ഗുരു സീരീസ് - 4 | തപസ്സ്

തപസ്സ്—ശ്രമവും ശ്രമഫലവും 

Picture curtesy- Sadguru @ Isha

ഗുരു സീരീസിൽ മൂന്നാമത്തെ അധ്യായം എഴുതുമ്പോൾ എന്റെ പ്രിയ സുഹൃത്ത് അനീഷ് ആണ്: ഗുരു-ശിഷ്യ ബന്ധത്തിൽ തപസ്സ് എന്നൊരു പ്രധാന ഘടകത്തെക്കുറിച്ച് മനസ്സിലാക്കണം എന്നൊരു നിർദ്ദേശം അവതരിപ്പിച്ചത്. അദ്ദേഹം ആ വിഷയത്തെ എടുത്തുപറഞ്ഞത് എന്തുകൊണ്ടെന്നാൽ സാധാരണ വിശ്വാസികൾക്കിടയിൽ “തപസ്സ്" എന്ന വാക്കിന്  അഥവാ വിഷയത്തിന് ഒരുതരം അമാനുഷികമാനം കൊടുക്കപ്പെട്ടിട്ടുണ്ടോ എന്നൊരു ചിന്തയാണ് കാരണം. 

നമ്മളെല്ലാം പല പുരാണകഥകളിലും കാണുന്നൊരു രംഗമാണ് “ഘോരതപസ്സ്". ഭക്തരായ സുരന്മാരും അസുരന്മാരും ആയിട്ടുള്ളവർ അവരവരുടെ ഇഷ്ടദേവതകളെ തപസുചെയ്ത് പ്രസാദിപ്പിച്ച് അവരെ തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുത്തി തങ്ങൾക്ക് ആവശ്യമുള്ള വരം ആവശ്യപ്പെടുന്ന അനവധി കഥകൾ നമുക്ക് പരിചിതമാണ്. അത്തരം ഘോരതപസ്സുകൾ എല്ലാംതന്നെ മുമ്പുപറഞ്ഞ അമാനുഷിക തലങ്ങളിലാണ് അവസാനിച്ചിരുന്നത്. തങ്ങളുടെ താപസശിഷ്യരുടെ ഏതു വരങ്ങളെയും അനുവദിച്ചുകൊടുക്കേണ്ട സ്ഥിതിയിൽ ആണ് ഏതാണ്ട് എല്ലാ ഇഷ്ടദൈവങ്ങളും ചെന്നുപെട്ടത് എന്ന് നമുക്ക് വായിച്ചെടുക്കാം. 

ഈ ഒരു ബ്ലോഗിൽ ചിന്തിച്ചെടുക്കാവുന്നൊരു ചെറിയ കാര്യമല്ല തപസ്സ്, എന്ന വിവേകം ഉണ്ടെങ്കിലും, ആ ഒരു പ്രതിഭാസത്തെ സാധാരണ ഒരു വിശ്വാസിയുടെ തലത്തിൽ നിന്നുകൊണ്ട് ഗുരു-ശിഷ്യ ബന്ധത്തിലെ ഒരവിഭാജ്യഘടകം എന്ന ഭാവത്തിൽ നോക്കിക്കണ്ട് അതിലെ ചില സങ്കീർണ്ണത ലഘൂകരിക്കാം എന്നാണ് ചിന്തയുടെ ചീന്ത്— 

ആമുഖചിത്രം എന്തുവേണം എന്ന് തേടിയപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നൊരു പ്രതിബിംബം ആദിയോഗിയുടേതാണ്- സാക്ഷാൽ പരമശിവൻ. സദ്ഗുരു ജഗ്ഗി വാസുദേവ്ജിയുടെ ശിവപ്രതിമയെക്കാൾ ആകർഷണീയമായതൊന്നും കണ്ടതുമില്ല. 

ഗുരുദേവ്ജിക്ക് പ്രണാമം— || ഓം നമഃ ശിവായ || 

തപസ്സ് - സാരാംശം 

പ്രാഥമികമായി, ആത്മീയ തിരിച്ചറിവ് നേടിക്കൊണ്ട് ജീവിതത്തിന്റെ ഉയർന്ന മൂല്യങ്ങൾ നേടുന്നതിന് ശാരീരിക വേദനകൾ സ്വമേധയാ സ്വീകരിക്കുക എന്നതാണ് തപസ്യ അഥവാ തപസ്സ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കൂടുതൽ വ്യക്തമായി ചിന്തിച്ചാൽ അർത്ഥമാക്കുന്നത്; ശരീരം, മനസ്സ്, നാവ് എന്നിവയുടെ ചുരുക്കിയ ഉപയോഗം അഥവാ അവയുടെ മേൽ നിയന്ത്രണം സ്വീകരിക്കുക എന്നാണ്. തപസ്യ എന്നത് സംസ്കൃതത്തിലെ 'തപ' എന്ന മൂലപദത്തിൽ നിന്നാണ്; ചൂടാക്കുക, കത്തിക്കുക എന്നൊക്കെ അർത്ഥമായി എടുക്കാം. 

"താപത്തിന്റെയും ഊർജ്ജത്തിന്റെയും ഉത്പാദനം" എന്നർത്ഥം വരുന്ന സംസ്കൃത പദമാണ് തപസ്യ. ആഴത്തിലുള്ള ധ്യാനം, ചെലവുചുരുക്കൽ / മിതത്വം, സ്വയം അച്ചടക്കം, ആത്മസാക്ഷാത്കാരത്തിലെത്താനുള്ള ശ്രമങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു പ്രായോഗിക ആത്മീയ ശിക്ഷണമാണിത്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയിലെ സന്യാസിമാരും ഗുരുക്കന്മാരും മോക്ഷം അല്ലെങ്കിൽ ആത്മീയ വിമോചനത്തിൽ എത്തിച്ചേരാനായി തപസ്യ പരിശീലിക്കുന്നു.

ശരീരത്തിന്റെ തപസ്യ, സംസാരത്തിന്റെ തപസ്യ, മനസ്സിന്റെ തപസ്യ എന്നിങ്ങനെ മൂന്ന് തരങ്ങളായിട്ടാണ് തപസ്സിനെ മനസ്സിലാക്കേണ്ടതും നിശ്ചയിച്ചുകഴിഞ്ഞാൽ അനുഷ്ഠിക്കേണ്ടതും.

തപസ്യയ്ക്ക് യോഗയുമായി വളരെ അടുത്ത ബന്ധമുണ്ട്. യോഗയുടെ അച്ചടക്കത്തോടെയും കേന്ദ്രീകൃതവുമായ പരിശീലനം തപസ്യയുടെ പ്രധാന രൂപമാണ്. തപസ്യ ധ്യാനത്തിലൂടെയും കൂടാതെ / അല്ലെങ്കിൽ ഉപവാസത്തിലൂടെയും പരിശീലിക്കാം.

മനസ്സിനും ശരീരത്തിനും ഏകാഗ്രതയോടെ പ്രവർത്തിക്കേണ്ടതിനാലും  യോഗയുടെ ഉയർന്നതലത്തിൽ ഉള്ളതിനാലും ഒരു വിശ്വസ്തഗുരുവിന്റെ ഉപദേശാമൃതത്തിൽ തപസ്സനുഷ്ഠിക്കുന്നതാണ് കലികാലത്തിൽ അഭികാമ്യം—

തപസ്യയെ പലപ്പോഴും "കഠിന നിഷ്ഠ” അഥവാ “തീവ്ര വിരക്തി" എന്ന് വിവർത്തനം ചെയ്യുന്നു. എന്നാൽ അതിന്റെ പദോൽപ്പത്തി- തപസ് ("ആഴത്തിലുള്ള ധ്യാനം"), അന്തഃകരണ ശുദ്ധീകരണ പ്രക്രിയയെ സൂചിപ്പിക്കുന്നു, അതിലൂടെ നാം സ്വയം കൂടുതൽ പരിചയവും പക്വതയും ഉണ്ടാക്കുന്നു.

ഒരാളുടെ സ്ഥൂല ശരീരം, സംസാരം, ചിന്തകൾ, മനസ്സ് എന്നിവയുടെ നിയന്ത്രണം തപസ്യയിൽ ഉൾപ്പെടുന്നു. ഇത് ഒരു വ്യക്തിയെ ശരിയായി ധ്യാനിക്കാനും അഹം എന്ന ഭാവത്തെ നിയന്ത്രിക്കാനും ശരീരത്തിന്റെ ആഗ്രഹങ്ങൾ അംഗീകരിക്കാത്ത അച്ചടക്കമുള്ള മനസ്സ് സൃഷ്ടിക്കാനും സഹായിക്കുന്നു. അതെല്ലാം സാധ്യമാവുന്നത് കഠിനമായ നിഷ്ഠയിലൂടെയും തീവ്രമായ വിരക്തിയുടെ യോഗക്രമങ്ങളിലൂടെയുമാണ് എന്നു നിസ്സംശയം പറയാം.  

സംഭ്രമത്തെ അവഗണിച്ചു അന്തഃകരണത്തെ  പൂർണ്ണമായും ദൈവത്തിലേക്കോ ശ്വാസത്തിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രാണായാമവും ധ്യാനവും തപസ്യയുടെ പ്രധാന രൂപങ്ങളാണ്. തപസ്യ പരിശീലിക്കുന്ന ഒരു വ്യക്തി സസ്യാഹാരിയാവുകയും  ശുദ്ധമായ അഹിംസയിൽ അധിഷ്ഠിതമായി ഉപാസനാക്രമങ്ങൾ അനുഷ്ഠിക്കുകയും വേണം. ഇത് കോപത്തെയും വിനാശകരമായ ബാഹ്യപ്രേരണകളെയും ഇല്ലാതാക്കുന്നു, അങ്ങനെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാസനാവൈകൃതം ഒഴിവാക്കുന്നു.

