ലേഖനം | വായന ~ ഒരു സംസ്കാരം, ഒരനുഗ്രഹം
വായന...
ഒരു സംസ്കാരം... ഒരനുഗ്രഹം
ജൂൺ 19, മലയാളത്തിന്റെ വായനാദിനമത്രെ!
കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് എന്നാണ് പുതുവായിൽ നാരായണ പണിക്കർ (1 മാർച്ച് 1909 - 19 ജൂൺ 1995) അറിയപ്പെടുന്നത്. അദ്ദേഹം ആരംഭിച്ച കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ ഒരു ജനകീയ സാംസ്കാരിക പ്രസ്ഥാനത്തിന് തുടക്കമിട്ടു, അത് 1990 കളിൽ സംസ്ഥാനത്ത് സാർവത്രിക സാക്ഷരത ഉളവാക്കി എന്നാണു വിക്കിപീഡിയ പറയുന്നത്..
സാക്ഷരതയുടെ കാര്യം അവിടെ നിൽക്കട്ടെ... ഗ്രന്ഥശാലാസംഘം എന്നൊരു മുന്നേറ്റം കേരളത്തിൽ നടന്ന ഒരു സാംസ്കാരിക വിപ്ലവം തന്നെയാണ് എന്ന് സമ്മതിക്കേണ്ടിവരും. അങ്ങനെയൊരു മഹാസംഭവത്തിനു മുൻകൈയെടുത്ത ശ്രീമാൻ പി എൻ പണിക്കരുടെ സ്മരണാർത്ഥം ജൂൺ 19 തുടങ്ങുന്ന ഒരു വാരം കേരള സർക്കാർ എല്ലാ വർഷവും വായനാ വാരമായി ആചരിക്കുന്നു. വായന എന്ന പ്രതിഭാസത്തെ അതിന്റെ എല്ലാ അർത്ഥത്തിലും തിരിച്ചറിഞ്ഞെടുത്ത ഒരു മഹത്തായ തീരുമാനമായേ സർക്കാരിന്റെ ഈ നടപടിയെ കാണാനാകൂ.
1945 ൽ 47 ഗ്രാമീണ ലൈബ്രറികളുമായി തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം (തിരുവിതാംകൂർ ലൈബ്രറി അസോസിയേഷൻ) രൂപീകരിക്കുന്നതിന് ശ്രീ പണിക്കർ നേതൃത്വം നൽകി. 'വായിക്കുക, വളരുക' എന്നതായിരുന്നു സംഘടനയുടെ മുദ്രാവാക്യം. പിന്നീട് 1956 ൽ കേരള സംസ്ഥാനം രൂപപ്പെട്ടതോടെ കേരള ഗ്രന്ഥശാലാസംഘം (കെജിഎസ്) ആയി.
വായനയുടെ മൂല്യം പ്രഖ്യാപിച്ച് അദ്ദേഹം കേരളത്തിലെ ഗ്രാമങ്ങളിലേക്ക് യാത്രയായി. 6,000 ത്തോളം ലൈബ്രറികൾ ഈ ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. 1975 ൽ യുനെസ്കോയിൽ നിന്ന് അഭിമാനകരമായ ‘ക്രുപ്സകയ അവാർഡ്’ സംഘം നേടി. 1977 വരെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതുവരെ ശ്രീ പണിക്കർ 32 വർഷം സംഘത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. അന്തർനിർമ്മിതമായ ജനാധിപത്യ ഘടനയും ധനസഹായവുമുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലായി ഇത് മാറി. (സ്വല്പം ഭാഗം വിക്കിപീഡിയയിൽ നിന്നും കടമെടുത്തു)
എന്താണ് വായന__
അർത്ഥം നേടുന്നതിനായി ചിഹ്നങ്ങൾ സാധാരണ ഭാഷയിലേക്കു വിവർത്തനം ചെയ്യുന്ന സങ്കീർണ്ണമായ വൈജ്ഞാനിക പ്രക്രിയയാണ് വായന. ഇത് ഭാഷാ രൂപീകരണത്തിന്റെയും അതിന്റെ പുരോഗതിയുടെയും വിനിമയത്തിന്റെയും ഒരു രൂപമാണ് എന്നെനിക്ക് തോന്നുന്നു.
വൈജ്ഞാനികം എന്നുപറയുമ്പോൾ അതിൽ പാണ്ഡിത്യം അഥവാ സാധാരണയിൽ നിന്നും മേലെ നിൽക്കുന്ന ചിന്താധാരയും സാമർഥ്യവും ത്യാഗപൂർണമായ ഗവേഷണവുമെല്ലാം കാണണം. അങ്ങനെയൊരു പ്രക്രിയയിലൂടെ കടന്നുവന്ന ഒരു പ്രതിഭാസം തന്നെയാണ്; വായന എന്ന് നമ്മൾ പലപ്പോഴും നിസ്സാരവൽക്കരിക്കുന്ന ആ സംസ്കാരം__
നമ്മളിൽ പലർക്കും വായന എന്നത് ലൈബ്രറിയിൽ നിന്നും പുസ്തകം ഒപ്പുചെയ്തെടുത്തു ഒരാഴ്ചയോ മാസമോ കയ്യിൽ വെച്ച് അത് വായിച്ചോ വായിക്കാതെയോ തിരിച്ചു കൊടുക്കുന്ന ഒരു “പണി” ആണെന്ന് പറഞ്ഞാൽ പലരും എന്നോട് യോജിക്കുമായിരിക്കും. ഞാനും ഇത്തരം പണി ചെയ്തിട്ടുണ്ട് പലവട്ടം! ലേറ്റ് ഫീയും കൊടുത്തിട്ടുണ്ട്. അതിന്റെ ദേഷ്യത്തിൽ പിന്നെ അവിടെ പോവാതെയും ആയിട്ടുണ്ട്__ എന്തൊരു ഭോഷ്‌കാണല്ലേ !
സത്യത്തിൽ അതുമാത്രമാണോ വായന... അല്ലെന്നായിരിക്കും ബഹുഭൂരിപക്ഷവും ഞാനും പറയുക! കാരണം ആദ്യം പറഞ്ഞപോലെ വെറുമൊരു ഫീലിംഗ് അല്ല വായന... അതൊരു സംസ്കാരമാണ്... മനുഷ്യവംശത്തിന്റെ വിവേകത്തിൽ നിന്നും ആവിർഭവിച്ച ഒരു പ്രതിഭാസമാണത്__
വായന എന്നുപറയുമ്പോൾ മാറ്റിനിർത്താനാവാത്തതാണ് എഴുത്തും. കാരണം എഴുതുന്നതാണല്ലോ നമ്മൾ വായിക്കുന്നത്. എഴുത്ത് എന്നത് വായനയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ അതിന്റെ അർത്ഥതലം അഥവാ അതിന്റെ ക്യാൻവാസ്/ചക്രവാളം അതിവിശാലമാണ്. അത് പ്രാചീനകാലത്തെ ആംഗ്യഭാഷയാകാം, കല്ലുകൾ കൊണ്ട് പാറമേൽ കോറിയിട്ട ചിഹ്നങ്ങൾ ആവാം, പിന്നീട് നിറം പിടിപ്പിച്ചു വരഞ്ഞ വർണചിത്രങ്ങൾ ആവാം, അനേക നൂറ്റാണ്ടുകൾ കൊണ്ട് മനുഷ്യന്റെ ബോധമണ്ഡലത്തിൽ ആവിഷ്കരിക്കപ്പെട്ട അനവധി ഭാഷകൾ ആവാം...അത് വേറൊരു പ്രപഞ്ചം എന്നുതന്നെ വിവക്ഷിക്കാം__
ഞാൻ മേലെ പറഞ്ഞ കാര്യം കൊണ്ട് ഉദ്ദേശിച്ചത്, നമ്മൾ കാണുന്നതും, കേൾക്കുന്നതും, പറയുന്നതുപോലും വായനയായി എടുക്കാമെന്നതാണ്. നമ്മൾ ഇടക്ക് പറയാറില്ലേ... “എനിക്കവന്റെ മനസ്സ് വായിച്ചെടുക്കാനായില്ല” എന്നൊക്കെ... ഇവിടെ നമ്മൾ മനസ്സിനെയാണ് ഒരു വായനാസാമഗ്രി ആയി കരുതുന്നത്. എഴുതിയത് മാത്രമല്ല നമ്മൾ വായിക്കുന്നത് എന്ന് സാരം!
ഞാനും വായനയും__
എന്റെ ഓർമയിലെ “ഗൗരവമുള്ള” വായന സഖാവ് പയ്യപ്പിള്ളി ബാലൻ എഴുതിയ “ആലുവാപ്പുഴ പിന്നെയും ഒഴുകി” എന്ന പുസ്തകം ആണ്... ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണത്. എന്റെ ഗ്രാമത്തിലെ ഗ്രന്ഥശാലാസംഘത്തിൽ നിന്നുമാണ് ആ ബുക്ക് ഞാൻ എടുത്തത്. ആശ്ചര്യം എന്നുതന്നെ പറയട്ടെ... ഒരു പക്ഷെ എന്റെ പ്രായത്തിനു ചേരാത്ത വിഷയമാണ് എന്നൊക്കെ പറയാമെങ്കിലും പയ്യപ്പിള്ളി ബാലൻ എന്ന എഴുത്തുകാരന്റെ ഭാഷ എന്റെ കൗമാരഹൃദയത്തിൽ വന്നു പതിഞ്ഞു. അതിലെ ചില ഹൃദയഭേദകമായ വിവരണം ആവാം അതിനുകാരണം.
ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ ലോകത്തിന്റെ പരിമിതികളിൽ നിന്നും പരിധികൾ തകർത്തു ആദ്യമായി പുറത്തുപോയതിന്റെ ആവേശമായിരുന്നു എന്നാണ് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നത്. ശക്തമായ കമ്മ്യൂണിസ്റ്റ് ചിന്താഗതി എന്നിലേക്ക് ചേക്കേറിയതാണ് അതോടെ സംഭവിച്ചത്... ആ ചിന്താഗതികളിൽ പിന്നീട് ഏറ്റവും കുറച്ചിലും ഒക്കെ സംഭവിച്ചെങ്കിലും ആ ബുക്കിനു എന്റെ മനസ്സിൽ ഉണ്ടാക്കിയ സ്വാധീനം അത്ഭുതകരം തന്നെ__
ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളം ഉപപാഠപുസ്തകം “ഊർമ്മിള” ഇപ്പോഴും നല്ല ഓർമ്മകൾ തരുന്നതാണ്. ഉണ്ണികൃഷ്ണൻ മാഷ് പലപ്പോഴും എന്നോടാണ് ഓരോ ചാപ്റ്ററും തുടങ്ങുമ്പോൾ ഉറക്കെ ക്ലാസ്സിൽ വായിക്കാൻ പറയുക. മാഷാണ് എന്റെ വായനാശീലത്തിലെ നല്ലൊരു വശം പറഞ്ഞുതന്നത്... പുസ്തകത്തിലെ സംഭാഷണ ഭാഗങ്ങൾ ഞാൻ പലപ്പോഴും അതിന്റെ അതേ വൈകാരിക തീഷ്ണതയിൽ ആണ് പറഞ്ഞിരുന്നതത്രെ!
പിന്നീട് പത്താം ക്ലാസ്സിലെ ധർമരാജയും ഇന്ത്യൻ ചരിത്രത്തിലെ മുഗളന്മാരുടെയും മൗര്യന്മാരുടെയും ഭരണവിവരണവും എല്ലാം ഞാൻ ഉറക്കെ തന്നെ വായിച്ചു പഠിച്ചു... ഓരോ നാടകങ്ങൾ പോലെ... അതേ ഉത്സാഹത്തോടെ പ്രീ ഡിഗ്രിയിലെ ഓർഗാനിക് കെമിസ്ട്രിയും ഞാൻ വായിച്ചു ഹൃദിസ്ഥമാക്കി. എഞ്ചിനീറിംഗിലെ അസ്ട്രോണമിയും ജിയോളജിയും അഡ്വാൻസ്ഡ് റിമോട്ട് സെൻസിങ്ങും എല്ലാം ഇങ്ങനെ വായിച്ചു തീർത്തു. എഞ്ചിനീയറിംഗ് ഔദ്യോഗിക നിലയിൽ കഴിഞ്ഞ 24 വർഷത്തിലും പല തീരുമാനങ്ങളും വായനയിലൂടെയാണ് എടുത്തത് എന്നും പറഞ്ഞെടുക്കാം__
ആദ്യം പറഞ്ഞപോലെ സാഹിത്യപരമായ വായനയെ കുറിച്ചാണെങ്കിൽ; അനവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെയൊക്കെ എഴുതാനുള്ള ധൈര്യവും ആത്മവിശ്വാസവും വന്നു ഭവിച്ചത് വായനയിൽ നിന്നുതന്നെയാണെന്ന് പറയാം. വൈക്കം മുഹമ്മദ് ബഷീർ, എം ടി വാസുദേവൻ നായർ, ഓ എൻ വി കുറുപ്പ്, ടി പദ്മനാഭൻ, വി കെ എൻ, എം പി വീരേന്ദ്രകുമാർ, സുകുമാർ അഴീക്കോട്, നരസിംഹറാവു, ഓ ഹെൻറി, അമൃതാനന്ദമയി, ടി ടി രംഗരാജൻ, മോഹൻലാൽ, മമ്മൂട്ടി, കെ ബാലചന്ദർ, ഐ വി ശശി, രഞ്ജിത്ത്, സത്യൻ അന്തിക്കാട്, മുരളി ഗോപി, ആർ ഉണ്ണി, തുടങ്ങി നിരവധി ശ്രേഷ്ഠരുടെ എഴുത്തുകളും ലേഖനങ്ങളും കഥകളും നോവലുകളും കവിതകളും പ്രസംഗങ്ങളും തിരക്കഥകളും നാടകങ്ങളും സിനിമകളും സത്‌സംഗങ്ങളും ഭജനകളും എല്ലാം തന്നെ കണ്ണിനോ നാവിനോ അല്ലെങ്കിൽ കാതിനോ വായന തന്നെ__
വായനയും ജീവിതവും__
നമ്മുടെ ഒക്കെ ഒരു സാധാരണ ദിവസം: ഉറക്കമുണരുന്നതുമുതൽ ഉറക്കത്തിലേക്ക് വഴുതിവീഴുന്നവരെ; ഒന്നെടുത്തു നോക്കൂ.. വായന എന്ന പ്രതിഭാസം നമ്മുടെ എല്ലാം ജീവിതവുമായി എത്രകണ്ട് ഇഴചേർന്നു കിടക്കുന്നു എന്ന് “വായിച്ചെടുക്കാനാവും”..
_ അലാറം വെച്ച് എണീക്കുന്ന ആളാണെങ്കിൽ സമയം ആണ് നമ്മൾ ആദ്യം വായിക്കുന്നത്
_ ആ ദിവസം നടക്കാൻ പോവുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവം അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അഥവാ വ്യക്തികളുടെ മുഖങ്ങൾ ആണ് പിന്നീട് നമ്മൾ ഹൃദയത്തിൽ വായിക്കുന്നത്
_ ചുമരിൽ തൂങ്ങുന്ന കണ്ണാടിയിലെ സ്വന്തം രൂപമാണ് അടുത്ത വായനാസാമഗ്രി... മരണത്തിലേക്ക് ഒരു ദിവസം കൂടി അടുത്തു എന്ന സത്യം; മുഖത്തെ പുതിയ ചുളിവോ, മുടിയിലെ നരയുടെ ആധിക്യമോ ഒക്കെയാണ് ചിഹ്നങ്ങളായി വരുന്നത്...
_ ലക്ഷ്യത്തിൽ എത്താനുള്ള ഇന്ധനം മതിയാകില്ല എന്ന് ശകടം തരുന്ന സന്ദേശം നമ്മൾ വായിക്കുന്നു... ഇന്ധനം നിറച്ചുകഴിഞ്ഞു ബില്ല് വായിച്ചു പണമടക്കുന്നു ...
_ ലക്ഷ്യബോധമില്ലെങ്കിൽ ഗൂഗിൾ മാപ്‌സ് തുറക്കുന്നു, വായിക്കുന്നു... ലക്‌ഷ്യം എത്തുന്നത് വരെ ഗൂഗിളും നമ്മളും പരസ്പരം വായിച്ചുകൊണ്ടേയിരിക്കുന്നു... അവർ നമ്മുടെ കോർഡിനേറ്റ്സ് വായിക്കുന്നു, നമ്മൾ അവരുടെ ഗൈഡൻസ് വായിച്ചു പിന്തുടരുന്നു...
_ അഭിമുഖങ്ങളിൽ മറ്റുള്ളവരുടെ മുഖങ്ങൾ നമ്മൾ വായിച്ചെടുക്കുന്നു.. നമ്മുടെ മുഖം മറ്റുള്ളവർ വായിച്ചെടുക്കാതിരിക്കാൻ അഭിനയിക്കുന്നു..
_ ഇന്നലത്തെ റിമൈന്ഡറുകൾ വായിച്ചു അപ്ഡേറ്റ് ചെയ്യുന്നു..
_ ഇന്നത്തെ ടാസ്കുകൾ വായിച്ചു പ്ലാൻ ചെയ്യുന്നു...
_ ബന്ധുക്കളുടെയും മിത്രങ്ങളുടെയും ഭാവനിലകൾ അവരുടെ സന്ദേശങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വായിച്ചെടുക്കുന്നു...
_ ഭക്ഷണത്തിലെ എലെമെന്റ്സിന്റെ ഏറ്റക്കുറച്ചിലുകൾ മണത്തിലൂടെയും കാഴ്ചയിലൂടെയും സ്വാദിലൂടെയും വായിച്ചറിയുന്നു..
_ ബോസിന്റെ മൂഡ് വായിച്ചറിയാനുള്ള വൃഥാശ്രമം വിജയിക്കില്ല എന്നറിയാമെങ്കിലും വീണ്ടും പരിശ്രമിച്ചു പരാജയം അടയുന്നു
_ കോടാനുകോടി പിക്സലുകളിലൂടെ ഈ ലോകം മാറിമറയുന്നത് ഒരു വിരൽ തുമ്പിലൂടെ നമ്മൾ വായിച്ചു കൂട്ടുന്നു...
സത്യം പറഞ്ഞാൽ ഈ ജീവിതം തന്നെ ഒരു വായന അല്ലെ? ആരോ വായിക്കുന്ന കഥയിലെ കഥാപാത്രങ്ങളാണോ നമ്മളെല്ലാരും? ആ വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾ ആണോ നമ്മുടെ സുഖ-ദുഃഖങ്ങൾ ആയി പരിണമിക്കുന്നത്? അവരുടെ റിമോട്ടിലാണോ നമ്മുടെ ചലനങ്ങളുടെ കൺട്രോൾ? പലതും നമുക്കിനിയും വായിക്കാൻ ബാക്കിയുണ്ട്__
ചാർലി പത്രോസിനോട് പറഞ്ഞപോലെ.. നമ്മൾ എല്ലാം മറ്റാരുടെയെങ്കിലും തോന്നലാണെങ്കിലോ... !!
എല്ലാർക്കും നല്ലൊരു വായനാവാരം ആശംസിച്ചുകൊണ്ട്... ഉപസംഹരിക്കുന്നു...
സസ്നേഹം
മനു എം പി
വായനാ ദിനത്തിൽ വായിച്ച മഹത്തരമായേ ലേ
ReplyDeleteഖനം. വിജ്ഞാനവും, സ്വതന്ത്ര ചിന്തകളും, അനുഭവങ്ങളും എല്ലാം ഇടകലർന്നു വരുന്നേ ലേഖനം അനേക വർഷങ്ങൾക്കു മുൻപുള്ള ഓർമ്മകളിലേക്കു കൊണ്ടുപോയി. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു.