ലേഖനം | രാധാഷ്ടമി

രാധാഷ്ടമി


ഭദ്രപദമാസത്തിലെ ശുക്ലപക്ഷ അഷ്ടമി. രാധികാദേവിയുടെ ജന്മദിനമാണന്ന്; രാധാഷ്ടമി. 

ഭദ്രപാദ മാസത്തിൽ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് ശ്രീകൃഷ്ണൻ ജനിച്ചത്, ശുക്ലപക്ഷത്തിന്റെ എട്ടാം ദിവസമാണ് രാധാദേവി ജനിച്ചത്.


ചില പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടപോലെ രാധ, മഹാലക്ഷ്മിദേവിയാണ്. എന്നാൽ രാധിക, കൃഷ്ണന്റെ ഹ്‌ളാദിനി ശക്തിയാണത്രെ. വൈഷ്ണവ തിരുവെഴുത്തുകളിൽ രാധിക ഒരു ദേവിയാണ്, ശക്തിയാണ്. ഈ ദിവസം രാധ ഒരു താമരപ്പൂവിൽ നിന്നും ജന്മമെടുത്തു എന്ന് പുരാണങ്ങൾ പറയുന്നു. 

രാധാഷ്ടമി പ്രധാനമായും കൃഷ്ണ ഭക്തർ, പ്രത്യേകിച്ച് വാസസ്ഥലമായ ബർസാനയിൽ ആണ് അത്യാഹ്ളാദപൂർവ്വം ആഘോഷിക്കുന്നത്. സ്കന്ദപുരാണത്തിലെ വിഷ്ണു ഖണ്ഡത്തിൽ, ഗോപികമാർ എന്ന് വിളിക്കപ്പെടുന്ന 16,008 സുഹൃത്തുക്കൾ കൃഷ്ണനുണ്ടായിരുന്നുവെന്ന് പരാമർശിക്കപ്പെടുന്നു, അതിൽ 108 പേരിൽ ഏറ്റവും പ്രധാനപ്പെട്ട ഗോപികയാണ് രാധ.

ബർസാന

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ മഥുര ജില്ലയിൽ ബ്രജ് പ്രദേശത്തെ ഒരു നഗർ പഞ്ചായത്താണ് ബർസാന എന്ന സ്ഥലം. ഉത്സവങ്ങളിൽ തിളക്കവും സൗന്ദര്യവും പ്രകടമാക്കുകയും ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ടവളുടെ ജനനത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ശ്രീ രാധ റാണിയുടെ പുണ്യഭൂമിയായ ബർസാന, പ്രധാനമായും ശ്രീ രാധാകൃഷ്ണന്റെ പ്രണയക്ഷേത്രങ്ങളുടെ ഒരു സ്ഥലമാണ്. 

ദില്ലിയിൽ നിന്ന് 124 കിലോമീറ്ററും വൃന്ദാവനത്തിൽ നിന്ന് 60 കിലോമീറ്ററും ദൂരത്താണ്‌ ഈ അതിമനോഹരമായ സ്ഥലം. ഗോവർദ്ധനത്തിൽ നിന്ന് 21 കിലോമീറ്റർ വടക്കായി ഒരു കുന്നിൻ ചരിവിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. നാലു വശത്തുനിന്നുമുള്ള കുന്നുകളാൽ ചുറ്റപ്പെട്ട ഈ സ്ഥലം നാല് ശിരസ്സുള്ള ബ്രഹ്‌മാവിനെ പ്രതീകമാക്കുന്നു. 

രാധ റാണിയുടെ ജന്മദിനമായ രാധാഷ്ടമി നാളിലെ ആഘോഷങ്ങളിൽ ഉൾപ്പെടുന്ന ഭക്തി ഈ ഭൗതിക ലോകത്തിൽ നിന്ന് ഒരു ഭക്തനെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് കൊണ്ടുപോകുന്ന പ്രതീതി ജനിക്കുന്നു. ഈ ദിനത്തിൽ ഇന്ത്യയിലെ നാനാ വിധ പ്രദേശങ്ങളിൽ നിന്നും വൃന്ദാവനത്തിലും ബർസാനയിലും ഭക്തരുടെ ഒഴുക്കുണ്ടാവാറുണ്ട്.


ശ്രീ രാധ റാണിയും ശ്രീകൃഷ്ണനും രാധയുടെ സഖികളും തമ്മിലുള്ള പ്രണയത്തിന്റെയും വികൃതികളുടെയും അതുല്യമായ ബന്ധത്തിന്റെയും മനോഹരമായ ചിത്രീകരണമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആഘോഷിക്കുന്ന ബർസാനയിലെ ഏറ്റവും പ്രശസ്തമായ "ലാത് മാർ ഹോളി". 

ഈ ദിവസം ബ്രജ് ഹോളി ഗാനങ്ങൾ ആലപിക്കുകയും സ്ത്രീകൾ അസാധാരണമായതും എന്നാൽ ആഹ്ളാദകരമായ രീതിയിൽ ഹോളി ഉത്സവം ആഘോഷിക്കാൻ പുരുഷന്മാരെ വടികളോ ലാത്തികളോ ഉപയോഗിച്ച് അടിച്ചോടിക്കുന്നു. ചടങ്ങുകളിൽ ആദ്യ ദിവസം രാധാ റാണി ക്ഷേത്രത്തിൽ ഹോളി കളിക്കാൻ നന്ദഗാവിലെ ഗ്രാമവാസികൾ ബർസാനയിലെത്തുന്നു, രണ്ടാം ദിവസം ബർസാനയിൽ നിന്നുള്ള ഗോപീഗോപികമാർ അതേ പോലെ കളിക്കാൻ നന്ദഗാവിലേക്ക് പോകുന്നു.

രാധ

രാധയ്ക്; രാധിക, രാധെ, മാധവി, കേശവി, രാസേശ്വരീ, കിഷോരി, ശ്യാമ, രാധാറാണി എന്നീ പേരുകളും പരക്കെ നൽകപ്പെട്ടിരിക്കുന്നു. രാധ ഹിന്ദുമതത്തിലെ ജനപ്രിയവും ആദരണീയയുമായ ഒരു ദേവതയാണ്. സ്നേഹം, ആർദ്രത, അനുകമ്പ, ഭക്തി എന്നീ ഗുണങ്ങളുടെ ദേവതയായി രാധയെ പ്രകീർത്തിക്കുന്നു. രാധ ശ്രീകൃഷ്ണന്റെ നിത്യ പത്നിയാണ്. അവരുടെ നിത്യ വാസസ്ഥലമാണ് ഗോലോക ധാമം. 

കൃഷ്ണനോടുള്ള പരമമായ ഭക്തിക്ക് പേരുകേട്ട ഗോപികമാരുടെ നായികയായിരുന്നു രാധിക. ശ്രീകൃഷ്ണനോടുള്ള സമ്പൂർണ്ണ ഭക്തിയുടെ അഥവാ പരമ ഭക്തിയുടെ വ്യക്തിത്വമാണ് രാധ. ശ്രീകൃഷ്ണനോടുള്ള നിസ്വാർത്ഥ സ്നേഹത്തിന്റെയും സേവനത്തിന്റെയും പരമ പ്രതീകമായി രാധയെ കണക്കാക്കപ്പെടുന്നു. ശ്രീകൃഷ്ണന്റെ സ്ത്രീ ഭാവമായും രാധ ആരാധിക്കപ്പെടുന്നുണ്ട്.

ഗോപികമാരുടെ രാജ്ഞിയായും വൃന്ദാവൻ-ബർസാന രാജ്ഞിയായും പ്രത്യക്ഷപ്പെട്ട വൃന്ദാവനേശ്വരി (ശ്രീ വൃന്ദാവൻ ധാമിലെ രാജ്ഞി) എന്നും രാധ  അറിയപ്പെടുന്നു. സംസ്കൃത പദമായ രാധ (राधा) എന്നാൽ "സമൃദ്ധി, വിജയം" എന്നാണ് അർത്ഥമാക്കുന്നത്.


മഥുരക്കടുത്തുള്ള റാവൽ എന്ന സ്ഥലമാണ് രാധയുടെ ജന്മസ്ഥലം എന്ന വിശ്വാസം പ്രബലമാണ്. ദിവ്യദേവതയായ ശ്രീ രാധാ റാണിയുമായുള്ള ബന്ധം മൂലമാണ് റാവൽ ആത്മീയ പവിത്രതയ്ക്ക് പേരുകേട്ടത്. മുമ്പ് ഈ ഗ്രാമം മുഖർവാലി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വൃന്ദാവനിലെ കേശീ ഘാട്ടിൽ നിന്നും യമുനയുടെ മറുകരയിലുള്ള റാവലിലേക്ക് 19 കിലോമീറ്റർ ദൂരമുണ്ട്. 

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ ഗോകുൽ (മഹാവൻ) ഗ്രാമത്തിന് തെക്ക് 4 കിലോമീറ്റർ അകലെയാണ് റാവൽ സ്ഥിതിചെയ്യുന്നത്. ലാഡ്‌ലി ലാൽ എന്ന പേരിൽ ശ്രീകൃഷ്ണനും രാധയ്ക്കും സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രമുണ്ട് ഇവിടെ. ക്ഷേത്രത്തിലെ ദേവതകളെ ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ് വജ്രനാഭ് സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്നു.

ഐതിഹ്യങ്ങൾ അനുസരിച്ച്, നന്ദഗാവിൽ താമസിക്കുന്ന കൃഷ്ണന്റെ വളർത്തു പിതാവ് നന്ദ മഹാരാജും വൃഷഭാനു മഹാരാജും (രാധയുടെ പിതാവ്) അടുത്ത സുഹൃത്തുക്കളായിരുന്നു. അവർക്ക് രണ്ടുപേർക്കും കുട്ടികളില്ലായിരുന്നു. ഇരുവരും യമുന നദിയുടെ തീരത്തോട് അടുക്കാൻ തീരുമാനിച്ചു. അതിനാൽ നന്ദ ജി നന്ദഗാവിൽ നിന്ന് ഗോകുലത്തിലേക്കും വൃഷഭാനു മഹാരാജ് ബർസാനയിൽ നിന്ന് യമുനയോട് വളരെ അടുത്തുള്ള റാവലിലേക്കും മാറി. ഒരു പ്രഭാതത്തിൽ, വൃഷഭാനു മഹാരാജ് കുളിക്കാനായി യമുന നദിയിൽ ചെന്നപ്പോൾ, നദിയുടെ മധ്യഭാഗത്ത് മനോഹരമായ ഒരു താമരപ്പൂവ് കണ്ടു, ആ താമരപ്പൂവിൽ ഒരു പിഞ്ചു പെൺകുഞ്ഞിനെ കണ്ടു. അവളുടെ സ്വർണ്ണ നിറത്തിന്റെ ശോഭയിൽ അദ്ദേഹം ആഹ്ളാതിരേകനായി. വൃഷഭാനു മഹാരാജ് ആ കുട്ടിയുടെ സൗന്ദര്യത്തിൽ ആകെ അമ്പരന്നു, അവളിലേക്ക് എത്താൻ ആഗ്രഹിച്ചു.


പെട്ടെന്ന്, ബ്രഹ്മാവ് വൃഷഭാനു മഹാരാജിന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു. തന്റെ മുൻ ജീവിതത്തിൽ അദ്ദേഹം സുചന്ദ്രനാണെന്നും അദ്ദേഹത്തിന്റെ ഭാര്യയായ കീർത്തിദ കലാവതിയാണെന്നും ഇരുവരും അനേക വർഷങ്ങളായി കടുത്ത തപസ്സു നടത്തിയെന്നും മൊഴിഞ്ഞു. അവരുടെ മകളുടെ രൂപത്തിൽ ലക്ഷ്മി ദേവിയെ വേണമെന്ന് അവർ ആഗ്രഹിച്ചു. അവരുടെ പ്രാർത്ഥനയിൽ സംതൃപ്തനായ ബ്രഹ്മാവ് അവരെ അനുഗ്രഹിച്ചു. അതിനാൽ, അവരുടെ ആഗ്രഹം നിറവേറ്റുന്നതിനായി ലക്ഷ്മി ദേവി ഭൂമിയിൽ (ശ്രീ രാധാറാണി) പ്രത്യക്ഷപ്പെട്ടു. 

ബ്രഹ്മാവിനാൽ അനുഗ്രഹിക്കപ്പെട്ട വൃഷഭാനു മഹാരാജ് ആ പെൺകുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്ന് ഭാര്യ കീർത്തിദയ്ക്ക് കൈമാറി, ആ കൊച്ചു മാലാഖയെ കണ്ട് രണ്ടുപേരും സന്തോഷിച്ചു. ദമ്പതികൾ താമസിയാതെ, തങ്ങളുടെ മനോഹരമായ കുഞ്ഞിന്റെ ജനനത്തിന്റെ ബഹുമാനാർത്ഥം ദാനധർമ്മങ്ങൾക്കും മറ്റു പ്രാർത്ഥനകൾക്കും മതപരമായ ആചാരങ്ങൾ ക്രമീകരിച്ചു. അതിനിടയിൽ കുട്ടിക്ക് കണ്ണുതുറക്കാൻ കഴിയുന്നില്ലെന്നും ശബ്ദമുണ്ടാക്കുന്നില്ലെന്നും അഥവാ അവൾ അന്ധയും ബധിരയും മൂകയുമാണെന്നും എല്ലാവരും ശ്രദ്ധിച്ചു.

സ്നേഹത്തിന്റെയും ഭക്തിയുടെയും തികഞ്ഞ പ്രകടനമായ ശ്രീ രാധാറാണിയുടെ ഭക്തിനിർഭരമായ കാഴ്ച കാണാൻ നാരദ മുനി റാവലിലെത്തി. രാധാറാണിയെ കണ്ടപ്പോൾ നാരദ മുനി അവൾക്ക് പ്രണാമമർപ്പിക്കുകയും രത്നം പതിച്ച തൊട്ടിലിൽ ലാളിക്കുകയും ചെയ്തു. ആ ദിവ്യതേജസ്സിന്റെ മുൻപിൽ തല കുനിക്കുകയും ഹൃദയത്തിൽ സ്നേഹപൂർവമായ വികാരങ്ങളോടെ കണ്ണുകളിൽ നിന്ന് കണ്ണീർ വീഴ്ത്തുകയും ചെയ്ത അദ്ദേഹം ശ്രീ രാധാറാണിയുടെ മഹത്വം സംഗീതമാക്കി അവതരിപ്പിച്ചു. വൃഷഭാനു മഹാരാജിന്റെ, കുട്ടിയെക്കുറിച്ചുള്ള ആശങ്ക അറിഞ്ഞ നാരദ മുനി കുഞ്ഞിന്റെ ജനനം ആഘോഷിക്കുന്ന ഒരു വലിയ ചടങ്ങ് സംഘടിപ്പിക്കാൻ ഉപദേശിച്ചു. ആഘോഷങ്ങളിൽ ഗോകുലത്തിൽ നിന്നും റാവലിൽ നിന്നും എല്ലാവരേയും ക്ഷണിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.


വൃഷഭാനു മഹാരാജ് തന്റെ പ്രിയ സുഹൃത്ത് നന്ദ ഗോപർ ഉൾപ്പെടെ എല്ലാവരെയും കുടുംബത്തോടൊപ്പം ക്ഷണിച്ചു. ആഘോഷ ദിനത്തിൽ നന്ദ മഹാരാജ് തന്റെ ഭാര്യയായ യശോദയോടും ഉണ്ണികൃഷ്ണനോടും ഒപ്പം റാവലിലെത്തി, അത്തരമൊരു മനോഹരമായ കുഞ്ഞിന്റെ ജനനത്തിന് ഭാഗ്യമുള്ള മാതാപിതാക്കളെ അഭിനന്ദിച്ചു. മാതാപിതാക്കൾ രണ്ടുപേരും അവരുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, ഉണ്ണികൃഷ്ണൻ ശ്രീ രാധാറാണിയുടെ തൊട്ടിലിലേക്ക് ഇഴഞ്ഞുപോയി തന്റെ താമര മുഖം ശ്രീ രാധാറാണിയുടെ മുമ്പാകെ വച്ചു. 

തന്റെ പ്രിയപ്പെട്ട കൃഷ്ണന്റെ മുഖം അവളുടെ മുൻപിൽ കണ്ട ശ്രീ രാധാറാണി കണ്ണുതുറന്നു, കാരണം ഈ ഭൗതിക ലോകത്ത് തന്റെ പ്രിയപ്പെട്ട കൃഷ്ണനല്ലാതെ മറ്റാരെയും കാണാൻ അവൾ ആഗ്രഹിച്ചില്ല. പ്രണയത്തിന്റെ ആവേശഭരിതമായ അവസ്ഥയിൽ അവൾ കരയാൻ തുടങ്ങി. അവിടെയുള്ള എല്ലാവരും ശ്രീകൃഷ്ണന്റെയും രാധയുടെയും ഈ അത്ഭുതകരമായ വിനോദം കണ്ടപ്പോൾ അത്യധികം സന്തോഷിക്കുകയും ശ്രീ രാധാറാണിയുടെ ജന്മദിനം ആഘോഷിക്കുകയും ചെയ്തു.

രാധാമാധവം ~ ദ്വാരകയിൽ 

ഈ പുണ്യവസരത്തിൽ നമുക്കെല്ലാം ഉദ്വേഗമുള്ള ഒരു വിഷയം കൂടി ചിന്തിക്കുന്നത് നല്ലതാണ് എന്ന് കരുതുന്നു. മഥുരയിൽ നിന്നും ദ്വാരകയിലേക്ക് പോയ ശ്രീകൃഷ്ണൻ ഒരു സ്ഥലംമാറ്റം എന്നതിലുപരി സ്വന്തം അവതാരലക്ഷ്യത്തിന്റെ രണ്ടാം പർവ്വത്തിലേക്കാണ് പ്രവേശിച്ചത്‌ എന്നും പറയാമല്ലോ! വൃന്ദാവനത്തിലെ ഗോപീഗോപികമാരായാലും നന്ദിനിപ്പശുക്കളായാലും പശുക്കിടാങ്ങളായാലും മഥുരയിലെ പ്രജകളായാലും എല്ലാവരും അദ്ദേഹത്തിന്റെ കൂടുമാറ്റം ഖേദപൂർവ്വം അനുഭവിക്കേണ്ടിവന്നു എന്നത് ഒരു സത്യമാണ്. നമുക്കെല്ലാവർക്കും മനസ്സിൽ എപ്പോഴെങ്കിലുമൊക്കെ തോന്നിയ ഒരു കാര്യമായിരിക്കും; എങ്ങനെ കൃഷ്ണന് രാധയെ ഉപേക്ഷിക്കാൻ കഴിഞ്ഞു എന്നതും പിന്നീടെപ്പോഴെങ്കിലും അവർ തമ്മിൽ കണ്ടുമുട്ടിയിട്ടുണ്ടോ എന്നതും. അതോടൊപ്പം എങ്ങനെയായിരിക്കാം രാധാദേവിയുടെ അന്ത്യം സംഭവിച്ചിരിക്കുക എന്നതും അറിയാൻ നമുക്കൊരു ശ്രമം നടത്താം. 

മനുഷ്യജന്മത്തിൽ ഏറ്റവും ദിവ്യമായി വളരേ ഉയർന്ന ഒരു ബന്ധത്തിന്റെ ചിത്രീകരണമായതിനാൽ കൃഷ്ണന്റെയും രാധയുടെയും പ്രണയകഥ ഭക്തരെ ഏറ്റവും ആകർഷിക്കുന്ന ഒന്നാണ്. രാധാദേവിയുടെ ജീവിതകഥയെക്കുറിച്ച് വ്യത്യസ്ത വിവരണങ്ങളുണ്ടെങ്കിലും, ഏറ്റവും വ്യാപകമായി അംഗീകരിച്ചത് അന്വേഷിച്ചറിയാനുള്ള യാത്ര അവസാനിക്കുന്നില്ല എന്നുതന്നെ പറയാം.

വൃന്ദാവനം വിടുന്ന കൃഷ്ണൻ 

ശ്രീകൃഷ്ണൻ കംസവധത്തിനായി മഥുരയിലേക്ക് പോയതിനു ശേഷം ഒരിക്കലും വൃന്ദാവനത്തിലേക്ക് തിരിച്ചുവന്നിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കംസൻ, ശിശുപാലൻ എന്നിവരെ വധിക്കുന്നതിലൂടെ അവതാരോദ്ദേശത്തിലെ പ്രധാനപ്പെട്ട പല കാര്യങ്ങളും അദ്ദേഹം ചെയ്തുതീർത്തു. പിന്നീടാണ് ദ്വാരകയിൽ പുതിയൊരു കൊട്ടാരം പണിയുന്നതും തന്റെ താവളം മഥുരയിൽ നിന്നും കടൽതീരദേശമായ ദ്വാരകയിലേക്ക് മാറുകയും ചെയ്യുന്നത്.

രാധയോട് കൃഷ്ണൻ വിടപറയുന്ന രംഗം ഹൃദയഭേദകം തന്നെയാണ്. രാധാദേവിയുടെ ഹൃദയം  കൃഷ്ണനിൽ പൂർണ്ണമായും അർപ്പിതമായിരുന്നു. കൃഷ്ണനെക്കുറിച്ചുള്ള നിരന്തരമായ ചിന്ത കാരണം, വാസ്തവത്തിൽ രാധാകൃഷ്‌ണാത്മാക്കൾ  ഒന്നായിത്തീർന്നു വേർതിരിക്കാനാവാത്തതായി. രണ്ടുപേരും കണ്ടുമുട്ടിയെങ്കിലും, ഒരു വാക്കുമുരിയാടാനാകാതെ പരസ്പരം നോക്കിനിന്നു. ആത്മാർത്ഥപ്രണയത്തിൽ വാക്കുകൾക്ക് എന്തു പ്രസക്തി!

‘കൃഷ്ണൻ എന്റെ ആത്മാവായി മാറിയതിനാൽ, ശാരീരികമായി ഉപേക്ഷിച്ചാലും കൃഷ്ണനെ രാധയിൽ  നിന്നും എടുത്തുകളയാൻ യാതൊന്നിനും കഴിയില്ല’ എന്നായിരുന്നു അവസാനമായി രാധാദേവി, തന്നെ ഗാഢം പുണർന്നു നിന്ന ശ്രീകൃഷ്ണനോട് പറഞ്ഞത്. അവർക്കിടയിൽ ദിവ്യമായൊരു ആത്മബന്ധം  പ്രകടമായി നിന്നിരുന്നു. തന്റെ ദിവ്യ അവതാരത്തിന്റെ ഉദ്ദേശ്യം രാധയെ അറിയിച്ചിരുന്നു; അനന്തരം ശ്രീകൃഷ്ണൻ നിശബ്ദമായി രംഗം വിടുകയായിരുന്നു. ഗോപികളെയും ഗോപികമാരെയും തന്ത്രപൂർവ്വം ബോധ്യപ്പെടുത്താനുള്ള ചുമതല, ബലരാമനോടൊപ്പം അക്രൂരനായിരുന്നു. അതിനുശേഷം അവരും മഥുരയിലേക്ക് പോയി.

ശ്രീകൃഷ്ണൻ വൃന്ദാവനം ഉപേക്ഷിച്ചു മഥുരയിലേക്കും പിന്നീട് ദ്വാരകയിലേക്കും പോയതും മഹാഭാരതകഥകളിൽ അദ്ദേഹം നിറഞ്ഞു നിന്നതും പല പ്രാചീന ഗ്രന്ഥങ്ങളിലും നമുക്ക് കാണാവുന്നതാണല്ലോ. എന്നാൽ രാധാദേവിയുടെ ജീവിതകഥ ഒരു ഗ്രന്ഥത്തിലും പ്രതിപാദിച്ചു കാണുന്നില്ല എന്നത് കൗതുകകരവും ഒട്ടൊക്കെ നിരാശാജനകവും ആണെന്ന് പറയാതെ വയ്യ! മഹാഭാഗവതം രാധാദേവിയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതും സ്വല്പം ഖേദകരം തന്നെ.

രാധയുടെ ദ്വാരകാസന്ദർശനം 

വർഷങ്ങൾ കടന്നുപോയി, രാധാദേവി വൃദ്ധയും ശരീരം ദുർബ്ബലവുമായി. തന്റെ ജീവിതത്തിൽ ഒരിക്കൽ കൂടി കൃഷ്ണനെ കാണാൻ ദേവി ആഗ്രഹിച്ചു. സ്വന്തം വീട്ടുകാരുമായുള്ള എല്ലാ ഉത്തരവാദിത്തങ്ങളും പൂർത്തിയാക്കി, നിശബ്ദമായി കൃഷ്ണനെ തേടി രാധാദേവി ഒരുദിവസം വൃന്ദാവനം വിട്ടു. ദിവസങ്ങളോളം കാൽനടയായി നടന്നു, ദ്വാരകയിൽ എത്തിച്ചേർന്നു. കൊട്ടാരത്തിൽ പ്രവേശിച്ച് ശ്രീകൃഷ്ണന്റെ ദർശനം നടത്താൻ കുറേ ശ്രമിച്ചു; ഒടുവിൽ രാധാദേവിക്ക് ശ്രീകൃഷ്ണനെ കാണാനുള്ള അവസരം ലഭിച്ചു.

വൃന്ദാവനത്തിൽ നിന്നും വേർപിരിഞ്ഞു ഒരുപാട് കാലം കഴിഞ്ഞിട്ടും, അവരുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കാൻ അവർക്ക് വാക്കുകൾ ആവശ്യമില്ല. എല്ലായ്പ്പോഴും ഇരുവരും മാനസികമായും ആത്മീയമായും ഒരുമിച്ചായിരുന്നു. എന്നിരുന്നാലും, രാധാദേവി തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ശ്രീകൃഷ്ണന്റെ ഭൗതികമായ  സാന്നിധ്യത്തിൽ സമയം ചെലവഴിക്കാനുള്ള തീവ്രമായ ആഗ്രഹം പ്രകടിപ്പിച്ചു.

കൃഷ്ണന്റെ അനുമതിയോടെ രാധ കൊട്ടാരത്തിന്റെ സേവനത്തിൽ ജോലിക്കാരിയായി ചേർന്നു. കൃഷ്ണനും രാധയും ഒഴികെ മറ്റാരും ഇതൊന്നും അറിഞ്ഞതുമില്ല. രാധ കൊട്ടാരത്തിൽ എല്ലാ ദിവസവും കൃഷ്ണനെ കാണാറുണ്ടെങ്കിലും, കൃഷ്ണനോടുള്ള ആന്തരികമായ അകൽച്ചയും ഭൗതികമായ അകലവും അനുദിനം വർദ്ധിച്ചുകൊണ്ടിരുന്നു. ശാരീരിക സാമീപ്യം ഒരിക്കലും ആത്മീയ സാമീപ്യത്തിന് തുല്യമല്ലെന്ന് രണ്ടുപേരും മനസ്സിലാക്കാൻ തുടങ്ങി. അതിനിടക്ക്, യാതൊരു അറിയിപ്പുമില്ലാതെ രാധാദേവി കൊട്ടാരം വിടാൻ തീരുമാനിച്ചു. പ്രായാധിക്യവും കഠിനമായ പൂർവ്വജീവിതവും കാരണം രാധ ഇതിനകം ദുർബലയും പരിക്ഷീണയുമായിരുന്നു. ദേവി എങ്ങോട്ടാണ് പോകുന്നതെന്നറിയാതെ ദ്വാരകയിലെ വീഥികളിലൂടെ നടന്നകന്നു.

രാധാദേവിയുടെ അന്ത്യനാളുകൾ 

അവതാരകൃഷ്ണൻ എല്ലാം അറിയുന്നുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും രാധയെ ദൈവീകമായി പിന്തുടരുന്നുണ്ടായിരുന്നു. രാധയ്ക്ക് ഏറ്റവും ആവശ്യമുള്ള ഈ സമയത്ത്, കൃഷ്ണൻ ദേവിയുടെ മുൻപിൽ ഭൗതികമായ എല്ലാ ഭാവങ്ങളോടെയും പ്രത്യക്ഷപ്പെട്ടു. കൃഷ്ണന്റെ ദിവ്യ സ്പർശം ദേവിയെ  സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു. രാധ കൃഷ്ണനെ നോക്കി പുഞ്ചിരിച്ചു, ആകർഷകമായ ആ ദിവ്യരൂപത്തെ സന്തോഷത്തോടെ നോക്കി. ഭൂമിയിലെ തന്റെ സമയം അവസാനിക്കുകയാണെന്നും കൃഷ്ണഭാവത്തിലേക്ക് ലയിക്കുവാനായി എന്നന്നേക്കുമായി പോകേണ്ടതുണ്ടെന്നും ദേവിക്ക് ബോധ്യമായി.

ദേവിക്ക് എന്താണ് വേണ്ടതെന്ന് കൃഷ്ണൻ ചോദിച്ചു. ദേവിയാണെങ്കിൽ “ഒന്നുമില്ല” എന്ന് സൂചിപ്പിച്ച് തലയാട്ടി. രാധക്കെന്നും ദിവ്യമായ ശ്രീകൃഷ്ണന്റെ ആത്മാവ് സ്വന്തമായുണ്ടല്ലോ. എന്നാൽ ദേവി തന്നോട് ഇതുവരെ ഒന്നും ചോദിച്ചിട്ടില്ലാത്തതിനാൽ, എന്തെങ്കിലും ആവശ്യപ്പെടണമെന്ന് ശ്രീകൃഷ്ണൻ നിർബന്ധിച്ചു. രാധാദേവി തന്റെ സ്ഥൂലശരീരം ഉപേക്ഷിക്കുന്നതിനുമുമ്പ് കണ്ണന്റെ ദിവ്യമായ ഓടക്കുഴൽനാദം കേൾക്കാൻ കൊതിയുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

ശ്രീകൃഷ്ണൻ തന്റെ പുല്ലാങ്കുഴലിൽ മുമ്പ് ആലപിക്കാത്ത ഏറ്റവും മധുരമായൊരു രാഗം ആലപിക്കുകയും രാധികയ്ക്ക് സമർപ്പിക്കുകയും ചെയ്തു. ദിവ്യമായ ആ ഈണം ശ്രവിച്ചുകൊണ്ട്, രാധ തന്റെ ആത്മഭാജനം മാധവനിൽ ലയിച്ചു. അത് തന്റെ അവസാനത്തെ പുല്ലാങ്കുഴൽ അവതരണമാണെന്നും ഇത് തന്റെ ഏറ്റവും പ്രിയപ്പെട്ട ആത്മഭാജനത്തിന് മാത്രമായി സമർപ്പിക്കണമെന്നും ശ്രീകൃഷ്ണൻ തീരുമാനിച്ചു. രാധയുടെ അന്ത്യയാത്രയിൽ പ്രത്യേകം രചിച്ച ഈണം വായിച്ച ശ്രീകൃഷ്ണൻ തന്റെ പുല്ലാങ്കുഴൽ പൊട്ടിച്ച് എന്നെന്നേക്കുമായി കുറ്റിക്കാട്ടിൽ എറിഞ്ഞ് കൊട്ടാരത്തിലേക്കായി അവിടെ നിന്ന് അപ്രത്യക്ഷനായി.

ഈയവസരത്തിൽ, അമൃതപുരിയിലെ അമ്മയുടെ ഭജനയിലെ ചില വരികൾ ഓർമ്മവരുന്നു; 

നീ മറന്നീടിലും ഞാൻ മറന്നീടുമോ 

ഈ മുളന്തണ്ടിന്റെയീണം …

കാവലായെപ്പോഴും ഞാനിരുന്നീടുമ്പോൾ 

ദൂരസ്ഥനല്ലെന്നുതോന്നും-കണ്ണൻ 

ബാഹ്യസ്ഥനല്ലെന്നുതോന്നും …

=================================================



References --

1. radhavallabh.com

2. brajdarshan.in

3. wikipedia.com

4. quora.com

5. speakingtree.com 

6. amritapuri.org

Comments

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം