ആദരാഞ്ജലി > എം പി വീരേന്ദ്രകുമാർ
എം പി വീരേന്ദ്രകുമാർ - ആദരാഞ്ജലികൾ
വീരൻ:: സോഷ്യലിസ്റ്റും സാഹിത്യകാരനും —
28 മെയ് 2020 —
ആരാധ്യനായ പൊതുപ്രവർത്തകനും മലയാള വൈജ്ഞാനിക സാഹിത്യത്തിലെ അതികായനും അതിലുപരിമാതൃഭൂമി പത്രകുടുംബത്തിന്റെ അമരക്കാരനും ആയിരുന്ന ശ്രീ എം പി വീരേന്ദ്രകുമാർ ചരിത്രത്തിലേക്ക് വിടവാങ്ങി. എന്റെ കുട്ടിക്കാലം മുതൽക്കേ സുപരിചിതമായ ഒരു പേരും വ്യക്തിത്വവുമാണ് അദ്ദേഹത്തിന്റേത്.
ഓർമയുള്ള കാലം മുതൽക്കേ വീട്ടിൽ മാതൃഭൂമി ദിനപത്രം ആയിരുന്നു വായന. മനോരമയുടെ വ്യക്തമായ രാഷ്ട്രീയ ചായ്‌വാണ് അതിനു കാരണം എന്ന് പിന്നീട് ഞാൻ വായിച്ചറിഞ്ഞു.
അപ്പോൾ; ഒരു വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഉള്ള ഒരാളുടെ കാർമികത്വത്തിൽ നിന്നും വരുന്ന പത്രം എങ്ങനെ അൺ-ബയാസ്ഡ് ആവും എന്നൊരു ചോദ്യം അന്നും ഇന്നും ഞാൻ മറുപടി പ്രതീക്ഷിക്കാതെ സൂക്ഷിച്ചു.
പാലക്കാട്ട് തരൂർ സ്വദേശി കെ പി കേശവമേനോൻ സ്ഥാപിച്ച മാതൃഭൂമി എങ്ങനെ വീരേന്ദ്രകുമാറിന്റെയോ പി വി ചന്ദ്രന്റെയോ നടത്തിപ്പിൽ എത്തി എന്നൊന്നും അന്വേഷിക്കാൻ ഞാൻ മുതിർന്നില്ല.
പത്രത്തേക്കാളും ബഹുമാനം ആഴ്ചപ്പതിപ്പിന് കിട്ടുന്ന ഒരേയൊരു ബ്രാൻഡ് ആണ് മാതൃഭൂമി എന്ന എന്റെ വേറിട്ടചിന്ത തന്നെ ആകണം ഇന്നും ആ പേരിലുള്ള എന്തും വായിക്കാനുള്ളൊരിഷ്ടം തരുന്നത്. എത്രയോ മഹാനുഭാവർ തങ്ങളുടെ സാഹിത്യസൃഷ്ടികൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരാൻ ഉറക്കമിളച്ചുകാത്തിരുന്നുകാണും... ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവാം.
അദ്ദേഹത്തിന്റെ സവിശേഷമാർന്ന പ്രസംഗശൈലി ഞാൻ കേട്ടത് പാലക്കാട് മൊയൻസ് സ്‌കൂളിൽ വെച്ച്അദ്ദേഹം നടത്തിയ ഒരു തെരഞ്ഞെടുപ്പ് കാംപൈയിനിൽ ആയിരുന്നു എന്ന് തോന്നുന്നു. രാഷ്ട്രീയംസാഹിത്യത്തിൽ മുക്കി സദസ്യർക്ക് മനസ്‌സിലാവുന്ന ഭാഷയിലും ഈണത്തിലും അദ്ദേഹം ചെയ്ത ആ സോഷ്യലിസ്റ്റ് പ്രസംഗം എന്നെ വളരെയധികം ആകർഷിച്ചു.
[എന്താണ് സോഷ്യലിസം?
ഉൽപാദന മാർഗങ്ങളുടെ പൊതു ഉടമസ്ഥാവകാശത്തെ (കൂട്ടായ അല്ലെങ്കിൽ പൊതു ഉടമസ്ഥാവകാശം എന്നുംഅറിയപ്പെടുന്നു) അടിസ്ഥാനമാക്കിയുള്ള ഒരു ജനകീയ സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥയാണ് സോഷ്യലിസം. മനുഷ്യന്റെ ആവശ്യങ്ങൾ നേരിട്ട് നിറവേറ്റുന്നതിനായി ലക്ഷ്യമിടുന്ന ചരക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നയന്ത്രങ്ങൾ, ഉപകരണങ്ങൾ, ഫാക്ടറികൾ എന്നിവ ആ മാർഗങ്ങളിൽ ഉൾപ്പെടുന്നു. സാമ്പത്തിക ചിന്തയുടെ രണ്ട്ഇടതുപക്ഷ വിദ്യാലയങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ് കമ്മ്യൂണിസവും സോഷ്യലിസവും; രണ്ടുംമുതലാളിത്തത്തെ എതിർക്കുന്നു, പക്ഷേ സോഷ്യലിസം 1848 ലെ കാൾ മാർക്സും ഫ്രീഡ്രിക്ക് ഏംഗൽസുംഎഴുതിയ "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" എന്ന ലഘുലേഖയ്ക്ക് മുൻപാണ്.
തികച്ചും സോഷ്യലിസ്റ്റ് സമ്പ്രദായത്തിൽ, നിയമപരമായ ഉൽപാദന, വിതരണ തീരുമാനങ്ങളെല്ലാം സർക്കാർഎടുക്കുന്നു, ഭക്ഷണം മുതൽ ആരോഗ്യ സംരക്ഷണം വരെ എല്ലാത്തിനും വ്യക്തികൾ ഭരണകൂടത്തെആശ്രയിക്കുന്നു. ഈ ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്പന്നത്തിന്റെയും വിലയുടെയും അളവ് സർക്കാർനിർണ്ണയിക്കുന്നു.
വിഭവങ്ങളുടെ പങ്കിട്ട ഉടമസ്ഥാവകാശവും കേന്ദ്ര ആസൂത്രണവും ചരക്കുകളുടെയും സേവനങ്ങളുടെയും തുല്യമായ വിതരണവും കൂടുതൽ തുല്യമായ നിലക്ക് നൽകുന്നുവെന്ന് സോഷ്യലിസ്റ്റുകൾ വാദിക്കുന്നു.
സോഷ്യലിസം വിശദീകരിച്ചു
സോഷ്യലിസത്തിന് കീഴിലുള്ള പൊതു ഉടമസ്ഥാവകാശം സാങ്കേതിക, പ്രഭുവർഗ്ഗ, ഏകാധിപത്യ, ജനാധിപത്യ, അല്ലെങ്കിൽ സ്വമേധയാ ഉള്ള ഭരണത്തിലൂടെ രൂപപ്പെട്ടേക്കാം. മുൻ സോവിയറ്റ് യൂണിയനും നാസി ജർമ്മനിയും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ചരിത്രപരമായ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. സമകാലിക ഉദാഹരണങ്ങളിൽക്യൂബ, വെനിസ്വേല, ചൈന എന്നിവ ഉൾപ്പെടുന്നു.]
രാമന്റെ ദുഃഖവും, ഗാട്ടിന്റെ കാണാച്ചരടും പിന്നെ ഹിമവാനും
രാമന്റെ ദുഃഖം
എന്റെ എഞ്ചിനീയറിംഗ് ബിരുദ പഠന കാലത്താണ് അദ്ദേഹത്തിന്റെ വൈജ്ഞാനിക സാഹിത്യപരമായ ബുക്ക്“രാമന്റെ ദുഃഖം" പുറത്തു വരുന്നത്;1995ൽ. ബാബറി മസ്ജിദിന്റെ പൊളിക്കലും ബി ജെ പി യുടെ മുന്നേറ്റവും ആർ എസ് എസ് ഇന്ത്യയുടെ ഭരണചക്രം കൈയാളുന്നതിന്റെ ഭാവിചിത്രവും എല്ലാം വളരെ വ്യക്തമായി പ്രതിപാദിക്കുന്ന ഒരു സൃഷ്ടിയാണ് അത്. അന്ന് വായിക്കാൻ കഴിയാതിരുന്ന ആ പുസ്തകം ഈ അടുത്തകാലത്താണ് എനിക്ക് വായിക്കാൻ ഒത്തത്.
അദ്ദേഹത്തിന്റെ പല രാഷ്ട്രീയ പ്രവചനങ്ങളും നമ്മുടെ കണ്ണിനുമുന്നിൽ യാഥാർഥ്യമായി ഭവിച്ചു... ഇപ്പോളും തുടരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചട്ടക്കൂടുകളും പലപ്പോഴും പൊളിച്ചു പുതുക്കിപ്പണിയേണ്ടി വന്നിട്ടുമുണ്ട്.
എൻ പി മുഹമ്മദിന്റെ ആമുഖത്തിലേക്കു ഒന്ന് കണ്ണോടിച്ചാൽ —
ചോദ്യമില്ലെങ്കിൽ മൗനം അതിനു പകരം വരുന്നു. മൗനം, ഫാസിസം ആഗ്രഹിക്കുന്ന ഒന്നാണ്. മൗനം കുറ്റകരം ആവുന്നു. അന്വേഷണത്തിന്റെ ദുർഘടമായ പാത അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ആപത്ത് വിചാരക്ഷാമമാണ്. അതാണ് ഇല്ലാതാക്കേണ്ടത്. ഈ പ്രബന്ധങ്ങൾ ആ വഴിക്കു നീങ്ങുന്നു. ഇവ വർത്തമാനകാലനിഷ്ഠം മാത്രമല്ല; ഇവ ഭാവിയിലേക്ക് വജ്രസൂചികൾ പായിക്കുന്നു.
ഇനി ശ്രീ വീരേന്ദ്രകുമാറിന്റെ വൈജ്ഞാനിക എഴുത്തിലൂടെ —
ബ്രിട്ടീഷുകാർ നമ്മെ ഭിന്നിപ്പിച്ചിരിക്കാം. ഇല്ലെന്നു പറയുവാൻ വയ്യ. പക്ഷെ, അതൊന്നുകൊണ്ടുമാത്രമാണോ ഇന്ത്യവിഭജിക്കപ്പെട്ടത്? അഥവാ അതുമാത്രമായിരുന്നോ വിഭജനത്തിന് വഴിയൊരുക്കിയ പ്രഥമവും പ്രധാനവും ആയകാരണം? അല്ലെന്നു പറയുന്നു; ചരിത്രവസ്തുതകൾ. രാഷ്ട്രീയാധികാരം കയ്യിൽ കിട്ടാൻ ആർത്തിയോടെ കാത്തിരുന്ന ഏതാനും ചില വ്യക്തികളുടെ ദുരയും ധൃതിയും വിഭജനത്തിന് കളമൊരുക്കുന്നതിൽ പ്രധാനപങ്ക്വഹിച്ചിട്ടില്ലേ?
ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലെയും മറ്റു ന്യുനപക്ഷങ്ങളിലെയും മതേതരത്വവീക്ഷണമുള്ളവർ യോജിച്ചുനിൽക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കിൽ സാധ്യത എന്തിനെന്നോ? വർഗീയത ഇവിടെ കൂടുതൽശക്തിയോടെ വളരും. ദില്ലി വർഗീയതയുടെ കൈപ്പിടിയിൽ അമരും. വർഗീയതയുടെ എല്ലാ കെടുതികളും തന്മൂലംഈ നാട്ടിൽ സംഭവിക്കും. അത് ആപൽക്കരമാണെന്ന് പറയേണ്ടതില്ലല്ലോ!
500 കൊല്ലങ്ങളുടെ ചരിത്രത്തിന്റെ പിന്നിലേക്ക് അവർ തിരിഞ്ഞു നോക്കുന്നത് 5 കൊല്ലം ഭരിക്കാനുള്ള വിഭവംകണ്ടെത്താനാണ്.
മുസ്ലീങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാമുദായികമായി സംഘടിക്കുകയല്ല വേണ്ടത്: മറിച്ച്, സെക്യൂലറായി സംഘടിക്കുകയാണ് വേണ്ടത്. സെക്യൂലർ ഇന്ത്യയിൽ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾവർഗീയവാദികൾ അല്ല.
ഒരു ലേഖനത്തിൽ അദ്ദേഹം 1975-ലെ അടിയന്തിരാവസ്ഥ പ്രമാണിച്ചു നടന്ന ചില സംഭവങ്ങൾ പറയുന്നുണ്ട്. ഞങ്ങളുടെ തീരുമാനവും എന്റെ പരിപാടിയും എന്തെന്ന് എ കെ ജി ചോദിച്ചതിന് ജയിലിൽ പോവുക തന്നെ എന്ന്ഞാൻ മറുപടി നൽകി. പെട്ടെന്ന് എ കെ ജി ക്ഷുഭിതനായി ഇങ്ങനെ പറഞ്ഞു: “എന്തിന് നീ ജയിലിൽ പോകണം? നീ കട്ടിട്ടുണ്ടോ? എനിക്ക് നിന്റെ പ്രായമായിരുന്നു എങ്കിൽ ഞാൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവരെ തകർത്തുകളയുമായിരുന്നു.“
ഗാട്ടും കാണാച്ചരടുകളും
രാജ്യത്തിന് അപായകരമായ വകുപ്പുകളും ഉള്ളുകള്ളികളും വെളിപ്പെടുത്തുന്ന ലേഖനങ്ങള്‍.
തൊണ്ണൂറുകളിൽ ലോകം മുഴുവൻ വ്യാപാരവികേന്ദ്രീകരണവും മാർക്കറ്റ് ലിബറലൈസേഷനും എന്നചിലന്തിവലയിൽ പെട്ടുഴറിയപ്പോൾ അതിന്റെ ഭാവിയിലെ നൂലാമാലകളെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ച ബുക്കാണ് ഗാട്ടും കാണാച്ചരടുകളും.
ഹൈമവതഭൂവിൽ
പുരാണത്തിന്റെയും ജീവിതത്തിന്റെയും ഇന്ത്യൻ ചരിത്രത്തിന്റെയും അതിശയകരമായ ഒരു കൂടിച്ചേരലായി മാറിയവിശുദ്ധ സ്ഥലങ്ങളെയും ക്ഷേത്രങ്ങളെയും കുറിച്ചുള്ള യാത്രാവിവരണം.
ഒരു യാത്രാവിവരണത്തേക്കാൾ കൂടുതൽ അത് അജ്ഞാതമായ കെട്ടുകഥകളെയും ചരിത്രത്തെയും കാണിച്ചുതരുന്നു.
നമുക്കും ഞങ്ങളുടെ കുട്ടികൾക്കുമായി മനോഹരമായ ഈ ഭൂമി സംരക്ഷിക്കുക എന്ന മഹത്തായ ആശയംവായനക്കാരുടെ ബോധമണ്ഡലത്തിലേക്കു ആവാഹിച്ചുകൊണ്ടുനിറക്കുന്ന മലയാളത്തിലെ എന്നത്തേയുംമഹത്ഗ്രന്ഥം... ഹൈമവതഭൂവിൽ !
ഉപസംഹാരം
എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ കേരളത്തിന് മഹാനായ ഒരു സാഹിത്യകാരനും വാഗ്മിയും സർവോപരി സാമൂഹ്യചിന്തകളിൽ സ്ഥിരം ഇടപെട്ടിരുന്ന ഒരു പൊതുപ്രവർത്തകനെയും ആണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തോടും സഹപ്രവർത്തകരോടും ഒപ്പം അദ്ദേഹത്തിന്റെ പരേതാത്മാവിന് നിത്യശാന്തിനേർന്നുകൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.
മനു
മസ്കറ്റ്
29 മെയ് 2020
നല്ല നിരീക്ഷണം
ReplyDeleteThanks
Delete