സ്ഥിരമായ യോഗ-പരിശീലനം തപസ്യയായി കണക്കാക്കപ്പെടുന്നു, കാരണം അതിന് അച്ചടക്കം, ആത്മനിയന്ത്രണം, ശാരീരികമായ അതിമോഹങ്ങളുമായുള്ള വിരക്തി എന്നിവ ആവശ്യമാണ്.

തപസ്സ് എന്ന സമ്പ്രദായത്തിൽ പലപ്പോഴും ഏകാന്തത ഉൾപ്പെടുന്നു, ഇത് മോക്ഷത്തിനുള്ള (വിമോചനം, പരിത്രാണം) ഒരു മാർഗമാണെന്ന് വിശ്വസിക്കപ്പെടുന്ന സന്യാസ സമ്പ്രദായങ്ങളുടെ ഭാഗമാണ്.

മൂലവാക്കായ “തപഃ” ചൂടിനെ അർത്ഥമാക്കുന്നതിനാൽ തപസ്സെന്ന പ്രക്രിയയുടെ ഒരു പ്രധാന ഉത്പന്നം തന്നെ താപം ആണെന്ന് നിസ്സംശയം പറയാനാകും. യോഗാഭ്യാസത്തിന്റെ ഫലമായി നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ് കൂടുന്നത് കാണാം. അങ്ങനെയാണെങ്കിൽ നിരന്തരം ഒരു തപസ്സിൽ വിലീനനായ ഒരാളുടെ താപം എത്രയായിരിക്കാം എന്ന് നമുക്ക് ഊഹിക്കാനേ പറ്റൂ. 

സൈദ്ധാന്തികമായി ഈ താപത്തിലാണ് മുജ്ജന്മങ്ങളിലെയും ഈ ജന്മത്തിലെയും പാപങ്ങളെല്ലാം ഉരുകി ഉരുകി ഇല്ലാതാവുന്നത് എന്നൊരു തലത്തിലേക്ക് നമ്മുടെ ചിന്തയെ കൊണ്ടുപോകാം. അതോടൊപ്പം ഒരു ജീവന്റെ ആദ്യനിമിഷങ്ങളിലും അത്യന്താപേക്ഷികമായ ചൂടിന്റെ പ്രാധാന്യം ഗ്രഹിക്കാം.  പക്ഷികൾ മുട്ടകൾ വിരിയിച്ചെടുത്തു അവരുടെ വംശലക്‌ഷ്യം സാധിക്കുന്നത് ഈ പ്രപഞ്ചസത്യത്തിലൂടെയാണ്. അമ്മയുടെ ഗർഭപാത്രത്തിൽ  ഭ്രൂണരൂപത്തിലുള്ള ഭാവിപുരുഷനും താപം ആവശ്യമുണ്ട്. എന്തിനേറെ പറയുന്നു: സസ്തനികളുടെ മൈഥുനവേളകളിൽ പോലും പ്രാപഞ്ചികമായി സംഭവിക്കുന്ന തപീകരണം ഈയൊരു പ്രതിഭാസത്തെ അസന്നിഗ്ധമായി നമുക്ക് ബോധ്യമാക്കുന്നുണ്ട്.

സംസ്കൃതത്തിൽ  തപസ്യ എന്ന വാക്ക് അക്ഷരാർത്ഥത്തിൽ "താപത്താൽ ഉൽ‌പാദിപ്പിക്കപ്പെടുന്നു" എന്നതാണ്. ഇത് ഒരു ശിഷ്യന്റെ ലക്ഷ്യം നേടുന്നതിനായി ഏറ്റെടുക്കുന്ന അച്ചടക്കത്തിന്റെ വ്യക്തിപരമായ ശ്രമത്തെ അഥവാ ആ ശ്രമത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. തപസ് ഏറ്റെടുക്കുന്നയാൾ ഒരു “തപസ്വിൻ” ആണ്. തപസ്വി എന്ന പദം ഒരു പുരുഷ സന്ന്യാസി അല്ലെങ്കിൽ ധ്യാനിയെ സൂചിപ്പിക്കുന്നു, അതേസമയം തപസ്വിനി ഒരു സ്ത്രീയെ സൂചിപ്പിക്കുന്നു.

പുരാണങ്ങളിലും ഹിന്ദുമതത്തിന്റെ ദേവത പാരമ്പര്യത്തിന്റെ ഗ്രന്ഥങ്ങളിലും, തപസ്സ് എന്ന പദം പ്രത്യേക ആന്തരിക ശക്തികൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന തീവ്രമായ സ്വയം അച്ചടക്കമുള്ള ഒരു ഭക്തിക്ക് തുല്യമാണ്. സമകാലിക ഉപയോഗത്തിൽ, പ്രയാസങ്ങൾ ഉൾക്കൊള്ളുന്ന അഥവാ സ്ഥിരോത്സാഹം ആവശ്യമുള്ള ഏതൊരു പരിശീലനത്തെയും - വ്രത സമയത്ത് ഉപവാസം പോലുള്ളവയെയും - തപസ്സെന്ന് വിളിക്കുന്നു.

തപസ്സ് - ഭഗവദ് ഗീതയിൽ 

അർജുനനോട് ഭഗവാൻ കൃഷ്ണൻ ഉപദേശിക്കുന്ന പതിനേഴാമത്തെ അദ്ധ്യായം തപസ്സിനെ കുറിച്ചും വിവരിക്കുന്നുണ്ട്. രണ്ടുവിധത്തിൽ ഇതിനെ പ്രതിപാദിച്ചു കാണുന്നു: 

൧) തപസ്സിന് വേണ്ട ഉപകരണത്തെ അടിസ്ഥാനമാക്കി- ശാരീരികം, വാങ്മയം, മാനസികം. 

  • കായികതപസ്സ് - 

ദേവദ്വിജഗുരുപ്രാജ്ഞപൂജനം ശൗചമാർജ്ജവം 
ബ്രഹ്മചര്യമഹിംസാ ച ശാരീരം തപ ഉച്യതേ || ൧൭ - ൧൪ ||

ദേവന്മാർ, ദ്വിജന്മാർ, ഗുരുക്കന്മാർ, പ്രാജ്ഞന്മാർ ഇവരുടെ പൂജ, ശൗചം, ആർജ്ജവം, ബ്രഹ്മചര്യം, അഹിംസ ഇതെല്ലാം ശാരീരികമായ തപസ്സാകുന്നു.

വേദജീവിതം നയിക്കുന്ന ആളുകളോടും അഥവാ നല്ല അറിവുകൾ നേടാൻ ശ്രമിക്കുന്നവരോടും തിരുവെഴുത്തുകളുടെ ആചാര്യന്മാരോടും ഉള്ള ഭക്തിയും ബഹുമാനവും ദൈവാരാധനയെപ്പോലെ തന്നെയാകാം. അത്തരം ഉപാസനകളും അതോടൊപ്പം  മാനസിക വിശുദ്ധി കളയാതെ സൂക്ഷിക്കുക, ആന്തരികവും ബാഹ്യവുമായ ആദ്ധ്യാത്മികമായ ആചരണങ്ങൾ, നേരെ ചൊവ്വേ മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ഏർപ്പെടുക, ഇന്ദ്രിയങ്ങളെ അധമവൃത്തികൾക്കു ഉപയോഗിക്കാതിരിക്കുക, മറ്റുള്ളവരെ വേദനിപ്പിക്കുന്ന എല്ലാ പ്രവൃത്തികളും ഒഴിവാക്കുക എന്നിവയെല്ലാം ശരീരത്തിന്റെ കഠിന നിഷ്ഠ എന്ന് വിളിക്കാം, ഇതൊക്കെ തന്നെയാണ് കായികതപസ്സ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

  • വാചികതപസ്സ് - 

അനുദ്വേകകരം വാക്യം 
സത്യം പ്രിയഹിതം ച യത് 
സ്വാധ്യായാഭ്യസനം ചൈവ 
വാങ്മയം തപ ഉച്യതേ || ൧൭ - ൧൫ ||

ഒരു പ്രാണിയെയും ദുഃഖിപ്പിക്കാത്തതും സത്യവും പ്രിയവും ഹിതവുമായ വാക്കും നിത്യമായ മന്ത്രജപവും വാചികമായ തപസ്സാകുന്നു.

മറ്റുള്ളവരെ അസ്വസ്ഥരാക്കാത്ത സംസാരമാണ് ഭഗവാൻ കേശവൻ ഉപദേശിക്കുന്നത്. സംസാരവിഷയവും സംസാരിക്കുന്ന വാക്കുകളും  സത്യവും ആത്മാർത്ഥവും സ്വീകാര്യവും മറ്റുള്ളവർക്ക് പ്രയോജനകരവുമാവുമ്പോളാണ് ഒരു തപസ്സിന്റെ തീവ്രത അഥവാ പ്രായോഗികത ഭവിക്കുന്നത്. മേലെ പറഞ്ഞതും അതോടൊപ്പം ഉത്സാഹത്തോടെയുള്ള പഠനവും തിരുവെഴുത്തുകളുടെ പ്രതിഫലനവും കൂടി ചേർന്നാൽ സംസാരത്തിലെ നിഷ്ഠ അഥവാ വാചികതപസ് എന്ന് വിളിക്കുന്നു. 

മനുസ്മൃതിയുടെ വാക്കുകൾ ഇവിടെ നമുക്ക് സംഗ്രഹിക്കാം, “ഒരാൾ സത്യം സംസാരിക്കണം; സുഖകരമായത് സംസാരിക്കണം; സത്യം പ്രസന്നമല്ലെങ്കിൽ അഥവാ പ്രസന്നമായത് തെറ്റാണെങ്കിൽ— സംസാരിക്കരുത് ”.

സത്യം ബ്രൂയാത് പ്രിയം, ന ബ്രൂയാത് സത്യമപ്രിയം 
പ്രിയം ചാ നാനൃതം ബ്രൂയാത്, ഏഷാ ധർമ്മ സനാതന || 

“സത്യം പറയണം എന്നാൽ അപ്രിയസത്യങ്ങൾ പറയരുത്. സനാതന ധർമ്മ സ്ഥാപനത്തിനുവേണ്ടി പ്രിയമുള്ളതാണെങ്കിലും അസത്യം പറയരുത്”.
മനുസ്‌മൃതി 

  • മാനസതപസ്സ് -

മനഃപ്രസാദഃ സൗമ്യത്വം 
മൗനമാത്മവിനിഗ്രഹഃ 
ഭാവസംശുദ്ധിരിത്യേതത്‍ 
തപോ മാനസമുച്യതേ || ൧൭ - ൧൬ ||

മനഃശുദ്ധി, പ്രാണികളിലുള്ള ക്ഷേമാകാംക്ഷ, ആദ്ധ്യാത്മചിന്തനം, ഇന്ദ്രിയനിഗ്രഹം, ശുദ്ധമായ ഭാവം ഇവയെല്ലാം മാനസതപസ്സാകുന്നു.

മനസ്സിന്റെ ശാന്തത, പുറം ലോകവുമായുള്ള ഒരാളുടെ ആരോഗ്യകരമായ ബന്ധത്തിന്റെ ഫലമാണ്. എല്ലാവരോടുമുള്ള ഊഷ്മളമായ പെരുമാറ്റം, അതിമോഹങ്ങളോ തീവ്രവികാരങ്ങളോ പ്രകടിപ്പിക്കാത്ത അവസ്ഥ എന്നിവയെല്ലാം പ്രകോപിതമാകാത്ത അന്തഃകരണത്തിലെ ശാന്തതയാണ് പ്രതിഫലിപ്പിക്കുന്നത്. ഉള്ളിൽ ഒരാളുടെ നീചസ്വഭാവത്തെ സ്വയം നിയന്ത്രിക്കുക, ഉദ്ദേശ്യത്തിന്റെ സത്യസന്ധത പ്രകടമാക്കുക എന്നിവയെല്ലാം ഒരു തപസ്സാണ്. ഏതൊരു പ്രവർത്തനത്തിനും പ്രചോദനാത്മകമായ ഘടകം ശ്രേഷ്ഠവും ദിവ്യവുമായ, കഠിന നിഷ്ഠ അഥവാ മാനസതപസ്സ് ആണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. 

൨) മനുഷ്യന്റെ ഗുണത്തെ ആസ്പദമാക്കി- സാത്വികം, രജോഗുണം, തമോഗുണം. 

ശ്രീമദ് ഭഗവദ് ഗീതയിലെ ൧൭-ആം അധ്യായത്തിലെ ൧൭, ൧൮, ൧൯ എന്നീ ശ്ലോകങ്ങൾ ആണ് ഗുണ ദൃഷ്ട്യ തപസ്സുകളെ കുറിച്ച് പ്രതിപാദിക്കുന്നത്. 

  • സാത്വികതപസ്സ് 

ശ്രദ്ധയാ പാരയാ തപ്തം 
തപസ്സത് ത്രിവിധം നരൈഃ 
അഫലാകാങ്ക്ഷിഭിർയുക്തൈഃ 
സാത്വികം പരിചക്ഷതേ || ൧൭ - ൧൭ ||

ഫലാപേക്ഷ വിട്ട്, മനസ്സിരുത്തി, ശ്രേഷ്ഠമായ ആസ്തിക്യബുദ്ധിയോടുകൂടി ആചരിക്കുന്ന മനോവാക്കായഭേദേന പറഞ്ഞിട്ടുള്ള ആ തപസ്സ് സാത്വികതപസ്സെന്നു പറയപ്പെടുന്നു.

മൂന്ന് തലത്തിലുള്ള കഠിന നിഷ്ഠ, അതായത് ശരീരം, സംസാരം, മനസ്സ് എന്നിവയെ, സ്വയം അച്ചടക്കത്തോടെ  പ്രതിഫലങ്ങളോട് യാതൊരു ബന്ധവുമില്ലാതെ, വളരെ വിശ്വാസത്തോടും ആത്മാർത്ഥതയോടും കൂടി അനുഷ്ഠിക്കുന്ന സാധനയെ സാത്വികതപസ്സ് എന്ന് വിളിക്കുന്നു.

  • രാജസിക തപസ്സ് 

സൽകാരമാനപൂജാർത്ഥം 
തപോ ദംഭേന ചൈവ യത് 
ക്രിയതേ തദിഹ പ്രോക്തം 
രാജസം ചലമധ്രുവം || ൧൭ - ൧൮ ||

മറ്റുള്ളവരിൽ നിന്ന് സൽക്കാരത്തിന്നും മാനത്തിന്നും പൂജക്കും വേണ്ടി പൊങ്ങച്ചം കൊണ്ട് ചെയ്യുന്ന നിഷ്ഠയില്ലാത്തതും വ്യവസ്ഥയില്ലാത്തതുമായ ആ തപസ്സിനെ രാജസമെന്നു പറയുന്നു. 

സൽപ്പേരും ബഹുമാനവും നേടുന്നതിനായി ശരീരം, മനസ്സ്, സംസാരം എന്നീ മൂന്നു തലങ്ങളിലൂടെ തപസ്സനുഷ്ഠിക്കുമ്പോൾ, മായാമോഹവും ആത്മപ്രശംസയും കൊണ്ട് അതിനെ രാജസിക തപസ്സ്  എന്ന് വിളിക്കുന്നു. ഇത്തരത്തിലുള്ള തപസ്സ് അസ്ഥിരവും ക്ഷണഭംഗുരവുമാണ്. മാത്രമല്ല അത് ഉൽ‌പാദനക്ഷമമല്ലാത്തതും വേദനാജനകവുമായ ആത്മനിഷേധങ്ങൾക്ക് കാരണമാകും.

  • താമസിക തപസ്സ് 

മൂഢഗ്രാഹേണാത്മനോ 
യത് പീഡയാ ക്രിയതേ തപഃ 
പരസ്യോത്സാദനാർത്ഥം 
വാ തത്താമസമുദാഹൃദം || ൧൭ - ൧൯ ||

അവിവേകം മൂത്ത് ശരീരങ്ങളെ പീഡിപ്പിച്ച്, സ്വാർത്ഥത്തിനുവേണ്ടിയോ പരൻമാരുടെ നാശത്തിനുവേണ്ടിയോ ചെയ്യുന്ന തപസ്സിനെ ശിഷ്ടന്മാർ താമസമെന്നു പറയുന്നു. 

സ്വയം പീഡനം ഉൾപ്പടെയുള്ള  വിഡ്ഢിത്തം നിറഞ്ഞ ആചാരങ്ങളോടെയോ, പിടിവാശിയോടെയോ, മറ്റുള്ളവരെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയോ ഏറ്റെടുക്കുന്ന തപസ്സ്; ഏറ്റവും നീചതരത്തിലുള്ളതാണ്- ഇതിനെ താമസിക തപസ്സ് എന്ന് വിളിക്കുന്നു.

അനുതാപം - അതിജീവനം 

ഇതുവരെ പറഞ്ഞ താപസികമായ എല്ലാ കാര്യങ്ങളും സൈദ്ധാന്തികപരമായും ആത്മീയപരമായും സർവോപരി മാനുഷികമൂല്യത്തിന് അധിഷ്ഠിതമായും അനുഷ്ഠിക്കേണ്ട ജീവിതലക്ഷ്യബോധാർത്ഥമുള്ള വിവരണങ്ങളും ഭാവങ്ങളും തത്വങ്ങളും ആണല്ലോ. ഇതെല്ലാം തന്നെ, നല്ലതേത്, നന്നല്ലാത്തതേത് എന്നുള്ള വിവേകപൂർണമായ തിരിച്ചറിവുകളെ അടിസ്ഥാനമാക്കി  ജീവിതപന്ഥാവിൽ തെരഞ്ഞെടുക്കേണ്ടതായ സാധനാക്രമങ്ങളാണ്. ജീവിതാനുഭവങ്ങളുടെ തീവ്രതയുടെ ഏറ്റക്കുറച്ചിലുകൾ പ്രകാരം നമ്മുടെ ഓരോരുത്തരുടെ ജീവിതതപസ്സിലും ഓരോ അളവിലാണ് തപം സംഭവിക്കുന്നത്: അഥവാ നമ്മുടെ ഓരോരുത്തരുടെയും ശാരീരികവും മാനസികവും വാചികവും ആയ തപസ്സിന്റെ ചൂട് ഏറിയും കുറഞ്ഞും ഇരിക്കും എന്നർത്ഥം. 

ദൈവീകവും ആത്മീയവും യുക്തിസഹവും ആയിട്ടുള്ള തപസ്സിലൂടെ ആത്മസാക്ഷാത്കാരം നേടിയെടുക്കാൻ ഒരു സാത്വികന് മാത്രമേ സാധിക്കൂ. കലിയുഗത്തിൽ ഭൂരിപക്ഷം പേരും രജോഗുണത്തിലോ തമോഗുണത്തിലോ പെട്ടുഴറുന്ന ജീവജാലങ്ങളാണ്. അത്യന്തം ചെറിയൊരു ശതമാനം ഒഴിച്ചാൽ ബാക്കി വരുന്ന സമൂഹത്തിന്റെ നല്ലൊരു ഭാഗം എന്നും സാത്വികഭാവത്തിലേക്ക് നടന്നടുക്കാൻ പ്രയത്നിക്കുന്നവരാണ്. ഗുരുവിന്റെ സന്ദേശാമൃതങ്ങൾ, ഉപാസനാക്രമങ്ങളുടെ അറിവ്, സാധനയും അഭ്യാസവും, മൂല്യാധിഷ്ഠിതമായ ജീവിതക്രമങ്ങൾ എന്നിവയുടെ ഏറ്റക്കുറച്ചിലുകളിലൂടെ നയിക്കപ്പെടുന്ന ഇത്തരം ജീവനങ്ങളിൽ പലപ്പോഴും “തെറ്റുചെയ്യുക” എന്നൊരു ഘടകം പിന്തുടരുന്നുണ്ട്.

തെറ്റ് ചെയ്തു എന്ന ബോധ്യം വരുന്നവരിൽ ഒരു ചെറിയ വിഭാഗം അതൊരു പ്രശ്നമായി കാണാതെ അഥവാ ആ തെറ്റിനെ ന്യായീകരിച്ചുകൊണ്ട് വീണ്ടും തെറ്റുകളിലേക്ക് പാഞ്ഞുപോകുന്നു. അവരെകുറിച്ചല്ല നമ്മുടെ ഈ ചിന്താ-ചീന്തുകൾ, കാരണം അവരുടെ ദുഷ്കർമ്മഫലങ്ങൾ അനുഭവിച്ചുതീർക്കാനുള്ള തമോഗുണങ്ങൾ അവരിനുള്ളിൽ തന്നെ നിറഞ്ഞുകിടപ്പാണ്. യാതനാപൂർണമായ ഒരു ജീവിതാന്ത്യം അവരെ കാത്തിരിക്കുന്നുണ്ടാകും, സംശയം വേണ്ട. 

നമ്മുടെ ചിന്ത, തെറ്റുകളെ പ്രശ്നമായി ഗ്രഹിച്ച് അതിന്റെ അനന്തരഫലങ്ങളുടെ തീവ്രതയിൽ ഭ്രമിച്ച്‌ സ്വന്തം ശരീരത്തെയും മനസ്സിനെയും സംസാരത്തെയും തപസ്സാകുന്ന ജീവിതചക്രത്തിൽ കൊളുത്തി വലിക്കുന്ന ആബാലവൃദ്ധം സാമൂഹ്യജീവികളായ പച്ചമനുഷ്യരെ കുറിച്ചാണ്. ഇവരുടെ ജീവിതം പലപ്പോഴും നികത്താനാവാത്ത പശ്ചാത്താപവിവശതയിൽ പെട്ട് ഘോരതപസ്സിന്റെ അത്യുഷ്ണത്തിൽ ഉരുകി ഉരുകി വെന്തുവെണ്ണീറാകുന്ന സ്ഥിതിയിലാണുള്ളത്. ഇതാണ് അനുതാപം—

എന്റെ ആത്മീയ ഗുരു ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടെ സത്‌സംഗത്തിൽ പാടുന്നൊരു ഭജനയുണ്ട്; ഒരു ശിവസ്തുതിയാണത്— 

അനുതാപം വളരുന്നു, മനമാകെ പിടയുന്നു 
അരുതീവിധമഗതിക്കൊരു ഗതിയേകുക ഭഗവൻ || 

താൻ ചെയ്ത തെറ്റുകളിൽ മനം നൊന്ത് മനസ്സുകൊണ്ട് തപസ്സുചെയ്യുന്ന ഒരു സാധകന്റെ അപേക്ഷാനിർഭരമായ പ്രാർത്ഥനയാണിത്. ജീവിതപന്ഥാവിൽ വഴിയറിയാതെ ഉഴറുന്ന സാധകൻ ആത്മസമർപ്പണഭാവത്തിൽ മാർഗം തേടുന്ന സ്ഥിതിയാണിത്. 

മോഹങ്ങൾ പെരുകുന്നു, ദേഹമിതോ തളരുന്നു 
ആരുണ്ടിവിനവലംബം നീയല്ലാതുലകിൽ ||

അതിമോഹങ്ങളുടെ കുത്തൊഴുക്കും അതിൽ നീന്താൻ കഴിയാതെ കൈകാലിട്ടടിക്കുന്ന സാധകനുമാണ് രംഗത്തിൽ. അവസാനം സ്വയം സദാശിവൻ അല്ലാതെ തന്നെ രക്ഷിക്കാൻ അതുവരെ ഉണ്ടായിരുന്നവർ ഒന്നും ബാക്കിയില്ല എന്ന ബോധത്തിൽനിന്നും ഉയർന്നുവരുന്ന വാചികതപസ്സ്— 

സുകൃതത്തിൻ ബലമില്ല, പ്രകൃതത്തിൻ മികവില്ല 
ദുരിതക്കടൽ നീന്താൻ നിൻ, കൃപ തൂവുക ശിവനെ ||

സ്വന്തം പ്രവൃത്തികളിലും പ്രകൃതങ്ങളിലും ഉള്ള പോരായ്മകൾ തിരിച്ചറിഞ്ഞു അവയെ ഈശ്വരാധീനത്തോടെ സ്ഫുടം ചെയ്‌തെടുക്കുന്ന, ആത്മവൈഭവത്തിലേക്ക് അഹംഭാവം എന്ന കൊടുംകടൽ നീന്തിക്കയറാൻ തീരുമാനിച്ച സാത്വികനായ ഭക്തനെ നമുക്കിവിടെ ദർശിക്കാം.  

പരമാർപ്പണഭാവത്തിൻ പൊൻകിരണ പ്രഭതൂകി 
ഭവരോഗത്തിമിരത്തിൻ ഇരുൾ നീക്കുക ശിവനെ || 

രജോഗുണ-തമോഗുണ സംബന്ധമായ എല്ലാ തെറ്റുകുറ്റങ്ങളെയും തിരിച്ചറിഞ്ഞു ഭക്തിയുടെയും ശ്രദ്ധയുടെയും ഉപാസനയുടെയും സൂര്യോദയം ദർശിക്കുന്ന സാധകന്റെ സാത്വികനിഷ്ഠയാണ് ഏറ്റവും പാവനമായ തപസ്സെന്ന അറിവിന്നൊളിയാണ് ഈ വരികൾ സാർത്ഥകമാക്കുന്നത്. 

ഹരശങ്കര ശിവശങ്കര ഭവശങ്കര ഭഗവൻ 
ശിവശങ്കര ഹരശങ്കര ഭാവനാശക ഭഗവൻ || 

ഭക്തിയും ശ്രദ്ധയും ഒത്തുചേർന്നുള്ള ഉപാസനക്ക് ഏതൊരു തപസ്സിനെക്കാളും ശക്തിയേറും എന്നതും ഒരു സത്യമാണ്. 

൧൯൯൧-ൽ മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഭരതം. ശ്രീ മോഹൻലാലിന് ഭരത് അവാർഡ് നേടിക്കൊടുത്ത കഥാപാത്രമാണ് അതിലെ കല്ലൂർ ഗോപിനാഥൻ. കഥയുടെ അന്ത്യത്തിൽ അനുതാപത്തിൽ വെന്ത് സ്വയം മറന്ന് കേഴുന്ന ഗോപിയുടെ അന്തഃകരണം നമ്മളെല്ലാവരും കണ്ടതാണ്. 


രാമാ— എന്നുള്ള ആ വിളി, വീണ്ടും സംസ്കൃതത്തിലെ ആദികവി മഹർഷി വാല്മീകിയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. സ്വന്തം പാപനാശനത്തിൻ ചിതൽപ്പുറ്റുപോലും സൃഷ്‌ടിച്ച അദ്ദേഹത്തിന്റെ തപസ്സിൽനിന്നും ഉയർന്ന താപത്തെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ഈ അദ്ധ്യായം എന്റെ മാതാപിതാക്കൾക്കും സർവ്വത്ര ഗുരുക്കന്മാർക്കും വേണ്ടി ശ്രീ ലളിതാംബികയുടെ ശ്രീപാദപത്മങ്ങളിൽ അർപ്പിക്കുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~
|| ഓം ദേവ്യൈ നമഃ ||


റെഫെറെൻസുകൾ—
൧- യോഗപീഡിയ.കോം 
൨- വിക്കിപീഡിയ.കോം 
൩- മൂർത്തി൯൩൬.ബ്ലോഗ്സ്പോട്ട്.കോം 
൪- ശ്രീമദ് ഭഗവദ് ഗീത-ഭാവാർത്ഥബോധിനി-ശ്രീരാമകൃഷ്ണമഠം 
൫- അമൃതപുരി.ഓർഗ് 


Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം