ഗുരു സീരീസ് - 1 | ഗുരു ~ ഒരു മാര്‍ഗ്ഗദര്‍ശി

Guru.. the Guide

ഓം ശ്രീ ഗുരുഭ്യോ നമഃ 

വീണ്ടും ഒരു ഗുരുപൂർണിമാദിനം വന്നു ചേർന്നിരിക്കുന്നു. 

ഗുരുപൂർണിമ, ഭാരതത്തിൽ ആചരിക്കുന്നത്, ശ്രീ വേദ വ്യാസ മഹർഷിയുടെ ജന്മദിവസത്തിൽ ആണ്. ഭാരതം, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലാണ് ഗുരുപൂർണ്ണിമ പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. പ്രധാനമായും ഹിന്ദു, ബുദ്ധ, ജൈന മത വിശ്വാസികൾ ആണ് ഈ ദിവസം തങ്ങളുടെ ഗുരുപരമ്പരയെ സ്മരണയിൽ പൂജിച്ചു കൊണ്ട്, അവർക്കുള്ള ഏറ്റവും നിസ്സ്വാർത്ഥമായ ആദരവ് സമർപ്പിക്കുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ചു് ആഷാഢ മാസത്തിലെ പൗർണ്ണമി ദിനത്തിൽ ആണ് ഗുരുപൂർണിമ വരുന്നത്. 
















വാക്ക്__ 

രണ്ട് സംസ്‌കൃത വാക്കുകൾ ചേർന്നാണ് ഗുരു എന്ന വാക്കിനു രൂപം നൽകിയിരിക്കുന്നത്. ഇരുട്ട് അഥവാ അജ്ഞത എന്നർത്ഥം വരുന്ന "ഗു" എന്നും അപഹർത്താവ് അഥവാ നീക്കം ചെയ്യുന്നയാൾ എന്നർത്ഥം വരുന്ന "രു" എന്നും ചേർന്നാണ് "ഗുരു" എന്ന വാക്കു രൂപം കൊണ്ടത്. അപ്പോൾ നമ്മുടെ മനസ്സിലുള്ള അജ്ഞതയാകുന്ന ഇരുട്ടിനെ നീക്കം ചെയ്യുന്ന ആരും നമ്മുടെ ഗുരുവായി തീരുന്നു എന്ന സാമാന്യ അർഥം വന്നുചേരുന്നു. 

പലർക്കും സംശയം തോന്നുന്ന ഒരു സംഗതിയാണ് ആരാണ് യഥാർത്ഥ ഗുരു എന്നത്. നമ്മുടെയൊക്കെ മനസ്സിൽ പലപ്പോഴായി വന്നുകൊണ്ടിരിക്കുന്നതും പലർക്കും പല വഴികളിലൂടെ ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നതും ആയ ലളിതവും എന്നാൽ വളരെ പ്രധാനപ്പെട്ടതും ആയ ഒരു സംശയം തന്നെയാണത്. 

സ്വല്പം ആദ്ധ്യാത്മികമായി പറഞ്ഞാൽ; ദൈവത്തെ കാണിച്ചു തരുന്ന ആളാണ് ഗുരു എന്നൊരു സങ്കല്പം ഉണ്ട്. അങ്ങനെ പറയുമ്പോൾ ഗുരുവിനു ദൈവത്തെക്കാൾ ഉയർന്ന സ്ഥാനമല്ലേ എന്ന് നമ്മളിൽ സ്വാഭാവികമായും ഒരു ചോദ്യം ഉയരണം. ഉത്തരം "അതെ" എന്നുതന്നെ. അപ്പോൾ നമ്മളെല്ലാം സർവ്വശക്തൻ എന്ന് സങ്കൽപ്പിക്കുന്ന ദൈവത്തെക്കാൾ ഔന്നത്യത്തിൽ കുടികൊള്ളുന്ന പുണ്യമാണ്, ഗുരു എന്ന് സാരം. 
















നമ്മൾ കേരളീയരുടെ എല്ലാം ഗുരുസ്ഥാനീയനായ ശ്രീ നാരായണ ഗുരു എന്നും പ്രാധാന്യം നൽകിയ വാചകമാണ്; "മാതാ പിതാ ഗുരു ദൈവം" എന്നത്. ഇവിടെ ഗുരുവിനും മുന്നെയാണ് മാതാവും പിതാവും വരുന്നത് എന്നും കാണാം. അപ്പോൾ എന്താണ് യാഥാർഥ്യം? നമ്മളെയെല്ലാം തന്റെ ഗർഭപാത്രത്തിൽ പേറിയ അമ്മയേക്കാൾ വലിയൊരു ഗുരു ഇല്ല എന്ന പരമപ്രധാനമായ ഒരു സത്യം പുറത്തുവരുന്നത് കാണാം. അതേ സമയം മാതാവിന്റെ അത്രയും തന്നെ പ്രാധാന്യം പിതാവിനും ഉണ്ട് എന്നും നമുക്ക് വായിച്ചെടുക്കാം. കാരണം അച്ഛന്റെയും അമ്മയുടെയും ജീവാംശങ്ങളായാണ് ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ വളരാൻ ആരംഭിക്കുന്നത് എന്നതുതന്നെ.

അമ്മയുടെ വയറ്റിലെ പൊക്കിൾകൊടി ബന്ധമാണ് നമ്മളെല്ലാവരുടെയും ആദ്യഗുരു അമ്മയാകുന്നതിന്റെ യാഥാർഥ്യം. അമ്മയുടെ വയറ്റിലെ ഒമ്പത് മാസത്തെ മാനുഷികരൂപീകരണം എന്ന പരിണാമക്രമം എങ്ങനെ നമ്മുടെ ജീവിതത്തിലെ ആദ്യ വിദ്യാസമ്പാദന സമയമാകുന്നു എന്ന് വൈദ്യശാസ്ത്രം പോലും സമ്മതിക്കുന്ന കാര്യമാണല്ലോ. അമ്മയുടെ മാനസികവും ശാരീരികവും സാമൂഹികവുമായ പല ഭാവങ്ങൾക്കും കുഞ്ഞുങ്ങളുടെ പിന്നീടുള്ള സ്വഭാവരൂപീകരണത്തിൽ പോലും ചില സ്വാധീനങ്ങൾ ഉണ്ടെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്. അച്ഛന്റെ സ്‌നേഹപൂർണമായ ഗർഭശുശ്രൂഷ, അമ്മയുടെ ആത്മീയമായ ചിന്തനം എന്നിവയൊക്കെ ഗർഭസ്ഥശിശുവിന്റെ വളർച്ചയിൽ ഗണ്യമായ സ്ഫുരണങ്ങൾ ഉണ്ടാക്കുന്നു എന്നും അറിവുള്ളവർ പറയുന്നു. ആ ഒരവസ്ഥയിൽ നമ്മുടെ ആദ്യഗുരുസ്ഥാനീയർ നമ്മുടെ മാതാപിതാക്കൾ തന്നെ__

ഒരു കുഞ്ഞിന്റെ ഔപചാരികമായ വിദ്യാഭ്യാസം തുടങ്ങുന്നത് വരെ അവൻ അഥവാ അവൾ മുഴുവനായും അതിന്റെ അച്ഛനെയും അമ്മയേയുമാണ്‌ എന്തിനും ഏതിനും ആശ്രയിക്കുന്നത്. മനുഷ്യജീവിതത്തിന്റെ ആരംഭത്തിലുള്ള പല രൂപത്തിലുള്ള ഊർജ്ജവും  ലഭിക്കുന്നത് അച്ഛന്റെയും അമ്മയുടെയും ലാളനയിലും സ്നേഹത്തിലും ശാസനയിലൂടെയും ആണ്. അതിന്റെയൊക്കെ മാറ്റൊലികൾ നമ്മുടെ ജീവിതത്തിന്റെ മറ്റ് സന്ദർഭങ്ങളിൽ നമ്മൾ അറിയാതെതന്നെ കേൾക്കാനും സാധിക്കും. 

ഗുരുപരമ്പര__

അങ്ങനെ അമ്മയുടെയും അച്ഛന്റെയും മറ്റു ബന്ധുജനങ്ങളുടെയും സ്നേഹപാത്രമായി വളരുന്ന കുഞ്ഞിന്റെ ഔപചാരികമായ വിദ്യാസമ്പാദനം നാലോ അഞ്ചോ വയസ്സാകുമ്പോഴാണ് തുടങ്ങുന്നത്. ആദ്യാക്ഷരങ്ങളും ഭാഷയും അടിസ്ഥാനാർത്ഥങ്ങളും കുഞ്ഞിന് പതിയെ പതിയെ അവന്റെ ബുദ്ധികേന്ദ്രത്തിലേക്കും വിവേകത്തിലേക്കും ചിന്താധാരയിലേക്കും പലപ്പോഴായി പകർന്നു നൽകുന്ന സ്‌കൂൾ അധ്യാപകർ നമുക്കെല്ലാവർക്കും ജീവിതത്തിലെ അന്ത്യശ്വാസം വരേയ്ക്കും വളരെ പ്രിയപ്പെട്ടവർ ആയിരിക്കും എന്നതിൽ തർക്കമില്ലല്ലോ. 
















എന്റെയും സ്‌കൂൾ വിദ്യാഭ്യാസ കാലത്തു പ്രഗത്ഭരായ അനവധി അദ്ധ്യാപകർ എനിക്ക് ഗുരുസ്ഥാനീയരായി വന്നിരുന്നു. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തനായി ഒരു കല്പതരു കണക്കെ എന്റെയും എന്റെ സഹപാഠികളുടെയും ജീവിതത്തെ ധന്യമാക്കിയ ഒരു മഹാത്മാവിനെ എനിക്ക് സ്മരിക്കാതെ പോവാൻ കഴിയില്ല. കിള്ളിമംഗലം മന ശ്രീ കുഞ്ചു വാസുദേവൻ നമ്പൂതിരി. ഇന്നും കുഞ്ചുമാഷ് ഞങ്ങൾക്കെല്ലാം ഒരു വിളിപ്പാടകലെയാണ്. ആംഗലേയഭാഷയുടെ എല്ലാ വിധ സൗന്ദര്യവും വെറും മലയാളി ഗ്രാമീണരായ ഞങ്ങൾ കൗമാരക്കാരിൽ വരച്ചുവെച്ച പ്രപഞ്ച ചിത്രകാരൻ__ 
















എഞ്ചിനീയറിംഗ് പഠന കാലത്താണ് എന്റെ എന്നത്തേയും ആത്മാർത്ഥസുഹൃത്തായ ശ്രീരാമകൃഷ്ണൻ മുഖേന ഞാൻ പാലക്കാട് ചിന്മയ തപോവനത്തിൽ യാദൃശ്ചികമായി എത്തിപ്പെടുന്നത്. അതുവരെ ആദ്ധ്യാത്മികത എന്താണെന്നോ എന്തിനു… ശ്രീ ഭഗവദ്ഗീതയിൽ എന്താണ് ഉള്ളത് എന്നുപോലുമോ അറിയാൻ കഴിയാതിരുന്ന എനിക്ക് ശ്രീകൃഷ്ണന്റെ ഉപദേശങ്ങളും അർജുനൻ എന്ന പോരാളിയുടെ പഠനവും എല്ലാം സ്വാമി ചിന്മയാനന്ദന്റെ ശിഷ്യൻ സ്വാമി അശേഷാനന്ദജി പറഞ്ഞു തന്നു. എന്റെ മനസ്സിലെ അതുവരെ കട്ടപിടിച്ചു കിടന്നിരുന്ന വലിയൊരു മാലിന്യ ഭാഗമാണ് ചിന്മയാ മിഷൻ എന്ന മഹാ പ്രസ്ഥാനം നീക്കിത്തന്നത്. 

