എന്താണ് ആത്മീയതയിലെ പക്വത | M A T U R I T Y in S P I R I T U A L I T Y

എന്താണ് ആത്മീയതയും അതിലെ പക്വതയും …
{ ഈ അദ്ധ്യായം വായിക്കുന്ന എല്ലാവരോടുമുള്ള ഒരു അപേക്ഷ: ആത്മീയത എന്ന വിഷയം കൈകാര്യം ചെയ്യാനുള്ള വിവേകമോ അതിനുതക്ക അറിവോ എനിക്കില്ല എന്നുള്ള പൂർണ്ണബോധത്തിലാണ് ഈ എഴുത്ത്. ഞാൻ ഇതുവരെ ചിന്തിച്ചുപോന്നതും കാലക്രമത്തിൽ അവിടെയും ഇവിടെയും ആയി സംഗ്രഹിച്ചതും ആയിട്ടുള്ള കുറെ സന്ദേശങ്ങളെ കൂട്ടിയെഴുതാനുള്ള ശ്രമമാണ് ഞാനിവിടെ നടത്തുന്നത്. ലളിതമായി ഈ വിഷയത്തെ സമീപിക്കണം എന്നുമാത്രമേ എന്റെ ലക്ഷ്യമുള്ളൂ.
ഈ വിഷയത്തിൽ സംശയമില്ലാത്ത ജ്ഞാനമുള്ളവർ ഇതിലെ തെറ്റുകൾ തിരുത്തി അതിന്റെ ശരിയായ വശം പങ്കുവെക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. }
ആത്മീയത എന്നത് നിരവധി കാഴ്ചപ്പാടുകൾക്ക് ഇടമുള്ള വിശാലമായ ആശയമാണ്. പൊതുവേ, നമ്മുടെ മാനുഷികമായ തലത്തിനേക്കാൾ ബൃഹത്തായ അഥവാ ഔന്നത്യമാർന്ന എന്തെങ്കിലും സൂചിപ്പിക്കുന്ന ഒരു അർത്ഥം ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല ജീവിതാർത്ഥം തേടുന്നതിനുള്ള സന്ദേശം, അതിനുള്ള പാഠങ്ങൾ, തിരുവെഴുത്തുകൾ എന്നിവയെല്ലാം ആത്മീയതയിൽ പെടുന്നു. അതുപോലെ, ഇത് ഒരു സാർവത്രിക മനുഷ്യ അനുഭവമാണ് അഥവാ മനുഷ്യരാശിയെ മുഴുവൻ സ്പർശിക്കുന്ന ഒന്ന്.
ക്ഷേത്രങ്ങൾ, അമ്പലങ്ങൾ, ധർമ്മസമാജങ്ങൾ, ആധ്യാത്മികാശ്രമങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളുമായി ആത്മീയജീവിതം സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിലർ കരുതാം. മറ്റുള്ളവർക്ക് ദൈവവുമായുള്ള വ്യക്തിപരമോ, സംഗത്തിലൂടെയോ ഉയർന്ന ശക്തിയുമായുള്ള പ്രാർത്ഥന അഥവാ ഉപാസന എന്ന നിലയിൽ ആശ്വാസം ലഭിക്കാനുള്ള മാർഗ്ഗമായും ആത്മീയതയെ വിശദീകരിക്കാം.
മറ്റുചിലർ പ്രകൃതിയുമായോ കലയുമായോ സാഹിത്യമായോ ഉള്ള ബന്ധത്തിലൂടെ ജീവിതത്തിന്റെ അർത്ഥം തേടുന്നു. ഓരോരുത്തരുടെ ജീവിതലക്ഷ്യബോധം പോലെ, ആത്മീയതയെക്കുറിച്ചുള്ള വ്യക്തിപരമായ നിർവചനം ജീവിതത്തിലുടനീളം മാറാം എന്നൊരു കൗതുകകരമായ വസ്തുതയും നാം അറിയേണ്ടതുണ്ട്. ഇത്തരം മാറുന്ന നിർവ്വചനങ്ങൾ സ്വന്തം അനുഭവങ്ങളോടും ബന്ധങ്ങളോടും ജീവിതസാഹചര്യങ്ങളോടും നേരിട്ട് തന്നെ പൊരുത്തപ്പെട്ടിട്ടുള്ളതാണെന്നും ഓർക്കേണ്ടതുണ്ട്.
ആത്മീയത എന്നത് മനുഷ്യരാശിയുടെ തന്നെ ഒരു ഭാവമാണ്, അത് വ്യക്തികൾ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും തേടുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന രീതിയാണ്. കൂടാതെ ഓരോരുത്തരും അനുനിമിഷം, സ്വയം, മറ്റുള്ളവരുമായും, പ്രകൃതിയുമായും, സ്വന്തം ഇന്ദ്രിയങ്ങളുമായും, വിവേകബുദ്ധിയുമായും ഉള്ള ബന്ധം എങ്ങനെ അനുഭവിക്കുന്നു എന്ന രീതിയെ സൂചിപ്പിക്കാനും ആത്മീയത എന്ന ഭാവത്തെ പരിഗണിക്കാറുണ്ട്.
ആത്മീയത എന്നാൽ നമ്മൾ ഓരോരുത്തരെയും ദൈവം അഥവാ ഉന്നതശ്രേഷ്ഠമായ ഒരു സങ്കല്പവുമായുള്ള സമ്പർക്കം പുലർത്താൻ ഉതകുന്ന ഏതൊരു അനുഭവത്തെയും അങ്ങനെ വിളിക്കാവുന്നതാണ്.
ആത്മീയതയുടെ ആഴത്തിലുള്ള ആചരണം നമ്മളെ പ്രപഞ്ചവുമായി പൊരുത്തപ്പെടുത്താൻ കാരണമാവുന്നു. ഒപ്പം അനന്തത്തെക്കുറിച്ചുള്ള ഉത്തരങ്ങൾക്കായി പരിശ്രമിക്കുകയും ചെയ്യുന്നു. വ്യക്തി-വൈകാരിക സമ്മർദ്ദം, ശാരീരിക അസ്വാസ്ഥ്യം അല്ലെങ്കിൽ മരണം എന്നിവ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആത്മീയത ഗുണമായി ഭവിക്കുന്നു.
