ലേഖനം | കർക്കിടകം ~ രാമായണമാസം

ശ്രീരാമാ ജയരാമാ ~ ജയജയ രാമാ

രാമായണ മാസത്തിന്റെ പ്രാധാന്യം

രാമായണ മാസ കാലയളവ് മലയാളികൾക്ക് പ്രത്യേകിച്ചും ഹിന്ദുക്കൾക്ക് വിശുദ്ധമാണ്. മഹർഷി  വാൽമീകി എഴുതിയ സംസ്‌കൃത ഇതിഹാസമാണ് രാമായണം. ഇത് മലയാള ഭാഷയിൽ വിവർത്തനം ചെയ്തത് തുഞ്ചത്ത് എഴുത്തച്ഛൻ ആണ്. ഇത് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എന്നറിയപ്പെടുന്നു.


ഈ ഭക്തി സാന്ദ്രവും കാവ്യാത്മകവും ആയിട്ടുള്ള മലയാള പതിപ്പാണ് രാമായണ മാസത്തിൽ വായിക്കുന്നത്. കേരളത്തിലെ ആത്മീയതയുടെയും ഭക്തിയുടെയും കാലമാണ് കർക്കിടകം. എന്നിരുന്നാലും മലയാള പഞ്ചാംഗം അനുസരിച്ച്, ഈ കാലയളവിൽ ശുഭപ്രവൃത്തികളും പുതിയ സംരംഭങ്ങളും പൊതുവെ ആരംഭിക്കാറില്ല. 

മലയാള കലണ്ടറിൽ കർക്കിടക മാസത്തിലാണ്  തെക്കുപടിഞ്ഞാറൻ മൺസൂൺ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത്. കനത്ത മഴ തുടർന്നുപെയ്യുന്നതിനാൽ കർക്കിടകം “പഞ്ഞമാസം” അഥവാ ക്ഷാമത്തിന്റെ കാലഘട്ടം എന്നും അറിയപ്പെടുന്നു. 


പാടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നതിനാൽ    ആളുകൾക്ക് കൂടുതൽ ജോലിയൊന്നുമില്ലാതെ, കഴിഞ്ഞ വിളവെടുപ്പ് കാലത്തിൽ സംഭരിച്ച ധാന്യത്തിന്റെ പത്തായങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു. കനത്ത മഴയെത്തുടർന്ന് ജനങ്ങൾക്ക്  ഉപജീവനത്തിനായി വീടുകളിൽ നിന്ന് പുറത്തുപോകാൻ കഴിയാറില്ല. അതിനാൽ പ്രകൃതിയുടെ ക്രോധം ലഘൂകരിക്കാനും മനസ്സുകളിൽ ഭക്തി സാന്ദ്രത നിലനിർത്താനും ആളുകൾ രാമായണം വായിക്കാൻ തുടങ്ങി.

ആചാരങ്ങൾ 

ഈ കാലയളവിൽ രാമായണ മാസത്തിന്റെ ആചാരങ്ങളും രാമായണം വായിക്കുന്നതും അതീവ ശ്രദ്ധയോടെയും ഭക്തിയോടെയും നടത്തണം. ഈ പുണ്യ സമ്പ്രദായം ആചരിക്കുന്ന കുടുംബങ്ങൾ കർക്കിടകം മാസം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പെങ്കിലും വീടും ചുറ്റുപാടും വൃത്തിയാക്കണം. കുടുംബാംഗങ്ങൾ മാസം മുഴുവനും കർശനമായ വെജിറ്റേറിയൻ ഭക്ഷണക്രമം സ്വീകരിക്കണം. 

ഇത് പൂർണ്ണ ബ്രഹ്മചര്യത്തിന്റെ കാലഘട്ടമായിരിക്കണം, മാത്രമല്ല അത്തരം ചിന്തകൾ പോലും നിങ്ങളുടെ മനസ്സിനെ അപകീർത്തിപ്പെടുത്താൻ അനുവദിക്കരുത്. പരദൂഷണം, പകൽ ഉറക്കം, പരിഹാസം, അക്രമം, അഹംഭാവം എന്നിവ പൂർണ്ണമായും ഉപേക്ഷിക്കണം എന്നാണ് വ്യവസ്ഥ. 


കർക്കിടകത്തിന്റെ ആദ്യ ദിവസം മുതൽ, എല്ലാ ദിവസവും വീട്ടിലെ എല്ലാ അംഗങ്ങളും സൂര്യാസ്തമയത്തിനുശേഷം ഒത്തുകൂടുന്നു. സായാഹ്ന വിളക്ക് കത്തിച്ച ശേഷം അവർ ‘നിലവിളക്ക്’ അഥവാ പരമ്പരാഗത മലയാളദീപത്തിനു സമീപം ഇരുന്നു ‘അദ്ധ്യാത്മ രാമായണം’ പാരായണം ചെയ്യുന്നു. കർക്കിടകം മാസത്തിന്റെ അവസാന ദിവസം തീരുന്ന രീതിയിലാണ് രാമായണത്തിന്റെ വായന ക്രമീകരണം ചെയ്യുന്നത്.

വീടുകളിൽ കർക്കിടകം മാസത്തിൽ രാമായണം വായിക്കുന്ന രീതി കൂടാതെ (ഇത് ഇപ്പോൾ അപൂർവമാണ്), ഈ ഇതിഹാസം പാരായണം ചെയ്യുന്നത് മഹാവിഷ്ണു ക്ഷേത്രങ്ങളിലാണ്. നിരവധി മത-ആത്മീയ സംഘടനകൾ ഈ മാസത്തിൽ രാമായണത്തെ അടിസ്ഥാനമാക്കി നാടകങ്ങൾ, പൊതു ചടങ്ങുകൾ, പാരായണം, പ്രശ്നോത്തരി എന്നിവ നടത്തുന്നു. ഭക്തർ ഈ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നു.


കർക്കിടകം മാസത്തിലെ അമാവാസി നാൾ (കർക്കിടകവാവ്‌) പൂർവ്വികർക്കായി സമർപ്പിച്ചിരിക്കുന്നു. മരണമടഞ്ഞ കുടുംബാംഗങ്ങളുടെ ആത്മശാന്തി നേടുന്നതിനായി ഈ ദിവസം ഭക്തർ; പുഴകൾ, അഥവാ ജലാശയങ്ങളോട് ചേർന്ന് പ്രത്യേക ആചാരങ്ങൾ നടത്തുന്നു. ഈ ആചാരപരമായ ആദരാഞ്ജലി നടത്തുന്നത് കുടുംബത്തിലെ പുരുഷ അംഗമാണ്.

രാമായണ മാസത്തിൽ ഭക്തർ; കോട്ടയം, തൃശ്ശൂർ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് ആരാധനാ മൂർത്തികളുടെ ക്ഷേത്രങ്ങളിലേക്കും തീർത്ഥാടനം നടത്തുന്നു. ഈ ആചാരം ‘നാലമ്പലദർശനം’ എന്നറിയപ്പെടുന്നു.

കേരളത്തിൽ അഞ്ചോളം ഗണത്തിൽ നാലമ്പലങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഗണങ്ങളിൽ ഏറ്റവും പ്രധാനമായത്; തൃശ്ശൂർ, എറണാകുളം ജില്ലകളിൽ സ്ഥിതി ചെയ്യുന്ന നാല് ക്ഷേത്രങ്ങളായ തൃപ്രയാർ  ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്.

കർക്കിടവും ആയുർവേദവും 

ആയുർവേദം അനുസരിച്ച്, മലയാള മാസമായ കർക്കിടകത്തിൽ മനുഷ്യശരീരം ഏറ്റവും ദുർബലമായ നിലയിലായിരിക്കുകയും രോഗങ്ങൾക്കും അണുബാധകൾക്കും ഇരയാകുകയും ചെയ്യുന്ന മാസമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ, ദോഷങ്ങൾ മൂലം മനുഷ്യശരീരം ഉയർന്ന അളവിൽ വിഷവസ്തുക്കൾ ശേഖരിക്കപ്പെടുന്നുവെന്നു കണക്കാക്കപ്പെടുന്നു. അതിനാൽ, ഈ കാലയളവ് പ്രതിരോധ ചികിത്സയ്ക്കും പുനരുജ്ജീവന ചികിത്സയ്ക്കും അനുയോജ്യമാണെന്ന് പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. കർക്കിടക ചികിത്സക്ക്  വിധേയരായ വ്യക്തികൾക്ക് അവരുടെ ശരീരവും മനസ്സും സ്ഥിരതയാർന്ന പ്രകടന തലത്തിൽ നിലനിർത്താൻ കഴിയും എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. 

ആയുർവേദത്തിലെ ശോധന ചികിത്സയുടെ പ്രധാന ഭാഗവും പ്രധാന ലക്ഷ്യവും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുക എന്നതാണ്. സംസ്കൃതപദമായ ‘പഞ്ചകർമ’ രണ്ട് പദങ്ങളാൽ നിർമ്മിതമായതാണ്. പഞ്ച, അതായത് “അഞ്ച്” എന്നർത്ഥം. കർമ്മം എന്നാൽ “ചികിത്സ അഥവാ പ്രതിവിധി” എന്നു പറയുന്നു. 

ശരീരത്തിന് പ്രകൃത്യാ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള അഞ്ച് രീതികളുടെ ഒരു സംയോജനമാണിത്. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സകൾ ഉൾപ്പെടുന്നതാണ് പഞ്ചകർമ്മ. പിരിമുറുക്കം പരിഹരിക്കാനും ശാരീരികമായ വേദനകൾ ഒഴിവാക്കാനും പഞ്ചകർമ്മ നിങ്ങളെ സഹായിക്കും. ഇത് ശരീരത്തിലെ കോശങ്ങളിലേക്ക് ആഴത്തിൽ തുളച്ചുകയറുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും ആത്യന്തികമായി പുനരുജ്ജീവിപ്പിക്കാൻ ഇത് സഹായിക്കും.

കർക്കിടക ചികിത്സയുടെ ഭാഗമായി തയ്യാറാക്കുന്ന ഔഷധക്കഞ്ഞി; ഇരുപതോളം പച്ചമരുന്നുകളാൽ ശക്തിയേറിയ ഒരു ഔഷധാഹാരമാണ്. ശരീരത്തിലെ വിഷാംശം പാടെ ഇല്ലാതാക്കാനുള്ള ഒരു പ്രധാനപ്പെട്ട ചികിത്സ തന്നെയാണ് ഈ “കർക്കിടകക്കഞ്ഞി.”

തുഞ്ചത്ത് എഴുത്തച്ഛൻ—ദർശനം 

രാമായണമാസം തുടങ്ങുമ്പോൾ എന്തെങ്കിലും കുറിക്കണം അഥവാ വായിക്കാൻ അന്വേഷിക്കണം എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് യാദൃശ്ചികമായി എന്റെ പ്രിയ സുഹൃത്ത് അനീഷ് ഒരു വീഡിയോ വാട്സാപ്പിൽ ഷെയർ ചെയ്തത്- മണ്മറഞ്ഞ സന്യാസശ്രേഷ്ഠൻ ശ്രീ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്; അദ്ദേഹത്തിന്റെ ഒരു സംഭാഷണം ആണത്. 

അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലൂടെ മഹാനായ തുഞ്ചത്ത് എഴുത്തച്ഛൻ ഒരു ഭാവഗാനാത്മകവിസ്ഫോടനം ആണ് നടത്തിയിരിക്കുന്നത് എന്ന് സ്വാമി പറഞ്ഞിരിക്കുന്നു. സ്വാമിയുടെ മുഴുവൻ സാരാംശവും പറയാനുള്ള അറിവില്ലാത്തതിനാൽ ആ വീഡിയോ ഇവിടെ ഷെയർ ചെയ്യുന്നു. ഓരോരുത്തരുടെയും ഭാവനിലകളുടെ സ്ഥിതിയനുസരിച്ചു സ്വാമി എഴുത്തച്ഛനെ കുറിച്ച് വാചാലമാകുന്ന ആ നിമിഷങ്ങളെ ഭാവമായി സ്വീകരിച്ചു തത്വമായി പ്രതിഫലിപ്പിക്കുമല്ലോ— 


_________________________________________

എന്റെ റെഫെറെൻസുകൾ താഴെ കൊടുത്തിരിക്കുന്നു:-
  • പ്രോകേരള.കോം 
  • വിക്കിപീഡിയ 
  • അമൃതപുരി.ഓർഗ്
  • ഇട്ടൂഴിആയുർവേദാ.ഇൻ 
  • മലയാളം.സമയം.കോം 




Comments

  1. Thank you so much for explaining and keeping the traditions relevant and fresh...

    ReplyDelete
  2. Replies
    1. Thanks a lot Pradeep ji -

      Delete
  3. Very informative..Thank u 😊

    ReplyDelete
  4. Good write up & informative. Keep writing 😊👍

    ReplyDelete

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം