കഥ > കുങ്കുമപ്പൂക്കൾ
കുങ്കുമപ്പൂക്കൾ
“യു ആർ ഫയേർഡ് മജ്‌റൂഹ്... ഫൈനലി...”
പ്രോജക്റ്റ് ഡയറക്ടർ പീറ്റർ കോളിൻസ് അങ്ങിനെയാണ്! ഐറിഷ് കാരനായ അങ്ങേർക്ക്, നേരെ വാ നേരെപോ, എന്നേ ഉള്ളൂ... വെട്ടൊന്ന്, തുണ്ടം രണ്ട്... എന്നാലും ഒരാളുടെ ജോലി നഷ്ടപ്പെട്ടാലെങ്കിലും കുറച്ചുമനുഷ്യത്വം കാണിച്ചൂടെ! റെക്കമെൻഡേഷൻ ഒന്നും വേണ്ട... ഒരു ആശ്വാസ വാക്കെങ്കിലും? അതിന് അതയാളുടെ
രക്തത്തിൽ ഇല്ലല്ലോ... അല്ലെങ്കിൽ എനിക്കിങ്ങനെ ഒരു ഗതി വരില്ലല്ലോ... ദുബായ് ബിസിനസ് ബേ-യിലുള്ള അംബരചുംബിയിലെ ഇരുപത്തെട്ടാം നിലയിലെ, അന്നുവരെ സ്വന്തം എന്ന് വിചാരിച്ചിരുന്ന ക്യാബിനിൽ ഇരുന്ന് മജ്‌റൂഹ് വിയർത്തു കുളിച്ചു!
ജോബ് സെക്യൂരിറ്റി കുറവായിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് മാനേജ്മെന്റ് ഇങ്ങനെയൊരു കടുംകൈ കാണിക്കും എന്ന് മജ്‌റൂഹ് സ്വപ്നേപി വിചാരിച്ചതല്ല! തന്റെ പെർഫോമൻസ് ഇഷ്യൂ കൊണ്ടല്ല ഈ പിരിച്ചുവിടൽ എന്നുറപ്പാണ്. കാരണം കഴിഞ്ഞ മാസമാണ് ഏറ്റവും നല്ല എൻജിനീയർക്കുള്ള പ്രൈസ് ഈ പീറ്റർ തന്നെ സമ്മാനിച്ചത്. ഇനിയിപ്പോൾ ബംഗാളി ഫിനാൻസ് മാനേജരുടെ കുരുട്ടുബുദ്ധിയിൽ വന്ന ആശയം ആയിരിക്കുമോ? അല്ലെങ്കിൽ ആ സുഡാനി മാർക്കറ്റിംഗ് മാനേജരുടെ പൊളിറ്റിക്സ് ആവാം... മജ്‌റൂഹ് ചിന്തകളുടെ ചിലന്തിവലയിൽ പെട്ടുഴറി!
രാവിലെ എച് ആർ എക്സിക്യൂട്ടീവ് കിരൺ ഖേത്രി വിളിച്ചപ്പോൾ തന്നെ എന്തോ അപകടം മണത്തതാണ്. പക്ഷെ ഇത്രയും വലിയൊരു അപകടത്തിൽ പെടുമെന്ന് വിചാരിച്ചില്ല! അടുത്ത പത്തുദിവസം കൊണ്ട് ജോബ് ഹാൻഡിങ് ഓവർ എല്ലാം കഴിച്ചു ഓഫീസ് ഒഴിയണം എന്നാണ് എച് ആർ ഇമെയിൽ പറയുന്നത്. ഏറ്റവും ചുറുചുറുക്കോടെ പ്രോജക്റ്റ് നടത്തിയിരുന്ന എഞ്ചിനീയർ എങ്ങനെയാണ് ഇത്രവേഗം വേണ്ടാതാവുന്നത്!
മജ്‌റൂഹിന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു... ഒരാശ്വാസവാക്കിനുപോലും ആരും തനിക്കില്ലാതെ പോയല്ലോ. സഹപ്രവർത്തകരോട് ജോലി രാജി വെക്കുകയാണ് എന്നാണ് എച് ആർ പറയാൻ ഉപദേശിക്കുന്നത്! താനെന്തിന് നുണ പറയണം! അതിനുമാത്രം താൻ എന്ത് തെറ്റാണ് ചെയ്തത്...
ചോദ്യം അധികം വേണ്ട.. എഗ്രിമെന്റ് പ്രകാരം അടുത്ത മൂന്നുമാസത്തെ ശമ്പളം കമ്പനി തരുന്നുണ്ട്... പിന്നെന്താ? എച് ആർ ശബ്ദം കടുപ്പിച്ചപ്പോൾ മജ്‌റൂഹ് നിശബ്ദനായി. റെസിഗ്‌നേഷൻ ലെറ്റർ ഒപ്പിട്ടു കൊടുത്തു... അക്നൊളേജ്‌മെന്റ് കൈപ്പറ്റി.
എച് ആർ ഫോർമാലിറ്റി കഴിഞ്ഞതും മജ്‌റൂഹ് നേരെ പോയത് പീറ്ററിനെ കാണാൻ ആണ്. എന്തിനാണ് തന്നെ ഇങ്ങനെ ഒരു ബലിയാടാക്കുന്നത് എന്നറിയണമല്ലോ.
“വെൽ... മജ്‌റൂഹ്... കമ്പനി ഹാസ് ലോസ്റ്റ് എ ബിഗ് കോണ്ട്രാക്റ്റ്... സൊ ദിസ് ഈസ് എ സ്റ്റാർട്ട് ഓൺലി”! തന്നെ ആശ്വസിപ്പിയ്ക്കാൻ എന്തായാലും പീറ്റർ അങ്ങനെ പറയില്ല... കാരണം ഇമോഷണൽ മാനേജ്മെന്റ് അയാൾക്ക് പതിവില്ല. ചെയർമാനുമായി അടുപ്പം ഉള്ളതുകൊണ്ട് അങ്ങേര് പറയുന്ന കാര്യങ്ങൾക്ക് വിശ്വാസം കൂടുതലാണ്.
സ്വന്തം ടീമിലെ ആരെയും അന്ന് മജ്‌റൂഹ് കണ്ടില്ല. കണ്ടാൽ, അവരെങ്ങാനും കാരണം ചോദിച്ചാൽ... സ്വതവേ ബേജാർ മാഷായ താൻ ഇനിയെങ്ങാനും കരഞ്ഞുപോയാലോ! വലിയൊരു പബ്ലിസിറ്റി ഒന്നും ആക്കാതെ മെല്ലെ അങ്ങോട്ട് വലിയാം...
വിചാരങ്ങളുടെ വേലിയേറ്റത്തിൽ മജ്‌റൂഹ് വല്ലാതെ വിളറി വെളുത്തു. എന്ത് ചിന്തിക്കണം, ആരോട് സംസാരിക്കണം, എങ്ങോട്ട് പോകണം, ഇനിയെന്ത് വേണം — അങ്ങനെ ഒരായിരം സംശയങ്ങൾ മനസ്സിൽ വന്നു തിരയടിച്ചുകൊണ്ടേ ഇരുന്നു. ഒന്നിനും ഒരുത്തരവും ഇല്ലാത്ത പോലെ. അല്ലെങ്കിലും സാഹിബയുമായുള്ള ആറുമാസത്തെ ബന്ധം ഡിവോഴ്സ് ആയതുമുതൽ മജ്‌റൂഹ് ഉത്തരങ്ങൾ തേടി പരാജയം അടയുകയാണ്!
ഒരു വർഷം മുൻപാണ് ഡിവോഴ്സ് എന്ന മഹാനാടകം തീർന്നത്. ആറുമാസത്തെ കൗണ്സലിങ്ങും വാദങ്ങളും ഒക്കെ കഴിഞ്ഞു അവസാനം പിരിയുമ്പോഴേക്കും മനസ്സൊരുപാട് മുറിവേറ്റിരുന്നു. പ്രൊസീജ്യർ പെട്ടെന്ന് തീർക്കാൻ തന്റെ ആൺ എന്ന ഭാവത്തെ പോലും ആക്രമിച്ച വാദമുഖങ്ങൾക്കു മുൻപിൽ മജ്‌റൂഹ് ഉത്തരങ്ങൾ ഒന്നുമില്ലാതെ തട്ടി തടഞ്ഞു വീണു. ഡൽഹിയിലെ ബാരക്കമ്പ റോഡിൽ നിന്നും ചാണക്യപുരിയിലേക്കുള്ള സ്ഥിരം യാത്ര വേദനയുടെ ആഴം കൂട്ടിക്കൊണ്ടേ ഇരുന്നു!
ഗുർഗാവിലെ പ്രോജക്ടിലെ എ ജി എം ആണ് ദുബായിലെ അദ്ദേഹത്തിന്റെ ഒരു ചങ്ങാതിയോട് മജ്‌റൂഹിനെ പറ്റിപറയുന്നത്. “ഹി ഈസ് എ വെരി ഗുഡ് എഞ്ചിനീയർ, ബട്ട് ഹി നീഡ്‌സ് സം ഹെല്പ് നൗ.. പ്ലീസ് !” അങ്ങനെ ആണ് അയാൾ ദുബായിലെ ഒരു അംബരചുംബിയുടെ നിർമാണത്തിൽ ഭാഗമാവുന്നത്.
കഴിഞ്ഞ ഒരു വർഷം കണ്ടമാനം കഷ്ടപ്പെട്ടു. സാഹിബയെ വിട്ടുപിരിഞ്ഞ പോറലുകൾ തീർക്കാൻ ആയിരുന്നു അതെല്ലാം. എന്നാലും സ്നേഹം എന്ന മാന്ത്രികന്റെ അടുത്ത് ഒന്നും ഒളിച്ചുവെക്കാൻ ആവില്ലല്ലോ. മജ്‌റൂഹ് സാഹിബയെ ജീവനെപോലെ സ്നേഹിച്ചിരുന്നു എന്നതാണ് സത്യം.
രണ്ടുമാസം മുൻപ് തങ്ങളുടെ ഒരു പൊതുവായ സുഹൃത്ത് വഴിയാണ് സാഹിബാ പുനർവിവാഹം ചെയ്തത് അറിഞ്ഞത്; അവളുടെ ജൂനിയർ ആയിട്ട് ഒരേ കോളേജിൽ പഠിച്ചിരുന്ന ഒരാൾ. തങ്ങളുടെ ബന്ധത്തെ അവൾ വിവാഹത്തിന് മുൻപ് എതിർത്തിരുന്നു എന്നത് പിന്നീടാണ് മജ്‌റൂഹ് അറിഞ്ഞത്. അപ്പോഴേക്കും വിവാഹമോചനം ഏതാണ്ട് അവസാന സ്റ്റേജിൽ ആയിരുന്നു.
“സാബ്‌ജി... ആജ് ദേർ ഹോ ഗയെ”? ഓഫീസ് ബോയ് റെഡ്‌ഡി അവന്റെ വാക്വമ് ക്ളീനർ ആയി എന്നത്തേയും അവസാനത്തെ പണി ചെയ്തുവരികയാണ്. ചിന്തകളുടെ കുത്തൊഴുക്കിനെ പിടിച്ചുനിർത്തി മജ്‌റൂഹ് റെഡ്‌ഡിയെ നോക്കി ചോദിച്ചു.. “തും ആഗയാ? ഹാ ഥൊഡാ സാ.. മേ ജാതാ ഹൂ..” മുഖത്ത് സ്വല്പം ചിരി വിടർത്തി എന്നാക്കി.
അന്ന് രാത്രി മജ്‌റൂഹ് ഉറങ്ങിയില്ല. പഴയ ഇൻസോംനിയ വീണ്ടും തിരിച്ചു വരുന്നോ എന്ന പേടി അയാളെ വല്ലാതെ അലട്ടി. പഴയ ആന്റി-ഡിപ്രെസന്റ് മരുന്നുകളുടെ കുറിപ്പടി അയാൾ എവിടെനിന്നോ തപ്പി എടുത്തു. പത്തുവർഷം മുൻപ് അച്ഛന്റെ മരണം കൊണ്ടുണ്ടായ ഷോക്ക് ആയിരുന്നു അന്നത്തെ പ്രശ്നം. ഡൽഹിയിലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ മജ്‌റൂഹിന്റെ ബാപ്പൂ...
ലക്‌നോ വണ്ടി ഇറങ്ങി വന്നിരുന്ന ബാപ്പൂ പഹാഡ്ഗഞ്ച് മാർക്കറ്റിൽ കൂടി നടന്നു വരുമ്പോളാണ് ആ ബോംബ് പൊട്ടിയത്. ഗുരുതരമായി പരുക്കേറ്റ ബാപ്പുവിനെപ്പറ്റി അറിയുന്നത് പിറ്റേന്ന് രാവിലെയാണ്. അമ്മിയോടൊപ്പം ആശുപത്രിയിൽ പോയെങ്കിലും തങ്ങൾ എത്തുന്നതിനു മുൻപേ ബാപ്പു പരലോകം പുൽകിയിരുന്നു. തങ്ങളുടെ എല്ലാമായിരുന്ന ബാപ്പു ഇല്ലാതാവുന്നത് സ്വീകരിക്കാൻ തന്റെ മനസ്സ് തയ്യാറായതേ ഇല്ല. മൂന്നു മാസങ്ങൾ എടുത്തു ആ ഷോക്കിൽ നിന്നും കരകയറാൻ!
അമ്മിയും പിന്നെ രണ്ടു വർഷമേ കൂടെയുണ്ടായുള്ളൂ... അവർക്ക് ബാപ്പുവിന്റെ അടുത്തെത്താൻ ആയിരുന്നു തിടുക്കം... മജ്‌റൂഹിനേറ്റ ഷോക്ക് തീർന്നിരുന്നെങ്കിലും അമ്മിയുടെ മനസ്സിനെ ആ സ്ഫോടനം ആഴത്തിൽ മുറിവേല്പിച്ചിരുന്നു! അതറിയാൻ കുറെ സമയമെടുത്തു.
അതങ്ങനെയാണല്ലോ... ആഴമേറിയ മുറിവുകൾ ആദ്യമൊന്നും അറിയില്ല... അറിഞ്ഞുവരുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും!
എന്താണിനി ചെയ്യുക... ഡൽഹിയിലേക്ക് തിരിച്ചു പോകണോ.. ആരുമില്ലാത്തിടത്ത് എന്തിനു പോണം... ഇവിടെ ജോലി കിട്ടുക എന്നതും വലിയൊരു പ്രശ്നം തന്നെ! മജ്‌റൂഹ് ഉറക്കം കിട്ടാതെ കിടക്കയിൽ കിടന്നു വെന്തു. പിന്നെ ഏതോ യാമത്തിൽ അയാളുടെ കണ്ണുകൾ അടഞ്ഞു... പാതിമയക്കത്തിലേക്കു സ്വയം വഴുതി വീണു!
രാവിലെ ഉണർന്നപ്പോൾ സമയം വൈകിയിരിക്കുന്നു. ഉറക്കം നന്നേ കുറവായിരുന്നതിനാൽ ദേഹം ഒന്നാകെ വിങ്ങുന്നു. ഛർദിക്കാനുള്ള ചാൻസും ഉണ്ട്. എങ്ങനെയോ സമയത്തിന് ഓഫീസിലെത്തി. അല്ലെങ്കിൽ ആ കാരണം പറഞ്ഞു പത്തു ദിവസത്തെ നോട്ടിസ് പീരീഡ് പോലും അവർ റദ്ദാക്കാം... കിരൺ ഖേത്രി പറഞ്ഞിരുന്നു.
എല്ലാർക്കും ന്യൂസ് കിട്ടിയിട്ടുണ്ട്. പലരുടെയും മുഖത്തു സഹതാപം... ചിലർക്ക് ദുഃഖം, നിരാശ, സന്തോഷമുള്ളവരെയും കണ്ടു... എല്ലാരോടും ഒരൊറ്റ വാചകത്തിൽ ഒതുക്കി: “ഐ റിസൈൻഡ്... ടെൽ മി ഇഫ് യു ഹാവ് എനി ഓപ്പണിങ്”!
ഉച്ച തിരിഞ്ഞതോടെ തന്റെ മനസ്സിന്റെ ഭാവനില നോർമൽ അല്ലെന്നു അയാൾക്ക് ബോധ്യപ്പെട്ടു. മനസ്സിന്റെ ബലഹീനത ശരീരത്തെ ആണ് ബാധിച്ചിരിക്കുന്നത്! സാഹിബാ എത്ര ശരിയായിരുന്നു! “നിങ്ങളുടെ മനസ്സിലെ വികാരങ്ങൾ നിങ്ങളുടെ ശരീരത്തെ കീഴടക്കിയിരിക്കുന്നു. കം ഔട്ട് ഓഫ് യുവർ ഫിയേഴ്സ്...അദർവൈസ് വി ആർ പാർട്ടിങ്...”
ഇനിയുമൊരു ഉറക്കമില്ലായ്മയുടെ കരാളഹസ്തത്തിലേക്കു സ്വയം കയറിച്ചെല്ലാൻ മജ്‌റൂഹ് തയ്യാറല്ലായിരുന്നു. ഇൻഷുറൻസ് കാർഡ് ഉള്ളതിനാൽ കമ്പനിയുടെ സ്ഥിരം ക്ലിനിക്കിൽ തന്നെ പോകാൻ അയാൾ തീരുമാനിച്ചു. അംബരചുംബികളുടെ ഇടയിലൂടെ മജ്‌റൂഹ് ഒറ്റയ്ക്ക് നടന്നു. നീറിപ്പുകയുന്ന ശരീരവും വിങ്ങുന്ന മനസ്സുമായി.
അവിടെ ഒരു മലയാളി ഫിസിഷ്യൻ ഡോ. സന്ദീപ് കുമാർ ഉണ്ടായിരുന്നു. വൈറൽ പനിയൊക്കെ വരുമ്പോൾ സ്ഥിരം കാണുന്നയാളാണ്. അതുകൊണ്ട് ഇനിയൊരു പരിചയപ്പെടുത്തൽ വേണ്ടിവരില്ലല്ലോ. അതിനൊക്കെ അയാൾക്ക് ഇപ്പോൾ മനസ്സുകെട്ടിരിക്കുന്നു! ശരീരത്തിനെ മനസ്സിന് എത്രകണ്ട് അശക്തമാക്കാൻ കഴിയും എന്ന് മജ്‌റൂഹ് അറിയുന്നു. ഇത് അസഹനീയമാണ്. ബാപ്പു തന്റെ അവസാനനിമിഷങ്ങളിൽ അനുഭവിച്ച വേദനയാണോ ഇത്... ആ സ്ഫോടനത്തിൽ രക്തത്തിൽ കുളിച്ചു പഹാഡ്ഗഞ്ചിലെ ഏതോ പാതയിൽ കിടക്കുമ്പോൾ ബാപ്പു അനുഭവിച്ച വേദന...
“സർ.. ഡോ. സന്ദീപ് ഈസ് ഓൺ ലീവ് ... വി ഹാവ് ഡോ. സൈറ സയ്ദ്... ഈസ് ദാറ്റ് ഫൈൻ”? റിസപ്‌ഷനിലെ ഫിലിപിനോ നേഴ്‌സിന്റെ ചോദ്യം. “ഇറ്റ്സ് ഓക്കേ...”! മജ്‌റൂഹിന് ഇനിയും പിടിച്ചു നിൽക്കാൻ ആവില്ല! ഡോ. സൈറ സയ്ദ്- എം ബി ബി എസ്, എം ഡി, ഫിസിഷ്യൻ-ഇന്റേണൽ മെഡിസിൻ... ടോക്കൺ നോക്കി തന്റെ ടേൺ കാത്തിരിക്കുമ്പോൾ തന്റെ മുന്നിലുള്ള ബോർഡിലെ ഈ എഴുത്ത് നിരവധി തവണ അയാൾ വായിച്ചു.
“ടോക്കൺ സെവൻ, മജ്‌റൂഹ്... റൂം നമ്പർ റ്റൂ”... ഫിലിപിനോ നേഴ്സിന്റെ വിളംബരം വന്നു. റൂം നമ്പർ റ്റു-വിന്റെ വാതിലിൽ മുട്ടി ഉള്ളിലേക്ക് കടന്നു.
“ഗുഡ് ആഫ്റ്റർനൂൺ, ഡോക്ടർ...”
“ഗുഡ് ആഫ്റ്റർനൂൺ... യെസ് മജ്‌റൂഹ് വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ”? ഡോ. സൈറ സയ്ദ് ഒരു ചെറുപുഞ്ചിരിയോടെ അയാളെ ഒന്ന് ശാന്തനാക്കി.
ഡോ. സന്ദീപ് കുമാറിനെ പ്രതീക്ഷിച്ചു കാണാൻ സാധിക്കാതെ വന്ന അയാളുടെ പരിഭ്രമം അയാളെ തന്നെ അത്ഭുതപ്പെടുത്തി. ഇത്രയും ചെറുപ്പം; സൈറ എന്ന് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചില്ല. എന്റെ മനസ്സിലുള്ള എല്ലാം ഇനിയെങ്ങനെ പറയും. അയാളുടെ മനസ്സിൽ ഇപ്പോൾ ചെറിയൊരു ജാള്യതയാണ് കയറിവന്നത്.
“യെസ്... ടെൽ മി ... വാട്ട് ഈസ് യുവർ പ്രോബ്ലെം”? ഡോ. സൈറ എങ്ങനെ വിടും? എന്തായാലും വന്നില്ലേ... ഒരു സൊല്യൂഷൻ ഇല്ലാതെ ഇന്ന് തിരിച്ചു പോകാൻ വയ്യ... ഇന്ന് രാത്രി കൂടി ഉറങ്ങാതിരിക്കാൻ കഴിയില്ല!
“യെസ് ഡോക്ടർ... ഐ ഹാഡ് ഇൻസോംനിയ ടെൻ ഇയേഴ്സ് ബാക്ക്".... തന്റെ കഴിഞ്ഞ പത്തിരുപത് വർഷത്തെ ജീവിതം പത്തു മിനിറ്റ് കൊണ്ട് മജ്‌റൂഹ് ഡോക്ടറുടെ മുന്നിൽ വിസ്തരിച്ചു... തന്റെ മാനസിക സംഘർഷം മുഴുവൻ പ്രകടമാക്കിക്കൊണ്ടു തന്നെ.
ലക്‌നോവിൽ നിന്നും ഡൽഹിയിലെ ചാണക്യപുരിയിലേക്ക് കുടുംബസമേതം ചേക്കേറിയതും നാഗ്പൂരിലെ എഞ്ചിനീയറിംഗ് പഠനവും തിരിച്ചു ഡൽഹിയിലെ കത്തിക്കാളുന്ന ചൂടിൽ ജോലി അന്വേഷിച്ചു നടന്നതും ഗുർഗാവിലെ ഉദ്യോഗവും പഹാഡ്ഗഞ്ചിലെ സ്ഫോടനവും സഫ്ദർജംഗ് ആശുപത്രിയിലെ അരണ്ട ഇടനാഴികളും ബാപ്പുവിന്റെ മരണവേദന സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങി ഉറങ്ങാതെ കിടന്ന രണ്ടു മാസങ്ങളും ആന്റി-ഡിപ്രെസന്റ് മരുന്നുകളുടെ പിടിയിൽ നിന്നും സ്വയം മോചിപ്പിച്ചതും അമ്മിയുടെ പിൻവാങ്ങലും ദുബായ് എന്ന മഹാനഗരത്തിന്റെ സ്വീകരണവും സാഹിബയും വേർപിരിയലും എല്ലാം ... ഡോ. സൈറ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു ഇടക്കെല്ലാം!
മജ്‌റൂഹ് എല്ലാം ഒറ്റശ്വാസത്തിൽ ആണ് പറഞ്ഞെടുത്തത്. അയാൾ ഓരോ സംഭവത്തിലും അവിടെ ഡോക്ടറിനു മുന്നിൽ ഓരോ മിനിറ്റായി ജീവിക്കുകയായിരുന്നു. അയാൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... ഇന്ന് രാത്രിഉറങ്ങണം... അതിന് എന്തുവേണമെങ്കിലും അയാൾ ചെയ്യും!
“ഐ അണ്ടർസ്റ്റാൻഡ് യു മജ്‌റൂഹ്...വി ക്യാൻ ഫിക്സ് ഇറ്റ്”! ഡോ. സൈറയുടെ വളരെ കൃത്യമായ വാക്കുകൾ കേട്ടപ്പോൾ തന്നെ മജ്‌റൂഹിന് പകുതി ജീവൻ വന്നു. രക്തം ടെസ്റ്റ് ചെയ്യണം... അതിലെ ചില ലോഹങ്ങളും മറ്റു എലിമെന്റ്സും എത്രയുണ്ട് എന്ന കണക്കെടുക്കണം. എന്നാലേ ശരിക്കും എന്താണ് പ്രശ്നം എന്ന് മനസ്സിലാവൂ! എന്തായാലും ഇന്നത്തേക്ക് ഉറക്കത്തിനുള്ള ചെറിയ ഒരു ഡോസും ചില വൈറ്റമിൻസും മാത്രം. നാളെ ഇതേസമയം വീണ്ടും.
“ഗിവ് ബ്ലഡ് ഫോർ ടെസ്റ്റ് ആൻഡ് ബൈ ദീസ് മെഡിസിൻസ്. സീ യു ടുമോറോ”... മലപോലെ വന്നത് എലിപോലെ പോയോ... താൻ എന്തൊക്കെ ആണ് വിചാരിച്ചത്!
അല്ലെങ്കിലും സാഹിബാ പറഞ്ഞിരുന്നപോലെ തന്റെ വിചാരങ്ങൾക്കായിരുന്നല്ലോ കുഴപ്പം. വേണ്ടതിനേക്കാൾ വേണ്ടാത്ത വിചാരങ്ങൾ! തിരിച്ചു വീട്ടിൽ എത്തിയപ്പോളേക്കും മജ്‌റൂഹ് ആകെ തളർന്നിരുന്നു; മനസ്സും ശരീരവും. അന്ന് രാത്രി അയാൾ സുഖമായി ഉറങ്ങി... ഒന്നും അറിയാതെ... ഓർമ്മകളിൽ സ്‌ഫോടനങ്ങൾ ഇല്ലാതെ... ശാന്തമായി!
പിറ്റേന്നും ഉച്ചക്ക് ശേഷം രണ്ടു മുതൽ രണ്ടര വരെയുള്ള സ്ലോട്ട് ആണ് ഡോ. സൈറ അനുവദിച്ചത്. “ഹൌ ആർയു മജ്‌റൂഹ് ടുഡേ"? തന്റെ സ്ഥിരം പുഞ്ചിരിയോടെ അവർ അയാളെ റിലാക്സ് ആക്കി. “ലോട്ട് ബെറ്റർ ഡോക്ടർ..” അയാളുടെ ശബ്ദത്തിൽ ആശ്വാസത്തെക്കാൾ കടപ്പാടിന്റെ ഈണമാണ് ഉണ്ടായിരുന്നത്! “യുവർ ബ്ലഡ് സീംസ് ഓക്കേ... ജസ്റ്റ് കണ്ടിന്യു സെയിം ടാബ്‌ലെറ്റ്സ് ഫോർ വൺ വീക്ക്”
കൂടെ മെഡിറ്റേഷൻ ആണ് ഡോ. സൈറ അയാൾക്ക് പറഞ്ഞുകൊടുത്തത്. നിങ്ങൾക്ക് മനസ്സിനാണ് കെയർ വേണ്ടത്... അവിടെ നിന്നാണ് നിങ്ങളുടെ ശരീരത്തിന് വേദന വരുന്നത്! ബാപ്പുവും അമ്മിയും അവരുടെ ജീവിതം കഴിഞ്ഞു ഈ വേദി വിട്ടൊഴിഞ്ഞിരിക്കുന്നു... നിങ്ങളെ വിട്ട്! അവിടെ നിങ്ങൾക്ക് ഒറ്റപ്പെടുന്ന തോന്നൽ ഉണ്ടെന്നുള്ളത് ശരിയാണ്. പക്ഷെ നിങ്ങളെപ്പോലെ തന്നെ അനവധി ഒറ്റപ്പെട്ടവർ നിറഞ്ഞതാണ് ഈ ലോകമാവുന്ന വിശാലവേദി. ഇവിടെ നിങ്ങൾക്ക് കുറേ കൂട്ടുകാരെ ലഭിക്കും... പക്ഷെ മനസ്സിനെ തയ്യാറാക്കിഎടുക്കണം! മജ്‌റൂഹ്, ഡോ. സൈറയെ കാണാൻ താൻ തീരുമാനിച്ച നിമിഷത്തെ നന്ദിപൂർവ്വം സ്മരിച്ചു.
അയാൾ ഓരോ ദിവസവും സമയത്തിന് തന്നെ സെഷനു വന്നിരുന്നു. ജീവിതത്തിൽ പുതിയ ഒരു പ്രകാശം വന്നു പരക്കുന്നത് അയാൾ അനുഭവിക്കാൻ തുടങ്ങിയിരുന്നു. ഓരോ ദിവസത്തെയും സെഷൻ അയാളെ ലക്ഷ്യത്തിന്റെ തിരിവെളിച്ചം കൊളുത്താൻ കൂടുതൽ പ്രോത്സാഹനം കൊടുത്തു.
അഞ്ചാമത്തേയും അവസാനത്തെയും ആയ ദിവസം... വ്യാഴാഴ്ച ... “യു ഹാവ് എനിതിങ് റ്റു ആസ്ക് മി”? ഡോ. സൈറയുടെ അങ്ങനെ ഒരു ചോദ്യം അയാൾപ്രതീക്ഷിച്ചതല്ല.
“സെ സംതിങ് എബൌട്ട് യൂ..” അയാൾക്ക് അപ്പോൾ അങ്ങനെ ചോദിക്കാനാണ് തോന്നിയത്!
“ഓക്കേ..” അതൊരു വലിയ ആശ്ചര്യമായാണ് അയാൾക്ക് തോന്നിയത്.
“ഓക്കേ..” അതൊരു വലിയ ആശ്ചര്യമായാണ് അയാൾക്ക് തോന്നിയത്.
“സീ അയാം ഫ്റം കശ്മീർ...” ബാരാമുല്ലാ ജില്ലയിലെ ഒരു കൊച്ചു ഗ്രാമം. ലോകത്തിലെ ഏറ്റവും നല്ല ആപ്പിളുകൾ ഉണ്ടാവുന്ന സ്ഥലം. തങ്ങൾക്കും ആപ്പിൾ ഫാം ഉണ്ടായിരുന്നു. മുത്തശ്ശന്റെ കാലം മുതൽക്കേ കുങ്കുമപ്പൂക്കളും കൃഷി ചെയ്തിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ സമയത്താണ് വീടിനടുത്ത് ചില അപരിചിതർ താമസിക്കാൻ വന്നത്. ആരോടും സംസാരിക്കാത്ത ചില യുവാക്കൾ. ആരോ പറഞ്ഞിരുന്നു അവർ എഞ്ചിനീയറിംഗ്വിദ്യാർത്ഥികൾ ആണെന്ന്.
സൈറ, ബാബ്, മൗജ് പിന്നെ അനിയൻ സൽമാൻ...എന്നിവരടങ്ങിയ ചെറിയ കുടുംബം. സൈറയും സൽമാനും മാത്രമായിരുന്നു ഈ ലോകം മുഴുവനും; തങ്ങളുടെ ബാബിനും മൗജിനും!
ഒരു ദിവസം രാത്രി വാതിലിലെ ശക്തമായ മുട്ടിവിളി കേട്ടാണ് താൻ ഉണർന്നത്. ബാബ് വാതിൽ തുറന്നപ്പോൾ രണ്ടു സൈനികർ വീട്ടിലേക്കു കയറി. “ഞങ്ങൾ അടുത്ത വീട് വളഞ്ഞിരിക്കുകയാണ്... അവിടെ നാല് ഭീകരർ ഉണ്ട്... എല്ലാരും പെട്ടെന്ന് പുറത്തേക്കു പോണം...” മൗജ് തങ്ങളുടെ അത്യാവശ്യം വേണ്ട രേഖകൾ സൂക്ഷിച്ചു വെച്ച ബാഗുമായി വന്നു. ബാബ് സൽമാനെ വിളിക്കാനായി റൂമിലേക്ക് പോവാനുള്ള ഒരടി വെച്ചതേ ഉള്ളൂ... അവന്റെ റൂമിനോട് ചേർന്നുള്ള അടുത്ത വീടിന്റെ ഭാഗത്തുനിന്നും അതി ശക്തമായ ഒരു സ്ഫോടനം നടന്നു. തങ്ങൾ മൂന്നുപേരും ഓൺ ദി സ്പോട്ട് ബോധം കെട്ടു വീണു. തങ്ങളെ സൈനികർ വന്നു അവിടെനിന്നും എടുത്തുകൊണ്ടുപോയി.
ബോധം വന്നപ്പോൾ ഏതോ സൈനിക ക്യാംപിൽ ആയിരുന്നു. മൗജ് അവരോട് കേണപേക്ഷിക്കുന്നുണ്ടായിരുന്നു... സൽമാൻ എവിടെ... അവനെ കണ്ടുകിട്ടിയില്ലേ? ബാബിന്റെ ഓർമ്മ ശക്തിക്ക് കാര്യമായ തകരാറാണ് ആ സ്ഫോടനം വരുത്തിയത്. അതിനു ശേഷം ബാബ് തങ്ങളോട് മിണ്ടിയിട്ടില്ല! ഭീകരരുടെ മുഴുവൻ ബോംബുകളും ഗ്രനേഡുകളും ഒന്നിച്ചു പൊട്ടിത്തെറിച്ചപ്പോൾ തങ്ങളുടെ സൽമാനും അതോടൊപ്പം...
പിന്നീട് ഡൽഹിയിലെ ഘിറ്റോർണിയിലെ ചെറിയച്ചന്റെ വീട്ടിലാണ് താമസവും മെഡിക്കൽ പഠനവും കഴിഞ്ഞത്. ഹൌസ് സെർജൻസി കഴിഞ്ഞതും ഗുർഗാവിലെ ഒരു ആശുപത്രിയിലെ ജോലി അത്യാവശ്യം സാമ്പത്തികമായി സഹായിച്ചു. പിന്നീട് ബാംഗളൂരിൽ എം ഡി... പിന്നെ നേരെ ദുബൈയിലേക്ക്... ഇപ്പോൾ കൺസൾട്ടന്റ്സൈക്കോളജിയുടെ ലാസ്റ്റ് പ്രോജക്റ്റ് ചെയ്യുന്നു... വിഷയം “റിലേഷൻഷിപ്സ് ഇൻ മൈഗ്രന്റ്‌സ്...” കുടിയേറ്റക്കാരിലെ ബന്ധങ്ങൾ... ബന്ധനങ്ങൾ... അങ്കലാപ്പുകൾ...
“ഒരു കണക്കിന് താനും ഞാനും എല്ലാം കുടിയേറ്റക്കാർ തന്നെ... സ്വന്തം നാടുകളിൽ നിന്നും മാറിയവർ... മാറ്റപ്പെട്ടവർ... എപ്പോഴും നാട്ടിലെ മണവും രുചിയും കാറ്റും നെഞ്ചിലേറ്റി നടക്കുന്നവർ..”
അപ്പോൾ ഇന്ന് സെഷൻ തീരുകയാണ്... സൈറ ഈ ആഴ്ച തന്റെ ബാബിനെയും മൗജിനെയും കാണാൻ ഡൽഹിയിലേക്ക് പോവുകയാണ്. അടുത്താഴ്ച ഡോ. സന്ദീപ് കുമാർ ജോയിൻ ചെയ്യും.
“ഇഫ് യു ഹാവ് എനി പ്രോബ്ലം ... മീറ്റ് ഡോ. സന്ദീപ്. ഹി വിൽ ഷുവർലി ഹെൽപ് യു..” സൈറയുടെ ആശ്വാസവാക്കുകൾ!
“ഐ വിൽ ടെൽ മൈ ബാബ്... ദാറ്റ് ഐ മെറ്റ് സൽമാൻ ഇൻ ദുബൈ... ഹി വിൽ ബി വെരി ഹാപ്പി...യു നോ”...!
ബൈ പറഞ്ഞു അംബരചുംബികളുടെ ഇടയിലൂടെ നടന്നകന്ന മജ്‌റൂഹിന്റെ കാതുകളിൽ സാഹിബയുടെ ശബ്ദമാണ് മുഴങ്ങിയത്...
“മജ്‌റൂഹ്... ദേർ ഈസ് ഒൺലി വൺ സൊല്യൂഷൻ ഫോർ യൂ... ഗോ ബാക്ക് റ്റു ലക്‌നോ... യുവർ സോൾ ഈസ് ദേർ... ഡോണ്ട് മിസ് ഇറ്റ്....!”
മജ്‌റൂഹ് കിരൺ ഖേത്രിക്ക് അന്ന് തന്നെ ഇമെയിൽ അയച്ചു... “പ്ലീസ് ബുക്ക് മൈ വൺ വേ ടിക്കറ്റ് ... ദുബൈ-ലക്‌നോ”
—————————
ആമുഖചിത്രത്തിലെ പെയിന്റിംഗിനു നന്ദി... രവിലാൽ
Comments
Post a Comment