ദുബായിൽ വെച്ചാണ് എന്റെ എന്നത്തേയും നല്ല സുഹൃത്ത് രാജേഷ് വഴി ഞാൻ ശ്രീ മാതാ അമൃതാന്ദമയീ ദേവിയുടെ സത്‌സംഗവും ഭജനയും അറിയുന്നതും അതിൽ ഭാഗമാവുന്നതും. ചിന്മയാ മിഷനിൽ നിന്നും ലഭിച്ച അടിസ്ഥാനപരമായ ആദ്ധ്യാത്മികതയെ പരിപോഷിപ്പിക്കാൻ കഴിഞ്ഞതാണ് പിന്നീടുണ്ടായ അമൃതോപദേശങ്ങൾക്കു സാധിച്ചത്. ആദ്ധ്യാത്മികത എന്നത് വെറും ധ്യാനമോ ഭജനയോ മാത്രം അല്ലെന്നും അതിന്നും ഉപരിയായി മനുഷ്യസ്നേഹം, കരുണ, ദയ, തുടങ്ങിയവയൊക്കെ ആണെന്നും പഠിപ്പിച്ച ഗുരു ആ അമ്മ തന്നെ. 

അമ്മയിലൂടെ ഞാൻ ശ്രീ കൃഷ്ണന്റെയും യേശു ക്രിസ്തുവിന്റെയും ജീവിതോപദേശങ്ങളും കേട്ട് മനസ്സിലാക്കി. ശ്രീബുദ്ധനും മഹാവീരനും മുഹമ്മദ് നബിയും ഷിർദിയിലെ സായി ബാബയും എല്ലാം യാതന അനുഭവിക്കുന്നവരുടെയും സഹായം അത്യാവശ്യമുള്ളവരുടെയും രക്ഷിതാക്കൾ ആയിരുന്നു എന്ന പരമസത്യം മനസ്സിലാക്കി. ഈ അറിവുകളെല്ലാം എന്നെ വീണ്ടും കൂടുതൽ വിനയാന്വിതനാവാനാണ് സഹായിച്ചത് എന്നതും ഒരു സത്യം. ഡൽഹിയിലെ ഒരു വർഷത്തെ ഔദ്യോഗിക വാസത്തിനിടക്ക് അമ്മയുടെ പ്രിയ ശിഷ്യൻ സ്വാമി നിജാമൃത ചൈതന്യയുമായുള്ള സത്‌സംഗങ്ങൾ എന്റെ ആദ്ധ്യാത്മിക പരിപോഷണത്തിനു ഊർജ്ജം നൽകി. 

ഉപദേശാമൃതം__

അങ്ങനെയുള്ള അവസരത്തിൽ ആണ് നമ്മുടെ ഭാവനിലയെ ഒന്ന് പരിശോധിക്കേണ്ടത്. ഈ അധ്യായത്തിൽ ഗുരുക്കന്മാരുടെ ഉപദേശങ്ങൾ നമ്മൾ കേൾക്കുന്നതും, സ്വീകരിക്കുന്നതും, അവയെ സൂക്ഷിച്ചുവെക്കുന്നതും എങ്ങനെയെന്ന് നോക്കാം. മൂന്നുതലമുണ്ടിതിന്... അല്ലെങ്കിൽ മൂന്നു പാളികൾ- ലെയേഴ്സ്


ഒന്ന്ഗുരു വിശേഷണം ചെയ്തു തരുന്നതായ അറിവിന്റെ ഒരു തലം, 


രണ്ട്നമ്മുടെ ഓരോരുത്തരുടെയും ഭാവനിലയുടെ സ്വഭാവം അനുസരിച്ചുള്ള അർത്ഥതലം മനസ്സിൽ പതിയുന്നത്, 


മൂന്ന്അങ്ങനെ പതിഞ്ഞ അർത്ഥതലത്തെ പിന്നീടെങ്ങനെ നമ്മുടെ വിവേകബുദ്ധിയിൽ പരിവർത്തനം ചെയ്‌തെടുക്കുന്നു  എന്ന അതിസൂക്ഷ്മമായ തലം__ 


ഗുരുവിന്റെ എല്ലാവിധ വിവരവും വിവേകവും മനസ്സിലിട്ട് ആറ്റിക്കുറുക്കി നമുക്കെല്ലാം വിളമ്പിത്തരുന്ന സ്ഥൂലമായ രൂപവർണനയാണ് നമ്മൾ ആദ്യം പറഞ്ഞ വിശേഷണ തലം 


 വർണനയെ നമ്മുടെ ഓരോരുത്തരുടെയും വിവേചന ശക്തിയനുസരിച്ചു സ്വീകരിച്ചു, സൂക്ഷ്മമായ ഭാവമാക്കിമാറ്റുന്ന രണ്ടാമത്തെ തലമാണ് മനസ്സിൽ പതിയുന്ന അർത്ഥതലം 


അത്തരം സൂക്ഷ്മമായ അർത്ഥത്തെ അഥവാ ഭാവത്തെ  നമ്മുടെ വിവേകത്തിനനുസരിച്ചു പ്രതിഫലിപ്പിക്കുന്ന അതിസൂക്ഷ്മമായ പരിവർത്തന തലമാണ് അടുത്തത്ഇവിടെ വെച്ചാണ് രൂപം തത്വമായി മാറുന്നത്


ഗുരുക്കന്മാർ പറയുന്നപോലെ "തത്വത്തിൽ ഉറച്ച ഭക്തിഎന്ന അതിലളിതവും എന്നാൽ ആധ്യാത്മികതയുടെ ഔന്നത്യത്തിൽ നിലകൊള്ളുന്നതുമായ സ്ഥൂലവും സൂക്ഷ്മവും അതിസൂക്ഷ്മവും ആയ തലങ്ങളെ വിവേകപൂർവംഭക്തിപൂർവ്വം സ്ഫുടം ചെയ്‌തെടുക്കലാണ് ഒരു ഭക്തന്റെ കർമ്മം എന്നൊരു സാരം നമുക്ക് വായിച്ചെടുക്കാം. 


നമ്മുടെ ബോധമണ്ഡലത്തിൽ ഉയരുന്ന ഭാവങ്ങളെ (ഗുരുക്കന്മാരുടെ വർണ്ണന കഴിഞ്ഞുള്ള തലമാണിത്)- സ്പഷ്ടമായികൃത്യമായിതെളിഞ്ഞ നിലയിൽമനസ്സിലേക്ക് ആവാഹിക്കുന്ന ഒരു പ്രക്രിയയായി ഞാനിതിനെ കാണുന്നു ഭാവാവാഹനക്രിയ നമ്മളെ പോലുള്ള ഗൃഹസ്ഥാശ്രമവാസികൾക്കു പല തോതിലായിരിക്കും സംഭവിക്കുകഎന്നാൽ  നില എന്തുമായിക്കൊള്ളട്ടെഭാവങ്ങളെ ശുദ്ധമായ അവസ്ഥയിൽ സ്വന്തം മനസ്സിന്റെ പാളികളിൽ സൂക്ഷിച്ചുവെക്കുന്ന ഭക്തന്റെ സൂക്ഷ്മമായ കർമമാണ്  സ്ഫുടം ചെയ്യൽ എന്നെന്റെ എളിയ ചിന്തയിൽ ഉദിച്ച ഒരു സാരാംശം


ഇങ്ങനെ മനസ്സിൽസൂക്ഷിച്ചുചേർക്കുന്ന  ഭാവങ്ങളെ പിന്നീട് നമ്മുടെ വിവേകംപ്രവർത്തിക്കുമ്പോൾ നമ്മുടെ തന്നെ മനസ്സിൽ ഒരു പ്രതിഫലനം എന്ന തലത്തിൽ വിശദമായൊരു പഠനം നടക്കുംജ്യോതിശാസ്ത്രപരമായി പറഞ്ഞാൽ ഗ്രഹങ്ങളുടെ ചലനത്തെ കുറിച്ചുള്ള പഠനം എന്നൊക്കെയാണ് സ്ഫുടം ചെയ്തെടുക്കുക എന്ന വാക്കിനർത്ഥംനോക്കൂഅപ്പോൾ ഗുരുവിന്റെ ഉപദേശാമൃതത്തിന്റെ വിശാലതയും ആഴവും എത്ര വലുതാണ് എന്നത്
















പിന്നീട് മനസ്സിൽ പതിഞ്ഞ ഭാവങ്ങളെയും അവയുടെ പ്രതിഫലനങ്ങളെയും അതിസൂക്ഷ്മമായ തത്വമായി നമ്മുടെ ബോധമണ്ഡലത്തിലേക്കു തിരിച്ചയക്കുന്ന അനുരണനങ്ങൾ അഥവാ ഇമേജുകൾ എന്ന് പറയാംഅവ "വിടർന്ന പൂക്കളോടെ നിൽക്കുന്നൊരു മരംകണക്കെ നമ്മുടെ ദൃഷ്ടിമണ്ഡലത്തിൽ കളിയാടും


ഇത്രക്കും മനോഹരമായ ഒരു ദൃഷ്ടി- (അതിനെ ഭക്തി എന്നും പറയാം)- നമുക്കെല്ലാം തന്നെ പ്രദാനം ചെയ്ത് കാത്തു സൂക്ഷിക്കുന്ന, ഗുരുക്കന്മാരിലും ഗുരുവായ പ്രപഞ്ച മാതാവിന്നു-  കോടികോടി വന്ദനം.


ഭക്തിയുടെ നിറവിലാനന്ദിപ്പിൻ മക്കളെ എന്നമ്മ പറയാറുണ്ട്__


ഗദ്‌ഗദംകണ്ണീർ തുള്ളികൾസന്തോഷവിലാപംധ്യാനാത്മകമായ നിശ്ശബ്ദത തുടങ്ങിയവയൊക്കെ ഭക്തിയുടെ നിറവാണ്-


ഒരു നിറകുടം പോലെ അമ്മയുടെ ഒക്കത്തിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളാണ് നമ്മളെല്ലാവരും-


അമ്മയുടെ ഭക്തിയാവുന്ന ക്ഷീരം പാനം ചെയ്ത് ഉള്ളിൽ തുളുമ്പുന്ന ആനന്ദാമൃതം ആണ് മേലെ പറഞ്ഞ ഭാവനിലകൾ അഥവാ ഇമോഷൻസ്


അനുഭവം ഗുരു__













നമ്മൾ മിക്കപ്പോളും കേൾക്കുന്നൊരു വാചകമാണിത്- "അനുഭവം ഗുരു" എന്നത്. ജീവിതമാകുന്ന ആട്ടുകല്ലിൽ, അനുഭവമാകുന്നചേരുവകൾ ചേർത്ത് അരച്ചരച്ചുണ്ടാക്കിയ മാവുകൊണ്ടുണ്ടാക്കുന്ന പലഹാരമാണ് ഏറ്റവും സ്വാദിഷ്ടം എന്ന് പറയാം. ആ പ്രസാദം ലഭിക്കാനുള്ള തയ്യാറെടുപ്പും  ക്ഷമയും കാത്തിരിപ്പും ആണ് ജീവിതയാത്രയിലെ പടികൾ കയറാൻ നമ്മെ പ്രാപ്തരാക്കുന്നത് എന്നേ ഈ എളിയ വിദ്യാർത്ഥിക്ക് പറയാൻ പറ്റുന്നുള്ളൂ.. 


സസ്നേഹം  


മനു-എംപി

~~~~~~~~~~~~~~~~~~~~~~~~~~~

Picture courtesy of Shree Veda Vyasa Maharshi

1. Omraan Mikhael Aivanhov 




Comments

  1. Excellent and very informative

    ReplyDelete
  2. Nalla a avalokanam.
    Clear writing.

    ReplyDelete
  3. വളരെ സൂക്ഷ്മവും വ്യക്തവുമായ ചിന്തകളും വിശകലനവും' . ഒരു സാധകനു വേണ്ട അനിവാര്യ ഗുണം.🙏🙏

    ReplyDelete

Post a Comment

Popular posts from this blog

Jnana Karma Sannyasa Yogam | Conclusion

കഥ | സമാധാനപാലകന്‍

ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം