സുഹൃദ് സ്മരണ > രാജലക്ഷ്മി
ഗൂഡോൾ 96 |
കൊറോണ വൈബ്‌സ് 27 |
രാജലക്ഷ്മി |
ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്.. അവർക്ക് തലക്കെട്ടുകൾ ആവശ്യമില്ല.... പരിചയപ്പെടുത്തലുകൾആവശ്യമില്ല.... ആലങ്കാരികത ആവശ്യമില്ല... അതാണ് രാജലക്ഷ്മി... നമ്മുടെ സ്വന്തം കോഴിക്കോട് രാജി...
അപർണയുടെയും അംബികയുടേയും കഥയിൽ പറഞ്ഞപോലെ രാജലക്ഷ്മിയും ശ്രീ ലളിതാംബികയുടെനാമമാണ്. രാജ്യത്തിന്റെ, ലോകത്തിന്റെ ഐശ്വര്യം അല്ലെങ്കിൽ അഭിവൃദ്ധി പ്രദാനം ചെയ്യുന്നവൾ ആരാണോ അതാണ് രാജലക്ഷ്മി!
സുഹൃത്തുക്കളുടെ വിവരണങ്ങളിലൂടെ എന്റെ ബോധമണ്ഡലത്തിൽ വന്നു വളർന്നു പടർന്നു പന്തലിച്ച രാജലക്ഷ്മി, അവളുടെ വീടിന്റെയും കുടുംബത്തിന്റെയും ഐശ്വര്യവും സുരക്ഷയും അഭിവൃദ്ധിയും മുന്നിൽ കണ്ട് അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന ഒരു യഥാർത്ഥ ദുർഗ്ഗയുടെ രൂപമാണ് പ്രാപിച്ചത്.
കോഴിക്കോട് കോട്ടൂളി ആണ് രാജിയുടെ സ്ഥലം. കേരളത്തിലെ തന്നെ വളരെ വലിയ കായൽപാടം സ്ഥിതിചെയ്യുന്ന സ്ഥലമാണ് കോട്ടൂളി.
അമ്മയ്ക്കും അച്ഛനും രാജിയും അവളുടെ അനിയത്തിയും വളരെ വൈകി ഭൂമിയിൽ അവതരിച്ച മക്കളാണ്. അതിന്റെ എല്ലാ ലാളനകളും അവർ രണ്ടു പേരും ഏറ്റുവാങ്ങി. ഒരു പക്ഷെ മൂത്ത കുട്ടി ആയതിനാലോ അല്ലെങ്കിൽ മാതാപിതാക്കൾക്ക് വയസ്സായി എന്ന തോന്നൽ വന്നതിനാലോ രാജി വീട്ടുകാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധപുലർത്തിയിരുന്നു.
അതുകൊണ്ടാവാം കുട്ടിക്കളികൾക്കിടയിലും ആയാസകരവും ബുദ്ധിമുട്ടുള്ളതുമായ പല വീട്ടു ജോലികളും അവൾ ആരും പറയാതെ തന്നെ ചെയ്തു തുടങ്ങി. തന്നെയുമല്ല, അമ്മയുടെ ഒരു സ്വരൂപം തന്നെയായി വീട്ടിലെ ലക്ഷ്മിയും സരസ്വതിയും ദുർഗയുമായി രാജിയുടെ പരിണാമം വളരെ പെട്ടെന്നായിരുന്നു.
സത്യം പറയാമല്ലോ ഇങ്ങനെയൊന്നും ആരും പറഞ്ഞു തന്നതല്ല ട്ടോ... രാജിയുടെ ആത്മാർത്ഥ സുഹൃത്ത് നഷീദ തന്റെ സുഹൃത്തിന്റെ ഓർമ്മകൾ പങ്ക് വെച്ചതിനെ ഒന്ന് ഭൂതകാലത്തിലേക്ക് വലിച്ചു നീട്ടിയപ്പോൾ എന്റെതന്നെ മനസ്സിൽ രൂപപ്പെട്ടു വന്ന ചിത്രങ്ങളാണിവ... ശരിയാണോ എന്നറിയില്ല... പക്ഷെ എന്റെ മനസ്സ് പറയുന്നു... ഇതിനേക്കാൾ കൂടുതൽ ശരിയാവാനേ വഴിയുള്ളൂ... കാരണം രാജിയുടെ ചില സ്വഭാവഗുണങ്ങൾ പുരുഷന്മാർക്ക്പോലും നേടാൻ കഴിയാത്തത്ര കായികവും കഠിനവുമാണെന്ന് എനിക്ക് തീർച്ചയായി.
രാജിയുടെ അച്ഛൻ വില്ലേജ് ഓഫീസിൽ ആയിരുന്നു. അച്ഛന്റെ ചില ആരോഗ്യ പ്രശ്നങ്ങൾ അമ്മയെ കൂടുതൽ സ്ട്രെസ്സ്ഡ് ആക്കി. അതെല്ലാം രാജിയുടെ സമയോചിതമായ ഇടപെടലുകളും സമയോന്യുതമായ കരുതിവെപ്പുകളും കൊണ്ട് കുറെയൊക്കെ തരണം ചെയ്തു എന്നുവേണം പറയാൻ. അങ്ങനെ ഒരുപശ്ചാത്തലത്തിൽ ആണ് അവൾ അകത്തേത്തറ എൻ എസ് എസ് എന്ന പാലക്കാടൻ ഉഷ്‌ണപ്രദേശത്തിൽ എഞ്ചിനീയറിംഗ് എന്ന പഠനശാഖ പഠിക്കാൻ വരുന്നത്.
മിനി ആ നാല് വർഷങ്ങളിൽ ആകെ രണ്ടു ദിവസമേ എൽ എച്ചിൽ നിന്നിട്ടുള്ളൂ... ആ വിരലിൽ എണ്ണാവുന്ന മണിക്കൂറുകളിൽ അവൾ ശ്രദ്ധിച്ച ഒരു കാര്യം രാജിയുടെ പാഠ്യരീതി ആയിരുന്നു. ഫുൾ ടൈം പഠിത്തം... അതും വെൽ പ്ലാൻഡ്... ഒരു ഷെഡ്യൂൾ ഒക്കെ വെച്ച്... രാജിയുടെ പരീക്ഷയുടെ തയ്യാറെടുപ്പിന്റെ കഥ സിന്ധുവിനും നല്ല ഓർമയുണ്ട്.
രാജിയുടെ ഹാർഡ് വർക് കണ്ടു മിനി ശെരിക്കും; സ്വയം അത്രക്കൊന്നും ചെയ്യാനാവാതെ; ഗിൽറ്റി ഫീൽ ചെയ്തു എന്നാണു അവൾ പറഞ്ഞു വെച്ചത്... രാജിയുടെ കഠിനാധ്വാനത്തിന്റെ ഫലം തന്നെ അല്ലെ അവളുടെ രണ്ടു പോസ്റ്റ്ഗ്രാജുവേഷൻ ബിരുദങ്ങൾ...
രാജിയുടെ ഉദാരമനസ്കതയും മിനി ഓർത്തെടുക്കുന്നു... അവളുടെ അലക്കിതേച്ച സൽവാർ ഒരു മടിയും കൂടാതെ മിനിക്ക് ധരിക്കാൻ നൽകി.
രാജിയുടെ കഠിനാധ്വാനവും പഠനശീലവും അവളുടെ അടുത്ത സുഹൃത്ത് സജിനിയും ഓർമിക്കുന്നു. കുറെകാലത്തിന് ശേഷം സജിനിയുടെ സന്ദേശങ്ങൾ എന്റെ ഇൻബോക്സിനെ ധന്യമാക്കി.
മനോജിന്റെയും നല്ലൊരു സുഹൃത്താണ് രാജി. വീക്കെൻഡ് ട്രെയിൻ യാത്ര തന്നെയാണ് അതിനുള്ള പ്രധാനകാരണവും. കോഴ്സിന് ശേഷം പല പരീക്ഷകൾക്കും അവൻ അവളെയും രതിഭയെയും കണ്ടിരുന്നു.
1998 ൽ കുറച്ചു കാലം രാജി കോഴിക്കോട്ട് ഡിസൈൻ സോഫ്റ്റ്‌വെയർ ആയ “സ്റ്റാഡ്” ടീച്ചിങ് ചെയ്തിരുന്നു. അവളുടെ സംസാരത്തിൽ നിന്നും ആവേശം കൊണ്ടാണ് മനോജ് സ്റ്റാഡ് പഠിക്കുന്നതും പിന്നീട് ഒരു ഡിസൈൻ എഞ്ചിനീയർ ആവുന്നതും. അവന്റെ ജീവിതത്തെ തന്നെ ഒരു ഫലവത്തായ ദിശയിലേക്ക് തിരിച്ചുവിട്ടത് രാജിയുടെ ഒരു സംസാരത്തിന്റെ കഷ്ണം കൂടി ആവാം എന്ന് കഥാകൃത്തിന്റെ ഭാവന...
സിന്ധൂനും കോഴ്സിന് ശേഷമുള്ള ഓർമകളെ ഉള്ളൂ. പ്രസീതയുടെ വിവാഹത്തിന് പോയപ്പോൾ രാജിയുടെ വീട്ടിലാണ് താമസിച്ചത്. അന്നാണ് രാജി അവളുടെ മനസ്സിലെ പ്രണയത്തെ കുറിച്ച് പ്രണയവർണങ്ങളിൽ മുങ്ങിനീരാടിയിരുന്ന സിന്ധുവിനോട് പറയുന്നത്. നമ്മുടെ ജസ്റ്റ് സീനിയർ ഇലക്ട്രിക്കലിലെ റാം മോഹൻ. റാമും കോഴിക്കോട് ആണ് വീട്.
രതിഭയുടെ ഓർമ്മകൾ കുറെ കൂടി ആഴത്തിൽ ഉള്ളതാണ്.. കോഴ്സിന് ശേഷം മറ്റു പെൺകുട്ടികളുടെവിവാഹങ്ങൾ എല്ലാം കഴിഞ്ഞു... ഇവരുടെ രണ്ടു പേരുടെയും മാത്രം കുറെ വൈകി... ആ സമയത്തെല്ലാം രതിഭ രാജിയുടെ വീട്ടിൽ പോവാറുണ്ടായിരുന്നു. അവളുടെ അമ്മയുമായും അനിയത്തിയായും സ്വന്തം വീട്ടിൽ എന്നനിലക്ക് തന്നെ ഒരു ബന്ധം വന്നു ഭവിച്ചു.
അതിനിടക്കാണ് രാജിയുടെ അമ്മയുടെ ആകസ്മിക മരണം സംഭവിക്കുന്നത്. അത് രതിഭക്ക് ഓർത്തെടുക്കാൻതന്നെ മനസ്സു സമ്മതിച്ചില്ല.
വിവരം അറിഞ്ഞു രാജിയുടെ വീട്ടിൽ പോയ നഷീദ രാജിയെന്ന ശക്തയായ സ്ത്രീമനസ്സിനെ ആണ് കാണുന്നത്. ഏതൊരു കഠിനഹൃദയത്തെയും ദുർബലമാക്കാവുന്ന ആ പരീക്ഷണ സമയത്തും സമചിത്തതയോടെ ധൈര്യപൂർവം കാര്യങ്ങളിലെല്ലാം കൃത്യതയോടെ എല്ലാതും നോക്കി നടത്തുന്ന രാജിയെ കണ്ട് നഷീദ ശരിക്കും അത്ഭുദപ്പെട്ടുപോയി.
രതിഭ ഇപ്പോഴും നല്ല സൗഹൃദം രാജിയുമായി കാത്തു സൂക്ഷിക്കുന്നുണ്ട്. പലപ്പോഴും ഫോൺ സംസാരം ഒരുമണിക്കൂർ കഴിയുമ്പോൾ കട്ട് ചെയ്യുകയാണ് പതിവ്. രതിഭയുടെ മനസ്സിൽ തന്റെ ഏറ്റവും അടുപ്പമുള്ള ഈ സുഹൃത്തിന് സ്നേഹത്തേക്കാൾ അഭിമാനവും ആദരവുമാണ്.
രവിചന്ദ്രൻ ഒരിക്കൽ രാജിയെയും രതിഭയെയും ട്രിവാൻഡ്രത്തെ ആർ ബി ഐ കാമ്പസിൽ ഒരു പരീക്ഷ എഴുതാൻ കണ്ടിട്ടുണ്ട്. അന്ന് രാജി ഒരു ഡിസൈൻ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. അന്ന് കുറെ നേരം സംസാരിച്ചത് അവൻ ഓർത്തെടുത്തു.
ശ്രീരാമകൃഷ്ണൻ ട്രിവാൻഡ്രത്തു ജോലി ചെയ്യുന്ന സമയത്ത് യൂണിവേഴ്സിറ്റി കോളേജിൽ ഒരു പരീക്ഷക്ക് രാജിയെ കണ്ടിരുന്നു. കൂടെ റാം മോഹനെയും കണ്ടു. അന്ന് ആദ്യം അവരുടെ സ്നേഹബന്ധം അവന് മനസ്സിലായില്ല. പിന്നീട് റാം മോഹൻ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചതും ശ്രീയുടെ പോക്കറ്റിൽ അമ്പതു രൂപമാത്രമായി മൂന്നുപേരുടെ ഭക്ഷണത്തിനു എങ്ങനെ പോവും എന്ന് ധരിച്ചു വശായതും പിന്നീട് “ഞാൻ ഒരുകട്ടുറുമ്പാണല്ലോ" എന്ന വെളിപാട് വന്നതും ശ്രീ തന്റെ സ്വതസിദ്ധമായ ഫലിതരൂപത്തിൽ ഓർമ്മകൾ പങ്കുവെച്ചു.
നീലയുടെ വാക്കുകളിലേക്ക്... “രാജി ഒരു ശക്തയായ സ്ത്രീയാണ്. ജീവിതത്തിൽ അനവധി പരീക്ഷണഘട്ടങ്ങളെ ധൈര്യപൂർവം തരണം ചെയ്തു. അമ്മയുടെ ആകസ്മികമരണശേഷം അച്ഛന്റെ ശുശ്രൂഷയും ഏറ്റെടുത്തു. അനിയത്തിയെ പഠിപ്പിച്ചു. രാജിയുടെയും അനിയത്തിയുടെയും വിവാഹങ്ങൾ നടത്തി. പുതിയ വീട് പണിതു. സഹചര്യങ്ങൾക്കു അനുസരിച്ചു ജോലികളിൽ പ്രവേശിച്ചു. കുട്ടികൾ കുറച്ചു മുതിർന്നതിനു ശേഷം എം ടെക്എടുത്തു”.
രതിഭയും രാജിയും ആർ ബി ഐ പരീക്ഷക്ക് പോയപ്പോൾ നീലയുടെ വീട്ടിൽ ആണ് താമസിച്ചത്. ഇപ്പോഴും നല്ലൊരു സൗഹൃദം അവർ കാത്തുസൂക്ഷിക്കുന്നു. രാജി അഹമ്മദാബാദിൽ ഉള്ളപ്പോൾ അവളെ അവിടെ വെച്ച് കണ്ടിട്ടുണ്ട്. റാമിനെ കോളേജിൽ വെച്ച് തന്നെ നീലക്കു പരിചയം ഉണ്ട്.
അപർണ്ണയും നിരവധി തവണ രാജിയുടെ വീട്ടിൽ പോയിട്ടുണ്ട്. അമ്മയെ എല്ലാ അർത്ഥത്തിലും സഹായിക്കുന്ന രാജിയെയും അനിയത്തിയേയും അപർണക്കു മറക്കാൻ കഴിയില്ല. അമ്മയുടെ ആകസ്മികമരണം അപർണക്കും വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു.
നാരായണനും ഒരിക്കലും മറക്കാൻ ആവാത്ത രണ്ടു കണ്ടുമുട്ടലുകൾ ആണ് പറയാൻ ഉള്ളത്... ഒന്ന് അഹമ്മദാബാദ്... രണ്ട് മംഗലാപുരം... രണ്ടും രംഗം വിമാനത്താവളം... വിമാനം ഇറങ്ങിയ മുതൽ എമിഗ്രെഷൻ, സെക്യൂരിറ്റി, ലഗ്ഗെജ് എന്ന് വേണ്ട എല്ലാ സെക്ഷനിലും അവന് രാജകീയ വരവേൽപ്പും സെൽഫിയും കൊടുത്തേ രാജിയും അവളുടെ എല്ലാമായ റാം മോഹനും നാരായണനെയും കുടുംബത്തെയും വിട്ടുള്ളൂ!
വിനീഷും രാജിയുടെ സഹായ മനസ്ഥിതി മനസ്സിലാക്കിയുട്ടുണ്ട്. അവന്റെ ചില പ്രൊജക്റ്റുകളുടെ ഡിസൈനിൽ രാജി കുറെ ഹെൽപ് ചെയ്തത് അവൻ ഓർത്തെടുക്കുന്നു. “നല്ല കഴിവുള്ള കുട്ടി”... വിനീഷ് പറഞ്ഞു നിർത്തിയത് അങ്ങനെ..
ഇന്നെന്നെ വളരെയധികം ആകർഷിച്ചത് രാജിയുടെ ആത്മാർത്ഥ സുഹൃത്തും റൂം മേറ്റും ഒക്കെ ആയ നഷീദയുടെ ഓർമ്മക്കുറിപ്പുകൾ തന്നെ... നോമ്പിന്റെ തിരക്കിനിടക്കും സ്വന്തം തോഴിയുടെ ഓർമ്മകൾ പങ്കു വെക്കാതെ അവൾക്കു സമാധാനം കിട്ടില്ല എന്നെനിക്ക് തോന്നി, അവളുടെ ശബ്ദത്തിലെ തീവ്രതയിലൂടെ...
“രാജി എനിക്കൊരു കൂടെപ്പിറപ്പുപോലെ തന്നെയാണ്”. നഷീദയും സുലൈമാനും അവരുടെ വിവാഹം കഴിഞ്ഞുരാജിയുടെ വീട്ടിൽ പോയിരുന്നു. സുലൈമാനും രാജിയുടെ വ്യക്തിത്വം ഇഷ്ടമാണ്.. രാജി എപ്പോൾ കോഴിക്കോട് വന്നാലും അവളെ കാണാനും സംസാരിക്കാനും സുലൈമാനും താല്പര്യമാണ്. രാജിയുടെ ധൈര്യവും തന്റേടവും ഉത്തരവാദിത്തബോധവും ആണ് സുലൈമാന്റെ ആദരവ് നേടിയെടുത്തത്.
“കോളേജ് സമയത്തും എനിക്കും നിഷക്കും പലപ്പോഴും നല്ല ഉപദേശങ്ങളും ജീവിതപാഠങ്ങളും രാജി തരുമായിരുന്നു. ഒരുപക്ഷെ ജീവിതപരീക്ഷണങ്ങൾ കുട്ടിക്കാലം മുതൽക്കേ അവൾ നേരിട്ടുകാണണം. ചിലപ്പോൾചീത്തയും കേട്ടിട്ടുണ്ട് അവളിൽ നിന്നും”... നഷീദ ഓർക്കുന്നു.
രാജി അവളുടെ വീട്ടിലും അച്ഛൻ അമ്മയ്ക്കും ഒരാൺകുട്ടി ചെയ്യുന്ന എല്ലാ കർമങ്ങളും അതിനേക്കാൾ വൃത്തിയോടെ ചെയ്തു തീർക്കാറുണ്ട്. നീല പറഞ്ഞ എല്ലാ കാര്യങ്ങളും നഷീദയും അക്ഷരം പ്രതി പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ആശ്ചര്യത്തോടെ ഇരുന്നു കുറച്ചു സമയം... രണ്ടുപേരുടെയും സന്ദേശങ്ങൾ വന്നതും അതിലെ ഉള്ളടക്കവും എന്റെ ചിന്തകളെ കുറച്ചു സമയം നിർത്തി വെപ്പിച്ചു. അങ്ങനെയാണ് ഈ അധ്യായത്തിലെ ആദ്യത്തെ ഭാഗം എന്റെ ബോധമണ്ഡലത്തിൽ ഉദിച്ചത്...
നഷീദയും രാജിയും ഹൈലൈറ്റ് ഗ്രൂപ്പിൽ ആരംഭ കാലത്ത് ഒന്നിച്ചു ജോലി ചെയ്തിട്ടുണ്ട്. ആദ്യത്തെ പ്രൊജക്റ്റിന്റെ ഡിസൈൻ രാജിയാണ് ചെയ്തത്.
“ഞാനിപ്പോഴും വല്ല മൂഡ് ഓഫ് ഒക്കെ വന്നാൽ ആദ്യം വിളിച്ചു സംസാരിക്കുക രാജിയോടാണ്.” നഷീദ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്തിന്റെ ഓർമകളിൽ വിലയിച്ചപോലെ പറഞ്ഞു നിർത്തി.
കൊളാഷിലേക്കു ഒന്ന് കണ്ണോടിച്ചാൽ രാജലക്ഷ്മി എന്ന പാട്ടുകാരിയെ കാണാം.2011ലെ കേരളാ സർക്കാർ സിനിമ അവാർഡ് അവർക്ക് കിട്ടി..ജനകൻ എന്ന സിനിമയിലെ "ഒളിച്ചിരുന്നേ...." എന്ന ഗാനത്തിന്.
പിന്നെ കാണാനാവുന്നത് രാജലക്ഷ്‌മി എന്ന കഥാകാരിയെ ആണ്. “ഒരു വഴിയും കുറേ നിഴലുകളും” എന്നനോവലിന് 1960 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടി. മലയാളം സാഹിത്യത്തിലെ എമിലിബ്രോൻഡി എന്നാണ് അവർ അറിയപ്പെട്ടത്. 1965ൽ തന്റെ 35ആമത്തെ വയസ്സിൽ മരിക്കുമ്പോൾ ഈ ചെർപ്ലശ്ശേരിക്കാരി അന്നത്തെ കേരളത്തിലെ സാമൂഹിക ചുറ്റുപാടുകളെ അധികരിച്ചു അനവധി തവണ തന്റെ തൂലിക ചലിപ്പിച്ചു.
ഒരു കുഞ്ഞുപാട്ടുകാരനെ കാണുന്നില്ലേ.. അത് രാജിയുടെ മൂത്ത മോനാണ്... രഘുറാം... വളരെ ചെറിയ വയസ്സിലേ സംഗീതത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. രണ്ടാമത്തെ മോൻ ഗൗതം കൃഷ്ണയും സംഗീതം പഠിക്കുന്നുണ്ട്. രഘു ഇപ്പോൾ ഒമ്പതിലും ഗൗതം ഏഴിലും.
ഇന്ന് തൃശൂർ പൂരം ആണല്ലോ. ചരിത്രത്തിൽ ആദ്യമായി ജനാവലിയില്ലാതെ ഇത്തവണ പൂരദിവസം കടന്നുപോവുകയാണ്. ലൂസിഫർ സിനിമ പോലെ പലതവണ കണ്ടു ഹൃദിസ്ഥമായ മറ്റൊരു സൃഷ്ടിയാണല്ലോ “ചാർളി"... അതിന്റെ ക്ലൈമാക്സ് തൃശൂർ പൂരത്തിന്റെ ബാക്ഗ്രൗണ്ടിലാണല്ലോ ചെയ്തത്... സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്! ചാർളി പോലെ ലൂസിഫർ പോലെ മൂന്നാമത്തെ സിനിമ എല്ലാരോടും ഗസ്സുചെയ്യാൻ ഞാൻ പറഞ്ഞിരുന്നു... അതുവരെ ഇങ്ങനെ ഒക്കെ പോകാം...
ദിനേശിന്റെ അദ്ധ്യായത്തിൽ വിട്ടുപോയപോലെ രാജിയുടെ അദ്ധ്യായത്തിൽ വിടരുത് എന്ന് ഞാൻ ഓർത്തുവെച്ചകാര്യമാണ് രാജി ടീച്ചർ. കുറിക്കു കൊള്ളുന്ന മുന വെച്ച വാക്കുകളോടെ ശിഷ്യരുടെ വിളയാട്ടങ്ങളെ കൊയ്തെടുത്ത രാജി ടീച്ചർ നമുക്കെല്ലാവർക്കും പ്രിയങ്കരി ആയിരുന്നല്ലോ..
അച്ഛന്റെയും അമ്മയുടെയും വേർപാടോടെ രാജിയുടെ ലോകം, റാം മോഹനും കുട്ടികളും തന്നെയാണ്. റാം എയർപോർട്ട് അതോറിറ്റി യിൽ ആണ് ജോലി ചെയ്യുന്നത്. അങ്ങനെ ഇന്ത്യയുടെ പല സ്ഥലങ്ങളിലും താമസിക്കാനും ജോലി ചെയ്യാനും ഉള്ള അവസരവും രാജിക്ക് കൈ വന്നു. ട്രിവാൻഡ്രം, അഗർത്തല, അഹമ്മദാബാദ്, മംഗലാപുരം അങ്ങനെ... രണ്ടു വര്ഷം മുൻപാണ് എം ടെക് ചെയ്തത്.
രാജി തന്റെ ജീവിതത്തിലെ പല സങ്കീർണമായ നിമിഷങ്ങളിലെ ശരിയായ തീരുമാനങ്ങളിൽ റാം മോഹന്റെ പങ്ക് വളരെ വലുതാണെന്ന് ഹൃദയത്തിൽ നിന്നും പറയുന്നു. തന്റെ ജോലി അവസരങ്ങൾ ആണെങ്കിലും പഠനത്തിനുള്ള മോട്ടിവേഷൻ ആണെങ്കിലും റാമിന്റെ സ്വാധീനം വളരെ വലുതാണ്. ഇപ്പോൾ തൽകാലം ഹൌസ്വൈഫ് എന്ന റോളിൽ ആണെങ്കിലും താമസിയാതെ ഒരു വലിയ ഇൻഫ്രാ പ്രൊജക്റ്റിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ രാജി...
അവൾക്കും അവളുടെ മാധുര്യമേറിയ കുടുംബത്തിനും എല്ലാ വിധ ആശംസകളും നേർന്നു കൊണ്ട് ... അടുത്തസ്റ്റേഷൻ നമുക്ക് ലക്ഷ്യമാക്കാം... ഫിറോസ് ജാഫർ
സസ്നേഹം എം പി
മസ്കറ്റ്
2 മേയ് 2020 : 10:40 pm
Comments
Post a Comment