വിഷു ഈവ് ... ന്യൂ നോർമൽ
പുതിയ പ്രതീക്ഷകളെ നമുക്ക് എതിരേൽക്കാം... എല്ലാം ഒരു ന്യൂ നോർമലിലേക്ക് പോവുകയാണല്ലോ !
ഏപ്രിൽ 13, 2020 നു എഴുതിവെച്ച ബ്ലോഗാണ് ഇത്. കോവിഡ് 19 മഹാമാരി അതിന്റെ എല്ലാ വിധ മദപ്പാടും ഭീതിജനകമായ പകർച്ചാവ്യാപ്തിയും കാണിച്ചു കൊണ്ടിരുന്ന സമയം. സമ്പൂർണ്ണ ലോക്ക് ഡൗണിന് ഇടയ്ക്ക് അനുവദിച്ചുകിട്ടിയ സ്വല്പം സ്വാതന്ത്ര്യം ആസ്വദിച്ച നിമിഷങ്ങൾ അറിയാതെ എഴുതിപ്പോയതാണ്.
അവിടെനിന്നും നമ്മൾ സമയചക്രത്തിൽ രണ്ടാണ്ട് സഞ്ചരിച്ചുകഴിഞ്ഞു!! ന്യൂ നോർമലും കഴിഞ്ഞു, അബ്നോർമലായി, വാർ-നോർമൽ സ്ഥിതിയിൽ നമ്മൾ ഇന്ന് നിൽക്കുമ്പോൾ… വിഷുപ്പക്ഷി വീണ്ടും ഈണത്തിൽ തന്നെ പാടുന്നു... വിത്തും കൈക്കോട്ടും ! ആ ഈണത്തിൽ ഒരിടർച്ചയുണ്ടോ? ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം!
ഹാപ്പി വിഷു
🌼🌼🌼🌼🌼🌼🌼
വിഷു ഈവ് ... ന്യൂ നോർമൽ
13.04.2020
☘️☘️☘️☘️☘️☘️☘️
ഒരാഴ്ചത്തെ സമ്പൂർണ്ണ ഗൃഹ വിശ്രമത്തിന് ശേഷം ഇന്ന് വിഷു സംബന്ധമായ ഷോപ്പിങ്ങിനു ലുലുവിൽ എത്തി. പതിവിനു വിപരീതമായി പാർക്കിംഗ് എല്ലാം കാലി. അപ്പോൾ തോന്നി ശെരിക്കും ഇത്രയൊക്കെ പാർക്കിംഗ് സ്ലോട്സ് ഇവിടെ ആവശ്യമില്ലല്ലേ!
“ഈ വഴി നടക്കുക” എന്നു മലയാളത്തിലും ഇംഗ്ലീഷിലും അറബിക്കിലും എഴുതിയ കാൽപാദങ്ങളുടെ സ്റ്റിക്കേഴ്സ്എന്നെ പ്രവേശന കവാടത്തിലേക്ക് നയിച്ചു. നടത്തത്തിൽ ഒരു അച്ചടക്കം വന്ന പോലെ. അവിടേം ഇവിടെം നോക്കി നടക്കുന്നതിന് പകരം നേരെ കാൽക്കൽ നോക്കി നടക്കുന്നു... ഇതന്നെ അല്ലെ മൂന്നു ദശകങ്ങൾക്ക് മുൻപ് മുത്തശ്ശനും മുത്തശ്ശിയും ഒക്കെ പറഞ്ഞിട്ടും ഞാൻ ചെയ്യാതെ പോയത്...
ആഡംബരമായി നാല് പ്രവേശന കവാടങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ മൂന്നു കവാടത്തിലും കാണാം ... “ദയവായി അടുത്ത ഡോർ ഉപയോഗിക്കൂ...” ആദ്യമായി ദയവായി എന്ന് സ്ഥിരം കാണുന്ന “പ്ലീസ്“ എന്ന വാക്കിന്റെ ശരിയായ ഫീൽ മനസ്സിലായി. ഇതുവരെ വെറുമൊരു റിക്വസ്റ്റ് ഫില്ലർ എന്ന നിലക്കേ പ്ളീസിനെ കരുതിയിട്ടുള്ളൂ.
ആകെ നാലെണ്ണത്തിൽ; തുറക്കുന്ന ഒരേ ഒരു കവാടത്തിൽ, ഒരാൾ റിവോൾവർ ആകൃതിയിലുള്ള തെർമോമീറ്റർ പിടിച്ചു നിൽക്കുന്നു.. ഉള്ളിൽ കയറിയതും നമ്മൾ ഒരു ക്യു വിൽ ആവുന്നു... ഹോളിവുഡ് സിനിമയിലെ പോലെ റിവോൾവർ എന്റെ നെറ്റിക്ക് നേരെ...
“ഓക്കേ” ... ഞാൻ രക്ഷപെട്ടുവത്രെ...
ഞാൻ ചോദിച്ചു “ഹൌ മച്” ?...
ഉത്തരം വന്നു “36.4” !...എന്റെ മനസ്സിൽ ഒരു നിശ്വാസം...
കയ്യുറ അണിഞ്ഞിട്ടില്ലെങ്കിൽ അത് ഫ്രീ ആയി വിതരണം ചെയ്യുന്നുണ്ട്. മാസ്ക് ഇല്ലെങ്കിൽ ഉള്ളിൽ പ്രവേശനം ഇല്ല. വിലകുറഞ്ഞ ഗ്ലോവ് പോലെ മാസ്കും വില കുറഞ്ഞു വരുമായിരിക്കും. സാമ്പത്തികശാസ്ത്രത്തിൽ മാസ്കിന് ഇപ്പോഴും റേറ്റ് അധികമാണ്.
ആലങ്കാരികമായി പറഞ്ഞാൽ വിഷൂന്റെ തലേന്നു കൊന്നപ്പൂ വീഴാൻ പോലും സ്ഥലമില്ലാതെ തിരക്കായിരിക്കും ലുലൂൽ. ഇപ്പോൾ അധികം ആരുമില്ല. എല്ലാർക്കും മുഖാവരണം. ആർക്കും ആരെയും തിരിച്ചറിയുന്നില്ല... തിരിച്ചറിയേണ്ട എന്നാണോ ഇനി.. എന്റെ അയൽവാസിക്കു പോലും എന്നെ കണ്ടിട്ട് മനസ്സിലായില്ല. തിരിച്ചറിഞ്ഞപ്പോൾ എന്തോ പറയുന്നുണ്ടായിരുന്നു... “സോറി” ആയിരിക്കും... മാസ്ക് കാരണം കേട്ടില്ല; ശബ്ദം പുറത്തു വന്നില്ല.
ആരും “നിന്റെ മാസ്കിനെത്ര വില” എന്നൊന്നും ചോദിച്ചത് കണ്ടില്ല. അല്ലെങ്കിലും ഇത് നാല് മണിക്കൂറിന് ശേഷം കുപ്പയിൽ നിക്ഷേപിക്കാനുള്ളതാണ് എന്ന തിരിച്ചറിവായിരിക്കാം അങ്ങനെ ഒരു ചോദ്യത്തിന് പ്രസക്‌തി ഇല്ലാതാക്കിയത്. ആഭരണമോ, കുപ്പായമോ പോലെ എന്തെങ്കിലും ആയിരുന്നെങ്കിൽ ഒന്ന് ചോദിക്കാമായിരുന്നു അല്ലേ ...!
എവിടെയും കാണാൻ കഴിഞ്ഞ ഒരു പ്രത്യേകത നമ്മൾ ഇത് വരെ കണ്ടിട്ടില്ലാത്ത അച്ചടക്കവും ധൃതി ഇല്ലായ്മയും. എല്ലാം ഒരു ഒതുക്കത്തിൽ, ശാന്തമായി, ഒരു ഒഴുക്കോടെ... ഇതൊക്കെ നമ്മൾ തന്നെ അല്ലെ .. രണ്ടാഴ്ച്ച മുൻപ് പോലും നമ്മൾ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ !!
ഏതോ ഒരു അദൃശ്യ ശക്തി എല്ലാരേയും നിയന്ത്രിക്കുന്ന പോലെ... എല്ലാരും ഏതോ ചിന്തയിൽ ആണ്... അതോ എനിക്ക് തോന്നിയതാണോ... എല്ലാരും എപ്പോഴും ധരിക്കാതെ ധരിക്കുന്ന “മുഖാവരണം” ഇപ്പോൾ ശരിക്കുമുള്ള മാസ്കിൽ ആവരണം ചെയ്തത് കൊണ്ടാണോ... ആവോ !
സാധനങ്ങൾ എടുക്കുമ്പോളും വാരിവലിച്ചു ഉന്തുവണ്ടിയിൽ നിക്ഷേപിക്കാതെ വളരെ അച്ചടക്കത്തോടെ... വിലയുടെ സ്റ്റിക്കറിനെക്കാൾ എക്സ്പയറി സ്റ്റിക്കറിന് പ്രാധാന്യം ഏറിയോ... പലരും പല സാധനങ്ങളും എടുത്ത്, കുറച്ചു കഴിഞ്ഞു തിരിച്ചു വെക്കുന്നതും കണ്ടു. “വേണ്ടത് മാത്രം വാങ്ങണം” എന്ന് പണ്ട് അച്ഛനും അമ്മയുംപറഞ്ഞത് ഓർമ വന്നു.
വേണ്ടതെല്ലാം എടുത്തു ക്യാഷ് കൗണ്ടറിലേക്ക് ... അവിടെയും ക്യു ഉണ്ട്... “നോ വറീസ്”... മുന്പായിരുന്നെങ്കിൽ ഏറ്റവും ചെറിയ വരി നോക്കി നെട്ടോട്ടം ഓടുമായിരുന്നു. വരിക്കു വേഗം കുറവാണെങ്കിൽ നിരാശ തോന്നി നെറ്റിയിലോ മുഖത്തോ ഒക്കെ വിരലുകൾ അമർത്തും... ഇപ്പോൾ അങ്ങനെയുള്ള ചേഷ്ടകൾ ഒന്നുമില്ല... “നല്ലകുട്ടികൾ”... ഒന്നാം ക്ലാസ്സിൽ അന്നമ്മ ടീച്ചർ ചിലപ്പോഴൊക്കെ പറഞ്ഞിരുന്നത് ഓർത്തെടുത്തു.
വീട്ടിലേക്ക് പോരുന്ന വഴി വീണ്ടും വിജനത തന്നെ. മനുഷ്യരേക്കാൾ പക്ഷികൾ കൂടുതലുണ്ട് ഇപ്പോൾ.. കൊറോണ വന്നതിനുശേഷം അവരുടെശബ്ദം കൂടുതൽ ഈണത്തിൽ കേൾക്കാം.. റോഡൊക്കെ എത്ര സുഖമായി മുറിച്ചു കടക്കാം.. മുൻപ് അഞ്ച് മിനിറ്റൊക്കെ കാത്തു നിന്നിട്ടുണ്ട്.
മരങ്ങൾക്ക് പച്ചപ്പ് കൂടിയോ... പൊടി അടിക്കാത്തൊണ്ടായിരിക്കും... വാഹനപുകയും തുലോം കുറഞ്ഞല്ലോ... പൂക്കളെല്ലാം സന്തോഷത്താൽ ചിരിച്ചു തിമർത്താടുന്നു.
വീണ്ടും വീട്ടിലേക്കു കയറുന്നതിനു മുമ്പ് ഒരാഴ്ച മുമ്പ് നിർത്തിയ വാഹനത്തെയും ഒന്ന് പരിചരിച്ചു. കീലെസ് എന്ററി ഇപ്പോളും അവനു തിരിച്ചറിയുന്നു എന്നറിഞ്ഞതിൽ സന്തോഷമായി. സൺ ഷെയ്ഡ് ഒന്ന് ശരിയാക്കി. കീലെസ്സ് സ്റ്റാർട്ടിങ് ഇപ്പോഴും അവൻ മറന്നില്ല എന്നതിൽ ഞാൻ അതീവ സന്തുഷ്ടനായി. ചുരുക്കത്തിൽ പറഞ്ഞാൽ ബാറ്ററി ഇപ്പോളും ചാർജ് ആണ്...!
അവന്റെ ചക്രങ്ങളിലാണ് പിന്നെ ശ്രദ്ധ ഊന്നിയത്. അതിലാണല്ലോ എല്ലാം... കാര്യം വായു തന്നെ... പിന്നെ എല്ലാം ഒരു വായുവിൽ ആണല്ലോ... മാരുതപുത്രനെ മനസ്സിൽ പ്രാർത്ഥിച്ചു.. എല്ലാം “സീംസ് ഒക്കെ” ...
പുതിയ പ്രതീക്ഷകളെ നമുക്ക് എതിരേൽക്കാം... എല്ലാം ഒരു ന്യൂ നോർമലിലേക്ക് പോവുകയാണല്ലോ !
~~~~~~~~~~~~~~~~~
pc- Ravilal B
Comments
Post a Comment