ആദരാഞ്ജലി | ചന്ദ്രേട്ടൻ ~ സാനഡു

ആദരാഞ്ജലി > 

ചന്ദ്രേട്ടൻ__സാനഡു


ഇന്ന് രാവിലെ ഉറക്കം വിട്ട് എണീറ്റതും കണ്ട വാട്സാപ്പ് സന്ദേശം അതീവ ദുഃഖകരം ആയിരുന്നു. അകത്തേത്തറയിലെ ചന്ദ്രേട്ടന്റെ മരണവാർത്ത. അദ്ദേഹം കുറച്ചുമാസങ്ങളായി കരളിന് അസുഖം ബാധിച്ചു ചികിത്സയിൽ ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഈ വേർപാട് അദ്ദേഹത്തിന്റെ കുടംബത്തിനു താങ്ങാനുള്ള കഴിവ് ദൈവം അവർക്കു കൊടുക്കാനും ചന്ദ്രേട്ടന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാനും പ്രാർത്ഥിക്കുന്നു. 

അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് എൺപതുകളുടെ അവസാനത്തോടെ ആണ്_ചന്ദ്രേട്ടൻ, എന്ന് ഒരു നാട് ഒന്നാകെ സ്നേഹത്തോടെ വിളിക്കുന്ന ബാലചന്ദ്രൻ_ കാറ്ററിംഗ് എന്ന പണിയുമായി വരുന്നത്. പിന്നീട് കോളേജ് കാന്റീൻ നടത്തിയിരുന്നു. അതിനു ശേഷമാണ് "സാനഡു" എന്ന പേരിൽ ഒരു റെസ്റ്റോറന്റ് കോളേജിന് സമീപം തുറക്കുന്നത്. സ്വന്തം മരുമക്കളെയും പരിചയത്തിലുള്ള ആൾക്കാരെയും വെച്ച് ചന്ദ്രേട്ടൻ വളരെ നല്ല തോതിൽ തന്നെ ആ സ്ഥാപനം നടത്തിക്കൊണ്ടുപോയിരുന്നു.

ഞാൻ ചന്ദ്രേട്ടനെ കാണുന്നത് 1992 ൽ ഓഗസ്റ്റ് മാസത്തിൽ കോളേജിൽ ചേർന്ന സമയത്തു തന്നെയാണ്. പുറത്തെ പ്രൈവറ്റ് ഹോസ്റ്റലിൽ ആണ് താമസം എന്നതിനാൽ ഭക്ഷണം ഹോട്ടൽ തന്നെ ശരണം. വാസുപിള്ളയുടെ കടയിലേക്കുള്ള ദൂരം അധികമായതുകൊണ്ട് കൂടുതലും സാനഡു തന്നെയാണ് എന്റെ നാലു വർഷത്തെ ഭക്ഷണ സ്ഥലം.

ഒരു ഹോട്ടൽ ഓണർ അഥവാ കാന്റീൻ നടത്തിപ്പുകാരൻ എന്ന നിലയെക്കാൾ ചന്ദ്രേട്ടൻ നല്ലൊരു സുഹൃത്ത് എന്ന നിലയിലേക്ക് നടന്നു വന്നത് വളരെ പെട്ടെന്നായിരുന്നു. തന്റെ തടിച്ച ആരോഗ്യമാർന്ന ശരീരത്തിനുള്ളിൽ അതിരറ്റ സ്നേഹമുള്ള ഒരു ജ്യേഷ്ഠന്റെ ഭാവം എന്നും എന്നോട് അദ്ദേഹം കാണിച്ചിരുന്നു. കുറച്ചു വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ വിവാഹത്തിനും പങ്കു ചേരാൻ ഉള്ള ഭാഗ്യം ഞങ്ങളുടെ ബാച്ചിന് ലഭിച്ചു. നല്ലൊരു കുടുംബസ്ഥനായി ചന്ദ്രേട്ടൻ ജീവിതം നയിക്കുന്നത് വളരെ അടുത്തുനിന്നു ഞങ്ങൾ കണ്ടിട്ടുണ്ട്. 

സ്വതസിദ്ധമായ ചിരിയോടെ എന്നും എപ്പോഴും അഭിമുഖീകരിക്കുന്ന ചന്ദ്രേട്ടൻ നല്ലൊരു ലീഡർ ആയിരുന്നു. അദ്ദേഹത്തിന്റെ വലിയ ശരീരം പോലെ തന്നെ മനസ്സും വളരെ വിശാലമായിരുന്നു. ബിസിനസ് കാര്യങ്ങളിൽ പലപ്പോഴും വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ വേഗം തന്നെ തരണം ചെയ്യാനുള്ള ശേഷി അദ്ദേഹത്തിൽ ഉണ്ടായിരുന്നു. 

സാനഡുവിൽ പോയ ആദ്യ ദിവസം തന്നെ ആലോചിച്ച ഒരു കാര്യമാണ് എന്താണ് ഈ സാനഡു (Xanadu) എന്ന പേരിനർത്ഥം എന്നത്. കുറെ ചങ്ങാതിമാരോട് ചോദിച്ചെങ്കിലും അവർക്കൊന്നും അതറിഞ്ഞുകൂടാ. പക്ഷെ അവർക്കൊന്നും അതറിയണം എന്ന ആഗ്രഹവും ഇല്ലായിരുന്നു എന്നെനിക്ക് തോന്നി. 

അന്നത്തെ ( 1992 - 96 ) കാലത്ത് ഇന്നത്തെ പോലെ ഗൂഗിൾ, വിക്കിപീഡിയ എന്നുള്ളതൊന്നും ഇല്ലാത്തതുകൊണ്ട് ആ സംശയം മാറാതെ കിടന്നു. പിന്നീടെപ്പോഴോ അത് പ്രശസ്തമായ മാന്ത്രിക കാർട്ടൂൺ കഥാപാത്രം മാൻഡ്രേക് സംബന്ധമായ എന്തോ ആണെന്നു ആരോ പറഞ്ഞതായി എനിക്ക് ഓർമ്മ വന്നത്. ഒരിക്കലും അതിനെ പറ്റി ചന്ദ്രേട്ടനോട് തന്നെ ചോദിക്കാൻ എന്തെ വിട്ടുപോയത് എന്നാണ് ഈ അവസരത്തിൽ എന്റെ മനസ്സിൽ പൊന്തിവന്ന ചിന്തയുടെ ചീന്ത്.  

ന്യൂ യോർക്ക് സ്റ്റേറ്റിലെ ഒരു മലയുടെ മുകളിൽ ഉള്ള ഒരു ഹൈ-ടെക് കൊട്ടാരത്തിലാണ് മാന്ത്രിക കഥാപാത്രം മാൻഡ്രേക് താമസിക്കുന്നത്. ആ ഭവനത്തിന്റെ പേരാണ് സാനഡു. 

വേറെ ഒരു കഥയിൽ പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ നേതാവാവായിരുന്ന കുബ്ലായി ഖാന്റെ യുവാൻ സാമ്രാജ്യത്തിന്റെ വേനൽക്കാല തലസ്ഥാനം, ആഡംബരത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഒരു രൂപകമായിരുന്നു. ഈ പുരാണ സ്ഥലത്തിന് ഷാങ്ഡു അഥവാ സാനഡു എന്ന പേരുവന്നു.

"മികച്ചതോ മനോഹരമോ ആയ സൗന്ദര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും അനുയോജ്യമായ സ്ഥലം" എന്നാണ് സാനഡു എന്ന വാക്കിന്റെ സാമാന്യാർത്ഥം. ചന്ദ്രേട്ടൻ എന്തർത്ഥത്തിലാണ് തന്റെ സ്ഥാപനത്തിന് പേരിട്ടതെങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തിൽ എപ്പോഴും സ്നേഹസമൃദ്ധിയുടെ സൗന്ദര്യവും ഗാംഭീര്യവും എന്നും എനിക്ക് ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്.  

അന്നം തന്നവരെ മനുഷ്യന് ഒരിക്കലും മറക്കാൻ കഴിയില്ല എന്നൊരു വിശ്വാസമുണ്ട്. ചന്ദ്രേട്ടന്റെ കാര്യത്തിൽ പതിനായിരക്കണക്കിന് ആൾക്കാർക്ക് തോന്നുന്ന ഒരു നിശ്ചയമായ കാര്യമായി, ചന്ദ്രേട്ടന്റെ ആത്‌മാവ്‌ നമ്മോട് വേർപിരിഞ്ഞ ഈ നിമിഷങ്ങളിൽ, എനിക്ക്  പറയാനാകും__ 

ഓം ശാന്തി_

ആദരപൂർവ്വം 
മനു എം പി, മസ്കറ്റ് 

Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം