ഓർമ്മക്കുറിപ്പ് > അച്ഛന്റെ മനസ്സിന്റെ വർണങ്ങൾ
മകൻ ഗോപികൃഷ്ണന്റെ നേട്ടം മധുവേട്ടനിൽ ഉണ്ടാക്കിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അളവ് എനിക്ക് ഊഹിച്ചെടുക്കാം! നാലുവർഷത്തെ ബി ടെക് പഠനത്തിന് ശേഷം മകന്റെ ബിരുദ സെർട്ടിഫിക്കറ്റ് വാട്സാപ്പിൽ വീട്ടിൽ നിന്നും കിട്ടിയപ്പോൾത്തന്നെ അത് എനിക്കും മറ്റ് അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം തന്റെ ആഹ്ളാദം പങ്ക് വെക്കാനാണ് മധുവേട്ടന് ആദ്യം തോന്നിയത്__
അപ്പോൾ ഞാൻ 24 വർഷങ്ങൾക്കു മുൻപ് കാലിക്കറ്റ് സർവകലാശാലയുടെ സമാനമായ ഒരു ബിരുദദാന പത്രം കൈപ്പറ്റിയത് ഓർത്തെടുത്തു. എൻ്റെ അച്ഛന്റെയും അമ്മയുടെയും അന്നത്തെ ആഹ്ളാദം എന്നും ഓർമയിൽ തങ്ങിനിൽക്കും. അതോടൊപ്പം ഞാൻ ഓർത്തെടുത്ത ഒരു സംഭവം അച്ഛൻ എന്നെ ക്യാമ്പസിൽ ആദ്യദിവസം കൊണ്ടുചെന്നാക്കിയപ്പോൾ ഉണ്ടായ ഒരു സംഭവം ആയിരുന്നു, 1992 ൽ...
പാലക്കാട് മലമ്പുഴ മലനിരകളുടെ അടിവാരത്തിൽ അറുപതോളം ഏക്കറിൽ പരന്നു കിടക്കുന്ന ക്യാമ്പസ്.
രാവിലെ തന്നെ അഡ്മിഷൻ കഴിഞ്ഞു. ക്‌ളാസ് റൂം എവിടെയാണെന്ന് അഡ്‌മിനിലെ വേണു ഏട്ടൻ പറഞ്ഞു തന്നു. കോളേജ് ഹോസ്റ്റലിൽറാഗിങ്ങ് ഉണ്ടായിരിക്കാം എന്ന പേടി അവിടത്തെ പൂർവവിദ്യാർഥി കൂടിയായ എന്റെ ഏട്ടൻ പങ്കുവെച്ചിരുന്നു. അതുകൊണ്ട് പുറത്തു പ്രൈവറ്റ് ഹോസ്റ്റലിൽ ഒരു ബെഡ് സ്‌പേസ് ശരിയാക്കി അഡ്വാൻസ് കൊടുത്തു. സഹമുറിയന്മാരായി മായന്നൂരിലെ സുരേന്ദ്രനും ഇരിഞ്ഞാലക്കുടക്കാരൻ സെൻ റാഫേലും.
11 മണിയോടെ എല്ലാ പണിയും തീർത്തു അച്ഛൻ ഷൊർണൂരിലേക്ക് തിരിച്ചു പോയി. അന്ന് ഫോൺ തന്നെ കഷ്ടി ആയിരുന്നത് കൊണ്ട് ഇന്നത്തെപ്പോലെ “മൊബൈൽ ലൈവ്" വർത്തമാനങ്ങൾ ഒന്നും അറിയില്ലല്ലോ!
വൈന്നേരം മൂന്നു മണിയോടെ എന്റെ ക്ലാസ്സിലേക്ക് ലോഡ്ജിന്റെ ഓണർ വൽസേട്ടൻ വന്നു. ഞാൻ പുറത്തേക്കിറങ്ങി.
“അതേയ് അച്ഛൻ തിരിച്ചു വന്നിട്ടുണ്ട്... ഷൊർണൂരിൽ വീട്ടിൽ എത്തിയപ്പോൾ ആണത്രേ മോന് 200 രൂപയല്ലേ കൊടുത്തുള്ളൂ... ഒരു നൂറും കൂടെ കൊടുക്കാമായിരുന്നു എന്നാലോചന വന്നത്”...
“എന്തിനാ ഈ വയ്യാത്ത സമയത്ത് തിരിച്ചു വന്നേ?” അച്ഛന്റെ ക്ഷീണിച്ച മുഖം എന്നിൽ സഹതാപത്തെക്കാൾ കുറ്റബോധമാണ് ഉണ്ടാക്കിയത്!
“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വൽസേട്ടനോട് ചോദിക്കാം"...
അന്ന് രാവിലെ മാത്രം പരിചയപ്പെട്ട വൽസേട്ടന് തന്റെ മകനെ വിശ്വസിച്ചേൽപ്പിച്ച് അച്ഛൻ ബസുകയറാൻ കോളനിയിലേക്ക് നടന്നകന്നു.
Comments
Post a Comment