ആത്മീയത മതത്തിന്റെ ഘടകങ്ങളെ ഉൾക്കൊള്ളുമെങ്കിലും, ഇത് പൊതുവെ വിശാലമായ ഒരു ആശയമാണ്. മതവും ആത്മീയതയും ഒരുപോലെയല്ല, എന്നാൽ അവ പരസ്പരം തികച്ചും വ്യത്യസ്തവുമല്ല. ഇത് മനസിലാക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതോടൊപ്പം ചേർത്തിട്ടുള്ള ഓവർലാപ്പുചെയ്യുന്ന രണ്ട് വൃത്തങ്ങൾ നോക്കുന്നതാണ്:
ആത്മീയതയിൽ, ചോദ്യങ്ങൾ ഇവയാണ്: വ്യക്തിപരമായി അർത്ഥം, ബന്ധം, മൂല്യം എന്നിവ ഞാൻ എവിടെ കണ്ടെത്തും?
മതത്തിൽ, ചോദ്യങ്ങൾ ഇവയാണ്: എന്താണ് സത്യവും ശരിയും?
വിശ്വാസം, ആശ്വാസം, പ്രതിഫലനം, ധാർമ്മികത, വിസ്മയം; വൃത്തങ്ങൾ ഓവർലാപ്പ് ചെയ്യുന്നിടത്ത് വ്യക്തിഗത അനുഭവങ്ങളാണ്, അതിൽ നാം ചിന്തിക്കുന്ന, അനുഭവിക്കുന്ന, പെരുമാറുന്ന രീതിക്കനുസരിച്ചു ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു.
ഇതുവരെയുള്ള വായനയിൽ നിന്നും നമുക്ക് കാണാവുന്ന കാര്യം ഇതാണ്:
നമ്മളെക്കാൾ വലുതായി എന്തെങ്കിലും അർത്ഥവത്തായ ബന്ധം തേടുന്ന ഭാവമാണ് ആത്മീയത; അത് സമാധാനം, വിസ്മയം, സംതൃപ്തി, കൃതജ്ഞത, സ്വീകാര്യത തുടങ്ങിയ സ്പഷ്ടമായ വികാരങ്ങൾക്ക് കാരണമാകും.
ജീവിതത്തിൽ വൈകാരിക ആരോഗ്യം എന്നത് ഒരു നല്ല മാനസികാവസ്ഥ വളർത്തിയെടുക്കുന്നതിനാണ്; അത് നമ്മളെക്കാൾ വലുതായി എന്തെങ്കിലും ആയി ബന്ധിപ്പിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ നമ്മുടെ കാഴ്ചപ്പാട് വിശാലമാക്കും. അപ്പോൾ ഒരു വ്യക്തിയുടെയോ, കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ അഥവാ ഒരു രാജ്യത്തിന്റെ തന്നെയോ സ്വാഭാവികമായതും അത്യന്താപേക്ഷിതവുമായ സന്തുലിതാവസ്ഥക്ക് ആത്മീയത ഫലപ്രദമാകും എന്ന വസ്തുത നമുക്ക് ഉറപ്പിക്കാം.
അങ്ങനെ, മനുഷ്യവികാരങ്ങളും ആത്മീയതയും വ്യത്യസ്തമാണെങ്കിലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ആത്മാവും ആത്മീയതയും
വളരെ കാലം മുതൽക്കേ ഉള്ളൊരു സംശയമാണ്: ആത്മാവിനെ അറിയലല്ലേ ഈ ആത്മീയത? ഏതാണ്ടൊരു ശരി ഇതിൽ ഉണ്ടെങ്കിലും പൂർണ്ണമായും ആ ആശയം സ്വീകരിക്കപ്പെടും എന്നെനിക്ക് തോന്നുന്നില്ല. അതുകൊണ്ടും കൂടി, ആത്മാവ് എന്നതിനെ അറിയാനുള്ള ശ്രമത്തെ ഞാൻ ഈ അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നില്ല.
ആന്തരിക സദ്‌ഗുണങ്ങളുമായി സന്തുലിതാവസ്ഥയും സമാധാനവും സ്ഥാപിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് തന്നെക്കാൾ ഉയർന്ന വ്യക്തിത്വവുമായി ഐക്യം നേടാൻ കഴിയുന്ന സമ്പൂർണ്ണ പാത ആത്മീയത ഉറപ്പാക്കുന്നു. ആത്മീയ യാത്രയിൽ നാം വെറും മനുഷ്യരല്ല. ഒരു മനുഷ്യ യാത്രയിൽ നാം ആത്മീയജീവികളാവുകയാണ്.
സ്വയം പൂർണ്ണമായി മനസിലാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ആത്മീയത കൈവരിക്കാൻ കഴിയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ മനുഷ്യനിലും ആത്മീയതയുണ്ട്, എന്നിരുന്നാലും, അവരുടെ ആത്മീയതയെക്കുറിച്ച് അവർക്കറിയില്ല. ഒരാളിൽ അടങ്ങിയ ആത്മീയത അറിയുന്നതിന്, ലോകത്തിൽ അയാളുടെ അസ്തിത്വം ആദ്യപടിയായി കണ്ടെത്തണം എന്നുള്ളതാണ്. ഒരു ആത്മീയ വ്യക്തിക്ക് മാനുഷികത, സഹതാപം, കർമ്മം, ലൗകികമായ നിലനിൽപിന് ശേഷമുള്ള ജീവിതം എന്നിവയെക്കുറിച്ച് ബോധമുണ്ടായിരിക്കും.
ഒരു മനുഷ്യനെന്ന നിലയിൽ, നമ്മുടെ ആന്തരികസത്തയെക്കുറിച്ചും ബാഹ്യസ്വയത്തെക്കുറിച്ചും അറിയാൻ തുടങ്ങുന്നതാണ് ആത്മീയതയുടെ അടിസ്ഥാനം. ആന്തരികമായ സത്തയാണ് ആത്മീയ അസ്തിത്വം. ചുറ്റുപാടുമുള്ള പരിസ്ഥിതിയുമായും അതിലെ ജീവജാലങ്ങളുമായും സ്വയം ബന്ധപ്പെടുത്തി വ്യക്തി ബാഹ്യസ്വയത്തെക്കുറിച്ചും ബോധവാന്മാരായിരിക്കണം. ഉദാഹരണത്തിന്, മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വളരുന്നതിന് അവയ്ക്ക് സുരക്ഷയും പരിപോഷണവും ആവശ്യമാണ് എന്ന വസ്തുത അറിയുന്നത് തന്നെയാണ് യഥാർത്ഥ ആത്മീയജീവിതം. നമ്മുടെ ആത്മാവും ജീവജാലങ്ങളുടെ ആത്മാവും തിരിച്ചറിയാനുള്ള ശ്രമം ആത്മീയതയിലൂടെ നടക്കുന്നു.
സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും ചുറ്റുമുള്ള ആളുകളെക്കുറിച്ചും നന്നായി അറിയുന്നൊരാൾക്കു, മറ്റുള്ളവരെ സേവിക്കാനും ഭൗതികമായ നിലനിൽപ്പിനിടയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും കഴിയും.
ഒരു മനുഷ്യൻ എന്ന നിലയിൽ സ്വയം കുറവുകളും സദ്‌ഗുണങ്ങളും അറിയുമ്പോൾ, അത് അയാൾക്ക് ആത്മസ്വാതന്ത്ര്യം നേടാനുള്ള ശരിയായ പാത നൽകുന്നു. ഒരു ആത്മീയ വ്യക്തി അങ്ങനെ ദൈവത്തോട്, സ്വന്തം ഇച്ഛാശക്തിയും വാക്കാലുള്ള അസ്തിത്വബോധവും ഉപയോഗിച്ച് ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു പ്രബുദ്ധമായ അന്തഃകരണത്തോടുകൂടിയ ദിവ്യാത്മാവാകുന്നു.
ഭഗവദ്ഗീതയിൽ എട്ടാം അധ്യായമായ ക്ഷരാക്ഷരബ്രഹ്മയോഗത്തിൽ അർജുനന്റെ അനവധി സംശയങ്ങൾക്ക് ഭഗവാൻ ശ്രീകൃഷ്ണൻ വിശദമായ ഉത്തരങ്ങൾ നൽകുന്നത് ശ്രദ്ധിക്കാം. മൂന്നാമത്തെ ശ്ലോകം ഇപ്രകാരമാണ്:
ശ്രീ ഭഗവാനുവാച~
അക്ഷരം ബ്രഹ്മ പരമം സ്വഭാവോഽദ്ധ്യാത്മ മുച്യതേ |
ഭൂതഭാവോദ്ഭവകരോ വിസർഗഃ കർമ്മസംജ്ഞിതഃ ||
ശ്രീ ഭഗവാൻ പറഞ്ഞു~
ഉത്കൃഷ്ടവും നാശരഹിതവുമായ വ്യാപകവസ്തുവെയാണ് ഇവിടെ ബ്രഹ്മമെന്നു പറഞ്ഞിട്ടുള്ളത്. ദേഹം കൊണ്ട് ഗൂഢമായ പ്രത്യഗാത്മാവിനെയാണ് ഇവിടെ അദ്ധ്യാത്മമെന്നു പറഞ്ഞിട്ടുള്ളത്. സൃഷ്ടിവ്യാപാരത്തെയാകുന്നു കർമ്മമെന്നു പറയുന്നത്. അത് ഭൂത ഭൗതിക വസ്തുക്കളുടെ ഉത്പത്തിക്ക് കാരണവുമാകുന്നു.
അദ്ധ്യാത്മം എന്ന വാക്കിന് സംസ്കൃതത്തിൽ രണ്ട് അർത്ഥങ്ങളുണ്ട്. ഒന്ന് ആത്മാവിന്റെ ശാസ്ത്രം, രണ്ടാമത്തേത് ആത്മീയതയിലേക്കുള്ള പാത. എന്നിരുന്നാലും, ഇവിടെ ശരീരം, മനസ്സ്, ബുദ്ധി എന്നിവ ഉൾപ്പെടുന്ന സ്വന്തം സത്ത അഥവാ ദേഹിയെ വിവരിക്കാൻ ശ്രീകൃഷ്ണൻ ഉപയോഗിച്ചിട്ടുണ്ട്.
എന്താണ് ആത്മീയ പക്വത?
ശ്രീമദ് ഭഗവദ് ഗീതയിൽ ഭഗവാന്റെ ഉപദേശങ്ങളിൽ മൂന്നാം അധ്യായമായ കർമ്മയോഗത്തിലെ 27 , 28 എന്നീ ശ്ലോകങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും:
ശ്ലോകം 27 -
प्रकृते: क्रियमाणानि गुणै: कर्माणि सर्वश: |
अहङ्कारविमूढात्मा कर्ताहमिति मन्यते || 27 ||
പ്രകൃതേ: ക്രിയമാണാനി ഗുണൈഃ കർമ്മാണി സർവ്വശ: |
അഹംകാരവിമൂഢാത്മാ കർതാഹിമിതി മന്യതേ ||
സാരം: പ്രകൃതിയുടെ കാര്യമായ ഇന്ദ്രിയങ്ങൾ, വിഷയങ്ങളിൽ പല വിധത്തിലും വ്യാപരിക്കുമ്പോൾ ആത്മതത്വമറിയാത്തവൻ ഞാനാണ് കർത്താവെന്നു വിചാരിക്കുന്നു.
മനസ്-ശരീരം എന്ന സംവിധാനത്തിന്റെ പ്രവർത്തനങ്ങൾക്ക് അന്തഃകരണം ഉത്തരവാദിയാണ്, കാരണം ഇന്ദ്രിയങ്ങൾ-മനസ്സ്-ബുദ്ധി എന്ന സംവിധാനം അന്തഃകരണത്തിൽനിന്നും പ്രചോദനം സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ശ്ലോകം 28 -
तत्त्ववित्तु महाबाहो गुणकर्मविभागयो: |
गुणा गुणेषु वर्तन्त इति मत्वा न सज्जते || 28 ||
തത്വവിത്തു മഹാബാഹോ ഗുണകർമ്മവിഭാഗയോ: |
ഗുണാ ഗുണേഷു വർത്തന്ത ഇതി മത്വാ ന സംജ്ഞതേ ||
ഗുണകർമ്മങ്ങളെ വേർതിരിച്ചറിഞ്ഞു, വിഷയേന്ദ്രിയസംബന്ധം കൊണ്ടുണ്ടാകുന്ന കർമ്മത്തിൽ ഒരു വിധത്തിലും ആത്മാവ് സംബന്ധിക്കുന്നില്ലെന്നു മനസ്സിലാക്കി തത്വജ്ഞാനി ഫലാസക്തനാകുന്നില്ല.
അഹംഭാവം തീർത്തും ഉപേക്ഷിച്ചവർ തികച്ചും ഭൗതികമായ അറിവുകളിൽ പെട്ടുഴറുന്നില്ല. ഇത്തരം പുണ്യാത്മാക്കൾ വെറും ദേഹസംബന്ധമായ വിഷയങ്ങളിൽ നിന്നും ആത്മീയമായ സ്വത്വബോധത്തെ കൃത്യമായി തിരിച്ചറിയുന്നു.
എപ്പോഴാണ് നമ്മുടെ ആത്മീയ പക്വതയുണ്ടാവുന്നത് എന്ന ചോദ്യത്തിന് ആചാര്യന്മാരുടെ വ്യാഖ്യാനങ്ങൾ ഇവയാണ് :

1 - മറ്റുള്ളവരെ മാറ്റാനുള്ള ശ്രമം നിർത്തി, പകരം സ്വയം മാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ആത്മീയ പക്വത നേടുന്നു - ആത്മപരിവർത്തനം
ഭഗവദ് ഗീതയിലെ മൂന്നാം അദ്ധ്യായത്തിലെ ശ്ലോകം 35 ഈ അവസരത്തിൽ മനസ്സിലാക്കാവുന്നതാണ്.
ശ്ലോകം 35 -
श्रेयान्स्वधर्मो विगुण: परधर्मात्स्वनुष्ठितात् |
स्वधर्मे निधनं श्रेय: परधर्मो भयावह: || 35 ||
ശ്രേയാൻ സ്വധർമ്മോ വിഗുണ :
പരധർമ്മാത് സ്വനുഷ്ഠിതാത്
സ്വധർമ്മേ നിധനം ശ്രേയഃ
പരധർമ്മോ ഭയാവഹ :
നന്നായനുഷ്ഠിക്കുന്ന പരധർമ്മത്തെക്കാളും ഗുണരഹിതമാണെങ്കിലും സ്വധർമ്മം ശ്രേഷ്ഠമാകുന്നു. സ്വധർമ്മം ചെയ്ത് മരിച്ചുപോയാലും അത് നല്ലതിനേ ആവൂ. പരധർമ്മം അത്രയും ഭയങ്കരമാണ്.
പരധർമത്തിലും കർമ്മത്തിലും ആകൃഷ്ടമാവാതെ സ്വന്തം കഴിവിനും വിവേകത്തിനും ഉതകുന്നതലത്തിൽ ചെയ്യുന്ന കർമ്മങ്ങൾക്ക് എന്നും ശ്രേഷ്ഠത കൈവരുന്നു എന്ന വസ്തുതയാണ് ഇവിടെ നമുക്ക് മനസ്സിലാവുന്നത്.
2 - ആളുകളെ അവരുടെ മൗലികമായ തലത്തിൽ സ്വീകരിക്കുക - സമാനുഭാവം
മറ്റുള്ളവർക്ക് അവരുടേതായ അതുല്യ വ്യക്തികളാകാൻ അവകാശമുണ്ടെന്ന് കാണാനുള്ള കഴിവാണ് സ്വീകാര്യത. അതിനർത്ഥം അവരുടെ സ്വന്തം വികാരങ്ങൾക്കും ചിന്തകൾക്കും അഭിപ്രായങ്ങൾക്കും അവകാശമുണ്ടെന്നാണ്. ആളുകളെ അവർ ആരാണെന്ന് അംഗീകരിക്കുമ്പോൾ, അവരെ മാറ്റാനുള്ള നമ്മുടെ ആഗ്രഹം നാം ഉപേക്ഷിക്കുന്നു.
അവർക്ക് തോന്നുന്ന രീതിയിൽ അനുഭവിക്കാൻ നമ്മൾ അവരെ അനുവദിക്കണം, അവരെ വ്യത്യസ്തരാക്കാനും വ്യത്യസ്തമായി ചിന്തിക്കാനും അനുവദിക്കണം. എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ വ്യത്യസ്തരാണ്. ഈ സത്യം മനസ്സിലാക്കി കഴിഞ്ഞാൽ, നമ്മൾ ആഗ്രഹിക്കുന്ന ആളുകളായി അവരെ മാറ്റാനുള്ള ശ്രമം അവസാനിപ്പിച്ച് അവർ ആരാണെന്ന് അംഗീകരിക്കാൻ തയ്യാറാവുന്നു.
3 - മറ്റുള്ളവർ എല്ലാം അവരുടെ സ്വന്തം വീക്ഷണകോണിൽ ശരിയാണെന്ന് മനസ്സിലാക്കുക
മറ്റുള്ളവരുടെ വീക്ഷണം തെറ്റാണെന്ന് ആരോടെങ്കിലും പറയുക എന്നത് അവരുടെ അനുഭവം തെറ്റാണെന്ന് അവരോട് തന്നെ പറയുക എന്നതാണ്. ഒരു കാഴ്ചപ്പാടിന് ശരിയോ തെറ്റോ എന്ന ലക്ഷണങ്ങൾ ഇല്ല. കാഴ്ചപ്പാടുകളിലൂടെ തങ്ങളുടെ ധർമ്മത്തെ നന്നായി അറിയിക്കാനോ അല്ലെങ്കിൽ കുറച്ച് വിവരങ്ങൾ മാത്രം നൽകാനോ കഴിയും.
കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങളിൽ രൂപപ്പെടുത്തൽ, ആവിഷ്ക്കരിക്കൽ, ശുദ്ധീകരണം, അച്ചടക്കം എന്നിവ ആവശ്യമാണ്; അല്ലാതെ ആളുകളുടെ കാഴ്ചപ്പാടുകളിലല്ല.
4 - വേണ്ടാത്തത് വിടാനുള്ള ജ്ഞാനവും ധൈര്യവും ആർജ്ജിക്കുക
യഥാർത്ഥത്തിൽ പരിണമിക്കാനുള്ള ഏക മാർഗം ഭൂതകാലം ഭൂതകാലമായിരിക്കട്ടെ എന്ന തുറന്ന മനസ്സോടെ മുന്നോട്ട് പോകുക എന്നതാണ്. ഭൂതകാല പിശാചുക്കളെ സ്വയം വേട്ടയാടാൻ അനുവദിക്കുകയാണെങ്കിൽ, അവർ എന്നെന്നേക്കുമായി ദുരിതങ്ങൾ സമ്മാനിക്കും. തെറ്റുകളിൽ നിന്ന് മനസിലാക്കുക, പക്ഷേ അവയിൽ വസിക്കരുത്. ആരെങ്കിലും നമ്മളോട് അന്യായം ചെയ്തതായി തോന്നുന്നുവെങ്കിൽ, അത് അവരുടെ പ്രശ്‌നമാകട്ടെ - നമ്മുടേതല്ല.
നമ്മുടെ ഭൂതകാലം നമ്മളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതേ അവസ്ഥയിൽ നമ്മളെ നിർവചിക്കാനോ തടഞ്ഞുനിർത്താനോ അനുവദിക്കാനാവില്ല. പ്രത്യേകിച്ചും നമ്മൾ എന്തെങ്കിലും വിഷമത്തിലാണെങ്കിൽ, നീരസം മുറുകെ പിടിച്ചു ജീവിക്കുന്നത് മണ്ടത്തരമാണ്, കാരണം ഇത് ഒരു വിഷം പോലെയാണ്. ആ മോശം വികാരങ്ങൾ ഉപേക്ഷിച്ച് മുന്നോട്ട് പോകാൻ നമ്മൾ പഠിക്കണം.
പ്രതീക്ഷകൾ സന്തോഷത്തേക്കാൾ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നു. ദാനം ചെയ്യുന്ന സദ്പ്രവൃത്തിയെ സമ്മർദത്തിൽ നിന്നുണ്ടാകുന്ന ക്രോധം തടയുന്നു. ഇത് കുറ്റബോധം സൃഷ്ടിക്കുന്നു; അത് നിരാശയിലേക്ക് നയിക്കുന്നു, തുടർന്ന് വിനാശവും.
ഈ അവസരത്തിൽ ശ്രീ ഭഗവദ് ഗീതയിലെ മൂന്നാം അദ്ധ്യായത്തിലെ 30 ആം ശ്ലോകം മനസ്സിലാക്കുന്നത് നല്ലതാണ്:
ശ്ലോകം 30 -
मयि सर्वाणि कर्माणि संन्यस्याध्यात्मचेतसा |
निराशीर्निर्ममो भूत्वा युध्यस्व विगतज्वर: || 30 ||
മയി സർവ്വാണി കർമ്മാണി
സന്ന്യാസ്യാദ്ധ്യാത്മചേതസാ |
നിരാശീർനിർമ്മമോ ഭൂത്വാ
യുദ്ധ്യസ്വ വിഗതജ്വരഃ ||
സാരം : കർമ്മങ്ങളെല്ലാം ഈശ്വരനിൽ സമർപ്പിച്ചു ആദ്ധ്യാത്മഭാവത്തോടുകൂടി, ആശയും മമതയും വിട്ട്, വരുന്ന ക്ലേശത്തെ വകവെക്കാതെ, ചെയ്യേണ്ടത് ചെയ്യുക.
എല്ലാ പ്രവൃത്തികളും ദൈവത്തിനു സമർപ്പിക്കുന്നതിനുള്ള ബോധത്തിന് അഥവാ യജ്ഞം അനുഷ്ഠിക്കുന്നതിന്, എല്ലാം സ്വന്തം ആണെന്നുള്ള അവകാശവാദം ഉപേക്ഷിക്കുകയും വ്യക്തിപരമായ നേട്ടങ്ങൾ, ആർത്തി, ക്രോധത്തിൽനിന്നും ഉത്ഭവിക്കുന്ന വിഷാദം എന്നിവയുമായുള്ള ബന്ധം വിച്ഛേദിക്കുകയും വേണം.
6 - എന്തു കർമ്മവും സ്വയം സമാധാനത്തിനായി ചെയ്തു തീർക്കുക
ശ്രീബുദ്ധന്റെ ഒരു ഉൾക്കാഴ്ച ഇപ്രകാരമാണ്:
“തെറ്റ് ചെയ്യുന്നതിനേക്കാൾ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾ ചെയ്യുന്നതെന്തും നിങ്ങൾ സ്വയം അനുഭവിക്കേണ്ടിവരും എന്നോർക്കുക.”
ഈ ഉൾക്കാഴ്ചയിൽ രണ്ട് നിർണായക ഘടകങ്ങളുണ്ട്. ആദ്യം, എല്ലാം ബോധാവസ്ഥയിൽ പ്രവർത്തിക്കുക, അബോധാവസ്ഥയിൽ കർമ്മരംഗത്തുനിന്നും മാറിനിൽക്കുക. രണ്ടാമത്, നിങ്ങൾ ചെയ്യുന്നതെന്തും നിങ്ങളുടെ മേൽ സ്വാധീനം ചെലുത്തും എന്ന കൃത്യമായ ബോധം എന്നും ഉണ്ടാവണം. അതിനാൽ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നന്നായി അറിയുക.
നിങ്ങൾ മറ്റുള്ളവരെ നശിപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സന്തോഷമായി തുടരാനാവില്ല. അസ്തിത്വം ഒരു വൃത്തമാണ്, ചാക്രികമാണ്. ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതികരണമുണ്ട്. നിങ്ങൾ ആളുകളെ ദ്രോഹിക്കുകയാണെങ്കിൽ, ദോഷം നിങ്ങളിലേക്ക് മടങ്ങിവരും. നിങ്ങൾ ആളുകളെ സ്നേഹിക്കുന്നുവെങ്കിൽ, സ്നേഹം നിങ്ങളിലേക്ക് മടങ്ങിവരും. ലോകം എന്തിനെയും പ്രതിധ്വനിപ്പിക്കുന്നു, പിന്നിലേക്ക് പ്രതിഫലിപ്പിക്കുന്നു. ലോകത്തിന് നിങ്ങൾ ആദ്യം നൽകിയ കാര്യങ്ങൾ മാത്രമാണ് ലോകം നിങ്ങൾക്ക് തിരിച്ചു നൽകുന്നത്. ഈ അസ്തിത്വ നിയമം പിന്തുടർന്ന്, എല്ലായ്പ്പോഴും ഓർക്കുക, നിങ്ങൾ ചെയ്യുന്നതെന്തും ആത്യന്തികമായി നിങ്ങളിൽ തന്നെ വന്നുപതിക്കുന്നു.
7 - എത്രമാത്രം സ്വയം ബുദ്ധിമാനാണെന്ന് ലോകത്തിന് തെളിയിക്കുന്നത് നിർത്തുക
എല്ലാവരേയും ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ നമ്മൾ കുറ്റമറ്റവരാണെന്ന് ലോകത്തെ കാണിക്കാൻ ചിലപ്പോൾ നാമെല്ലാവരും ശ്രമിക്കാറുണ്ട്. പക്ഷേ എല്ലാവരേയും പ്രസാദിപ്പിക്കാൻ നമുക്കാർക്കും കഴിയില്ല, അതിനു ശ്രമിക്കരുത്. നമ്മുടെ സൗന്ദര്യം; നമ്മുടെ ദുർബലതകളിലും, സങ്കീർണ്ണമായ വികാരങ്ങളിലും, ആധികാരിക അപൂർണതകളിലും അടങ്ങിയിരിക്കുന്നു.
നമ്മൾ സ്വയം ആരാണ്, എന്താണ് എന്നുള്ള പരിപൂർണ്ണ ബോധം ആർജ്ജിക്കുകയും സ്വന്തം ആധികാരികത പുലർത്താൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവർ നമ്മളെങ്ങനെയുണ്ട് എന്ന് വിലയിടുന്നത് പ്രതീക്ഷിക്കാതെ, യഥാർത്ഥ ബന്ധങ്ങൾ, യഥാർത്ഥ സന്തോഷം, യഥാർത്ഥ വിജയം എന്നിവയ്ക്കായി ചെയ്യേണ്ടത് ചെയ്യുക. നമ്മളിലെ കുറ്റങ്ങളും കുറവുകളും ഒരു മുഖാവരണം അണിഞ്ഞതിലൂടെ മറയപ്പെടുന്നില്ല. ഒരാൾ, അയാൾ അല്ലാത്ത ഒരാളായി നടിക്കേണ്ട ആവശ്യമില്ല.
മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നമ്മൾ അടിയന്തിരമായോ അല്ലാതെയോ ലക്ഷ്യമിടുമ്പോൾ, നാം ആഗ്രഹിക്കുന്നത് പുറത്തുനിന്നുള്ള ഉറവിടങ്ങളിൽ നിന്നുള്ള അംഗീകാരം തേടലാണ്. നാം സ്വയം നൽകേണ്ട അംഗീകാരം, പുറം ലോകത്തുനിന്നും പ്രതീക്ഷിച്ച് എത്തുമ്പോഴേക്കും, നാം സ്വയം നിരാശയുടെ പടുകുഴിയിൽ വീണിരിക്കും. മറ്റുള്ളവരുടെ അംഗീകാരം നമ്മൾ എല്ലായ്‌പോഴും തേടുമ്പോൾ, സ്വയം അംഗീകരിക്കേണ്ടതെങ്ങനെയെന്ന് അറിയാനുള്ള അവസരങ്ങൾ ആണ് നമുക്ക് നഷ്ടമാകുന്നത്.
സ്വയം അറിയാതെ തന്നെ, മറ്റുള്ളവരുടെ അംഗീകാരം തേടിക്കൊണ്ടുള്ള പ്രയത്നം സ്വന്തം ഫലപ്രാപ്തിയെ പോലും പ്രതികൂലമായി ബാധിച്ചേക്കാം. മറ്റുള്ളവർ നമ്മളിൽ നിന്നും എന്ത് പ്രതീക്ഷിക്കുമെന്നതിനെക്കുറിച്ച് ആശങ്കാകുലരാവുന്നതിലൂടെ, നമ്മൾ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് പോലും ഒഴിവാക്കിയേക്കാം. അതോടൊപ്പം നമ്മുടെ കംഫർട്ട് സോണിനു പുറത്തു ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യേണ്ടത്, ആകാംക്ഷയും വിഷാദവും ജാള്യതയും മൂലം ശ്രമിക്കാതെ പോവുന്നു. സമൂഹത്തിൻറെ അംഗീകാരം കാത്തിരുന്ന് സാധ്യതയുള്ള അവസരങ്ങൾ നിരസിക്കാൻ നമ്മൾ വശംവദരായേക്കാം, കാരണം നമ്മുടെ ആകാംക്ഷ മുഴുവൻ മറ്റുള്ളവരുടെ പ്രതീക്ഷയിലുള്ള പ്രകടനം ആയിരിക്കണം എന്ന വിശ്വാസത്തിൽ രൂഢമൂലമാവുന്നു.
9 - സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിർത്തുക
നമ്മുടെ ജീവിതത്തെ മറ്റൊരാളുടെതുമായി താരതമ്യപ്പെടുത്താതെ ആസ്വദിക്കുക. നമ്മുടെ സ്വന്തം ശക്തികൾ നോക്കിക്കാണാനും നമ്മുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാനും കഴിയുന്നതാണ് യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ, കാരണം ഈ കഴിവില്ലാതെ, നമ്മൾ ചലനാത്മകമാവില്ല, സ്വയം പ്രയത്നത്തിൽ വിശ്വസിക്കുകയുമില്ല.
നമുക്ക് സ്വന്തമായുള്ള എല്ലാ സൗകര്യങ്ങളെക്കുറിച്ചും, നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും, നമ്മെ സഹായിക്കുന്നവരെക്കുറിച്ചും, ജീവിതം നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചും ചിന്തിക്കാനും അതിനുള്ള നന്ദി പ്രകടിപ്പിക്കാനും അഹംഭാവമില്ലാതെ ആരംഭിക്കുന്നതിലൂടെ അനാവശ്യ താരതമ്യം എന്ന പിശകിൽ നിന്നും നമുക്ക് പതിയെ മുക്തി നേടാം. ഇത് ഒരു പതിവ് പരിശീലനമാക്കുക, നമ്മുടെ ജീവിതത്തിൽ മുമ്പത്തേക്കാൾ സന്തോഷം നിറയാൻ തുടങ്ങുന്നത് നമുക്ക് അനുഭവിക്കാനാകും.
10 - സ്വയം സമാധാനത്തിൽ കഴിയാൻ ശ്രമിക്കുക
നമുക്കുള്ളിൽ തന്നെ നാം സ്വയം സമാധാനം കണ്ടെത്തുമ്പോൾ, മറ്റുള്ളവരുമായി സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യക്തിയായി മാറുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.
നാമെല്ലാവരും ചിലരുടെ ഇനിപ്പറയുന്ന സാഹചര്യങ്ങൾ കാണുന്നവരാണ് :
- ആളുകൾ റോഡിൽ മറ്റുള്ളവരെ അപമാനിക്കുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു.
- അനിയന്ത്രിതമായ ക്രോധത്തിന്റെ പരിണതഫലങ്ങളുമായി ശാരീരിക പോരാട്ടങ്ങൾ നടത്തുന്നു.
- രാഷ്ട്രീയ വിഷയങ്ങളിൽ വിദ്വേഷത്തോടെ അനന്തമായ അനാവശ്യ സംവാദങ്ങൾ.
മറ്റുള്ളവരുമായി സമാധാനത്തിലാകാതിരിക്കാനും അതുമൂലം നമ്മളുമായി തന്നെ സമാധാനത്തിലാകാതിരിക്കാനുമുള്ള ഉദാഹരണങ്ങളാണ് മേല്പറഞ്ഞതെല്ലാം.
ഈ മനോഭാവത്തിന് നിരവധി കാരണങ്ങളുണ്ട് :
1 : നമ്മൾ എങ്ങനെ നമ്മുടെ ജീവിതം നയിക്കുന്നുവെന്നതിലുള്ള അതൃപ്തി - ഈ അതൃപ്തി നമ്മളെ ക്രോധത്തിലേക്കും അതിലൂടെ നിരാശയിലേക്കും വിഷാദത്തിലേക്കും അവിവേകത്തിലേക്കും പിന്നീട് സർവ്വനാശത്തിലേക്കും നയിക്കുന്നു.
2 : വിഫലത അഥവാ നിഷേധാത്മകതയെ പരിപോഷിപ്പിക്കുന്ന അനാരോഗ്യകരമായ ജീവിതശൈലികൾ - മിക്കവർക്കും, ഗുണനിലവാരമില്ലാത്ത ഭക്ഷണം, ഉറക്കക്കുറവ്, വിട്ടുമാറാത്ത പിരിമുറുക്കം തുടങ്ങിയവ അനാരോഗ്യകരമായ അന്തരീക്ഷം വളർത്തിയെടുത്തിട്ടുണ്ട്, അത് സ്വാഭാവികമായും മറ്റുള്ളവരോടുള്ള നമ്മുടെ നിഷേധാത്മകത അല്ലെങ്കിൽ തീവ്രമായ വൈമുഖ്യം പ്രകടിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
3 : അഹംഭാവം നിറഞ്ഞ ജീവിതരീതി - നമ്മുടെയുള്ളിൽ അഹംഭാവം നിറയുമ്പോൾ സ്വയവും നമ്മുടെ സ്വന്തം എന്ന് കരുതുന്നവരിലും സമൂഹത്തിലും അതിന്റെ അനാരോഗ്യപരമായ അനുരണനങ്ങൾ പരക്കുന്നു. ഇത് നമ്മിലും മറ്റുള്ളവരിലും കഷ്ടതയുണ്ടാക്കുന്നതോടൊപ്പം എല്ലാത്തരം പ്രവർത്തനങ്ങളേയും തെറ്റായ ദിശയിലേക്ക് ഉന്തിവിടുന്ന പ്രവണതകളിലേക്കും നയിക്കുന്നു. അങ്ങേയറ്റം അസന്തുലിതമായ രീതിയിൽ നമ്മുടെ ജീവിതം മുന്നോട്ടു തള്ളിവിടേണ്ട ഒരു സാഹചര്യത്തിലേക്ക് അനുവാദം നൽകലാണ് അഹംഭാവത്തിലൂടെ നമ്മൾ ചെയ്യുന്നത്.
4 : വ്യക്തിത്വവികസനത്തിന്റെ പോരായ്മ - വ്യക്തിപരമായി വളരുക എന്നത് മിക്കവാറും എല്ലാ മനുഷ്യരുടെയും ബുദ്ധിപരമായ ജീവിത രീതിയായിരിക്കണം.നിർഭാഗ്യവശാൽ, ബഹുഭൂരിപക്ഷം ആളുകളും ഈ രീതിയിൽ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല, അതിനാലാണ് വളരെയധികം കഷ്ടപ്പാടുകളും കുഴപ്പങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്. വ്യക്തിഗത വളർച്ചയുടെ മാനസികാവസ്ഥയിൽ ഏർപ്പെടുകയെന്നാൽ ആരോഗ്യം, ബന്ധങ്ങൾ, ചിന്താഗതി മുതലായ എല്ലാ മേഖലകളിലും നമ്മുടെ ജീവിതത്തിന്റെ ആരോഗ്യകരമായ പുരോഗതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.
11 - "ആവശ്യം", "ആഗ്രഹം" എന്നിവ തമ്മിൽ വേർതിരിച്ചറിയാൻ കഴിയണം; ആഗ്രഹങ്ങളെ നിയന്ത്രിക്കാനും
ആവശ്യങ്ങൾ എന്ന പദം കൊണ്ട്, ഒരു മനുഷ്യന് ആരോഗ്യകരമായ ജീവിതം നയിക്കാൻ അത്യാവശ്യമായ ഘടകങ്ങളെയാണ് അർത്ഥമാക്കുന്നത്. വ്യക്തിപരവും മനഃശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ ഇത്തരം ആവശ്യങ്ങൾ ഒരു ജീവിയുടെ നിലനിൽപ്പിന് തന്നെ പ്രധാനപെട്ടതാണ് എന്ന അറിവാണ് മുഖ്യം.
പണ്ടുകാലം മുതൽക്കേ മനുഷ്യന്റെ മൂന്ന് അടിസ്ഥാന ആവശ്യങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ്. എന്നാൽ കാലക്രമേണ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും അവിഭാജ്യമായിത്തീർന്നു, കാരണം അവ ജീവിതനിലവാരം ഉയർത്തുന്നതിലും നിലനിർത്തുന്നതിലും ഗണ്യമായ പങ്കുവഹിക്കുന്നു. അവർ ഒരു വ്യക്തിയുടെ പ്രഥമ പരിഗണനയാണ്, അവ നമ്മളെ ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്തുന്നു. അതിനാൽ, ആവശ്യങ്ങൾ യഥാസമയം തൃപ്തികരമല്ലെങ്കിൽ, അത് രോഗം, ക്ഷീണം, മാനസികമായ അനാരോഗ്യം അല്ലെങ്കിൽ മരണം എന്നിവയ്ക്ക് പോലും കാരണമായേക്കാം.
ആഗ്രഹങ്ങൾ നിർവചിക്കപ്പെടുന്നത്, ഒരു വ്യക്തി അഥവാ വ്യക്തികൾ ഉടനടിയോ അല്ലെങ്കിൽ പിന്നീടോ കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്ന സ്വത്തുക്കളെയാണ്. ലളിതമായി പറഞ്ഞാൽ, ഭൗതികത ആവശ്യപ്പെടുന്ന അത്തരം ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കാൻ സാമ്പത്തിക-വ്യാവസായിക പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളാണ് ആഗ്രഹങ്ങൾ. അവ ഇച്ഛാനുസൃതമാണ്, അതായത്, ഒരു വ്യക്തി ആഗ്രഹപൂർത്തീകരണത്തിൽ തൃപ്തനല്ലെങ്കിലും അതിജീവിക്കുന്നു. കൂടാതെ, ആഗ്രഹങ്ങൾ ഓരോ വ്യക്തിക്കും കാലാകാലങ്ങളിലും വ്യത്യാസപ്പെടാം.
ജീവിക്കാൻ, നമുക്ക് അവശ്യം ഉണ്ടായിരിക്കേണ്ടതാണ് ആവശ്യങ്ങൾ. നേരെമറിച്ച്, ജീവിതത്തിൽ സുഖസൗകര്യങ്ങൾ കൂട്ടുവാനായി മാത്രമുള്ളതാണ് ആഗ്രഹങ്ങൾ.
ചുരുക്കത്തിൽ പറഞ്ഞാൽ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രത്യേക ശക്തികളാണ്, അത് സംതൃപ്തിക്കായി വ്യത്യസ്തമായ നിലകളെ പ്രതിബിംബിപ്പിക്കുന്നു. ആവശ്യങ്ങൾ യഥാസമയം നിറവേറ്റുന്നില്ലെങ്കിൽ, ഒരു വ്യക്തിയുടെ നിലനിൽപ്പ് അപകടത്തിലാണ്, അതേസമയം ആഗ്രഹങ്ങൾ എന്നത് ഒരു വ്യക്തി കൊതിക്കുന്ന ഒന്നാണ്, അത് തൃപ്തികരമല്ലെങ്കിൽ ഒരു വ്യക്തിയുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുന്നില്ല എങ്കിലും അയാളെ ക്രോധത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്നു.
12 - ഭൗതികമായ വസ്തുവകകളിൽ നിന്ന് മാത്രം സന്തോഷം പ്രതീക്ഷിക്കുന്നത് നിർത്തുക
നിങ്ങൾക്ക് സന്തോഷമായിരിക്കണമെങ്കിൽ, നല്ല അനുഭവങ്ങൾക്കായി സമയവും ശേഷിയും ചെലവഴിക്കുക അല്ലാതെ സമ്പത്തിലും ആഡംബരത്തിലും അനാവശ്യവിനോദങ്ങളിലും അല്ല വേണ്ടത്. ഭൗതികസുഖം സന്തോഷത്തിലേക്ക് നയിക്കാത്തതിന്റെ കാരണങ്ങൾ താഴെ കാണാം :
- പുതിയ വസ്തുവകകൾ തൽക്ഷണ സംതൃപ്തി നൽകുന്നു, ഉറപ്പാണ്, പക്ഷേ ജീവിതത്തിലുടനീളം സന്തോഷവും സമാധാനവും നൽകാൻ അവക്കാവില്ല.
- സമ്പത്തും പേരും നേട്ടങ്ങളും പിന്തുടരുന്നത് പ്രധാനപ്പെട്ട കാര്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ്: യഥാർത്ഥ ജീവിതലക്ഷ്യങ്ങൾ നേടാതെപോകുന്നു.
- ഭൗതികവസ്‌തുക്കൾ തരുന്ന തൽക്ഷണ സംതൃപ്‌തിക്ക് നമ്മൾ അടിമകളായിത്തീരുകയാണ്. ആർത്തിമൂലം എത്രമാത്രം ഉണ്ടെങ്കിലും അത് ഒരിക്കലും മതിയെന്ന് തോന്നുന്നില്ല.
- അത്യാഗ്രത്തിന്റെ തിമിരം ബാധിക്കുമ്പോൾ നമ്മൾ വാങ്ങിക്കൂട്ടുന്ന എല്ലാ സാധനങ്ങളും ഉപയോഗിക്കാനുള്ള സമയമോ ആരോഗ്യമോ ഇഷ്ടമോ പോലും നമുക്കില്ലാതെവരുന്നു. എന്തൊരു അക്രമമാണ് നമ്മൾ ഇങ്ങനെ ദാരിദ്ര്യം നിറഞ്ഞ മനുഷ്യരാശിയോടും ഈ ഭൂമിയോടും ചെയ്യുന്നത്?!
- കുറവ് സാധനസാമഗ്രികൾ സമം കുറവ് അലങ്കോലം സമം കുറവ് സമ്മർദ്ദം. അലങ്കോലമില്ലാത്ത ഒരു വീട് സന്തോഷപ്രദവും ക്രമീകൃതവും ആണെന്നതിൽ തർക്കമില്ല. എല്ലാ ലൗകിക സ്വത്തുക്കളിൽ നിന്നോ അല്ലെങ്കിൽ കഠിനമായ ധനസമ്പാദനശ്രമങ്ങളിൽ നിന്നോ സ്വയം ഒഴിഞ്ഞുമാറണമെന്ന് പറയുന്നില്ല, എന്നാൽ ക്രമരഹിതമായ ഒരു വീട്ടിൽ താമസിക്കുന്നത് സമ്മർദ്ദത്തിലാക്കുമെന്നതിൽ ഒരു സംശയവുമില്ല. നമുക്ക് ഇതിനെ അഭിമുഖീകരിക്കേണ്ടത് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വാങ്ങിച്ചുകൂട്ടുന്ന രീതിയും ശൈലിയും സ്വഭാവവും പാടേ ഉപേക്ഷിച്ചുകൊണ്ടാണ്.
- കൂടുതൽ എന്നത് എല്ലായ്പ്പോഴും മികച്ചതാവണമെന്നില്ല. അതിരുകടന്ന സുഖജീവിതം നയിക്കാൻ പെടാപ്പാടുപെടുന്നത് ജീവിതത്തിലെ ചെറിയതും തികച്ചും ആഹ്ളാദകരവുമായ ചില കാര്യങ്ങൾ ആസ്വദിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. വേഗത കുറയ്‌ക്കുക, ലളിതമാവുക, വർത്തമാനകാലത്തിൽ ജീവിക്കാൻ പഠിക്കുക, ഒപ്പം ദീർഘനേരം നീണ്ടുനിൽക്കുന്ന പുഞ്ചിരിക്ക് എല്ലാ ആരോഗ്യപരമായ അനുഭവങ്ങളും ആസ്വദിക്കുക.
- സന്തോഷം എന്നത് സമ്പത്തുകൊണ്ട് വാങ്ങാൻ കിട്ടുന്ന ഒന്നല്ല. നല്ല അനുഭവങ്ങൾക്കായി സമയവും ശേഷിയും ചെലവഴിക്കുന്നതിലൂടെ നമുക്ക് താൽപ്പര്യമുള്ള ആളുകളുമായും സംഘങ്ങളുമായും കൂടുതൽ അടുക്കാൻ സഹായിക്കുകയും ജീവിതകാലം മുഴുവൻ ഓർമ്മിക്കുന്ന പരമാനന്ദകരമായ അനുഭവങ്ങൾ നൽകുകയും ചെയ്യും.
ജീവിതത്തെക്കുറിച്ച് എന്നും ഊർജ്ജസ്വലത തോന്നണമെങ്കിൽ, സ്വയം ഒരു ലളിതമായ പ്രചോദന സംവിധാനം സൃഷ്ടിക്കേണ്ടതുണ്ട്.
ആത്മീയത അഥവാ അദ്ധ്യാത്മികത ആ പാതയിലേക്കുള്ള ഒരു ദിശാബോധിനിയാണ്
ഇന്ദ്രിയ മനോബുദ്ധ്യഹങ്കാരങ്ങളിൽ പക്വത വന്നാലേ ആത്‍മീയത ആവുകയുള്ളു. പക്വത ഇല്ലാത്ത ആത്മീയത പ്രഭാഷണത്തിനേ ഉപകരിക്കൂ...
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
My references: -
1. University of Minnesota
2. Ankita Prakash, speakingtree.in
3. Sreemad Bhagavat Gita-Bhavarthabodhini, Sreeramakrishna Matam
4. Holy-Bhagavad-Gita.org
Comments
Post a Comment