അതേക്കുറിച്ചൊന്നും ഓർക്കാൻ നന്ദനിപ്പോൾ മനസ്സില്ല. മനസ്സുകെട്ടുപോയിരിക്കുന്നു. എത്ര നാളുകളായി ഈ കഷ്ടതകളിൽ പെട്ട് ജീവിതം തള്ളിനീക്കുന്നു! എന്താണ് തനിക്കു മാത്രം ഇത്ര ദുരിതം? ദൈവവിശ്വാസം നല്ലവണ്ണം ഉണ്ടായിട്ടും എന്താണിത്രയും പരീക്ഷണം.. നന്ദന്റെ മസ്തിഷ്കത്തിൽ ഉറുമ്പരിക്കുന്നപോലെ ഒരു തരിപ്പ്. എല്ലാ പ്രശ്നങ്ങളും കാരണം അവന്റെ ചിന്താധാര പലപ്പോഴും മുറിഞ്ഞു പോവുന്നു. ശ്രദ്ധ നശിക്കുന്നു.
മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ മുന്നിലുള്ള സിഗ്നൽ ചുവപ്പായിരുന്നെങ്കിലും നന്ദൻ സീബ്രാ വരകൾ മുറിച്ചുകടക്കാൻ തുനിഞ്ഞു. അപ്പോൾ അടുത്തുനിൽക്കുന്ന സുഡാനി വംശജൻ നീട്ടിപ്പറഞ്ഞു... "ശൂ-- ആദാ...."
സഡ്ഡൻ ബ്രേക്ക് ഇട്ട വാഹനം പോലെ നന്ദൻ നിന്നു. ചീറിപ്പായുന്ന വാഹനങ്ങളെയും സുഡാനിയുടെ മുഖത്തെയും അവൻ മാറി മാറി നോക്കി. "സോറി.." നന്ദന്റെ വരണ്ട തൊണ്ടയിൽ നിന്നും വളരെ പതുക്കെ ശബ്ദം പുറത്തുവന്നു.
"ഐന്തസാർ.. ആയതിൻ ബിനാഫ്‌സിക്.." സുഡാനി മുന്നറിയിപ്പ് നൽകി. ഓരോ നീക്കവും കാത്തുകൊള്ളണം എന്നും സ്വയം കാത്തുരക്ഷിക്കണം എന്നും; തന്റെ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് പ്രവേശിക്കണം എന്നാഗ്രഹിച്ചു നാട്ടിൽ നാളുകൾ തള്ളിനീക്കുന്ന ആത്മസഖി റീമയുടെ വാക്കുകൾ നന്ദന്റെ തലക്കുള്ളിൽ പ്രതിധ്വനിച്ചു.
പ്രേമം.. ഹോ അതൊന്നും വേണ്ടായിരുന്നു. മനസ്സിന്റെ കളികളല്ലേ, അതും സംഭവിച്ചു. എന്നും തന്റെ ജീവിതം ഇരുളടഞ്ഞതാണ്, അതിലേക്ക് വേറെയൊരാളെകൂടി കൊണ്ടുവന്നു കഷ്ടപ്പെടുത്തണം എന്ന് മനഃപൂർവ്വം ആഗ്രഹിച്ചതല്ല-- എല്ലാം വന്നു ഭവിച്ചു. റീമക്കാണെങ്കിൽ തന്നെ ജീവനുമാണ്. തന്റെ എല്ലാ കഷ്ടപ്പാടുകളിലും അവൾക്കും ദുഃഖമുണ്ട്.
"നന്ദൂ, എല്ലാം ശെരിയാവും, നീ നോക്കിക്കോ. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. നിന്റെ മദ്രാസിലെയും ഹൈദെരാബാദിലെയും ബോംബയിലെയും ജീവിതത്തിൽ ഉണ്ടായ കയ്‌പേറിയ അനുഭവങ്ങൾ നിന്റെ ജീവിതത്തിൽ എന്നെങ്കിലും നല്ല റിസൾട്ട് ഉണ്ടാക്കും. ഞാനെന്നും നിനക്കുവേണ്ടിയാണ് പ്രാർത്ഥിക്കുന്നത്".. റീമയുടെ ഇന്നലത്തെ വാട്സാപ്പ് സന്ദേശം നന്ദന്റെ അന്തഃകരണത്തിൽ വന്നുദിച്ചു.
വലിയ ലക്ഷ്യമൊന്നും ഇപ്പോൾ തനിക്കില്ല. നേരെ ചൊവ്വേ മാസാമാസം അത്യാവശ്യം കഴിഞ്ഞുകൂടാനുള്ള ശമ്പളം കിട്ടുന്ന പോലെ എന്തെങ്കിലും ഒരു ജോലി വേണം എന്ന ഒരേയൊരു ലക്ഷ്യമേ ഇപ്പോൾ ഉള്ളൂ തനിക്ക്. ഇനിയെങ്കിലും സ്വന്തം അധ്വാനത്തിന്റെ വരുമാനത്തിൽ പിടിച്ചു നിൽക്കണം. ഇനിയും വയസ്സായ അച്ഛനെയും അമ്മയെയും ആശ്രയിക്കരുത്. അവർക്ക് ഇനി അനിയന്റെ ഉപരിപഠനത്തിനുള്ള ചെലവും വഹിക്കാനുണ്ട്.
അത് ഔദ്യോഗിക ദിവസം ആയതിനാൽ മെട്രോയിൽ നല്ല തിരക്കുണ്ട്. യൂണിയൻ സ്റ്റേഷൻ പ്രധാനപ്പെട്ടതായതിനാൽ ട്രെയിനിൽ കയറാൻ ക്യൂ നിൽക്കണം. താൻ ബോംബെയിലും ചെന്നൈയിലും സഹിച്ച ദുരിതമൊന്നും ഇവിടെയില്ലല്ലോ എന്നോർത്തപ്പോൾ നന്ദന് തെല്ലാശ്വാസം. മെട്രോയിൽ കയറി, വശത്തെ ഒരു കൈപ്പിടിയിൽ തൂങ്ങി നിൽപ്പായി. എല്ലാ മുഖങ്ങളും വെവ്വേറെ വംശവും നാടും വിളിച്ചോതുന്നു. ഇന്ത്യക്കാർക്ക് പുറമെ, ഫിലിപ്പീൻസ്, ഈജിപ്റ്റ്, ബ്രിട്ടൻ, ലെബനൻ, ജോർദാൻ, പാകിസ്ഥാൻ, സുഡാൻ, നൈജീരിയ, തുടങ്ങിയ രാജ്യത്തിൽനിന്നുള്ളവരെ വളരെ വേഗം തിരിച്ചറിയാം.
എല്ലാരും എന്തൊക്കെയോ ചിന്തകളിൽ മുഴുകി നിൽപ്പാണ്. ഏതാണ്ട് എല്ലാരുടെയും കൈകളിൽ മൊബൈൽ ഫോണുകൾ ഉണ്ട്. ചിലർ സംഗീതം ആസ്വദിക്കുന്നു, ചിലർ സംസാരത്തിലാണ്, ചിലർ ചാറ്റിങ്‌ലാണ്_ എല്ലാവരും അവരവരുടേതായ ലോകത്ത് ഒറ്റപ്പെട്ടു നിൽക്കുന്നപോലെ. ആൾക്കൂട്ടത്തിൽ തനിയെ...
അതോ ഇതെല്ലാം തന്റെ മാത്രം തോന്നലാണോ? മറ്റുള്ളവരൊക്കെ തന്നെക്കാൾ കഴിവുള്ളവരാണോ? ഞാൻ മാത്രമാണോ ഈ രാജ്യത്ത് ജോലിയില്ലാതെ, സ്വന്തം കാലിൽ നിൽക്കാൻ കെല്പില്ലാതെ ജീവിക്കുന്നത്? നന്ദന്റെ ചിന്തകളുടെ ചീന്തുകൾ പലവഴിക്ക് ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിരുന്നു.
ജബൽ അലിയുടെ അവസാനത്തെ സ്റ്റേഷൻ സമീപിക്കുന്തോറും നന്ദന്റെ ഹൃദയമിടിപ്പ് ഏറിക്കൊണ്ടുവന്നു. ഇന്റർവ്യൂ ന്റെ സ്ഥലം എത്താൻ ഇനിയും ഒരു മണിക്കൂറോളം ഉണ്ടെങ്കിലും അവന്റെ മനസ്സിലെ ഭയവും പിരിമുറുക്കവും പാരമ്യത്തിലെത്തിയിരുന്നു.
"ഇതാണെന്റെ ശാപം.. ഈ ആത്മവിശ്വാസക്കുറവ്. എന്നെ എനിക്കുതന്നെ വിശ്വാസമില്ലായ്മ. ഏതൊരുകാര്യത്തിനും വിലങ്ങുതടിയായി എപ്പോഴും ക്ഷണിക്കാതെ വന്നുകയറുന്ന പിശാച്." നന്ദൻ ഒരിക്കൽ റീമയോട് പറഞ്ഞത് ഓർത്തു.
"നന്ദൂ.. അതൊക്കെ എല്ലാർക്കും ഉള്ളതാണ് മാഷേ. പലർക്കും പല അളവിൽ ആകുമെന്ന് മാത്രം. നിനക്കിപ്പോൾ ഇങ്ങനെയൊരു ഇഷ്യൂ ഉള്ളകാര്യം നിനക്കുതന്നെ അറിയാം. അപ്പോൾ കാര്യം വളരെ ഈസി ആണല്ലോ. സ്വയം മനസിലാക്കുക എന്നതുതന്നെ ആത്മവിശ്വാസം ഉയർത്താനുള്ള ശ്രമത്തിന്റെ ആദ്യഭാഗമാണ്. നീ വിജയിക്കും."
ഒരു പക്ഷെ റീമയുടെ ഭംഗിയോ സംസാരമോ ഒന്നുമല്ല തന്നെ അവളിലേക്ക് അടുപ്പിച്ചത്. അവളുടെ വ്യക്തിത്വം- അതാണ് തന്റെ ഹൃദയത്തിൽ വലിയ സ്വാധീനം ചെലുത്തിയത്. തനിക്ക് ആദ്യമൊക്കെ അന്ധമായ പ്രണയം മാത്രം ആയിരുന്നെങ്കിലും അവളുടെ എല്ലായ്‌പ്പോഴും പ്രകടമായി കാണുന്ന പോസിറ്റീവ് വൈബ്‌സ്__ അത് തന്റെ ജീവിതത്തെ ഒരുപാട് മാറ്റിയിട്ടുണ്ട്.
ജബൽ അലി സ്റ്റേഷനിൽ എല്ലാരും ഇറങ്ങി. തിരിച്ചുള്ള ട്രിപ്പിൽ പോകുന്നവർ ഉള്ളിലേക്ക് കയറാൻ ക്യൂ ആയി ക്ഷമയോടെ നിൽക്കുന്നുണ്ട്. പുറത്ത് പോർട്ട് ഫ്രീ സോണിനു അകത്തുപോകാനുള്ള ബസ് നിൽപ്പുണ്ട്. മെട്രോ സ്റ്റേഷന് പുറത്തേക്കു കടന്നപ്പോൾ വീണ്ടും ഒരു തീച്ചൂളയിൽ പെട്ടപോലെ ആയി. ശക്തമായ പൊടിക്കാറ്റുമുണ്ട്. സ്ത്രീകളിൽ പലരും നീണ്ട ഷാൾ കൊണ്ട് മുഖം മറച്ചിരിക്കുന്നു. ബസ്സിൽ കയറാനും ക്ഷമയോടെ എല്ലാവരും ക്യൂ നിൽക്കുന്നു. നന്ദൻ അപ്പോൾ നാട്ടിലും ചെന്നൈയിലും ബോംബെയിലും സഹിച്ച ദുരിതങ്ങൾ ഓർത്തെടുത്തു.
ഇന്ത്യയിലെ മഹാനഗരങ്ങളിൽ സാധാരണ ജനങ്ങളുടെ, ജീവനുള്ള തുച്ഛവില അഥവാ വിലയില്ലായ്മ നന്ദന്റെ മനസ്സിൽ നൊമ്പരമുണർത്തി. വിവേകമുള്ള മൃഗം എന്ന സ്ഥിതിയിൽ എങ്കിലും മനുഷ്യന് ജീവിക്കാനുള്ള അവസരം ഉണ്ടെങ്കിലും അതൊന്നും കിട്ടാതെ, അഥവാ കൊടുക്കപ്പെടാതെ, അഥവാ ഉണ്ടായിട്ടും അറിയാതെ, അല്ലെങ്കിൽ അറിഞ്ഞിട്ടും ഉപയോഗിക്കാതെ വിവേകത്തെ പാഴാക്കിക്കളയുന്ന ലക്ഷക്കണക്കിന്, കോടിക്കണക്കിനു ആബാലവൃദ്ധം മനുഷ്യജീവിതങ്ങൾ....അവിടെയൊക്കെ ജീവിതം ഒരു സർക്കസ്സാണ്. സ്വയം ടെൻറ്റിൽ കെട്ടിയാടുന്ന അഭ്യാസികളാണ് പലരും. കുറേപേർ മറ്റുള്ളവരുടെ പാവകളിയിൽ ജീവിതം കെട്ടിയാടുന്നവർ.
എന്തിനാണ് താനിപ്പോൾ ഇതെല്ലാം ഓർക്കുന്നത്. ഇതല്ലല്ലോ താൻ ഓർക്കേണ്ടത്? അല്ലെങ്കിലും എപ്പോഴും അങ്ങനെയാണല്ലോ... വേണ്ടാധീനമേ ആലോചിക്കൂ എന്ന് അച്ഛൻ പലപ്പോഴും നന്ദനോട് പറയാറുണ്ട്. അതുകേൾക്കുമ്പോൾ ഒരു തരം ദേഷ്യം വരാനുണ്ട്. തലപൊട്ടിപ്പോകുന്ന ദേഷ്യം.. അച്ഛനോടുള്ള പക അങ്ങനെ തുടങ്ങിയതാണ്.
അമ്മ എന്നും പറയും "എടാ അച്ഛനെ ഇങ്ങനെ പ്രാകരുത്. നിനക്ക് ഗുരുത്വം ഉണ്ടാവില്ല ട്ടോ! നിന്റെ നല്ലതിനല്ലേ അവരങ്ങനെ പറയുന്നത്, അല്ലാതെ നിന്നെ ഇഷ്ടമില്ലാഞ്ഞാണോ?" അമ്മയുടെ കവിളിൽ കണ്ണുനീർ ചാലുകൾ ഒഴുകിത്തുടങ്ങിയിരിക്കും. അവരങ്ങനെയാണല്ലോ.. എന്തിനും ഏതിനും കണ്ണ്നീരാണ് അവരുടെ മുഖമുദ്ര.
"അച്ഛനോടിങ്ങനെ ചൂടാവുന്നതെന്തിനാ? അച്ഛൻ നന്ദൂനുവേണ്ടിയല്ലേ ഇത്രയും പ്രാർത്ഥനയും വഴിപാടുകളും എല്ലാം ചെയ്യുന്നത്?" റീമയും പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ടല്ലോ.
"ഓ.. അങ്ങേർക്കു അതിനു അനിയനോടാണല്ലോ വാത്സല്യം... ഞാൻ അധികം പഠിക്കാത്തോൻ.. ബുദ്ധി ഇല്ല്യാത്തോൻ. ഒക്കെ ആണല്ലോ അങ്ങേർക്ക്! ഒരു ലക്ഷം രൂപ കയ്യിൽ വരട്ടെ, അത് കയ്യിൽ പിടിപ്പിച്ചാൽ സന്തോഷാവും.. അതിനു ഒരു നല്ല ജോലി ശരിയാവണ്ടേ?" സങ്കടക്കടലിൻ്റെ വേലിയേറ്റത്തിൽ റീമയോട് അങ്ങനെയും താൻ പറഞ്ഞിട്ടുണ്ട്. അത്ര വേണ്ടായിരുന്നു. അന്ന് റീമയും കരയുന്നത് താൻ നോക്കിനിന്നു.
ജബൽ അലി ബസ് ചലിച്ചുതുടങ്ങി. സഹമുറിയൻ കിരണിന്റെ കസിൻ ശ്രീജിത്ത് ഇല്ലായിരുന്നില്ലെങ്കിൽ ഇത്തരം ഇന്റർവ്യൂ ഒക്കെ എങ്ങനെ തരമാക്കാനാണ്? അദ്ദേഹത്തിന് എന്ത് തോന്നുന്നുണ്ടാവും? പത്തിൽക്കൂടുതൽ സ്ഥലത്തുപോയെങ്കിലും ഒന്നിലും വിജയം കണ്ടില്ല. എല്ലാം നല്ല കമ്പനികൾ ആയിരുന്നു. എല്ലായിടത്തും തന്റെ ആത്മവിശ്വാസക്കുറവായിരുന്നല്ലോ പ്രശ്നം. അത് താനിതുവരെ കിരണിനോടോ കസിനോടോ പറഞ്ഞിട്ടില്ല. അവർക്കെന്തു തോന്നും? തനിക്കുള്ള ഒരു ഇമേജ് പോവില്ലേ? പിന്നെ അവരുടെ മുഖത്തെങ്ങനെ നോക്കും?
ഇനി ഇപ്പോൾ പോകുന്ന കമ്പനിയിൽ എന്തുണ്ടാകുമോ ആവോ? ഇതും നല്ലൊരു കമ്പനിയാണെന്നു ശ്രീജിത്ത് പറഞ്ഞിട്ടുണ്ട്. അവരുടെ കമ്പനിയുടെ ലോജിസ്റ്റിക് കൺസൾറ്റൻറ്റ് ആണത്രേ. കനേഡിയൻ മാനേജ്മെന്റ്റ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അവർ പറയുന്ന സാലറിയിൽ ആദ്യം സമ്മതിക്കാനാണ് കിരൺ പറയുന്നത്. പക്ഷെ അതെങ്ങനെ ശെരിയാവും.. നമുക്ക് നമ്മുടെ ഒരു വിലയില്ലേ... നന്ദന്റെ ചിന്തകൾ മണലാരണ്യത്തിൽ അങ്ങും ഇങ്ങും പാറിക്കൊണ്ടിരുന്നു.
ഇന്നും താൻ വിചാരിച്ചപോലെ അവരെ ഇമ്പ്രെസ്സ് ചെയ്യിക്കാനാവുന്നില്ലെങ്കിൽ മറ്റുള്ളവരോടെന്തു പറയും? നാണക്കേടല്ലേ.. എന്തൊക്കെ വീരവാദം പറഞ്ഞാണ് നാട്ടിൽ നിന്നും വന്നത്. മൂന്നു മഹാനഗരങ്ങളിൽ നേരിട്ട ദുരിതപർവങ്ങളെ ഓർമ്മകളിൽനിന്നും ആട്ടിപ്പായ്ക്കാനുള്ള വൈരാഗ്യം ഉണ്ട് മനസ്സിൽ. പക്ഷെ ആ അനുഭവങ്ങൾ മരിച്ചാലും മാഞ്ഞുപോകും എന്ന് തോന്നുന്നില്ല. അത്രക്കും യാതനാപൂർണ്ണം ആയിരുന്നല്ലോ തന്റെ ഉദ്യോഗഭൂതകാലം!
ഷിഫ്റ്റ് സൂപ്പർവൈസർ എന്ന പോസ്റ്റ് ആണെന്നാണ് ശ്രീജിത്ത് പറഞ്ഞത്. ആഫ്രിക്കയിൽ നിന്നും വരുന്ന ചില വസ്തുക്കളുടെ ബൾക്ക് സ്റ്റോക്കിനെ ചെറിയ കണ്ടൈൻറ്മെൻറ് ആക്കി പാക്ക് ചെയ്ത് റീ-എക്സ്പോർട്ട് ചെയ്യുന്ന സെറ്റ് അപ് ആണെന്നാണ് അറിവ്. അതൊക്കെ തനിക്ക് ചെയ്യാവുന്നതാണല്ലോ. പക്ഷെ.. ഇന്നും ആത്മവിശ്വാസത്തെയാണ് പേടി. വേണ്ടപ്പോൾ അത് പണിമുടക്കും.
നന്ദൻ കൃത്യ സമയത്തുതന്നെ ഇന്റർവ്യൂ പങ്കെടുത്തു. പതിവുപോലെ ജിജ്ഞാസയുടെ പാരമ്യത്തിലായിരുന്നു അവന്റെ മനസ്സ്. അവർ ചോദിച്ചതെല്ലാം അവൻ ശ്രദ്ധയോടെ കേട്ടു പക്ഷെ ഒന്നിനും ആത്മവിശ്വാസത്തോടെ ഉത്തരം പറയാൻ സാധിച്ചില്ല. അവൻ ഇന്റർവ്യൂ കസേരയിൽ ഇരുന്നു വെന്തുനീറി. പുറത്തെ അത്യുഷ്ണത്തിന്റെ തീവ്രത എല്ലാം നന്ദന്റെ ശരീരത്തിലും മനസ്സിലും ആയിരുന്നു. ശീതീകരിച്ച ഓഫീസിൽ പോലും നന്ദൻ ഇരുന്നു വിയർത്തു.
"വീ വിൽ ഇൻഫോം യു ഏർലി നെക്സ്റ്റ് വീക്ക്. ഹാവ് എ നൈസ് വീക്കെൻഡ്".. അവസാനം ഇന്റർവ്യൂ ചെയ്‍ത ഫിലിപിനോ മാനേജർ പറഞ്ഞു. നന്ദൻ മനസ്സിൽ ഉറപ്പിച്ചു.. "ഇതും കയ്യിൽ നിന്നുപോയി"...
അമ്പേ പരാജയപ്പെട്ട ആത്മാവും തളർന്ന ശരീരവും കുമ്പിട്ട ശിരസ്സും ചിന്താമഗ്നമായ മനസ്സുമായി നന്ദൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു. വൈകുന്നേരം അഞ്ചുമണി ആയെങ്കിലും വെയിലിന്റെ താപം കുറഞ്ഞിട്ടില്ല. ശരീരം മുഴുവൻ വിയർപ്പിൽ മുങ്ങിയപോലെ. ഇനി കിരണിനോടും ശ്രീജിത്തിനോടും എന്തുപറയും? അച്ഛൻ വിളിക്കുമ്പോൾ എന്ത് പറയും? അങ്ങോരുടെ വായിലുള്ളതും കേൾക്കേണ്ടേ? ഞാൻ എന്തു പിഴച്ചു? എനിക്ക് ആത്മവിശ്വാസം ഇല്ല.. അതെന്റെ കുഴപ്പമാണോ? അനിയനെ പ്രോത്സാഹിപ്പിക്കുന്നപോലെ തന്നെയും പഠിപ്പിച്ചിരുന്നെങ്കിൽ താനും വല്ല ഡോക്ടറോ എൻജിനീയറോ ആയേനെ. നല്ല ജോലി കിട്ടിയേനെ. പലയിടത്തും തെണ്ടിയപോലെ യാതന അനുഭവിക്കേണ്ടി വരില്ലായിരുന്നു. എന്ത് ചെയ്യാം.. എല്ലാം എന്റെ വിധി തന്നെ!
ബസ്സും, മെട്രോയും, കാൽനടയും കഴിഞ്ഞു മുറിയിൽ എത്തിയപ്പോൾ കിരൺ വന്നിട്ടുണ്ടായിരുന്നു. നന്ദന്റെ മുഖഭാവം കണ്ടപ്പോൾ കിരണിനു കാര്യം മനസ്സിലായി.
"എന്ത് പറ്റി ബ്രോ.. ഇതും ക്ലച്ച് പിടിച്ചില്ല അല്ലെ..സാരമില്ല .. നീ ധൈര്യമായിരിക്ക്." കിരണിന്റെ വാക്കുകൾ നന്ദന്റെ ചെവിയിലൂടെ ഒരു തീപ്പന്തമായി മനസ്സിലേക്ക് തീ പടർത്തി.
"ഇങ്ങനെ പോയാൽ ഞാൻ ആത്മഹത്യ ചെയ്യും ബ്രോ.. എന്റെ ക്ഷമയുടെ നെല്ലിപ്പടി കാണുന്നുണ്ട്. ജോലി കിട്ടാതെ നാട്ടിലേക്ക് തിരിച്ചുപോകുന്ന അവസ്ഥ എനിക്ക് ആലോചിക്കാൻ ആകുന്നില്ല. അങ്ങനെയാണെങ്കിൽ എന്തുചെയ്യണം എന്നെനിക്കറിയാം." നന്ദന്റെ ശബ്ദം ഇടറിയിരുന്നു. വാക്കുകൾക്കു അത്യുഷ്ണം. കിരണിനു സ്വല്പം ഭയം വരാതെ ഇരുന്നില്ല. അവൻ വേഗം, സന്ദർഭത്തെ കുറച്ചു ശാന്തമാക്കി.
"നന്ദാ.. ഇന്ന് വ്യാഴാഴ്ചയാണല്ലോ.. ഞാൻ നീ വരുന്നത് നോക്കിയിരിക്കുകയായിരുന്നു. എനിക്ക് ശ്രീജിത്തിനെ കാണാൻ പോണം, നീ വരുന്നോ? അവൻ അൽ ഖൂസിൽ നിന്നും ഓഫീസ് കഴിഞ്ഞു നൈഫ് റോഡ് വഴി വരും. അവൻ ഷാർജയിൽ ആണല്ലോ. നമുക്ക് ഇന്നവന്റെ വീട്ടിൽ കൂടാം. നാളെ രാവിലെ നമുക്ക് തിരിച്ചുവരാം. നിനക്കും ഒരു ബ്രേക്ക് ആവശ്യമുണ്ട്." കിരണിന്റെ വ്യക്തമായ വാക്കുകൾ. നന്ദന് അല്പം ആശ്വാസം തോന്നി. അവൻ കുളിച്ചു ഡ്രസ്സ് മാറ്റി ഷാർജയിലേക്ക് പോവാൻ റെഡി ആയി. പലതവണ സംസാരിച്ചിട്ടുണ്ടെങ്കിലും ശ്രീജിത്തിനെ ആദ്യമായാണ് കാണാൻ പോവുന്നത്.
കൃത്യം ഏഴുമണിക്ക് ശ്രീജിത്ത് അവന്റെ ചുവന്ന മിത്‍സുബിഷി പജേറോയിൽ നൈഫ് റോഡിലെ പള്ളിക്ക് സമീപം വന്നു. കിരണും നന്ദനും കാറിൽ കയറി.
"ഹായ് നന്ദൻ.. ഫൈനലി വി മെറ്റ്.. അല്ലെ?" ഒരു പൊട്ടിച്ചിരിയോടെ ശ്രീജിത്തിന്റെ സ്വയം പരിചയപ്പെടുത്തൽ. "സോറി.. ഹാഫ് ഇയർ സ്റ്റോക്ക്എടുപ്പ് നടക്കുന്നോണ്ട്.. എപ്പോഴും ഇറങ്ങാൻ വൈകും. പിന്നെ വീക്കെൻഡ് ഷാർജയിൽ നിന്നും ഇങ്ങോട്ടു വരാനുള്ള മടി.. അങ്ങനെ ഇതുവരെ കാണാൻ പറ്റിയില്ല." ശ്രീജിത്തിന്റെ വിനയത്തോടെയുള്ള സംസാരം നന്ദനിൽ കൗതുകം ഉണർത്തി. ഇദ്ദേഹം അത്യാവശ്യം ഹുങ്കുള്ള മനുഷ്യൻ ആണെന്നായിരുന്നു ഇതുവരെ വിചാരിച്ചിരുന്നത്.
അല്ലെങ്കിലും മറ്റുള്ളവരെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ പലപ്പോഴും തെറ്റാറുണ്ടല്ലോ. ചില പരാമർശങ്ങളിലൂടെ കുറെ ആൾക്കാരുടെ നീരസവും തനിക്ക് കാണേണ്ടി വന്നിട്ടുണ്ട്. ഇതിപ്പോൾ ലാഭേച്ഛയില്ലാതെ തന്നെ സഹായിക്കുന്ന ശ്രീജിത്തിന്റെ മനസ്സിന്റെ നന്മ പോലും തനിക്ക് സംശയത്തിന്റെ നിഴലിൽ ആയിരുന്നല്ലോ. നന്ദന്റെ ചിന്തകൾ, നീങ്ങാൻ തുടങ്ങിയ പജേറോ കാറിന്റെ മുന്നിൽ ഇഴഞ്ഞു നീങ്ങുന്ന ദുബായ്-ഷാർജാ വാരാന്ത്യ ട്രാഫിക് ജാം പോലെ കെട്ടുപിണയാൻ തുടങ്ങി. ശ്രീജിത്തിന്റെ ശബ്ദമാണ് വീണ്ടും ആ കനത്ത കെട്ടിനെ ഭേദിച്ചത്.
“പറയൂ നന്ദൂ... നമുക്കിനിയും ഒരു മണിക്കൂറുണ്ട് ഇങ്ങനെ ട്രാഫിക്കിൽ— വീട്ടിലെത്താൻ. ആ സമയം നമുക്ക് നമ്മുടെ കാര്യങ്ങൾ കൃത്യമായി സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താൻ ശ്രമിച്ചാലോ?” രാവിലെ മുതലുള്ള ജോലി കഴിഞ്ഞുള്ള ക്ഷീണം പ്രകടമാണെങ്കിലും ശ്രീജിത്തിന് ഒട്ടും ആവേശം കുറവല്ല എന്ന് നന്ദൻ അറിയുന്നു.
“നന്ദൂ.. നിന്റെ കഴിഞ്ഞ ഇൻറർവ്യൂ വിശേഷങ്ങൾ എല്ലാം കിരൺ പറയാറുണ്ട്. എന്തോ എവിടെയോ മിസ്സിംഗ് ആണെന്ന് എനിക്ക് തോന്നുന്നു. അല്ലാതെ ഇങ്ങനെ വരില്ല. സോ — അത് നമുക്ക് കണ്ടുപിടിച്ചു സോൾവ് ചെയ്യാം എന്താ?” ശ്രീജിത്ത് തന്റെ സംസാരം തുടർന്നു. നന്ദന്റെ മൊബൈൽ ഫോണിന്റെ റിങ് ടോൺ ആണ് അതിനെ നിർത്തിയത്.
“ഹലോ... അതെ ഇന്ന് പോയി.. വലിയ സ്കോപ് ഇല്ല... എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ... എന്തിനാണ് എന്നോട് തട്ടിക്കയറുന്നത്... ഇങ്ങനെയാണെങ്കിൽ എന്നെ ഇനി വിളിക്കേണ്ടാ...!” നന്ദന്റെ സംഭാഷണശകലങ്ങൾ കാറിനുള്ളിൽ കനത്ത നിശ്ശബ്ദത നിറച്ചു. അഞ്ചുമിനിറ്റോളം ആരും ഒന്നും സംസാരിച്ചില്ല.
“ആരോടായിരുന്നു കയർത്തത്?” വീണ്ടും ശ്രീജിത്ത് ആണ് മൗനം ഭേദിച്ചത്.
“അച്ഛനായിരുന്നു. ഇന്നത്തെ ഇന്റർവ്യൂനെ പറ്റി ചോദിച്ചതാണ്. സ്കോപ്പ് ഇല്ല എന്ന് പറഞ്ഞതും തട്ടിക്കയറാൻ തുടങ്ങി. നീ സ്വയം താഴ്ന്നു പോവുകയാണ്, ആദ്യം പോയി പ്രാർത്ഥിക്ക് — എന്നൊക്കെയുള്ള സ്ഥിരം പല്ലവി തന്നെ... അങ്ങോരുടെ ഫോൺ വരുന്നത് തന്നെ എനിക്ക് അലർജി ആവുന്നു. ഐ ഹേറ്റ് ദിസ്..” നന്ദന്റെ ശബ്ദം ഇത്തിരി കനത്തതായി കിരണിന് തോന്നി.
“നന്ദൂ, മാതാ-പിതാ-ഗുരു-ദൈവം എന്നാണു നമ്മളെ കുട്ടിക്കാലം മുതൽക്കേ പഠിപ്പിക്കുന്നത്. അപ്പോൾ അതിലെന്തെങ്കിലും കാരണം കാണുമല്ലോ! നമ്മളൊക്കെ ആരാധിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന ഗുരുവിനും ദൈവത്തിനും മുകളിലാണ് അച്ഛനമ്മമാരുടെ സ്ഥാനം. നമ്മളിൽ മിക്കവാറും എല്ലാരും ദൈവ ഭക്തരാണല്ലോ. ചീത്തകാലം ജീവിതത്തിൽ നടക്കുമ്പോൾ നമ്മൾ ദൈവത്തോട് എന്താണ് പ്രാർത്ഥിക്കുന്നത്... ദൈവമേ... നീയെന്നോട് എന്തിനീ പരീക്ഷണം ചെയ്യുന്നു എന്നല്ലേ?! അപ്പോൾ ദൈവത്തിനും മുകളിൽ നിൽക്കുന്നതും നമ്മുടെ ജീവിതം യഥാർത്ഥത്തിൽ കരുപ്പിടിപ്പിക്കുന്നതും ആയ അച്ഛൻ സ്വല്പം കയർത്തുപറയുമ്പോൾ നമുക്കെന്തിന് ദേഷ്യം വരണം? അച്ഛനോടും ചോദിക്കാമല്ലോ... എന്തിനീ പരീക്ഷണം അച്ഛാ— എപ്പോഴെങ്കിലും അങ്ങനെ വിചാരിച്ചിട്ടുണ്ടോ..?” ശ്രീജിത്തിന്റെ പളുങ്കുസമാനമായ വാക്കുകൾ നന്ദന്റെ കർണ്ണപടത്തിൽ ആഴ്ന്നിറങ്ങി.
കാറിനുള്ളിൽ കനത്ത നിശബ്ദത വീണ്ടും. പുറത്ത് ഷാർജയിലേക്കുള്ള ട്രാഫിക് മന്ദം മന്ദം വരിയായി നിരയായി ഒഴുകുന്നുണ്ട്. വീണ്ടും ശ്രീജിത്ത് തന്നെ മൗനം ഭഞ്ജിച്ചു.
"ആകട്ടെ.. ഇപ്പോൾ നന്ദു പത്തുപതിനഞ്ചോളം ഇന്റർവ്യൂ നു പോയല്ലോ. അവിടെയൊക്കെ നിനക്ക് നേരിട്ട പ്രശ്നം എന്താണ്. അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. നിന്റെ ഇന്ത്യയിലെ പരിചയം വെച്ചാണല്ലോ ആ ഓഫീസുകളിൽ ഒക്കെ പോയത്. സോ.. വാട്ട് ഈസ് ദി ആക്ച്വൽ പ്രോബ്ലം?" ശ്രീജിത്ത് എല്ലാം കണിശമായി തന്നെ ചോദിച്ചറിയാൻ തീരുമാനിച്ചിരിക്കുന്നു എന്ന് നന്ദന് മനസ്സിലായി.
"സത്യം പറഞ്ഞാൽ രണ്ടു മൂന്നു പ്രശ്നങ്ങളുണ്ട്.." നന്ദന്റെ ശബ്ദം ഒരു നിശ്വാസത്തിൽ കുരുങ്ങി.
"നന്ദു... റിലാക്സ്... ഇത്തരം അവസ്ഥയിലൂടെ കടന്നുപോയതാണ് ഞാനും. നീ ദുബായിൽ എത്തിയപ്പോൾ തന്നെ നിൻറെ അടുത്തു വന്ന്, നിന്റെ അവസ്ഥ മനസ്സിലാക്കണം എന്ന് നിന്റെ അച്ഛൻ എന്നോട് പറഞ്ഞതായിരുന്നു. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നപ്പോൾ എന്നെ ഒരുപാട് സഹായിച്ചതാണ്. ആ സ്നേഹവും കടപ്പാടും എനിക്കെന്നും അദ്ദേഹത്തോടുണ്ട്. ഇനി പറയു.. ഓരോന്നായി!" ശ്രീജിത്തിന്റെ ഓരോ വാക്കും നന്ദന്റെ ഭാവനിലയിൽ ഒരായിരം താരകങ്ങൾ ഉദിക്കുന്ന പുതിയൊരു ലോകത്തേക്ക് കൊണ്ടുപോകുന്നപോലെ തോന്നിച്ചു. പുറത്തു സായാഹ്നസൂര്യൻ അസ്തമിച്ചിരിക്കുന്നു. അരുണചക്രവാളം ലക്ഷ്യമാക്കി ശ്രീജിത്ത് തന്റെ വാഹനം വാരാന്ത്യത്തിലെ തിരക്കിനിടയിലൂടെ മന്ദം മന്ദം ഓടിച്ചുകൊണ്ടിരുന്നു.
നന്ദൻ തന്റെ പ്രശനങ്ങളെ മൂടിവെക്കാനുള്ള സമയമല്ല ഇതെന്നുള്ള ബോധ്യത്തോടെ പറയാൻ തുടങ്ങി: "ശ്രീയേട്ടാ.. അറിയാമല്ലോ.. ഞാൻ ചെന്നൈയിലും ഹൈദരാബാദിലും പിന്നെ ബോംബെയിലും എല്ലാം കഷ്ടപ്പെട്ട് ദുരിതങ്ങളിലൂടെ ജീവിച്ചയാളാണ്. എവിടെയും മനസ്സിനും ശരീരത്തിനും സമാധാനം ഉണ്ടായിട്ടില്ല. ഇനിയും അത്തരം കഷ്ടതകൾ താങ്ങാൻ വയ്യ. ഈ ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ജീവിതം എന്നും ഒരു ഭയമാണ്. ഒന്നും ശരിയാവുന്നില്ലല്ലോ എന്ന ഭയം. അച്ഛനും അമ്മയ്ക്കും സന്തോഷം കൊടുക്കാൻ സാധിക്കാത്ത ജീവിതം വേസ്റ്റ് അല്ലെ..?"
ശ്രീജിത്ത് ഒരു ചെറിയ നിശ്വാസത്തോടെ പുഞ്ചിരിച്ചു. മുന്നിലെ വീഥി നോക്കി പറഞ്ഞു:
"നന്ദൂ.. നമുക്ക്- പ്രത്യേകിച്ചും ജോലി അന്വേഷിച്ചു ഗൾഫിലെത്തുന്ന മലയാളിയുവാക്കളിൽ ഏറെ പേർക്കും ഉള്ളൊരു പ്രശ്നമാണിത്. ഞാനും ഇത്തരം പ്രശ്‍നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നമ്മുടെ മുൻ വിധിയോടുകൂടിയുള്ള സമീപനമാണ് ഇതിനു കാരണം. നീ പറഞ്ഞില്ലേ മഹാനഗരങ്ങളിൽ നിന്നെ കഷ്ടത്തിലാക്കി എന്നു പറയുന്ന ദുരിതങ്ങൾ! അവയെ അങ്ങനെ വിളിക്കാതെ അനുഭവങ്ങൾ എന്ന് പേരിട്ടുനോക്കൂ. വേറെ ഒരു അവബോധം നമ്മളിൽ വരുന്നത് പോലെ തോന്നും. ഈ അനുഭവിച്ചതെല്ലാം ജീവിതത്തിന്റെ അടുത്ത നീക്കങ്ങൾക്കുള്ളതാണെന്നു ബോധ്യം വരും. എപ്പോഴും സുഖം മാത്രം വരണം എന്ന് പ്രതീക്ഷിക്കുന്നതും മണ്ടത്തരമല്ലേ? ഭഗവദ് ഗീതയിൽ ഒരു ശ്ലോകമുണ്ട്: രണ്ടാം അധ്യായത്തിലെ 38 -ആമത്തേത്:
സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൗ ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി ||
ഇതിന്റെ അർഥം- സുഖദുഃഖങ്ങളിലും ലാഭനഷ്ടങ്ങളിലും ജയാപജയങ്ങളിലും പതറാതെ യുദ്ധം ചെയ്യുക. ഇന്നിലയിൽ ചെയ്യുന്ന യുദ്ധത്തിൽ പാപമോ തത്‌ഫലമായ ദുഃഖമോ ഉണ്ടാവുകയില്ല."
വീണ്ടും നിശബ്ദത മൂന്നുപേരുടെ ഇടയിലും തളം കെട്ടിനിന്നു. ശ്രീജിത്ത് തന്നെ അതിനെ ഭഞ്ജിച്ചു. "നമ്മൾ ചെയ്യുന്ന എല്ലാ ജോലിക്കും അതിന്റേതായ റിസൾട്ട് വരും. അതിന്റെ സ്വഭാവം നമ്മൾ അത് എങ്ങനെ ചെയ്തുതീർത്തു എന്നതിനെ ആശ്രയിച്ചിരിക്കും. ഇനി നമുക്ക് ഒരു ജോലി ചെയ്ത രീതി ഇഷ്ടപ്പെട്ടില്ലെങ്കിൽ അഥവാ അതിന്റെ ഫലം ഇഷ്ടമായില്ലെങ്കിൽ അതിനെ ശരിയാക്കാനുള്ള കടമയും നമുക്ക് തന്നെ. ഇനി അടുത്ത പ്രശ്നം പറയു." ഉള്ളതുറന്നുള്ള ഒരു ചിരിയോടെ ശ്രീജിത്ത്.
നന്ദന്റെ ഇതുവരെ വിടരാത്ത ജ്ഞാനമുകുരങ്ങൾ അവന്റെ വരണ്ട മാനസമരുഭൂമിയിലെ മരുപ്പച്ചയിൽ ഒന്നൊന്നായി മലരിടാൻ തുടങ്ങിയിരുന്നു. അവന്റെ ചിന്തകളുടെ വഴികൾക്കു പുതിയ വിളക്കുകൾ സ്ഥാപിതമായപോലെ. അടുത്ത സംശയം ആവേശത്തോടെയുള്ള ചോദ്യമായി: "പലപ്പോഴും ആത്മവിശ്വാസക്കുറവുള്ളപോലെ ഞാൻ അന്തിച്ചു നിന്നുപോവുന്നു. ഞാൻ മറ്റുള്ളരെക്കാൾ കഴിവുകെട്ടവനാണോ എന്ന ചിന്ത അലട്ടുന്നു. എന്നേക്കാൾ താഴെയുള്ളവർ പോലും എന്നെ മറികടന്നു പോവുന്നപോലെ എന്നിൽ ഭീതി നിറയുന്നു." ഇത്തവണ നന്ദന്റെ ശബ്ദം വളരെ കൃത്യമായിരുന്നു.
"എനിക്ക് മനസ്സിലാകുന്നുണ്ട് നന്ദൂ.. ഇതും നമ്മൾ മലയാളിയുവാക്കളുടെ ഒരു പ്രശ്നമാണ്." ശ്രീജിത്തിന്റെ ശബ്ദം കൂടുതൽ കനത്തിരുന്നു. "ആത്മവിശ്വാസക്കുറവും ഒരു ഭയം തന്നെയാണ്. പരാജയബോധം എന്ന ഭയം. നമ്മൾ സ്വയം നമ്മുടെ ശേഷിയുടെ നവീകരണം നടത്താത്തതിന്റെ നേരിട്ടുള്ള പ്രഭാവമാണിത്. നമുക്ക് തമോഗുണം കൂടുതലാണ്. നേരെ ചൊവ്വേ പറഞ്ഞാൽ നമ്മൾ കുഴിമടിയന്മാരാണ് എന്നർത്ഥം. അതുകൊണ്ടാണ് ഒരു ചെറിയ തടസ്സം പോലും നമുക്ക് ദുരിതമായി തോന്നുന്നത്. ഇതിനു രണ്ടു ഉപായമേ ഉള്ളൂ എന്റെ അറിവിൽ. ഒന്ന് നമ്മുടെ ചിന്തകളെ ഫോക്കസ് ചെയ്യിക്കാൻ ദിവസവും യോഗയും അതോടൊപ്പം ധ്യാനവും നല്ലതാണ്. പിന്നെ ഉള്ളത് സത്‌സംഗമാണ്. നല്ല ഒരു സംഘമായി ഉള്ള ബന്ധം. ശ്രീ ലളിതാസഹസ്രനാമത്തിലെ ഒരു ശ്ലോകമുണ്ട്..
|| മന്ത്രിണ്യംബാ വിരചിത വിഷംഗ വധതോഷിതാ ||
ഇതിന്റെ സാമാന്യമായ അർഥം- യുദ്ധത്തിൽ, മന്ത്രിണി ദേവിയുടെ ശക്തിയാൽ വിഷംഗൻ എന്ന അസുരന്റെ നാശത്തിൽ സന്തോഷിക്കുന്ന ലളിതംബികയ്ക്കു നമസ്കാരം എന്നാണ്. അപ്പോൾ നമ്മുടെ ചിന്തകളും പ്രവൃത്തികളും വിഷമയമാകുമ്പോൾ അതിനെ പവിത്രീകരിക്കാൻ മനനവും സത്‌സംഗവും ആണ് രക്ഷ എന്നാണു നമ്മുടെ പുരാണങ്ങളും വേദങ്ങളും പറഞ്ഞുവെക്കുന്നത്. ഇന്നും അതെല്ലാം സത്യവുമാണ്." നന്ദന്റെ മനസ്സിൽ ഇപ്പോൾ ആശ്വാസത്തിന്റെ പൂത്തിരിനാളങ്ങൾ തെളിയുന്നുണ്ടായിരുന്നു.
അന്ന് രാത്രി അവർ മൂന്നുപേരും ഒന്നിച്ചു ആഹാരം പാകം ചെയ്തു കഴിച്ചു. വളരെ വൈകുവോളം ഷട്ടിലും കാരംസും ചെസ്സും കളിച്ചു. നന്ദന് അന്ന് രാത്രി ഇതുവരെ ലഭിക്കാത്തപോലെ എല്ലാം മറന്നുള്ള ഉറക്കം ലഭിച്ചു. രാവിലെ മൂന്നുപേരും എണീറ്റ് മംസാർ ബീച്ചിൽ നടക്കാൻ പോയി. ദ്വാരക റെസ്റ്റോറന്റിൽ നിന്നും ഇഡ്ഡലിയും ചട്ട്ണിയും പാർസൽ വാങ്ങി വന്നു, കുളിച്ചു കഴിഞ്ഞു, സുഭിക്ഷം കഴിച്ചു. നന്ദനിതെല്ലാം പുതിയൊരു ഉണർവ്വായിരുന്നു.
ഉച്ചയോടടുത്ത് ശ്രീജിത്ത് ഒരാളെ ഫോണിൽ വിളിച്ചു. അദ്ദേഹത്തോട് നന്ദന്റെ കാര്യമായിരുന്നു പറഞ്ഞത്. "നന്ദൂ.. നാളെ അൽ അവീറിൽ നിനക്ക് ഒരു ഇന്റർവ്യൂ ഉണ്ട്. എന്റെ ഒരു സുഹൃത്താണ് കമ്പനിയുടെ ഓണർ. അവർക്കു ഒരു ലോജിസ്റ്റിക്സ് മാനേജർ വേണം.നിനക്ക് എക്സെൽ അറിയാമല്ലോ ല്ലേ?"
നന്ദൻ ചെറിയൊരു ചമ്മലോടെ "അറിയില്ല, എനിക്ക് വേർഡ് മാത്രേ അറിയൂ" എന്ന് ഉത്തരം നൽകി.
"ഓക്കേ.. അപ്പോൾ നമുക്കൊരു കാര്യം ചെയ്യാം.. എന്റെ ലാപ് ടോപ്പിൽ ഇപ്പോൾ നിനക്ക് എക്സലിന്റെ ബേസിക് വർക്കിങ് പറഞ്ഞു തരാം. അവർ എന്തെങ്കിലും പ്രോഡക്ട് ടേബിൾ ഉണ്ടാകാൻ പറയുകയാണെങ്കിൽ നിനക്ക് അനായാസം ഉണ്ടാക്കാൻ പറ്റും." ശ്രീജിത്ത് എക്സെലിന്റെ അടിസ്ഥാനപരമായ എല്ലാ ഉപായങ്ങളും നന്ദന് പറഞ്ഞു കൊടുത്തു. അവന് ഇതുവരെ എക്സൽ പഠിക്കാൻ ശ്രമിക്കാത്തതിൽ കുറ്റബോധം തോന്നി.
ഉച്ചഭക്ഷണം കൂടി കഴിഞ്ഞു കിരണിനെയും നന്ദനെയും ശ്രീജിത്ത് നൈഫ് റോഡിൽ കൊണ്ടുചെന്നാക്കി. “നന്ദു ഓൾ ദി ബെസ്റ്റ്..” നാളത്തെ ഇന്റർവ്യൂന് വിഷ് ചെയ്യാൻ ശ്രീജിത്ത് മറന്നില്ല. “താങ്ക്സ്...” നന്ദന്റെ ശബ്ദത്തിൽ എന്നുമില്ലാത്ത ആത്മാർഥത കിരൺ തിരിച്ചറിഞ്ഞു.
പിറ്റേ ദിവസം ഉച്ചക്ക് രണ്ടുമണിക്കാണ് അൽ അവീറിൽ നന്ദന് ജോബ് ഇന്റർവ്യൂ. ഫോർമൽ ഡ്രെസ്സിൽ സെർട്ടിഫിക്കറ്റുകളും റെസ്യുമെയും ഒരു ഫോൾഡറിൽ വെച്ച് അവൻ നട്ടുച്ചക്ക് ബസ് സ്റ്റോപ്പിൽ എത്തി. കത്തിക്കാളുന്ന സൂര്യൻ. അഞ്ചു മിനിറ്റ് നടന്നപ്പോളേക്കും വിയർത്തുകുളിച്ചു. അവീറിലേക്കുള്ള ബസ് കുറച്ചു കഴിഞ്ഞു വന്നു. ഉള്ളിൽ കയറിയതോടെ കുറച്ചു ആശ്വാസമായി. ബസ്സിലപ്പോൾ, ആ സ്ഥലത്തേക്ക് അധികവും കെട്ടിടനിർമ്മാണജോലിക്കാരും പലവിധം ജോലികൾ നോക്കുന്ന കുറെ പാകിസ്ഥാനികളെയുമാണ് അവൻ കണ്ടത്. അവരൊക്കെ ചുട്ടുപൊള്ളുന്ന വെയിലത്തു ജോലി ചെയ്യുന്നവരാണല്ലോ, ബസിനകത്ത് വിയർപ്പുമണത്തിന്റെ വിമ്മിഷ്ടം നന്ദൻ അറിഞ്ഞു, “അനുഭവിച്ചു..”!
അവീറിൽ എത്തുന്നതുവരെ നന്ദൻ “ഹനുമാൻ ചാലിസ" വായിച്ചു കൊണ്ടിരുന്നു. ഇന്നലെ ശ്രീജിത്ത് ആണ് അതിന്റെ പ്രിന്റ് ഔട്ട് അവനു കൊടുത്തത്. “നന്ദൂ, നീ വിശ്വസിക്കണം എന്ന് ഞാൻ നിർബന്ധം പറയില്ല.. എന്നാലും ആത്മവിശ്വാസം കുറഞ്ഞിരിക്കുന്നു എന്ന് തോന്നിയാൽ ഇതൊന്നു വായിച്ചോ. സമയം കിട്ടുന്നപോലെ അർത്ഥവും പഠിച്ചു വെച്ചോ..ആരാലും തോല്പിക്കാൻ കഴിയാത്ത ഒരേയൊരു ദൈവമാണ് ശ്രീ ഭക്ത ഹനുമാൻ..”
സ്ഥലം അത്രക്ക് പരിചയം ഇല്ലാത്തതിനാൽ അടുത്തിരുന്നിരുന്ന മലയാളിയോട് കമ്പനിയുടെ പേര് പറഞ്ഞു. അയാൾ അതിനടുത്തുള്ള ബസ് സ്റ്റോപ്പ് എത്തുമ്പോൾ പറയാം എന്ന് ഉറപ്പിച്ചു. പത്തുമിനിറ്റോളം കഴിഞ്ഞപ്പോൾ തീർത്തും വിജനവും മണൽകൂമ്പാരം നിറഞ്ഞതുമായ ഒരു സ്ഥലത്തെത്തി. അടുത്ത സ്റ്റോപ്പാണെന്ന് മലയാളിച്ചേട്ടൻ പറഞ്ഞു. സ്വല്പം സംശയിച്ചെങ്കിലും അവിടെ ഇറങ്ങാൻ നന്ദൻ തീരുമാനിച്ചു, മലയാളിച്ചേട്ടനോട് നന്ദി പറഞ്ഞു- അയാളൊന്നു ഗൂഢമായി ചിരിച്ചോ..? ഇല്ല... തനിക്ക് തോന്നിയതായിരിക്കും! അവനോടൊപ്പം “പാഷ്ടോ“ ഭാഷ മാത്രം സംസാരിക്കുന്ന രണ്ടു പാകിസ്ഥാനികളും അവിടെ ഇറങ്ങി.
തീക്ഷ്ണമായ ചൂടും പേറിയുള്ള പൊടിക്കാറ്റ് വീശിയടിക്കുന്നു. രണ്ടുമിനിറ്റിൽ നന്ദന് മനസ്സിലായി, ഇത് തെറ്റായ സ്ഥലമാണെന്ന്. ഇനിയെന്ത് ചെയ്യും. ആരോടെങ്കിലും ഫോൺ ചെയ്തു ചോദിക്കാം എന്ന് വിചാരിച്ചാൽ ഒരു റഫറൻസ് പറയാൻ പോലും ഒന്നുമില്ലിവിടെ. നന്ദന് കരച്ചിൽ വന്നു. ഇന്റർവ്യൂന് ഇനി പത്തുമിനിറ്റേ ഉള്ളൂ... ഈശ്വരാ ഇതും നഷ്ടപ്പെടുമോ?! ശ്രീയേട്ടനോട് എന്തുപറയും. എങ്ങനെ മുഖത്ത് നോക്കും? ഒരായിരം ചിന്തകൾ ആ ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ നന്ദന്റെ ഉള്ളിൽ ഒരു അഗ്നിപർവതം പോലെ പൊട്ടിത്തെറിച്ചു. അടുത്തുകണ്ട ഒരു കല്ലിന്മേൽ താഴ്ന്ന ശിരസ്സുമായി അവൻ ഇരുന്നു.
നന്ദന്റെ വിഷമം മനസ്സിലാക്കിയാവണം പാകിസ്ഥാനികൾ അവനോടു പകുതി ഹിന്ദിയും ഉർദുവും ചുവ കലർത്തി ചോദിച്ചു: “ഓ ഭായീജാൻ; വോ മലബാറി തേരെ കോ ധോക്കാ ദിയാ... തുംകൊ കഹാ പർ ജാനാ ഹേ..?” നന്ദൻ കമ്പനിയുടെ പേര് പറഞ്ഞു.
“ഹാ.. മേ ദേഖാ ഹേ.. ദൂർ പേ ഹെ വോ- കംസേകം ദസ് മിനട്ട് ലഗേഗ.. ഹമ്ര ഗാഡി അഭി ആയേഗാ.. തൂഭീ ആജാ..” അവരുടെ സഹായിക്കാനുള്ള മനസ്സിനെ നന്ദൻ അവിശ്വസനീയതയോടെ അനുഭവിച്ചറിഞ്ഞു.
പൊട്ടിപ്പൊളിഞ്ഞുള്ള ഒരു പിക്ക് അപ്പ് വാനാണ് അവരെ കൂട്ടാനായി വന്നത്. നന്ദനും അവരോടൊപ്പം വണ്ടിയിൽ കയറി. വിയർപ്പിന്റെ രൂക്ഷഗന്ധം നന്ദന് മനംപിരട്ടൽ ഉണ്ടാക്കി. “തും മലബാറി ഹോ?” ഡ്രൈവർ ചോദിച്ചു.
“ഹാൻജി.. ആപ് ലോഗ് കഹാൻസെ ഹെ?” നന്ദന്റെ ഹിന്ദി അവർക്കു ഇഷ്ടമായി.
“ഹം വസീരിസ്ഥാൻ സേ.. മലൂം ഹെ? തൂ ഹിന്ദി കഹാ സെ സീഖാ?” അവർ സംസാരിച്ചുകൊണ്ടേയിരുന്നു.
“ഹൈദരാബാദ് ഓർ ബോംബെ സെ സീഖാ”...
“ഓ ഭായീ അഭീ ഉത്റോ.. യേ കമ്പനി ആഗയാ”.. കൃത്യം പത്തുമിനിറ്റ്. കൃത്യസമയത്തു നന്ദന് കമ്പനിയിൽ എത്താനായി. വസീരിസ്ഥാൻ ഭായിമാരോട് താങ്ക്സ് പറഞ്ഞു നന്ദൻ വണ്ടിയിൽ നിന്നിറങ്ങി. റിസപ്ക്ഷനിലെ ഫിലിപ്പിനോ അഞ്ചുമിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു.
റിസപ്‌ഷനിലെ കസേരയിൽ ഇരുന്ന് നന്ദൻ തന്റെ നെറ്റിയിൽ പൊടിഞ്ഞുവന്ന വിയർപ്പുകണങ്ങളെ ചൂണ്ടുവിരലിനാൽ വടിച്ചുമാറ്റി. അവന്റെ മൊബൈൽ ഫോൺ റിങ് ചെയ്തു. അച്ഛൻ... എന്താണാവോ? അവൻ ശബ്ദം താഴ്ത്തി ഫോണിൽ പറഞ്ഞു: “അച്ഛാ ഞാൻ ഇന്റർവ്യൂന് വെയിറ്റ് ചെയ്യാണെയ്.. കഴിഞ്ഞിട്ട് വിളിക്കാ—“
“ഡാ നന്ദൂ... നീ പേടിക്കേണ്ടട്ടോ... ധൈര്യമായിരി... ഞാനിവിടെ പ്രാർത്ഥിക്കുന്നുണ്ട്. എന്താവും എന്ന് ചിന്തിച്ചു ബേജാറാവേണ്ട... ഗോഡ് ബ്ലെസ്സ്..” അച്ഛന്റെ വാക്കുകൾ നന്ദന് ആശ്വാസമഴയായി അനുഭവപ്പെട്ടു.
നന്ദനോട് ജോർദാനി ഷിഫ്റ്റ് മാനേജർ രണ്ടേരണ്ടു ചോദ്യമേ ചോദിച്ചുള്ളൂ... ഒന്ന്- ഓപ്പൺ വൺ എക്സൽ ഷീറ്റ് ഇൻ കമ്പ്യൂട്ടർ; രണ്ട്- യു നോ ശ്രീജിത്ത്?
“സർ.. വീ വിൽ സെൻറ് യു ദി അപ്പോയ്ന്റ്മെന്റ് ലെറ്റർ.. വെൽക്കം അബോർഡ്..” ഫിലിപിനോ റീസെപ്‌ഷനിസ്റ്റിന്റെ ശബ്ദം കുയിൽ നാദം പോലെ നന്ദന്റെ ചെവിയിൽ പതിഞ്ഞു.
തിരികെ അവീറിൽ നിന്നും അൽ സബ്‌ഖായിലേക്കുള്ള ബസ്സിൽ കയറിയതും ഹനുമാൻ ചാലിസ ഒന്നുകൂടി വായിക്കാൻ നന്ദൻ തീരുമാനിച്ചു. മനസ്സിൽ മുഴുവൻ ഇന്നലെ ശ്രീജിത്തിന്റെ കൂടെ ചെലവഴിച്ച ... ജീവിതംതന്നെ മാറ്റിമറിച്ച കുറച്ചു മണിക്കൂറുകളുടെ ഓർമ്മകളും... നന്ദാത്മജം—
—————————————————————————
ദുബൈ ..
ഈ നഗരം നിങ്ങളെ രണ്ട് കൈയും നീട്ടി സ്വീകരിച്ചുവോ.. പിന്നെ ഒരു സ്വർഗം തന്നെയാണിത്.
ഒരു മായാജാലപ്രപഞ്ചസ്വർഗം—
My references:-
1: businessliveme.com
2: emirates247.com
3: thehindu.com
4: bayut.com
5: thenational.ae
6: Srimad Bhagavad Gita-bhavarthabodhini
7: enlightenedlife.org
8: templesinindiainfo.com
എറ്റവും ആകര്‍ഷിച്ച കാര്യം.....
ReplyDelete"അവിടെയൊക്കെ ജീവിതം ഒരു സർക്കസ്സാണ്. സ്വയം ടെൻറ്റിൽ കെട്ടിയാടുന്ന അഭ്യാസികളാണ് പലരും. കുറേപേർ മറ്റുള്ളവരുടെ പാവകളിയിൽ ജീവിതം കെട്ടിയാടുന്നവർ."
ഇതിൽ എല്ലാം ഉണ്ട്....
Thanks 😊
DeleteWhat a realistic storytelling. I could see myself in Nandan. Could see my first job search days replay in my mind. God is great. Loved the part where Srijith said " why don't you see it as experience instead of struggles"....so true, but more easily said than done!! God is great...God won't let anyone down...God won't let anyone struggle for ever...and that God is none other than ourselves !!
ReplyDeleteThanks a lot Sreeram !
Delete