സംഭാവന ആയിരുന്നത്രെ! ഒരിക്കൽ വൈകുന്നേരം കോളേജ് കഴിഞ്ഞു അരുൺ എം, ഹരീഷ് എന്നിവരോടൊപ്പം അവന്റെ വീട്ടിൽ പോയത് ബോബി ഓർത്തെടുക്കുന്നു.
ജിക്കു ചെന്നൈ ഉണ്ടായിരുന്നപ്പോൾ ഐ ഐ ടി യിൽ വെച്ച് നടന്ന യേശുദാസ് സംഗീത വിരുന്നിന് (സാരംഗ്) അവരുടെ ഒപ്പം താമസിച്ചത് അവൻ ഓർക്കുന്നു. ബിജുവിൽ എന്നും ഒരു “ചുപാ രുസ്തം” ഉണ്ടെന്നും ജിക്കു! കോഴിക്കോട്ട് നരിക്കുനി ബസിലെ “പവർ ബ്രെയ്ക്” എപിസോഡിലെ രണ്ടു സാക്ഷികളിൽ ഒരാൾ ബിജു...
ഹരീഷിന്റെ സ്മരണകൾ അതേ പടി പകർത്തുന്നു... “എനിക്ക് ബിജുവും ആയി ഉള്ള ഓർമ്മകൾ കുറവാണ്... ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല... നേരിട്ടുകാണുമ്പോൾ ഒരു ചെറു ചിരി മാത്രം... സംസാരിച്ചാലും ശബ്ദം ആവശ്യത്തിന് മാത്രം പുറത്തേക്കു കേൾക്കും... വളരെ സീരിയസ് ആയ നേച്ചർ... എന്റെ നോട്ടത്തിൽ നമ്മുടെ ക്ലാസ്സിലെ രണ്ടു പ്രൊഫസർ മാരിൽ ഒരാൾ.... ഒന്ന് നാണു... ഫുൾ അഗ്രസ്സീവ്... മറ്റെയാൾ സൈലന്റ് ബിജു... ആർക്കും ഒരു ശല്യം ഇല്ല... സഹായിക്കാൻ മടിയും ഇല്ല...”
ജ്യോതിഷിന്റെ ഓർമയിൽ... “എ വെൽ ഡ്രെസ്സ്‌ഡ്, സ്റ്റുഡിയസ് ആന്റ് സീരിയസ് സ്റ്റുഡന്റ്”. ജ്യോതിഷിന്റെ തരൂർ ഇംഗ്ലീഷിൽ പറഞ്ഞാൽ “ബോയ്‌സ്‌റ്റെർസ് ആൻഡ് ഇൻഫെക്ഷ്യസ്" ചിരിയുടെ ഉടമയാണ് ബിജു.
ബോയിസ്റ്റെർസ് = ഉത്സാഹമുള്ള, ശബ്‌ദമുഖരിതമായ, കോലാഹലത്തോടു കൂടിയ: ഇൻഫെക്ഷ്യസ് = സാംക്രമികമായ, എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്ന.
ഇത്തിരി പ്രയാസമാണെങ്കിലും ബിജുവിനെ ഒന്ന് ചിരിപ്പിച്ചാൽ, അത് നനഞ്ഞ പടക്കത്തിൽ തീ കൊളുത്തി പിന്നെ കത്തിപ്പടരുന്ന പോലെ നിർത്താൻ പറ്റാതെ അങ്ങനെ അങ്ങനെ പോവും.. അത് നിർത്താൻ മിക്കവാറും മണിയുടെ ജയസൂര്യ ചിരിയാണ് മറുമരുന്ന്.
മിനിയുടെ തലവേദനഹാരി സാരിഡോൺ ആശ എന്ന പോലെ ജ്യോതിഷിന്റെ പുഞ്ചിരിയോഗഗുരു ബിജു ആണ്. അത് തന്നെയാണ് ബിജുവിന്റെ ചിരഞ്ജീവി ആയിട്ടുള്ള ബോയിഷ് ലുക്ക് എന്ന് ജ്യോതിഷ്, ജയസൂര്യ ആയി മൊഴിയുന്നു.
ചെന്നൈയിലേക്കുള്ള ട്രെയിൻ യാത്രകൾ, സമ്മർ വക്കേഷൻസ്, കോഴ്‌സിന് ശേഷം അമേരിക്കയിൽ പോവുന്നതിന് മുമ്പുള്ള നാളുകൾ എല്ലാം ബിജുവുമായി അടുത്ത് ഇടപഴകാൻ ജ്യോതിഷിനു അവസരം നൽകി.
ഇപ്പോൾ ജ്യോമിനിയുടെ ഇന്ത്യ വിസിറ്റുകളിലെ സ്ഥിരം അജണ്ടയാണ് "ബിജൂന്റൊപ്പം കാപ്പി". മിക്കവാറും അതിരാവിലെ മറീന ബീച്ചിലെ റണ്ണിങ് ട്രാക്ക് ആണ് മീറ്റിംഗ് പോയിന്റ്. പലപ്പോഴും ശ്രീരാമകൃഷ്ണൻ, തോമസ്, നാരായണൻ, സജി, ജിക്കു തുടങ്ങിയവരുടെയും സാന്നിധ്യം കൊണ്ട് ഒരു "മിനി ജി ടി" തന്നെ ആയി മാറാറുണ്ട് ആ സന്ദർശനങ്ങൾ.
ഇനി എന്റെ ഓർമകളിൽ, ബിജു എന്നും വളരെ അടുത്ത സുഹൃത്താണ്. നാരായണന്റെ എഫക്ട് ആണോ എന്നറിയില്ല... പലപ്പോഴും പരസ്പരം "ചേട്ടാ" എന്നാണ് വിളിക്കുന്നത്... അവന്റെ എഴക്കാട്ടുള്ള വീട്ടിലും ഞാൻ പോയിട്ടുണ്ട്. ആവഡി വീട്ടിൽ പോയപ്പോൾ അച്ഛനെയും അമ്മയെയും കണ്ടു സംസാരിക്കാൻ അവസരം കിട്ടി.
ജിക്കു, നാരായണൻ, ജഗ്ഗു, ശ്രീറാം എന്നിവരുടെ വീട്ടിൽ ഒന്നിച്ചു പോയതും താമസിച്ചതും എല്ലാം നല്ല സ്മരണകൾ മാത്രം ഉണർത്തുന്നു. നിർമിതി കേന്ദ്ര- കോഴിക്കോടൻ ദിനങ്ങൾ, സൗഹൃദം ദൃഢമാക്കി. ആശയുടെ കല്യാണത്തിന് തലേന്ന് എന്റെ വീട്ടിൽ താമസിച്ച സംഘത്തിലും ബിജു ഉണ്ടായിരുന്നല്ലോ.
ബൈജു'സ് ആപ്പ് നമുക്കെല്ലാം അറിയാമല്ലോ. ബിജുവിന്റെ പ്രാസമായി ഓർമ്മ വന്നതാണ് ബൈജു രവീന്ദ്രൻ എന്ന പഴയ കണക്ക് മാഷിനെ. ഇപ്പോൾ ബൈജു'സ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി റൈറ്റ്സ് കൈവശം ഉള്ള കമ്പനി ആണ്. ഷാരൂഖ് ഖാൻ ആണ് ബ്രാൻഡ് അംബാസഡർ.
വേറെ ഒരു പ്രാസം ആണ് മലയാള സിനിമയിലെ ജനപ്രിയനായ സഹനടൻ ബൈജു. 1982ലാണ് ആദ്യമായി ബാലതാരം ആവുന്നത്. കുടുംബപുരാണം എന്ന സിനിമയിലെ കൗമാരക്കാരൻ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സ്ത്രീധനം എന്ന സിനിമയിലെ റോളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം ബൈജുവിന് ലഭിച്ചു. ലുസിഫെറിലെ മുരുകൻ എന്ന റോൾ, ബൈജു സന്തോഷ് എന്ന പ്രത്യേക തിരുവനന്തപുരം സ്ലാങ് കാരൻ, അസ്സലാക്കി.
ഒറീസ്സയുടെ മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ബിജു പട്നായിക് ഇന്ത്യ മുഴുവൻ അറിയപ്പെടുന്നത്. അദ്ദേഹം യൗവനത്തിൽ സാഹസികനായ ഒരു എയർഫോഴ്സ് പൈലറ്റ് ആയിരുന്നു. നെഹ്‌റുജിയുടെ ഓർഡറിൽ ഇൻഡോനേഷ്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. അതുപോലെ 1947ൽ കാശ്മീർ ഓപ്പറേഷനിലും അദ്ദേഹം അതിസാഹസിക നീക്കങ്ങൾ നടത്തിയിട്ടുണ്ട്.
അനിൽ കുംബ്ലെയുടെ ചില സാമ്യത നമ്മൾ ബിജുവിൽ കണ്ടെടുത്തു. പ്രത്യേകിച്ചും ചെറുപ്പകാലത്ത് കുംബ്ലെ ഗ്ലാസ് വെക്കുമായിരുന്നു.. മീശയും. കുംബ്ലെ പോലെ ചില ഗൂഗ്ലികളും ബിജുന്റെ മാത്രം വിശേഷതയാണെന്നു നാല് വർഷം അവന്റെ വാമഭാഗത്ത് ഇരുന്ന ജിക്കു ഓർക്കുന്നു!
ഇതാണ് 40% പാലക്കാട്, 40% ചെന്നൈ, 20% യൂറോപ് മിശ്രിതമായ ബിജു മാങ്ങാട്ട് എന്ന മാരതോണർ ...
സസ്നേഹം എം പി
മസ്കറ്റ്
20 ഏപ്രിൽ 2020 : 11:43 am
Comments
Post a Comment