സുഹൃദ് സ്മരണ > ഫിറോസ് "നമ്മുടെ" ഖാൻ
ഗൂഡോൾ 96 ||
കൊറോണ
വൈബ്സ്
- അദ്ധ്യായം
28
ഫിറോസ് "നമ്മുടെ" ഖാൻ
സഹൃദയരേ,
രംഗം
ഒന്ന് ..
കാലം-
1994 ലെ ഒരു വസന്തകാലം
സ്ഥലം-
പാലക്കാട്
പ്രാന്തപ്രദേശം-
അകത്തേത്തറ
ഷോട്ട്-
കോളേജിലെ നോട്ടീസ് ബോർഡ്
ലോകപ്രശസ്തമായ
എൻ എസ് കോളേജിലെ നോട്ടീസ് ബോർഡാണ്... അതിനു അതിൻ്റെതായ ആഡംബരവും സൗന്ദര്യവും ഉണ്ടാവണമല്ലോ... സ്വാഭാവികമായും അതിന്മേൽ വരുന്ന എല്ലാ കടലാസുകൾക്കും അതിലെ ഉള്ളടക്കത്തിന്റെ ഗൗരവം
വെച്ചുള്ള പ്രാധാന്യം ഉണ്ടാവും..
അന്നൊരു
തിങ്കളാഴ്ച ആയിരുന്നു... സമയം കാലത്ത് എട്ടുമണിയോടടുത്താണ്.. വിദ്യാർത്ഥികൾ ഒറ്റയ്ക്കായും
കൂട്ടമായും ക്‌ളാസുകളിലേക്കു ഒഴുകി കൊണ്ടിരിക്കുന്നു.. ആ ഒഴുക്കിലെ ചില ധാരകൾ ഈ നോട്ടീസ്
ബോർഡ് നോക്കിയേ പോകൂ... അങ്ങനെ അവർ നോട്ടീസുകൾ ഒന്നൊന്നായി പഠിക്കുന്നു...
ആഹാ..
പുതിയൊരു നോട്ടീസുണ്ടല്ലോ... എല്ലാർക്കും ആവേശമായി.. കൈപ്പടയിൽ എഴുതി ഉണ്ടാക്കിയ വരികൾ...
കാവ്യാല്മകമായ വരികൾ... ഉള്ളടക്കം ഏതാണ്ട് ഇങ്ങനെ ഇരിക്കും...
ഫ്ലാഷ്
ന്യൂസ്...
"സൂർത്തുക്കളെ..
നമ്മൾ ഇവിടെ ബക്കറ്റ് ടെക്‌നോളജി പഠിക്കാൻ വന്നതാണല്ലോ... നമ്മളിൽ പലരും ഭാവിയിൽ പല
ജോലികൾ ചെയ്യുമായിരിക്കും... ചിലർ സിനിമയിൽ പോകാം... അപ്പോൾ സിനിമയെ കുറിച്ചു പഠിക്കാൻ
സിനിമ കാണാം... പക്ഷെ കമ്മീഷണർ സിനിമ കാണാൻ സിനിമ നടൻ ഫിറോസ് ഖാനോടൊത്തു പോയ നടികർ
സംഘത്തെ അറിയണ്ടേ കൂട്ടരേ... മാധുരി, മഹേഷ്, ഡയാന, മീനാക്ഷി, മീന... നായകൻറെ വീട്ടിൽ
ബിരിയാണിയും മാറ്റിനിക്ക് ആരോമയിൽ ഐസ് ക്രീമും..."
ഇത്
കണ്ട കുട്ടികൾ ഈ ചൂടേറിയ വാർത്തയെ കാട്ടുതീ പോലെ പടർത്തി.. നായകൻ ഖാനും ഉപനായകനും നടിമാരും
പെട്ടു... സുരേഷ് ഗോപിയുടെ ആ തകർപ്പൻ ഡയലോഗ് ആണ് അന്ന് രാത്രി മുഴുവൻ അവരുടെ കർണപടങ്ങളിൽ
മുഴങ്ങിയത്..."മോഹൻ തോമസിന്റെ ഉച്ചിഷ്ടവും..."
അവർക്കു
അന്നത്തെ ഉറക്കം നഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ... ഖാന്റെ ഉപജാപക സംഘം ഈ കടുംകൈ
ചെയ്തവരെ കയ്യോടെപൊക്കി... കോളേജിൽ ചില ലൊട്ടുലൊടുക്ക് റിപ്പയറിങ് വർക് ചെയ്തിരുന്ന
സംഘമാണെന്ന് മനസ്സിലാക്കി... അവർക്കുള്ള കൂലി വരമ്പത്തു തന്നെ കൊടുത്തു തീർത്തു...
രംഗം
രണ്ട് ..
കാലം-
2017 ലെ ഒരു ശിശിരകാലം
സ്ഥലം-
കൊച്ചി
പ്രാന്തപ്രദേശം-
പനമ്പിള്ളി നഗർ
ഷോട്ട്-
മമ്മുക്കാന്റെ തട്ടുകട
ദുബൈ,
ഷാർജ, അജ്‌മാൻ എന്നീ സ്ഥലങ്ങളിലെ കുടിയേറ്റവും പൊറുതിയും ഒക്കെ മതിയാക്കി നമ്മുടെ നായകൻ
ഫിറോസ് ഖാൻ തന്റെ സ്വന്തം തട്ടകമായ “നുമ്മ കൊച്ചി”യിൽ വീണ്ടും തലയും വാളും പൊക്കാൻ
തുടങ്ങിയ സമയം. തന്റെ പഴയ രഥമായ യമഹ ആർ എക്സ് 100 ബൈക്കിൻറെ ഓർമയിൽ പുതിയ ഫോർഡ് സ്പോർട്ട്
കാറിൽ ആണ് അവന്റെ ഇപ്പോഴത്തെ ചെത്തൽ.. അങ്ങനെ ഒരു സായാഹ്നത്തിൽ മമ്മുട്ടിയുടെ ചായയും
കടിയും തേടി ഇറങ്ങിയ ഖാൻ പനമ്പിള്ളി നഗറിലെ തട്ടുകടക്കു ഓരത്തു വണ്ടി പാർക്ക് ചെയ്തു..
ഒരു ദോശയും ഓംലറ്റും ഓർഡർ ചെയ്യുന്നു.
അപ്പോളാണ്
പാതയോരത്തിലൂടെ പഴയ മീന നടന്നു വരുന്നത്. അവന് ശിരസ്സ് മുതൽ പെരുവിരൽ വരെ കറണ്ട് ഡിസ്ചാർജ്
ആയപോലെ.. വേണമോ വേണ്ടയോ... എന്ന സംശയം ഒരു വശത്ത്... ഒരു പാട് കാലത്തിനു ശേഷം സൗഹൃദം
പുതുക്കാനുള്ള ത്വര മറ്റേ വശത്തും... രണ്ടും കല്പിച്ചു വിളിച്ചു..."മീനാ..."
മീന
തിരിഞ്ഞു നോക്കി... തമിഴ് സിനിമയിലെ വില്ലനെ പോലെ ഒരുത്തൻ... മന്ദം മന്ദം അടുത്തേക്ക്
വരുന്നു... കൊച്ചി നഗരത്തിൽ ജീവിച്ച എല്ലാ ധൈര്യവും സംഭരിച്ചു മീന ചോദിച്ചു..."ഇയാളാരാ...
എന്താ വേണ്ടത്... എനിക്ക് തന്നെ അറിയില്ലാ..."
തമിഴ്
വില്ലൻ കിലുക്കം സിനിമയിലെ ജഗതിയെ പോലെ ആയി... "ഹം ഉസ്‌കെ സാഥ് ജഗ്ഡാ കിയാ..."
എന്ന് പറയുന്ന പോലെ "അയ്യോ... എന്നെ മനസ്സിലായില്ലേ.... ഞാൻ... പണ്ട് കമ്മീഷണറിനു
ഐസ് ക്രീം വാങ്ങിച്ചു തന്ന ഫിറോസ് ഖാൻ... " ഐസ് ക്രീം, കമ്മീഷണർ എന്നൊക്കെ കേട്ടപ്പോൾ
മീനയും സംശയത്തിൽ ആയി... അവൾ നടന്നു നീങ്ങി... അപ്പോൾ നമ്മുടെ നായകൻ; യഥാർത്ഥ നായകൻ
ലാൽ ആയി... "നിനക്കിപ്പോൾ എന്നെ മനസ്സിലായില്ല എന്ന് പറഞ്ഞില്ലേ... എൻ്റെ യമഹ
ആർ എക്സ് 100 ഓർമ്മയുണ്ടോ..."
ഗാഥാ
ജാം എന്ന ലാൽ സീൻ വായനക്കാർ ഓർക്കുക... ആർ എക്സ് 100 എന്ന് പറഞ്ഞതോടു കൂടി നമ്മുടെ
നായകനെ തിരിച്ചറിയുന്നു... അങ്ങനെ സൗഹൃദം വീണ്ടും പൂത്തു തളിർക്കുന്നു... അന്നത്തെ
കമ്മീഷണർ ഹാങ്ങോവർ തീർക്കാൻ ഒരു ഐസ് ക്രീം കൂടി തിന്നിട്ടാണ് അന്ന് അവർ പനമ്പിള്ളി
നഗറിലെ വടക്കോട്ടും തെക്കോട്ടും പോയി മറഞ്ഞത് എന്ന് കഥാകൃത്തിന്റെ ഭാവന....
ഈ
ഒരു ഇൻട്രോ ഫിറോസിന് മാത്രമുള്ളതാണ്... ഫിറോസിനേ ഇത് ചേരൂ.. അത്രക്കും നാടകീയമാണ് നമ്മുടെ
സ്വന്തം ഖാൻ ആയ ഫിറോസിന്റെ നിറം പിടിപ്പിച്ച കഥകൾ...
രംഗം
മൂന്ന് ..
കാലം-
1992 ലെ ഒരു ഓണക്കാലം
സ്ഥലം-
അകത്തേത്തറ കോളേജ്
പ്രാന്തപ്രദേശം-
ലൈബ്രറി സമുച്ചയം ഒന്നാം നില
ഷോട്ട്-
ഇലക്ട്രിക്ക് ഷോക് ഏൽക്കാത്ത സിവിൽ ക്‌ളാസ്
ലോകപ്രശസ്തമായ
കളമശ്ശേരി ഇൻറർവ്യൂ മാമാങ്കം കഴിഞ്ഞു എല്ലാരും ആദ്യത്തെ ക്‌ളാസിൽ ഇരിക്കുകയാണ്. തുടക്കം
ആയതു കൊണ്ടാവാം ടീച്ചർമാരൊന്നും വന്നില്ല. ആ തക്കം നോക്കി സീനിയേഴ്സ് എന്ന പരുന്തുകൾ
ഫ്രഷേഴ്‌സ് എന്ന കോഴികുഞ്ഞുങ്ങളെ വട്ടമിട്ട് പറക്കാൻ തുടങ്ങിയിരുന്നു. നമ്മുടെ എ ബാച്ചിലും
വന്നു ചില പരുന്തുകൾ.
ഫിറോസും
കഥാകൃത്തും ലാസ്റ്റ് ബെഞ്ചിലാണ് ഇരുന്നിരുന്നത്. പരസ്പരം സംസാരിച്ചിട്ടൊന്നുമില്ല.
അന്ന് ഞാൻ ഒരു വീണക്കമ്പി പോലെ ഒരു ഭിക്ഷാംദേഹി പരുവം ആയിരുന്നല്ലോ. ഫിറോസ് ആണെങ്കിൽ
ഒരു തടിമാടനും. ഞങ്ങളെ കണ്ടു ഒരു പരുന്ത് അടുത്ത് വന്നു.. എന്നോട് സ്വകാര്യമായി ഉച്ചത്തിൽ
പറഞ്ഞു..."എടാ നീ മാറി ഇരുന്നോ... ലെവൻ നിന്നെ പെരുമ്പാമ്പ് നീർക്കോലിയെ വിഴുങ്ങുന്ന
പോലെ തിന്നു കളയും..." വലിയൊരു ചളം ഇറക്കിയ സന്തോഷത്തിൽ എല്ലാ പരുന്തുകളും ആർത്തു
വിളിച്ചു.
കരയണോ
ദേഷ്യം കാണിക്കണോ എന്നറിയാതെ ഒരു പാവം വള്ളുവനാടൻ പയ്യൻ ഫിറോസിന്റെ അടുത്ത് നിന്നും
മാറി ഇരുന്നു. അന്നാണ് ഞാൻ ആദ്യമായും അവസാനമായും ഫിറോസിന്റെ അടുത്ത് ക്‌ളാസിൽ ഒരേ ബെഞ്ചിൽ
ഇരുന്നത്.
വള്ളുവനാട്
എന്ന് പറയുമ്പോൾ ഫിറോസിന് ആ നാടുമായുള്ള അഭേദ്യമായ ബന്ധം പറഞ്ഞെ തീരൂ... അവൻ്റെ അച്ഛൻ
ജാഫർ ഖാനും അമ്മ റസിയയും ഫോർട്ട് കൊച്ചിക്കാർ ആണെങ്കിലും അവർക്കു പാലക്കാടുമായി ആത്മബന്ധം
തന്നെയുണ്ട്. കാഞ്ഞിരപ്പുഴ ഡാം സൈറ്റിൽ ആണ് അവൻ്റെ അച്ഛനെ എ ഇ ആയിട്ട് പി ഡബ്ല്യൂ ഡി
ആദ്യം പോസ്റ്റ് ചെയ്യുന്നത്. പിന്നീട് അദ്ദേഹം ഷൊർണൂർ ഓഫീസിൽ വന്നപ്പോൾ ഷൊർണൂർ സ്‌കൂളിൽ
പഠിച്ചു. പിന്നീട് കാഞ്ഞിരപ്പുഴ മൈനർ ഇറിഗേഷൻ ഓഫീസിൽ ആയപ്പോൾ കണ്ണിയംപുറം സെവൻത് ഡേ
സ്‌കൂളിലും പിന്നീട് ഒറ്റപ്പാലം എൻ എസ് എസ് സ്‌കൂളിലും. അതിനു ശേഷം പാലക്കാട് ഓഫീസിൽ
വന്നപ്പോൾ ഭാരത് മാതാ സ്കൂൾ. അവിടെ കളക്ട്രേറ്റിന് സമീപം ആയിരുന്നു ക്വാർട്ടേഴ്‌സ്.
അവൻ
പ്രീ ഡിഗ്രി ചെയ്തത് വിക്ടോറിയയിൽ ആണ്. എൻ എസ് എസിലും ആദ്യത്തെ രണ്ടു വര്ഷം ഡേ സ്കോളർ
ആയി അവിടുന്നാണ് വന്നിരുന്നത്. അച്ഛൻ റിട്ടയർ ചെയ്തു കൊച്ചിയിലേക്ക് തിരിച്ചു പോയപ്പോൾ
ആണ് ഫിറോസ് യൂ വി എസിൽ വരുന്നത്.. ഫിറോസിന്റെ ഏക അനിയത്തി കുടുംബത്തോടൊപ്പം ഫോർട്ട്
കൊച്ചിയിൽ ഉണ്ട്.
ഫിറോസിന്
കോളേജിലെ ആദ്യ നാല് സെമസ്റ്ററുകൾ വലിയ ബഹളം ഒന്നുമില്ലാതെ പോയി. പിന്നെയാണ് വിഷയങ്ങളുടേയും
പുസ്തകങ്ങളുടെയും ടീച്ചർമാരുടെയും സ്വഭാവം മാറുന്നത് അവൻ മനസ്സിലാക്കിയത്. പിന്നെ സ്വയം
കുറെ യുദ്ധം ചെയ്തു നോക്കി പക്ഷെ എതിരാളികൾ വില്ലാളിവീരർ... രക്ഷയില്ല... യു വി എസിൽ
ഹോസ്റ്റൽ ജീവിതം തുടങ്ങി. കുറച്ചൊക്കെ താളവും ലയവും കിട്ടി തുടങ്ങി. അതിനിടക്ക് അവന്
മറക്കാൻ കഴിയാത്ത സംഗതി എസ്ത്രീയിലെ ടൂർ ആണ്.
അരുണിന്റേയും
പിന്നീട് ബോബിയുടെയും കഥകളിൽ നിറഞ്ഞു നിന്ന കോസ്റ്റൽ എഞ്ചിനീയറിംഗ് പരീക്ഷാ ഓപ്പറേഷനിൽ
ഫിറോസും പങ്കു കൊണ്ടു. കേവ്‌സിലേക്കുള്ള ഓട്ടവും പാമ്പും ഇരുട്ടും എല്ലാം ഒരു യക്ഷിക്കഥ
പോലെ അവനു ഇന്നും ഓർമയുണ്ട്.
നമ്മുടെ
ബാച്ചിലെ ആദ്യ വിവാഹ എൻഗേജ്മെൻറ് ഒരു പക്ഷെ ഫിറോസിന്റെ ആയിരിക്കും. നമ്മുടെ അവസാന വര്ഷം
തന്നെ അവൻ്റെ വിവാഹം ഉറപ്പിച്ചിരുന്നു. അതോടു ബന്ധപ്പെട്ട ചില വർണാഭമായ കഥകൾ യൂ വി
എസിൽ വെച്ച് ഞങ്ങളെ അവൻ പറഞ്ഞു കേൾപ്പിക്കുമായിരുന്നു.
ബോബിയുടെ
ഓർമ്മകൾ കേട്ടാൽ... കുന്തമില്ലാതെ ലുട്ടാപ്പി വരില്ല എന്നു പറയുമ്പോലെ യമഹ ബൈക്ക് ഇല്ലാത്ത
ഫിറോസ് എന്നത് സങ്കല്പിക്കാൻ പറ്റുന്നതല്ല. ഒരു പക്ഷെ ക്‌ളാസിൽ കേറ്റാൻ അനുമതി കിട്ടിയിരുന്നെങ്കിൽ
അവൻ അവൻ്റെ യമഹയിൽ കയറി നേരെ ബെഞ്ചിലേക്ക് ചാഞ്ഞേനെ!
താരതമ്യേന
വലിയ ശരീരം ആയിരുന്നെങ്കിലും ആയാസരഹിതമായ ചലനങ്ങൾ ആണ് അവൻ നടത്തിയിരുന്നത്. ക്രിക്കറ്റ്
കളിക്കാനും മറ്റും അവനു യാതൊരു ബുദ്ധിമുട്ടും കണ്ടിരുന്നില്ല. മാത്രമല്ല ഒരു സ്റ്റൈലിഷ്
ബാറ്റിംഗ് അവനുണ്ടായിരുന്നു. എല്ലാ ഷോട്ടും അനായാസമായിട്ടാണ് അവൻ കളിക്കുക. കോഴ്സ്
കഴിഞ്ഞിട്ട് പോലും ബോബി ഫിറോസിന്റെ ക്ലബിന് വേണ്ടി കളിച്ചിട്ടുണ്ട്.
ഒരു
ജോവിയൽ ആൻഡ് ലവ്ലി കാരക്ടർ... അതാണ് ഫിറോസ്.. ആരുമായും ഇടിച്ചുകേറി എന്നാൽ സംയമനത്തോടെ
സംസാരിക്കാൻ മടിക്കാത്ത പ്രകൃതം.. ഫാത്തിമയെ “ബേഗം” എന്നും ബിജിയെ തിരിച്ചും “കുട്ടീ”
എന്നും വിളിച്ചു എപ്പോഴും ഒരു നിഷ്‌കളങ്ക ചിരി ഫിറ്റ് ചെയ്തു സംസാരിക്കുന്ന ഫിറോസ്..
ഇത്രയും വലിയ ശരീരം ആണെങ്കിലും അവന്റെ ശാരീരം വളരെ കൗതുകവും കുട്ടിത്തം ഉള്ളതും ആയിരുന്നു.
ബോബി ഇത്രയും പറഞ്ഞു നിർത്തി.
ഇനി
ഫാത്തിമ ബീഗത്തിൻ്റെ ഓർമകളിലേക്ക്.. "ഫിറോസ് എൻ്റെ ലാബ് മേറ്റ് ആയിരുന്നു എങ്കിലും
കൂടുതൽ ഓർമയിൽ വരുന്നത് ബിജിയും ഫിറോസും തമ്മിലുള്ള ചെറിയ ചെറിയ വഴക്കുകൾ ആണ്. സത്യത്തിൽ
അവരുടെ അസാധാരണമായ സൗഹൃദം മാറി നിന്ന് ഞാനും ആസ്വദിച്ചിട്ടുണ്ട്. അതോണ്ടായിരിക്കണം
ഫിറോസിനെ കുറിച്ചു ചിന്തിച്ചപ്പോൾ അത്തരം ഓർമകളുടെ ഇമേജുകൾ മനസ്സിൽ കയറിവന്നത്. അവർ
തമ്മിലുള്ള ഒരിക്കലും ചേരാത്ത രൂപസാദൃശ്യവും ഈ ഓർമ്മകൾ തങ്ങി നിർത്തുവാൻ കാരണം ആയിട്ടുണ്ട്.
കോഴ്സിന് ശേഷം ഫിറോസിനെ പറ്റി വിശേഷങ്ങൾ ഒന്നും അറിയാത്തത് കൊണ്ട് മറ്റൊന്നും ഓർമയിൽ
വരുന്നില്ല. ഫിറോസിനെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു". ബിജിയുടെ ഓർമ്മകൾ
പങ്കുവെച്ച പോലെ തന്നെ ഫാത്തിമയുടെ മധുരമായ വാക്കുകളിലൂടെ അവൾ പറഞ്ഞു നിർത്തി.
"ഫിറോസ്..."
ബിജിയുടെ നാടകീയമായ ഓപ്പണിങ്! "ഫിറോസ് എൻ്റെ കോളേജിലെ ബെസ്ററ് ഫ്രണ്ട് ആണെന്ന്
അറിയാമോ? ഞങ്ങളുടെ രണ്ടുപേരുടെയും സൈസ് നോക്കി എല്ലാരും കളിയാക്കുമായിരുന്നു; ഉറുമ്പും
ആനയും എന്ന് പറഞ്ഞിട്ട്... ഫിറോസിന് അതൊന്നും വലിയ കാര്യം അല്ലായിരുന്നു. എപ്പോഴും
എന്തെങ്കിലും ജോക്കും ചളവും പറഞ്ഞിരിക്കും. പലപ്പോഴും അതൊക്കെ എന്നെ ഇറിറ്റേറ്റ് ചെയ്യുന്ന
സ്ഥിതി എത്തും. അപ്പോൾ എൻ്റെ ശുണ്ഠി അതിൻ്റെ പാരമ്യത്തിൽ എത്തും. ഞാൻ ഇരിക്കുന്നതിന്റെ
നേരെ പിന്നിൽ ആണ് ഫിറോസ് ഇരുന്നിരുന്നത്. എപ്പോഴും എന്തെങ്കിലും പറഞ്ഞു എന്നെ പിരികേറ്റിക്കൊണ്ടിരിക്കും.
ശുണ്ഠി പലപ്പോഴും വരുമെങ്കിലും ബോറൻ ക്‌ളാസ്സുകളിൽ അതൊക്കെ ഒരു രസവുമായിരിക്കും."
"സംസാരിക്കാൻ
ഒരു മടിയും ഇല്ലായിരുന്നു ഫിറോസിന്. വീട്ടിലെ കാര്യങ്ങളും സംസാരിക്കാറുണ്ട്. ഫിറോസിന്റെ
മോനിപ്പോൾ 23 വയസ്സായിക്കാണും... ഡിഗ്രി കഴിഞ്ഞല്ലോ... ഫിറോസിന്റെ വഴി പിന്തുടരുകയാണെങ്കിൽ
മോന്റെ കല്യാണം ആവാറായി. അപ്പോൾ ഫിറോസ് ആണ് നമ്മുടെ ഇടക്ക് ആദ്യമായി അപ്പൂപ്പൻ/അമ്മൂമ്മ
പട്ടത്തിന് യോഗ്യൻ" എന്നാണ് ബിജിയുടെ വെളിപാട്.
നമ്മുടെ
ക്ലാസ്സിലെ ഏറ്റവും വലിയ ശരീരത്തിന് ഉടമ ആയിരുന്നെങ്കിലും ഫിറോസിന്റെ സംസാരം നമ്മുടെ
ഇടയിൽ ഏറ്റവും എളിമയുള്ളതും അവൻ്റെ ശബ്ദം ഏറ്റവും
കാഠിന്യം കുറഞ്ഞതും ആയിരുന്നു എന്ന് ഹനീഫ. ടൂറിലെ ഒരു ലൈവ് കഥാപാത്രം ആയിരുന്നു
ഫിറോസ് എന്നും ഹനീഫയുടെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു. എളിമയാണ് ഫിറോസിന്റെ പേഴ്സണാലിറ്റി!
എസ്പിയുടെ
ഓർമ്മകൾ ഇങ്ങനെ..."പാലക്കാട്ട് വന്ന സമയത്തു എനിക്ക് ബൈക്കോടിക്കാനൊന്നും വലിയ
പിടിയില്ല.. ഒരു ദിവസം ഫിറോസ് ഒലവക്കോട്ടുനിന്നും കോളേജിലേക്ക് ഓടിക്കാൻ അവൻ്റെ യമഹ
എനിക്ക് തന്നു. ഹെവി വെയ്റ്റ് ആയി പിന്നിൽ ഫിറോസും. അവൻ്റെ എൻ്റെ മേലുള്ള വിശ്വാസവും
എന്നെ ധൈര്യപ്പെടുത്താനുള്ള അവന്റെ ശ്രമവും ശ്‌ളാഘനീയം ആണ് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ...
അങ്ങനെ ഒരു മീഡിയം സ്പീഡിൽ അകത്തേത്തറ വഴി കോളേജിലേക്ക് വരുന്ന രണ്ടു യുവകോമളന്മാരെ
ഓർത്തുകൊള്ളുക. ആ ദിവസത്തെ ആദ്യ ക്‌ളാസ് ഇറിഗേഷൻ ആണ്. അതിൻ്റെ ആവേശത്തിൽ ഞാൻ അമ്പലം
കഴിഞ്ഞു വാസുപിള്ള സ്ട്രീറ്റിലേക്ക് തിരിച്ചതും ഞാൻ അതുവരെ അവിടെ കാണാത്ത മലമ്പുഴ ഇറിഗേഷൻ
കനാലിൽ ദേ കെടക്കുന്നു ഞാനും ഫിറോസും ബൈക്കും... എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.
ബൈക്കിനും ഫിറോസിനും കാര്യമായി ഒന്നും സംഭവിച്ചില്ല. എൻ്റെ കൈയൊടിഞ്ഞു. ഇപ്പോൾ അതെല്ലാം
ഓർക്കുമ്പോൾ ഫിറോസിന്റെ അസാമാന്യ ധൈര്യത്തെ വണങ്ങാതെ വയ്യ!"
ഹരീഷിനെ
“കുറു” എന്ന് വിളിച്ചു തുടങ്ങിയത് ഫിറോസ് ആണ്... അത് അവര് തമ്മിൽ എന്തോ സെറ്റ് അപ്പ്
ആണ്... തടിയനായ ഫിറോസ്, രസികനായ ഫിറോസ്, തമാശക്കാരനായ ഫിറോസ്, എപ്പോഴും ചിരിക്കുന്ന
ഫിറോസ്, മറ്റുള്ളവരെ ചിരിപ്പിക്കുന്ന ഫിറോസ്, നേരമ്പോക്ക് ഫിറോസ്, ബൈക്കുള്ള ഫിറോസ്,
നല്ല തള്ള് തള്ളുന്ന ഫിറോസ്, കുസൃതിക്കാരൻ ഫിറോസ്... അങ്ങനെ ഫിറോസിനെ വർണിക്കാൻ ഹരീഷിന്
പല ഓർമകളും ഉണ്ട്. സുബ്രുവും ഫിറോസും ആരംഭം മുതലേ നല്ല കൂട്ടായിരുന്നു. പ്രീ ഡിഗ്രി
മുതൽ അവർ പല ക്രൈമിലും കൂടെയുണ്ട്. സുബ്രു, ഫിറോസ്, രാജേഷ് ബാബു എന്നിവരുടെ വിവാഹം
വളരെ പെട്ടെന്നു നടക്കുകയുണ്ടായല്ലോ.
ഹരീഷ്,
ഫിറോസ്, ജിനു ജോസഫ്, ദിനേശ്, ഫാത്തിമ, എലിസബത്ത്, ജഗ്ഗു ഇതായിരുന്നു ലാബ്/പ്രൊജക്റ്റ്
മേറ്റ്സ്. ഇതിൽ ഇത്തിരി എങ്കിലും സീരിയസ് ജഗ്ഗു മാത്രം ആയിരുന്നു... ഫാത്തിമ പിന്നെ
പാവം ആണല്ലോ! ജഗ്ഗുവിന്റെ ക്ഷമയുടെ നെല്ലിപ്പടി ഫിറോസ് പലതവണ പരീക്ഷിച്ചിട്ടുണ്ട്.
പലപ്പോഴും സീരിയസ് കാര്യങ്ങളെ ലാഘവത്തോടെ ആണ് ഫിറോസ് എടുത്തിരുന്നത്. ഒരു പക്ഷെ അവന്റെ
ധൈര്യം അങ്ങനെയാണ് വന്നിരുന്നത് എന്ന് തോന്നുന്നു. ബിഷറിന്റെ കൂടെ സ്വല്പം പഞ്ചാരക്കുട്ടപ്പൻ
ആവാനും ഫിറോസിന് മടി ഇല്ലായിരുന്നു. ക്രാബ്സ് ഗാങ്ങിലും വളരെ ആക്റ്റീവ് ആയി ഫിറോസ്
ഉണ്ടായിരുന്നു.
ഫിറോസിന്റെ
പ്രകോപനപരമായ ടാർഗെറ്റുകൾ ബിജിയും ജഗ്ഗുവും അൽത്താഫും അനിൽചോലക്കാടും ആയിരുന്നു. പലപ്പോഴും
ആട്ടഹസിച്ചുള്ള ചിരിയിൽ അവസാനിക്കുമെങ്കിലും നാലു
പേരും ഫിറോസിനെ പലപ്പോഴും പഞ്ഞിക്ക് ഇട്ടിരുന്നു എന്ന ഓർമയിൽ ഹരീഷ് പറഞ്ഞു നിർത്തി.
കോഴ്സിന്
ശേഷം ഫിറോസ് കൊച്ചിയിൽ തന്നെ കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി ചെയ്തിരുന്നു. ആ സമയത്ത് സുബ്രു,
എസ്പി, എന്നിവരുമായി നല്ല ആശയവിനിമയം ഉണ്ടായിരുന്നു. 2001 ലാണ് അവൻ ദുബായ് പോകുന്നത്.
അവിടെയും ശ്യാം, സുജിത്, അജയ് എന്നിവരുമായും പിന്നീട് എസ്പി അവിടെ എത്തിയപ്പോൾ അവനുമായും
നല്ല രീതിയിൽ ബന്ധം തുടർന്നു. ഒരു പാകിയുമായി ഒരു നിർമാണ കമ്പനി കൊണ്ട് നടത്തുകയായിരുന്നു
പിന്നീടവൻ അടുത്ത 17 നീണ്ട വർഷങ്ങൾ. ദുബായ് എന്ന സ്വപ്നനഗരിയും അവിടത്തെ സ്വപ്നങ്ങളും
കാളരാത്രികളും സുഖവും ദുഃഖവും സമാധാനവും എല്ലാം പിന്നെ അവൻ്റെ ജീവിതമായി മാറി. രണ്ടു
മൂന്നു വർഷം രാജേഷ് വി ആർ അവൻ്റെ ഒപ്പം ജോലി ചെയ്തിട്ടുണ്ട്. 2018 ൽ പ്രവാസ ജീവിതം
അവസാനിപ്പിച്ചു കൊച്ചിയിലേക്ക് മടക്കം. ഇപ്പോൾ തിരിച്ചു നിർമാണവും റിയൽ എസ്റ്റേറ്റും
ഒക്കെ ആയി വീണ്ടും ഫോർട്ട് കൊച്ചിക്കാരൻ ആണ് ഫിറോസ്.
ഇനി
കൊളാഷിലേക്കു നോക്കുമ്പോൾ അവൻ്റെ അച്ഛനെയും അമ്മയെയും കാണാം. ഫിറോസിന്റെ മോൾ ഇപ്പോൾ
ഏഴാം ക്‌ളാസിൽ ആണ്. തെന്നിന്ത്യയിലെ പ്രശസ്തനായ നടൻ റിയാസ് ഖാൻ അവന്റെ അളിയനാണ്. ഫിറോസ്
ഖാൻ എന്ന പേരിനു ഒരു പര്യായം തന്നെ ആണല്ലോ ഹിന്ദി നടൻ ഫിറോസ് ഖാൻ. രാജേഷ് ഖന്ന, അമിതാഭ്
ബച്ചൻ എന്നീ ലെജൻഡുകളുടെ യൗവന കാലത്തു വേറിട്ടൊരു ഭാവവും നോട്ടവുമായി ഫിറോസ് ഖാൻ തകർത്താടി.
ഫിറോസ്
ഖാൻ എന്നൊക്കെ പറയുമ്പോൾ എന്റെ മനസ്സിൽ ഓടി വരുന്ന കഥാപാത്രങ്ങൾ നമ്മുടെ ലാൽ സിനിമകളിലെ
ബോംബെ അധോലോകത്തിലെ ദാദകൾ ആണ്. ആര്യൻ, ഇന്ദ്രജാലം, അഭിമന്യു തുടങ്ങി അനവധി സിനിമകളിൽ
അത്തരം റോളുകൾ ഉണ്ടായിട്ടുണ്ട്. ഈ അടുത്ത കാലത്തു ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ലൂസിഫറിലെ
അബ്ദുൾ… ബോംബയിലെ ധാരാവി കേന്ദ്രമാക്കി അന്താരാഷ്‌ട്ര ഡ്രഗ്‌സ് മാഫിയാ തലവൻ ഫിയോദോറിന്റെ
കൈയാളായി തിളങ്ങിയ നടൻ മലയാളിയായ സുരേഷ് ചന്ദ്ര മേനോൻ ആണ്. പൊന്നാനിയിൽ ജനിച്ച സുരേഷ്
പ്രശസ്തനായത് തമിഴിലെ പുതിയ മുഖം എന്ന സിനിമയിലൂടെ ആണ്. അതിലെ നായകനും സംവിധായകനും
സുരേഷ് ആയിരുന്നു.
കൊച്ചിയും
ദുബൈയും ജീവിതത്തിലെ പല നിർണായക ഘട്ടങ്ങളിലും നിറഞ്ഞു നിൽക്കുമ്പോഴും പാലക്കാടും വള്ളുവനാടും
എന്നും ഫിറോസിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളാണ്. ലോകത്തിലെ ഏത് വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ പോയാലും കിട്ടാത്ത സുഖവും ആനന്ദവും സമാധാനവുമാണ് നമുക്ക് പാലക്കാട് എന്ന
സ്ഥലത്തിൽ എന്നും അനുഭവിക്കാനുള്ളത്. ഫിറോസ് എന്ന പോസിറ്റീവ് സുഹൃത്തിനെ പറ്റി ഇത്രയൊന്നും
എഴുതാൻ കഴിയും എന്ന് കരുതിയതല്ല... ഓർമ്മകൾ പങ്കുവെച്ച എല്ലാ പൊസിറ്റീവ് സുഹൃത്തുക്കൾക്കും
ആദരവും അതിരറ്റ നന്ദിയും അറിയിക്കുന്നു.
അടുത്ത
സ്റ്റേഷൻ രവിലാൽ !
ഏവർക്കും
നല്ലതു മാത്രം നേർന്നു കൊണ്ട്…
സസ്നേഹം എം പി
മസ്‌കറ്റ്
6 മെയ് 2020 | 1:15 pm
Comments
Post a Comment