ഓർമ്മക്കുറിപ്പ് | മധു ഏട്ടന്റെ സത്‌സംഗം
2003 ൽ ആണ് മധു ഏട്ടനെ മസ്കറ്റ് അമ്പലത്തിൽ വെച്ച് ആദ്യമായി ഞാൻ കാണുന്നത്; അമ്മയുടെ പ്രതിവാരാന്ത്യ സത്സംഗത്തിൽ വെച്ച്! എന്റെ എന്നത്തേയും പ്രിയ സുഹൃത്ത് കൃഷ്ണദാസ് ആണ് എന്നെ അമ്പലത്തിലേക്ക് കൊണ്ടുവന്നത്. സത്സംഗത്തിന്റെ അമരക്കാരനും ദാസ് തന്നെ...
ആദ്യം വന്ന അന്നുതന്നെ അവിടെ ഭജന പാടാൻ അനുവാദം ദാസ് തന്നിരുന്നു. ഏതാണ്ട് നാല് വർഷങ്ങളോളം ഒരു വരിയെങ്കിലും പാടി നോക്കിയിട്ടില്ലായിരുന്നു എങ്കിലും “ജയ് കല്യാണി ജയ് ഭവാനി .. ദേവീ ദുർഗ്ഗേ മാതാ..” എന്ന ഫാസ്റ്റ് ഭജൻ അത്യാവശ്യം നന്നായി തന്നെ ഞാൻ പാടിത്തീർത്തു.
വീണ്ടുമൊരു ജീവിതപന്ഥാവിലേക്കുള്ള ചൂണ്ടുപലകയായിരുന്നു അന്നവിടെ നടന്നത് എന്നെനിക്ക് മനസ്സിലായി. പപ്പേട്ടൻ, ആനന്ദേട്ടൻ, ദീപച്ചേച്ചി, പ്രഭ ചേച്ചി, സജീവേട്ടൻ, സുനിലേട്ടൻ, ബാലേട്ടൻമാർ, ഉണ്ണ്യേട്ടൻ, രാധേടത്തി, സുനിതച്ചേച്ചി, സായിറാംജി, മാളുചേച്ചി, ഗോപൻജി, രഘു ഏട്ടൻ, പ്രസാദ്, അനീഷ്, രഞ്ജിത, ആശചേച്ചി, ബൈജു അണ്ണൻ, രശ്മി ചേച്ചി, ശ്രീകുമാർജി, റിജു റാം, അങ്ങനെ ഒരു വലിയ നിര തന്നെ “ലോകാഃ സമസ്താ സുഖിനോ ഭവന്തു” എന്ന അമ്മയുടെ പ്രാർത്ഥന ഏറ്റുചൊല്ലിക്കൊണ്ടു ദാസിന്റെയും മധു ഏട്ടന്റെയും ഒപ്പം തന്നെ ഉണ്ടായിരുന്നു.
ആദ്യകാലങ്ങളിൽ മധു ഏട്ടനുമായി പ്രത്യേകമായ അധികം അടുപ്പം ഒന്നും ഇല്ലായിരുന്നു. എല്ലാം ദാസിൽ നിന്നും തുടങ്ങി ദാസിൽ തന്നെ അവസാനിക്കുന്ന ഒരു സ്ഥിതി വിശേഷം തന്നെയായിരുന്നു അന്നൊക്കെ. പിന്നീട് ഉണ്ണ്യേട്ടൻ, ബാലേട്ടൻ എന്നിവർ കാരണവർമാരുടെ സ്ഥാനം കേമമായി തന്നെ ഏറ്റെടുത്തപ്പോൾ അവരുടെ ഉപദേശപ്രകാരം തന്നെ താരതമ്യേന ചെറുപ്പക്കാരായ ഒരു സംഘം, സത്സംഗത്തിന്റെ നടത്തിപ്പിൽ അക്ഷീണം പ്രയത്നിച്ചു. ആ കാലത്തു എന്നോ “മധു - മനു - ദാസ്” എന്ന ഒരു സൗഹൃദത്രയം അറിയാതെ വന്നു ഭവിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
ദാസ് എന്നും വൈകാരികമായി കാര്യങ്ങളെ നോക്കിക്കാണുന്ന പ്രകൃതമാണല്ലോ... ഏത് കാര്യത്തിലും ഉള്ള ചടുലതയും ഗാംഭീര്യവും വൈകാരികതയും ദാസിന്റെ മാത്രം പ്രത്യേകതയാണ്. നടക്കാൻ വിഷമമുള്ള പല കാര്യങ്ങളും ദാസിന്റെ ആ വൈകാരികസമീപനത്തിൽ സംഭവിച്ചിട്ടുണ്ട്. എല്ലായിടത്തും കാണുന്നപോലെ ഇത്തരം വൈകാരികതയെ സ്വീകരിക്കാത്ത ആൾക്കാരും ഉണ്ടാവുമല്ലോ... അങ്ങനെ ചില എതിർപ്പുകളും ദാസിന് ഏൽക്കേണ്ടിവന്നിട്ടുണ്ട്. ദാസിന്റെ ആത്മവിശ്വാസത്തിനുമുന്നിൽ അത്തരം എതിർപ്പുകൾ എല്ലാം തന്നെ അധികം ആയുസ്സില്ലാത്തതും ആയിരുന്നു.
അങ്ങനെയാണ് ഞാൻ മധു ഏട്ടന്റെയും “സ്റ്റൈൽ ഓഫ് മാനേജ്മെന്റ്” ശ്രദ്ധിക്കുന്നത്. ഏതുകാര്യത്തെയും ഒരു ദീർഘവീക്ഷണത്തോടെ അതിന്റെ വരും വരായ്കകളെയും കൂടി മുൻകൂട്ടി കണ്ട് ഒരു പ്രശ്നരഹിതസാഹചര്യം സൃഷ്ടിച്ചെടുക്കാൻ എപ്പോഴും ശ്രമിക്കുന്ന മധു ഏട്ടനെയാണ് ഞാൻ എന്നും കണ്ടത്. ചിലപ്പോളൊക്കെ അത്തരം ശ്രമങ്ങൾ ഫലം കണ്ടില്ലെങ്കിലും അതിന്റെയും കാരണങ്ങൾ ഉൾക്കൊണ്ട് അടുത്ത തവണ സമാനമായ സാഹചര്യം ഉണ്ടാകുമ്പോൾ പ്രശ്നപരിഹാരം ഉറപ്പുവരുത്തുന്ന ഒരു ആദർശവാനെയാണ് ഞാൻ മധു ഏട്ടനിൽ ദർശിച്ചത്. അവിടെയൊക്കെ വേറിട്ടുകണ്ട വേറൊരു വലിയ കാര്യം __ പ്രശ്നങ്ങൾ എത്ര സങ്കീർണം ആയാലും ആ സാഹചര്യത്തിൽ നിന്നും ഒരിക്കലും ഒളിച്ചോടാൻ തയ്യാറാവാത്ത വ്യക്തിത്വം.. പരിഹാരം ഒന്നും കൈയിൽ ഇല്ലെങ്കിലും പ്രശ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കാൻ മധു ഏട്ടൻ ഒരിക്കലും ശ്രമിക്കില്ല.
മധു ഏട്ടൻ എന്നും ഒരു “ലീഡർ" ആണ്__ ആർജ്ജവം, കൃത്യമായ ലക്ഷ്യങ്ങൾ, ഉത്തമോദാഹരണം, ദീർഘവീക്ഷണം, നിസ്സന്ദേഹമായ ആശയവിനിമയം, ശുഭപ്രതീക്ഷ, എന്നുമുള്ള ഒരു കൈത്താങ്ങ്, എന്നും നന്മകളിലേക്കുള്ള പ്രോത്സാഹനം, കണ്ടു മനസ്സിലാക്കല്, ഉന്മേഷദായകമായ ഉപദേശങ്ങൾ, എന്നും നല്ലതിലേക്കുള്ള ദൃഷ്ടികേന്ദ്രം, പ്രേരണ... ഒരു നായകസ്ഥാനത്തിനു വേണ്ട എല്ലാ നല്ല ഗുണങ്ങളും ഒത്തുചേർന്ന മധു ഏട്ടൻ എനിക്ക് ഒരുപാട് ദാർശനികത പകർന്നു തന്നിട്ടുണ്ട്; വളരെ ലളിതവും ആയാസരഹിതവും ആയ ചെറിയതും ദീർഘവുമായ യാത്രകളിലൂടെയും സംഭാഷണങ്ങളിലൂടെയും.
മധു - മനു - ദാസ് കാലഘട്ടത്തിൽ; 2003 മുതൽ 2010 വരെ; ദാസിന്റെ ചടുലനീക്കങ്ങളും മധു ഏട്ടന്റെ അവസാനത്തെ
തീ കെടുത്തലും എപ്പോഴും എനിക്ക് അമൂല്യമായ പാഠങ്ങൾ ആയിരുന്നു. ഈ രണ്ടു അമൂല്യരത്നങ്ങളെ ഒന്നിച്ചു അമ്മക്കണിയിക്കാനായി ഒരു നൂലായി ഞാൻ മാറുന്നത് പലപ്പോഴും അറിയുന്നുണ്ടായിരുന്നു... ഞാൻ അതിൽ സന്തോഷം കണ്ടെത്തി എന്നതാണ് കൂടുതൽ കൃത്യത. കൂട്ടായിട്ടുള്ള യാത്രകളിൽ ഭക്ഷണത്തിന്റെയും മറ്റു ക്ഷേമകാര്യങ്ങളുടെയും മേൽനോട്ടം മധു ഏട്ടൻ കൃത്യമായി നിറവേറ്റി. ഒമാൻ രാജ്യത്തിന്റെ ഓരോ അണുവും നെഞ്ചിലേറ്റി മധു ഏട്ടൻ ഞായർ ദിവസം നമ്മുടെ സ്വന്തം നാട്ടിലേക്ക് ചേക്കേറുകയാണ്.
2010 നു ശേഷം സത്സംഗത്തിൽ നിന്നും ഞാൻ വിട്ടുനിന്ന മൂന്നു വർഷത്തിലും സ്ഥിരമായ ഒരു മാനസികമായ ആശയ വിനിമയം എനിക്ക് മധു ഏട്ടനുമായി ഉണ്ടായിരുന്നു. ഒരാളുടെ ഭാവനിലയെ അതിന്റെ കൃത്യമായ തോതിൽ തന്നെ മനസ്സിലാക്കി അയാളെ സമാശ്വസിപ്പിക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ഉള്ള മനസ്സും ഹൃദയവും തന്റേടവും ധൈര്യവും മധു ഏട്ടന്റെ അതിവിശേഷമായ പ്രത്യേകതയായി ഞാൻ കാണുന്നു.
അതിനുശേഷം മസ്കറ്റ് സത്‌സംഗത്തിലേക്ക് ഞാൻ തിരിച്ചു വരുന്നത് 2018 ലാണ്. അപ്പോഴേക്കും ആയിരക്കണക്കിന് ഭജനകൾ മസ്കറ്റ് ശിവക്ഷേത്രത്തിൽ പാടിത്തീർന്നിരുന്നു. അപ്പോഴും അതേ ഭാവനിലയിൽ കാര്യങ്ങളെ അവയുടെ യഥാർത്ഥ ഗൗരവത്തിൽ കണ്ട് തീർച്ചപ്പെടുത്തുന്ന മധു ഏട്ടൻ എന്ന കർമയോഗിയെ ആണ് ഞാൻ കണ്ടത്.
രണ്ടാം വരവിൽ മധു ഏട്ടൻ എന്ന സുഹൃത്തിനേക്കാൾ ഒരു ജ്യേഷ്ഠൻ എന്ന നിലക്കാണ് എന്റെ ഭാവനിലകൾ രൂപം കൊണ്ടത്. മസ്കറ്റിൽ തങ്ങിയ വീക്കെന്റുകളിൽ നടത്തിയ നടത്തങ്ങളും യാത്രകളും ട്രെക്കിങ്ങുകളും ശരീരത്തെക്കാളും കൂടുതൽ മനസ്സിനെയാണ് പരിപോഷിപ്പിച്ചത്. സാമൂഹ്യവും സാംസ്കാരികവും ആഗോളസാമ്പത്തികവും ആത്മീയവും സ്വകാര്യവും ആയ പല വിഷയങ്ളും ഞങ്ങൾ സംസാരിച്ചു. ചില സാങ്കേതിക കാര്യങ്ങൾ ഞാൻ എന്റെ ചുരുങ്ങിയ വിവരവും വിവേകവും വെച്ച് പറയുമ്പോൾ അതെല്ലാം ക്ഷമയോടെ കേട്ട് അതിന്റെ പല അർത്ഥതലങ്ങളെയും പറ്റി വീണ്ടും ചോദിച്ചറിയുന്ന ഒരു നല്ല ശ്രോതാവിനെ മധു ഏട്ടനിൽ ഞാൻ കണ്ട വേറിട്ടൊരു അനുഭവമാണ്.
സ്വന്തം മകൻ ഗോപീകൃഷ്ണന്റെ എഞ്ചിനീയറിംഗ് സെർട്ടിഫിക്കറ്റ് കിട്ടിയ സമയത്തുതന്നെ അത് സത്‌സംഗത്തിൽ പങ്കിട്ട മധു ഏട്ടന്, എന്നെ എന്റെ അച്ഛന്റെ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ സാധിച്ചു എന്നതും ഒരു സത്യമാണ്. നാട്ടിലുള്ള പ്രിയതമ പ്രമീള ചേച്ചിയും മക്കളായ ഗോപിക, ഗോപീകൃഷ്ണൻ എന്നിവരിൽ നിന്നും വളരെ അകലെ ഇങ്ങു മസ്കറ്റിൽ താമസിക്കേണ്ടി വന്നതിന്റെ നഷ്ടസ്വപ്നങ്ങൾ നെഞ്ചിലേറ്റി, അമ്മയിൽ ഉപാസനാരൂപത്തെ പ്രതിഷ്ഠിച്ചു ഒരു കർമയോഗിയെ പോലെ കഴിഞ്ഞ മധു ഏട്ടൻ എനിക്കൊരു റോൾ മോഡൽ ആയില്ലെങ്കിൽ പിന്നെന്താണ്!
മധു ഏട്ടനും കുടുംബത്തിനും എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും മനഃസമാധാനവും ശാന്തിയും അമ്മയിലെ നിതാന്ത ഭക്തിയും നേർന്നുകൊണ്ട്__
മനു
12/ജൂൺ/2020
🙏🙏
ReplyDeleteThanks
Delete🙏😍
ReplyDeleteThanks
DeleteManu super
ReplyDeleteThank you..
DeleteReality .so nicely you described Many. Its very true.Madhuji's motivation interaction to everyone compassion to others,sharing these characters, really we should mention.HE IS A TRUE AMMAS DEVOTEE. AMMA BLESS YOU ALWAYS
ReplyDeleteശെരിയാണ്... മധു ഏട്ടൻ ഒരു യഥാർത്ഥ "അമ്മയുടെ മകൻ" തന്നെയാണ് !
Delete