ലേഖനം | ആരെയും വേദനിപ്പിക്കാതെ ~
ആരെയും വേദനിപ്പിക്കാതെ
ഒരു വണ്ട് താമരപ്പൂവിൽ തേൻ തേടിയെത്തി. തേൻ നുകരുന്നതിനിടക്ക് നേരം സന്ധ്യയായി. സൂര്യൻ മറഞ്ഞാൽപിന്നെ താമരക്ക് വിടർന്നു നിൽക്കാനാവില്ല. വണ്ട് താമരപ്പൂവിന്നകത്തായി.
താമര വണ്ടിനോട് പറഞ്ഞു: "നാളെ പ്രഭാതത്തിലേ എനിക്കിനി വിരിയാനാകൂ. നീ വെറുതേ സമയം കളയേണ്ട. എന്റെ ഇതളുകളെ മുറിവേൽപ്പിച്ചാണെങ്കിലും പോയ്ക്കോള്ളൂ".
ഇത് കേട്ട് വണ്ട് സ്നേഹപൂർവ്വം പറഞ്ഞു: "നിന്നെ വേദനിപ്പിച്ചൊന്നും എനിക്കെവിടേക്കും പോവേണ്ട. നാളെപ്രഭാതത്തിൽ നിന്റെ ഇതളുകൾ വിരിയുമ്പോൾ നിന്നെ വേദനിപ്പിക്കാതെ തന്നെ എനിക്ക് പറന്നു പോകാമല്ലോ?"
വേറൊരാളെയും വേദനിപ്പിക്കാതെ കടന്നുപോകുന്ന ദിനങ്ങളുടെയും ആത്മാക്കളുടെയും സുകൃതം ജീവിതാന്ത്യംവരേയ്ക്കും കൂട്ടുണ്ടാകും__
ഇവിടെ തേൻ നിറച്ചു വണ്ടിനെ കാത്തിരിക്കുന്ന താമരയും താമരയുടെ തേൻ നുകർന്ന് മതിമറന്നുപോയ വണ്ടുംസ്‌ഫുടംചെയ്‌ത ആത്മാക്കളാണ് എന്നാണെന്റെ അഭിപ്രായം (റിഫൈൻഡ് സൗൾസ്)-
കാരണം തന്റെ മടിത്തട്ടിൽ മതിമറന്നുറങ്ങുന്ന വണ്ടിനെ ഒരു കാരാഗൃഹം കണക്കെ തന്റെ കൂമ്പിയദളങ്ങൾക്കിടയിൽ തളച്ചിടാനുള്ള വിഷമം പേറുന്ന താമരയും അങ്ങനെ സമയബന്ധിതമായ ഒരു തടവറ സ്വയംഉണ്ടാക്കുന്ന താമരയെ ഉപേക്ഷിച്ചുപോവാൻ തയ്യാറാവാത്ത വണ്ടും എന്റെ വീക്ഷണത്തിൽ സൗൾമേറ്റ്സ് ആണ്-
ഉദാത്തമായ പ്രണയത്തിന്റെ ഔന്നത്യത്തിൽ നിലകൊള്ളുന്ന നിഷ്കളങ്കജന്മങ്ങളാണ് ആ താമരയും വണ്ടും__
ഈ താമരയെയും വണ്ടിനേയും
നമുക്കറിയാമോ?
ഉണ്ടാവുമല്ലോ.. ഉണ്ട് എന്ന് തന്നെ പറയണം-
ഇതൊരു പ്രണയം മാത്രമായി തളച്ചിടേണ്ട വസ്തുതയല്ല-
ഈയൊരു പ്രതിഭാസം ഏതൊരു ബന്ധത്തിനിടയിലും സംഭവിക്കാം-
കൂട്ടുകാരാകാം, മാതാപിതാക്കളാകാം, ആത്മമിത്രങ്ങളാകാം, ഗുരുശിഷ്യരാകാം-
ഇവിടെ നമ്മുടെ വേറൊരു സ്വഭാവമാണ് ചർച്ച ചെയ്യപ്പെടേണ്ടത്-
പൊസ്സസ്സീവ്ന്സ് എന്ന് നാം വിളിക്കുന്ന അധീനത-
നമ്മളെ പ്രാണന് തുല്യം സ്നേഹിക്കുന്നയാളെ അധീനമാക്കി വെക്കാനുള്ള നമ്മുടെ സ്വഭാവം-
അധീനത പലപ്പോഴും നമ്മുടെ പ്രേമത്തിന്റെ ആഴമാണ് എന്നൊക്കെ പറയപ്പെടാറുണ്ട്-
പക്ഷെ എത്രയും ശക്തമായി നമ്മൾ നമ്മുടെ കൈപ്പിടിയിൽ കടൽത്തീരത്തെ മണലിനെ നിർത്താൻശ്രമിക്കുന്നുവോ അത്രയും വേഗത്തിൽ ആ മണൽത്തരികൾ ഊർന്നുപോവുന്നതും കാണാം-
ഇവിടെ താമരക്ക് അധീനത ഇഷ്ടല്ല-
അങ്ങനെയൊരു തടവറ ഒരുക്കി; തന്റെ തേൻ ഭ്രാന്തമായി നുകരുന്ന വണ്ടിനെ; നഷ്ടപ്പെടുത്താനുള്ള ഒരുസാധ്യതയെ ഒഴിവാക്കാൻ താമര ശ്രമിക്കുകയാണ്-
എന്നാലോ, വണ്ടിന് താമരയുടെ അധീനസ്വഭാവം ഇഷ്ടമാണ് എന്നൊരു തോന്നൽ നമുക്ക് ഉണ്ടാവുന്നുണ്ട്-
പക്ഷെ നമ്മൾ ആദ്യം പറഞ്ഞ പോലെ, സ്വന്തം പ്രാണനുതുല്യം നിൽക്കുന്ന പ്രണയം ആണെങ്കിൽ മാത്രമേ ഈഇഷ്ടം നിലനിൽക്കൂ-
അത്തരം ഒരു കോണിൽ നമ്മൾ നോക്കുകയാണെങ്കിൽ താമരയുടെ അപേക്ഷ ഭാവിയെ കരുതിയുള്ളതാണ് എന്ന്നമുക്ക് വായിച്ചെടുക്കാം-
താമരയുടെ കരുതൽ സത്യമാണെന്നും നമുക്ക് കാണാം, കാരണം വണ്ട് പറയുന്നുണ്ട്-
എനിക്ക് നാളെ രാവിലെ പറന്ന് പോകാം എന്ന്-
വണ്ടുകൾക്കൊരുപക്ഷേ ചിന്ത വേറെയുമാകാം-
ഈ രജനിയോടുകൂടി താമരയിലെ തേൻമുഴുവൻ തീരുമായിരിക്കും എന്ന്-
പക്ഷെ വണ്ടിനറിയുന്നുണ്ടാവില്ലല്ലോ, താമരയുടെ യഥാർത്ഥ മേന്മ-
തന്നിലേക്കലിയുന്ന വണ്ടുകളുടെ മുഴുവൻ ദാഹവും തീർക്കാനുള്ള മധുസാഗരം പേറിയാണ് ഈ പരിപാവനമായസലിലതടാകത്തിൽ താമര നിൽക്കുന്നത് എന്ന പ്രപഞ്ചസത്യം-
താമരയുടെ ജീവിതം എന്നും ഇങ്ങനെ ത്യാഗപൂർണ്ണമായ തേനൂട്ടൽ മാത്രമായിത്തീരും എന്നൊരു സങ്കടം ഈകഥയിലില്ലേ-
വെറും ഒരു താമരയും വണ്ടുമായി ഈ കഥയെ നോക്കിക്കണ്ടാൽ അങ്ങനെയേ നമുക്ക് തോന്നൂ എന്നാൽ, സൂക്ഷ്മമായൊരു ഭാവനിലയിലേക്കിതിനെ ഉയർത്തിയാൽ വേറെ ചില അർത്ഥങ്ങൾ കൂടി നമുക്ക്വായിച്ചെടുക്കാം-
ഈ ജീവജാലങ്ങൾ ഒന്നാകെ കുടികൊള്ളുന്ന ഭൂമിയിലെ ഒരു താമര പോലും പ്രപഞ്ചോർജ്ജദായിയായ സൂര്യന്റെനിയന്ത്രണത്തിൽ ആണെന്ന് നമുക്ക് കാണാം-
സൂര്യനാണ് ഒരു പിഞ്ച് താമരയുടെപോലും ജീവിതത്തെ നേരിട്ട് തന്നെ കാരണമാക്കുന്നത്-
താമരയുടെ ജീവിതലക്ഷ്യമാണ് തേനൂട്ടുക എന്നത്-
വണ്ടുകൾ വരുമെന്നവൾക്കറിയാം-
അവർക്കൊക്കെ വേണ്ടാംവണ്ണം തേൻ നിറച്ചാണ് താമര രാവിലെ തന്നെ അരുണസൂര്യന്റെ രശ്മികളിൽ കുളിച്ചുഈറനോടെ തന്റെ ജീവിതലക്‌ഷ്യം സാക്ഷാത്ക്കരിക്കുന്നത്-
എല്ലാം ഒരു മായ തന്നെയെന്നാണോ
വിവക്ഷ?
പ്രാപഞ്ചികമായി നോക്കിയാൽ അതെ-
താമരക്ക്; വണ്ടിന് വേണ്ടി തേനൂറുക എന്നൊരു കർമമാണ് ഈ മായാലോകത്തിൽ ഉള്ളത്. അത് അർക്കന്റെആജ്ഞയോടെ പകൽ മുഴുവൻ നിറവേറ്റുന്നു-
പിന്നെ സംഭവിക്കുന്നതെല്ലാം മായയാണ്. ഉണ്ടെന്നു തോന്നിച്ചു ഉള്ളതിനെ വിട്ട് ഇല്ലാത്ത ലോകത്തേക്ക്കൂട്ടിക്കൊണ്ടുപോവുന്ന മായാജാലം-
വണ്ടിനും ഒരു പ്രപഞ്ചകർമമുണ്ട്, പരാഗണം. തേൻ കുടിച്ചു മദോന്മത്തനായി ഒരു പൂ കഴിഞ്ഞു മറ്റുപൂക്കളിലേക്കുള്ള പ്രയാണമാണ് വണ്ടുകളുടെ കർമ്മം-
തന്റെ തേനൂറ്റിക്കുടിച്ചു മനോനില തെറ്റി, സമയവും വൈകി തന്റെ ദളങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഭ്രമരത്തെസ്വന്തം ദളം മുറിവേറ്റാൽ പോലും സാരമില്ല; അവൻ രക്ഷപ്പെടട്ടെ എന്ന മഹത്തായ ചിന്ത വച്ചുപുലർത്തുന്നതാമര-
സ്വയം മദോന്മത്തനായി താമരക്കുമ്പിളിനുള്ളിൽ അകപ്പെട്ടിട്ടും അതിമാർദ്ദവമുള്ള ദളങ്ങളെ വേദനിപ്പിക്കാൻമനസ്സുവരാതെ സ്വയം കാരാഗൃഹത്തിൽ കിടക്കാൻ തീരുമാനിച്ച ഭ്രമരം-
രണ്ടുപേർക്കും സംഭവിച്ചത് ഒന്നുതന്നെ- മാരീചന്റെ മാൻകണ്ണുകളിലെ മായാജാലത്തിൽ മയങ്ങിപ്പോയമൈഥിലിയുടെ കഥ തന്നെ-
സീമാലംഘനം എന്നൊക്കെ പറയാം-
മര്യാദ വിട്ടുപോവുക, സീമാതീതമാവുക എന്നതൊക്കെ സംഭവിക്കുന്നതാണ് ആ മായാജാല കഥ- അത് പിന്നീടൊരിക്കലാവാം-
സസ്നേഹം
മനു എം പി
Comments
Post a Comment