കഥ | റാം റഹീം റാവുത്തർ
ആമുഖ ചിത്രത്തിന് രവി ലാലിന് നന്ദി.
എനിക്കീ കഥയെഴുതാൻ പ്രോത്സാഹനവും സഹായവും ചെയ്ത പ്രിയസുഹൃത്തുക്കൾ... ഷഫീഖ്, ജോസഫ്, ഷംസുദ്ദിൻ എന്നിവരോടും ഹൃദയംഗമമായ നന്ദി
എനിക്കീ കഥയെഴുതാൻ പ്രോത്സാഹനവും സഹായവും ചെയ്ത പ്രിയസുഹൃത്തുക്കൾ... ഷഫീഖ്, ജോസഫ്, ഷംസുദ്ദിൻ എന്നിവരോടും ഹൃദയംഗമമായ നന്ദി
റാം റഹീം റാവുത്തർ
“റാം റഹീം...?” വിലാസിനി ടീച്ചറുടെ നീട്ടിയുള്ള ഹാജർ വിളി... എന്റെ അഞ്ചാം ക്‌ളാസ്സ് ആണ് രംഗം... എൺപതുകളുടെ മധ്യകാലം.
ഞാൻ ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന സ്കൂളിലെ എൽ പി സ്‌കൂളിൽ തന്നെയാണ് പഠിച്ചത്. നാലാം ക്ലാസ്സിനുശേഷം ഞങ്ങൾ ഏതാണ്ട് എല്ലാവരും ”വല്യേ സ്‌കൂളിലെ" അഞ്ചാം ക്ലാസ്സിലേക്ക് ചേക്കേറി.
ഉൾഗ്രാമങ്ങളിൽ നാലോ അഞ്ചോ എൽ പി സ്‌കൂളുകൾ ഉണ്ടായിരുന്നു. അതായത് പ്രധാന സ്റ്റേറ്റ് ഹൈവേറോഡിൽ നിന്നും അഞ്ചു മുതൽ പത്തു കിലോമീറ്ററുകൾ അകലെയാണ് ഈ ഉൾഗ്രാമങ്ങൾ.
ഞങ്ങളുടെ സ്ഥിരം കാണുന്ന മുഖങ്ങളിൽ നിന്നും വ്യത്യസ്തമായ മുഖങ്ങൾ അന്നാണ് കാണുന്നത്... അഞ്ചാംക്ലാസ്സിലെ ആദ്യദിനം...
റാം റഹീം റാവുത്തർ എന്നായിരുന്നു അവന്റെ മുഴുവൻ പേര്. ഇരു നിറം, മെലിഞ്ഞ ശരീരം, പറ്റേ ചെറുതാക്കിയതലമുടി... എന്നാൽ അവന്റെ സവിശേഷത അലക്കിത്തേച്ച പുതുപുത്തൻ ഷർട്ടും ട്രൗസറും, പിന്നെ പുത്തൻചോറ്റുപാത്രവും... അലുമിനിയം!
കാര്യം; അവന്റെ വ്യത്യസ്തമാർന്ന പേരൊക്കെ ആയിരുന്നെങ്കിലും അതൊന്നും ആലോചിക്കാനോ അതിനെ പറ്റികൂടുതൽ ചിന്തിക്കാനോ പത്തുവയസ്സുമാത്രം പ്രായമുള്ള ഞങ്ങൾക്ക് അന്ന് വലിയ ബോധമൊന്നുംഇല്ലായിരുന്നല്ലോ!
ഞങ്ങൾ അവരവരുടെ ഇഷ്ടം പോലെ മൂന്നു പേരിലും അവനെ വിളിച്ചിരുന്നു... റാം... റഹീം... റാവുത്തർ... ഞങ്ങൾക്ക് സാമൂഹ്യപാഠം എടുത്തിരുന്ന കാർത്യായനി ടീച്ചർ ആണ് റാവുത്തർ എന്ന് അവനെ വിളിച്ചത്. “ഇവനൊരു യുവ തുർക്കി ആയി മാറും" എന്ന് അവനെ നോക്കി ടീച്ചർ ചിലപ്പോളെല്ലാം പറയുന്നത് ഓർമയുണ്ട്.
പിന്നീട് പത്താം ക്ലാസ്സിലെ ചരിത്രം പഠിക്കുമ്പോൾ ആണ് തുർക്കിയിലെ കച്ചവടക്കാർ തമിഴ്‌നാട്ടിലെപാണ്ട്യവംശത്തിലെ രാജാക്കന്മാരുടെ ക്ഷണപ്രകാരം അവരുടെ സാമ്രാജ്യത്തിലേക്ക് വരികയും അവിടമാകെകച്ചവടവും അതോടൊപ്പം അവരുടെ ആശയവും പ്രചരിപ്പിച്ചത് പഠിച്ചത്!
വൈകുന്നേരം നാല് മണിക്ക് സ്‌കൂൾ വിട്ടാൽ ഞാനും രാജേഷും ബാലനും പിന്നെ റാമും ആണ് ഒന്നിച്ചുവീടുകളിലേക്ക് നടക്കുന്നത്. എന്റെ വീടാണ് ആദ്യം .. പിന്നെ രാജേഷ് ... അതിനു ശേഷം ബാലൻ...റാമിന്റെവീട്ടിലേക്കു മൊത്തം അഞ്ചു കിലോമീറ്റർ നടക്കണം. ബാലന്റെ വീട്ടിലെത്താൻ രണ്ടു കിലോമീറ്ററെ ഉള്ളൂ. ഞങ്ങളുടെ ഗ്രാമത്തിന്റെ അതിർത്തിയാണ് അത്. അവിടെ ജെയിംസേട്ടന്റെ പീടിക കഴിഞ്ഞു ഒരു വലിയതെങ്ങിൽ തോപ്പിനു നടുക്കാണ് ബാലന്റെ വീട്.
ഈ തോപ്പിനുള്ളിലൂടെ അപ്പുറത്തേക്ക് നടന്നാൽ പിന്നെ രാമൻ തോട് എന്നറിയപ്പെടുന്ന അത്യാവശ്യം വലിയൊരുഅരുവിയാണ്. ആ തോട്ടുവക്കിലൂടെയാണ് റാമിന്റെ പിന്നീടുള്ള നടത്തം... ഒറ്റക്ക്!
“റാമേ അണക്കു പേട്യാവില്ല്യേ”?...
“ഇല്യാടാ... പേട്യാവുമ്പൊ ചെല്ലാൻ അച്ഛൻ ഒരു മന്ത്രം പറഞ്ഞു തന്നിട്ടുണ്... അത് ചൊല്ലി അങ്കിട് നടക്കും... ചെലപ്പോ ഓടും... അതന്നെ”!
കുറെ അവനോടു കെഞ്ചിയാണ് പേടി മാറ്റാനുള്ള ആ മന്ത്രം അവൻ ഞങ്ങൾ മൂവർ സംഘത്തിന് മാത്രംരഹസ്യമായി പറഞ്ഞുതന്നത്...
“യാ ബുനയ്യാ അകിമിസ്വലാത്താ വമ്റു ബിൽ മ'റൂഫി വൻഹ അ'നിൽ മുൻകരി വസ്ബിർ ആലാ മാഅസ്വാബക്ക ഇൻനാ ദാലിക മിൻ അസ'മിൽ ഉമൂർ”...
“ഇതേതാ റാമേ ഭാഷ... അറബിക്കാണോ?” ഞങ്ങളുടെ കൗതുകം നിറഞ്ഞ ചോദ്യത്തിന് അവൻ അതെ എന്ന്തലയാട്ടി. “ഇതിന്റെ അർത്ഥം?” ഞങ്ങളുടെ കൗതുകം ഇരട്ടിച്ചു!
“എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറ പോലെ നിർവഹിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തിൽനിന്നും വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും ഖണ്ഡിതമായിനിർദേശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ അത്”.
അച്ചടിഭാഷയിൽ റാം ആ ചെറിയ വയസ്സിൽ അർത്ഥം പറഞ്ഞത് ഇന്നുമോർക്കുന്നു.
റാം പ്രഥമ ഭാഷയായി എടുത്തത് അറബിക് ആയിരുന്നു. അവന്റെ അമ്മ ജാനു അഞ്ചാം ക്ലാസ്സിൽ അവനെചേർത്താൻ വന്നപ്പോൾ സംസ്കൃതം മാഷ് ചോദിച്ചതാണ്.... “റാം ആണോ അതോ റഹീമോ”?
“അവന്റച്ഛൻ പറഞ്ഞു അറബി മതീന്ന്...”
“ആര്.. റാവുത്തരോ? ബഷീർ മാഷേ... ഇങ്ങക്ക് ഇള്ളതാട്ടോ...”! സംസ്കൃതം മാഷ് വിളിച്ചു പറഞ്ഞു. അങ്ങനെയാണ് റാം അറബിക് എടുക്കുന്നത്. പ്രഥമ ഭാഷയുടെ പീരീഡിൽ റാം “എ ബാച്ചിൽ” ബഷീർ മാഷിന്റെക്‌ളാസ്സിൽ പോവും...
റാം വരുന്ന ഉൾഗ്രാമം ഇന്നും അധികമൊന്നും പുരോഗമിച്ചിട്ടില്ല. അവിടെ വൈദ്യുതി വന്നത് തന്നെതൊണ്ണൂറുകളുടെ മധ്യത്തോടെയാണ്. ആൾക്കാരിൽ അധികവും കൂലിപ്പണിക്കാരും കർഷകരും. അന്നന്നത്തെഅന്നം തേടുന്ന തനി നാടൻ മനുഷ്യർ.. അതിൽ കള്ള് ചെത്തുകാരുണ്ട്, കന്നുപൂട്ടുന്നവർ, കള പറിക്കുന്നവർ, മൺപണിക്കാർ, കല്ല് കൊത്തുന്നവർ, മുള ചീന്തുകൾ കൊണ്ട് കൊണ്ട് മുറവും കൊട്ടയും മെടഞ്ഞെടുക്കുന്നവർ, കലം ഉണ്ടാക്കുന്ന കുംഭാരന്മാർ... അങ്ങനെ അസംഖ്യം വേലകളിൽ ഏർപ്പെടുന്നവർ. ഇവരുടെ സ്വപ്നങ്ങളുംപ്രതീക്ഷകളും രാമൻ തോട് വരേയെ ഉള്ളൂ എന്ന് തമാശക്ക് അടുത്ത ഗ്രാമീണർ പറയും... അവർ മെയിൻറോഡിന്റെ അടുത്താണല്ലോ!
രാമൻതോടിന്റെ തെക്കുഭാഗത്തുള്ള ജെയിംസിന്റെ പീടിക കഴിഞ്ഞാൽ വടക്കു ഭാഗത്തുള്ള സുലൈമാന്റെചായക്കടയാണ് അടുത്ത വിപണന കേന്ദ്രം. നാലാളെ കൂടി നടക്കുന്നത് കാണാൻ ഈ രണ്ടു സ്ഥലങ്ങളെ ഉള്ളൂ... അല്ലെങ്കിൽ പിന്നെ ദുർഗാ ക്ഷേത്രത്തിലെ ഉത്സവം വരണം അല്ലെങ്കിൽ റംസാൻ പെരുന്നാള്! രാമൻ തോടുംകഴിഞ്ഞു അരമണിക്കൂർ വടക്കോട്ടു നടന്നാൽ അബ്ദുൾ ഹമീദ് ദർഗ എന്ന് പേരായ ഒരു മസ്ജിദ് ഉണ്ടെന്ന്നാട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്!
റാമിന്റെ വീട്ടിൽ അവന്റെ അമ്മ ജാനുവിനെ കൂടാതെ അമ്മമ്മ കൗസല്യയും ഉണ്ടായിരുന്നു. വയസ്സ് തൊണ്ണൂറ്ആയെങ്കിലും സ്വന്തം കാര്യങ്ങളെല്ലാം ആരുടേയും സഹായം ഇല്ലാതെ തന്നെ കൗസല്യാമ്മ ചെയ്തിരുന്നു.
ജാനുവിന്റെ അച്ഛൻ കൗസല്യമ്മയെ ഉപേക്ഷിച്ചു പോയതാണ്... എപ്പോഴോ അയാളെ മദിരാശിയിൽ കണ്ടിരുന്നുഎന്ന് ആരോ പറഞ്ഞിരുന്നു. “ഞാൻ കയ്യും കണ്ണും കാണിച്ചു അങ്ങോരെ മയക്കി എന്നാണ് എന്നോട് പലപ്പോഴുംപറയുക... മേനോൻവീട്ടിലെ കറ്റ മെതിക്കുമ്പോളാണ് ഞങ്ങൾ ആദ്യം കാണുന്നത്! പിന്നെ എപ്പോളോ ഒപ്പംതാമസായി...”
“ജാനു ഇണ്ടായപ്പോൾ അങ്ങോർക്കൊരു മനംമാറ്റം... ഒരീസം രാവിലെ ആളെ കാണാനില്ല... ഇനീപ്പോ രാമൻതോട്ടിലെങ്ങാനും മുങ്ങിച്ചത്തോ എന്നായി സംശയം... ഭാഗ്യത്തിന് അതുണ്ടായില്ല... ബഷീറിന്റെ പീടികയിൽ ചായഅടിക്കാൻ നിന്നിരുന്ന തമിഴൻ ചെക്കനുമായി അങ്ങോർക്ക് എന്തോ ചുറ്റിക്കളി ഉണ്ടായേർന്നുന്ന് പിന്നെ ആരോപറഞ്ഞു. അങ്ങോരുപോയി ഒരു മാസം കഴിഞ്ഞു ആ ചെക്കനും പോയി... മദിരാശിക്കാത്രെ പോയത്... ഷൊർണൂരിന്ന് ചെക്കനെ ബഷീറന്നെ വണ്ടി കേറ്റിവിട്ടത്!”
ഇത്രയും ഭാഗം കൗസല്യാമ്മ വളരെ ക്ഷമാപൂർവം പറയും. ഒരു നൂറു തവണ കേട്ട കഥയായതു കൊണ്ട് കുട്ടികൾഅവരെ ഒന്ന് മൂപ്പിക്കാൻ വേറെ എന്തെങ്കിലും ചോദിക്കും... “എന്നാലും അയാള് ഇങ്ങളേം ജാനൂനേംഒറ്റയ്ക്കാക്കി.....”അതോടെ അവർക്ക് ഹാലിളകും... ലോകത്തുള്ള എല്ലാ അസഭ്യവാക്കുകളും പിന്നെകൗസല്യമ്മയുടെ നാവിലൂടെ ഇടവപ്പാതിയിലെ രാമൻ തോടുപോലെ കുത്തിയൊലിച്ചു വരും... നാട്ടുകാർക്ക്നേരമ്പോക്കാണെങ്കിലും ജാനുവിനും റാമിനും മനസ്സിൽ വിങ്ങലാണ്!
“എഡിയേ ജാനു... എന്നാ നെന്റെ റാവുത്തർ വരണേ ... പെരുന്നാളിന് വരണതാണല്ലോ... ന്റെ മയിലെണ്ണതീർന്നു... അങ്ങോര് അത് മറക്കാണ്ടെ കൊണ്ടരും.. നാഗപട്ടണത്തെ മയിലിനു വീര്യം കൂടുംത്രെ”!
ജാനൂനും അറിയില്ല എന്നാണു മൂപ്പര് വരിക എന്ന്. വന്നാൽ മൂന്നൂസം നിന്നേ പോവൂ... അങ്ങനെ വർഷം മൂന്ന്തവണ. റംസാൻ പെരുന്നാളിന് വരണ പതിവുണ്ട്. ആട്ടിറച്ചി വാങ്ങിയാണ് വരിക... വന്ന ദിവസം അത്കുരുമുളകരച്ചു കുറുക്കിയ കൂട്ടാനാണ് സ്‌പെഷൽ, കൂടെ നെയ്ച്ചോറും ചമ്മന്തീം!
പെരുന്നാളിന് വരുമ്പോൾ വസ്ത്രങ്ങളുടെ വലിയ ഭാണ്ഡക്കെട്ട് ആയിരിക്കും റാവുത്തരുടെ തലയിൽ. വീടുകൾതോറും നടന്നു വിൽക്കാനുള്ള ലുങ്കികൾ, സാരികൾ, തോർത്തുകൾ, ബനിയൻ, മറ്റു ഇന്നർ വെയറുകൾ, കുട്ടികളുടെ കുഞ്ഞുടുപ്പുകൾ, ബ്ലൗസ് ശീലകൾ അങ്ങനെ നിരവധി തരം തുണികൾ.
ആ ഗ്രാമം മുഴുവൻ നടന്നു വിൽക്കാൻ റാവുത്തർക്കു രണ്ടു ദിവസം മതി. അയാൾ വരുന്നത് വർഷകാലംപോലെയാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇടവപ്പാതി, തുലാവർഷം, വേനൽ മഴ... പെരുന്നാളിന് തുണികൾആണെങ്കിൽ മറ്റു രണ്ടു തവണ അലുമിനിയം പാത്രങ്ങൾ ആയിരിക്കും തലയിൽ. രണ്ടുമീറ്ററോളം വ്യാസത്തിൽഅസാമാന്യ ബാലൻസിൽ പാത്രങ്ങൾ അടുക്കിവെച്ച കൊട്ട തലയിൽ വെച്ച് പാടവരമ്പിലൂടെ നടന്നടുക്കുന്നറാവുത്തർ കാണേണ്ട കാഴ്ച തന്നെ!
രണ്ടു ദിവസം കൊണ്ട് തന്റെ തലയിന്മേലുള്ള തുണികളാവട്ടെ അഥവാ അലുമിനിയം പാത്രങ്ങൾ ആയിക്കോട്ടെമുഴുവൻ വിറ്റു തീർക്കാനുള്ള സവിശേഷ കഴിവാണ് റാവുത്തരുടേത്. തമിഴ് കലർത്തിയ മലയാളം ആണ്അയാളുടെ ഭാഷ. ഒരു സൂത്രശാലിയായ കച്ചവടക്കാരന്റെ കൗശലമൊന്നും ഇല്ലായിരുന്നു എങ്കിലും നേരുംനെറിയും നെഞ്ചിലേറ്റി നേരെ ചൊവ്വേ കച്ചവടം നടത്തുന്ന റാവുത്തരെ എല്ലാ നാട്ടുകാരും ഒരുപോലെ സ്നേഹിച്ചു, ബഹുമാനിച്ചു! വില എത്രയാണെന്ന് ചോദിച്ചാൽ “ഇങ്ങളെന്താച്ചാ തന്നോളീ...” എന്നേ റാവുത്തർ തിരിച്ചു പറയൂ! അങ്ങനെയൊരു വിലപേശലിൽ ആണ് ഒരു സാരിയുടെ സമ്മാനത്തിൽ ജാനു റാവുത്തരുടേതായത്.
ഓരോ തവണ തിരിച്ചു പോകുമ്പോളും താൻ അത്തവണ വിറ്റതിന്റെ പകുതി വരുമാനം ജാനുവിന് കൊടുത്തേറാവുത്തർ പോകൂ. അടുത്ത മൂന്നു നാലു മാസത്തിന് അത്യാവശ്യം വേണ്ട ചെലവുകൾക്ക് അതുമതി ജാനുവിന്! പിന്നെയുള്ളതെല്ലാം അവർ പാടത്തെ പണിയിലൂടെ ഉണ്ടാക്കിയിരുന്നു. റാമിന്റെ ഒരു ആവശ്യത്തിനുംമുടക്കുണ്ടാവരുത് എന്ന് റാവുത്തർ ജാനുവിനോട് തീർത്തും പറഞ്ഞിരുന്നു.
ഒരച്ഛനോടുള്ള സ്നേഹത്തേക്കാൾ സ്നേഹമയിയായ ഒരു രക്ഷകനോടുള്ള ബഹുമാനമാണ് റാമിന്റാവുത്തരോട് ഉണ്ടായിരുന്നത്. അയാൾ വന്നാൽ പിന്നെ മൂന്നു ദിവസം കൗസല്യമ്മയോടൊപ്പം കിടന്നുറങ്ങണംഎന്നൊരു നീരസം മാത്രമേ അവനുണ്ടായിരുന്നുള്ളൂ.
പിന്നെയും ഒരു പാട് ഇടവപ്പാതികളും തുലാവർഷവും വേനൽ മഴകളും പെയ്തു പോയി. ഞങ്ങൾ കുട്ടികൾ പത്താംക്ലാസിലെത്തി. ആ വർഷം ഓണക്കാലത്താണ് റാവുത്തർ നാട്ടിൽ വന്നത് പലതരം ആകർഷകമായതുണികളോടെ.
ഇപ്പോൾ നാഗപ്പട്ടണവും മധുരയുമൊന്നുമല്ല... എല്ലാം തിരുപ്പൂരാണ് എന്നാണ് അയാളുടെ അഭിപ്രായം. ചൈനയുടെയും ബംഗ്ലാദേശിന്റെയും തുണിക്കമ്പോളത്തിലെ കടന്നുകയറ്റവും ആ ഉൾഗ്രാമത്തിനെ അറിയിച്ചത്റാവുത്തരാണ്! ഓണക്കാലം കൂടി ആയിരുന്നതിനാൽ തുണികളെല്ലാം ഒരു ദിവസം കൊണ്ടുതന്നെ വിറ്റുപോയി.
ഓണം കൂടി റാവുത്തർ തിരിച്ചു പോവുന്ന ദിവസം പാർട്ടി പിരിവിനായി വാർഡ് മെമ്പർ രാഘവനുണ്ണി അന്ന്റാമിന്റെ വീട്ടിലെത്തി. “അപ്പൊ ഇങ്ങളാണ് റാവുത്തര് ല്ലേ... ങും”... അയാൾ ഒന്ന് നീട്ടിമൂളി.
“ആമാ... എന്ന വെണോം”? റാവുത്തരുടെ പതിഞ്ഞ സ്വരം.
“ഉങ്കളുടെ ഊരേങ്കെ”? രാഘവനുണ്ണിയുടെ പാതി തമിഴ്!
“നാഗപട്ടണം പക്കം... എന്നാ ഉങ്കൾക്ക് അങ്കെയെല്ലാം എടം തെരിയുമാ”? എന്ന് റാവുത്തർ.
“ഇല്ല... സുമ്മാ”...!
ജാനു അകത്തുനിന്നും അമ്പതുരൂപ എടുത്തു കൊണ്ടുവന്ന് രാഘവനുണ്ണിക്ക് കൊടുത്തു. റെസീറ്റ് കീറിറാവുത്തർക്കു കൈമാറി അയാൾ നടന്നകന്നു. കടമ്പായ കടക്കുമ്പോൾ അയാൾ വീട്ടിലേക്കു തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു!
ആ ഓണത്തിന് ശേഷമുള്ള തുലാവർഷത്തിനും വേനലിലും റാവുത്തർ വന്നില്ല. ഞങ്ങളുടെ പത്താം ക്ലാസ്സ്പരീക്ഷയുടെ റിസൾട്ട് വന്നു. ഞങ്ങൾ അടുത്ത കൂട്ടുകാർ എല്ലാരും ജയിച്ചു, എല്ലാർക്കും സന്തോഷായി. എന്തോഒരു സ്വാതന്ത്ര്യം കൈ വന്ന പോലെ.
ഞങ്ങൾ നാല് സുഹൃത്തുക്കളും കൂടി പട്ടണത്തിലെ പുതിയ തിയേറ്ററിൽ ഒരു തമിഴ് പടം കാണാൻ പോയി-- “സ്വന്തക്കാരൻ”!
എല്ലാരും നന്നായി ആസ്വദിച്ചെങ്കിലും റാം പലപ്പോഴും ചിന്താധീനൻ ആവുന്നത് ഞാൻ ശ്രദ്ധിച്ചു. തിരിച്ചു ബസിൽകേറി ഗ്രാമത്തിലേക്ക് വരുമ്പോഴും അവന്റെ നിശബ്ദത ഞങ്ങൾ മനസ്സിലാക്കി. ബസിറങ്ങി എന്നത്തേയും പോലെവീടുകളിലേക്ക് നടക്കുമ്പോൾ ബാലൻ അവനോടു ചോദിച്ചു,”എന്താ റാമേ... എന്താ സങ്കടം"?
“ഒന്നൂല്യാന്നേ.. അല്ലാ.. അച്ഛൻ... അങ്ങോര് കഴിഞ്ഞ ഒരു വർഷായി വന്നിട്ടേയ്... ഇനീപ്പോ പഠിക്കാനൊക്കെപ്രശ്‌നാവും... പിന്നെ... ഇപ്പൊ ആ രാഘവനുണ്ണിയാണ് വീട്ടിൽ താമസം... ഇക്ക് അങ്ങട് പോണംന്നന്നെ ഇല്ല്യ”! റാംപറഞ്ഞു നിർത്തി.
എല്ലാരും അവനെ ആശ്വസിപ്പിച്ചു. ബാലന്റെ തെങ്ങിൻ തോട്ടം മുതൽ റാം വീണ്ടും ഒറ്റക്കായി... രാമൻതോടിന്റെവരമ്പിലൂടെ അവൻ ഒറ്റയ്ക്കു നടന്നു... മനസ്സിൽ റാവുത്തർ പറഞ്ഞു കൊടുത്ത മന്ത്രവും... “യാ ബുനയ്യാ...”
പിന്നീട് ആ നാല് കൂട്ടുകാരും കുറെ കാലം കണ്ടതേ ഇല്ല. ഓരോരുത്തരും ഓരോ വഴിക്കായി. ഞാൻ പ്രീ ഡിഗ്രിയുംകഴിഞ്ഞു എഞ്ചിനീറിംഗും പാസ്സായി വീട്ടിലിരിപ്പായി... പത്താം ക്ലാസ്സിന് ശേഷമുള്ള നീണ്ട ആറേഴ് വർഷങ്ങൾ! രാജേഷ് അവന്റെ അച്ഛന്റെ വർക് ഷോപ് കൊണ്ടു നടത്തുന്നു. ബാലൻ ഇപ്പോൾ ജെയിംസിനെക്കാൾ വലിയൊരുപീടിക വെച്ച് മെച്ചപ്പെട്ട കച്ചവടക്കാരനായിരിക്കുന്നു.
“ഇബടെ ആരൂല്ല്യേ...?” വൈന്നേരം നാലുമണി ആയപ്പോളാണ് ആരോ ഗേറ്റ് തുറന്നു വീട്ടിന്റെ ഉമ്മറത്ത്വന്നിരുന്നത്. തലയിലെ വലിയൊരു ഭാണ്ഡക്കെട്ട് തിണ്ണയിൽ വെച്ചിട്ടുണ്ട്. ചുട്ടുപൊള്ളുന്ന മീനച്ചൂടിൽ അയാൾവിയർത്തു കുളിച്ചിട്ടുണ്ട്. തലയിൽ ഭാണ്ഡം വെക്കുന്നത് കൊണ്ടാവാം മുടിയെല്ലാം അലസമാക്കി ഇട്ടിരിക്കുന്നു. മീശയും താടിയും ഷേവ് ചെയ്തിട്ട് മാസങ്ങളായിരിക്കാം.
“ആരാ... ഇബടെ ഇപ്പോൾ തുണിയൊന്നും വേണ്ടി വരില്ല ട്ടോ” എന്റെ വിനയത്തോടെയുള്ള ആതിഥ്യ മര്യാദ!
“മണിഅല്ലേ... ഞാൻ റഹീം... റാം റഹീം ...”!
ഞാൻ അതിശയിച്ചു പോയി. “സ്വന്തക്കാരൻ” സിനിമ കണ്ടു പിരിഞ്ഞ ആ കൂട്ടുകാരൻ ഏഴു വർഷങ്ങൾക്കുശേഷം ഈയൊരു കോലത്തിൽ വന്നവതരിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലല്ലോ!
അവന്റെ ഭാണ്ഡക്കെട്ടിനെ സാക്ഷിയാക്കി അവൻ ഓർമകളുടെ ഭാണ്ഡം അഴിച്ചു...
“അന്ന് ബാലന്റെ തെങ്ങിൻ തോപ്പിൽ നിന്നും രാമൻതോടിന്റെ കരയിലൂടെ നടന്ന ഞാൻ നിന്നത് ഷൊർണൂർറെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. മദ്രാസ് മെയിലിലെ ജനറൽ കമ്പാർട്മെന്റിൽ എങ്ങനെയോ കയറിക്കൂടി. എങ്ങനെയൊക്കെയോ നാഗപട്ടണത്തിൽ എത്തി.
റാവുത്തർ ആയിരുന്നു ലക്ഷ്യം... അവസാനം ആണ്ടവർ ദർഗയുടെ അടുത്തുള്ള ഒരു വീട്ടിൽ ഞാൻ എന്റെഅച്ഛനെ തേടിയെത്തി. അദ്ദേഹം ഒരു ഹാർട്ട് അറ്റാക്ക് കഴിഞ്ഞു കിടപ്പിലായിരുന്നു. അതാണ് പിന്നെ നാട്ടിലേക്ക്വരാഞ്ഞത്.
അവിടെ അദ്ദേഹത്തിന്റെ നാലാണ്മക്കൾ ഉണ്ടായിരുന്നു. അവരുടെ ഉമ്മ നാലാമത്തെ പ്രസവത്തിൽമരിച്ചുപോയിരുന്നു. അതുവരെ തങ്ങളെ പരിപാലിച്ചു വളർത്തിയ ഉപ്പയുടെ ജീവന് കാവലിരിക്കുകയായിരുന്നുഅപ്പോൾ ആ സഹോദരങ്ങൾ!
ആശ്ചര്യം എന്ന് പറയട്ടെ അന്നുമുതൽ ഞാൻ അവിടത്തെ അഞ്ചാമത്തെ മകനായി. പിന്നെ ഒരു പ്രയാണംആയിരുന്നു. തുണികളോടും അലുമിനിയപാത്രങ്ങളോടും മല്ലിട്ടും സൊറ പറഞ്ഞും അഞ്ചാറു വർഷങ്ങൾ.
ഇപ്പോൾ ഞങ്ങൾക്ക് നാഗപട്ടണത്ത് സ്വന്തമായി ഒരു ടെക്സ്റ്റൈലുണ്ട്. ഗ്രാമം തോറുമുള്ള വില്പന ഇപ്പോളും ഞാൻചെയ്യുന്നുണ്ട്...!ഉപ്പയുടെ അന്ത്യാഭിലാഷം ആയിരുന്നു അത്! കഴിഞ്ഞ വർഷം ഉപ്പ മയ്യത്തായി... ഈ വർഷം ഞാൻനിക്കാഹും കഴിച്ചു! പൊണ്ണു വന്ത് മധുരാവിൽ നിന്നും...” റാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി!
“നീ ഗ്രാമത്തിൽ പോയോ"? എന്റെ പതുക്കെയുള്ള ചോദ്യം
“പോയിരുന്തത്... ആനാൽ... വീട് വന്ത് നമ്മ രാമൻ തോട് എടുത്താച്ച്... അമ്മ കഴിഞ്ഞ വർഷം മരിച്ചു പോയിഎന്ന് ബാലൻ പറഞ്ഞു! രാഘവനുണ്ണി എങ്കേന്നു യാർക്കും തെരിയാത്...അന്ത ഭൂമീൽ ഏതാവത് സെയ്യണോം... അപ്പറം പാക്കലാം...”!
ഞാൻ അന്തിച്ചിരുന്നു പോയി... ആറു വർഷം ഞാൻ സിദ്ധാന്തങ്ങളും ടെക്‌നോളജിയും പഠിച്ചുകൊണ്ടിരുന്നപ്പോൾറാം ജീവിതം പഠിച്ചു പയറ്റുകയായിരുന്നു.
“അയ്യോ... ടൈം വൈകി... ഇപ്പൊ പോനാൽ ചെന്നൈ മെയിൽ കെടക്കും ... ഇല്ലാട്ടി നാൻ ഇങ്കെ സ്റ്റക്ക് ആകുമേ ... അപ്പറം പാക്കലാം... ബൈ”!
അവന്റെ തുണി ഭാണ്ഡവും തലയിൽ വെച്ച് റാം അതിവേഗം നടന്നകന്നു...
അതെന്റെ പ്രിയ സുഹൃത്ത് റാം ആണോ...
അതോ നാഗപട്ടണത്തുകാരൻ റഹീം ആണോ ...
അതോ നേരും നെറിയും ഉള്ള കച്ചവടക്കാരൻ റാവുത്തർ ആണോ...
അതോ സാമൂഹ്യപാഠം കാർത്യായനി ടീച്ചർ പറഞ്ഞ യുവതുർക്കിയോ...
ആരായാലും അവനെ ദൈവം രക്ഷിക്കട്ടെ...
“യാ ബുനയ്യാ അകിമിസ്വലാത്താ വമ്റു ബിൽ മ'റൂഫി വൻഹ അ'നിൽ മുൻകരി വസ്ബിർ ആലാ മാഅസ്വാബക്ക ഇൻനാ ദാലിക മിൻ അസ'മിൽ ഉമൂർ”...
🌜റംസാൻ ആശംസകൾ🌛
Wow!!! Wonderful narrative. It is a great story . Loved it . Thanks.
ReplyDeleteThanks dear Sudheesh bhai 😊
Delete