നവരാത്രി ചിന്തകൾ | ഭഗവതി, ദേവി, അമ്മ
ഗുരുകൃപാമൃതം
നന്ദി | അമൃതകുടുംബം
ഭഗവതിയെ ഒരു ദേവി അഥവാ ഒരു ദേവത എന്ന ഭാവത്തെക്കാൾ, അമ്മയായി ആരാധിക്കാനാണ് നമുക്കേറ്റവും ഇഷ്ടം. അമ്മയെ ശക്തിയായും വിദ്യയായും ഐശ്വര്യമായും നാം സങ്കൽപ്പിക്കുന്നു.
ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ജീവിതത്തെ നേരിട്ടാൽ ലോകമാതാവിന്റെ വാത്സല്യവും കരുതലും സുരക്ഷയും നമുക്ക് ലഭിക്കുന്നതാണ്. ഒരു കുഞ്ഞിന് അവന്റെ അഭിമാനം, അഹംഭാവം, അത്യാഗ്രഹം തുടങ്ങിയഇന്ദ്രിയാഭിലാഷങ്ങളുടെ രാഗദ്വേഷങ്ങൾ ഇല്ലെന്നു കാണാം.
ഇങ്ങനെയുള്ള നിഷ്കളങ്കഭക്തിയിലൂടെ നമുക്കേവർക്കും ദേവിയാകുന്ന അമ്മയെ പ്രത്യക്ഷത്തിൽ കാണാമെന്ന് അനവധി ഉപാസകരുടെ അനുഭവങ്ങളിലൂടെ നമ്മൾ കേട്ടിട്ടുണ്ട്. ഈശ്വരീസങ്കല്പത്തിന്റെ ഔന്നത്യബോധത്തിൽ, തന്റെ നിഷ്കളങ്കഭക്തിയുടെ യാഗാഗ്നിയിലൂടെ ഉപാസനാഫലമായുണ്ടാകുന്ന മനഃശ്ശക്തിയിൽ ആണ് ഒരു ഭക്തൻ, ദേവിയെ അഥവാ അമ്മയെ ദർശിക്കുന്നത്. അത് നിരന്തരം ത്യാഗത്തിലൂടെ സ്വയം അർപ്പണമനോഭാവത്തിലുള്ള തലത്തിലാണ് പ്രാവർത്തികമാവുന്നത്.
ദേവിയുടെ ചേതനയും തേജസ്സും ഓജസ്സും നമ്മുടെ ഇന്ദ്രിയങ്ങളിലും ശരീരം ഒന്നാകെയും മനസ്സിലും വന്നുനിറയുന്നത് നമുക്ക് അനുഭവവേദ്യമാകുന്ന നിമിഷമാണ് ഗുരുകൃപാമൃതം! ഈശ്വരാനുഗ്രഹത്തിന്റെ നിർമ്മലമായ പ്രസാദം തന്നെയാണത്.
അമ്മയുടെ ക്ഷീരം പോലെ, അമ്മ നേദിച്ചുണ്ടാക്കുന്ന നൈവേദ്യം പോലെ, ആ പ്രസാദം നമ്മുടെ എല്ലാവരുടെയും ജീവിതത്തെ ഐശ്വര്യപൂർണ്ണവും സുരക്ഷിതവും ഭക്തിസാന്ദ്രവും ആക്കട്ടെ എന്ന് ഈ നവരാത്രിയുടെ പാവനമായ ഏഴാം ദിനത്തിൽ, അമ്മയുടെ ഭദ്രകാളീരൂപസങ്കല്പത്തിന്റെ ഭാവം മനസ്സിൽ ദർശിച്ചുകൊണ്ട് ആശംസിക്കുന്നു.
സ്വന്തം ഭവനത്തിൽ പൂജയ്ക്ക് വയ്ക്കുന്നത് എങ്ങനെ?
ആദ്യം സരസ്വതി ദേവിയുടെ ചിത്രവും അതിന്റെ വലതു ഭാഗത്തു ഗുരുവിന്റെ ചിത്രവും ഇടതു ഭാഗത്തു ഗണപതിയുടെ ചിത്രവും വയ്ക്കുക. നിലവിളക്കു കത്തിക്കുക. അതിനുശേഷം വെള്ള വിരിച്ചു പുസ്തകങ്ങൾ വയ്ക്കുക. ഗണപതി നിവേദ്യമോ (അവിൽ, മലർ, തേങ്ങ, ശർക്കര) പഴമോ, പായസമോ ഒരുക്കുക. കിണ്ടിയിൽ ജലം നിറച്ച് തുളസി ഇട്ട് അടച്ചു പിടിച്ച് അമ്മയുടെ മന്ത്രമോ ദീക്ഷ ലഭിച്ച മന്ത്രമോ എട്ട് - ഉരു ജപിച്ച് തീർത്ഥം തളിക്കുക. "ഗും ഗുരുഭ്യോ നമഃ" എന്നും, "ഗം ഗണപതയെ നമഃ" എന്നും "ഓം സം സരസ്വത്യൈ നമഃ" എന്നും ജപിച്ചു കൊണ്ട് ഗുരുവിനും ഗണപതിക്കും ദേവിയ്ക്കും മുമ്മൂന്നു പ്രാവശ്യം പൂക്കൾ അർപ്പിക്കുക. അതിനുശേഷം നമ്മൾ നിവേദ്യം വലതു കൈ കൊണ്ട് ഉഴിഞ്ഞ് ദേവിയുടെ മുഖത്തിനു നേരെ കൈപ്പത്തി മലർത്തി കാട്ടുക. ഇത് അഞ്ചു പ്രാവശ്യം ആവർത്തിക്കണം. രാവിലെയും സന്ധ്യയ്ക്കുമായി രണ്ടു നേരം പൂജിക്കണം. ചന്ദനത്തിരി കത്തിച്ച് പുസ്തകങ്ങളെ ഉഴിയുക.
ഇനി പുസ്തകമോ തൊഴിൽ ഉപകരണമോ പൂജയ്ക്ക് വച്ചവർ എല്ലാവരും കൈക്കുമ്പിളിൽ പൂക്കൾ എടുത്ത് താഴെ പറയുന്ന മന്ത്രങ്ങൾ ചൊല്ലി മൂന്നു പ്രാവശ്യം വീതം പൂക്കൾ അർപ്പിച്ച് നമസ്ക്കരിക്കുക:-
1. മൂഷിക വാഹന മോദക ഹസ്താഃ
ചാമര കർണ്ണ വിളംബിത സൂത്രാഃ
വിശ്വവിനായക പാഹി നമസ്തേ
(പൂവ് അർച്ചിക്കുക)
2. സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
(പൂവ് അർച്ചിക്കുക)
3. പത്മപത്രവിശാലാക്ഷി
പത്മകേസരി വർണ്ണിനി
നിത്യം പത്മാലയാ ദേവി
സാ മാം പാതു സരസ്വതി
(പൂവ് അർച്ചിക്കുക)
(അതിനു ശേഷം അമ്മയുടെ അഷ്ടോത്തരം ചൊല്ലാവുന്നതാണ്.) അവസാനമായി കർപ്പൂര ആരതി ഉഴിയാം, അതിനു ശേഷം തീർത്ഥവും നിവേദ്യവും എല്ലാവർക്കുമായി വിതരണം ചെയ്യാം.
ഓം നമ:ശിവായ
Wonderful Many Amma is Saraswathy too so that's why you could write immediately.this is kripa. Go ahead Amma is with you. Your explanation also very good
ReplyDeleteAmmaa Sharanam 🌷
Delete