കഥ | ജീവിതത്തിന്റെ അളവുകൾ

കഥ > ജീവിതത്തിന്റെ അളവുകൾ 


ആമുഖം : < ഓ ഹെൻറി, എന്റെ എന്നത്തേയും ഏറ്റവും പ്രിയങ്കരനായ കഥാകാരൻ. നിഗൂഢമായ അന്ത്യങ്ങളാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത. വായനക്കാരുടെ ഭാവനയുടെ ഒരംശത്തിനു പോലും അദ്ദേഹം പറയാൻ പോകുന്ന ക്ലൈമാക്സ് ആലോചിക്കാൻ പറ്റില്ല എന്നതും ഒരു സത്യം. 

അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കഥയാണ് "ഗിഫ്റ്റ്‌ ഓഫ്‌ ദ് മാഗ്ഗി". ക്രിസ്മസിന് അന്യോന്യം സമ്മാനങ്ങൾ കൈമാറുന്ന ദമ്പതികളുടെ കഥയാണ് അത്. 

ജീവിതത്തിന്റെ അളവുകൾ എന്ന ഈ കഥയുടെ ത്രെഡ് എനിക്ക് അങ്ങനെയാണ് ലഭിച്ചത്. ഓ ഹെൻറിയുടെ കഥയുമായി ഇതിനു സാമ്യമൊന്നുമില്ലെങ്കിലും ആരാധ്യനായ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇവിടെ പങ്കിടാം എന്ന് ഞാൻ വിചാരിച്ചു >
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

“ആ ബ്രൗൺ ചെക്‌സ് ഷർട്ട് എടുക്കൂ- നോക്കട്ടെ.. എല്ലാം എടുക്കേണ്ട ട്ടോ- ഞാൻ പറയുന്നത് മതി.” സ്മിതക്ക് വസ്ത്രം തെരഞ്ഞെടുക്കുന്നതിൽ ചില രീതികൾ ഉണ്ട്.  

“ചേച്ചി പറഞ്ഞോളൂ, അത് എടുത്തു തരാം”- ആദ്യം ഇത്തിരി അമിതാവേശം കാണിച്ചെങ്കിലും സെയിൽസ് മാൻ മനു, കസ്റ്റമറിനെ അറിഞ്ഞു മൂഡ് മാറ്റുന്ന ആളാണ്. 

“ങും.. എന്നാൽ ആ ബ്രൗൺ എടുക്കൂ- എല്ലാ സൈസും ഉണ്ടാവുമല്ലോ അല്ലേ?” സ്മിതയുടെ പ്രായോഗിക പ്രശ്നങ്ങൾ, അവൾക്ക്  എന്നും നാവിൻ തുമ്പത്താണ്. 

“ഇല്ലി ചേച്ചീ, നോഡി”- മനു വീണ്ടും ആവേശഭരിതൻ ആയി. ഒപ്പം തന്നെ സ്മിതയുടെ സ്വതവേ വില്ലുപോലെയുള്ള പുരികക്കൊടി കുറേകൂടി മുകളിലേക്ക് വളഞ്ഞു കയറി. 

“ഡാ മനൂ... നിന്നോട് ഞാൻ പല തവണ പറഞ്ഞു, ഇവിടെ കന്നഡ ഹേളണ്ടാ എന്ന്. ഞാനീ ചിന്ന കടയിൽ വരുന്നത് തന്നെ നിങ്ങൾ മലയാളികൾ ആയതുകൊണ്ടാണ്. അല്ലാതെ മൈസൂരിൽ വേറെ സ്ഥലമില്ലാതെയല്ല. മനസ്സമാധാനത്തോടെ നമ്മുടെ ഭാഷ പറഞ്ഞു ഷോപ് ചെയ്യാനാണ് ഇവിടെ വരുന്നത് കേട്ടോ?” സ്മിതാ മാഡം സീരിയസ് ആയി. മനുവിന്റെ ക്ഷമാപണം സോറിയിൽ ഒതുങ്ങി: ഒരു ചെറുപുഞ്ചിരിയോടെ-

“നീ ഇളിക്കല്ലേ... ബംഗാളി പോലെ ഉണ്ട് നിന്റെ മോന്ത... പോയി മീശ വെക്കടാ മനൂ..” സ്മിതയുടെ തമാശകൾ.. 

“ചേച്ചി ഒന്ന് പതുക്കെ പറ... നാണം കെടുത്തല്ലേ”- മനു തൊഴുതു. 

മടക്കിയ ബ്രൗൺ ഷർട്ട് നിവർത്തി അവൾ ആകെ ഒരു അവലോകനം ചെയ്തു. കടും കാപ്പി ബാക്ക്ഗ്രൗണ്ടിൽ വെള്ളയും നീലയും ഇടകലർന്ന വരകൾ. നെടുകെയും കുറുകെയും. “ഇഷ്ടപ്പെടുമായിരിക്കും..” സ്മിതയുടെ ആത്മഗതം ചെറിയ ശബ്ദത്തിൽ പുറത്തുവന്നത് മനു കേട്ടു. 

“സാറിനു ഇഷ്ടാവും”- അവൻ വീണ്ടും ആവേശത്തിൽ സെയിൽസ്മാൻ ആയി. സ്മിത മുഖം ഉയർത്തി അവനെ ഒന്ന് നോക്കി. 

“അത് നിനക്കെങ്ങനെ അറിയാം?” അവനു വീണ്ടും ഉത്തരം മുട്ടി. 

“ഇത് ഓകെ, പക്ഷേ സൈസ് 44 വേണം.” സ്മിതയുടെ സെലക്ഷൻ വേഗത്തിൽ ആണല്ലോ എപ്പോഴും. 

“കഴിഞ്ഞ ദസറക്ക് സാറും കൂടെ ഷോപ്പിംഗിന് ഉണ്ടായിരുന്നല്ലോ; ഓർമ്മയുണ്ട് ചേച്ചി”- മനു ഓർമ്മ പുതുക്കി 

“ഡാ നീയാള് കൊള്ളാലോ- ഞാൻ പോലും അത് മറന്നു ട്ടോ” സ്മിതക്ക് ചിരി വിടർന്നു. 

“പിന്നെ സാർക്കിഷ്ടം ബ്ലൂ അല്ലെങ്കിൽ വൈറ്റ് ആണെന്നും പറഞ്ഞേർന്നു”. മനു തന്റെ സെൽസ്‌മാൻ ജോലിയുടെ പാടവം നിസ്സംശയം തെളിയിച്ചു. 

“ങും.. ഇതിപ്പോ സാറിനല്ല. എന്റെ കസിനാണ്. നാട്ടിൽ നിന്നും ഇന്ന് ബാംഗ്ലൂർ വന്നിട്ടുണ്ട്, നാളെ മൈസൂർ വരും. അപ്പോ കൊടുക്കാനാണ്”. സ്മിത കാര്യം പറഞ്ഞു. 

“ആ കസിൻ സാറിന്റെ ഫോട്ടോ ഉണ്ടോ? ഫേസ്ബുക്കോ വാട്സാപ്പോ എന്തേലും മതി. അങ്ങനെയെങ്കിൽ നമുക്ക് അത് നോക്കി സെലെക്റ്റ് ചെയ്യാലോ”- മനുവിന്റെ ഐഡിയ. 

“ഇല്ല മനൂ, അവനു ഫേസ്ബുകില്ല, അല്ല അതെനിക്കുമില്ലാ ട്ടോ- പിന്നെ വാട്സാപ്പിലും ഫോട്ടോ ഇടില്ല. ഞങ്ങൾ കണ്ടിട്ട് 25 വർഷം കഴിഞ്ഞു. അന്നത്തെ രൂപം ഓർമ്മയുണ്ട്. അന്ന് 44 സൈസ് ആണ് കൊടുത്തത്, അവന്റെ ബർത്‌ഡേക്ക്”- സ്മിതയുടെ ഓർമ്മകൾക്ക് യൗവനം. 

“ഇതിന് മാച്ചിങ് ആയിട്ട് ഒരു വോയിൽ സാരി കൂടെ വേണം- അവന്റെ ഭാര്യക്കും എടുത്തില്ലെങ്കിൽ മോശല്ലേ” സ്മിത പുഞ്ചിരിച്ചു. 

“ചേച്ചിക്ക് ഒന്നും എടുക്കുന്നില്ലേ? മോൾക്കുള്ള ഫ്രോക്സ്ന്റെ ന്യൂ സെലെക്ഷൻ വന്നിട്ടുണ്ട് മോളില്, നോക്കണോ”? സാരിയും ഷർട്ടും ബില്ല്‌ അടിക്കുന്നതോടൊപ്പം മനു പറയുന്നുണ്ടായിരുന്നു. 

“ഇനി ഓണത്തിന് വരാം” കുറച്ചു ധൃതിയിൽ ബില്ല് പേ ചെയ്ത് സ്മിത പുറത്തേക്കിറങ്ങി. ഷോപ്പിന്റെ സൈൻബോർഡ് വായിച്ചു -രഘൂ'സ് വസ്ത്രാലയ- ചെറിയൊരു പുഞ്ചിരിയോടെ തന്നെ സ്മിത തന്റെ കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് തിരിച്ചുപോയി. 

വീടെത്തുന്നത് വരെയുള്ള ആ അരമണിക്കൂറും സ്മിത ചിന്തിച്ചത് അവനെ കുറിച്ചായിരുന്നു, മനുവിനോട് കസിൻ എന്ന് നുണ പറഞ്ഞ നാളത്തെ അതിഥി. 25 വർഷങ്ങളായി കണ്ടിട്ടില്ല- എന്തിന് ഒന്ന് സംസാരിച്ചിട്ടുപോലുമില്ലല്ലോ. തന്റെ കല്യാണത്തിന് കണ്ടതാണ് അവസാനം. അന്ന് തനിക്കു തന്ന വിവാഹസമ്മാനത്തിന്റെ പൊതി ഇപ്പോഴും ഓർക്കുന്നു. ആനന്ദിനുള്ള ഷർട്ടും തനിക്കുള്ള വോയിൽ സാരിയും. ആനന്ദിനോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടം കൂടിയതാണ് ആ 40 സൈസിലുള്ള സ്കൈബ്ലൂ ഷർട്ട്. തന്നെ ആ വോയിൽ സാരിയിൽ കാണാൻ ആനന്ദിനും ഇഷ്ടമായിരുന്നു. 

44 സൈസ് മതിയായിരിക്കും അവന്, രഘു അന്നേ ആജാനുബാഹു ആണല്ലോ. അമേരിക്ക വാസം ഒക്കെ കഴിഞ്ഞു വന്നതുകൊണ്ട് തടികൂടിയിരിക്കുമോ? അവന്റെ വൈഫിന് സാരി ഇഷ്ടപ്പെടുമോ ആവോ. ആ കുട്ടിയുടെ സ്കിൻ ടോൺ പോലും അറിയില്ല, ബ്രൗൺ കളർ ചേരുമോ ആവോ? എന്തായാലും ഷർട്ടിനു മാച്ച് ആണല്ലോ, അവർ ഇടുകയോ ഇടാതിരിക്കുകയോ എന്താന്നു വെച്ചാൽ ചെയ്തോട്ടെ. സ്മിതയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങളും ഉത്തരങ്ങളും കൊണ്ട് നിറഞ്ഞു. 

ക്ഷീണം ഉണ്ടായിരുന്നെങ്കിലും രാത്രി അവൾക്ക് ഉറങ്ങാനേ പറ്റിയില്ല. “എന്താടോ തന്റെ ടീനേജ് സുഹൃത്തിനെ കാണാനുള്ള ത്രിൽ ആണോ? ഉറക്കം വരാത്തെ?” നേരത്തേ മനു പറഞ്ഞ “സാറിന്റെ” പുഞ്ചിരിയോടെയുള്ള ചോദ്യം സ്മിതയിലും ചിരി പടർത്തി. 

“അല്ലന്നേ- ഞാൻ രാവിലെ വാങ്ങിയ ഷർട്ടിന്റെയും സാരിയുടെയും കാര്യം ആലോചിച്ചതാണ്. സൈസ് കറക്റ്റ് ആവുമോ, കളർ ഇഷ്ടാവുമോ എന്ന ഒരു ചെറിയ ടെൻഷൻ, അത്രേള്ളൂ” സ്മിത കാര്യത്തെ ഒന്ന് ലഘൂകരിച്ചു. കുറെ വൈകി അവൾ ഉറങ്ങി. 

രാവിലെ സാറിനെ ഓഫീസിൽ അയച്ച് മോളെ സ്‌കൂളിൽ ഡ്രോപ്പ് ചെയ്ത് സ്മിത വീട്ടിൽ തിരിച്ചെത്തി. 12 മണിക്കാണ് രഘു ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വരാൻ പറഞ്ഞിരിക്കുന്നത്. എല്ലാം വാട്സ്ആപ് സന്ദേശങ്ങൾ മാത്രം. ഒരു വോയിസ് മെസ്സേജ് പോലും അവൻ അയക്കാഞ്ഞതെന്തേ എന്നവൾ പലപ്പോഴും അത്ഭുതപ്പെട്ടു. മനുഷ്യർ ഇത്രയൊക്കെ മാറുമോ? മാറിയാലും സ്മിതയും രഘുവും അങ്ങനെ ആയിരുന്നില്ലല്ലോ. 

സുഹൃത്തുക്കൾ എന്നതിനേക്കാൾ നിഷ്കളങ്കമായ സൗഹൃദം പങ്കുവെച്ച ആത്മാക്കൾ. ഒരിക്കലും കാമാർത്തമായി നോക്കുകയോ സംസാരിക്കുകയോ ചെയ്യാതിരുന്ന പ്രണയിതാക്കൾ. ഒരു പ്രേമലേഖനം പോലും എഴുതാതെ ഗാഢമായി പ്രേമിച്ചവർ. ആഴ്ചയിൽ ഒരു ദിവസം നഗരത്തിലെ വൃദ്ധഭവനത്തിൽ സേവനം ചെയ്തു ഒന്നിച്ചു സ്നേഹം പങ്കിട്ടവർ. ഒരാണിനും പെണ്ണിനും പ്രണയിക്കാൻ വയസ്സല്ല എന്നാൽ രണ്ടു പ്രാണനുകൾ തമ്മിലുള്ള സ്നേഹവിനിമയമാണെന്നു സ്ഥാപിച്ചവർ. അന്ധമായ പ്രേമം എന്നതിനേക്കാൾ കൺ‌തുറന്നു ലോകത്തെ നോക്കി പ്രണയിക്കുക എന്ന് വിശ്വസിച്ചവർ. 

ഒരു പക്ഷെ അവനു മടി കാണും. ഭാര്യ കൂടെ ഉള്ളതല്ലേ. തന്നെപോലെ നാവിന് ലൈസെൻസ് ഇല്ലാത്തപോലെ സംസാരിക്കുന്ന ആളല്ലല്ലോ രഘു. പിന്നെ അവൻ എന്തൊക്കെ മാറ്റങ്ങളിലൂടെ സഞ്ചരിച്ചിരുന്നിരിക്കാം എന്നൊരു വിവരവും ഇല്ലല്ലോ. 25 വർഷത്തിൽ തന്റെ ജീവിതത്തിലും എന്തൊക്കെ നടന്നു. കാൽ നൂറ്റാണ്ട് എന്നത് നീണ്ടൊരു കാലഘട്ടം തന്നെ. 

49 വയസ്സിനെ എങ്ങനെ 24 വയസ്സാക്കാം എന്ന് സ്മിത വെറുതെ ഒന്ന് ശ്രമിച്ചു. അവസാനം കണ്ണാടി സത്യം പറഞ്ഞു, വെറുതെ സമയം കളയാതെ ചാമുണ്ടേശ്വരിയുടെ സവിധത്തിൽ എത്തൂ, അപ്പോൾ താനേ ഒരു കന്യകയാവും. 

മിനിമം ഒരു  മണിക്കൂർ ഉണ്ടെങ്കിലേ ചാമുണ്ഡി ഹിൽസ് എത്തൂ. പിന്നെ ക്ഷേത്രം എത്താൻ വീണ്ടും ഒരു മണിക്കൂർ. അങ്ങനെ കണക്കാക്കി സ്മിത 10 മണിക്ക് സ്റ്റാർട്ട് ചെയ്തു. ശിവക്ഷേത്രത്തിന്റെ മുന്നിലുള്ള വലിയ നന്ദിയുടെ പ്രതിമക്ക് അടുത്തുണ്ടാവും എന്നാണു മെസ്സജിൽ. വർക്കിങ് ഡേ ആയതിനാൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. 10 മിനിറ്റ് വൈകി സ്മിത നന്ദിയുടെ അടുത്തെത്തി. 700 പടികൾ കയറിയെങ്കിലും സ്മിതക്ക് എന്നും ഉണ്ടാവുന്ന ക്ഷീണം അനുഭവപ്പെട്ടില്ല. ഒരുപക്ഷേ വയസ്സ് 25 വർഷം കുറഞ്ഞോ?  അടുത്ത് ആരെയും കണ്ടില്ല അവളൊരു ബെഞ്ചിൽ ഇരുന്നു. 

മണി പന്ത്രണ്ടരക്ക് രഘു എത്തി. “സോറി ട്ടോ.. അഞ്ചു സ്ഥലത്ത് ഇരുന്നിട്ടാണ് വന്നത്. ഇത്രയും ടൈറിങ് ആവും എന്ന് നിരീച്ചില്ല. ഒന്നരക്ക് തിരിച്ചുപോണ്ടേ? മോളെ എടുക്കാൻ- നമുക്ക് അര മണിക്കൂർ സംസാരിച്ചിരിക്കാം. എന്നിട്ട് തിരിച്ചറങ്ങാം അല്ലേ?” കിതപ്പിനിടയിലും രഘു ഒറ്റശ്വാസത്തിന് ഇതെല്ലാം പറഞ്ഞു. 

സ്മിത ശ്രദ്ധിക്കുകയായിരുന്നു. രഘുവിന്റെ അതേ കണ്ണുകൾ, ചിരി, ശബ്ദം, ആറടിയോളം ഉയരം— പക്ഷേ വരണ്ട ചുണ്ടുകൾ, മങ്ങിയ കൃഷ്ണമണികൾ, വിളറിയ ചിരി, സംസാരത്തിനിടക്കുള്ള ചുമ, ഇടുങ്ങിയ ചുമലുകൾ, മെലിഞ്ഞു ക്ഷീണിച്ച ശരീരം, തൂവെള്ള കുർത്തയും മുണ്ടും. ആശ്രമത്തിലെ ഒരു ബ്രഹ്മചാരിയെപോലെ—

സ്മിത അവനെ കാണുകയായിരുന്നു-അകക്കണ്ണുകൊണ്ട്. 25 വര്ഷം മുൻപ് ഒരു വിവാഹസമ്മാനവും അതിലൊരു കത്തും വെച്ചുപോയ അതേ യുവാവാണോ ഇത്? ഒരിക്കലുമല്ല! ആ രഘുവേ അല്ലിത്. സ്മിതയുടെ ലൈസൻസ് ഇല്ലാത്ത നാക്ക് ഇറങ്ങിപോയപോലെ. 

“ഹേയ്, സ്മിതാ ജീ.. എന്തെങ്കിലും പറയൂ ന്ന്..” രഘുവിന്റെ ആ ചിരി ഇന്നും മായാതെയുണ്ട്, മാറാതെയുണ്ട്. 

“ഹല്ലോ- നീയെന്താ എന്നെ വിളിച്ചേ, സ്മിതാ ജീ യോ? അത് നിന്റെ കെട്ട്യോളെ വിളിച്ചോ മാക്കാനേ...” സ്മിത സ്ഥലകാലബോധം വന്നപോലെ പൊട്ടിച്ചിരിച്ചു. 

“ഹയ്യോ, ഒരാദരവൊക്കെ വേണ്ടേ, ഒന്നുമല്ലെങ്കിലും രണ്ടുവയസ്സ് മൂത്ത ചേച്ചിയല്ലേ..” രഘുവിന്റെ ചിരി തുടർന്നു. 

“ആണോ അപ്പോൾ നിന്നെ ശ്രീമാൻ പാറപ്പുറത്ത്‌ ഉണ്ണികൃഷ്ണൻ മകൻ രാഘവനുണ്ണി എന്ന് വിളിച്ചാലോ?” സ്മിതയും വിട്ടില്ല. 

“ഹയ്യോ വേണ്ടായേ... മാപ്പാക്കണം! എന്നാലും ഈ— മായാ- എന്നൊക്കെ വിളിക്കാനൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്ട്ടോ..” രഘുവിന്റെ ചിരിയിൽ ഒരു ലജ്ജയുടെ നിറഭേദം. 

“എടാ പഴയ ഉണ്ണിമായ ഓർമയില്ലേ.. നീ ഉണ്ണിയും ഞാൻ മായയും... അത് കണക്കാക്കി ആറാം തമ്പുരാനിലെ മഞ്ജു വാര്യർ ഉണ്ണിമായ— എന്തൊരു കാലായിരുന്നു അത്”! സ്മിതക്ക് ഇപ്പോൾ കുറച്ചു കിതപ്പ് വന്നപോലെ. 

“തന്നെ ഞാൻ മായ എന്ന് വിളിച്ചത് എന്തിനാണെന്നറിയുമോ? തൃശൂരിലെ പ്രീ ഡിഗ്രീ കഴിഞ്ഞു കൊച്ചിയിലെ കോളേജിൽ ഡിഗ്രിക്ക് വന്നപ്പോളും ഞാനൊരു മിണ്ടാപ്രാണിയായിരുന്നു. എല്ലാരോടും പേടി, നാണം, ഇൻട്രോവേർട്ട് എന്നൊരു നാമവും. നീയാണ് എന്നെ മിണ്ടാൻ പഠിപ്പിച്ച അത്ഭുത മായ..” വലിയൊരു രഹസ്യം വെളിപ്പെടുത്തുന്ന പോലെ രഘു. 

“ങും- സ്മിത എന്ന പേരിനേക്കാൾ ഞാൻ പിന്നെ നീ വിളിക്കുന്ന മായയായി മാറി എന്നതാണ് വസ്തുത. പലപ്പോഴും വീട്ടിൽ ഞാൻ സ്മിതേ എന്ന് വിളിക്കുമ്പോൾ വിളി കേൾക്കാതിരുന്നിട്ടുണ്ട്..” സ്മിതക്ക് സംസാരത്തിൽ ആവേശമായി. 

“എന്നെ നീ ഉണ്ണീ എന്നല്ലാതെ വിളിച്ചിട്ടില്ല. ഇന്നും അതുതന്നെ ആണിഷ്ടവും.” രഘുവിന്റെ ദൃഷ്ടി അകലെ അനന്തസീമയായി കാണുന്ന മൈസൂരിന്റെ പ്രകൃതിഭംഗിയിൽ ഉടക്കി. 

“അതൊക്കെ പോട്ടെ, എവിടെ നിന്റെ മിസിസ്സ്, എന്തേ നിന്റെ കോലം ഇങ്ങനെ ഒക്കെ- പറയൂ ഉണ്ണീ..” സ്മിതയുടെ ശബ്ദത്തിൽ ഒരിടർച്ച. 

“പറയാം, അതിനു മുൻപ് എനിക്കൊരു ടാബ്‌ലെറ്റ് കഴിക്കാനുണ്ട്. ഇല്ലെങ്കിൽ ചെലപ്പോ താഴെ ഇറങ്ങാൻ ഹെലികോപ്റ്റർ വേണ്ടിവരും..” രഘു കണ്ണടച്ച് ചിരിച്ചു. കൈയിൽ പിടിച്ചിരുന്ന ബാഗിൽ നിന്നും ഒരു ഗുളികയെടുത്ത് കൈയിൽ കരുതിയിരുന്ന ബിസ്‌ലേരിയിൽ മരുന്ന് കഴിച്ചു. ബാക്കി വെള്ളം അവൻ സ്മിതക്ക് നീട്ടി. അവളത് സന്തോഷപൂർവം സ്വീകരിച്ചു കുടിച്ചു. കാലിക്കുപ്പി വാങ്ങി അവൻ തന്നെ അത് അടുത്തുള്ള ഡസ്റ്റ്ബിന്നിൽ ഇട്ടു. 

ഇതെല്ലാം അവൾ നിരീക്ഷിക്കുകയായിരുന്നു. ഇവൻ ഇപ്പോഴും ആ പഴയ ഉണ്ണിതന്നെ. കാണാൻ മാത്രമേ മാറിയുള്ളൂ. വേറെ ഒരു മാറ്റവുമില്ല, അതേ ചടുലത, ആവേശം, നൈർമല്യം, കുട്ടിത്തം— എല്ലാമെല്ലാം!

“എന്റെ കഥക്ക് മുൻപ് നീ എനിക്കെന്തോ മായാ-സമ്മാനം കൊണ്ടുവരുന്നുണ്ട് എന്ന് പറഞ്ഞില്ലേ.. അത് കാണിക്ക്”- രഘു പണ്ടത്തെ അതേ ഉന്മേഷത്തോടെ സ്മിതയുടെ കൈയിൽ നിന്നും ആ പ്ലാസ്റ്റിക് ബാഗ് വാങ്ങി തുറന്നു. സ്മിത അത് കൊടുക്കാതിരിക്കാൻ ഒരു വൃഥാശ്രമം നടത്തിനോക്കി. 

“ഓഹ്... എനിക്കിഷ്ടമുള്ള ചെക്സ് ല്ലേ... പക്ഷെ സൈസ് വലുതായിപ്പോയല്ലോ മായേ.. ഞാൻ ചെറുതായി. ജീവിതം എന്റെ വലിപ്പം കുറച്ചു മായേ!” രഘു ചെറുതായൊന്ന് ചുമച്ചു. “പിന്നെ ഇതെന്താ സാരിയോ, ആർക്ക്? അമ്മ വോയിൽ സാരിയൊന്നും ഉടുക്കാറില്ല. അവരിപ്പഴും വേഷ്‌ട്ടീം മുണ്ടും തന്നേ”!

“അപ്പൊ ഉണ്ണീടെ വൈഫ്?” സ്മിതയുടെ ശബ്ദം ഇടറി. 

“കല്യാണം കഴിച്ചാലല്ലേ വൈഫ് ഉണ്ടാവൂ. എന്റെ ഡിഗ്രി ഫൈനൽ ഇയർ പരീക്ഷ കഴിഞ്ഞതും അടുത്താഴ്ച ആണല്ലോ നിന്റെ വിവാഹം നടന്നത്.. അതിനു ശേഷം രണ്ടുവർഷം പി ജി ഡി സി എ ചെയ്തു. പിന്നെ നേരെ ബാംഗ്ലൂർ. ഐ ടി ബൂം ആയിരുന്നല്ലോ അന്നെല്ലാം. ആറുവർഷത്തിനു ശേഷം മൂന്നാമത്തെ കമ്പനിയുടെ ഓഫറിൽ അമേരിക്കയിലേക്ക്. പത്തു വർഷം സിയാറ്റിൽ നഗരത്തിൽ- ആൾക്കൂട്ടത്തിൽ തനിയേ...”  രഘുവിന് ചെറുതായി കിതപ്പ്. 

“എന്തേ കല്യാണം കഴിച്ചില്ലാ?” സ്മിതയുടെ താഴ്ന്ന ശബ്ദം. 

“എനിക്കെന്റെ മായയാക്കാൻ പറ്റിയ പെൺകുട്ടിയെ കിട്ടീല്യാന്ന് വെച്ചോ... ഞാൻ നിനക്ക് തന്ന ഒരേയൊരു ലെറ്ററിൽ ഞാൻ എഴുതിയല്ലോ- 

നിന്റെ സ്നേഹം പിടിച്ചു വാങ്ങാം എന്ന വൃഥാ ചിന്തയും എനിക്കില്ല ഇപ്പോൾ .. അങ്ങനെ വിശ്വസിക്കാൻ നീയെന്നെ പഠിപ്പിച്ചു.

എന്നാലും ഹൃദയത്തിന്റെ എല്ലാ അറകളിലും എന്റെ മായയുടെ അണയാത്ത ജ്വാലകൾ എന്നുമുണ്ടാവും...” രഘു ഒന്ന് നിർത്തി. 

“ഉണ്ണീ നിന്റെ അടുത്ത വരികൾ എനിക്കോർമ്മയുണ്ട്, ഒരിക്കലും മറക്കില്ല. ആദ്യരാത്രിയിൽ ആനന്ദ് തന്നെ അത് എന്നെ വായിച്ചു കേൾപ്പിച്ചു-

പലപ്പോഴായി കണ്ടമാനം സംസാരിച്ചെങ്കിലും നമ്മുടെ ബന്ധത്തിന് ഒരു ക്ലാരിറ്റി വരുത്താൻ രണ്ടുപേർക്കും ആയില്ല അന്നൊരു നിർഭാഗ്യകരമായ അവസ്ഥ ഞാൻ കാണുന്നു. 

ഞാൻ ഇന്നലെ പറഞ്ഞതെല്ലാം തെറ്റാണെന്നു തോന്നുന്നു. മായ കാണുന്ന ബന്ധം വെറുമൊരു സൗഹൃദം ആണ്. ഞാനാണ് അതിനു വേറൊരു തലം കൊടുക്കുന്നത്, അത് ശരിയുമല്ല. ഇനി മുതൽ അങ്ങനെയുണ്ടാവില്ല- സോറി ഫോർ ഓൾ ട്രബിൾ.

നമ്മൾ തമ്മിൽ പ്രണയം എന്നൊരു ഭാവം വരും എന്ന് എനിക്കെങ്ങനെ സങ്കല്പിക്കാൻ തോന്നി എന്നാണു ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്- അതൊരു വലിയ തെറ്റായിരുന്നു. മായയുടെ എല്ലാ ചുറ്റുപാടുകളും അറിഞ്ഞിട്ടുപോലും എന്റെ മനസ്സ് ഇങ്ങനെയൊക്കെ ചിന്തിച്ചല്ലോ! എല്ലാറ്റിനും ക്ഷമ ചോദിക്കുന്നു- 

തമോഗുണത്തെ കുറിച്ച് എഴുതുകയും അങ്ങനെ തന്നെ പ്രവർത്തിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ഇൻഡയറക്ട് ആയിട്ടാണെങ്കിലും എനിക്ക് മനസ്സിലാക്കിപ്പിച്ചതിനു എന്റെ എന്നത്തേയും നല്ല സുഹൃത്തായ മായയ്ക്ക് നന്ദി- സ്വന്തം ഉണ്ണി..” 

“ഹയ്യോ- മായക്ക് ഇതൊക്കെ ഇത്രയും ഓർമ്മയുണ്ടോ? ആ സമയത്തെ ഓരോ വട്ട്, അല്ലാതെന്താ? ഛേ- ആനന്ദ് സാർ എന്ത് കരുതിക്കാണും..”! രഘുവിനൊരു ജാള്യത. 

“ആനന്ദിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. നീ തന്ന സ്കൈ ബ്ലൂ ഷർട്ട് നല്ലോണം ഇഷ്ടായി. 40 സൈസ് അദ്ദേഹത്തിന് നല്ല ഫിറ്റ് ആയിരുന്നു. ഒരു പാട് കാലം അതിട്ട് നടന്നു..” സ്മിത സ്മരണകളിൽ സഞ്ചരിച്ചു. 

“സിയാറ്റിലിലെ പത്തുവർഷം തീർന്നതിന്റെ ആഘോഷത്തിനിടക്കാണ്‌ ഞാൻ ബോധം കെട്ടു വീണത്. പിന്നെ അനവധി ടെസ്റ്റുകൾ, മരുന്നുകൾ, സ്കാനുകൾ, ഇൻഷുറൻസ്, അങ്ങനെ രണ്ടുമാസങ്ങൾ. അവസാനം പാൻക്രിയാസ് ക്യാൻസർ എന്ന് തീർപ്പാക്കി അവർ”. രഘു പതിഞ്ഞ ശബ്ദത്തിൽ ...

“കിമോ തെറപ്പി ആണ് എനിക്ക് വിധിച്ചത്. അതിനേക്കാളും എന്നെ അലട്ടിയത് ഡയബറ്റിക് ഡിസോർഡേഴ്സ് ആയിരുന്നു. പതുക്കെ രോഗം എന്റെ ശരീരത്തെയും മനസ്സിനെയും തളർത്തി. ഞാൻ നാട്ടിലേക്ക് പോന്നു. ഇപ്പോൾ വയസ്സായ എന്റെ അമ്മയുടെയും അച്ഛന്റെയും വാത്സല്യനിധിയായി കഴിയുന്നു. രണ്ടുപ്രാവശ്യം റേക്കർ ചെയ്തു, ഇനി വരില്ലെന്നാണ് ശുഭപ്രതീക്ഷ..” രഘു പറയുന്നത് മിഴി ചിമ്മാതെ സ്മിത കേട്ടിരുന്നു. 

“അങ്ങനെ എന്റെ ഷർട്ട് സൈസ് 40 ആയീ മായേ... നീയെന്നോടൊന്നു സൂചിപ്പിച്ചിരുന്നെങ്കിൽ 44 സൈസ് ഞാൻ വേണ്ടാന്ന് പറയുമായിരുന്നു. ങ്ഹാ പോട്ടെ- നീ അത് മാറ്റിയെടുത്ത് ആനന്ദ് സാറിനു കൊടുത്തോ... സാരി നീ തന്നെ ഉടുത്തോ.. സാറിനു ഇഷ്ടാവും ല്ലേ!” രഘുവിന്റെ വരണ്ട ചിരി. 

“അതുപോട്ടെ, ഞാൻ കൊണ്ടുവന്നത് കണ്ടോ? നിനക്കും മോൾക്കും ഇത്തിരി സ്വിസ് ചോക്കലേറ്റ്സ് പിന്നെ ആനന്ദ് സാറിന് 40 സൈസ് സ്കൈ ബ്ലൂ ഷർട്ട്— ഠൻട്ടഡൈൻ...” തന്റെ കൈയിലുള്ള കവർ തുറന്ന് കാണിച്ചു. ആ ഷർട്ട് കൈയിലെടുത്തു സ്മിത അതിന്റെ പുതുമണം ഉള്ളിലേക്കെടുത്തു. 

“ഉണ്ണീ- ഇത് നീ തന്നെയെടുത്തോ.. അദ്ദേഹത്തിന് ഇതിന്റെ ആവശ്യമില്ല.” 

“ഓഹ്.. പുള്ളിക്കാരൻ തടിച്ചുകാണും ല്ലേ.. കുഴപ്പമില്ല അവർക്ക് ഇവിടെയും ഷോപ്പുണ്ട്, രഘു'സ് വസ്ത്രാലയ- അവിടെ മാറ്റിത്തരും..” 

“ഉണ്ണീ, ആനന്ദ് ഈസ് നോ മോർ.. വിവാഹം കഴിഞ്ഞു രണ്ടു വർഷമേ ആയിരുന്നുള്ളൂ. ബൈക്ക് ആക്സിഡന്റ് ആയിരുന്നു!” 

“ഓ മൈ ഗോഡ്.. അപ്പോൾ മോൾ?” രഘു ഞെട്ടിത്തരിച്ചുപോയിരുന്നു.

“എല്ലാരും നിർബന്ധിച്ചപ്പോൾ ഞാൻ മാധവ്ജി യെ വിവാഹം ചെയ്തു. ഞങ്ങൾ ഐ വി എഫ് ചെയ്താണ് ഗീതുമോൾ ഉണ്ടായത്. അദ്ദേഹം ആർമി ക്യാപ്റ്റൻ ആയിരുന്നു. ഇപ്പോൾ ഹോമിയോ ക്ലിനിക് ഉണ്ട്, പിന്നെ ഒരു ആയുർവേദിക് ഫാർമസി ഉണ്ട്. അങ്ങനെ പോണു ഉണ്ണീ.. ഞാൻ തീർത്തും ഒറ്റക്കായിപോയ അഞ്ചു വർഷങ്ങൾ നരകതുല്യം തന്നെ ആയിരുന്നു. ഓർക്കാറേയില്ല ഇപ്പോൾ..”— 

“അപ്പോ നീ വാങ്ങിയ 40 സൈസ് ഷർട്ട് മാധവ്ജിക്ക് പറ്റില്ല. അത് നിനക്ക് പറ്റുമെന്ന് തോന്നുന്നു. ഞാൻ വാങ്ങിയ 44 സൈസ് മാധവ്ജിക്ക് ഫിറ്റ് ആവും. വോയിൽ സാരി ഞാനും ഉടുക്കാം. എല്ലാം ശുഭം ല്ലേ ഉണ്ണ്യേ?” 

“ശിവനെ തൊഴുത് ദേവീയെം നമസ്കരിച്ചു നമുക്ക് പടികൾ ഇറങ്ങിയാലോ മായേ... ഗീതുമോളെ എടുക്കണ്ടേ? എന്നെ ഒന്ന് റെയിൽവേ സ്റ്റേഷൻ ഡ്രോപ്പ് ചെയ്യൂ. നാലരക്കൊരു വണ്ടിയുണ്ട് ബാംഗ്ലൂർക്ക്. മായ പറഞ്ഞപോലെ എല്ലാം ശുഭം!”

 “ജീവിതത്തെ അളക്കാൻ പറ്റുന്നില്ല ഉണ്ണീ.. അത് ദൈവം അളന്നുതൂക്കി തന്നുവിട്ടതാണ്. ജീവിച്ചു തീർത്താൽ മതി”— ഉണ്ണിയെ ഡ്രോപ്പ് ചെയ്തു തിരിച്ചു മൈസൂരിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ സ്മിതക്ക് മനസ്സിൻറെ ഭാരം കുറഞ്ഞ പോലെ തോന്നി. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഇവിടെ ഉപസംഹരിക്കുമ്പോൾ വേറെയൊരു കഥയാണ് എനിക്കോർമ്മ വരുന്നത്. ജീവിതം എന്ന അത്ഭുതം എന്ന പുസ്തകത്തിൽ ഡോ. വി പി ഗംഗാധരൻ പറയുന്നൊരു ജീവിതകഥ— കത്തിയമർന്ന കൊന്നമരം.  

അതോടൊപ്പം എന്നും മനസ്സിൽ ദീപ്തമായികിടക്കുന്ന ഒരു പളുങ്കുപോലത്തെ ആത്മാവും: അകാലത്തിൽ പൊലിഞ്ഞുപോയ താരം, ജിഷ്ണു രാഘവൻ. 
___________________________________________

എന്റെ റെഫറൻസുകൾ: 
1. ഒഫീഷ്യൽബാൻഡ്ഷേർട്സ്.കോം 
2. ഇൻഡ്യമാർട്ട്.കോം 
3. സ്റ്റാറോഫ്‌മൈസൂർ.കോം 
4. വിക്കിപീഡിയ
5. സിയാറ്റിൽബിസിനസ്മാഗ്.കോം 
6. കൽച്ചർട്രിപ്.കോം 

Comments

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം