കഥ | കദംബവനത്തിനുമപ്പുറം

കദംബവനത്തിനുമപ്പുറം
വർഷം 1969-
“രഘൂ... നിനക്കോർമ്മയില്ലേ .. ഈ ഗേറ്റ് ഇണ്ടാർന്ന സ്ഥലത്ത് ഒരു കടമ്പായ ഇണ്ടാർന്നു. അതിനു നാല് പടികളായിരുന്നു. നാലാം ക്‌ളാസ്സു വരെ നെനക്ക് അത് കേറാൻ ഞാൻ വേണം. ഞാൻ നെന്റെ ഓപ്പയാണല്ലോ അന്നെല്ലാം. ഒരു വയസ്സ് മൂത്ത ഓപ്പോൾ ... വാരസ്യാരോപ്പോൾ ... സൗദാമിന്യോപ്ല് എന്ന് പറയാൻ നിനക്ക് പിന്നേം സമയെടുത്തൂലോ”... രഘുവിനറെ ചീകിയൊതുക്കാത്ത മുടിയിഴകളിൽ സൗമ്യയുടെ കൈവിരലുകൾ മന്ദം ചലിക്കുന്നുണ്ടായിരുന്നു.
“എന്താടാ രഘൂ, നിനക്ക് എന്ത് പറ്റി ... നിന്റെ ഇടതുഭാഗത്തുള്ള വകച്ചിലും വലതുവശത്തേക്ക് പുരികത്തിനു താഴേക്ക് ചാഞ്ഞുകിടക്കുന്ന... പലപ്പോഴും വലതുകൈവിരലുകൾ കൊണ്ട് മാടിയൊതുക്കുന്ന ആ മൃദുവായ മുടിയൊക്കെ എവിടെപ്പോയി ഉണ്ണീ...? ദൂരേന്നു പാടവരമ്പിലൂടെ വരുമ്പോ ആ മുടിയൊതുക്കലാണ് നിന്നെ തിരിച്ചറിയാനുള്ള അടയാളം... ഇതിപ്പോ... സങ്കടാവുന്നുട്ടോ...” സൗമ്യയുടെ ശബ്ദം ഇടറി.
“നീയെപ്ലാ ഉണ്ണ്യേ.. എന്നേ.. സൗമ്യാന്ന് വിളിച്ചു തൊടങ്യേന്നറിയോ നെനക്ക്? നാലാം ക്‌ളാസ്സുവരെ ഓപ്ല് മാത്രം... പിന്നെ സൗദാമിന്യോപ്ല് ന്ന് എട്ടുവരെ.. ന മ്മടെ സ്‌കൂളിന്റെ പത്താംക്ലാസ്സിന്റെ വരാന്ത നെനക്ക് ഓര്മ്മല്ല്യേ... ഒമ്പതാം ക്‌ളാസ്സിന്റെ വരാന്ത ഇത്തിരി താണിട്ടാ... ഓരൂസം രാവിലത്തെ ഇന്റർവെൽ വിട്ട സമയം ... നിന്നെ കണ്ടില്ലാലോന്നും വിചാരിച്ച് വരാന്തയിൽ നിന്ന് നോക്ക്യേപ്പോ പെട്ടെന്നാർന്നു നിന്റെ കണ്ണുകൾ ഞാൻ കണ്ടത്... നമ്മുടെ ദൃഷ്ടികൾ അന്നാണ് ശരിക്കും നേരിട്ട് കണ്ടുമുട്ടിയത്. തലച്ചോറിൽ ഒരു മിന്നലുണ്ടായി... അതുവരെ തോന്നാത്ത എന്തോ ..എപ്പളോ നീ എന്നെ സൗമിനീന്നു വിളിച്ചു... പിന്നെ അത് സൗമ്യേയി...” അവളുടെ ശ്വാസത്തിന് വേഗം കൂടി.
“പിന്നെ നമ്മടെ മിണ്ടാട്ടം കുറഞ്ഞൂല്ലേ ... പിന്നെയൊക്കെ പരസ്പരം കാണുമ്പോ നെഞ്ചിലൊരു ഭാരം ... ഹൃദയം വല്ലാതെ മിടിക്കും... ദേഹം മുഴോൻ ചൂടാവും... രാവും പകലൂം നീ തന്നെ മനസ്സില്..” സൗമ്യക്ക് കിതപ്പ് കാരണം വാക്കുകൾ പുറത്തു വന്നില്ല.
“ആ സ്പന്ദനം അതേ അളവിൽ ഇപ്പളും എനിക്ക് എന്റെ കവിളിൽ അറിയുന്നുണ്ട് സൗമ്യേ...” രഘുവിന്റെ പതിഞ്ഞ ശബ്ദം ... അവളവന്റെ മുഖം ഒന്നുകൂടി തന്നോടടുപ്പിച്ചു.
“പത്താം ക്‌ളാസ്സ് കഴിഞ്ഞു പ്രീഡിഗ്രിക്ക് നീ തൃശൂർക്ക് പോണേന്റെ തലേദിവസല്ലേ നമ്മള് പരിയാനംപറ്റക്ക് പോയത്. നെനക്ക് അവിടത്തെ ദേവിയെ നല്ല ഇഷ്ടല്ലേ .. രാവിലെ സരസ്വതീം ഉച്ചക്ക് ഭദ്രകാളീം വൈന്നേരം ലക്ഷ്‌മീദേവീം ആയിട്ട് പ്രസാദിക്കണ പ്രതിഷ്‌ഠ. നമ്മൾടെ ലളിതാപരമേശ്വരീ സ്തോത്രം ക്‌ളാസ്സിലെ നിമിഷങ്ങൾ നിനക്ക് ഓർമ്മല്ല്യേ ഉണ്ണ്യേ... ?” സൗമ്യയുടെ സ്വരം സ്വല്പം ഉയർന്നപോലെ.
“നീയെപ്പളും പറയാറില്ല്യേ... നെനക്ക് കദംബവനം കാണണം ... അത് കടന്ന് ചിന്താമണീ ഗൃഹം കാണണംന്നൊക്കെ ... നമുക്ക് ഒന്നിച്ചുപൂവാം ന്നു ഞാൻ അന്ന് പറഞ്ഞതല്ലേ... എന്നിട്ടെന്തേ ഉണ്ണ്യേ നീയിപ്പോ ഇങ്ങനെയൊക്കെ”?... സൗമ്യയുടെ കണ്ണുകളിൽ നിന്നും ചൂടുള്ള കണ്ണീർക്കണങ്ങൾ കവിളിലൂടെ അവന്റെ ശിരസ്സിൽ ഇറ്റിറ്റായി വീഴുന്നുണ്ടായിരുന്നു.
“നീയിപ്പോൾ എന്തിനാണ് ഇങ്ങോട്ട് വരുന്നത് എന്ന് ഞാൻ അനിയനോട് ചോദിച്ചില്ല ഉണ്ണീ... ഇന്ന് വൈന്നേരാണ് അന്യേൻ കോളേജ് വിട്ടു വരുമ്പോ എടവഴീന്ന് ഏട്ടൻ ഇന്ന് രാത്രി വരുംന്ന് പറഞ്ഞേ.. എനിക്കാദ്യം തല കറങ്ങി. പിന്നെ അവൻ രാത്രി പത്തുമണി കഴിഞ്ഞാ ഭൈരവന്റെ ആലിന്റെ തറയിൽ ഒരു തിരി തെളിയിക്കാം ന്നു പറഞ്ഞു. അത് കണ്ടാൽ പുറത്തു വരാനും.” സൗമ്യയുടെ അടക്കിയ സ്വരം.
“ഉണ്ണീ... നിനക്കോർമ്മല്ല്യേ.. മഹാദേവക്ഷേത്രത്തിൽ പ്രശ്‌നം വെച്ച് തന്ത്രി കിണർ സ്വപ്നത്തിൽ കണ്ടതും അമ്പലത്തിന്റെ കിഴക്കോർത്തു ഊക്കൻ ചാത്തൻ കിണർ കുഴിച്ചപ്പോ അവിടെത്തന്നെ വേറെയൊരു കിണർ ഇണ്ടായതും ഒക്കെ? അന്ന് സ്‌കൂളിന്ന് നമ്മളെല്ലാരും അമ്പലത്തിലേക്ക് ഓടി വന്നതും വൈന്നേരം വരെ അത് കണ്ടുനിന്നതും... അന്നായിരുന്നു നീയെന്നെ ആദ്യമായി വീട്ടിൽ കൊണ്ടാക്ക്യേ...” സൗമ്യയുടെ ഓർമ്മകൾ ഇലയിളകാതുളള ആ രാത്രിയിൽ ഒരു മന്ദമാരുതനെ പോലെ രഘുവിന്റെ മുടിയിഴകളെ തഴുകി.
“ഞങ്ങളുടെ സംഘം അവന്റെ മുടിയിൽ പിടിച്ചു കട്ടിലിനടിയിൽ നിന്ന് വലിച്ചു പുറത്തെടുക്കുമ്പോൾ ജന്മി വിറയ്ക്കുകയായിരുന്നു. സഹായത്തിനായി നിലവിളിച്ചപ്പോൾ അവന്റെ ഒരു ദാസന്മാരും വന്നില്ല - എല്ലാവരും അവനെ വെറുത്തിരുന്നു. ബലാൽസംഗം, കൊലപാതകം, ചൂഷണം എന്നീ കുറ്റങ്ങൾ ഞാൻ ഉറക്കെ വായിക്കാൻ തുടങ്ങി”... അതുവരെ ഉയരാതിരുന്ന രഘുവിന്റെ ശബ്ദം വളരെ കൃത്യമായി സൗമ്യ കേട്ടു.
അവളുടെ ദേഹം വിറച്ചു. അവളുടെ വിറയാർന്ന വിരലുകൾ രഘുവിന്റെ കവിളിലൂടെ മൃദുവായി നീങ്ങി.
“തുടർന്ന് അവനെ ജനകീയ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അവന്റെ തല ഒരൊറ്റ വെട്ടിന് ഉടലുമായി വേർതിരിഞ്ഞു," രഘുവിന്റെ ശ്വാസം വേഗത്തിലായി.
“ഞങ്ങൾ വർഗ്ഗ ശത്രുക്കളുടെ വ്യക്തിഗത ഉന്മൂലനം എന്ന സമരം അവിടെ തുടങ്ങി. ഇനിയും തലകൾ ഉരുളാൻ ഉണ്ട്... വയനാട്ടിലും തൃശൂരും കുട്ടനാട്ടിലും ഞങ്ങളുണ്ട്. അവിടേം ഞങ്ങള് വെട്ടും...” രഘു സൗമ്യയുടെ കൈയിൽ മുറുകെ പിടിച്ചു. ആനക്കുട്ടിയുടെ കരണം മറിച്ചിൽ കണ്ട അതേ തീവ്രതയിൽ.

“സൗദാമിനി വാരസ്യാരെ... രഘു ഇപ്പോൾ നിന്റെ പഴയ ഉണ്ണ്യല്ലാ.. മെഷീൻ ടൂൾസിന്റെ ഒപ്പം ഞങ്ങൾ ജന്മികളെ വകവരുത്താനും പഠിച്ചു. മാനുഷിക ചൂഷണം എത്ര ഭയാനകം എന്നറിഞ്ഞു. മനുഷ്യൻ പിശാചാകുന്നത് കണ്മുന്നിൽ കണ്ടു. ചോരവാർന്ന് അടിമകൾ മണ്ണാകുന്നതിന് സാക്ഷിയായി. ഇനിയും ഞങ്ങൾക്ക് എങ്ങനെ വെറുതെ നിൽക്കാൻ പറ്റും? വിപ്ലവം പറഞ്ഞ സർക്കാരും ഇപ്പോൾ നിയമം പറയുന്നു, നീതിയല്ല. ഞങ്ങൾ നടപ്പാക്കുന്ന ജനകീയ കോടതിയിലെ നീതി ഒരിക്കൽ കേരളീയർക്ക് മനസ്സിലാവും”... രഘു വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
“അനിയാ... സൗമ്യേനെ വീട്ടിന്റെ വടുക്കോർത്ത് കോണ്ടാക്ക്. എന്നിട്ട് വേം വാ... രാത്രീലെ ജയന്തി ജനതക്ക് പോണം”.. രഘു എന്തൊക്കെയോ തീരുമാനിച്ചിരിക്കുന്നു.
“രഘൂ.. നീ രക്ഷപ്പെട് ... നിന്നെ ഞാൻ തടുക്കില്ല. പക്ഷെ നിന്നെ ഞാൻ കാത്തിരിക്കും കണ്ണാ... നീയല്ലാതെ ഈ പെണ്ണിനാരാ മാല ചാർത്താ? എന്തുണ്ടെങ്കിലും അനിയനോട് അറിയിക്ക്... ഞാൻ നിനക്ക് വേണ്ടിക്കൂടി പ്രാർത്ഥിക്കാം. ഭണ്ടാസുരൻ എന്ന അനീതിക്കെതിരെ വാളോങ്ങിയ ശ്രീലളിതാംബയെ പോലെ നീ യുദ്ധം ചെയ്തു ജയിച്ചുവാ...” സൗമ്യയുടെ സ്വരത്തിൽ വീര്യം നിറഞ്ഞിരുന്നു.

രഘു പറഞ്ഞ പോലെ കോഴിക്കോടും കണ്ണൂരും വയനാടും തൃശൂരും ആലപ്പുഴയിലും ജനകീയ കോടതികൾ അരങ്ങേറി. ചോര വീണ നടവരമ്പുകൾ പുതിയൊരു സാമൂഹിക വ്യവസ്ഥ പടുത്തുണ്ടാക്കി.
അധികാര ഹുങ്കിന്റെയും സാമ്പത്തിക ധാർഷ്ട്യത്തിന്റെയും പത്തികൾ, പാടങ്ങളിലെ ചേറിൽ ഉടലിൽ നിന്നും വേർപെട്ടു വീണു.
എന്നിട്ടും രഘു വന്നില്ല. അനിയന് ആകെ വന്നത് ഒരേയൊരു ഇൻലൻഡ് ആണ്... “അനിയാ... നീ ഇത് അവളെയും കാണിക്കണം. ഞാനിപ്പോൾ ബോംബെയിലുണ്ട്. നാളെ എവിടെ എന്നറിയില്ല. പോലീസ് എന്നെങ്കിലും പിടിക്കുമായിരിക്കും. എന്നെപ്പറ്റി അധികം ചിന്തിക്കേണ്ട... ഒരു കൊല്ലത്തിനുള്ളിൽ ജീവനോടെ വന്നില്ലെങ്കിൽ പിന്നെ എന്നെ കാക്കേണ്ടാ...എല്ലാ അർത്ഥത്തിലും...” എന്ന് സ്വന്തം രഘു.
~~~~~~~~
വർഷം 1995-
“എന്താ ഇത്ര ആലോചന? ഒരു വർഷം കണ്ടില്ല്യാഞ്ഞാ കാക്കണ്ടാന്നു എഴുതിയ രഘുവേട്ടനെയാണോ? അത് കഴിഞ്ഞു വീണ്ടും ഒരു സിൽവർ ജൂബിലി ആയി വാരസ്യാർ ടീച്ചറേ... നമ്മടെ തലമുടീം വെള്ളിവരകൾകൊണ്ട് നെറഞ്ഞൂല്ലോ...” അനിയൻ മാഷ് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.
“ശര്യാ... അങ്ങോർക്ക് അതൊക്കെ പറഞ്ഞു നമ്മളിൽ നിന്നും അകന്നുപോവാൻ എന്ത് ലളിതാണ് ല്ലേ? ഇമ്മള് രണ്ടാളും ഇപ്പളും ആ ഭൈരവന്റെ കൽവിളക്കിൽ നോക്കി ഇരിക്ക്യല്ലേ... അന്യാ?” സൗദാമിനി ടീച്ചർക്ക് തിരുമാന്ധാൻകുന്നിലെ പടികൾ ഒന്നിച്ചു കയറാൻ ബുദ്ധിമുട്ടാണ്, കിതക്കും. ഇടക്കൊന്നു ഇരുന്നിട്ടാണ് പടികൾ വീണ്ടും കയറുക.
“ടീച്ചറേ... പരിയാനംപറ്റയിലേ പടികള് കേറുമ്പോ ഈ ക്ഷീണല്ല്യാലോ... എന്താ അങ്ങനെ”? അനിയൻ പകുതി തമാശയായി ചോദിച്ചു.
“അനിയാ... അവടെ ന്റെ രഘൂന്റെ ആത്മാവിണ്ട് ന്നന്ന്യാ ന്റെ തോന്നല്... ആ ഒരു ചിന്തേല് അറിയാതെ അങ്ങട് കേറിപ്പോവും...” സൗമ്യ നിശ്വാസമുതിർത്തു.
“അതെ ടീച്ചറേ... റിട്ടയർ ആവാൻ ഇനി തനിക്ക് മൂന്നു വർഷേള്ളൂ ഇക്ക്യാണെങ്കി അഞ്ചും. രഘുവേട്ടൻ ഇപ്പോ ഇണ്ടാർന്നുങ്കിൽ നിങ്ങൾടെ മോൾടെ കല്യാണപ്രായം ആയിട്ടുണ്ടാവും...” അനിയൻ മാഷ്ക്കും ചെറുതായി കിതപ്പുണ്ട്.
“അതിന് അങ്ങോര് എന്നെ ത്തന്നെ വേളി കഴിച്ചിരിക്കും എന്നെന്താ ഉറപ്പ്? എല്ലാം ഓരോ വിശ്വാസല്ലേ അന്യോ?!..” ടീച്ചറും വിട്ടില്ല.
“എന്റെ ഏട്ടനെ എനിക്കറിഞ്ഞൂടെ ടീച്ചറേ ... അന്ന് ഭൈരവന്റെ സന്നിധിയിൽ ഇരുന്ന് പറഞ്ഞതെല്ലാം ഞാനും കേട്ടതല്ലേ. ഏട്ടൻ അന്ന് വേറൊരു ലോകത്ത് ചെന്നപോലെ ഒക്കെ പുലമ്പിയിരുന്നെങ്കിലും ടീച്ചറെ ജീവനായതുകൊണ്ടല്ലേ അത്രയും റിസ്കെടുത്ത് ആ രാത്രിയിൽ നമ്മളെ ... അല്ല ... സൗമ്യയെ കാണാൻ വന്നത്? മനസ്സിന്റെ ഏതോകോണിൽ താൻ ഇനി ഭൂമിയിൽ ഉണ്ടാവില്ല അധികകാലം എന്നൊരു വെളിപാട് ഏട്ടന് ഉണ്ടായിരുന്നു എന്ന് ആ രാത്രിയുടെ കനത്ത ഇരുട്ടിൽ ഞാൻ അറിഞ്ഞിരുന്നു.” അനിയന്റെ ദൃഷ്ടി അകലേക്ക് നീങ്ങുന്നത് സൗമ്യ കാണുന്നുണ്ടായിരുന്നു.
“ശരിക്കും രഘു മരിച്വുവോ അന്യാ... നീ അതൊന്നും ഇതുവരെ എന്നോട് തുറന്നു പറഞ്ഞിട്ടില്യാലോ... ഞാനെപ്പളും കരുതും ... ഏതെങ്കിലും പുലർച്ചെക്ക് ഒരു സന്യാസിയായി രഘു... എന്റടുത്തേക്ക് നടന്നുവരുന്ന പോലെ... അവൻ മരിച്ചു എന്ന് എന്റെ ആത്മാവ് ഒരിക്കലും സമ്മതിക്കില്ല. കാരണം രഘൂന് മരണം ല്ല്യാ... ശ്രീലളിതാംബികയെപ്പോലെ അവൻ അമരനാണ്. അവൻ മഹാകാമേശനും ഞാൻ മഹാത്രിപുരസുന്ദരിയും...” സൗമ്യയുടെ മുഖഭാവം ദുർഗാദേവിയെപോലെ തോന്നിച്ചു.

“എന്നാൽ അധികം വൈകാതെ അടിയന്തരാവസ്ഥയിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയും ഒരു പോലീസ്സ്റ്റേഷനിൽ കൊണ്ടുപോയി ഇടേം ചെയ്തു. നായയെ ചങ്ങലകൊണ്ട് കെട്ടിയിട്ട പോലെ അവർ ഏട്ടനേയും കെട്ടീട്ടു. ഒരു നായയുടെ ജീവനോടെയിരിക്കാൻ ആവശ്യമായ ഭക്ഷണം മാത്രം നൽകി. ഏട്ടന്റെ ഓരോ സൂക്ഷ്മസുഷിരങ്ങളിലും തുന്നുന്ന സൂചികൾ കയറി ഇറങ്ങി. കുട്ടനാട്ടിലെ ചിന്തിയ ചോരക്ക് ഭരണമുന്നണി ചെയ്ത പകപോക്കലായിരുന്നു അത്. വിപ്ലവക്കാരെ ഛിന്നഭിന്നമാക്കി വീണ്ടും അവർ”. അനിയന്റെ വിവരണത്തിൽ നിശ്വാസങ്ങൾ ഇടക്കിടക്ക് അതിഥിയായെത്തി.
"ഇവയെല്ലാം വിവേകശൂന്യവും അതിപൈശാചികവും ആയ കൊലപാതകങ്ങളായി നമുക്ക് തോന്നാം, ശരിയുമാണ്.. പക്ഷേ... കേരളത്തിലെ ഭൂവുടമകൾ കൂടുതൽ മാനുഷികവും അധ്വാനത്തോടുള്ള ആദരവും കാണിക്കാൻ തുടങ്ങിയത് അത്തരം പ്രക്ഷോഭങ്ങളിലൂടെയാണെന്ന് ഏട്ടൻ എന്നും പറഞ്ഞിരുന്നു." അനിയൻ ഏട്ടന്റെ ഓർമ്മകളിൽ അനന്തവിഹായസ്സിലൂടെ പറന്നു പോകുന്ന ആത്മാവായി.
"ഏട്ടനെ അവർ പിന്നേം ദ്രോഹിച്ചു. പലപ്പോഴും ഇലക്ട്രിക് ഷോക്ക് കൊടുത്തു. നഖങ്ങൾക്കടിയിൽ ഈർക്കിലി കേറ്റി. എന്നിട്ടും പോരാതെ ... കൊന്നുകളഞ്ഞു. ഒരു തരി ഭസ്മം പോലും ബാക്കിവെക്കാതെ." അനിയൻ ഹൃദയത്തിൽ തേങ്ങുന്നത് സൗമ്യ അറിഞ്ഞു. അവളുടെ നീണ്ട കമല നയനങ്ങൾ സലിലപൂരിതമായി.അവളുടെ വലതു കൈ അനിയന്റെ ഇടത്തെ തോളിൽ അമർന്നു. "അനിയാ ..."
"ഒരു തടവറയിൽ കൂട്ടമായിട്ട ഇരുപത് തടവുകാർക്ക് ഒരു പ്ലേറ്റ് ഭക്ഷണം അകത്തേക്ക് തള്ളിവിടുന്നതായിരുന്നു പിന്നെ അവരുടെ തന്ത്രം. വിശന്നൊട്ടിയ വയറുമായി അന്നം കാത്തിരിക്കുമ്പോൾ പ്രത്യയശാസ്ത്ര സിദ്ധാന്തത്തിന് അർത്ഥമില്ല എന്ന് അവർക്ക് മനസിലായി. ചോറിന്റെ കിണ്ണം കണ്ടപ്പോൾ എല്ലാവരും പരസ്പരം കടിച്ചുകീറി. അതിലും കൊറേയെണ്ണം ചത്തു. ജനകീയ മുന്നേറ്റത്തിന്റെ കൂട്ടായ്മയെയും ഹൃദയത്തെയും നശിപ്പിക്കാൻ പോലീസിനും ഭരണകൂടത്തിനും അധികം സമയം വേണ്ടിവന്നില്ല ടീച്ചറേ.." അനിയൻ ഒരു നീണ്ട നിശ്വാസത്തിൽ പറഞ്ഞു നിർത്തി.
"എപ്പളാണ് നെനക്ക് വിവരം കിട്ട്യേ... രഘു ഇനി ഇല്ല്യാന്ന്?" സൗമ്യയുടെ വിറയാർന്ന ശബ്ദം.
"അടിയന്തിരാവസ്ഥയൊക്കെ കഴിഞ്ഞു ജീവനോടെ രക്ഷപ്പെട്ട് ജയിലിൽ അടക്കപ്പെട്ട ഓരോ കുറ്റക്കാരും പിന്നെ ഓരോ കാലത്തായി പുറത്തുവന്നല്ലോ. അങ്ങനെ ഓരോരുത്തർ വരുമ്പോളും ഞാൻ അവരെ പോയി കാണാറുണ്ടാർന്നു.. ഏട്ടനെ പറ്റി എന്തെങ്കിലും അറിയാൻ പറ്റുമോ എന്ന് നോക്കിയിട്ട്. ആർക്കും ഒരു വിവരവും ഉണ്ടാർന്നില്ല, കാരണം ഏട്ടന്റെ പലപ്പോഴും കേരളത്തിന് പൊറത്ത് ആർന്നു ത്രേ വിചാരണകൾ. 1985 ലാണ് വയനാട്ടിലെ ഗൊയിന്നേട്ടനെ അവര് പുറത്തുവിട്ടത്. അദ്ദേഹമാണ് ഏട്ടന്റെ വിവരം എല്ലാം പറഞ്ഞേ.." നിറഞ്ഞൊഴുകുന്ന നാലുമിഴികൾ പരസ്‌പരം നോക്കി. അനിയന്റെ മുഖത്തു പശ്ചാത്താപത്തിന്റെ ഇരുണ്ട മേഘം തിമർത്തുപെയ്തു. മനസ്സിൽ വർഷങ്ങളായി കനലായി കിടന്ന അനുതാപം ആ മഹാമാരിയിൽ കെട്ടടങ്ങുകയായിരുന്നു.
![]() |
അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭദ്രകാളി അമ്പലം |
"അനിയാ.. നിന്നോട് ഞാൻ എപ്പോഴെങ്കിലും ചോയ്ക്കണം ന്ന് വിചാരിച്ചു വെച്ച ആ ചോദ്യം ചോദിക്കാനുള്ള നേരം ആയീന്ന് തോന്നുണു. അത് തിരുമാന്ധാംകുന്നിലമ്മേടെ തിരുസന്നിധില് തന്നെ ആയത് അമ്മേടെ തീരുമാനമാവും ല്ലേ?" അരയാലിലകളിൽ തന്നെ കണ്ണുകളുടക്കി സൗമ്യ.
"എന്താ ടീച്ചറേ?" അനിയന്റെ സ്വരത്തിൽ ജിജ്ഞാസ.
"നീയെന്തേ ഇത്രേം കാലം വിവാഹം ചെയ്യാഞ്ഞേ?"
"ടീച്ചറേ.. നിങ്ങളെന്തിനാണ് വേളി കഴിക്കാത്തത് അതന്നെ കാരണം... ഞാനും രഘുവേട്ടനെ കാത്തിരുന്നു. ഗോയിന്നേട്ടൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എൻ്റെ മനസ്സിൽ ഏട്ടൻ ഇന്നും ഭൈരവന്റെ കെടാത്ത തിരിനാളമാണ്. അത് ഏത് പേമാരിക്കും കൊടുങ്കാറ്റിനും കെടുത്താൻ പറ്റില്ല്യാ.." അനിയന്റെ ശബ്ദം നേർത്തുപോകുന്നത് സൗമ്യ ശ്രദ്ധിച്ചു.
"അനിയാ... രഘൂന്റെ ഒരു വലിയ സ്വപ്നമായിരുന്നു ഈ യാത്ര. ആദ്യം മ്മടെ പരിയാനംപറ്റ ദേവിയെ തൊഴുത്, അവിടത്തെ മൂന്നു ഭാവങ്ങളെയും മനസ്സിൽ ആവാഹിച്ചു, നേരെ തിരുമാന്ധാംകുന്നിലെത്തി ഭദ്രകാളിക്ക് സ്വയംവരമന്ത്രപുഷ്പാഞ്ജലി കഴിച്ചു ഈ പടികളിൽ ഇരുന്ന്, ആ ഇളകിയാടുന്ന അരയാലിലകളെ നോക്കി കുറേ വർത്താനം പറേണം ന്ന്. ഞാൻ ചോയ്ക്കും, ഇനീപ്പോ അവടെ പോയിരുന്ന് എന്ത് പറയാനാ രഘൂ..ന്ന്. അതൊക്കെണ്ട് സോമ്യേ ന്ന് അവനും...ഇപ്പൊ ഞാൻ അറീണു അന്യാ... രഘൂന് എന്തൊക്കെ പറേണം ന്ന്..." സൗമ്യ കണ്ണുകൾ തുടച്ചു.
"ഇവിടത്തെ അമ്മക്ക് വിശേഷാൽ ചെയ്യണതാണ് മംഗല്യപൂജ. രഘൂന് ഇവിടെ വെച്ച് എന്നെ മാലയിടണം എന്നായിരിക്കാം ആഗ്രഹം. അതോണ്ടായിരിക്കും രഘു അങ്ങനെ പറയുമായിരുന്നത്. എനിക്ക് കടമ്പഴിപ്പുറം വിട്ടൊരു ദേശം അറിയുമായിരുന്നില്ലല്ലോ അന്നൊന്നും..." സൗമ്യയുടെ കണ്ണുകളിൽ മഴതോർന്നു കാർമേഘങ്ങൾ മാഞ്ഞുപോയപോലെ പുതിയൊരു പ്രകാശം തെളിയുന്നത് അനിയൻ ശ്രദ്ധിച്ചു.
![]() |
തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം |
"അനിയാ... എനിക്കിനിയും ഇത് പറയാതെ ഇരിക്കാൻ ആവില്ല... ഭൈരവന്റെ കെടാവിളക്കുപോലെ രഘൂനെ നീ നെഞ്ചിലേറ്റുന്നില്ലേ? അപ്പോ ... നെനക്ക് എന്റെ രഘു ആവാൻ പറ്റുമോ കണ്ണാ?" സൗമ്യയുടെ കണ്ണുകളിലേക്ക് അനിയൻ പരിഭ്രമത്തോടെ നോക്കി...എങ്കിലും പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്തു.
"ടീച്ചറേ.. ഒരു പത്ത് വർഷം മുൻപാണെങ്കിൽ പോലും ഇത് കേട്ടാൽ ഞാൻ ഒരു പക്ഷെ ബോധം കെട്ടു വീണേർന്നു. അമ്പത് വയസ്സാവാറായീലോ? ഇപ്പോ ഇങ്ങനേള്ള ഷോക്ക് ഒന്നും ഏശാറില്ല്യാ..ന്നാലും ഇത്തിരി വൈകീല്ല്യേ.." അനിയന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
"നമ്മടെ സമയം ഇപ്പളെ ആയീള്ളൂ എന്നങ്കിട് വിചാരിച്ചോ... രഘൂന്റെ സ്വപ്നാർന്നു ഒരു കദംബവനം ഇണ്ടാക്കണം ന്ന്.. അതിന്റെ മധ്യത്തില് ഒരു കുഞ്ഞു വീടും...ചിന്താമണി. ശ്രീലളിതാംബടെ വീടന്നെ. ഇനി നമുക്കാവാം രഘൂന്റെ സ്വപ്നം സാക്ഷാത്കരിക്കല്. എൻ്റെ കൈപിടിച്ച് ഈ പടവുകൾ കയറ്റൂ അന്യാ... ഞാൻ വീണ്ടും രഘൂന്റെ പ്രാണനിൽ അലിയട്ടെ..." സൗമ്യയുടെ സ്വരം തരളമാർന്നു.
"വരൂ സൗദാമിനി ടീച്ചറേ... നമുക്ക് കദംബവനത്തിനും അപ്പുറം പോവാനുണ്ട്. ഇനി എല്ലായിടത്തും ഞാനും ണ്ടാവും.. തീർച്ച.."
അനിയൻ പറഞ്ഞു നിർത്തി. തിരുമാന്ധാംകുന്നിലമ്മയുടെ തിരുസന്നിധിയിലേക്ക് അവർ മന്ദം മന്ദം പടികൾ കയറിപ്പോയി.
![]() |
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രം |
Wonderful.Manu.using the slang and the travel.....we reached Mookambhika.what I felt I'm sitting INA bus and slightly going to sleep and someone is telling the story and I was seeing the story like a dream..so beautiful was the journey. Without boring I could reach....to Amma sarada devi.
ReplyDeleteThanks a lot.. Aum Amma
DeleteWhat a grandeur Intense story line stitched together with romance intimacy partnership dreams fantasy many twists and turns . Wonderful village kutti kadhakal. anayum ambalavum ambalakulavum varassyarum yellam kooti cheruth
ReplyDeleteThanks a lot Somajee.. it was an experience for me too while writing the incidences which are more than 50 years back in the last century.
DeleteThese places events and incidents are happening so much clearly in front of our eyes .We have all such experience s .
ReplyDeleteMany thanks Somajee.. your inputs have immensely helped me to visualize those old time events very clearly.
Delete